ഇന്ന് ജന്മദിനം.
ഞാനറിയാതെ ഞാൻ ജനിച്ചിട്ട്
ഇന്ന് 58 വയസ്സ്.
(“ദുനിയാവിൽ (അഥവാ അടുത്തതുമായി) നിങ്ങളാവുക:
അപരിചിതനെ പോലെ,
അല്ലെങ്കിൽ വഴിപോക്കനെ പോലെ.” (ഹദീസ്))
ജനിച്ചത് സ്വതന്ത്രനായോ?
അറിയില്ല.
ജനിക്കുക എന്നതിനെ തന്നെ
നാം സ്വാതന്ത്ര്യമാക്കിയോ?
അറിയില്ല.
പക്ഷേ, ഒന്നറിയാം:
ജീവിക്കുന്നത്
സ്വാതന്ത്ര്യം അന്വേഷിച്ചുകൊണ്ട്.
ജനിച്ചപ്പോൾ കിട്ടിയ സ്വാതന്ത്ര്യം
ജീവിതത്തിൽ നഷ്ടമായതോ കാരണം?
അതേ എന്നും അറിയില്ലെന്നും ഉത്തരം.
ജനിച്ചപ്പോൾ കിട്ടിയ സ്വാതന്ത്ര്യം
ജീവിതം കൊണ്ട് നഷ്ടമാകുന്നുവോ?
അതേ എന്നും അറിയില്ലെന്നും ഉത്തരം.
ജനിച്ചപ്പോൾ കിട്ടിയ സ്വാതന്ത്ര്യം
ജീവിതത്തിന് വേണ്ടി നഷ്ടമാകുന്നുവോ?
അതേ എന്നും അറിയില്ലെന്നും ഉത്തരം.
സ്വാതന്ത്ര്യം നഷ്ടമായി, നഷ്ടമാകുന്നു,
സ്വാതന്ത്ര്യം ഇല്ല, ഇല്ലാതാവുന്നു
എന്ന അറിവ് വെച്ച്,
ആ തിരിച്ചറിവ് കാരണം
പക്ഷേ ജീവിക്കുന്നത് വീണ്ടും
അതേ സ്വാതന്ത്ര്യം അന്വേഷിച്ചുകൊണ്ട്.
ജീവിതം ജീവിതത്തെ അന്വേഷിച്ചു ജീവിക്കുന്നു
എന്നത് പോലെ തന്നെ, ജീവിതമെന്തെന്നറിയാനൊരു ജീവിതം
എന്നത് പോലെ തന്നെ
സ്വന്ത്രനെന്ന തോന്നലും പേറി
സ്വാതന്ത്ര്യമന്വേഷിക്കുന്നു,
സ്വാതന്ത്ര്യമന്വേഷിച്ചു ജീവിക്കുന്നു.
വെറും വെറുതെ, ഒന്നിനുമല്ലാതെ
ജീവിക്കാനുള്ള ജീവിതം സാധ്യമാകാൻ
സ്വാതന്ത്ര്യം അന്വേഷിച്ചു ജീവിക്കുന്നു.
ഉദ്ദേശരാഹിത്യത്തിന്റെയും
ഉപയോഗശൂന്യതയുടെയും
ജീവിതം സാധ്യമാകാൻ
സ്വാതന്ത്ര്യം അന്വേഷിച്ചു ജീവിക്കുന്നു.
ഉദ്ദേശങ്ങളുടെയും ഉപയോഗങ്ങളുടെയും
മുള്ളുകളിൽ നിന്നും രക്ഷനേടാൻ
സ്വാതന്ത്ര്യം അന്വേഷിച്ചു ജീവിക്കുന്നു.
മറ്റൊന്ന് കൊണ്ടുമല്ല.
ഉദ്ദേശരാഹിത്യത്തിലും ഉപയോഗശൂന്യതയിലും
ജീവിതത്തിന്റെ മേൽ
ഉടമയില്ല.
ഉദ്ദേശത്തിലും ഉപയോഗക്ഷമതയിലും
ജീവിതത്തിന്റെ മേൽ,
തൂക്കി അളന്നുമനസ്സിലാക്കുന്ന
ഉടമയുണ്ട്, മേലാളനുണ്ട്.
ഉദ്ദേശരാഹിത്യത്തിലും ഉപയോഗശൂന്യതയിലും
ഉദ്ദേശവും ഉപയോഗവും നിശ്ചയിക്കുന്ന
മേലാളൻമാരില്ല.
അവ്വിധമങ്ങനെ ദൈവത്തിന് മാത്രം,
പ്രാപഞ്ചികതക്ക് മാത്രമൊതുങ്ങി
വെറും വെറുതെ ജീവിക്കാൻ വേണ്ട
സ്വാതന്ത്ര്യം.
ദൈവത്തിനും പ്രാപഞ്ചികതക്കും മാത്രം
അടിമപ്പെടുംവിധം
വെറും വെറുതെ ജീവിക്കാൻ വേണ്ട
സ്വാതന്ത്ര്യം.
ദൈവമല്ലാത്ത ഒരുദ്ദേശവുമില്ലാത്തവിധം
ഉദ്ദേശരഹിതനെ പോലെ, ഉപയോഗശൂന്യനെ പോലെ
ജീവിക്കാൻ വേണ്ട സ്വാതന്ത്ര്യം.
“ഗോചരരായവരെയും (മനുഷ്യരെയും)
അഗോചരരായവരെയും (ജിന്നിനെയും)
നാം സൃഷ്ടിച്ചില്ല,
നമുക്ക് (സ്വമേധയാ) അടിമപ്പെടാനല്ലാതെ“ (ഖുർആൻ).
സ്വമേധയാ അല്ലാതെ സർവ്വവും
അടിമപ്പെട്ട് തന്നെയെന്നതിനപ്പുറമുള്ള
അടിമപ്പെടൽ.
വെറും വെറുതെ അടിമപ്പെടുംവിധം,
ഉത്തരവാദിത്തമില്ലാതെ
വെറും വെറുതെ ജീവിക്കാനാവുകയാണ്
സ്വാതന്ത്ര്യം.
നൂറായിരങ്ങൾക്ക് അടിമപ്പെടുന്നതിന് പകരം
ഒന്നേയൊന്നിന്
വെറും വെറുതേ അടിമപ്പെടുകയാണ്
സ്വാതന്ത്ര്യം.
ഒന്നേയൊന്നിന് വേണ്ടി
നൂറായിരം അടിമത്തങ്ങളെ
ഇല്ലായ്മ ചെയ്യുകയാണ്
സ്വാതന്ത്ര്യം.
ഉത്തരവാദിത്തം മുഴുവൻ
ഒരേയൊരുടമക്ക്.
ഒന്നേയൊന്നിന് അടിമയായവന്
നൂറായിരങ്ങളുടെ മുമ്പിൽ ബോധിപ്പിക്കേണ്ട
ഉത്തരവാദിത്തങ്ങൾ ഇല്ല.
അത്തരമൊരു സ്വാതന്ത്ര്യം വേണമെങ്കിൽ:
അറിയപ്പെടാതിരിക്കണം.
അപ്രസക്തനാവണം.
അംഗീകാരങ്ങൾ ആവശ്യമില്ലാത്തവനാവണം.
മറ്റുള്ള നൂറായിരങ്ങൾ
നിന്നെ അറിയാതിരിക്കണം.
മറ്റുള്ള നൂറായിരങ്ങൾക്ക് നീ അപ്രസക്തനാവണം.
മറ്റുള്ള നൂറായിരങ്ങളാരും അംഗീകരിക്കാത്തവനാവണം നീ.
നിന്റെ സ്വാതന്ത്ര്യവും
നിന്നെക്കുറിച്ചുള്ള മറ്റുള്ളവരുടെ അറിവും
ഒരുമിച്ച് നിൽക്കില്ല.
നിന്റെ സ്വാതന്ത്ര്യവും
മറ്റുള്ളവർ നിനക്കരുളുന്ന പ്രസക്തിയും പ്രാധാന്യവും
ഒരുമിച്ച് നിൽക്കില്ല.
അങ്ങാടിയിലൂടെ ആനപ്പുറത്ത് കയറിപ്പോകുകയും
ആരും കാണരുതെന്നതും
ഒരുമിച്ച് സാധിക്കില്ലെന്നത് പോലെ തന്നെ
നിന്റെ സ്വാതന്ത്ര്യവും
നിന്നെക്കുറിച്ചുള്ള മറ്റുള്ളവരുടെ അറിവും അംഗീകാരവും
ഒരുമിച്ച് പോകില്ല.
നിന്നെക്കുറിച്ചുള്ള
മറ്റുള്ളവരുടെ അറിവും അംഗീകാരവും
നിന്റെ സ്വഭാവത്തിന് (സ്വ-ഭാവത്തിന്)
മറയിടും, മുറിവേൽപ്പിക്കും.
നിന്നെക്കുറിച്ചുള്ള
മറ്റുള്ളവരുടെ അറിവും അംഗീകാരവും
നിന്റെ സ്വഭാവത്തിന്റെ ചിറകുകൾ മുറിക്കും.
മറ്റുള്ളവരുടെ അറിവും അംഗീകാരവും കൊണ്ട്
മറവീണ, ചിറക് മുറിഞ്ഞ നീ
അസ്വാഭാവികനാവും, കൃത്രിമാനാകും.
അഭിനയിച്ച് മാത്രം ജീവിക്കുന്നവനാവും.
അതിനാൽ തന്നെ സ്വതന്ത്രനാവണമെങ്കിൽ: “ദുനിയാവിൽ (അടുത്തതുമായി) നീ
അപരിചിതനെ പോലെയാവുക,
അല്ലെങ്കിൽ വഴിപോക്കനെ പോലെയാവുക.” (ഹദീസ്)
നിന്നെക്കുറിച്ചുള്ള
മറ്റുള്ളവരുടെ അറിവും അംഗീകാരവും
നിന്റെ സ്വഭാവം മാറ്റി അഭിനയവും കൃത്രിമത്വവും
കയറിവരുന്നതാക്കും എന്നതിനാൽ.
വഴിപോക്കൻ
ഒരിടത്ത് പിടിച്ചുനിൽക്കുന്നവനല്ല,
പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നവനല്ല.
വഴിപോക്കൻ
അഭിപ്രായങ്ങൾക്കും അംഗീകാരങ്ങൾക്കും വേണ്ടി
കാത്തിരിക്കുന്നവനല്ല, അഭിനയിക്കുന്നവനല്ല.
അതുകൊണ്ട് തന്നെ, വഴിപോക്കൻ
ആർക്കും മനസ്സിലാവാത്ത വിധം,
ആർക്കും ഒന്നുമറിയാത്ത വിധം,
ആരും ഒരംഗീകാരവും നൽകാനാവാത്ത വിധം
അപരിചിതൻ കൂടിയാണ്.
സ്വാതന്ത്ര്യം
മറ്റാരും നൽകുന്നതല്ല.
വിടുതിയിലൂടെ,
വിട്ടുപോകുന്നതിലൂടെ,
വേണ്ടാതാവുന്നതിലൂടെ ആർജിക്കുന്നതാണ്, ആവുന്നതാണ്
സ്വാതന്ത്ര്യം.
സ്വാതന്ത്ര്യം നിന്നെ
വഴിപോക്കനാക്കും,
അപരിജിതനാക്കും.
അപരിചിതനും വഴിപോക്കനും
മാത്രമുള്ളതാണ് സ്വാതന്ത്ര്യം.
“അല്ലാഹുവിന്റെ അടിമകൾ (അഥവാ ഇഷ്ടദാസന്മാർ )
വിവരമില്ലാത്തവരെ കണ്ടാൽ
സലാം ചൊല്ലി ഒഴിവാകും” (ഖുർആൻ)
അപരിചിതനും വഴിപോക്കനുമായി
തന്നെയിരിക്കാൻ
അല്ലാഹുവിന്റെ അടിമകൾ (അഥവാ ഇഷ്ടദാസന്മാർ)
അംഗീകാരങ്ങളുടെ വഴിയിൽ നിന്ന്
ഒഴിഞ്ഞുമാറും.
വിവരമില്ലാത്തവർക്ക്
തന്റെ പ്രസക്തിയും പ്രാധാന്യവും
അറിയിച്ചുകൊടുക്കാൻ മുതിരാതെ ഒഴിവാകും
സ്വാതന്ത്ര്യം നേടിയവരും
സ്വാതന്ത്ര്യം കൊതിക്കുന്നവരും.
നിർഭയർ (മുഅമിൻ) ആയ
ഇഷ്ടദാസൻ
അപരിചിതനും വഴിപോക്കനും ആയിത്തീരും.
അവർ ഭൂമിയിൽ ചുറ്റി സഞ്ചരിക്കുന്നവർ.
“പറയുക: നിങ്ങൾ ഭൂമിയിൽ ചുറ്റിസഞ്ചരിക്കുക.” (ഖുർആൻ)
കച്ചവടത്തിനും ജോലിക്കും
ഉദ്ദേശം സാധ്യത്തിനും വേണ്ടിയല്ലാത്ത
വഴിപ്പോക്കിന്റെയും അപരിചിതത്വത്തിന്റെയും
ചുറ്റിസഞ്ചാരം.
തീർത്തും ശാരീരികം മാത്രമല്ലാത്ത,
ശാരീരികപ രിമിതമല്ലാത്ത
ചുറ്റിസഞ്ചാരം.
അങ്ങനെ ആരോരുമറിയാതെ,
ആരോരും നൽകാതെ
സംഭവിക്കുന്നത് സ്വാതന്ത്ര്യം.
ആരെയും അറിയിക്കേണ്ടതില്ലാത്തത്
സ്വാതന്ത്ര്യം.
സ്വഭാവം കണ്ടെത്തുന്നത്
സ്വാതന്ത്ര്യം.
സ്വഭാവം തിരിച്ചുപിടിക്കുന്നത്
സ്വാതന്ത്ര്യം.
അതുകൊണ്ട് തന്നെ
സ്വാഭാവികതയിൽ സ്വാതന്ത്ര്യവും
സ്വാതന്ത്ര്യത്തിൽ സ്വാഭാവികതയും
കെട്ടുപിണഞ്ഞൊന്നായാണ്.
നിന്നെക്കുറിച്ചുള്ളതോ
അല്ലാത്തതോ ആയ നിന്റെ അറിവ്
നിനക്ക് അല്പാല്പം ബാഹ്യാർത്ഥ സ്വാതന്ത്ര്യം
നൽകിയെന്ന് ധരിപ്പിച്ചേക്കും,
വെളിച്ചം നൽകിയെന്ന് തോന്നിപ്പിച്ചേക്കും.
ബാഹ്യാർത്ഥ സ്വാത്ര്യന്ത്ര്യത്തേക്കാൾ ഏറെ,
ബാഹ്യാർത്ഥ വെളിച്ചത്തേക്കാൾ ഏറെ,
പരിമിതികളും ഇരുട്ടും നൽകും
നിന്നെ നീയാക്കി പിടിച്ചുനിർത്തുന്ന
നിന്റെ ആ അറിവ്.
ഒന്നോർത്തുനോക്കൂ:
ഉള്ളതും ഇല്ലാത്തതും വെച്ച്
അവകാശവാദങ്ങൾ ഉണ്ടാക്കി
അങ്ങേയറ്റം ശ്രമിക്കുന്നത് മുഴുവൻ
എന്തിനാണ്?
മറ്റുള്ളവർ
നിന്നെ അറിയാൻ,
നിന്നെ അംഗീകരിക്കാൻ.
നിന്നെക്കുറിച്ച മറ്റുള്ളവരുടെ
അറിവ്, അംഗീകാരം
നിനക്ക് തടവറ തീർക്കുന്നു,
ഇരുട്ട് നൽകുന്നു,
സ്വാതന്ത്ര്യം കളയുന്നു
എന്നറിയാതെ നീ
ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.
മറ്റുള്ളവരെ അറിയിക്കാൻ,
മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കാൻ.
നിന്റെ നാവിലെ രുചിയും
പല്ലിലെ വേദനയും
മറ്റുള്ളവർക്കറിയില്ല എന്നിരിക്കെയും.
എന്നിട്ടും
നീ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. മറ്റുള്ളവരെ അറിയിക്കാൻ,
മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കാൻ.
നിന്നെക്കുറിച്ച
മറ്റുള്ളവരുടെ അറിവ്
നിന്റെ മേലുള്ള അവരുടെ
മേൽക്കോയ്മ കൂടിയാവുന്നത്
നീയറിയില്ല.
അവരാണ് നിന്നെ
നീയാക്കുന്നതെന്ന് വന്നാൽ
അവരെ പിടിച്ചുതന്നെ
ജീവിക്കേണ്ടിവരുന്ന നിന്റെ മേലുള്ള
അവരുടെ മേൽക്കോയ്മ.
ബഹുമാനിക്കുന്നവൻ ഉടമയും
ബഹുമാനിക്കപ്പെടുന്നവൻ അടിമയും
ആകുന്ന മേൽക്കോയ്മ.
തെറ്റിദ്ധാരണയിലും
തെറ്റിധാരണ ഉണ്ടാക്കിക്കൊടുക്കുന്ന
അഹങ്കാരത്തിലും കുടുങ്ങിയ ബഹുമാനിക്കുന്നവരുടെ അടിമ.
കാപട്യവും അഭിനയവും
നിർബന്ധമാക്കുന്നതാവും
മറ്റുള്ളവരുടെ നിന്നെക്കുറിച്ച അറിവ്.
*******
അറിയപ്പെടാൻ ആഗ്രഹം ഉണ്ടോ?
സ്ഥാനമാനങ്ങളിൽ കൊതിയുണ്ടോ?
അതും, ദൈവത്തിൽ (അള്ളാഹുവിൽ)
വിശ്വസിക്കുന്നു, സമർപ്പിക്കുന്നു എന്നിരിക്കെ.
ദൈവത്തിൽ വിശ്വസിച്ചിരിക്കെ,
എന്നവകാശപ്പെട്ടുകൊണ്ടിരിക്കെ.
എങ്കിൽ നിങ്ങളൊന്നറിയണം:
യഥാർത്ഥത്തിൽ സ്ഭവിക്കുന്നത്: നിങ്ങൾക്ക് നിങ്ങളിൽ
വിശ്വാസമില്ല എന്നതാണ്.
നിങ്ങൾക്ക് അല്ലാഹുവിൽ
വിശ്വാസമില്ല എന്നാണർത്ഥം.
അതുകൊണ്ടാണ് നിങ്ങൾക്ക്
നിങ്ങളെ കുറിച്ച മറ്റുള്ളവരുടെ
അറിവും അംഗീകാരവും
ആവശ്യമാകുന്നത്, നിർബന്ധമാകുന്നത്.
നിങ്ങളെ സാക്ഷ്യപ്പെടുത്താൻ
നിങ്ങളല്ലാത്തവർ നിങ്ങൾക്ക്
വേണമെന്നാവുന്നത്.
നിങ്ങളാവാൻ
അല്ലാഹു അല്ലാത്തവർ
നിങ്ങൾക്ക് വേണമെന്നാവുന്നത്.
പലരെയും ബോധ്യപ്പെടുത്തേണ്ടിവരുന്നിടത്ത്
ഷിർക്ക് (ബഹുദൈവത്വം) തുടങ്ങുന്നു.
പലരായ പല ദൈവങ്ങൾ.
ഭീതിയും ഭീഷണിയുമായ
പലരായ പല ദൈവങ്ങൾ.
ബാഹ്യമായ ആ ദൈവങ്ങളിൽ
പ്രതിബിംബിച്ച് മാത്രം നിങ്ങൾ
നിങ്ങളുടെ വലുപ്പം തിരിച്ചറിയുന്നു.
നിങ്ങളെ നിങ്ങൾ പ്രതിഷ്ഠിക്കുന്ന
കോവിലുകളായി തീരുന്നു മറ്റുള്ളവർ.
നിങ്ങളോ?
ആ കോവിലുകളിലെ പ്രതിഷ്ഠ.
നിങ്ങളോ?
കോവിലിന് ചുറ്റും
പ്രദക്ഷിണം വെച്ചഭിനയിച്ച്
ഉടനീളം ജീവിക്കുന്നവൻ.
നിങ്ങളുടെ പ്രതിഷ്ഠ ഉണ്ടാക്കി
പ്രതിഷ്ഠിച്ചുനിർത്തുന്നത്
മറ്റുള്ളവരിൽ.
നിങ്ങളെന്ന പ്രതിഷ്ഠയെ
പൂജിക്കും വിധം
നിങ്ങളുടെ ജീവിതം.
നിങ്ങളെന്ന പ്രതിഷ്ഠയെ
സൂക്ഷിക്കുംവിധം
മറ്റുള്ളവരാകുന്ന കോവിലിന് ചുറ്റും
പ്രദക്ഷിണം വെച്ചഭിനയിച്ച് തന്നെ
ഉടനീളം ജീവിക്കുന്നു നിങ്ങൾ.
മറ്റുള്ളവർ നിശ്ചയിക്കുന്ന,
മറ്റുള്ളവർ അംഗീകരിക്കുന്ന
അർത്ഥമാണ് നിങ്ങളുടേയും
നിങ്ങളുടെ ജീവിതത്തിന്റെയും
അർത്ഥം എന്ന് വരുത്തുന്നു.
സ്വയം ബോധ്യപ്പെടുത്താനാവുന്ന
അർത്ഥവും വിശ്വാസവും
നിങ്ങൾക്കില്ലെന്ന് വരുന്നു.
അറിയില്ലേ:
“നിങ്ങളുടെ ബാഹ്യമായ പ്രതിഛായയിലേക്കോ
രൂപത്തിലേക്കോ കോലത്തിലേക്കോ
അല്ലാഹു നോക്കുന്നില്ല,
പകരം അല്ലാഹു നോക്കുന്നത്
നിങ്ങളുടെ ഹൃദയത്തിലേക്ക്“ (ഖുർആൻ)
പ്രവൃത്തികളല്ല എണ്ണപ്പെടുന്നത്.
എണ്ണപ്പെടുന്നത് നിയ്യത്താണ്,
ഇമാനാണ്, തഖുവയാണ്.
“നിൻശ്ചയമായും പ്രവൃത്തികൾ
ഉദ്ദേശങ്ങൾ കൊണ്ടാണ്.
എല്ലാ ഓരോ മനുഷ്യനും
അവൻ ഉദ്ദേശിച്ചത് മാത്രമേയുള്ളൂ” (ഹദീസ്)
അതുകൊണ്ടാണ്,
നിസ്കരിക്കാത്തവർക്ക് നരകമുണ്ടെന്ന്
എവിടെയും എടുത്തുപറയാതിരുന്ന ഖുർആൻ,
“അശ്രദ്ധമായി നിസ്കരിക്കുന്നവർക്ക്,
ജനങ്ങളെ കാണിക്കാൻ നിസ്കരിക്കുന്നവർക്ക്
ഏറ്റവും മോശമായ നരകം” (ഖുർആൻ)
എന്ന് വ്യക്തമായും എടുത്തുപറഞ്ഞത്.
“അറിയുക:
ശരീരത്തിൽ ഒരു ഭാഗമുണ്ട്.
അത് നന്നായാൽ ശരീരം മുഴുവൻ നന്നായി.
അത് മോശമായാൽ ശരീരം മുഴുവൻ മോശമായി.
അറിയുക: അതാണ് ഹൃദയം“ ( ഹദീസ്)
“അല്ലാഹുവിന് നിങ്ങളുടെ
രക്തമോ മാംസമോ കിട്ടുന്നില്ല (ആവശ്യമില്ല);
അല്ലാഹിവിന് കിട്ടുന്നത്
നിങ്ങളിലെ സൂക്ഷ്മതാബോധം” (ഖുർആൻ)
അറിയപ്പെടുക എന്നത്
സ്വാതന്ത്ര്യം നഷ്ടപ്പെടുത്തും.
സൂക്ഷ്മതാബോധം നഷ്ടപ്പെടുത്തും.
അറിയപ്പെടുക എന്നത്
അഭിനയം നിർബന്ധമാക്കും.
അറിയപ്പെടുക എന്നത്
സംശുദ്ധത നഷ്ടപ്പെടുത്തും.
അറിയപ്പെടാൻ തോന്നുന്നുണ്ടെങ്കിൽ,
അറിയപ്പെട്ട ആളായി വരുത്താൻ
നീ ശ്രമിക്കുന്നുണ്ടെങ്കിൽ
ഒന്നറിയുക:
നിന്നിലെ ദൈവവിശ്വാസം
കരുത്ത് നേടിയിട്ടില്ല.
നീ അറിയുന്നില്ല:
നീ വിശ്വസിക്കുന്ന ദൈവം
സ്വയം അറിയപ്പെടാതിരിക്കുന്നുവെന്ന്,
അറിയപ്പെടാതിക്കൽ
തെരഞ്ഞെടുത്തിരിക്കുന്നുവെന്ന്.
വല്ലാതെ വലുതും
വല്ലാതെ ചെറുതും
കാണാതെ, അറിയപ്പെടാതെ.
അറിയപ്പെടാൻ തോന്നുന്നുണ്ടെങ്കിൽ
ഒന്നറിയുക:
നീ നിന്റെ അല്പത്തവും കാപട്യവും
സമ്മതിച്ചുകൊടുക്കുന്നു.
അറിയുക:
ഉള്ളുള്ളത്, ഭാരമുള്ളത്
കീഴെ ഒതുങ്ങി നിൽക്കും.
ഉള്ളില്ലാത്തത് ഭാരമില്ലാത്തത്
മേലെ പാറിനടക്കും.
ആരുടെയൊക്കെയോ
അറിവും അംഗീകാരവും
അന്വേഷിച്ച് നടത്തുകൊണ്ട്.
ഗതിയില്ലാതെ,
ദിശയില്ലാതെ,
നിയന്ത്രണമില്ലാതെ.
ആരൊക്കെയോ നിശ്ചയിക്കുന്ന
ഗതിയും ദിശയും
തന്റെ ഗതിയും ദിശയുമാക്കിക്കൊണ്ട്.
*******
മരിച്ചിട്ട് അറിയപ്പെടുന്നത് പോട്ടെ.
ജീവിക്കുമ്പോൾ തന്നെ
അറിയപ്പെടാതിരിക്കുകയാണ് വേണ്ടത്.
“ദുനിയാവിൽ (അടുത്തതുമായി) നിങ്ങൾ
അപരിചിതനെ പോലെയാവുക,
അല്ലെങ്കിൽ വഴിപോക്കനെ പോലെയാവുക.” (ഹദീസ്)
“അല്ലാഹുവിന്റെ (ഇഷ്ട) ദാസന്മാർ
ഭൂമിയിൽ നിസാരരായി നടക്കുന്നു.”(ഖുർആൻ).
അല്ലാഹുവിന്റെ (ഇഷ്ട) ദാസന്മാർ
പ്രസക്തരല്ലാത്തവരെ പോലെ.
പ്രസക്തിയും പ്രാധാന്യവും ചോദിച്ചുവാങ്ങാതെ
അല്ലാഹുവിന്റെ (ഇഷ്ട) ദാസന്മാർ.
അല്ലാഹുവിന്റെ (ഇഷ്ട) ദാസന്മാർ
സ്വയം മഹാന്മാരെന്ന് വരുത്താതെ,
മഹത്വം അവകാശപ്പെടാതെ.
“അറിയുക:
ദീൻ: ഇടപാടാണ് (ഇടപാടിലാണ്)” (ഹദീസ്)
ഒന്നും തിരിച്ചുവേണമെന്ന് വെക്കാത്ത ഇടപാടിൽ.
“നിങ്ങൾ പിന്തുടരുക:
നിങ്ങളോട് ഒരു പ്രതിഫലവും ചോദിക്കാത്തവരെ.
സ്വയം വഴികണ്ടെത്തിയവരെ” (ഖുർആൻ)
“എന്റെ നാഥനിൽ നിന്നല്ലാതെ
(പോറ്റിവളർത്തുന്നവനിൽ നിന്നല്ലാതെ) ഞാൻ പ്രതിഫലം വാങ്ങുന്നില്ല“ (ഖുർആൻ)
“ദീൻ: ഗുണകാംക്ഷയാണ് (ഗുണകാംക്ഷയിലാണ്)” (ഹദീസ്)
ആരിൽ നിന്നും
ഒന്നും പ്രതീക്ഷിക്കാതെ
എല്ലാവർക്കും നല്ലത് വരുത്തുന്ന
എല്ലാവർക്കും നല്ലത് വരാൻ
കൊതിക്കുന്ന ഗുണകാംക്ഷ.
“ദീൻ: നല്ല സ്വഭാവത്തിലാണ്” (ഹദീസ്)
“(സംഭവിച്ചുപോകുന്ന)
തിന്മയെ (തെറ്റിനെ)
നന്മ കൊണ്ട് (ശരി കൊണ്ട്)
പുന്തുടരുക.
നന്മ തിന്മയെ മായ്ച്ചുകളയും.
ജനങ്ങളോടു നന്നായി പെരുമാറുക” (ഹദീസ്)

.jpg)
No comments:
Post a Comment