Saturday, December 27, 2025

ജീവിതം ഇത്രക്കേയുള്ളൂ

അതിവിസ്മയകരമാണ്,

അതിമഹത്തരമാണ് 

ജീവിതത്തിന് വേണ്ടി 

ഓരോ കോശത്തിലും ശരീരത്തിലും 

ചുറ്റുപാടിലും പ്രകൃതിയിലും 

നടക്കുന്ന ഓരോ കാര്യവും.


എന്നിരുന്നാലും 

ഇങ്ങനെയൊക്കെ ഒരുങ്ങുന്ന ജീവിതം 

ഒട്ടും വിസ്മയമല്ലാതെ,

ഒട്ടും വിസ്മയം തീർക്കാതെ 

ഇത്രക്കേയുള്ളൂ എന്നുവരുന്നു.


ജീവിതങ്ങൾ ഇത്രയെല്ലാമുണ്ടായിട്ടും 

എല്ലാ ഓരോ ജീവിതവും 

മറ്റൊരു ജീവിതത്തിന്റെ 

ഈച്ചക്കോപ്പി.

ആവർത്തനം.


ജീവിതത്തെ ഒരുക്കുന്ന മഹാവിസ്മയങ്ങൾ 

ജീവിതത്തെ കൂടുതൽ അർത്ഥവത്താക്കുന്നില്ല,

മഹാവിസ്മയമാക്കുന്നില്ല.


ജനിക്കുകമരിക്കുക.


ജനന മരണങ്ങൾക്കിടയിൽ 

ശ്വസിക്കുകകുടിക്കുകതിന്നുക,

ഉറങ്ങുകവിസർജിക്കുക.


ഒരു വ്യത്യാസവുമില്ലാതെ 

ഇതൊക്കെ ഇങ്ങനെയൊക്കെ 

തുടർത്തി ആവർത്തിച്ച് 

തളർന്ന് വളരുക

വളർന്ന് തളരുക.


ശ്വസിക്കാനും കുടിക്കാനും തിന്നാനും 

ഉറങ്ങാനും വിസർജിക്കാനും 

അങ്ങനെ വളരാനും തളരാനും

സൗകര്യമൊരുക്കുക.


സൗകര്യമൊരുക്കാൻ 

ജോലി ചെയ്യുകപണിയെടുക്കുക,

പദ്ധതികൾ ആവിഷ്കരിക്കുക.


ചെയ്യാൻ വേണ്ട 

ജോലി കിട്ടാൻപണിയെടുക്കാൻ

പഠിക്കുകപരിശീലിക്കുക.


ജോലികൾക്കും പഠിപ്പിനും പരിശീലനത്തിനുമിടയിലും ഒടുവിലും 

വിശ്രമം പ്രതീക്ഷിച്ച് 

വിശ്രമം കണ്ടെത്താൻ

ജീവിതം ജീവിച്ചു തീരുക.


വിശ്രമവേള കിട്ടാൻ 

വിശ്രമമില്ലാതെ അധ്വാനിച്ച് സമ്പാദിക്കുക.

സമ്പാദിക്കാൻ വേണ്ടി അദ്ധ്വാനിക്കുക.


വിസ്മയങ്ങളൊന്നും 

വിസ്മയം തീർക്കാത്ത ജീവിതം 

തിന്നുകയും കുടിക്കുകയും തന്നെ.

ഉറങ്ങുകയും വിസർജിക്കുകയും തന്നെ.


ഒരു വ്യത്യാസവുമില്ലാതെ 

തുടർത്തി ആവർത്തിച്ച് 

വളർന്ന് തളരുക തന്നെ.

തളർന്ന് വളരുക തന്നെ.


ജീവിക്കുന്നതെന്തിന് 

ജോലി ചെയ്യാനെന്നും

ജോലി ചെയ്യുന്നതെന്തിന് 

ജീവിക്കാനെന്നും 

പരസ്പരം വൃത്തം തീർക്കുന്ന 

ഉത്തരമായൊരു ജീവിതം.


ജോലി ചെയ്യാൻ ജീവിക്കുകയും 

ജീവിക്കാൻ ജോലി ചെയ്യുകയും തന്നെ

ജീവിതം.


ജീവിതമെന്നാൽ ജോലിയെന്നോ 

ജോലിയെന്നാൽ ജീവിതമെന്നോ 

അർത്ഥം വരും പോലെ 

ആവർത്തനചക്രത്തിൽ വീണ് 

ജീവിക്കുക തന്നെ 

മഹാവിസ്മയങ്ങളും 

അതിവിസ്മയങ്ങളും 

തീർത്ത ജീവിതം.

No comments: