Tuesday, December 23, 2025

അങ്ങനെയുള്ള, താങ്കൾ പറയുമ്പോലെയുള്ള ഇസ്ലാമിനെയും മുസ്ലിംകളെയും കാണുന്നില്ല.

അങ്ങനെയുള്ള, താങ്കൾ പറയുമ്പോലെയുള്ള ഇസ്ലാമിനെയും മുസ്ലിംകളെയും കാണുന്നില്ല എന്ന് നിങ്ങൾ വെറുതേ പറയുന്നതാണ്.

അഥവാ നിങ്ങൾക്ക് വെറുതേ അങ്ങനെ പറയേണ്ടിവരുന്നതാണ്.


മുസ്ലിംകൾക്ക് ഇസ്ലാം പൂർണാർത്ഥത്തിൽ പ്രയോഗിക്കാനുള്ള സാഹചര്യം കുറവാണെങ്കിലും അവർ ഏറെക്കുറെ പ്രയോഗിച്ചും അനുവർത്തിച്ചും തന്നെയാണ്. 


കാരണം ഇസ്ലാം അത്രക്ക് ജീവിതത്തെ ചൂഴ്ന്നും ചുറ്റിപ്പറ്റിയും ഉള്ളതാണ്. 


അല്ലാതെ ഇസ്ലാം ജന്മം കൊണ്ട് കിട്ടുന്ന വെറുമൊരു വിശ്വാസ ആചാര മതം മാത്രമല്ല.


ഏറെക്കുറെ സാമ്പത്തികശേഷിയുള്ള മുസ്ലിംകൾ സക്കാത്ത് കൊടുക്കുന്നത് നിങ്ങൾ കാണാറില്ലേ?


നോമ്പ് കഴിഞ്ഞുവരുന്ന പെരുന്നാളിന് അവർ ഓരോരുത്തരായും രണ്ടര കിലോ വെച്ച് പാവങ്ങളിലേക്ക് അരി നൽകുന്നതായി (ഫിത്വർ സക്കാത്ത്) നിങ്ങൾ കാണാറില്ലേ?


ബലിപെരുന്നാളിന് അവർ ഇറച്ചി വിതരണം ചെയ്യുന്നത് നിങ്ങൾ കാണാറില്ലേ?


അവർ പലിശയെ ജീവിതമാർഗ്ഗമാക്കി കാണാത്തത് നിങ്ങൾ കാണാറില്ലേ?


അവർ പലിശ ഇടപാടുകളിൽ നിന്ന് ആവത് ഒഴിഞ്ഞുനിൽക്കുന്നത് നിങ്ങൾ കാണാറില്ലേ? (സർക്കാർ നിശ്ചയിച്ച ബാങ്കിടപാടുകൾ ഇസ്ലാമികമായി തന്നെ നിഷിദ്ധമാണെന്ന അഭിപ്രായം ഈയുള്ളവനില്ല.)


അവർ പന്നിയിറച്ചി തിന്നാത്തത് നിങ്ങൾ കാണാറില്ലേ?


അവർ നിശ്ചയിക്കപ്പെട്ടത് പോലെ മാത്രം മൃഗങ്ങളെ അറുക്കുന്നതും അറുത്ത ഇറച്ചി മാത്രം ഭക്ഷിക്കുന്നതും നിങ്ങൾ കാണാറില്ലേ?


എന്തോ വലിയ തെറ്റ് പോലെ വിരോധികൾ വിഷയമാക്കുന്ന ഹലാൽ (അനുവദനീയമായ സംഗതിക്ക് (എല്ലാ അനുവദനീയ സംഗതിക്കും, അറുത്ത ഇറച്ചിയുടെ മാത്രം കാര്യത്തിലല്ലാതെ) പറയുന്നതാണ് ഹലാൽ. )


മുസ്ലിംകൾക്ക് ഇസ്ലാമികമായി തന്നെ അനുവദനീയമല്ലാത്ത, നിഷിദ്ധമായ സംഗതികൾക്ക് പറയുന്നതാണു ഹറാം. 


എന്നുവെച്ചാൽ മുസ്ലിംകൾക്ക് മതപരമായി തന്നെ, കൃത്യമായും വ്യക്തമായും നിഷിദ്ധമെന്നതും അനുവദനീയമെന്നതും ഉണ്ട് എന്നർത്ഥം.


നിഷ്കർഷിക്കാനും നിശ്ചയിക്കാനും തന്ത്രിയും കർമ്മിയും പുരോഹിതനും സഭയും ആവശ്യമില്ലാതെ തന്നെ മുസ്ലിംകൾക്ക് മതപരമായി തന്നെ, കൃത്യമായും വ്യക്തമായും നിഷിദ്ധമെന്നതും അനുവദനീയമെന്നതും ഉണ്ട് അവരത് പരിപാലിക്കുന്നുണ്ട് എന്നർത്ഥം.


അവർ മദ്യത്തിന്റെ ഉപയോഗത്തിൽ നിന്നും വിട്ടുനിൽക്കുന്നത് നിങ്ങൾ കാണാറില്ലേ?


അവർക്ക് പുരോഹിതൻമാർ ഇല്ലെന്നതും ബിംബങ്ങളും അർച്ചനകളും ഇല്ലെന്നതും നിങ്ങൾ കാണാറില്ലേ?


പള്ളിയിൽ നിൽക്കുന്ന ഇമാം (അത് മക്കത്തെയും മദീനത്തെയും വരെ)?അവർക്ക് പുരോഹിതൻ അല്ലെന്നും പള്ളി പരിപാലിക്കാൻ വെച്ച ഒരു തൊഴിലാളി മാത്രമാണെന്നും നിങ്ങൾക്കറിയില്ലേ?


മുസ്ലിംകളെ സംബന്ധിച്ചേടത്തോളം മനുഷ്യരായ ആരും ദൈവത്തിലേക്കുള്ള മധ്യവർത്തി അല്ല. 

ഇമാം എന്നത് എപ്പോഴും ആർക്കും ആകാവുന്ന ഒരാൾ മാത്രം, അത് പൗരോഹിത്യ പിരമിഡിന്റെ ഭാഗമല്ല. ഇസ്ലാമിൽ പൗരോഹിത്യവും പിരമിഡും ഇല്ല).


അവരുടെ സ്ത്രീകളുടെ വസ്ത്രധാരണം (ഹിജാബ്) താങ്കൾ കാണാറില്ലേ?


അവർ അവരുടെ വിവാഹനിയമങ്ങളും അനന്തരാവകാശ നിയമങ്ങളും പാലിക്കുന്നത് നിങ്ങൾ കണ്ടിട്ടില്ലേ?


കുളിക്കുന്നിടത്തും ഇരിക്കുന്നിടത്തും കച്ചവടം ചെയ്യുന്നിടത്തും സലാം ചൊല്ലി അഭിവാദ്യം ചെയ്യുന്നിടത്തും എല്ലാ കാര്യങ്ങളും ബിസ്മി ചൊല്ലി മാത്രം തുടങ്ങുന്നിടത്തും ഒക്കെ അവർക്ക് ഇസ്ലാമുണ്ട്. 


ആൾദൈവം അവർക്കില്ല, മുഹമ്മദ് നബിയെ പോലും ഒരു ആൽദൈവമായോ ബിംബമായോ അവർ കാണുന്നില്ല, പൂജിക്കുന്നില്ല, ആരാധിക്കുന്നില്ല എന്നത് താങ്കൾ കാണാറില്ലേ?


പിന്നെയുള്ളത്, താങ്കൾ തെറ്റിദ്ധരിക്കുന്ന, അറിവില്ലായ്മ കൊണ്ടും കൂടെ ജീവിക്കുന്ന മറ്റ് ഇന്ത്യൻസമൂഹത്തിന്റെ ആചാരസ്വാധീനം കൊണ്ടും മറ്റും മുസ്ലിംകളിൽ ചേക്കേറിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആണ്. 


അവയൊക്കെയാണ് ഇസ്ലാം എന്ന് താങ്കൾ തെറ്റിദ്ധരിക്കുന്ന പ്രശ്നമാണ്. 


അവയൊന്നും ഇസ്ലാമല്ല, ലോക ഇസ്ലാമിക സമൂഹത്തിൽ കാണാത്തതും ഇസ്ലാമിൽ ഇല്ലാത്തതുമാണ്.

No comments: