ചിതലിനെ വസ്ത്രമെന്ന് വിളിക്കാം.
പക്ഷേ ചിതൽ വസ്ത്രമല്ല, വസ്ത്രമാകില്ല.
ഇന്ത്യക്കുള്ളിൽ ഇന്ത്യക്കാർ മാത്രമേ ഉള്ളൂ.
ഇന്ത്യക്കുള്ളിൽ ഇന്ത്യാവിരുദ്ധരുണ്ടെന്ന് വരുത്തരുത്.
എന്ത് കാര്യത്തിന് വേണ്ടി ഇന്ത്യക്കുള്ളിലെ ഇന്ത്യക്കാർ ഇന്ത്യാവിരുദ്ധരാവണം?
ഇന്ത്യക്കുള്ളിൽ ഇന്ത്യാവിരുദ്ധരുണ്ടെന്ന് വരുത്തി ഇന്ത്യാവിരുദ്ധരെ ഇന്ത്യക്കുള്ളിൽ ഉണ്ടാക്കരുത്.
തെറ്റായി നേടുന്ന അധികാരത്തിനും അങ്ങനെയുണ്ടാവുന്ന ഭരണകൂടത്തിന്റെ തെറ്റുകൾക്കും എതിരാവുക എന്നതല്ല ഇന്ത്യാവിരുദ്ധരാവുക എന്നതിന്റെ അർത്ഥവും നിർവ്വചനവും.
ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയെ എതിർക്കുക എന്നത് യഥാർത്ഥ രാജ്യസ്നേഹമാണ്.
ഭരണകൂടത്തിന്റെ തെറ്റുകൾക്ക് ഓശാന പാടുന്നതാണ് യഥാർത്ഥ രാജ്യദ്രോഹം.
അത്തരക്കാർ അവർക്ക് കിട്ടേണ്ട അല്പത്തിന് വേണ്ടി എന്നും (ബ്രിട്ടീഷുകാരും മുഗളരും ഭരിച്ചപ്പോഴുംവരെ ) ഭരണകൂടത്തിന് ഓശാന പാടിയവർ തന്നെയായിരുന്നു.
ഇന്ത്യക്കുള്ളിൽ ഇന്ത്യാവിരുദ്ധരെ ഉണ്ടാക്കുക ഇന്ത്യ ഭരിക്കുന്ന പാർട്ടി നിർബന്ധമാക്കരുത്.
ഇന്ത്യക്കുള്ളിൽ ഇന്ത്യാവിരുദ്ധരെ ഉണ്ടാക്കേണ്ടി വരുന്നതിനേക്കാൾ വലിയ ദുരന്തം വേറെന്തുണ്ട്?
അത്തരം ഇന്ത്യാവിരുദ്ധരെ ഉണ്ടാക്കേണ്ടിവരുന്ന ദുരന്തപ്രവൃത്തി ചെയ്യലാണ്, ഭരണത്തിലേക്കും ഭരണം നിലനിർത്താനുമുള്ള ഏകവഴിയെന്ന് ഇന്ത്യ ഭരിക്കുന്ന പാർട്ടി വരുത്തുന്നത് എത്രമാത്രം പരിഹാസ്യമാണ്.
ഇന്ത്യ ഭരിക്കുന്ന പാർട്ടി മറിച്ച് ചെയ്യേണ്ടത് ഇന്ത്യയെ ഇനിയുമിനിയും സ്നേഹിക്കാനുള്ള ന്യായം ഇന്ത്യക്കാർക്ക് ഉണ്ടാക്കിക്കൊടുക്കുകയാണ്.
അല്ലാതെ ഇന്ത്യ ഭരിക്കുന്ന പാർട്ടി ഇന്ത്യക്കാർ പരസ്പരം വെറുത്ത് തമ്മിൽ തല്ലാനുള്ള വകയല്ല ഉണ്ടാക്കിക്കൊടുക്കേണ്ടത്.
എലിയുണ്ടെന്ന് പറഞ്ഞും വരുത്തിയും ഇല്ലം തന്നെ ചുട്ടെരിക്കുകയും ചുട്ടെരിക്കാനുള്ള പണിയെടുക്കുകയുമാണ് അവർ ചെയ്യുന്നത്.
അങ്ങനെ ചില്ലറ എലികൾ നുഴഞ്ഞുകയറി വന്നിട്ടുണ്ടെങ്കിൽ തന്നെ ആ എലികളെ മാത്രം ലക്ഷ്യംവെച്ച് കണ്ടെത്തി പിടികൂടുകയാണ് വേണ്ടത്.
അല്ലാതെ എലിയുടെ പേര് പറഞ്ഞ് ഇല്ലം ചുടുകയല്ല.
നിങ്ങളെ എതിർക്കുന്ന ഇന്ത്യക്കാരെ മുഴുവൻ കയറിവന്ന എലികളാക്കി ഇന്ത്യാവിരുദ്ധരാക്കുകയല്ല വേണ്ടത്.
മുൻപ് നോട്ട് നിരോധനം എന്ന പേരിട്ട് ഇല്ലം ചുട്ടത് കൊണ്ട് നിങ്ങൾ രാജ്യത്തിന് വേണ്ടി എന്ത് നേട്ടമുണ്ടാക്കി?
വെറും നഷ്ടമല്ലാതെ.
ഇന്ത്യക്കാരെ മുഴുവൻ ക്യൂ നിർത്തി ബുദ്ധിമുട്ടിച്ചതല്ലാതെ.
അധികാരം ഉണ്ട് എന്ന ഒറ്റക്കാരണം കൊണ്ട് രാജ്യദ്രോഹപ്രവർത്തനത്തിന് രാജ്യസ്നേഹപ്രവൃത്തി എന്ന് പേര് കൊടുത്തത് കൊണ്ട് മാത്രം കാര്യമില്ല, അങ്ങനെ ആരും രക്ഷപ്പെടരുത്.
ചിതലിനെ വസ്ത്രമെന്ന് വിളിക്കാം. പക്ഷേ ചിതൽ വസ്ത്രമല്ല, വസ്ത്രമാകില്ല.

.jpg)
No comments:
Post a Comment