Wednesday, February 18, 2026

എന്താണ് നോമ്പ്? എന്തിനായിരിക്കണം നോമ്പ്? എന്തുകൊണ്ടായിരിക്കണം നോമ്പ്?

എന്താണ് നോമ്പ്?


എന്തിനായിരിക്കണം നോമ്പ്?


എന്തുകൊണ്ടായിരിക്കണം നോമ്പ്?


ഒരൊറ്റ ഉത്തരം:


സൂക്ഷ്മതാബോധമായിരിക്കണം നോമ്പ്.


സൂക്ഷ്മതാബോധത്തിനായിരിക്കണം നോമ്പ്.


സൂക്ഷ്മതാബോധം കൊണ്ടായിരിക്കണം നോമ്പ്.


സൂക്ഷ്മതാബോധം കൊണ്ട് നോമ്പ് ഉണ്ടാവും, സംഭവിക്കും.


നോമ്പ് കൊണ്ട് സൂക്ഷ്മതാബോധം ഉണ്ടാവും, സംഭവിക്കും.


അല്ലാതെ വേറെന്തെങ്കിലും കൊണ്ടാണ്, വേറെ എന്തിനെങ്കിലും വേണ്ടിയാണ് നോമ്പ് എന്ന് ആർക്കെങ്കിലും പറയേണ്ടി വരുന്നുണ്ടെങ്കിൽ:


അത് വിശ്വാസക്കുറവാണ്.


അത് പങ്കുചേർക്കലാണ്.


അത് നോമ്പ് എന്താണെന്ന് ശരിക്കും മനസ്സിലാക്കാത്ത പ്രശ്നമാണ്.


അത് വിശ്വാസം ബാഹ്യമായ സ്വാർത്ഥമായ കാര്യങ്ങളിൽ കെട്ടിയിടുന്ന പ്രശ്നമാണ്.


കുന്തം ചാരിയവൻ കുന്തം ചിതലിരിക്കുമ്പോൾ വീഴും.


അതുകൊണ്ട് തന്നെ നോമ്പ് വേറെന്തിനുമാകാം. 


പക്ഷേ, നോമ്പ് വേറെന്തിനുമാകുന്നതും ആകാത്തതും പാർശ്വഫലങ്ങൾ മാത്രം. വഴിയല്ല, ഉദ്ദേശമല്ല, ലക്ഷ്യമല്ല.


നോമ്പ് ഭക്ഷണപാനീയങ്ങൾ ഒഴിവാക്കൽ മാത്രമല്ല. 


നോമ്പ് ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുന്നത് കൊണ്ട് നോമ്പ് ആവുകയുമില്ല.


ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുന്നത് മൂലമുള്ള ആരോഗ്യവും അനാരോഗ്യവും നോമ്പിന്റെ ഉദ്ദേശമല്ല, ലക്ഷ്യങ്ങളല്ല.


പപ്പടം വാങ്ങാൻ പോകുന്നവൻ വഴിയിൽ പലതും കാണും, അനുഭവിക്കും. 


പപ്പടം വാങ്ങാൻ പോകുന്ന പോക്കിൽ അവൻ പലതും നേടും നഷ്ടപ്പെടും. 


അപ്പോഴും അവൻ പോയതെന്തിനാണെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളൂ. 


പപ്പടം വാങ്ങാൻ.


ഖുർആൻ വളരെ വ്യക്തമായി പറഞ്ഞു. നോമ്പ് എന്തിന് വേണ്ടിയാണെന്ന്. 


“നിങ്ങൾ സൂക്ഷ്മതാബോധം ഉള്ളാരാവാൻ” (ഖുർആൻ)


ഒന്നോർത്തു നോക്കൂ : നോമ്പ് നിങ്ങളെ സൂക്ഷ്മതാബോധം ഉള്ളവരാക്കും, ആക്കണം എന്നർത്ഥം, ഉദ്ദേശം.


ഇതല്ലാത്ത ഒന്നും ഖുർആൻ ലക്ഷ്യമായും ഉദ്ദേശമായും പറഞ്ഞില്ല.


ഖുർആൻ പറഞ്ഞത് വെച്ച് മറിച്ചൊന്ന് ചിന്തിച്ചുനോക്കൂ: 


നോമ്പിന്റെ ലക്ഷ്യം സൂക്ഷ്മതാബോധം. 


എങ്കിൽ മറിച്ചും പറയാം.


സൂക്ഷ്മതാബോധം മനുഷ്യരിൽ ഉണ്ടാക്കുന്ന സംഗതി എന്താണ്? 


നോമ്പ്. 


സൂക്ഷിച്ച് സൂക്ഷിച്ച് നോക്കുന്നവൻ, അന്വേഷിക്കുന്നവൻ  ഇതല്ല ഇതല്ല, ഇതുവേണ്ട, ഇതുവേണ്ട, ഇത് പറ്റില്ല, ഇത് പറ്റില്ല, ഇത് പാടില്ല, ഇത് പാടില്ല, ഇതിൽ നിന്നും മാറിനിൽക്കണം എന്നൊക്കെ ചിന്തിക്കുന്നതും വെക്കുന്നതും തന്നെയാണ് നോമ്പായി മാറുന്നത്, മാറേണ്ടത്.


അങ്ങനെ വേണ്ടെന്നും പറ്റില്ലെന്നും പാടില്ലെന്നും അറിഞ്ഞ്, ചിന്തിച്ച് അകന്നുനിൽക്കുന്നത് സ്വയംനോമ്പായി തീരുന്നു.


സൂക്ഷിക്കുന്ന ഓരോരുവാനും സ്വയം നോമ്പിലാണ്. അവൻ പലതിൽനിന്നും മാറിനിൽക്കുകയാണ്. അവനിൽ നിന്നും പലതും മാറിനിൽക്കും.


ശ്രദ്ധിക്കുന്ന ഓരോരുവാനും അവൻ ശ്രദ്ധിക്കുന്ന കാര്യം ശ്രദ്ധിക്കുന്ന മാത്രയിൽ ബാക്കിയൊന്നും നോക്കാതെയാവുന്ന നോമ്പിലാണ്. 


തീർത്തും സ്വാഭാവികമായി തന്നെ.


ഭ്രാന്തൻ നായയെ പേടിച്ചോടുന്നവൻ ബാക്കിയെല്ലാം വേണ്ടാതാക്കി ഓടുന്ന പണിയാണ് നോമ്പ്.


നോമ്പ് എന്നാൽ സൂക്ഷ്മതാബോധം. 

രക്ഷ തേടിയുള്ള സൂക്ഷ്മതാബോധം.


അതുകൊണ്ട് തന്നെ:


നോമ്പ് എന്തിന് വേണ്ടി? 


സൂക്ഷ്മതാബോധത്തിന് വേണ്ടി.


നോമ്പ് എന്തുകൊണ്ട്? 


സൂക്ഷ്മതാബോധം കൊണ്ട്.


അതുകൊണ്ട് തന്നെയാവണം പ്രവാചകനും നോമ്പിനെ പരിചയെന്ന് വിശേഷിപ്പിച്ചത്. പരിചയെന്ന്മാത്രം.  


“നോമ്പ് പരിചയാണ് “( ഹദീസ്)


സൂക്ഷ്മതാബോധം സ്വയം പരിച തീർക്കലാണ്.


ശ്രദ്ധ സ്വയം പരിചയാവലാണ്.


നോമ്പ് സൂക്ഷ്മതാബോധമെന്ന, ശ്രദ്ധയെന്ന രക്ഷാകവചമാണ്,പരിചയാണ്. 


ആത്മരക്ഷയുടെയും ആത്മനിയന്ത്രണത്തിന്റെയും പരിച.


അതുകൊണ്ട് നോമ്പ് ജനങ്ങൾക്ക് വേണ്ടിയോ ജനങ്ങളെ കാണിക്കാൻ വേണ്ടിയോ ചെയ്യപ്പെടുന്നകാര്യമല്ല.


ഖുദ്സിയായ ഹദീസിൽ അല്ലാഹു തന്നെ പറഞ്ഞോർമ്മിപ്പിച്ചത് പോലെ.


“നോമ്പ് എനിക്കുള്ളതാണ്. അതിനുള്ള പ്രതിഫലം ഞാൻ നൽകുന്നു” (ഹദീസ്)


രക്ഷ ദൈവം മാത്രമെന്നറിയുന്നവൻ, ദൈവത്തിൽ നിന്ന് മാത്രമെന്നറിയുന്നവൻ ആ ദൈവത്തിലേക്ക്  രക്ഷതേടുമ്പോൾ (അഊദുബില്ലാ എന്ന് പറഞ്ഞുകൊണ്ടുള്ള, അഊദുബില്ലാ എന്ന് പറയുന്നതിലുള്ള രക്ഷതേടൽ) സംഭവിക്കുന്ന സൂക്ഷ്മതാബോധവും ശ്രദ്ധയും ജാഗ്രതയും തന്നെയായ പരിചയാണ് നോമ്പ്. 


രക്ഷതേടുന്നവന് രക്ഷയല്ലാത്ത വേറൊന്നും വേണ്ടെന്ന് വരുന്നതാണ് നോമ്പ് .

No comments: