മദ്രസ്സകളിൽ ഒരു കുന്തവും ഒരു തീവ്രവാദവും ഭീകരവാദവും പഠിപ്പിക്കുന്നില്ല, പരിശീലിപ്പിക്കുന്നില്ല.
അങ്ങനെ പഠിപ്പിക്കാൻ മാത്രം എന്തെങ്കിലും കഴിവും വിദ്യയും തന്ത്രവും ലക്ഷ്യവും ഉളളവർ ഒരു മദ്രസയിലും ഇല്ല.
ഒന്നും കാര്യമായി പഠിപ്പിക്കുന്നില്ല മദ്രസ്സ, കുട്ടികളുടെ നല്ല സമയം വെറുതെ കളയലാണ് മദ്രസ്സ, നല്ല ഭാവി നശിപ്പിക്കലാണ് മദ്രസാപഠനം ചെയ്യുന്നത് എന്നത് കൊണ്ട് മാത്രമാണ് മദ്രസ്സ വേണമെന്ന അഭിപ്രായമില്ലാത്തത്.
പക്ഷെ, കാരണം അത് മാത്രമാണ്.
അല്ലാതെ മറ്റൊരു കാരണവുമില്ല.
തീവ്രവാദവും ഭീകരവാദവും പഠിപ്പിക്കുന്നതല്ല കാരണം.
അതൊക്കെയും നിക്ഷിപ്ത താൽപര്യക്കാർ, അവരുടെ നിക്ഷിപ്ത താത്പര്യ ലബ്ദിക്ക് വേണ്ടി പറഞ്ഞുണ്ടാക്കുന്നത് മാത്രം.
മദ്രസ്സക്ക് വേണ്ടി ചിലവഴിക്കുന്ന സമയവും അധ്വാനവും സമ്പത്തും വെച്ച് നോക്കിയാൽ അത് വെറും നഷ്ടമാണ്, വൃഥാവ്യയമാണ് എന്ന ഒരൊറ്റക്കാരണം വെച്ച് മാത്രം, അങ്ങനെ മാത്രമാവണം മദ്രസ്സ വേണ്ടെന്ന വാദം.
അല്ലാതെ മതപരമായ വെറുപ്പല്ല, വിരോധമല്ല കാരണങ്ങളാവേണ്ടത്.
മദ്രസ്സൾ വെറും വെറുതെയാണെന്ന കാര്യത്തിൽ ഏതെങ്കിലുമൊരു മദ്രസ്സ എവിടെയെങ്കിലും അപവാദമായുണ്ട് എന്ന് എതിർത്തും അനുകൂലിച്ചും ന്യായം പറഞ്ഞത് കൊണ്ട് വരെ കാര്യമില്ല.
മദ്രസയിൽ പഠിച്ച് വിവരം നേടിയ, മദ്രസയിൽ പഠിച്ച് എന്തെങ്കിലും ജീവിതത്തിൽ നേടിയ ഒരൊറ്റ കുട്ടിയെയും ഈയുള്ളവൻ ഇതുവരെയും നേരിൽ കണ്ടിട്ടില്ല.
കുറച്ച് മുസ്‌ലിയാരുടെ കാര്യം ഒഴികെ.
മുസ്ല്യാമാർ ഉണ്ടാവുന്നത് പോലും ഈ മദ്രസ്സകളിലൂടെയല്ല. പകരം, പള്ളിദർസുകളിലൂടെയും അറബിക് കോളേജുകളിലൂടെയുമാണ്.
കുട്ടികൾക്ക് വേണ്ടി ന്നടത്തുന്ന സാദാ മദ്രസകൾ വേറും വെറുതെയാണ്.
പല ആചാരങ്ങളും അനുഷ്ഠാനങ്ങളും പോലെ എന്തിനെന്നറിയാതെ അനുകരിച്ച് തുടരുന്നത് മാത്രം.
അതിൽ തങ്ങളുടെ സ്വത്വബോധത്തെ വെറും വെറുതെ ഒരടിസ്ഥാനവും ഇല്ലാതെ കുത്തിനിറച്ചുകൊണ്ട്.
ഭാഗ്യവശാൽ ഈയുള്ളവൻ മദ്റസയിൽ ഒരിക്കലും പോയിട്ടില്ല, മദ്രസ്സയിൽ പോയി പഠിച്ചിട്ടില്ല.
പകൽവെളിച്ചം പോലെ കാണുന്ന മദ്റസാ എന്ന ഉപയോഗശൂന്യത കണ്ട് മനസ്സിലാക്കിയതിനാൽ ഈയുള്ളവൻ്റെ പിതാവ് ഈയുള്ളവനെ മദ്റസയിൽ അയക്കാതിരുന്നത് പോലെ ഈയുള്ളവനും മക്കളെ മദ്രസ്സയിൽ അയച്ചിട്ടില്ല.
പക്ഷെ അത് മദ്റസയിൽ വെച്ച് തീവ്രവാദവും ഭീകരവാദവും കുത്തിവെക്കുന്നത് കൊണ്ടല്ല.
പകരം മദ്റസയിൽ വെച്ച് കാര്യമായ വിവമില്ലാത്ത ഉസ്താദ്മാർ എന്ന് പേരുള്ളവർ, പേര് കൊണ്ട് മാത്രം ഉസ്താദ്മാർ ആയവർ, കുറേ വിവരക്കേടുകൾ പറഞ്ഞുകൊടുക്കും എന്നതുകൊണ്ട് മാത്രം.
********
ഈയുള്ളവൻ്റെ പിതാവ് മദ്റസയിൽ കുട്ടികളെ അയക്കതിരിക്കാൻ പറഞ്ഞ അതേ ന്യായം വെച്ച് തന്നെ പറയട്ടെ.
കുട്ടികൾ വെള്ളക്കടലാസുകളാണ്.
ആ വെള്ളക്കടലാസുകളിൽ ആർക്കും എന്തും തോന്നിയത് പോലെ എളുപ്പം കോറിയിടാം, വരക്കാം.
പക്ഷെ, പിന്നീട് ആ കോറിയിട്ടതിനേയും വരച്ചതിനെയും വേണ്ടത് പോലെ മായ്ക്കുകയും ആ വെള്ളക്കടലാസിനെ പഴയത് പോലെയാക്കുകയും ആര് വിചാരിച്ചാലും ബുദ്ധിമുട്ടാണ്, ഏറെക്കുറെ അസാധ്യമാണ്.
ഇനി ആ കടലാസിൽ കോറിയിട്ടതും വരച്ചതും മായ്ച്ചെന്നുവരുത്തിയാൽ പോലും അതിൻ്റെ തിരുശേഷിപ്പ് അവിടെ തന്നെയുണ്ടാവും. വൃത്തികേടായിക്കൊണ്ട്.
പോരാത്തതിന്, മായ്ച്ചുവെന്ന് നിങൾക്ക് തോന്നിയത് നിങ്ങളത് ശരിക്കും മായ്ച്ചത് കൊണ്ടല്ല,
പകരം കടലാസ് തേഞ്ഞുതീരുന്നത് കണ്ട് നിങൾ ധരിച്ചത് മാത്രം.
നിങൾ കടലാസ്സിനെ തേച്ചുതീർക്കുക മാത്രമായിരുന്നു
അല്ലാതെ, കടലാസ്സ് തന്നെയായ അവരുടെ മനസ്സിനെ തന്നെ നശിപ്പിക്കാതെ, ദുഷിപ്പിക്കാതെ നിങ്ങൾക്കത് മായ്ക്കാൻ സാധിക്കുന്നതല്ല.
*******
മദ്രസ്സയെ കുറിച്ച് പ്രചരിപ്പിക്കുന്ന മറിച്ചുള്ളതൊക്കെയും അതല്ലാതെ തന്നെ അങ്ങാടിയിൽ തോൽക്കുന്നവർക്ക് അമ്മയോടെന്ന പോലെ നടത്തേണ്ടിവരുന്ന കുപ്രചാരണങ്ങൾ മാത്രം.
അവർക്ക് മദ്രസ മാത്രമല്ല, മറ്റെന്തും കുപ്രചരണങ്ങൾ നടത്താനുള്ള ആയുധങ്ങൾ.
ലവ്ജിഹാദും ഹലാലും ഒക്കെ പോലെ.
അത്തരം തൽപരകക്ഷികൾക്കെപ്പോഴും അപ്പുറത്തെയും അയൽപക്കത്തെയും പഴയകാലത്തെയും ഇല്ലാത്ത കാര്യങ്ങളും കഥകളും വേണം പെരുംകുറ്റങ്ങളായും പെരുംകാര്യങ്ങളായും അവതരിപ്പിക്കാൻ, ആയുധങ്ങളാക്കാൻ.
സ്വന്തമായി മെച്ചവും യോഗ്യതയും പറയാനില്ലാത്തവർക്ക് അന്യൻ്റെ കുറ്റങ്ങളാണ് അവരുടെ മെച്ചം, യോഗ്യത.
അവരുടെ ജീവനെ നിലനിർത്തുന്ന ശ്വാസവായു തന്നെയും അത്തരം ഇല്ലാത്ത കാര്യങ്ങളും കഥകളും കുറ്റങ്ങളും അവയുണ്ടാക്കുന്ന അന്ധന്മായ വെറുപ്പും ഭക്തിയും തന്നെയാണ്.
കൃമിയും കൊതുകും ഈച്ചയും പുഴുക്കളും പോലെ അവരും മറ്റുള്ളവരുടെ വൃത്തികേടിലാണ് അവരുടെ അന്നവും പാർപ്പിടവും വളർച്ചയും കണ്ടെത്തുന്നത്.
അങ്ങനെ ഇല്ലാക്കഥകൾ പറഞ്ഞ് മാത്രമാണല്ലോ അവർ നാട്ടിൽ വൃണവും പഴുപ്പും പോലെ ആവത് വെറുപ്പും വിഭജനവും ഉണ്ടാക്കിയത്?
അങ്ങനെയാണല്ലോ അവർ രാജ്യത്തിൻ്റെ ശരീരത്തിന് തീരാരോഗമുണ്ടാക്കിയത്, അധികാരം നേടി, ഇപ്പോഴത് നിലനിർത്തുന്നത്?
പരാജയബോധം ഉണ്ടാക്കുന്ന പേടിയും അക്രമവാസനയുമാണ് അവരെക്കൊണ്ട് ഏത് സമയവും നാട്ടിലങ്ങോളമിങ്ങോളം അക്രമങ്ങളും കലാപങ്ങളും നടത്തിക്കുന്നത്.
കാരണം, അവർക്ക് പേടിയാണ്, അവരുണ്ടാക്കുന്നതും പേടിയാണ്.
No comments:
Post a Comment