Thursday, January 30, 2025

എന്നിട്ടുമെന്തുകൊണ്ട് അവർ ഗാന്ധിയെ കൊന്നു?

ഗാന്ധി സസ്സ്യാഹാരി മാത്രമായിരുന്നു. 

എന്നിട്ടുമെന്തുകൊണ്ട് സസ്സ്യാഹാരവാദികൾ അയാളെ കൊന്നു? 

ഗാന്ധിയുടെ വഴി അഹിംസയായിരുന്നു. 

എന്നിട്ടുമെന്തുകൊണ്ട് അഹിംസാവാദികൾ അയാളെ കൊന്നു? 

ഗാന്ധിയുടെ ലക്ഷ്യം രാമരാജ്യമായിരുന്നു. 

എന്നിട്ടുമെന്തുകൊണ്ട് രാമനെ പൂജിക്കുന്നവർ അയാളെ കൊന്നു? 

അതിനുള്ള ഏക ഉത്തരം മറിച്ചൊരു ചോദ്യമാണ്.

പടുവൃദ്ധനായിരുന്ന ഗാന്ധിയെ സഹിക്കാനാവാതിരുന്നവർക്ക് കൊല്ലേണ്ടിവന്നവർക്കും മറ്റാരെയെങ്കിലും സഹിക്കാനാവുമോ, കൊല്ലാതിരിക്കാനാവുമോ? 

എങ്കിൽ, അവരിനിയും അവസരം കാത്തുനിൽക്കുക മാത്രമായിരിക്കില്ലേ? 

എന്നത്.

********

ഗാന്ധി പഴയ കാലത്തെ ശരി. 

ഇന്നും ഏറെക്കുറെ ശരി. 

പക്ഷെ അക്കാലത്ത് ചെയ്തതിനെ ആ കാലത്തെയും പശ്ചാത്തലത്തെയും മറന്നും മുറിച്ചുമാറ്റിയും ഇക്കാലത്തെ യുക്തി കൊണ്ടളന്ന് മാത്രം മനസ്സിലാക്കരുത്. 

പ്രത്യേകിച്ചും, വെറുപ്പും വിഭജനവും മാത്രം ഇക്കാലത്തും നടത്താനും തുടർത്താനും ഉദ്ദേശിക്കുന്നവർ.

*********

കാലം കഴിഞ്ഞ് ചിന്തിക്കുമ്പോൾ ആര് ചെയ്ത ശരിയും തെറ്റാവും. തെറ്റ് ശരിയുമാവും. 

ശരിയും തെറ്റും നിശ്ചയിക്കുന്നത് അതാത് സന്ദർഭവും ആവശ്യവും ആണ്. 

പിന്നീടുള്ള ചിന്തയും തിരിഞ്ഞു നോട്ടവും അല്ല ശരിയും തെറ്റും നിശ്ചയിക്കുന്നത്.

മരണം ആസന്നമായവനും അപകടപ്പെട്ടവനും വേണ്ടി അപ്പപ്പോൾ സാധിക്കുന്നത് അപ്പപ്പോൾ ചെയ്യുക മാത്രം ശരി.

അതാത് കാലത്തെ യുക്തിയും ആവശ്യവും വെച്ച് ചിന്തിച്ച് ആവശ്യമായതെന്ന് തോന്നുന്ന കാര്യങ്ങളാണ് ശരി, അതാണ് എല്ലാവരും അപ്പപ്പോൾ ചെയുക, ചെയ്യേണ്ടത്. 

എല്ലാ കാലത്തേയും ശരി നോക്കി, എല്ലാ കാലത്തെയും ആളുകൾ ആ ചെയ്യുന്നതിനെ എങ്ങിനെ നോക്കിക്കാണുന്നു എന്ന് ചിന്തിച്ചാൽ ആർക്കും ഒന്നും അപ്പപ്പോൾ ചെയ്യാൻ സാധിക്കില്ല. 

അപകടം ഉണ്ടായാൽ അപകടം ഉണ്ടായ സ്ഥലത്തുള്ളവർക്ക് അപ്പപ്പോൾ സാധിക്കുന്നത് പോലെ ചെയ്യും. 

അതിൽ തെറ്റും ശരിയും സംഭവിക്കും. 

കുറ്റം പറഞ്ഞുകൂടാ. 

ഉദ്ദേശം നന്നായിരുന്നുവോ, അപ്പോൾ ചെയ്യാവുന്നത് ചെയ്തുവോ എന്ന് മാത്രം നോക്കാം, പറയാം. 

ബുദ്ധനായാലും കൃഷ്ണനായാലും മുഹമ്മദായാലും ഗാന്ധിയായാലും ഞാനായാലും നിങ്ങളായാലും അങ്ങനെതന്നെ. 

ഇന്ന് ശരിയെന്ന് വിചാരിച്ച് ചെയ്യുന്നത് ഇന്ന് തന്നെ വിമർശിക്കുന്നവർ ഏറെ ഉണ്ടാവുമ്പോൾ കാലം കഴിഞ്ഞാൽ അതിനെ വിമർശിക്കുന്നവർ എത്രയുണ്ടാവും? 

കാലം കഴിഞ്ഞാൽ, പശ്ചാത്തലവും ആവശ്യവും മറന്ന് വിമർശിക്കാൻ എത്ര എളുപ്പം? എത്ര ന്യായങ്ങൾ?

അതാത് കാലത്ത് ഒന്നും ചെയ്യാതെ ശത്രുക്കൾക്ക് കൂട്ടുനിന്നവരുടെ പിന്മുറക്കാർക്ക് വരെ ഇന്ന് നൂറ് ന്യായങ്ങൾ പറഞ്ഞ് വിമർശിക്കാൻ സാധിക്കും. 

അല്ലെങ്കിലും ഗാലറിയിൽ മാത്രം നിന്നവർക്ക് എല്ലാ കാലത്തും അഭിപ്രായങ്ങൾ മാത്രമാണ്. പ്രവൃത്തി കുറവാണ്.

No comments: