മുസ്ലിംകൾ ഭാഗ്യവാന്മാരാണ്.
ഗോപൻസ്വാമി സമാധി പശ്ചാത്തലമാക്കി പറയട്ടെ.
മതവിശ്വാസികൾ എന്ന നിലയിൽ, താരതമ്യേന വിശ്വാസ, ആരാധനാ, അനുഷ്ഠാന കാര്യങ്ങളിൽ അവർക്കുള്ള കൃത്യതയും വ്യക്തതയും കാരണം മുസ്ലിംകൾ ഭാഗ്യവാന്മാരാണ്.
ഏത് തൂണിലും തുരുമ്പിലും പ്രതീക്ഷ വെക്കേണ്ടത്ര ദുർബലരായി, മറ്റനേകം സ്വാധീനങ്ങൾക്ക് വഴങ്ങി, വേഷംകെട്ടുകളിൽ കുടുങ്ങി, അക്കരെയും ഇക്കരെയും എത്താത്തവിധം, അവ്യക്തകളിൽ സംഘർഷപ്പെട്ട് വഞ്ചിക്കപ്പെടുന്നത്രയല്ല മുസ്ലിംകൾ.
കറകളഞ്ഞ ഏകദൈവവിശ്വാസം പല കോണുകളിൽ നിന്നും ഉണ്ടായേക്കാവുന്ന, പ്രത്യേകിച്ചും ഇന്ത്യ പോലുള്ള നാടുകളിൽ ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്ന, പലതരം അവകാശവാദങ്ങളെയും, പലവഴികളിൽ നിന്നുള്ള പലവിധ തെറ്റിദ്ധരിപ്പിക്കലുകളെയും പറ്റിക്കലുകളെയും ചൂഷണങ്ങളെയും ഇല്ലാതാക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട്.
ബാക്കിയുള്ള മതവിശ്വാസികൾ ഈ നിലക്ക് ഭാഗ്യവാന്മാരാണോ എന്ന് പറയാനാവുന്നവർക്ക് പറയാം.
ഇസ്‌ലാം അതിൻ്റെ ഏകസത്യാവാദത്തിലും അവസാനവാദത്തിലും ശരിയോ തെറ്റോ ആവാം.
അത് വേറെ തന്നെ വിഷയമാണ്, വേറേതന്നെ ചർച്ച ചെയ്യേണ്ട വിഷയവുമാണ്.
മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ഇസ്‌ലാമികവിശ്വാസത്തിൽ ആൾദൈവങ്ങൾക്കും പുണ്യാളൻമാർക്കും പുരോഹിതന്മാർക്കും പൂജാരിമർക്കും വിശ്വാസത്തിൻ്റെ പേരിൽ, ദൈവത്തെ പ്രീതിപ്പെടുത്താനെന്ന പേരിൽ ചൂഷണം ചെയ്യുന്ന പണപ്പിരിവിനും ഒരുനിലക്കും സാധ്യതയില്ല എന്ന ഭാഗ്യം മുസ്ലിംകൾക്കുണ്ട്.
മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം ദൈവവുമായി ബന്ധപ്പെട്ട് മനുഷ്യരായ എല്ലാവരും ഒരുപോലെ,
ആർക്കും ഒരുതരം അവകാശവാദവും മേൽക്കോയ്മയും ഉന്നയിക്കാൻ സാധ്യതയില്ലാതെ.
ദൈവത്തിൻ്റെ പേരിൽ കച്ചവടവും പണപ്പിരിവും മധ്യസ്ഥസാധ്യതയും ഇസ്‌ലാമിൽ ഇല്ല, സാധ്യമല്ല എന്നതിനാൽ.
ഇസ്‌ലാം തെറ്റാണെങ്കിലും ശരിയാണെങ്കിലും ഇസ്‌ലാമിനെ കുറിച്ച് എതിർത്തും അനുകൂലിച്ചും പറയുന്നത് വസ്തുതാപരമാവണം എന്നതുകൊണ്ട് തന്നെ ഇങ്ങനെ പറയുന്നു.
കാടടച്ചു വെടിവെച്ച് എന്തെങ്കിലും ആരോപിച്ച്, സാമാന്യവൽക്കരിച്ച് എന്തും പറയുകയല്ല വേണ്ടത്.
ഇസ്‌ലാമിനെ മറ്റേതൊരു മതവും പോലെ വെറുമൊരു മതമായിക്കണ്ട് മറ്റ് മതങ്ങളുമായി സമീകരിച്ചു സാമാന്യവൽക്കരണം നടത്തുകയല്ല അതിനുവേണ്ടി ചെയ്യേണ്ടത്.
ഇസ്ലാമിലും ഇസ്‌ലാമിക ലോകത്തും വിശ്വാസികളെ ചൂഷണം ചെയ്യുന്ന ആൾദൈവങ്ങളെയും പുണ്യാളൻമാരെയും പൗരോഹിത്യത്തേയും പൂജാരിമാരെയും കാണില്ല, കാണിക്കാൻ കഴിയില്ല.
അങ്ങ് മക്കയിൽ പോയാലും മദീനയിൽ പോയാലും വരെ ആൾദൈവങ്ങളെയും പുണ്യാളൻമാരെയും പൗരോഹിത്യത്തേയും പൂജാരിമാരെയും കാണില്ല.
മക്കയിലെ ഇമാം വരെ മുസ്‌ലിംകൾക്ക് തന്ത്രിയോ പുരോഹിതനോ പൂജാരിയോ ആൾദൈവമോ അല്ല.
അവിടെയൊന്നും വിശ്വാസികൾക്ക് വേണ്ടി പ്രത്യേക പൂജ ചെയ്തുകൊടുക്കുന്ന, പ്രത്യേക ദൈവപ്രീതിയും അനുഗ്രഹവും വാങ്ങിക്കൊടുക്കുന്ന ഒരു പ്രത്യേക പുണ്യപുരുഷനും തന്ത്രിയും പൂജാരിയും ഇല്ല.
ദൈവവുമായി എല്ലാവരും ഒറ്റക്കോറ്റക്ക്, നേർക്കുനേർ മാത്രം.
കുറച്ചെങ്കിലും ഉണ്ടെന്ന് കാണുന്നത് ഇങ്ങ് ഇന്ത്യയിലാണ്.
യഥാർത്ഥ ഇസ്‌ലാമിൽ നിന്നുള്ള വ്യതിചലനവും പിന്നെ ഇന്ത്യൻ വിശ്വാസങ്ങളുടെ സ്വാധീനവും കൊണ്ട് മാത്രം. ഇസ്‌ലാം സംബന്ധമായ വിവരക്കേട് കൊണ്ട് സംഭവിച്ചത്.
ഇസ്‌ലാം എന്തെന്നറിയാത്ത പാവം സാദാ ഇന്ത്യൻ മുസ്ലിംകളിൽ സംഭവിച്ചത് മാത്രം.
********
മുസ്ലിം പള്ളികൾ പോയി നോക്കൂ...
അവിടെ ഉളളിൽ ഒരുതരം രൂപാലങ്കാരങ്ങളും ബിംബങ്ങളും ഇല്ല.
അവിടെ പ്രാർത്ഥനക്ക് ആർക്കും നേതൃത്വം കൊടുക്കാം.
ആര് മുമ്പിൽ നിന്നാലും പിന്തുടരാം, അങ്ങനെ മുന്നിൽ നിൽക്കുന്ന ആരും ഇമാം ആവും.
മുസ്ലിയാരോ മൗലവിയോ എന്നത് ഇസ്‌ലാമിൽ ഇല്ല.
മുസ്ലിയാരോ മൗലവിയോ വേണമെന്നില്ല ഒരു പ്രാർത്ഥനക്കും അത് ശരിയാവാനും നേതൃത്വം നൽകാനും.
മുകളിൽ നിന്ന് ഒരു മേൽസഭയും നിശ്ചയിച്ചത് പോലെയുള്ള ഒരുതരം പ്രാർത്ഥനയും ആരാധനാനുഷ്ഠാന രീതികളും പൗരോഹിത്യവും മുസ്‌ലിംകൾക്ക് ഇല്ല.
എല്ലാവരും ഒരുപോലെ.
ഉള്ളതും ചെയ്യേണ്ടതും എല്ലാവർക്കും ഒന്ന്, ഒരേ രീതി.
മുസ്ലിയാരും മൗലവിയും എന്ന പദവിയും ഇല്ല, ആ പദവിയിൽ എത്താനും അതിൽ നിന്ന് മുകളിലേക്ക് പോകാനും പടിയും ശൃംഖയും ഇല്ല.
പ്രാർത്ഥന നടത്താനും നേതൃത്വം നൽകാനും ഒരു മുസ്ലിയാരും മൗലവിയും നിർബന്ധവും അല്ല.
മുസ്ലിയാരും മൗലവിയും ഒക്കെ പള്ളി പരിപാലനത്തിന് വേണ്ടി അതാത് പ്രദേശത്തുകാർ ശമ്പളാടിസ്ഥാനത്തിൽ മാത്രം നിശ്ചയിക്കുന്ന സാദാമനുഷ്യന്മാർ മാത്രമായ തൊഴിലാളികൾ.
പ്രാദേശികമായി തന്നെ അവിടത്തുകാർ ആവുംവിധം പിരിപ്പിച്ച് ശമ്പളം കൊടുക്കുന്നു.
ഒരുനിലക്കും വേറെ മുകളിൽനിന്നെവിടെനിന്നും പണം ഒഴുകിവരാതെ
********
മുടിയും കബറും പോലുള്ളത് പൊതുവേ ലോകാടിസ്ഥാനത്തിൽ മുസ്‌ലിംകളുടെ ഇടയിലുണ്ടോ?
ഇല്ല.
മുസ്‌ലിംകളുടെ ദിവസേനയുള്ള പ്രാർത്ഥനയുടെ ഭാഗമായി, ദൈവത്തെ പ്രീതിപ്പെടുത്താൻ വിശ്വാസികളിൽ നിന്ന് പണം പിരിക്കുന്ന, പുരോഹിതനും താന്ത്രിക്കും പണം നൽകാൻ പറയുന്ന വല്ല പരിപാടിയും എവിടെയെങ്കിലും മുസ്‌ലിംകൾക്ക് ഇസ്‌ലാമിൻ്റെ ഭാഗമായി ഉണ്ടോ?
ഇല്ല.
മുസ്‌ലിംകൾക്ക് നിർബന്ധമായ മറ്റ് കാര്യങ്ങളായ നോമ്പിലോ സക്കാത്തിലോ ഹജ്ജിലോ ദൈവത്തെ പ്രീതിപ്പെടുത്താൻ തന്ത്രിക്കോ പുരോഹിതനോ പൂജാരിക്കോ ആൾദൈവത്തിനോ (അങ്ങനെയുള്ളവർ തന്നെ ഇല്ലെന്നിരിക്കെ) പണം കൊടുക്കേണ്ട വല്ല പരിപാടിയും ഉണ്ടോ?
ഇല്ല.
മുസ്ലിംകൾ നിർബന്ധമായും നൽകുന്ന സക്കാത്ത് പോലും നൽകേണ്ടത് വെറും പാവങ്ങൾക്ക് മാത്രമാണ്.
അല്ലാതെ സക്കാത്ത് നൽകുന്നത് ദൈവത്തെ പ്രീതിപ്പെടുത്താൻ തന്ത്രിക്കും പള്ളിക്കും പുരോഹിതനും പൂജാരിക്കും അല്ല.
ഇസ്‌ലാമിക പ്രമാണങ്ങളിൽ എവിടെയെങ്കിലും ആരാധനാനുഷ്ഠാന രീതികളിൽ ദൈവത്തെ പ്രീതിപ്പെടുത്താൻ തന്ത്രിക്കും പള്ളിക്കും പുരോഹിതനും പൂജാരിക്കും പണം കൊടുക്കേണ്ട എന്തെങ്കിലും ഉണ്ടോ?
ഇല്ല.
ഇസ്‌ലാമിക രാജ്യങ്ങളിൽ എവിടെയെങ്കിലും ആൾദൈവങ്ങളോ പുരോഹിതന്മാരോ പൂജാരിമാരോ തന്ത്രിമാരോ അതിൻ്റെ പടിപടിയായി ഉയരുന്ന ശൃംഖലയോ സംഘമോ ഉണ്ടോ?
ഇല്ല.
പിന്നെന്തിനാണ്, അവിടവിടെ അറിവുകേട് കൊണ്ട് അനാചാരം പോലെയുണ്ടായ, ഇസ്ലാമുമായി ഓരോ ബന്ധവും ഇല്ലാതെ വന്ന ചില കാര്യങ്ങളെ മാത്രം ചൂണ്ടിക്കാണിച്ച് ഇങ്ങനെ ഇസ്‌ലാമിനെ മറ്റ് മതങ്ങളുമായി സാമാന്യവൽക്കരിച്ച്, സമീകരിച്ച് സംസാരിക്കുന്നത്?
മറുഭാഗത്ത്, എല്ലാ മതങ്ങളിലും ആൾദൈവവും പൗരോഹിത്യവും ബിംബാരാധനയും പുണ്യാളനും തന്ത്രിയും സ്വാമിയും അഞ്ജലികളും പൈസപിരിവും പറ്റിക്കലും ഒക്കെ പൊതുവേ തന്നെ, അവയുടെ വിശ്വാസ ആരാധനാനുഷ്ഠാനങ്ങളുടെ മുഖ്യധാരയിൽ തന്നെ ഉണ്ട് എന്നിരിക്കെ.
അതുകൊണ്ട് തന്നെ മാറ്റേതൊരു മതവും ഇസ്‌ലാമും ഒരുപോലെ എന്ന് സ്വയം സമാധാനിക്കാൻ വേണ്ടി പോലും തുലനം ചെയ്ത് സമീകരിക്കുന്നത് ശരിയല്ല.
ഇസ്‌ലാം മതമെന്ന നിലക്ക് അതിൻ്റേതായ വിശ്വാസ സംശുദ്ധത പുലർത്തുന്നു. ഏറെക്കുറെ മുസ്ലിംകളും.
********
ഇസ്‌ലാം എന്താണെന്ന് പറഞ്ഞു എന്നുമാത്രം.
വസ്തുതാപരമായി മാത്രം.
വാസ്തവത്തിൽ തൊട്ടുകൊണ്ട്.
ഇസ്‌ലാം പൗരോഹിത്യവും ആൾദൈവവും പുണ്യാളൻമാരും ബിംബങ്ങളും ഇല്ലാത്ത മതമാണെന്ന് പറഞ്ഞു.
അത്ര തന്നെ.
അതുകൊണ്ടുള്ള നന്മയും തിന്മയും ശരിയും തെറ്റും പറയുക ഉദ്ദേശമല്ല.
അവിടന്നങ്ങോട്ട് വിഷയങ്ങൾ കൊണ്ടുപോകാൻ ഉദ്ദേശവുമില്ല.
ചർച്ചമാറി ബിംബാരാധാന കൊണ്ട് എന്താണ് പ്രശ്നം എന്ന വേറൊരു വിഷയത്തിലേക്ക് പോകേണ്ടതില്ല.
അത് പറയാൻ ഈയുള്ളവൻ ആളല്ല, ഈയുള്ളവൻ്റെ വിഷയവും അതല്ല.
No comments:
Post a Comment