Wednesday, January 15, 2025

മരിച്ചതല്ല; സമാധിയായതാണ്.

വാനപ്രസ്ഥം, സന്യാസം, സമാധി: 

അർത്ഥരാഹിത്യം ബോധ്യപ്പെടുന്നവൻെറ വഴികൾ. 

നിസ്സഹായതയിൽ നിന്ന് തുടങ്ങുന്നു, തുടരുന്നു, അവസാനം കണ്ടെത്തുന്നു.

**********

കൂട്ടത്തിൽ കൂട്ടമായി ജീവിക്കുന്നവൻ അന്വേഷിക്കില്ല, തൊട്ടറിയില്ല, അർത്ഥരാഹിത്യം അനുഭവിക്കില്ല. അവൻ ആഘോഷിക്കും.

കൂട്ടത്തിൽ കൂട്ടമായി ജീവിക്കുന്നവൻ ഒഴുകുന്ന വെള്ളത്തിൻ മുകളിലെ മരത്തടി പോലെയങ്ങ് ഒഴുകിപ്പോകും. ഉദ്ദേശവും അർത്ഥവും ലക്ഷ്യവും ബാധകമാകാതെ, ആഘോഷിച്ച്. 

അങ്ങനെയാവുക മോശമാണോ ? 

അറിയില്ല.

പക്ഷെ, ഒറ്റയിൽ ഒറ്റയായി ജീവിക്കുന്നവൻ അതുപോലെയല്ല. 

അവന് ഒറ്റക്ക് തന്നെ നീന്തിത്തുഴയണം, വെന്തുരുകണം. 

അവന് ഉദ്ദേശവും അർത്ഥവും ലക്ഷ്യവും ബാധകമാകും. 

അവന് ജീവിതം വലിയൊരു സമസ്യയാണ്.

അവൻ അന്വേഷിക്കും, അർത്ഥം തൊട്ടറിയാൻ ശ്രമിക്കും.

അർത്ഥം തൊട്ടറിയാൻ കഴിയുന്നില്ലെന്നവൻ തൊട്ടറിയും,

ഒരുദ്ദേശവും അർത്ഥവും ലക്ഷ്യവും ഇല്ലെന്ന് തോന്നും അവന്.  

ആ വഴിയിലവൻ അസ്തിത്വദുഃഖം പേറും.

ഉള്ളി പൊളിച്ചെന്ന പോലെ പുറത്തും ഉള്ളിലും ഒന്നുമില്ലെന്നവൻ അറിയും.

ഉദ്ദേശരാഹിത്യം പേറേണ്ടിവരുന്ന, അർഥമില്ലായ്മ തന്നെയാവും പിന്നീടവൻ്റെ ജീവിതം.

അങ്ങനെയുള്ളവന് വാനപ്രസ്ഥവും സന്യാസവും സമാധിയും തന്നെ വഴികൾ.

അങ്ങനെയുള്ളവൻ്റെ മറ്റൊന്നില്ലാത്ത തിരഞ്ഞെടുപ്പാണ് വാനപ്രസ്ഥം, സന്യാസം, സമാധി.

പേര് പലത്. 

സംഗതി ഒന്ന്. 

ശേഷം മാത്രം, പുറമേ നിന്ന് മാത്രം, ഉള്ളുകള്ളി അറിയാത്തവർ മാത്രം, ഗാലറിയിൽ നിന്നുണ്ടാക്കും പിന്നീട് വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും അവകാശവാദങ്ങളും കഥകളും. 

അർത്ഥരാഹിത്യം തൊട്ടറിഞ്ഞ് സരയുവിൽ സ്വയം ഒടുക്കിയ രാമൻ്റെയും, സ്വയം അവസാനിപ്പിക്കുന്നതിന് മുൻപ് വേടൻ്റെ അസ്ത്രത്തിന് നിന്നുകൊടുത്ത കൃഷ്ണൻ്റെയും കഥകളായി വരെ അവകാശവാദങ്ങളും വ്യാഖ്യാനങ്ങളും കഥകളും ഉണ്ടാകും.

ബ്രഹ്മത്തിൽ ലയിക്കുക എന്നൊക്കെ അവർ പറയും...

അതും വളരെ ചിലർ മാത്രം ബ്രഹ്മത്തിൽ ലയിക്കുക എന്ന ഭോഷ്ക് പറയും. 

ബാക്കിയുള്ളവർ പിന്നെ എവിടെ ലയിക്കുന്നു? 

അവർക്ക് ഉത്തരം ഉണ്ടാവില്ല.

ആരാണ് അങ്ങനെ സമാധി ആവുന്നവർ മാത്രം ബ്രഹ്മത്തിൽ ലയിക്കുന്നു എന്ന് പറയുന്നവർ? അവകാശവാദങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടാക്കുന്നവർ?

പുറത്തുനിന്ന് കഥ കേൾക്കുന്നവർ.

അവർ പറയും പോലെ വേറെ തന്നെയായ ഒരു ബ്രഹ്മം ഉണ്ടോ? 

അതേത് ബ്രഹ്മം?

അങ്ങനെയുള്ള ഏത് ബ്രഹ്മത്തിൽ ചേരലാണ് മരണമല്ലാത്ത സമാധി? 

ജീവിച്ചിരിക്കുമ്പോൾ ഇല്ലാത്ത ബ്രഹ്മം മരിക്കുമ്പോഴോ, സമാധിയാവുമ്പോഴോ? 

സമാധിയാവുമ്പോൾ മാത്രം ലയിക്കാൻ ബ്രഹ്മം ഉണ്ടാവുകയോ?

ജീവിച്ചിരിക്കുമ്പോഴുമുണ്ടാവേണ്ടതില്ലേ ഉണ്ടെങ്കിൽ ഉള്ള ബ്രഹ്മം?

ബ്രഹ്മത്തിന് പുറത്തായി ആർക്കെങ്കിലും ജീവിക്കാനാവുമോ?

ജീവിച്ചിരിക്കുമ്പോഴും ബ്രഹ്മത്തിൽ തന്നെയല്ലാതെ പിന്നെവിടെയാണ് ഓരോരുത്തരും ലയിച്ചിരിക്കുന്നത്?

ജീവിച്ചിരിക്കുമ്പോൾ മാത്രം ആർക്കെങ്കിലും ബ്രഹ്മത്തിന് പുറത്തായി ലയിക്കാനാവുമോ?

എല്ലായിടവും നിറഞ്ഞുനിൽക്കുന്ന ബ്രഹ്മത്തിന് പുറത്ത് ആർക്കെങ്കിലും എന്തിനെങ്കിലും എപ്പോഴെങ്കിലും ഒഴിഞ്ഞിരിക്കാമോ?

പിന്നെന്തിന് മരിക്കുമ്പോൾ മാത്രം, അല്ലെങ്കിൽ സമാധിയാവുമ്പോൾ മാത്രം ബ്രഹ്മത്തിൽ ലായിക്കുക എന്ന് പറയണം? 

പിന്നെന്തിന് മരിക്കുമ്പോൾ മാത്രം, അല്ലെങ്കിൽ സമാധിയാവുമ്പോൾ മാത്രം ബ്രഹ്മത്തിലേക്ക് മടങ്ങുക എന്ന് പറയണം?

********

വാനപ്രസ്ഥം, സന്യാസം, സമാധി എന്നാൽ: 

ഒരുപിടുത്തവും കിട്ടാതെ, ജീവിതം എന്തെന്ന് അറിയാതെയങ്ങ് ഒരാൾ ഒഴിഞ്ഞുപോവുക, ഒരാളെ ഒഴിവാക്കിക്കളയുക എന്നത് തന്നെ.

തന്നെത്താൻ ഒഴിവാകുകയും, അല്ലാത്തവർ ഒഴിവാക്കുകയും തന്നെ വാനപ്രസ്ഥം, സന്യാസം, സമാധി.

ജീവിതത്തെയും ഒഴിവാക്കുന്ന പല രീതികളിൽ ഓരോന്ന് തന്നെ വാനപ്രസ്ഥം, സന്യാസം, സമാധി.

ജീവിതത്തിന് ഒരർത്ഥവുമില്ലെന്ന് കണ്ട് സ്വയം ഒഴിഞ്ഞുപോകുന്ന പല രീതികളിൽ അവസാനത്തേത് സമാധി.

ഒരു പരിഹാരവും അർത്ഥവും ജീവിതമെന്ന സമസ്യക്ക് ഇല്ലെന്ന് കാണുമ്പോൾ നടത്തുന്ന ഈ രീതിയെ ആത്മഹത്യ എന്നും വിളിക്കാം, പറയാം. 

അതുകൊണ്ടാണല്ലോ സമാധി ആരും കാണില്ലെന്നും, ആരും കാണരുതെന്നും വന്നതും വരുന്നതും.

അർത്ഥരാഹിത്യത്തിലും നിസ്സഹായതയിലും തുടങ്ങുന്നു ആരും കാണാതിരിക്കേണ്ട, അറിയാതിരിക്കേണ്ട വാനപ്രസ്ഥവും സന്യാസവും പിന്നെ എല്ലാ വേഷംകെട്ടുകൾക്കും പരിസമാപ്തി കുറിക്കുന്ന സമാധിയും?

*********

"മരിച്ചതല്ല; സമാധിയായതാണ്. 

ഡോക്ടർ ശരീരം പരിശോധിക്കാനോ മരണം സ്ഥിരീകരിക്കാനോ പാടില്ല" 

എന്നൊക്കെ പറയുന്നവരോട്: 

മരിച്ചതല്ലെങ്കിൽ, മരണം തന്നെയല്ലാത്ത് വേറെ എന്തോ ആണ്  സമാധിയെങ്കിൽ, ശരീരം അപ്പടിയെ വെക്കുക. 

എത്രകാലവും സമാധിയായ (മരിച്ചിട്ടില്ലാത്ത) ശരീരം അപ്പടി വെക്കാനാവുമെന്ന് തെളിയിച്ചുകൊടുക്കുക. എല്ലാവരും കാണട്ടെ. 

മറ്റ് ശവശരീരം പോലെ പുഴുത്തുനാറില്ലെന്നത് കാണട്ടെ, കാണിച്ചുകൊടുക്കുക. 

മരിക്കാതെ സമാധിയായ ശരീരത്തിൻ്റെ വ്യത്യാസവും കാണിച്ചുകൊടുക്കുക.

*********

"പരബ്രഹ്മം പോത്ത്" എന്നൊരു ചൊല്ലുണ്ട്. ശരിക്കും 

പോത്ത് പോലെയായോ നാട്ടിലറിയപ്പെടുന്ന ബ്രഹ്മം എന്ന പരബ്രഹ്മം? 

വെള്ളത്തിലങ്ങനെ കിടക്കും. 

എന്നാലോ, ഒരിക്കലും അതേ വെള്ളത്തിൽ ലയിക്കാതെ, ലയിക്കാൻ വിട്ടുകൊടുക്കാതെ പോത്ത്. 

 ജീവിക്കുമ്പോൾ ലയിക്കാതെ, പുഴുത്തുനാറാതെ ബ്രാഹ്മത്തിന് പുറത്തും.... 

മരിച്ചാൽ മാത്രം ലയിച്ച് പുഴുത്തുനാറി ബ്രഹ്മത്തിനകത്തുമാണോ? 

അയ്യോ, തെറ്റി. 

സമാധിയായാൽ മാത്രം ബ്രഹ്മത്തിനകത്തെന്ന് തിരുത്ത്. 


No comments: