കാഫിർ എന്നത് ജാതിയല്ല.
കാഫിർ വാദം ഇസ്ലാം മാത്രം നടത്തുന്ന വാദമല്ല; എല്ലാവരും, എല്ലാ മതക്കാരും പാർട്ടിക്കാരും നടത്തുന്നതാണ്.
അവരും അവരല്ലാത്തവരും എന്ന വാദം.
ഹിന്ദു - അഹിന്ദു, ക്രിസ്ത്യാനി - ക്രിസ്ത്യാനിയല്ലാത്തവൻ, കമ്യൂണിസ്റ്റുകാരൻ - കമ്യൂണിസ്റ്റുകാരനല്ലാത്തവൻ, ആർഎസ്എസ്കാരൻ - ആർഎസ്എസ്കാരനല്ലാത്തവൻ, ജൂതൻ - ജൂതനല്ലാത്തവൻ, കോൺഗ്രസുകാരൻ - കോൺഗ്രസുകാരനല്ലാത്തവൻ, ബിജെപിക്കാരൻ - ബിജെപിക്കാരനല്ലാത്തവൻ.
അല്ലാത്തവർ മുഴുവൻ ഫലത്തിൽ കാഫിർ - നിഷേധികൾ, വിശ്വസിക്കാത്തവർ.
തങ്ങളുടേത് നിഷേധിക്കുന്നവരും വിശ്വസിക്കാത്തവരും ഫലത്തിൽ കാഫിർ.
അത്രയേ ഉള്ളൂ കാഫിർ എന്ന ഇസ്ലാം നടത്തുന്ന പ്രയോഗവും.
തങ്ങളുടെ വാദം വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും തങ്ങളുടെ പാർട്ടിക്കാർ. തങ്ങളുടെ വാദം വിശ്വസിക്കാത്തവർ. അതാണ് കാഫിർ.
മതവിശ്വാസികളും പാർട്ടി വിശ്വാസികളും വിശ്വാസികൾ.
മതവിശ്വാസികളല്ലാത്തവരും പാർട്ടി വിശ്വാസികളല്ലാത്തവരും നിഷേധികൾ, കാഫിറുകൾ.
മതവിശ്വാസികളല്ലാത്തവരെയും പാർട്ടിവിശ്വാസികളല്ലാത്തവരെയും വിശേഷിപ്പിക്കാൻ കാഫിർ എന്ന അറബി വാക്ക് തന്നെ ഉപയോഗിക്കുന്നില്ലെങ്കിലും ഫലത്തിൽ കാഫിർ വാദം ആർഎസ്എസ്കാരനും ബിജെപിക്കാരനും കോൺഗ്രസുകാരനും കമ്യൂണിസ്റ്റുകാരനും ക്രിസ്ത്യാനിക്കും ഹിന്ദുവിനും ജൂതനും ഒക്കെയുണ്ട്.
കാഫിർ എന്നത് മുസ്ലിം എന്നതിന്റെ വിപരീതമല്ല.
മുസ്ലിം എന്നത് സാമുദായിക നാമമാണ്. വിശ്വാസത്തെ സൂചിപ്പിക്കുന്നില്ല. പലപ്പോഴും ജനിച്ചത് കൊണ്ട്, തെരഞ്ഞെടുപ്പില്ലാതെ ആവുന്നത് മുസ്ലിം.
ജനിച്ചത് കൊണ്ട്, തെരഞ്ഞെടുപ്പില്ലാതെ ആവുന്നതിന്റെ വിപരീതമല്ല കാഫിർ.
മുസ്ലിം എന്നാൽ സമർപ്പിച്ചവൻ എന്ന അർത്ഥം ഉണ്ടെങ്കിലും, പ്രായോഗിക തലത്തിൽ മുസ്ലിം എന്നാൽ സാമുദായിക മുസ്ലിം എന്നുമാത്രം അർത്ഥം.
അതാണ് ഖുർആൻ തന്നെ വ്യക്തമാക്കുന്നത്:
“ആറാബികൾ പറഞ്ഞു: ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു (നിർഭയരായിരിക്കുന്നു). നീ പറയുക: നിങ്ങൾ വിശ്വസിച്ചിട്ടില്ല (നിർഭയരായിട്ടില്ല), പകരം നിങ്ങൾ പറയുക: ഞങ്ങൾ മുസ്ലിംകളായിരിക്കുന്നു (സമർപ്പിച്ചവരായിരിക്കുന്നു )എന്ന്“ (ഖുർആൻ)
സമർപ്പിച്ചവൻ എന്ന അർത്ഥത്തിൽ ഈ പ്രപഞ്ചത്തിലെയും ലോകത്തിലെയും എല്ലാം, ഒപ്പം എല്ലാവരും മുസ്ലീം മാത്രം.
“അവന് സമർപ്പിച്ചിരിക്കുന്നു (മുസ്ലിം ആയിരിക്കുന്നു ആകാശ- ഭൂമികളിലെ സകലതും.” (ഖുർആൻ)
അതുകൊണ്ട് തന്നെ ഫലത്തിൽ മുസ്ലിം അല്ലാത്തവരില്ല.
മുസ്ലിം അല്ലാത്തവർ കാഫിർ എന്നില്ല.
മുസ്ലിം എന്നാൽ വിശ്വാസിയെന്നോ വിശ്വസിച്ചവനെന്നോ അർത്ഥമില്ല.
മുസ്ലിം എന്നാൽ നിസ്സഹായത കൊണ്ടും തെരഞ്ഞെടുപ്പില്ലാതെയും സമർപ്പിച്ചവൻ, മുസ്ലിമായവൻ എന്നുവരെ അർത്ഥമുണ്ട്.
അതുകൊണ്ട് തന്നെ, അവിശ്വാസിയായ നിഷേധിക്കുന്നവൻ എന്നത് മുസ്ലിം എന്നതിന്റെ വിപരീതമല്ല.
കാഫിർ എന്നത് മൂമിൻ എന്നതിന്റെ, നിർഭയനായവൻ എന്നതിന്റെ, വിശ്വാസി എന്നതിന്റെ വിപരീതം മാത്രം.
ഖുർആനിൽ “ഹേ മുസ്ലിംകളെ” എന്ന് എവിടെയും അഭിസംബോധന ചെയ്യുന്നില്ല.
കാരണം, ഖുർആൻ മുസ്ലിംകളായ സമുദായത്തിന് വേണ്ടി വന്ന ഗ്രന്ഥമല്ല.
ഖുർആനിൽ അഭിസംബോധന ചെയ്യുന്നത് “ഹേ മൂമിനുകളെ”, “ഹേ വിശ്വസിച്ചവരെ”, “ഹേ ജനങ്ങളെ” എന്നൊക്കെയാണ്.
ഖുർആൻ അഭിസംബോധന ചെയ്യുന്നത് വർഗ്ഗവും വംശവും ഇല്ലാതെ, വകതിരിക്കാതെ “ഹേ വിശ്വസിച്ചവരെ”, “ഹേ ജനങ്ങളെ” എന്നുമാത്രം.
ഖുർആൻ അവതരിച്ചത് നിർഭയരായിത്തീർന്ന വിശ്വാസികൾക്കും എപ്പോഴും വിശ്വാസികളായി നിർഭയരായി മാറാവുന്ന എല്ലാ പൊതുജനങ്ങൾക്കും വേണ്ടി മാത്രമെന്നർത്ഥം.
അതുകൊണ്ട് തന്നെ ഇസ്ലാം പറയുന്ന കാഫിർ എന്നത് സ്ഥിരമായ ചാപ്പയല്ല, ഒരിക്കലും മാറാൻ സാധിക്കാത്ത ജാതിയല്ല.
കാഫിർ എന്നതിൽ നിന്നും എപ്പോൾ വേണമെങ്കിലും മാറാം, ആർക്കും എപ്പോഴും കാഫിർ അല്ലാതാവാം.
എപ്പോൾ വേണമെങ്കിലും മൂമിൻ അല്ലാതായി മാറാം എന്നത് പോലെതന്നെ എപ്പോൾ വേണമെങ്കിലും കാഫിറും അല്ലാതായി മാറാം.
കാഫിർ എന്നതും മൂമിൻ എന്നതും തീർത്തും ആത്മനിഷ്ഠമായത്, സാമുദായികമല്ലാത്തത്, വംശീയവും വർഗ്ഗീയവും അല്ലാത്തത്.
കാഫിർ എന്നതും മൂമിൻ എന്നതും മറ്റാർക്കും പുറമേ നിന്ന് വസ്തുനിഷ്ഠമായി നിശ്ചയിക്കാനാവാത്തത്.
********
വിശ്വസിക്കാത്തവരും വിശ്വസിക്കുന്നവരും എന്ന വിശ്വാസപരമായ വേർതിരിവ് എല്ലാ കാലത്തും എല്ലായിടത്തും ഉണ്ട്.
ഇന്ന് നാം ഊറ്റം കൊള്ളുന്ന ജനാധിപത്യത്തിലും മതേതരത്വത്തിലും വരെ ഉണ്ട് വിശ്വസിക്കാത്തവരും വിശ്വസിക്കുന്നവരും എന്ന വേർതിരിവ്.
ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നവരും,
ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കാത്തവരും,
എന്ന വേർതിരിവ്.
അതുപോലെയൊക്കെ തന്നെയേ കാഫിർ - മൂമിൻ എന്ന വേർതിരിവും വിശേഷണവും ഉള്ളൂ.
അതുകൊണ്ട് തന്നെ, എന്തോ വലിയ വേർതിരിവും പാതകവും ഇസ്ലാം ചെയ്തെന്ന് വരുത്തുന്നത് പോലെ ഇസ്ലാം വിരുദ്ധർ പറയുന്ന കാഫിർ എന്ന എന്ന പ്രയോഗം ജാതിയല്ല, വേർതിരിവല്ല, വംശീയ വർഗ്ഗീയ വിഭജനമല്ല.
എപ്പോഴും മാറി മുസ്ലിമും മൂമിനും ആകാവുന്ന താത്ക്കാലിക വിശ്വാസ- അവിശ്വാസ വിശേഷണമായ കാഫിർ മാത്രമേ ഇസ്ലാം നിശ്ചയിച്ച കാഫിർ എന്നതിൽ ഉള്ളൂ.
ജാതി മാറാൻ പറ്റില്ല. കാഫിർ എന്നത് മാറാൻ പറ്റും.
ഇസ്ലാം പറഞ്ഞ കാഫിർ എന്ന അവിശ്വാസിക്ക് എപ്പോൾ വേണമെങ്കിലും മാറി മൂമിൻ എന്ന വിശ്വാസിയും നിർഭയനും ആവാം, മുസ്ലീം ആവാം.
നേരെ മറിച്ചും അങ്ങനെ തന്നെ. വിശ്വാസിക്ക് എപ്പോൾ വേണമെങ്കിലും മാറി കാഫിർ എന്ന അവിശ്വാസിയും ആവാം.
എങ്കിൽ കാഫിർ എന്നത് എന്താണ്?
നിഷേധിക്കുന്നവൻ, വിശ്വസിക്കാത്തവൻ. അത്രയേ ഉള്ളൂ.
മൂമിൻ എന്നതിന്റെ വിപരീതം കാഫിർ. മൂമിൻ അല്ലാത്തവൻ കാഫിർ.
കാഫിർ എന്നത് മുസ്ലിംകൾക്കും ഇസ്ലാമിനും മാത്രമല്ല ഉള്ളത്. മേൽവിവരിച്ചത് പോലെ എല്ലാ മതക്കാർക്കും പാർട്ടിക്കാർക്കും ഉണ്ട്.
എന്നിരിക്കെയും ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന, ഇസ്ലാമിനെ കുറിച്ച് തെറ്റിദ്ധരിപ്പിക്കാൻ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തപ്പെടുന്ന വാക്കാണ് കാഫിർ എന്ന് മാത്രം

.jpg)
No comments:
Post a Comment