മരിച്ചാൽ തീർന്നു.
അതാണ് ഇസ്ലാമികമായ നിലപാട്.
ഈ ഭൂമിയുമായും ഭൂമിയിലുള്ളവരുമായും മരിച്ചവന് എല്ലാം തീർന്നു.
മനുഷ്യന്മാർ തമ്മിൽ ജീവിച്ചിരിക്കുമ്പോഴും മരിക്കുന്നതിന് മുൻപും ചെയ്യാവുന്ന കാര്യങ്ങളേ ഉള്ളൂ.
മരിച്ചതിന് ശേഷം മരിച്ചവനായി, അവന്റെ പാടായി.
മരിച്ചവർക്ക് വേണ്ടി ചെയ്യാൻ ഇസ്ലാം നിർദേശിച്ചത് രണ്ടേ രണ്ട് കാര്യങ്ങൾ മാത്രം. അവയല്ലാത്ത വേറൊരു കാര്യവുമില്ല.
ഒരു പുരോഹിതനും തന്ത്രിയും മന്ത്രിയും ചെയ്യേണ്ട പ്രാർത്ഥിക്കേണ്ട ഒരു കാര്യവും ഇസ്ലാമികമായി മരിച്ചവന് വേണ്ടി ചെയ്യേണ്ടതായി ഇല്ല.
മരിച്ചവരുടെ മേൽ ഇസ്ലാം കല്പിച്ച ആ രണ്ട് കാര്യങ്ങളും വ്യക്തിപരമായി നിർബന്ധമല്ലാത്തകാര്യങ്ങൾ.
രണ്ടും സാമൂഹ്യമായ ബാധ്യതകളായി മാത്രം നിർദ്ദേശിക്കപ്പെട്ടത്.
ഒന്ന്: മരിച്ചവന് വേണ്ടിയുള്ള സാമൂഹ്യമായി മാത്രം നടത്തേണ്ട പ്രാർത്ഥന. വ്യക്തിപരമായി ആർക്കും ബാധ്യതയാക്കാതെ.
ഈ ശവസംസ്കാര പ്രാർത്ഥന നടത്തുന്നത് ഒച്ചയില്ലാതെ, ശബ്ദമില്ലാതെ, കോലാഹലമില്ലാതെ, ആരോരും കേൾക്കാതെ, കൂട്ടമായി.
മരിച്ചവന് വേണ്ടി ഒച്ചയും ബഹളവും കോലാഹലവുമായി നടത്തേണ്ട അനുഷ്ഠാനങ്ങളും ആചാരങ്ങളും ഒന്നും ആർക്കുമില്ലെന്നർത്ഥം.
മരിച്ചവനെ കുറിച്ച് ദൈവത്തിന് അറിയാത്തതില്ല, മറന്നുപോയതില്ല മറ്റാരും പറഞ്ഞറിയാനില്ല.
“അല്ലാഹുവിനെ മറവിയോ ഉറക്കമോ ബാധിക്കുന്നില്ല” ( ഖുർആൻ)
“അല്ലാഹുവിന്റെ അറിവിൽ നിന്ന് ഒരു കാര്യവും വിട്ടുപോകുന്നില്ല” (ഖുർആൻ)
“അല്ലാഹുവോട് ശുപാർശ ചെയ്യാൻ (കേൾപ്പുള്ളവരായി) ആരുണ്ട്?” (ഖുർആൻ)
“മനുഷ്യന് അവൻ ശ്രമിച്ചതല്ലാതെ (പ്രവൃത്തിച്ചതല്ലാതെ) ഇല്ല.”
(ഖുർആൻ)
“ഒരുത്തനും (സ്വയം ഭാരം പേറുന്ന ഒരുത്തനും) മറ്റുള്ളവരുടെ ഭാരം പേറില്ല” (ഖുർആൻ)
“ആര് ഒരണുമണിതൂക്കം നന്മ ചെയ്തുവോ അവനത് കാണും. ആര് ഒരണുമണിതൂക്കം തിന്മ ചെയ്തുവോ അവനത് കാണും.” (ഖുർആൻ)
മറ്റ് നിസ്കാരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ ശവസംസ്കാര നിസ്കാരം സാഷ്ടാംഗംപ്രണമിക്കാതെ. ചൊല്ലുന്നതും പ്രാർഥിക്കുന്നതും പുറത്ത് കേൾപ്പിക്കാതെ.
അങ്ങനെ നിശ്ശബ്ദമായി മാത്രം ശവസംസ്കാര പ്രാർത്ഥന ചെയ്യുന്നതിലും ചെയ്യിപ്പിക്കുന്നതിലും തന്നെ ഇസ്ലാം സൂക്ഷിച്ച ലളിതവും പക്വവുമായ ഒരു മാതൃകയുണ്ട്.
എന്തും ഏതും വിളിച്ചുകൂവി പ്രാർത്ഥിക്കേണ്ട.
ജീവിച്ചിരിക്കുമ്പോൾ അവന്റെ കൂടെ ഉണ്ടായിരുന്ന ഇപ്പോൾ മരിക്കാത്തവരുടെ കുറ്റബോധം തീർക്കാൻ എന്തും ഏതും ചെയ്യലും വരുത്തലും വേണ്ട.
ഇസ്ലാമിലെ നിസ്കാരത്തിൽ സാധാരഭഗതിയിൽ സുജൂദ് എന്ന സാഷ്ടാംഗം പ്രണമിക്കലുണ്ട്.
എന്നിട്ടും. ശവസംസ്കാര പ്രാർത്ഥനയിൽ സുജൂദ് എന്ന സാഷ്ടാംഗം പ്രണമിക്കല ഇസ്ലാം വേണ്ടെന്ന് വെച്ചു.
എന്തുകൊണ്ട്?
മരിച്ചവന്റെ മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്ന വഴിയെ പോലും ബിംബാരാധനയും വ്യക്തിപൂജയും ബഹുദൈവത്വവും കടന്നുവരരുത് എന്ന നിർബന്ധമുള്ളത് കൊണ്ട്.
എന്നുവെച്ചാൽ ഒരുതരം വരുത്തിത്തീർക്കലുകളും കെട്ടിക്കുടുക്കലുകളും നടപടിക്രമ കർമ്മങ്ങളുംപുരോഹിതനും ഇല്ലാതെയാണ് ഇസ്ലാമിലെ സാമൂഹ്യമായി മാത്രം നിർബന്ധമായ ഈ ശവസംസ്കാരപ്രാർത്ഥന എന്നർത്ഥം.
രണ്ട്: (മനുഷ്യൻ മനുഷ്യനെ ആദരിക്കുന്ന വിധം) കുളിപ്പിച്ച് വൃത്തിയാക്കി തുണിയിൽ പൊതിഞ്ഞ് കുഴിച്ചുമൂടുക. അത്രയേ ഉള്ളൂ.
ഈ കുഴിച്ചുമൂടുന്ന പ്രക്രിയയിലും നിർബന്ധമായ ഒരുതരം വരുത്തിത്തീർക്കലുകളുംകെട്ടിക്കുടുക്കലുകളും നടപടിക്രമ കർമ്മങ്ങളും പുരോഹിതനും ഇല്ല.
ആറടി മണ്ണിനടിയിൽ കുഴിച്ചുമൂടുക.
ആറടി മണ്ണിനടിയിൽ എന്നത് ആർക്കും ശല്യവും ദുർഗന്ധവും ഉണ്ടാകില്ലെന്ന് ഉറപ്പിക്കും വിധംഎന്നത് മാത്രം സൂചിപ്പിക്കാൻ.
ഖബറടക്കത്തിന് വേറൊരു അർത്ഥവും തലവും ഇസ്ലാമികമായി ഇല്ല.
മരിച്ചവനും ദൈവവും തമ്മിൽ മാത്രം.
ഭൂമിയിൽ ജീവിച്ചിരിക്കുന്ന ബാക്കിയുള്ളവർക്ക് കാര്യമായി ഒന്നും മരിച്ചവന് വേണ്ടി ചെയ്യാനില്ലാതെ.
സാമൂഹ്യമായ ബാധ്യതകളായി മാത്രം എന്നുവെച്ചാൽ: മരിച്ചവനെ സമൂഹം ഒന്നായി ഏറ്റെടുക്കണം, കൈകാര്യം ചെയ്യണം എന്നത് തന്നെ.
മരിച്ചവൻ മരിച്ചവന്റെ കുടുംബത്തിന്റെ മാത്രം ഭാരവും ബാദ്ധ്യതയും ആകരുതെന്ന് സാരം.
അതാണ് മരണവുമായി ബന്ധപ്പെട്ട വളരെ ചുരുങ്ങിയ ചെറിയ കർമ്മങ്ങളിലെ ഇസ്ലാമിക വിധി.
മരണാനന്തര കർമ്മങ്ങൾ വളരെ ലളിതവും ഒപ്പം ഒരുവിധത്തിലും അന്ധവിശ്വാസങ്ങൾക്ക് സാധ്യത കൊടുക്കാൻ പാടില്ലാത്തതുമാണ് എന്നതാണ് ഈയൊരു ഇസ്ലാമിക വിധിയിലെ മറ്റൊരു കാതൽ.
അതത് കുടുംബമോ വ്യക്തിയോ പുരോഹിതനനോ മരിച്ചവനെ കൊണ്ട് ബുദ്ധിമുട്ടേണ്ടതില്ല, പ്രത്യേകിച്ച് ഒന്നും അവർ മരിച്ചവന് വേണ്ടി ചെയ്യേണ്ടതില്ല എന്ന വ്യക്തതയോടെയുംകൃത്യതയോടെയും.
മരിച്ചാൽ തീർന്നു.
ഇവിടെയുമായുള്ള എല്ലാം തീർന്നു കൃത്യമായ പറച്ചിലോടെ.
ഇവിടെയുള്ളവർക്കുള്ളതും ഇവിടെയുള്ളവരുമായും ഇസ്ലാം ഓർമ്മിപ്പിച്ചത് അത് മാത്രമാണ്.
“ഒരു മനുഷ്യൻ മരിച്ചാൽ അവന്റെ എല്ലാ സംഗതികളും (പ്രവൃത്തികളും) മുറിഞ്ഞു, മൂന്ന് കാര്യങ്ങളല്ലാതെ:
ഒന്ന്) (അവന്റെ തന്നെ) നല്ല കർമ്മങ്ങൾ,
രണ്ട്) (അവൻ നടത്തിയ) നിലനിൽക്കുന്ന, തുടർച്ചയുള്ള ഉപകാരങ്ങൾ (ദാനധർമ്മങ്ങൾ),
3) അവന് വേണ്ടി പ്രാർത്ഥിക്കുന്ന നല്ലവരായ (അവന്റെ) കുട്ടികൾ (മക്കൾ).” (ഹദീസ് )
മരിച്ചവന് വേണ്ടി മറ്റാർക്കും വ്യക്തിപരമായി ആത്മനിഷ്ഠമായി ദുഖിതരാവാം.
പക്ഷേ അത് കാണിക്കാൻ വേണ്ടിയും അതില്ലതാക്കാൻ വേണ്ടിയും ചെയ്യേണ്ട ഒരുകർമ്മപരിപാടിയും കാട്ടിക്കൂട്ടലുകളും പാടില്ല, ഇസ്ലാം നിർദേശിച്ചിട്ടില്ല.
മൂന്നാം ദിവസം കണ്ണുപോക്കും പതിനഞ്ചും നാൽപതും ആണ്ടും ഒന്നുമില്ല.
ചെയ്യേണ്ട രണ്ടേ രണ്ട് കാര്യങ്ങൾക്കപ്പുറം ഒന്നും ഇസ്ലാം കൽപ്പിച്ചിട്ടില്ല, നിർദേശിച്ചിട്ടില്ല.
മരിച്ചവന് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഒരു പുരോഹിതനും ഇസ്ലാമിൽ ഇല്ല, വേണ്ട.
മനുഷ്യനും ദൈവത്തിനും ഇടയിൽ പുരോഹിതൻ എന്നതേ ഇസ്ലാമിൽ ഇല്ല.
ഉണ്ടിലും ഇല്ലെങ്കിലും, മരിച്ചവന് വേണ്ടി എന്തെങ്കിലും പ്രത്യേകിച്ച് ചെയ്യേണ്ട, പ്രാർത്ഥിക്കേണ്ട ഒരുപുരോഹിതനും അവർ ചെയ്യേണ്ട ഒരു കർമ്മവും പ്രാർത്ഥനയും ഇല്ല.
മരിച്ചാൽ മരിച്ചയാളും അയാളുടെ കർമ്മങ്ങളും മാത്രം.
അത്രക്ക് ലളിതമായാണ് ഇസ്ലാം മരണത്തെ കാണുന്നത്.
അതുകൊണ്ട് തന്നെ അത്രക്ക് ലളിതമാണ് ഇസ്ലാമിലെ മരണാനന്തര കർമ്മങ്ങൾ

.jpg)
No comments:
Post a Comment