Sunday, September 27, 2026

കാലുഷ്യവും കലങ്ങിമറിച്ചലും നിലപാടല്ല, നിലപാടില്ലായ്മയാണ്, ഉള്ള നിലപാടും ഇല്ലാതാവലാണ്

 ഒറ്റക്കണ്ണ് കൊണ്ട് ഒരു ഭാഗത്തേക്ക് മാത്രം നോക്കാതിരിക്കുക. 

ഉള്ള കണ്ണും കാഴ്ചയും നഷ്ടപ്പെട്ട് കാഴ്ച നഷ്ടപ്പെട്ടതിനെ കണ്ണായും കാഴ്ചയായുംധരിക്കാതിരിക്കുക. 


ഫാസ്സിസവും, അതുണ്ടാക്കുന്ന വെറുപ്പും വിഭജനവും, അത് പറഞ്ഞുപരത്തുന്ന കളവുകളും നിങ്ങൾക്കുണ്ടാക്കിത്തരുന്നത്, നിങ്ങളിൽ സംഭവിപ്പിക്കുന്നത് അങ്ങനെയുള്ള ബോധരാഹിത്യവും അവസ്ഥാദുരന്തവുമാണ്.


കാഴ്ചയും ചിന്താശേഷിയും അവലോകന മികവും നഷ്ടപ്പെടും, നശിപ്പിക്കപ്പെടും. 


നശിച്ച് നഷ്ടപ്പെട്ടില്ലാതായ കാഴ്ചയാണ് കാഴ്ചയെന്ന്, ചിന്താരാഹിത്യമാണ് ചിന്തയെന്ന് ധരിപ്പിക്കും, ധരിച്ചുപോകും.


പകരം, നിങ്ങൾക്ക് സാധിക്കേണ്ടത് രണ്ടും മൂന്നും അതിലധികവും കണ്ണുകൾ ആർജിക്കുകയാണ്. കാര്യങ്ങൾ എല്ലാ ദിശയിൽ നിന്നും കാണുക എന്നതാണ്.


പോരാത്തതിന്, സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റി കുറ്റം പറയാൻ മാത്രമാവരുത് എവിടെയും ഒന്നും നോക്കുന്നത്, കാണുന്നത്.


മനസ്സാക്ഷിയെ വിറ്റുകൊണ്ടാവരുത്, നിക്ഷിപ്ത-സ്വാർത്ഥ-താൽപര്യ നേട്ടത്തിനാവരുത് എവിടെയുംനോക്കുന്നതും എന്തെങ്കിലും പറയുന്നതും. 


മനസ്സാക്ഷിയുടെ മുൻപിലെങ്കിലും സത്യസന്ധനും നീതിയുക്തനും ആ വഴിയിൽ നിഷ്പക്ഷനുംആവണം. 


ആരോടും അന്ധമായ വിരോധവും വെറുപ്പും സൂക്ഷിക്കാതിരിക്കണം.


അറിയാതെയും അറിഞ്ഞും കയറിക്കൂടിയ വിരോധവും വെറുപ്പും കാരണം ആരോടും അനീതി ചെയ്യാതിരിക്കുക. 


അന്ധമായ വിരോധവും വെറുപ്പും അസൂയയും നിങ്ങളെ തന്നെ കത്തിച്ചു തിന്നുന്ന തീയാണെന്നറിയുക. 


അതുക്കൊണ്ടാണ് അത് മറ്റുള്ളവരേയും ചുറ്റുപാടിനേയും കൂടി നശിപ്പിക്കുന്നതാവുന്നത്. 


പക്ഷേ, ആ തീ ആദ്യം നിങ്ങളെ തന്നെ കത്തിച്ചു നശിപ്പിച്ചുകൊണ്ടാണ് തുടങ്ങുന്നത്. നിങ്ങളുടെ നാശം നിങ്ങളേക്കൊണ്ട് തന്നെ ചെയ്യിപ്പിച്ചുകൊണ്ട്, ആഘോഷിപ്പിച്ചുകൊണ്ട്.


********


ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ച് പലരും മുഴുത്ത തെറ്റിദ്ധാരണയിലാണ്.


ആ തെറ്റിദ്ധാരണ സമ്മാനിച്ച കാലുഷ്യത്തിലും കലങ്ങിമറിച്ചലിലുമാണ് അവരൊക്കെയും.


ആ തെറ്റിദ്ധാരണയെ വലിയ ധാരണയാക്കി കൊണ്ടുനടക്കുന്ന ഗതികേടിലാണ് അന്വേഷകരെന്ന് സ്വയം മേൽവിലാസമുണ്ടാക്കി നടക്കുന്ന അവരൊക്കെയും. 


സ്വാതന്ത്ര്യമെന്ന സുന്ദര നാമത്തിന്റെയും വിശേഷണത്തിന്റെയും തടവിൽ അടിമകളാവുന്നവർ.


കാലുഷ്യവും കലങ്ങിമറിച്ചലും നിലപാടല്ല, നിലപാടില്ലായ്മയാണ്, ഉള്ള നിലപാടും ഇല്ലാതാവലാണ് എന്നറിയാത്തവർ. 


കലങ്ങിയ വെള്ളം ഒന്നും തെളിയിച്ചു കാണിക്കില്ല.


കാലുഷ്യവും കലങ്ങിമറിച്ചലും സ്വയം വലിയ നിലപാടും ആദർശവും ആണെന്ന് തോന്നിപ്പിക്കുന്ന നിലപാടില്ലായ്മയും ആദർശമില്ലായ്മയും തെളിച്ചമില്ലായ്മയും ആണ്.


അതുകൊണ്ട് തന്നെ അവരിൽ നടക്കുന്നത് അന്വേഷണമല്ല; പകരം അവർ അകപ്പെട്ടതിനുള്ള അസ്വസ്ഥതയാണ്, ന്യായീകരണമാണ്.


അവർ അകപ്പെട്ട അവസ്ഥക്ക്, അസ്വസ്ഥതക്ക് മേൽവിലാസം കൊടുത്തത് മാത്രമാണ് സ്വാതന്ത്ര്യമെന്ന അവകാശവാദം.


തോന്ന്യാസത്തിന് കൊടുത്ത പേര് സ്വാതന്ത്ര്യം. 


ഭോഗചിന്തക്ക് അടിമപ്പെട്ടതിന് കൊടുത്ത പേര് സ്വാതന്ത്ര്യം.


അവർക്കുണ്ടാവുന്നത് നിലപാടല്ല, ആദർശമല്ല; ആയത് പോലെയും ആയിപ്പോയത് പോലെയും ആവാനും തുടരാനും, നിസ്സഹായതയിൽ കുടുങ്ങാനും, ചെയ്തുകൊണ്ടിരിക്കുന്നത് തന്നെ ചെയ്തുതുടരാനുമുള്ള ന്യായീകരണങ്ങളാണ്. 


പല നിലപാടുകളും ദാർശനികതകളും വിശദീകരണങ്ങളും കുറ്റബോധങ്ങൾക്ക് മറയിടലാണ്, ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകൾക്ക് ന്യായമായ ദാർശനികത തേടലാണ്.


**********


അവർ മനസ്സിലാക്കിയത് പോലെയല്ല ഇസ്ലാം. 


പൗരോഹിത്യം ഉണ്ടാക്കിയ മതമല്ല ഇസ്ലാം. 


പൗരോഹിത്യത്തെ ഉണ്ടാക്കിയ മതമല്ല ഇസ്ലാം. 


ഇസ്ലാമിൽ പൗരോഹിത്യം ഇല്ല, പാടില്ല. 


എല്ലാവിധ പൗരോഹിത്യവും എല്ലാവിധ ചൂഷണങ്ങളും ഇല്ലാതാക്കിയ ജീവിതപദ്ധതി മതമാണ്ഇസ്ലാം. 


ഇസ്ലാമിൽ എല്ലാവരും ദൈവത്തിലേക്ക് ഒരേപോലെ, ഒരേ അടുപ്പത്തിലും ദൂരത്തിലും. 


ഇസ്ലാം ജീവിതത്തിലുടനീളം എല്ലായ്പ്പോഴും വഴികാട്ടുന്നത്, കൊണ്ടുനടക്കാനുള്ളത്.


പുരോഹിതന്മാർ ഇസ്ലാമിൽ ഇല്ല, മുസ്ലിംകൾക്കില്ല. 


ഉണ്ടെങ്കിൽ ഉള്ളത് എല്ലാവരും ഒരുപോലെ പുരോഹിതർ, പുണ്യാളന്മാർ, എല്ലാവരും അല്ലെങ്കിൽ തെറ്റ് ചെയ്യാൻ സാധ്യതയുള്ളവർ എന്നത് മാത്രം.


ഇസ്ലാം: ദൈവത്തിനും മനുഷ്യർക്കാകെയും ഒരുപോലെയുള്ള ഋജുരേഖ.


ഋജുമാനസർക്ക് പറ്റിയത്: ഒരൊറ്റ ദൈവം, ഒരൊറ്റ മനുഷ്യൻ, നേർക്കുനേർ.


ഇസ്ലാം വൈരുധ്യങ്ങളില്ലാതെ, സംശയത്തിലാക്കാതെ, ചൂഷണങ്ങൾ ഇല്ലാതെ. നേരെ വാ നേരെ പോ, വ്യക്തതയോടെ.


********


പൗരോഹിത്യവും ചൂഷണവും ഇല്ലാത്തത്. സാമൂഹ്യനീതിയിൽ മാത്രമധിഷ്ഠിതമായത്. സാമൂഹ്യക്ഷേമം മാത്രം ഉറപ്പുവരുത്തുന്നത്. ഇങ്ങനെയൊരു മതമല്ലാത്ത മതം ഉണ്ടെന്ന് പൊതുവെ ആരും സങ്കല്പിക്കില്ല. 


അതുകൊണ്ടാണ് പൊതുവേ പറഞ്ഞുകേൾക്കുന്നത് പോലുള്ള മതമെന്ന് ധരിച്ച് പലരും ഇസ്ലാമിനെ തെറ്റിദ്ധരിക്കുന്നത്.


പൗരോഹിത്യവും ചൂഷണവും ഇല്ലാത്ത സാമൂഹ്യനീതിയിൽ മാത്രമധിഷ്ഠിതമായ, സാമൂഹ്യക്ഷേമം മാത്രം ഉറപ്പുവരുത്തുന്ന മതമുണ്ടോ? അങ്ങനെയൊരു മതമല്ലാത്ത മതം ഉണ്ടോ, ഉണ്ടാവുമോ? 


അങ്ങനെയൊന്നുണ്ട്. അങ്ങനെയൊന്നുണ്ടാവും. 

അതാണ് ഇസ്ലാം.


ആരും മനസ്സിലാക്കിയത് പോലെയല്ല ഇസ്ലാം. 


ആരും മനസ്സിലാക്കാത്തത് പോലുള്ള മതമാണ് ഇസ്ലാം.


പ്രാപഞ്ചികാധാരത്തിനുള്ള സമർപ്പണം, ആ സമർപ്പണത്തിലൂടെയുള്ള സമാധാന സംസ്ഥാപനം. അതാണ് ഇസ്ലാം.


അതിനാൽ, എല്ലാറ്റിനെയും പൊതുവായി കണ്ണടച്ച് ആക്ഷേപിക്കുന്നതിനിടയിൽ ശരിയെയും അടച്ചാക്ഷേപിക്കാതിരിക്കുക. 


ശരിയെ അടച്ചാക്ഷേപിച്ച് സ്വന്തം കണ്ണും മനസ്സും അന്വേഷണബുദ്ധിയും അടച്ചുവെക്കാതിരിക്കുക.


*******


ഒരുതരം ചൂഷണമോ പൗരോഹിത്യ ക്രൂരതയോ നടത്തുന്നില്ലെങ്കിൽ ഇസ്ലാം സ്വർഗ്ഗ-നരകങ്ങളുണ്ടെന്ന് യുക്തിയുക്തം പറഞ്ഞ് നന്മയും നീതിയും കല്പിക്കുന്നതിലും തിന്മയും അനീതിയും തടയുന്നതിലും എന്താണ് തെറ്റ്, മോശം?


********


ചിലർ ചോദിക്കും: മേല്പറഞ്ഞത് പോലെ ഇങ്ങനെയൊരു ഇസ്ലാമും മുസ്ലിം സമൂഹവും എവിടെയുംഇല്ലല്ലോ? എന്ന്.


അത് ശരിയല്ല, അങ്ങനെയൊരു ഇസ്ലാമും മുസ്ലിം സമൂഹവും ഉണ്ട്, എല്ലായിടത്തുമുണ്ട്. 


പലരും കണ്ണടക്കുന്നു, കണ്ടാലും കണ്ടില്ലെന്നു കാണില്ലെന്നും വരുത്തുന്നു, കാണാത്തത് പോലെനടക്കുന്നു. അതാണ് കാര്യം.


അടഞ്ഞുകിടക്കുന്ന അവരുടെ മുറിയുടെ വാതിൽ തുറക്കാൻ ആരെങ്കിലും അവരെ മുട്ടിവിളിച്ചാൽ അവർ ഉള്ളിൽ നിന്ന് ഒന്നുകൂടി കുറ്റിയിട്ട് അടക്കുന്നു. 


ഉള്ളിൽ നിന്ന് കുറ്റിയിട്ട് അടക്കുന്നതിനെ, അങ്ങനെ അടഞ്ഞുകിടക്കുന്നതിനെ അവർ സ്വാതന്ത്ര്യം അന്വേഷണാത്മകത എന്നൊക്കെ സ്വയം സുന്ദരമായ പേരിട്ട് വിശേഷിപ്പിക്കുന്നു. 


അന്വേഷകരെന്ന പേരിൽ അവർ സ്വയം അഭിരമിക്കുന്നു. 


അന്വേഷകരെന്ന മേൽവിലാസം നിലനിർത്താൻ വേണ്ടി മാത്രം അന്വേഷിച്ചുകൊണ്ടിരിക്കുന്നത് കണ്ടെത്തിയാലും അവർ കണ്ടില്ലെന്ന് വെക്കുന്നു. 


കാരണം, കണ്ടെത്തി എന്നുവന്നാൽ അന്വേഷകരെന്ന പേരും മേൽവിലാസവും ലേബലും അഹങ്കാരവും നഷ്ടപ്പെട്ടുപോകും. 


അതിനാൽ അന്വേഷകർ തന്നെയായിരിക്കാൻ, അന്വേഷകർ മാത്രമായറിയപ്പെടാൻ അവർ കണ്ണടക്കുന്നു, കണ്ടെത്തിയാലും കാണാതിരിക്കുന്നു, കണ്ടെത്താതിരിക്കാൻ ആവത് ശ്രമിക്കുന്നു.

No comments: