Friday, September 18, 2026

27 വർഷം… വഴിപോക്കിലെ കൂട്ട്. വഴിപോക്കന് കൂട്ട്.

27 വർഷം,

ഈ വഴിപോക്കിലെ കൂട്ട്.


വഴിപോകുന്ന വഴിയായ് 

ഈ വഴിപോക്കന് കൂട്ട്.


അപരിചിത വഴിയിൽ 

അപരിചിതത്വമായ കൂട്ട്.


അപരിചിതന് 

അപരിചിതയുടെതായ കൂട്ട്. 


വേരിന് മണ്ണായ കൂട്ട്.


ഉരുവിട്ടതാരെന്നറിയാത്ത 

അലച്ചിൽ വാക്കിന് കൂട്ട്.


കേൾക്കുന്നതാം കാതും

വാക്കിന് കൂട്ട്.


കേൾക്കുന്ന 

കാതുണ്ടെന്നുമറിയാതെ

വാക്ക്.

തന്റെ വഴിപോക്കിൽ.


സ്വയമൊരു 

വാക്കെന്നുമറിയാതെ

വാക്ക്.


അന്തരീക്ഷത്തിലലഞ്ഞ്, 

അർത്ഥമറിയാതെ,

അർത്ഥമുണ്ടെന്നറിയാതെ.


ലക്ഷ്യമറിയാതെ, 

ലക്ഷ്യമുണ്ടെന്നറിയാതെ

വാക്കിന്റെ വഴിപോക്ക്.


കാതിനെയും 

തേടേണ്ടതുണ്ടെന്നറിയാതെ.


ഉരുവിട്ടവൻ ഉരുവിട്ടതോ,

ഉരുവിട്ടത് 

കേൾക്കാനൊരു 

കാതിനായോ?


കേൾക്കേണ്ട 

ആ കാത് തേടുകയും

വാക്കിന് ലക്ഷ്യമോ?


കേൾക്കുന്നൊരു 

കാതിലെത്തുകയും

വഴിപോക്കിനർത്ഥമോ?


അപരിചിതത്വം 

ധൈര്യമാക്കിപ്പൊതിയുന്ന 

വല്ലാത്തൊരറിയായ്ക


എല്ലാം പുതിയതെന്നാക്കുന്ന 

കണ്ണായ അറിവുകേട്.


അങ്ങനെയൊരപരിചിത

സ്വയം കാതായി മാറുന്ന കൂട്ട്.


അറിയായ്ക

അറിവെന്നറിയിക്കുന്ന കൂട്ട്.


അറിയായ്കയെ

സൗന്ദര്യമാക്കുന്ന കൂട്ട്.


അറിയായ്ക തീർക്കുന്ന 

കൊതി 

അപരിചിതത്വത്തിന് കൂട്ട്.


വെറുതെ കൂടെയിരിക്കാൻ 

ഈ കൊതി കൂട്ട്.


വെറുതേ കൂടെയിരിക്കുന്നതേ 

കൂട്ടാവൂ, 

ധൈര്യമേകൂ 

എന്ന് വരുത്തുന്ന കൂട്ട്.


എന്തുകൊണ്ടെന്നില്ല,

എന്തിനെന്നുമില്ല 

വെറും വെറുതെ കൂട്ടുകൂടി 

ഈ യാത്ര.


വഴിയിലവിടവിടെ കിട്ടുന്ന 

കാരണങ്ങൾ, ലക്ഷ്യങ്ങൾ

പിന്നിലും മൂന്നിലും 

മരീചികയായ്,

27 വർഷം.

No comments: