Thursday, October 31, 2024

സ്വയം അസ്വസ്ഥരായിരിക്കും. പക്ഷേ അവരത് സമ്മതിക്കില്ല.

സ്വയം അസ്വസ്ഥരായിരിക്കും. 

പക്ഷേ അവരത് സമ്മതിക്കില്ല. 

പകരം നിങ്ങൾക്കാണ്, മറ്റുള്ളവർക്കാണ് അസ്വസ്ഥതയെന്നവർ വരുത്തിത്തീർക്കും. 

എങ്ങിനെ? 

സ്വന്തം അസ്വസ്ഥതയെ അവർ നിങ്ങളിൽ, മറ്റുള്ളവരിൽ നിഴലിടും, പ്രതിബിംബിക്കും. 

എന്നിട്ട് നിങ്ങൾക്കാണ്, മറ്റുള്ളവർക്കാണ് അസ്വസ്ഥതയെന്നവർ വരുത്തും. 

സ്വയം അസ്വസ്ഥരായവർക്ക് മറ്റുള്ളവരും കൂടി അസ്വസ്ഥരാവണം എന്നത് നിർബന്ധം. 

അവരെപ്പോലെ അസ്വസ്ഥരല്ലാത്തവരെ, അസ്വസ്ഥരാവാൻ തയ്യാറല്ലാത്തവരെ അവർ ഭ്രാന്തരെന്ന് പോലും വിളിക്കും, ഭ്രഷ്ടരാക്കും.

മറ്റുള്ളവരും കൂടി അസ്വസ്ഥരാണെന്ന് കണ്ട് വേണം അവർക്ക് അവർ ശരിയെന്നും അവർ മാത്രമല്ല അങ്ങനെയെന്നും, അവർ അങ്ങനെ ആവുന്നതിൽ തെറ്റില്ലെന്നും ഉറപ്പിക്കാൻ.

**********

ഇന്നലെ ഇന്നലെ ആയതിലും നാളെ നാളെയാവുന്നതിലും ആർക്ക് നിയന്ത്രണം? 

നാളെ എന്തും എങ്ങനെയും സംഭവിക്കാമെന്നതിലും ആർക്കെന്ത് നിയന്ത്രണം? 

എല്ലാം എങ്ങനെയൊക്കെയാവുന്നുവോ അങ്ങനെയൊക്കെയാവുന്നു. 

നറുക്ക് വീഴും പോലെ. 

സ്വീകരിക്കുക, വിധേയപ്പെടുക. 

നിസ്സഹായതയെ തിരഞ്ഞെടുപ്പായി കാണിക്കുക.

അത്രമാത്രം. 

ജീവിതവും രോഗവും മരണവും എല്ലാവർക്കും ഒരുപോലെ. 

ആർക്കും കൃത്യമായി പ്രവചിക്കാൻ സാധിക്കാത്തവിധം. 


No comments: