Thursday, October 3, 2024

ഉള്ളിലൊളിഞ്ഞ അസൂയയും സഹിക്കായ്‌കയും എല്ലാവരിലുമുണ്ട്, ഉണ്ടാവുന്നുണ്ട്.

ഉള്ളിലൊളിഞ്ഞ അസൂയയും സഹിക്കായ്‌കയും എല്ലാവരിലുമുണ്ട്, ഉണ്ടാവുന്നുണ്ട്. 

തലച്ചോർ അതുണ്ടാക്കുന്നുണ്ട്. 

മനുഷ്യൻ്റെയും അവൻ്റെ തലച്ചോറിൻ്റെയും ഒഴിവാക്കാനാവാത്ത സ്വാഭാവിക പ്രകൃതം. 

എത്രയെല്ലാം അഭിനയിച്ച്, സംസ്കാരം എന്ന പേരിൽ നിയന്ത്രിച്ച്, ഒളിപ്പിച്ച്, ഉപചാരം ചേർത്ത് പറയാനും നിഷേധിക്കാനും ശ്രമിച്ചാലും ഇതൊരു പകൽവെളിച്ചം പോലെ അവനവന് ബോധ്യപ്പെടുന്ന, അവനവനിൽ സംഭവിക്കുന്ന കാര്യം.

സമപ്രായക്കാരോ പ്രായം കൊണ്ടും അല്ലാതെയും കീഴെയുള്ളവരോ വളർന്നതും വളരുന്നതും (പ്രത്യേകിച്ചും തങ്ങൾ വളരാതെ) കാണുമ്പോൾ ഉള്ളിൻ്റെയുള്ളിൽ ഒരുതരം പുറത്ത് കാണിക്കാനും പറയാനും സാധിക്കാത്ത അസൂയ, സഹിക്കായ്‌ക, ഉൾകൊള്ളാൻ സാധിക്കായ്ക. 

ഒരുനിലക്കും നിയന്ത്രിക്കാനാവാതെ. 

എത്രയെല്ലാം അഭിനയിച്ച് മൂടുപടമിട്ട് മസിൽപിടിച്ച് നിന്നാലും പുറത്തുവന്നുപോകുന്ന ചാക്കിലെ പൂച്ചയായ അസൂയ, സഹിക്കായ്‌ക, ഉൾകൊള്ളാൻ സാധിക്കായ്ക.

വളരെയടുത്തതെന്ന് നാം അവകാശപ്പെടുന്ന സ്വന്തബന്ധങ്ങൾക്കിടയിലാണെങ്കിലും, പരസ്പരം അടുത്തിടപഴകുന്നവർക്കിടയിലാണെങ്കിലും വരെ ഈ അസൂയയും സഹിക്കായ്‌കയും ഉൾകൊള്ളാൻ സാധിക്കായ്കയും സംഭവിച്ചുപോകുന്നു, എങ്ങനെയെങ്കിലും പ്രകടിപ്പിച്ചുപോകുന്നു. 

എത്രയെല്ലാം ഒളിപ്പിച്ച് പുറമേ ചിരിച്ച് അഭിനന്ദിക്കുമ്പോഴും ചിലപ്പോഴെങ്കിലും അത് മറ്റുവഴികളിലൂടെ അറിയാതെ പുറത്തുവരും. 

മറ്റുള്ളവർക്ക് അത് മനസ്സിലാവില്ലെന്ന് കരുതിക്കൊണ്ട് പുറത്തുവരും, വരുത്തും.

നെല്ലും പതിരും വേർതിരിച്ചറിയുന്ന ചിലർക്കെങ്കിലും അത് വകതിരിച്ച് മനസ്സിലാവും എന്ന് മനസ്സിലാക്കാൻ സാധിക്കാതെ. 

"അസൂയാലുവിൻ്റെ, അവൻ അസൂയ വെച്ചാലുള്ള, ഉപദ്രവങ്ങളിൽ നിന്നും നാശത്തിൽ നിന്നും പ്രഭാതത്തിൻ്റെ (പൊട്ടിവിടരുന്നതിൻ്റെ) നാഥനോട് ഞാൻ രക്ഷതേടുന്നു എന്ന് നീ പറയുക" (ഖുർആൻ).

നീ പരാജയപ്പെടാൻ കൊതിച്ചവനും പിന്നെ വിജയിച്ച നിൻ്റെ കൂടെ എന്ന് തോന്നിപ്പിക്കും വിധം കപടനായി വെറുംവെറുതേ കൂടെനിൽക്കും, കയ്യടിക്കും. 

എന്തുകൊണ്ട്?

എങ്ങാനും എവിടെയെങ്കിലും വെച്ച് നിൻ്റെ വിജയത്തിൻ്റെയും അധികാരത്തിൻ്റെയും പങ്ക് അനുഭവിക്കാനാവണമെങ്കിൽ അതേയുള്ളൂ ഏക പോംവഴി എന്നതിനാൽ.

"ദൈവികമായ (പ്രാപഞ്ചികമായ) സഹായവും (അധികാരവും) വിജയവും വന്ന് ഭവിച്ചാൽ, പിന്നെ ജനങ്ങൾ കൂട്ടംകൂട്ടമായി (നിൻ്റെ കൂടെ നിൽക്കാൻ, ആൻ പ്രപഞ്ചികതയുടെ വഴിയിൽ) പ്രവേശിക്കുന്നത് കാണും (ഖുർആൻ)

No comments: