Wednesday, October 23, 2024

മനുഷ്യനാണോ പ്രാപഞ്ചികതയുടെ കേന്ദ്രബിന്ദു?

കൊതുകിനു കൊതുക് തന്നെയേ ആവാൻ പറ്റൂ. മനുഷ്യന് മനുഷ്യൻ തന്നെയും...

കൊതുകെങ്ങനെ പ്രാപഞ്ചികമായി  നിശ്ചയിക്കപ്പെട്ടുവോ അതുപോലെയല്ലേ കൊതുകിനും ആവാനും ചെയ്യാനും സാധിക്കൂ? 

കൊതുക് സ്വയം തെരഞ്ഞെടുത്തതല്ല മനുഷ്യന് ഉപകാരപ്പെടാതിരിക്കാനും ഉപദ്രവമാകാനും?

ഇനി മനുഷ്യൻ്റെ കാര്യമെടുക്കൂ. 

ഒരൊറ്റ കൈവീശിനു കൊതുകിനെ കൊല്ലുന്ന  മനുഷ്യൻ്റെ കാര്യം..

പാറ തുരക്കുന്ന, കാട് നശിപ്പിക്കുന്ന, കോഴിയെയും ആടിനെയും പോത്തിനെയും അറുത്ത് തിന്നുന്ന, വാഹനമോടിച്ച് പുകതുപ്പുന്ന അധിനിവേശക്കാരനായ മനുഷ്യൻ്റെ കാര്യം പറയുക.

എല്ലാറ്റിനും ഉപദ്രവമാവുകയല്ലേ മനുഷ്യൻ? 

മനുഷ്യനാണോ പ്രാപഞ്ചികതയുടെ കേന്ദ്രബിന്ദു?

മനുഷ്യന് വേണ്ടി മാത്രമാണോ പ്രാപഞ്ചികതയും ദൈവവും?

എങ്കിൽ മനുഷ്യൻ പ്രകൃതിദുരന്തത്തിലും മറ്റും കൂട്ടമായി കൊല്ലപ്പെടുമ്പോൾ മാത്രം ദൈവത്തിന് കണ്ണിൽ ചോരയില്ല, ദൈവം എത്ര വലിയ ക്രൂരൻ എന്നിങ്ങനെയുള്ള ആവലാതികളും ആരോപണങ്ങളും എന്തിന്?

*******

കൊതുകിനെ കൊല്ലുന്ന നിനക്കതൊരു ശരി. 

പക്ഷേ, അതേസമയം കൊതുകിന് വേറൊരു ശരിയുണ്ട്. 

ദൈവമെന്ന പ്രാപഞ്ചികത ഏത് ശരിക്കൊപ്പം ഏത് പക്ഷത്ത് നിൽക്കണം? ആരെ കേൾക്കണം?

മനുഷ്യനെ കൂട്ടംകൂട്ടമായി കൊല്ലുന്ന പേമാരിയിലും കൊടുങ്കാറ്റിലും പ്രളയത്തിനും ഭൂകമ്പത്തിനും സുനാമിക്കും ഇതുപോലെ മനുഷ്യനറിയാത്ത എത്രയെത്ര ശരികളുണ്ടാവും?

മനുഷ്യനെ കൂട്ടംകൂട്ടമായി കൊല്ലുന്ന എല്ലാ ഓരോ പേമാരിയും കൊടുങ്കാറ്റും പ്രളയവും ഭൂകമ്പവും സുനാമിയും കൊതുകിനെ കൊല്ലാൻ മനുഷ്യൻ കൈവീശുന്നതും കയ്യടിക്കുന്നതും പോലെയൊരു കയ്യടിയും കൈവീശാലും മാത്രം.

No comments: