അസൂയാലുക്കളെ എങ്ങിനെ തോൽപിക്കാം?
നീ ജയിക്കുന്നത് കണ്ട് തോറ്റ് നിരാശപ്പെട്ട പലരുമാണ് നിൻ്റെ നേരെ അസൂയാലുക്കളായി മാറുന്നത്.
അങ്ങനെ നിരാശ പൂണ്ട്, അസൂയ വെച്ചുപുലർത്തുന്നവരാണ് ഭൂരിപക്ഷവും, ചുറ്റിലും.
തലച്ചോറുണ്ടാക്കുന്ന, ഒഴിവാക്കാനാവാത്ത, വല്ലാതെയൊന്നും നിയന്ത്രിക്കാനാവാത്ത ഒരു വികാരം അസൂയ എന്നതിനാൽ പ്രത്യേകിച്ചും.
നീ ജയിക്കുമ്പോൾ കയ്യടിക്കുന്നവരിലധികവും കയ്യടിക്കുന്നത് സന്തോഷം കൊണ്ടല്ല. വളരെ വളരെ ചിലരൊഴികെ.
മറ്റൊരു നിർവ്വാഹവുമില്ലാത്തത് കൊണ്ടാണ്.
എങ്ങാനും എപ്പോഴേലും നിൻ്റെ വിജയത്തിൻ്റെയും വളർച്ചയുടെയും പങ്ക് പറ്റാൻ പറ്റുമെങ്കിൽ പറ്റാനാണ്.
അറിയണം, അവരിലെ നിന്നെക്കുറിച്ച നിരാശയാണ് അവരിൽ അസൂയയെന്ന വികാരത്തെ പ്രസവിക്കുന്ന മാതാവ്.
നിരാശപൂണ്ട്, അതേ നിരാശ കൊണ്ട് അസൂയ നിറക്കുന്നവരെ തോല്പിക്കാൻ:
നീ മറ്റൊന്നും ചെയ്യേണ്ട,
നീ തർക്കിക്കേണ്ട,
നീ യുദ്ധം ചെയ്യേണ്ട,
നീ ന്യായങ്ങൾ പറയേണ്ട.
പകരം നീ നിൻ്റെ ഉയർച്ചയുടെയും വളർച്ചയുടെയും വിജയങ്ങളുടെയും പുതിയ പുതിയ വലിയ വലിയ വർത്തമാനങ്ങളും വാർത്തകളും അവരോട് നേരിട്ട് പറഞ്ഞുകൊണ്ടേയിരുന്നാൽ മാത്രം മതി.
അവരോട് നീ എപ്പോഴും പൊങ്ങച്ചം മാത്രം പറയുക.
അവരുടെ മുന്നിൽ നീ എപ്പോഴും സന്തോഷിക്കുന്ന വനായും വിജയിച്ചവനായും പ്രത്യക്ഷപ്പെടുക
അവരുടെ പ്രധാനപ്പെട്ട ആയുധമായ അസൂയ കൊണ്ടുതന്നെ അവർ തോറ്റ് കൊണ്ടേയിരിക്കും.
അവരുടെ അസൂയ എന്ന തീ കൊണ്ട് തന്നെ അവർ കത്തിയാളിത്തീരും.
അസൂയ രണ്ടറ്റവും മൂർച്ചയുള്ള കത്തിയാണ്.
ആ കത്തിയുടെ ഒരറ്റം അവർക്ക് തന്നെ മുറിവേൽപിച്ചുകൊണ്ടിരിക്കുകയാണ്.
കത്തിയുടെ മറ്റേ അറ്റം നിനക്ക് കൊള്ളുന്നില്ലെങ്കിൽ നിനക്ക് പ്രശ്നവുമില്ല.
അവസരം പാത്ത് എങ്ങിനെയെങ്കിലും കത്തിയുടെ മറ്റേ അറ്റം കൊള്ളിക്കുന്നത് ശ്രദ്ധിച്ചാൽ മാത്രം മതി.
കാരണം, നിരാശപ്പെട്ടവനിലും അസൂയാലുവിലും പിശാചുണ്ട്. അസൂയയും നിരാശയും ആരെയും പിശാചാക്കും.
അസൂയയും നിരാശയും ആരെയും എന്തക്രമവും ഏത് വിധേനയും ചെയ്യാൻ പ്രേരിപ്പിക്കും.
നിനക്ക് വേണ്ടി പ്രത്യക്ഷത്തിൽ കയ്യടിച്ചുകൊണ്ട് തന്നെ അസൂയാലു തോറ്റുകൊണ്ടിരിക്കുന്നു, വേദനിച്ചുകൊണ്ടിരിക്കുന്നു.
നിൻ്റെ പരാജയം ഉള്ളാലെ കൊതിച്ചിരുന്നിട്ടും തുടരെത്തുടരെയുള്ള നിൻ്റെ വിജയത്തിന് വേണ്ടി പ്രത്യക്ഷത്തിൽ കയ്യടിക്കേണ്ടിവരുന്നതിനേക്കാൾ ഗതികേടും പരാജയവും അവർക്ക് വേറെന്തുണ്ട്?
നിൻ്റെ പൊങ്ങച്ചം പറച്ചിൽ എന്ന് അത്തരക്കാർ വിലയിരുത്തുന്ന കാര്യം അവരെ വല്ലാതെ അലോസരപ്പെടുത്തുന്നതാണ്.
പക്ഷേ നിൻ്റെ പൊങ്ങച്ചം നിനക്ക് കിട്ടിയ അനുഗ്രഹങ്ങളെ നീ തന്നെ അംഗീകരിക്കലാണ്.
നിൻ്റെ പൊങ്ങച്ചം പറച്ചിൽ നിനക്ക് ആ അനുഗ്രഹങ്ങൾ തന്നവനെ (അതാരായാലും) അംഗീകരിക്കലും മഹത്വപ്പെടുത്തലും സ്തുതിക്കലും ആണ്.
നിൻ്റെ വിജയത്തിലും വളർച്ചയിലും ഉയർച്ചയിലും ഉള്ള നിൻ്റെ പൊങ്ങച്ചം ഇനിയും വിജയിക്കാനും വളരാനും ഉയരാനും കൊതിക്കുന്നവർക്ക് വഴികാട്ടലാണ്, പ്രചോദനമാണ്, ഉണർത്തുപാട്ടാണ്.
പരാജയവും ദാരിദ്ര്യവും തളർച്ചയും തകർച്ചയും വിളിച്ചുപറയുന്ന രീതിയല്ല വേണ്ടത്. അത് പിശുക്കൻ്റെ രീതി. അനുഗ്രഹങ്ങളെ നിഷേധിക്കുന്ന രീതി. ദാരിദ്ര്യവും തളർച്ചയും തകർച്ചയും മറച്ചുപിടിക്കുക. എന്നിട്ട് നീ ശ്രമിച്ചുകൊണ്ടേയിരിക്കുക.
പകരം, വിജയവും വളർച്ചയും ഉയർച്ചയും സമ്പന്നതയും വിളിച്ചു പറയുന്ന രീതിയാണ് വേണ്ടത്. അതാണ് ഉദാരമതികളുടെ രീതി. ആഘോഷത്തിൻ്റെ രീതി, അതാണ് ആഘോഷിക്കുന്നവരുടെ രീതി.
നിൻ്റെ വിജയങ്ങളെയും ഉയർച്ചയെയും വളർച്ചയെയും നീ തന്നെ അംഗീകരിക്കലും എടുത്തുപറയലും അത് തന്നവനെ അംഗീകരിക്കലും മഹത്വപ്പെടുത്തലും സ്തുതിക്കലും തന്നെ.
No comments:
Post a Comment