Tuesday, July 2, 2019

ബോധോദയത്തിന് ചരിത്രവഴിയില്ല. സൗന്ദര്യം മറക്കാനല്ല; വൈകൃതം മറക്കാൻ വസ്ത്രം.

അക്ഷരങ്ങൾ കൂട്ടി എന്തെങ്കിലും ശ്രമിക്കുകയല്ല. 
പറയാനുള്ളതിനാൽ അക്ഷരങ്ങൾ കൂടുന്നതാണ്. 
അർത്ഥത്തോടെ. 

**********

ചിലർ പറയും; അർത്ഥമൊന്നും ഉണ്ടാവുകയില്ല. 
മറ്റു ചിലരും പറയും; അർത്ഥമുണ്ടാവും. 
മുങ്ങുന്നവരും നീന്തുന്നവരും. 
മുളക്കാത്ത കല്ല്। മുളക്കുന്ന വിത്ത് । 

***********

ഗ്രീസും സിസിഫസും, ഇതാദ്യം
ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ. 
ദാര്ശനികത മാത്രം തുളുമ്പുന്ന മുഖം.
ഓരോ മണൽത്തരിയിലും ദാര്ശനികത മാത്രമുള്ള രാജ്യം.

*********

ആദ്യ ബസ്‌ യാത്രയിലെ ഒരു തോന്നൽ. 
ഭൂമി പിറകോട്ടു പോകുന്നതോ? 
ബസ് ഭൂമിയെ പിറകോട്ടു തള്ളുന്നതോ? 
എന്തായാലും ബസ് മുന്നോട്ട് പോകുന്നതല്ല.

*********

ഏറ്റവും ക്ഷീണിക്കുന്നതെപ്പോൾ? 
ഒറ്റയ്ക്കാവുമ്പോൾ. 
ഉള്ളുറപ്പും ഊർജവും വേണ്ടത് ഒറ്റക്കിരിക്കാൻ; 
കളിക്കാനും അദ്ധ്വാനിക്കാനുമല്ല.

*********

യാചകൻ കളവു പറയുന്നില്ല, വേഷം കിട്ടുന്നില്ല. 
വിധേയപ്പെടുന്നില്ല, സ്വപ്‌നങ്ങൾ വിൽക്കുന്നില്ല.
പുരോഹിതനോ?
വെറുതെയല്ല ബുദ്ധൻ യാചന തെരഞ്ഞെടുത്തത്.

********

ഓരോ വിശ്വാസിയും നിഷേധി. 
ഓരോ നിഷേധിയും വിശാസി. 
ആത്മീയനാവാൻ വിശ്വാസി ആവേണ്ടതില്ല. 
എന്നല്ല, നിഷേധിയാണ് യഥാർത്ഥ ആത്മീയൻ.

********

സൗന്ദര്യം മറക്കാനല്ല; വൈകൃതം മറക്കാൻ വസ്ത്രം.
മുഖവും വസ്ത്രവും നൽകുന്ന സൗന്ദര്യവും ആത്മവിശ്വാസവും.

**********

ദൈവത്തിലേക്ക് ജീവിതത്തിന്റെ വഴി.
ദൈവത്തിനും ജീവിതത്തിന്റെ വഴിയേ ഉള്ളൂ.
ദൈവം തന്നെ ഇല്ലെന്നോ? എങ്കിൽ,  
ജീവിതം ദൈവം. ദൈവം ജീവിതം.

********

ബോധോദയത്തിനു മതം വഴിയല്ല. തെളിവെന്ത്?
മുഹമ്മതും ബുദ്ധനും കൃഷ്ണനും യേശുവും 
ബോധോദയം നേടിയത് മതം പിന്തുടർന്നല്ല. 
അവർ മതമായെങ്കിലും.

********

ദൈവം മതത്തിന്റേതല്ല; വിശ്വാസങ്ങൾക്കുമപ്പുറം.
മതനിരാസം ദൈവനിരാസമല്ല.  
ആത്മീയതയുടെ ശവപ്പറമ്പാണ് മതം. 
കാഴ്ചമുട്ടിക്കുന്ന അടഞ്ഞ വാതിൽ.

*******

ചിതൽ മരത്തെ പൊതിയുന്നു. 
മതം വിശ്വാസിയെയും. സംരക്ഷിക്കാനെന്നു തോന്നും.
പക്ഷെ, ഉൾക്കരുത്ത് നഷ്ടപ്പെടുത്തി നശിപ്പിക്കാൻ മാത്രം.

**********

ബോധോദയത്തിന് ചരിത്രവഴിയില്ല.
ബോധമുണ്ടാവുക മാത്രമതിന്റെ വഴി. 
ചരിത്രപുരുഷന്മാരെ വിശദീകരിക്കുക പണിയല്ല.
അത് പുരോഹിതന്റെ ഉപജീവന വഴി. 

********

പ്രായവും മരണഭയവും കൂടുമ്പോൾ 
മതവിശ്വാസത്തിലേക്കു അഭയം പഥ്യം. 
സാമൂഹ്യ സുരക്ഷിതത്വം, ഭാര്യ, മക്കൾ. 
പിൻവിളികൾ ബലം കൂട്ടും.

*********

മരണവും മരണാന്തരവും വെച്ചു തന്നെ മതക്കച്ചവടം.

*********

മരണവീട്ടിൽ മതക്കാരന് പ്രാമുഖ്യം, മേൽക്കോയ്മ. 
പുരോഗമനവാദിയും അപ്പോൾ മൗനിയാവുന്നു.
സംസ്കാരം മതപരമായി, മത ഇടങ്ങളിൽ.
മതേതരമായ ചടങ്ങും ഇടവുമില്ല.

*********

ഉണ്ടായാലും ഇല്ലേലും, 
ദൈവം മതത്തിന്റേതല്ല: മതം ദൈവത്തിന്റേതുമല്ല. 
മതം കാഴ്‌ച നിഷേധിക്കുന്ന അടഞ്ഞ വാതിൽ. 

മതം പറയുംപോലെ മാത്രമായ ദൈവം ഇല്ല.

No comments: