Tuesday, July 2, 2019

എവിടെയും പരാജയപ്പെടുന്നില്ല; മക്കളുടെ മുന്നിലൊഴികെ.

ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഭാര്യ: 
"തിന്നലും ഉറങ്ങലും തന്നെ. 
പിന്നെ, അതുറപ്പിക്കാന്‍ ജോലി ചെയ്യലും അഹങ്കരിക്കലും. 
എന്താ കഥ, അല്ലേ?”

*********

"ഗുരോ, എവിടെയും പരാജയപ്പെടുന്നില്ല; 
മക്കളുടെ മുന്നിലൊഴികെ. കാരണം?" 
"സ്വയം അര്‍ത്ഥമറിയാതെ 
വേറൊരുവനെ ജനിപ്പിച്ചതിലെ കുറ്റബോധം.”

********

"ഗുരോ, അപ്പോൾ ബോധോദയം നേടണമെന്നുമില്ല, അല്ലേ?" 
"ഇല്ല. രണ്ടായാലുമൊന്ന്. 
ഇല്ലേല്‍ വേണം. കാമം പോലെ. 
ഉണ്ടേല്‍ നിസ്സംഗ നിര്‍വികാരത.”

********

കുട്ടികൾ കഴിവ്കെട്ടവർ ആകുന്നുവോ? 
മാതാപിതാക്കള്‍ക്ക് കുറ്റബോധമേറും. 
സ്നേഹമെന്ന് വിളിക്കുന്ന 
ഉത്തരവാദിത്വം കൂട്ടുന്ന കുറ്റബോധം.

*********

പണ്ട്‌ വര്‍ഗീയത രഹസ്യം,  അപകീര്‍ത്തി, 
അശക്തി, അയോഗ്യത, വെറും ആരോപണം. 
ഇന്നത് പരസ്യം, യോഗ്യത, 
ശക്തി, ആവശ്യം, തുറന്ന്പറച്ചില്.

********

ഗുരോ, എങ്കിൽ അറിഞ്ഞവനും അറിയാത്തവനും തമ്മില്‍?" 
"നീന്തുന്നവനും മുങ്ങുന്നവനും തമ്മിലുള്ളത്. 
രണ്ടാളും കടലില്‍. 
നീന്തിയും മുങ്ങിയും.”

********

2."ഗുരോ, സത്യം അറിഞ്ഞില്ലേല്‍, 
ബോധോദയം നേടിയില്ലേല്‍ എന്ത്?" 
"അപ്പോഴും എന്തുണ്ടാവാന്‍? ജീവിക്കും. 
വെറുതെയങ് ജീവിക്കും. അത്ര തന്നെ”


********
1. ”ഗുരോ, സത്യം അറിഞ്ഞാല്‍, 
ബോധോദയം നേടിയാൽ പിന്നെന്ത്?" 
"പിന്നെന്തുണ്ടാവാന്‍? ജീവിക്കും. 
വെറുതെയങ് ജീവിക്കും. അത്ര തന്നെ."

**********






നാം തിരഞ്ഞെടുക്കുന്നില്ല.  
നിസ്സഹായതയെ തിരഞ്ഞെടുപ്പെന്നു വിളിക്കുന്നു. 
ശേഷം, ആ നിസ്സഹായതയെ നാം 
നിലപാടാക്കി മാറ്റുന്നു, പറയുന്നു.

********

ആരും കുട്ടികളെ ജനിപ്പിച്ചത് ബോധപൂര്‍വ്വമല്ല, 
ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തിയല്ല. 
അത്കൊണ്ട്‌ കുട്ടികളുടെ കാര്യത്തില്‍ കുറ്റബോധം.

*******
നിന്നിടത്ത് നിന്നാല്‍ മുന്നോട്ട് പോകാനാവില്ല. 
മുന്നോട്ട് പോകാൻ നിന്നിടത്തെ 
നഷ്ടപ്പെടുത്തണം, പിറകിലാക്കണം. 
എങ്കിൽ, സത്യാന്വേഷണം?

**********

പരാജിതന്‍ കോപിക്കും- നിരാശ മറച്ചുവെക്കാന്‍. 
കുറ്റം മറ്റുള്ളവരില്‍ ആരോപിക്കും - ഒളിച്ചോടാന്‍. 
അസൂയപ്പെടും - മരീചികയെ ദാഹജലമാക്കാന്‍.

***********

തലച്ചോറുണ്ടാക്കുന്ന 'ഞാന്‍', 'ഞാന്‍ ബോധം' 
ഓര്‍ക്കപ്പെടുകയോ? 
ഒരോര്‍മ്മയും ഒരു തലമുറക്കപ്പുറം പോകില്ല. 
അയാഥാര്‍ത്ഥ സങ്കല്‍പമായല്ലാതെ

*********

അരിയുടെയും വെള്ളത്തിന്റെയും വിറകിന്റെയും 
സ്വഭാവം നഷ്ടപ്പെടുത്താതെ 
എങ്ങിനെ ചോറ്‌? എങ്കില്‍, നിങ്ങൾ തേടുന്ന 
സത്യവും മോക്ഷവും നേടാനോ?

*******

നഷ്ടപ്പെടേണ്ടതിനെ കുറിച്ച് ആലോചന വരുന്നില്ല. 
നഷ്ടപ്പെടാതെ നേടാമോ? 
വിത്ത് സ്വയം നഷ്ടപ്പെടാന്‍ തയാറാവണം. 
ഒരു സസ്യം ആയി മുളച്ചു വളരാൻ ആവണം എങ്കിൽ. 

എങ്കിൽ നാം ഓരോരുവരും നാം തേടുന്ന കാര്യത്തിനു വേണ്ടി 
നഷ്ടപ്പെടുന്ന കാര്യത്തിനു വേണ്ടിയും തയാറാവണം.

******

ജീവിതത്തിൽ ജോലി ജീവിതം. 
ജീവിതത്തിന്റെ ശമ്പളം ജീവിതം. 
ജീവിതം കൊണ്ടുള്ള നേട്ടവും നഷ്ടവും ജീവിതം. 

വിഷുദിന ആശംസകൾ.

No comments: