Saturday, June 29, 2024

ദൈവമേ നീ ഇല്ലെന്ന് പറയാൻ ഞാനാര്?

അറിയില്ല, അറിയില്ല, എനിക്കൊന്നും അറിയില്ല.

അറിയില്ലെന്നറിയുന്ന ഞാനാരെന്നും എനിക്കറിയില്ല.

ദൈവമേ നീ ഇല്ലെന്ന് പറയാനും എനിക്കറിയില്ല.

അല്ലേലും ദൈവമേ നീ ഇല്ലെന്ന് പറയാൻ ഞാനാര്?

ഞാനില്ലെന്നറിയുന്ന ഞാൻ, എന്നെ നിശ്ചയിച്ചത് ഞാനല്ലെന്നറിയുന്ന ഞാൻ, പിന്നെ  പ്രത്യക്ഷമായിക്കാണുന്ന ബാക്കിയുള്ളതിനെ മുഴുവൻ എന്ത് വിളിക്കണം? 

പ്രത്യക്ഷമായിക്കാണുന്ന ബാക്കിയുള്ളതിനെ മുഴുവൻ നീയെന്ന് വിളിക്കുകയല്ലാതെ ഞാൻ പിന്നെന്ത് ചെയ്യണം?

ദൈവമേ നീ ഉണ്ടെന്ന് പറയാനും ഞാനാര്?

അറിയയ്കയിൽ എനിക്കെൻ്റെ അറിയയ്കയാണ് അറിവ്. അതുകൊണ്ട് നീയുണ്ട്.

അറിവിൽ അറിവാണ് എനിക്കെൻ്റെ അറിവ് എന്നത് പോലെത്തന്നെ അറിയയ്കയിൽ അറിയയ്കയാണ് എനിക്കെൻ്റെ അറിവ്.

പക്ഷേ എൻ്റെ അറിവ് അറിവാണെന്നും അറിയായ്ക അറിയായ്‌കയാണെന്നും അറിയാനും എനിക്കെന്ത് വഴി?

ഒരുവഴിയുമില്ല.

ധരിക്കുന്നുവെന്ന് കരുതി തെറ്റിദ്ധരിക്കുക മാത്രം.

അറിയുന്നു എന്ന് കരുതി അറിവുകേടിനെ അറിവായി കൊണ്ടിനടക്കുക.

കുടുങ്ങിയ, എന്നെ ഞാനാക്കിയ മാനത്തിൻ്റെ സൗകര്യത്തിനനുസരിച്ച് സംഗതികളെടുക്കുക.

വന്നുവീണ് കെണിഞ്ഞ മാനത്തെ എനിക്കും ആർക്കുമൊരു കെണിയായി കാണാനാവുന്നില്ല, കാണാനാവില്ല.

വന്നുവീണ് കെണിഞ്ഞ ആ മാനം നൽകിയ ഉപാധികളും മാനദണ്ഡങ്ങളും ഇന്ദ്രിയങ്ങളും വെച്ച്, ആ മാനത്തെ സർവ്വവുമായി കണക്കാക്കി സൗകര്യം പൊലെയെടുക്കുക മാത്രം. ഞാനെന്നും നീയെന്നും വരെയെടുക്കുക മാത്രം.

മാനം നൽകിയ ഉപാധികളും മാനദണ്ഡങ്ങളും ഇന്ദ്രിയങ്ങളും വെച്ച് അറിയാവുന്നത് മാത്രമേ അറിയൂ. അറിയാത്തതൊന്നും അറിയില്ല.

മാനം നൽകിയ ഉപാധികളും മാനദണ്ഡങ്ങളും ഇന്ദ്രിയങ്ങളും വെച്ചുള്ള "ഉണ്ട്" "ഇല്ല" എന്നത് മാത്രമേ ഉള്ളൂ. 

മാനത്തിനുള്ളിൽ വെച്ച് അനുഭവഭേദ്യമാകാത്തത് ഇല്ലാത്തത്.

മാനത്തിനുള്ളിൽ വെച്ച് അനുഭവഭേദ്യമാകുന്നത് ഉള്ളത്. 

നമ്മെ സംബന്ധിച്ചേടത്തോളം നമ്മുടെ മാനത്തിനുള്ളിൽ വെച്ച് ഉള്ളതും ഇല്ലാത്തതും വെച്ച് മാത്രം "ഉണ്ട്" "ഇല്ല" എന്ന കരുതൽ, പറച്ചിൽ.

*******

അറിയയ്ക കൊണ്ട് ഇല്ലെന്ന് പറഞ്ഞാലും ഉണ്ടെന്ന് പറഞ്ഞാലും ഒരുപോലെ. 

രണ്ടും അറിയയ്ക മാത്രം. 

ഏറിയാൽ ഉണ്ടെന്ന് പറയുന്നത് അല്പം കളവാണെന്ന് കൂടി വരാമെന്ന് മാത്രം. 

കാരണം, അറിയില്ലെങ്കിൽ അറിയില്ലെന്ന്  പറയുന്നതിന് പകരം അറിയാം, ഉണ്ടെന്ന് പറഞ്ഞ കളവ്.

ഉണ്ടെന്നത് കാഴ്ചയും തെളിവും ആവശ്യപ്പെടുന്നത്. 

എന്നിരിക്കെ കാഴ്ചയും തെളിവും ഇല്ലാതെ ഉണ്ടെന്ന് പറയുന്ന കളവ്.

*******

നിഷേധിക്കാൻ മാത്രം ഞാനില്ല, നിഷേധിക്കാൻ ഞാൻ ആളല്ല. 

വിശ്വാസം പോലെത്തന്നെ ഒരു വിശ്വാസമാണ് നിഷേധവും. 

നിഷേധമെന്ന വിശ്വാസം. 

ഉണ്ടെന്നത് പോലെ തന്നെ ഇല്ലെന്ന കരുതൽ, വിശ്വാസം.

********

അറിവുകേടാണ് എൻ്റെ അറിവ്.

കഴിവുകേടാണ് എൻ്റെ കഴിവ്.

ദൈവം ദൈവമെങ്കിൽ എൻ്റെ കഴിവുകേടും ദൈവം അറിയും.

എനിക്ക് സാധിക്കില്ലെന്നും അറിയാനാവില്ലെന്നും ദൈവം.

എന്നെ ഉണ്ടാക്കിയത് ദൈവമെങ്കിൽ എൻ്റെ കഴിവും കഴിവില്ലായ്മയും ദൈവം തന്നെ ഉണ്ടാക്കിയത്.

അതിനാൽ തന്നെ സത്യസന്ധമായ, അറിയായ്‌ക കൊണ്ടും അറിയാൻ പറ്റായ്‌ക കൊണ്ടുമുള്ള, മാനം നൽകിയ മറയും പരിമിതി കൊണ്ടുമുളള നിഷേധത്തെ വിശ്വാസത്തേക്കാൾ ആ ദൈവം നന്നായെടുക്കുകയും ചെയ്യും.

എനിക്ക് എന്നെയും അറിയില്ല, ദൈവത്തെയും അറിയില്ലെന്ന് ഞാനറിയുന്നു. 

ദൈവം ദൈവമെങ്കിൽ ആ ദൈവവും അറിയും എനിക്ക് എന്നെയും ദൈവത്തെയും അറിയില്ലെന്ന്.

ദൈവം ദൈവമെങ്കിൽ ആ ദൈവത്തിന് എന്നെയും ദൈവത്തെയും അറിയും. എന്നെ എൻ്റെ എല്ലാ പരിമിതികളും കഴിവുകേടുകളും അറിവുകേടും ദൗർബല്യങ്ങളും വെച്ച് തന്നെ അറിയും.

അണു തൊട്ട് അണ്ഡകടാഹം വരെ ഒന്നും എനിക്കറിയില്ല എന്നറിയും. 

ഞാനും എൻ്റേതും എങ്ങിനെയായി എന്നുപോലും എനിക്കറിയില്ല എന്നറിയും.

ആത്യന്തികതയിൽ ഇരുട്ട് മാത്രം. സത്യവും ദൈവവും ഇരുട്ട്.

ആത്യന്തികതയിൽ ഇരുട്ട് മാത്രം. 


ആ ഇരുട്ടിൽ പോകണം, 

ആ ഇരുട്ടിൽ പോകാൻ തയ്യാറാവണം, 

ആ ഇരുട്ടിൽ പോകാൻ സാധിക്കണം. 


കൃത്രിമമായി ഉണ്ടാവുന്ന നിഴലില്ലാത്ത, 

നിഴൽ പിന്തുടരാത്ത ഇരുട്ടിൽ പോകണം, പോകാൻ തയ്യാറാവണം, പോകാൻ സാധിക്കണം.


നിഴൽ വ്യക്തിത്വവും അസ്തിത്വവും നിശ്ചയിക്കാത്ത ഇരുട്ടിൽ പോകണം, പോകാൻ തയ്യാറാവണം, പോകാൻ സാധിക്കണം.


ഇരുട്ട് സ്ഥിരമായത്, 

ഇരുട്ട് ഉപാധികൾ വേണ്ടാത്തത്, 

അതിനാൽ ഇരുട്ട് സ്വാഭാവികം.


ഇരുട്ടിൽ രണ്ടില്ല. 


വെളിച്ചവും നിഴലും ഉണ്ടാവുന്നത് പോലെ ഇരുട്ടിൽ രണ്ടില്ല. 


വെളിച്ചവും ഇരുട്ടും ഉണ്ടാവുന്നത് പോലെ ഇരുട്ടിൽ രണ്ടില്ല. 


അതിനാലെ ഇരുട്ടിൽ വകതിരിവില്ല, വേർതിരിവില്ല.


ഇരുട്ടിൽ ഒന്നേയുള്ളൂ. 


ഇരുട്ടിൽ ഇരുട്ട് എന്ന് പറയാനാവാത്ത വിധം ഒന്ന് പോലും ഇല്ല. ഇരുട്ട് പോലുമില്ല


ഇരുട്ടിൽ തുലനമില്ല, അതുകൊണ്ട് ഇരുട്ട് എന്നത് പോലുമില്ല. 


വെളിച്ചമെന്നത് ഇരുട്ടിൽ കേട്ടുകേൾവി പോലുമല്ല


വെളിച്ചം താത്കാലികം, ഉപാധികൾ വേണ്ടത്, അതിനാൽ കൃത്രിമം. 


വെളിച്ചത്തിൽ രണ്ടുണ്ട്. 


വെളിച്ചവും നിഴലും ഉണ്ടാവുന്നത് പോലെ രണ്ടുണ്ട്. വകതിരിവുണ്ട്, വേർതിരിവുണ്ട്.


വെളിച്ചവും ഇരുട്ടും ഉണ്ടാവുന്നത് പോലെ രണ്ടുണ്ട്. ഇരുട്ടും വെളിച്ചവും ഉണ്ട്.


വെളിച്ചത്തിൽ രണ്ടും അനേകവും ഉണ്ട്. 


വെളിച്ചത്തിൽ വെളിച്ചം എന്ന് പറയേണ്ടി വരുന്ന വിധം രണ്ടും അനേകവും ഉണ്ട്. 


വെളിച്ചത്തിൽ തുലനമുണ്ട്, അതുകൊണ്ട് വകതിരിവുണ്ട്, വേർതിരിവുണ്ട്, ഇരുട്ട് വെളിച്ചം എന്നതുണ്ട്.


ആപേക്ഷിതയുടെ ലോകത്ത് ചുറ്റിലും വെളിച്ചം കൃത്രിമമായി ഉപാധികളോടെ ഉണ്ടാവുമ്പോഴും അവിടവിടെ വെളിച്ചം കയറാത്ത സ്വാഭാവിക ഇടമുണ്ടാവുന്നു. ഇരുട്ടുണ്ടാവുന്നു. 


ആ സ്വാഭാവിക ഇരുട്ടിനെ നാം നമ്മുടെ മാനവും തലവും വെച്ച് മോശമായിക്കണ്ട് നിഴൽ എന്ന് വിളിക്കുന്നു എന്ന് മാത്രം.  


തെറ്റായി മാത്രം ധരിക്കുന്ന നാം ദൈവത്തെയും സത്യത്തെയും അറിവിനെയും അങ്ങനെ വെളിച്ചമായി അവതരിപ്പിക്കുന്നു. 


ആപേക്ഷികതയിൽ നമുക്ക് വെളിച്ചമാണ് വേണ്ടത്, വെളിച്ചമാണ് നല്ലത് എന്ന ഒറ്റക്കാരണത്താൽ ദൈവവും അറിവും സത്യവും വെളിച്ചമാണ് എന്ന് നാം വരുത്തുന്നു. 


നമ്മുടെ ആവശ്യവും അളവുകോലും മാത്രം വെച്ചുകൊണ്ട് അങ്ങനെ ദൈവവും അറിവും സത്യവും വെളിച്ചമാണ്


വെളിച്ചം സ്ഥിരമല്ല, സ്വാഭാവികമല്ല. സത്യമല്ല.


ഇരുട്ടാണ് സ്ഥിരമായത്, സ്വാഭാവികമായത്, സത്യമായത്.


യഥാർത്ഥത്തിൽ ദൈവവും അറിവും സത്യവും ഇരുട്ട് മാത്രമാണ്, ഇരുട്ടിലേക്കാണ് നമ്മെ നയിക്കുന്നത്, നയിക്കേണ്ടത്. 


കാരണം ആത്യന്തിയതയിൽ ഇരുട്ട് മാത്രം, ഇരുട്ടെന്ന് പോലും വിളിക്കപ്പെടാതെ അവശേഷിക്കുന്നു. 


ആത്യന്തികതയിൽ ആവശ്യങ്ങൾ ഇല്ലാത്ത ഉപാധികൾ ആവശ്യമില്ലാത്ത ഇരുട്ട്. 


രണ്ടില്ലെന്നു വരുത്തുന്ന, ഒന്ന് മാത്രമായി, പിന്നീട് ആ ഒന്ന് പോലും അല്ലെന്നും ഇല്ലെന്നും വരുന്ന, വരുത്തുന്ന ഇരുട്ട് മാത്രം. 


ആത്യന്തികത മാത്രമായ ഇരുട്ട്. 


വകതിരിവുകളും വേർതിരിവുകളും ഇല്ലാതാവുന്ന ഇരുട്ട്.


രണ്ടില്ലാത്ത ഇരുട്ട്. 


ഒന്ന് മാത്രമായ ഇരുട്ട്. 


ഒന്നും പോലും അല്ലെന്നും ഇല്ലെന്നും വരുന്ന, വരുത്തുന്ന ഇരുട്ട്.


(ദൈവം എന്ന വാക്ക് വെളിച്ചം കൊണ്ടാണ് വെളിച്ചം എന്ന അർത്ഥം തരും 

വിധമാണ് എന്നതും നാം നമ്മുടെ ആപേക്ഷികമായ ആവശ്യവും അളവുകോലും മാത്രം വെച്ചുണ്ടാക്കിയ മറ്റൊരബദ്ധം)

Friday, June 28, 2024

ഒരു കല്യാണക്കത്ത്. ആ കത്തിലൊരു വിത്ത്.

ഒരു കല്യാണക്കത്ത്. 

ആ കത്തിലൊരു വിത്ത്. 


(ആ വിത്തും 

വിത്ത് പേറുന്ന കത്തും 

താഴെ ചിത്രത്തിൽ).


കത്ത് വിത്തും

വിത്ത് കത്തുമാകുന്ന

വേറിട്ട കാഴ്ച, 

വ്യത്യസ്തമായ അനുഭവം.


എല്ലാറ്റിലുമൊരു വിത്തും

എല്ലാ വിത്തിലും

ഒരായിരം സന്ദേശങ്ങൾ പേറുന്ന കത്തും

ഉണ്ടെന്നറിയിക്കുന്ന കാഴ്ച, അനുഭവം.


ഓരോ വിത്തും 

ഒരു പ്രപഞ്ചത്തെ

ഗർഭം ധരിക്കുന്നു,

ഓരോ പ്രപഞ്ചവും 

സ്വയമൊരു 

വിത്തുമായിത്തീരുന്നു.

വല്ലാത്ത കാഴ്ച, 

വേറിട്ട അനുഭവം.


ഓരോ നിമിഷവും

ഓരോ വിത്ത് കൂടിയാണ്,

എന്തൊക്കെയോ അറിയിക്കുന്ന

കത്ത് കൂടിയാണ്.


ജീവിതം പേറുന്ന വിത്ത്

സ്വയമൊരു കത്ത്.


ജീവിതമായി വളരേണ്ട വിത്ത്,

ജീവിതത്തെ വിളംബരം ചെയ്യുന്ന കത്ത്.


ജീവിതത്തെ പേറിനടക്കേണ്ട വിത്ത്,

ജീവിതത്തിന് വഴിയും വിളക്കുമാകുന്ന കത്ത്.


വിത്തായി മുളച്ച് 

വൃക്ഷമായി വളർന്ന് 

വൃക്ഷത്തിലൊരായിരം 

വിത്തുകളുണ്ടായി 

ആ വിത്തുകളും മുളച്ച് 

ജീവിതം സ്വയമൊരു 

പൂന്തോട്ടമാവണമെന്നാഗ്രഹിച്ച് 

വിത്തുംപേറി വന്നൊരു 

കല്യാണക്കത്ത്. 


വേരിറക്കാനുറച്ച്,

കൊമ്പുകുലുക്കാൻ നിനച്ച്, 

ആകാശം മുട്ടാൻ തന്നെ ഉയരുന്ന 

വിത്ത്, കത്ത്. 


അങ്ങനെയൊരു 

വിത്തായ കത്തായ

പുതിയ ആശയം, 

പുതിയ സന്ദേശം. 


കല്യാണപ്പെണ്ണ് (Siya'a Inaya) 

തന്നെ ഒരുക്കിയ കല്യാണക്കത്ത്.

സ്വയമൊരു വിത്തായ 

ആശയം, സന്ദേശം, കത്ത്. 


അതും, 

സ്വന്തം അനുജത്തിയുടെ (Anam Leen)

കൈപ്പടയിൽ ഒരുങ്ങിയ

ചേച്ചി കല്യാണപ്പെണ്ണ് തന്നെ 

നൂല് കോർത്ത് കെട്ടി നൽകുന്ന 

വിത്തായ കത്ത്. 


സ്വന്തം ജീവിതവും

സ്വന്തം ജീവിതം പോലെ

സർവ്വരുടെ ജീവിതവും 

വിത്തായി 

വൃക്ഷമായി 

പൂന്തോട്ടമായി 

പുഷ്‌കലമാവണമെന്നാഗ്രഹിക്കുന്ന 

ഒരു കല്യാണക്കത്ത്.

ഒരു വിത്ത്.


അതുകൊണ്ട് മാത്രം 

ഈയൊരു കുറിപ്പ്.

വേറൊരു വിത്ത്, 

മറ്റൊരു കത്ത്.

Monday, June 24, 2024

മൊത്തം ചോർച്ച. നാടിനെയും നാട്ടുകാരെയും തന്നെ ചോർത്തുന്നവർ,

മൊത്തം ചോർച്ച. 

നീറ്റ് ചോർച്ച, 

നെറ്റ് ചോർച്ച,

രാമക്ഷേത്ര ചോർച്ച. 


നാടിനെയും നാട്ടുകാരെയും ചോർത്തുന്നവർ, ചേർത്തുപിടിക്കാത്തവർ 

അവർ മൊത്തം നാടിനെയും നാട്ടുകാരെയും ചോർത്തും നശിപ്പിക്കും. 

ഇപ്പോൾ രാജ്യസ്നേഹമെന്നാൽ വെറുപ്പും വിഭജനവും കളവും നടത്തുക, നാടിനെ നശിപ്പിക്കുക എന്ന പുതിയ നിർവ്വചനവുമുണ്ട്..

********

രാം മന്ദിറിൽ, അതും രാം ലല്ല പ്രതിഷ്ഠയുടെ അടുത്ത്, നടക്കുന്ന ചോർച്ചക്കും ഉത്തരവാദി കോൺഗ്രസ്സും നെഹ്രുവും തന്നെ. 

പ്രാധാനമന്ത്രിയോ മറ്റാരെങ്കിലുമോ വല്ലവിധേനയും കുളിമുറിയിലോ മറ്റോ വഴുക്കിവീണാലും കുറ്റംപറയാൻ കോൺഗ്രസ്സും നെഹ്രുവും പാക്കിസ്ഥാനും മുസ്ലിംകളും ഒക്കെ ഉള്ളത് വല്ലാത്തൊരു ഭാഗ്യം തന്നെയാണ്.

*******

ഇന്ത്യയെ നിർമ്മിക്കാനും വളർത്താനും വേണ്ടത് ഇന്ത്യക്കാരായ മനുഷ്യരാണ്. 

അല്ലാതെ ഹിന്ദുവും മുസ്ലിമും ക്രിസ്റ്റ്യനുമല്ല. 

ശത്രുവെ ഉണ്ടാക്കിക്കാണിച്ച് അധികാരം സ്ഥാപിക്കുക സാമ്രാജ്യത്വശക്തികളുടെ രീതി. 

സ്വന്തം നാട്ടുകാരെത്തന്നെ ശത്രുവാക്കിക്കാണിച്ച് അധികാരം നേടാനും ഉറപ്പിക്കാനും ആര് ശ്രമിച്ചാലും അവരും സാമ്രാജ്യത്വശക്തികൾ തന്നെ.

Sunday, June 23, 2024

എങ്ങനെ നോക്കിയാലും വെറും ഭ്രാന്ത്.

എല്ലാ തിരിച്ചറിവും ബോധോദയവും പ്രായോഗികലോകത്ത് നിന്ന് നോക്കിയാൽ വെറും ഭ്രാന്ത്. 

നേരെമറിച്ച് തിരിച്ചറിവിൻ്റെയും ബോധോദയത്തിൻ്റെയും ലോകത്ത് നിന്ന് നോക്കിയാൽ പ്രായോഗികലോകം വെറും ഭ്രാന്ത്. 

താഴ്‌വരക്കും മലമുകളിലിനും ഇടയിൽ നിൽക്കാനോ നന്നേബുദ്ധിമുട്ടും.

********

എന്തെല്ലാം കടന്നുപോയി. 

കടന്നുപോയ അവസ്ഥകളെല്ലാം അപ്പപ്പോൾ പ്രധാനമായിരുന്നു. 

ഒരവസ്ഥയും നമ്മളും സ്ഥിരമല്ല. 

ഒരവസ്ഥയിലും നമുക്ക് പിടിച്ചുനിൽക്കാനാവില്ല. 

ഒരവസ്ഥക്കും നമ്മളിലും പിടിച്ചുനിൽക്കാനാവില്ല. 

എന്നിട്ടും ശ്രമിക്കുന്നു. 

പിടിച്ചുനിൽക്കാൻ. 

അവസ്ഥയിൽ നമ്മെയും 

നമ്മളിൽ അവസ്ഥയെയും 

പിടിച്ചുനിർത്താൻ.

*******

എന്തായാലും മരിക്കും. ജീവിക്കുന്നവനും ജീവിപ്പിക്കുന്നവനും മരിക്കും. എന്തായാലും മരിക്കുമെന്നറിഞ്ഞിട്ടും, 'ഞാനും ' 'നീയും' ഇല്ലാത്തതും നിൽനിൽക്കാത്തതും എന്നറിഞ്ഞിട്ടും എന്തിന് ജീവിക്കുന്നു? എന്തിന് ജീവിപ്പിക്കുന്നു? 

ചോദ്യമുണ്ട്. 

ഉത്തരമില്ല.

*****

ജീവിക്കുവോളം ജീവിക്കുക തന്നെയെല്ലാവരും. 

ആദ്യമാദ്യം ആലോചനയുണ്ട്, സ്വപ്നങ്ങളുണ്ട്, ആസ്വാദനമുണ്ട്. 

പിന്നെപ്പിന്നെ ആലോചനകളും സ്വപ്നങ്ങളും ആസ്വാദനങ്ങളും ഇല്ലാതെ, 

പകരം അവയുണ്ടാക്കിയ കെണിയിലകപ്പെട്ട് ആ കെണിയെത്തന്നെ സമ്പാദ്യമായിക്കണ്ട്, താനെന്നും തൻ്റേതെന്നും ധരിച്ച് അഹങ്കരിച്ച് നടക്കുക.

********

ഓരോ പുരുഷനും ഗൗരവം നടിച്ച് അടയിരിക്കുന്നത് താനനുഭവിക്കുന്ന ശൂന്യതയുടെ പുറത്താണ്. 

കവിതയും അധികാരവും ചിന്തയും ജോലിയും ഒക്കെയായ്.

********

അവരുടെ ദൈവം പോലും സെൽഫ് മാർക്കറ്റിംഗ് നടത്തുന്ന ദൈവം. 

എങ്കിൽ അവർ എല്ലാവരെ കുറിച്ചും അങ്ങനെ ചിന്തിച്ചുപോകും. 

ഓരോരുത്തൻ്റെയും നിരീക്ഷണവും അഭിപ്രായവും അവരവരുടെ നിലവാരവും മനോഗതിയും പോലെ. 

തനിക്ക് വേണ്ടി താൻ ചിന്തിക്കുന്നത് അവർ മറ്റുള്ളവരുടെമേലും ആരോപിച്ച് പറയും. 

അതുകൊണ്ട് അത്തരക്കാരോട് മറിച്ചെന്ത് പറയാൻ?

*******

ജിഹാദിയും പറയുന്നത് തന്നോട് ദൈവം കല്പിച്ചതാണ്, തന്നെ ദൈവം ഏൽപ്പിച്ചതാണ്, അയച്ചതാണ് എന്നതാണ്.

മറ്റൊന്ന് കൊണ്ടുമല്ല. 

ജിഹാദിയും പറയുന്നത് തന്നോട് ദൈവം കല്പിച്ചതാണ്, തന്നെ ദൈവം ഏൽപ്പിച്ചതാണ്, തന്നെ ദൈവം അയച്ചതാണ് എന്നാണ്. 

ജിഹാദിയുടെ (ധർമ്മയുദ്ധം ചെയ്യുന്നവൻ്റെ) വിശ്വാസവും തന്നോട് ദൈവം കല്പിച്ചതാണ്, തന്നെ ദൈവം ഏൽപ്പിച്ചതാണ്, തന്നെ ദൈവം അയച്ചതാണ് എന്നതാണ്. 

പ്രധാനമന്ത്രിയും അവരുടെ പാർട്ടിയും വേറൊരു കോലത്തിൽ ഇത്തരമൊരു ജിഹാദിയുടേത് പോലുള്ള മാനസിക നിലവാരത്തിൽ തന്നെയാണുള്ളത്. 

പ്രധാനമന്ത്രിയും അവരുടെ പാർട്ടിയും ജിഹാദ് തന്നെയാണ് പറയുന്നതെന്നും ചെയ്യുന്നതെന്നും ഇക്കോലത്തിലെങ്കിലും നമുക്ക് അവരോട് പറയാൻ സാധിക്കണം.

ജിഹാദ് തെറ്റെങ്കിൽ, തീവ്രവാദമെങ്കിൽ, ഭീകരവാദമെങ്കിൽ ഭരണകൂട പാർട്ടിയുടെ ജിഹാദും (പേര് വേറേത് ഭാഷയിൽ വേറെന്ത് വിളിച്ചാലും) തെറ്റും തീവ്രവാദവും ഭീകരവാദവും തന്നെ. 

ധർമ്മയുദ്ധം എന്ന ന്യായം ഉള്ളവർക്ക് കുറ്റബോധം ഉണ്ടാവില്ല. കാരണം, അവർ എല്ലാറ്റിലും പുണ്യം കാണുന്നു, ധർമ്മം കാണുന്നു. 

ഇന്ത്യയിലെ വലത് പക്ഷ തീവ്രവാദ ഭീകരവാദ സംഘങ്ങളും എത്തിപ്പെട്ടിരിക്കുന്നത് ഇത്തരമൊരു ന്യായത്തിലും മാനസികാവസ്ഥയിലും തന്നെയാണ്. ഭഗവദ്ഗീത അവർക്കതിന് ന്യായവും ഊർജവും ആണ്.

വലത്പക്ഷ പാർട്ടി പ്രവർത്തകർക്ക് കുറ്റബോധം തീരേ ഇല്ലാത്തത് അവരെ ഇതൊക്കെ ധർമ്മയുദ്ധത്തിൻ്റെ ഭാഗമാണ് എന്ന് ആരൊക്കെയോ പറഞ്ഞു പഠിപ്പിച്ചത് കൊണ്ടാണ്. ആ നിലക്ക് അവരെ മസ്തിഷ്കപ്രക്ഷാളനം ചെയ്തുവെച്ചത് കൊണ്ടാണ്.

അതുകൊണ്ട് തന്നെ അവർ ചെയ്യുന്നത് മുഴുവൻ അവർക്ക് പുണ്യം, ധർമ്മം, ദൗത്യം. ഏതൊരു തീവ്രവാദ ഭീകരവാദ സംഘവും കരുതുന്നത് പോലെ.

അവർ ചെയ്യുന്നതെന്തെന്ന് അവർ (ഇങ്ങനെ ധർമ്മയുദ്ധം ആയല്ലാതെ) മറിച്ച് മനസ്സിലാക്കാത്ത സ്ഥിതിക്ക്. 

അവരും തീവ്രവാദികൾ തന്നെ, മനോരോഗികൾ തന്നെയെന്ന് അവരോട് വിളിച്ചുപറയാൻ തൻ്റേടം നമ്മൾ കാണിക്കണം.

Friday, June 21, 2024

സംസ്കൃതത്തെ ആര് എവിടെ മഹത്വപ്പെടുത്തി?

സംസ്കൃതത്തെ ആര് എവിടെ ഇല്ലാത്തത് പറഞ്ഞ് വെറും കാല്പനികമായും അന്ധഭക്തി കൊണ്ടും മഹത്വപ്പെടുത്തി?

ഈയുള്ളവൻ ചെയ്തില്ല. 

ഇനി വല്ലവിധേനയും സംസ്കൃതത്തെ ശരിയായ നിലക്കും തികച്ചും അർഹതപ്പെട്ട നിലക്കും മഹത്ത്വപ്പെടുത്തിപ്പോയെങ്കിൽ അത് വലിയ അപരാധമാണെന്ന് കരുതുന്നത് കൊണ്ടല്ല മേൽ ചോദിച്ചത് പോലെ ചോദിച്ചതും ഉത്തരം നൽകിയതും. മേൽ ചോദിച്ചത് പോലെ ചോദിച്ചത്.

സംസ്കൃതത്തെ എന്നല്ല ഏത് ഭാഷയെയും അതർഹിക്കും വിധം മഹത്വപ്പെടുത്താം. 

അറബിഭാഷ ഇന്ത്യൻ സ്കൂളുകളിൽ പഠിപ്പിക്കേണ്ടതില്ല എന്ന് പറയുന്നത് അറബിഭാഷയുടെ മഹത്വം മനസ്സിലാക്കാത്തത് കൊണ്ടോ അറബിഭാഷയെ കുറച്ചുകാണുന്നത് കൊണ്ടോ അല്ല.

പകരം, അങ്ങനെയൊരു മഹത്വപ്പെടുത്തലും ഇടിച്ചുതാഴ്‌ത്തലും ചെയ്തിട്ടില്ലാത്തത് കൊണ്ടും ഉദ്ദേശിച്ചിട്ടില്ലാത്തത് മാത്രം. 

കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്നത് പോലെ അറബിഭാഷയെ ഇന്ത്യയിൽ പഠിപ്പിക്കുന്നത് ചോദ്യം ചെയ്യുമ്പോൾ പ്രതിക്രിയക്ക് സംസ്കൃത്തത്തെയോ ഹിന്ദിയെയോ എടുത്തിടുന്ന പരിപാടിയെ പ്രതിരോധിക്കുന്നു എന്ന് മാത്രം.

വിഷയം പറഞ്ഞത് വേറെ കാര്യമായിരുന്നു. 

പക്ഷേ ചിലർക്ക് എന്ത് പറഞ്ഞാലും തിരിച്ച് പയറഞ്ഞാഴിയോ എന്ന് തന്നെയായത് കൊണ്ട് വിഷയം അങ്ങനെയാണെന്നും അവർക്ക് തോന്നിയതാണ്, അവർ വരുത്തിയതാണ്.

അറബിഭാഷയെ കുറിച്ചും അത് ഒരു വിദേശഭാഷ എന്ന നിലക്ക് (ഒപ്പം പലപ്പോഴും ഇങ്ങ് ഇന്ത്യയിൽ അതൊരു പ്രത്യേക മതക്കാരുടെ മതഭാഷയായി നിൽക്കുന്നു എന്ന നിലക്കും) ഇന്ത്യൻ സ്കൂളുകളിൽ പഠിപ്പിക്കുന്നതിൻ്റെ അനാവശ്യകതയെ കുറിച്ച് സംസാരിച്ചപ്പോൾ തൂക്കം ഒപ്പിക്കാൻ സംസ്കൃതം എടുത്തിട്ടത് ആരാണ് ? 

അറബ് ഭാഷയുടെ ആളുകളാണെന്ന് സ്വയം കരുതി ഇടപെട്ടവർ.

പലപ്പോഴും ഒരു പ്രത്യേക മതക്കാർ. 

അച്ഛൻ പത്തായത്തിൽ ഇല്ലെന്ന് പറയും പോലെ അവർ ഓടിവരുന്നു. എന്നിട്ടവർ തന്നെ പറയും അറബിഭാഷ മതഭാഷ അല്ലെന്ന്. അവരുടെ മതഭ്രാന്തും അസഹിഷ്ണുതയും തീവ്രതയും ഇളക്കിക്കാണിച്ചുകൊണ്ട് തന്നെ.

അവരുടെ മതവികാരത്തെ തന്നെ അറബിഭാഷക്കുള്ളിൽ ഒളിപ്പിച്ച് കൊണ്ട് അവർ ഒടിവരുന്നു.

ആപ്പിളിനെ പേരക്ക കൊണ്ട് തുലനം ചെയ്യുന്നത് പോലെ അറബിഭാഷ പഠിപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കുമ്പോൾ ഇന്ത്യയിലെ ഒരു ഭാഷയെ (സംസ്കൃതത്തെ) കൊണ്ടുവരേണ്ട ആവശ്യമില്ല. 

കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്നത് പോലെ എല്ലാ സംഗതിയിലും പകരത്തിന് പകര പ്രതിക്രിയ വേണ്ടതില്ല.

അറബിഭാഷ ഇന്ത്യൻ ഭാഷയാണോ?

അല്ല.

ഇന്ത്യയിൽ നിന്ന് ഇന്ത്യൻ ഭാഷയെ കുറിച്ച് സംസാരിക്കുന്നത് സ്വഭാവികമല്ലേ? അതും തീരെ അന്യംനിന്നുപോകുന്ന ഒരു ഭാഷയെ കുറിച്ച്.

അറബിഭാഷയെ കുറിച്ചും അറബിഭാഷ ഇന്ത്യൻ സ്കൂളുകളിൽ ഇന്ത്യൻ സർക്കാരിൻ്റെ ചിലവിൽ പഠിപ്പിക്കുന്നതിൻ്റെ (അതും വെറും കോപ്രായം പോലെ, യഥാർത്ഥത്തിൽ എവിടെയും പഠിപ്പിക്കാത്തതിൻ്റെ) അനൗചിത്യത്തെ  കുറിച്ചും സംസാരിക്കുമ്പോൾ അവിടെ സംസ്കൃതം എടുത്തിടേണ്ട ആവശ്യമില്ല.

അതാണ് ഇക്കാര്യത്തിൽ ഈ ചർച്ചയിൽ സംഭവിച്ചത് സംഭവിച്ചത്.

ഇത് സംബന്ധമായി ഈയുള്ളവൻ്റെ ആദ്യപോസ്റ്റ് നോക്കൂ...  

പിന്നെ തുടർച്ചയായി മറുപടിയായി ഇട്ട നാല് പോസ്റ്റുകളും നോക്കൂ. 

പോസ്റ്റുകൾ താഴെ: 

പോസ്റ്റ് നമ്പർ 1: "അറബിക് ഒരു മതഭാഷയായാണ് ഇന്ത്യയിലുള്ളത്. മതഭാഷയെന്ന നിലക്ക് ഒരു ഭാഷയും സ്‌കൂളുകളിൽ പഠിപ്പിക്കേണ്ടതില്ല. അതിന് വേറെതന്നെ ഇടങ്ങളുണ്ട്. മതഭാഷകൾ പഠിപ്പിക്കാനും മതം വിൽക്കാനുമല്ല സർക്കാർ ശമ്പളം നൽകേണ്ടത്. വെറുതെ വന്നുപോയി ശമ്പളം വാങ്ങുന്നതല്ലാതെ അറബിക് അദ്ധ്യാപകർ ആരെയെങ്കിലും എന്തെങ്കിലും എപ്പോഴെങ്കിലും കാര്യമായി പഠിപ്പിച്ചതായി അറിയില്ല."

മേൽ പോസ്റ്റിന് വന്ന പ്രതികരണങ്ങൾക്ക് പ്രതികാരമായി തുടർന്ന് നൽകിയ മറുപടിയാണ് ബാക്കി രണ്ടെണ്ണം. 

പോസ്റ്റ് നമ്പർ 2: " സംസ്കൃതം പോലെയാണോ അറബിഭാഷ? സംസ്കൃതം ഇന്ത്യയുടെ പൈതൃകം പേറുന്ന ഭാഷയാണ്. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷക്കും സംസ്കൃതവുമായി എന്തെങ്കിലും ബന്ധമുണ്ട്. ഇന്ത്യൻ സംസ്കാരവും ദർശനങ്ങളും അതിലെ വൈവിധ്യവും വിളിച്ചോതുന്ന വേദങ്ങളും പുരാണങ്ങളും ഉപനിഷത്തുകളും സംസ്കൃതത്തിലാണ്. അറബിഭാഷ തീർത്തും വൈദേശികവും പലപ്പോഴും ഒരേയൊരു മതവുമായി ബന്ധപ്പെട്ടതുമാണ്."

പോസ്റ്റ് നമ്പർ 3: " ഇന്ത്യൻ ഭാഷകൾക്ക് ഇന്ത്യയല്ലാതെ വേറെ ഏത് രാജ്യം പരിഗണനയും പ്രോത്സാഹനവും നൽകും? അറബിഭാഷക്ക് അറബ്നാട്ടിൽ കിട്ടുന്ന പരിഗണന നമ്മുടെ നാട്ടിൽ നമ്മുടെ ഭാഷകൾക്ക്, ആ ഭാഷകളിൽ ഒന്നായ, ഏറെ പ്രത്യേകതകളുള്ള, എന്നാൽ പലകാരണങ്ങളാൽ അന്യംനിന്നുപോയ സംസ്കൃതത്തിനും കിട്ടേണ്ടതില്ലേ, നൽകേണ്ടതില്ലേ?"

പോസ്റ്റ് നമ്പർ 4 : "അറബിഭാഷ (ചുരുങ്ങിയത് ഇന്ത്യയിൽ) മതഭാഷ തന്നെയാണ്. അറബ് രാജ്യങ്ങളായിത്തീർന്ന കുറെ രാജ്യങ്ങളിൽ അറബിഭാഷ രാഷ്ട്രഭാഷയും മറ്റുമൊക്കെയായിട്ടുണ്ട്. അറബിഭാഷ മതഭാഷയായത് കൊണ്ടാണ് ഇന്ത്യയിലെ സ്കൂളുകളിൽ അറബിഭാഷ എന്തിന് പഠിപ്പിക്കുന്നുവെന്ന് ചോദിക്കുമ്പോൾ മുസ്ലിംകൾ ഒന്നടങ്കം അസ്വസ്ഥരാവുന്നത്,  സംരക്ഷിക്കാനെന്നോണം ഇറങ്ങിപ്പുറപ്പെടുന്നത്, പകരംവീട്ടാൻ സംസ്കൃതത്തെ ചോദ്യം ചെയ്യുന്നത്".

ഇതിലിവിടെയെങ്കിലും സംസ്കൃതത്തെയോ വേറെ ഏതെങ്കിലും ഭാഷയെയോ മഹാത്വപ്പെടുത്തിയതായോ ഇകഴ്ത്തിയതായോ കാണിക്കാൻ സാധിക്കുമോ? 

ഇല്ല. കാരണം മഹത്വപ്പെടുത്തലും ഇകഴ്ത്തലും ആയിരുന്നില്ല പോസ്റ്റുകളുടെ ഉദ്ദേശം.

അങ്ങനെ സംസ്കൃതത്തെയോ മറ്റേതെങ്കിലും ഭാഷയെയോ മഹത്ത്വപ്പെടുത്തിപ്പോയെങ്കിൽ അത് വലിയ അപരാധമാണെന്ന് കരുതുന്നത് കൊണ്ടല്ല. പകരം അങ്ങനെ ചെയ്തിട്ടില്ലാത്തത് കൊണ്ട് മാത്രമെന്ന് ഒരിക്കൽ കൂടി പറയട്ടെ.

ഇടക്ക് കമൻ്റുകളിൽ പലതും വ്യക്തിപരതയിലേക്കും വ്യക്തിയധിക്ഷേപത്തിലേക്കും പോയപ്പോൾ താഴെ കൊടുക്കുന്നത് പോലെ വേറൊരു പോസ്റ്റും ഇട്ടു.

പോസ്റ്റ് നമ്പർ 5: "വിഷയം പറയുമ്പോൾ വ്യക്തിപരത കടന്നുവരരുത്. വ്യക്തിപരത കടന്നുവരുന്നത് അപക്വതയും സംസ്കാരരാഹിത്യവും അസഹിഷ്ണുതയുമാണ്. ചർച്ചകളും സംവാദങ്ങളും ആരോഗ്യകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കാത്തത് കൊണ്ടാണ്.  ഓരോരുത്തരുടെയും പശ്ചാത്തലവും മനശ്ശാസ്ത്രവും അങ്ങനെയായത് കൊണ്ടാണ്. അതുകൊണ്ട് തന്നെ ആരെങ്കിലും വ്യക്തിപരത കൊണ്ടുവരുമ്പോൾ ആസ്വദിക്കുക മാത്രം. അവർക്ക് പറ്റുംപോലെയല്ലേ അവർക്ക് പറ്റൂ. അല്ലാതെന്ത് ചെയ്യാം?"

ഇതാണ് ആകയാൽ സംഭവിച്ചത്.

മറിച്ച് തോന്നുന്നത് അറബിഭാഷക്ക് പിറകിൽ മതവികാരവും അതുണ്ടാക്കുന്ന തീവ്രതയും അസഹിഷ്ണുതയും  ഒളിച്ചുനിൽക്കുന്നത് കൊണ്ട് മാത്രമാണ്. 

ഒരുപക്ഷേ മതേതരരെന്ന് പ്രത്യക്ഷത്തിൽ പറയുന്ന മുസ്‌ലിം വരെ അങ്ങനെ എന്ന് പറയേണ്ടി വന്നാൽ അവർക്കും അത് നിഷേധിക്കാൻ സാധിക്കുമോ എന്ന് ഈയുള്ളവന് സംശയമാണ്. അവരത് ഒരുപക്ഷേ നിഷേധിക്കാൻ വേണ്ടി നിഷേധിക്കുമെങ്കിലും.

അല്ലാതെ വസ്തുതയും വാസ്തവവും പറഞ്ഞതല്ലാതെ ഒന്നും പ്രത്യേകിച്ച് മഹത്വപ്പെടുത്തി പറയേണ്ടി വന്നിട്ടില്ല. 

വസ്തുതയും വാസ്തവവും പറയുന്നത് മഹാത്വപ്പെടുത്തലായി തോന്നുന്നുവെങ്കിൽ മറിച്ചൊന്നും പറയാനില്ല.