Sunday, September 18, 2022

ക്ലോസെറ്റില്‍ എന്ത്‌ പൊന്ന്, എന്തിന്‌ പൊന്ന്?

നിങ്ങളെ അറിയാത്തവർ,

നിങ്ങളെ വേണ്ടാത്തവർ

നിങ്ങളെ അവഗണിക്കും.


അവർ നിങ്ങളെ

അര്‍ഹിക്കുന്നില്ല

എന്ന് മാത്രം മനസിലാക്കുക


ക്ലോസെറ്റില്‍

എന്ത്‌ പൊന്ന്

എന്തിന്‌ പൊന്ന്


നിങ്ങളെ ആവശ്യമില്ലാത്തിടത്ത്

നിങ്ങൾ അവഗണിക്കപ്പെടും.

അവഗണിക്കപ്പെടണം.


അത്‌, യഥാര്‍ത്ഥത്തില്‍

അവഗണനയല്ല.

ശരിയായ പരിഗണനയാണ്


നിങ്ങളെ അവര്‍ക്ക്

ഉപയോഗപ്പെടില്ലെങ്കില്‍ 

നിങ്ങൾ അവഗണിക്കപ്പെടും.


നിങ്ങളില്‍ നിന്ന് കിട്ടുന്ന

ഉപയോഗത്തിനനുസരിച്ചാണ്

പരിഗണന, ബഹുമാനം.


ഉപയോഗപ്പെടുന്നത്ര

നിങ്ങൾ അവര്‍ക്കുള്ള

ഉപകരണമാവണം,

വസ്തു ആവണം

അടിമയാവണം

പരിഗണന കിട്ടാന്‍


അടുപ്പില്‍ തീ കത്താന്‍

വെള്ളം വേണ്ട.


കിണറില്‍ വെള്ളമുണ്ടാവാന്‍

തീയും വേണ്ട.


അവിടം അവ

ഉപയോഗപ്പെടില്ല


അതിനാല്‍

അവഗണിക്കപ്പെടും.


അവഗണനയാണ്

യാഥാര്‍ത്ഥ പരിഗണന,

ബഹുമാനം.


അത്തരം അവഗണനയില്‍

സന്തോഷിക്കുകയും

ആനന്ദിക്കുകയും ചെയ്യുക.


അത്തരം അവഗണനയാണ്

നിങ്ങളുടെ യാഥാര്‍ത്ഥ വില,

നിങ്ങളോടുള്ള ബഹുമാനം.


യാഥാര്‍ത്ഥ വിലയും

ഗുണവും ഉപയോഗവും

അറിയുന്നവനല്ലേ

അതിനെ വിലമതിക്കൂ.


******


സ്വീകാര്യതയും സ്വീകരിക്കലും

രണ്ടും രണ്ടാണ്.


സ്വീകരിക്കുക എന്നത്

ഓരോന്നും ഓരോരുത്തനും

ചെയ്യുന്ന കാര്യം.


സ്വീകാര്യത എന്നത്‌

ഓരോന്നിനും ഓരോരുത്തര്‍ക്കും

പല കാരണങ്ങൾ കൊണ്ടും

കിട്ടുന്നത്.


നിങ്ങള്‍ക്ക് കിട്ടുന്ന സ്വീകാര്യതയെ

നിങ്ങളുടെ സ്വീകരിക്കലാക്കരുത്


ജനങ്ങളില്‍ നിന്നും

ചുറ്റുപാടില്‍ നിന്നും കിട്ടുന്ന

സ്വീകാര്യതയും ബഹുമാനവും

അവര്‍ക്ക് ഇഷ്ടമാകാത്ത,

എന്നാല്‍ ശരിക്കും സത്യമെന്ന് 

നിങ്ങള്‍ക്ക് ബോധ്യമുള്ള

കാര്യങ്ങൾ പറയുന്നതിൽ നിന്നും

നിങ്ങളെ തടയും.


ബഹുമാനിക്കപ്പെടുന്നവന്‍

എപ്പോഴും

ബഹുമാനിക്കുന്നവന്റെ

അടിമയാണ്‌.


ബഹുമാനിക്കപ്പെടുന്നവന്‍

പൂജിക്കുന്നത്

തന്റെ തന്നെ പ്രതിഷ്ഠയെ. 


തന്റെ പ്രതിഷ്ഠ

അവന്‍ വെച്ചിരിക്കുന്നത്

തന്നെ ബഹുമാനിക്കുന്നവനെന്ന

കോവിലില്‍ ആണ്‌


അതിനാല്‍,

ബഹുമാനിക്കപ്പെടുന്ന നേതാക്കള്‍

എപ്പോഴും

അവരെ ബഹുമാനിക്കുന്ന

ജനങ്ങൾക്ക് മുന്നില്‍

അഭിനയിച്ചു മാത്രം

ജീവിക്കുന്നു.


Saturday, September 17, 2022

കളി കളിയാണ്; കാര്യമല്ല. കളിയുടെ പേരും കളിയെന്നാണ്; കാര്യമെന്നല്ല.

കളി കളിയാണ്; കാര്യമല്ല. 
കളിയുടെ പേരും കളിയെന്നാണ്; കാര്യമെന്നല്ല. 

കാര്യത്തിനിടയിൽ ആശ്വാസമേകാനാണ് കളി. 
ഒന്ന് ഗൗരവം കുറച്ചു കുളിരേകാൻ. 
സംതുലനം വീണ്ടെടുക്കാൻ. 

വാഹനങ്ങൾക്കു  പെട്രോളിൽ തന്നെ ഇന്ധനം. 
പെട്രോൾ ആയ കാര്യത്തിൽ.

എന്നാലും, റേഡിയേറ്ററിൽ വെള്ളം നിറച്ചു ആശ്വാസം നൽകണം. 
എന്ജിന് കുളിരേകണം. 

എങ്കിലേ ദീർഘകാലം എൻജിൻ പണിയെടുക്കൂ. 

അതാണ് കാര്യത്തിനിടയിലെ കളി. 
എപ്പോഴും പണിയെടുക്കേണ്ട മെഷീനിൽ ഗ്രീസ് പുരട്ടുന്നത് പോലെ. 
ഉരഞ്ഞു ചൂടായി കത്തിപ്പോകാതിരിക്കാൻ. 

റേഡിയേറ്ററിൽ ഒഴിക്കുന്ന വെള്ളത്തിന്റെയും മെഷീനിൽ പുരട്ടുന്ന ഗ്രീസിന്റെയും സ്ഥാനവും ജോലിയും ആണ് ജീവിതത്തിൽ കളിക്കുള്ളത്, കളി കാണുന്നതിനുള്ളത്. 

കളിയെന്ന  നിലക്ക് നൃത്തമായാലും സിനിമയായാലും അപ്പടി.  

വാക്കുകൾക്കിടയിൽ വാക്കുകൾ ഉണ്ടാവാൻ കാരണമായ ഒഴിഞ്ഞ സ്ഥലം പോലെ ഇത്തരം കളികളും ലീലകളും. 

വെറുതെ എന്ന് തോന്നും. 

പക്ഷെ ആ ഒഴിഞ്ഞ സ്ഥലം  ഇല്ലെങ്കിൽ അക്ഷരങ്ങൾ വേർതിരിഞ്ഞു നിൽക്കില്ല, വ്യക്തമാവില്ല, അക്ഷരങ്ങൾ ആവില്ല. വാക്കുകൾ വാക്കുകൾ ആവില്ല. വാചകങ്ങളും ഖണ്ഡികകളും അദ്ധ്യായങ്ങളും അവയാവില്ല.  

അക്ഷരങ്ങൾക്കും വാക്കുകൾക്കും ഇടയിലെ വെറുതെ എന്ന് തോന്നുന്ന ഒഴിഞ്ഞ സ്ഥലമാണ് കാര്യമെന്ന് തോന്നുന്ന അക്ഷരങ്ങളേയും  വാക്കുകളെയും വ്യക്തിത്വം നൽകി കാര്യമായതാക്കുന്നത്, അവയാക്കുന്നത്. 

വെറുതെ എന്ന് തോന്നുന്ന കാര്യങ്ങൾ നടന്നു കിട്ടാൻ വേണ്ടിയാണ് കാര്യമായതെന്നു തോന്നുന്ന എല്ലാ കാര്യങ്ങളൂം നാം ചെയ്യുന്നത്. 

ജീവിതം വെറുതെ എന്ന് തോന്നുന്ന കളികളായ കാര്യങ്ങളിൽ  ആണ് അതിന്റെ ആനന്ദവും സന്തോഷവും കണ്ടെത്തുന്നത്. 

വെറുതെ ആണ് ജീവിതം. 

വെറുതെ ജീവിക്കാനുള്ളതാണ് ജീവിതം. 

അങ്ങനെയുള്ള ജീവിതം ജീവിച്ചു തീർക്കാൻ തന്നെയാണ് എല്ലാവരും എത്ര അദ്ധ്വാനിച്ചും ശ്രമിക്കുന്നത്. 

ഒരർത്ഥവും പ്രത്യേകിച്ച് ജീവിതത്തിനു മഹാഭൂരിപക്ഷവും കണ്ടെത്തിയിട്ടില്ലെങ്കിലും. 

ജീവിതം ജീവിതത്തിനു വേണ്ടിയും അതിന്റെ തുടർച്ചക്കു വേണ്ടിയും ഉണ്ടാക്കുന്ന വികാരവും വിചാരവും ന്യായവും വെച്ച് ജീവിച്ചു പോകാൻ തന്നെയേ എല്ലാവർക്കും പറ്റൂ. 

കളി പോലെയാക്കാൻ പറ്റുമെങ്കിൽ അങ്ങിനെ തന്നെ ആക്കിയിട്ടു.

അദ്ധ്വാനിച്ചും പേടിച്ചും ക്ലേശിച്ചും വരുന്നവന് ആശ്വാസാവും ഇടവേളയും  നൽകുന്നതാണ് കളി.  

അങ്ങിനെ ആശ്വാസവും ഇടവേളയും നൽകുന്നതിന്റെ വിഹിതവും കൂലിയുമാണ് കളിക്കാരനും സിനിമാനടനും നർത്തകിക്കും കിട്ടുന്ന പ്രതിഫലം. 

കളിക്കാരനും നടനും വലുപ്പം കൂടുന്നതിനനുസരിച് കൂലി വർധിക്കുന്നത് അതിനാൽ. 

അവർ മൂലം ആശ്വാസം കൊള്ളുന്നവരുടെ നിരയും കൂടുതലാണ് എന്നതിനാൽ. 

അത് റൊണാൾഡോ ആയാലും, വിരാട് കോഹ്ലി ആയാലും മമ്മൂട്ടി ആയാലും  ഷാരുഖ് ഖാൻ ആയാലും. 

എന്നിരുന്നാലും, നമ്മുടെ കുട്ടികൾ അറിയേണം. 

കളി കാര്യമല്ല. 
കളി മുഖ്യഭക്ഷണം പോലെയല്ല. 

മുഖ്യഭക്ഷണത്തിനു ഓരത്തുണ്ടാവുന്ന അവിയലും പച്ചടിയും പുളിയിഞ്ചിയും അച്ചാറും പപ്പടവും മീൻ പൊരിച്ചതും പോലെയാണ് കളി. 

പലതുണ്ടാവും. 
അവ ഉണ്ടായാൽ നല്ലത്. 
ജീവിതം രുചികരമാവും. 

പക്ഷെ എല്ലാം ഒരുമിച്ചുണ്ടാവണം എന്ന് നിര്ബന്ധമില്ല. 

ഏതെങ്കിലും ഒന്ന് പോലും ഉണ്ടാവണം എന്നും  നിര്ബന്ധമില്ല. 

കാരണം അവ നിർബന്ധമല്ല. 


അവ ഇല്ലെങ്കിലും മുഖ്യഭക്ഷണം കഴിക്കാം, കഴിക്കണം. 
ജീവിച്ചു പോകാം. 

ജീവിതം മുഖ്യഭക്ഷണം ആണ്. 
ജീവിതം മുഖ്യഭക്ഷണം കൊണ്ടാണ്. 
വിദ്യാഭ്യാസം കൊണ്ടും കാര്യമായ തൊഴില് കൊണ്ടും. 
ജീവിതത്തിന്റെ വളർച്ചയും പുരോഗതിയും അത് കൊണ്ടാണ്. 

*************

കളിയെ കുറിച്ച് എഴുതുന്നത് ബോധപൂർവമാണ്. 

രണ്ട് മക്കളെയും അവരുടെ പ്രായത്തിൽ ഏതൊരു ഇന്ത്യയിലെ കുട്ടിയും കളിച്ചാൽ എത്താവുന്ന നിലവാരത്തിൽ കളിപ്പിച്ചതിനും പരിശീപിപ്പിച്ചതിനും ശേഷം അതിലെ ചതിക്കുഴികളും അപകടങ്ങളും മനസ്സിലാക്കി അത് പങ്കുവെക്കാൻ തന്നെ ഉദ്ദേശിച്ച് എഴുതുന്നതാണ്.

നല്ല കളിക്കാരൻ ആവാൻ നന്നായി അദ്ധ്വാനിക്കേണം. 

എന്തിന്റെയും ഉയരത്തിലെത്തുക എളുപ്പമല്ല. 

കരി രത്നമാകുന്ന അതെ പ്രക്രിയ നല്ല കളിക്കാരൻ ആവുന്നതിലും ഉണ്ട്. 

വിജയിച്ച ഓരോരുത്തന്റെ പിന്നിലും അങ്ങനെയൊരു പ്രയാസത്തിൻ്റെയും സമ്മർദ്ദത്തിൻ്റെയും കഥയുണ്ട്. 

എത്ര സമ്മർദ്ദം താങ്ങാനാവുന്നുവോ അത്രയ്ക്ക് തിളക്കമുള്ള രത്നങ്ങൾ ആവും. 

എത്രക്ക് തീയിലൂടെ പോകാൻ തയ്യാറാവുന്നുവോ അത്രക്ക് സ്വർണം ആഭരണാമായിത്തീരും. 

തീയിലൂടെ പോകാൻ തയ്യാറാവാത്ത സ്വർണം, എത്ര മേന്മയും വിലയും ഉള്ളതായാലും ആഭരണം ആയിത്തീരുകയും ഇല്ല. സ്വർണം ആയത് എത്ര വലിയ സിദ്ധി കൊണ്ടായിരുന്നാലും. അത്രയ്ക്ക് പ്രയാസം ഉണ്ട് ഏതു രംഗത്തും വിജയിച്ചവനാവാൻ. 

പക്ഷെ, എത്ര പ്രയാസപ്പെട്ടാലും നല്ല കഴിവുള്ളവനും എല്ലാ അർത്ഥത്തിലും നല്ല കളിക്കാരൻ ആയാലും വിജയിച്ച കളിക്കാരൻ ആയിക്കൊള്ളണം എന്നില്ല. 

എല്ലാ സാഹചര്യങ്ങളും മറ്റുള്ള നിലക്ക് ഒരുക്കി വെച്ചാലും. 

കാരണം, കളിയുടെ മുൻപിലും പിന്നിലും കളിക്കിടയിലും കളി തന്നെയാണ്. 

പ്രത്യേകിച്ചും ഗ്രൂപ്പ് ഗെയിം ആണ് കാളിയെങ്കിൽ. 

വ്യക്തിപരമായ കളികൾ അല്ലെങ്കിൽ. 

വ്യക്തിപരമായ കളികളിൽ ഒന്നും തളിയിക്കാനില്ല. 

ജയിച്ചു കാണിച്ചു കൊടുത്താൽ മതി. 

ആർക്കും നിങ്ങളെ പിന്നെ തഴയാൻ കഴിയില്ല. 

നിങ്ങളുടെ അനാരോഗ്യമോ മറ്റോ  താഴെയാണെങ്കിൽ അല്ലാതെ. 

ഗ്രൂപ്പ് ഗെയിമുകൾ അങ്ങനെയല്ല.  

ഗ്രൂപ് ഗെയിം എന്നാൽ ഫുടബോൾ, ക്രിക്കറ്റ് പോലുള്ള ഗെയിമുകൾ.

*********

കുറ്റം ചെയ്യുന്നത് കൊണ്ട് മാത്രമല്ല ഒരാൾ കുറ്റവാളി ആവുന്നത്, അഥവാ ആവേണ്ടത്.  

കുറ്റവാളിയുടെ മനസ്സ് ഉള്ളത്കൊണ്ട് കൂടിയായിരിക്കണം ഒരാൾ കുറ്റവാളി ആവുന്നതും ആവേണ്ടതും. 

യഥാർത്ഥ കുറ്റവാളി കുറ്റം മാത്രമല്ല ചെയ്യുന്നത്. 

അങ്ങനെ കുറ്റം ചെയ്യുന്നത് കൊണ്ട് മാത്രമല്ല ഒരാൾ കുറ്റവാളി ആവുന്നതും ആവേണ്ടതും. 

പെട്ടന്നുള്ള പ്രകോപനത്താൽ, നിമിഷാർദ്ധം കൊണ്ട് എന്തെങ്കിലും പ്രതികരണപരമായി ചെയ്തു പോകുന്നവൻ അല്ല യഥാർത്ഥ കുറ്റവാളി. 

നാം അങ്ങനെ പെട്ടുംപോകുന്നവരെ മാത്രം പിടികൂടി കുറ്റവാളികളാക്കുന്നു. 

എന്നാലോ, യഥാർത്ഥത്തിൽ കുറ്റം ചെയ്യുന്നവൻ രക്ഷപ്പെടുകയും ചെയ്യുന്നു. 

യഥാർത്ഥ കുറ്റവാളി, കാരണവും പശ്ചാത്തലവും ഉണ്ടാക്കി കുറ്റം ചെയ്യുന്നവനാണ്. 

അവൻ താൻ ചെയ്യേണ്ട കുറ്റത്തിന് പറ്റിയ സമയം വരാൻ കാത്തിരുന്നു പാത്തിരുന്നു ക്ഷമിച്ചു നിൽക്കുന്നു. 

അവൻ താൻ കുറ്റം ചെയ്യുന്നില്ലെന്നു വരുത്തും വിധം കുറ്റം ചെയ്യുന്നു. 

അവൻ തന്റെ കുറ്റത്തിന് വേണ്ട ന്യായീകരങ്ങളെയും ബലിയാടുകളെയും ആദ്യമേ ഉണ്ടാക്കി ഒരുക്കി കുറ്റം ചെയ്യുന്നു.  

അങ്ങനെ ന്യായീകരങ്ങളെയും ബലിയാടുകളെയും ഒരുക്കാൻ വേണ്ടി ഒട്ടനവധി കുറ്റങ്ങൾ ആദ്യമേ രഹസ്യമായി ചെയ്യുന്നു.  

യഥാർത്ഥ കുറ്റവാളി, തന്റെ കുറ്റം ചെയ്തു കിട്ടാൻ നിഷ്കളങ്കരായ പാവങ്ങളുടെ കൂടെ  നിൽക്കും, നില്കുന്നതായി തോന്നിപ്പിക്കും. 

അവരിൽ നിന്നും തനിക്കു താൻ ഉദ്ദേശിച്ച കുറ്റം ചെയ്യാൻ വേണ്ട വിവരങ്ങൾ ശേഖരിക്കും. 

സഹായിക്കുന്നത് പോലെ അവൻ ഇരയുടെ കൂടെ നടക്കും. 

എപ്പോഴെങ്കിലും തനിക്കെതിരെ ഇര എടുത്തേക്കാവുന്ന എല്ലാ നടപടികളെയും മനസ്സിലാക്കും. 

അതിനെതിരെ ചെയ്യേണ്ട നടപടികൾ ആദ്യമേ എടുക്കും.  

യഥാർത്ഥ കുറ്റവാളി തെന്റെ ഇരയെ സുഹൃത്തായി നിലനിർത്തും പോലെ തന്നെ തോന്നിപ്പിക്കും. 

യഥാർത്ഥ കുറ്റവാളി കുറ്റം ചെയ്യുന്നത് ഇരയെ പ്രതിയാക്കി മാറ്റുന്ന കോലത്തിൽ. 

ഇര ചോദിച്ചു വന്നാൽ ഞാൻ നിന്നെ നിന്റെ കൂടെ നിന്ന് സഹായിക്കുകയായിരുന്നില്ലേ എന്ന ഒരുഗ്രൻ ചോദ്യം ഇട്ടു നിസ്‌ഷ്കളങ്കനായ ഇരയെ മുട്ട് കുത്തിക്കുകയും ചെയ്യും. 

ഇരക്ക് മറുപടിയായികണ്ണിൽ നോക്കി ഒന്നും പറയാനുണ്ടാവില്ല. 

ഉളുപ്പുള്ളവന് അല്ലെങ്കിലും എല്ലാം തോന്നിയത് പോലെ പറയാൻ പറ്റില്ലല്ലോ?

യഥാർത്ഥ കുറ്റവാളി ആദ്യമേ ഉണ്ടാക്കി ഒരുക്കിവെച്ച കാരണങ്ങളിലും ന്യായങ്ങളിലും പശ്ചാത്തലത്തിലും ബലിയാടുകളിലും തന്റെ കുറ്റം ആരോപിക്കും. 

ആ രീതിയിൽ മാത്രം അവൻ കുറ്റം ചെയ്യുന്നു. 

പിന്നീട് പുണ്യം ചെയ്തവനെ പോലെ ചമഞ്ഞു നടക്കുകയും ചെയ്യുന്നു.  

അങ്ങനെ പുണ്യവാനും നേതാവും തന്നെ ആയി യഥാർത്ഥ കുറ്റവാളി തുടരുകയും ചെയ്യും. 

********

ഉപയോഗശൂന്യത സ്വാതന്ത്ര്യമാണ്.

ഉപയോഗശൂന്യത സ്വാതന്ത്ര്യമാണ്. 

നീ ഉപയോഗപ്പെടുക എന്നത് തടവറയിലാവലാണ്. 

നിര്‍വചനത്തിന്റെയും മറ്റാരോ നിൻ്റെ മേൽ ഉടമപ്പെടുന്നതിന്റെയും അടിമയാവല്‍.

****

ദൈവത്തെ വിശ്വസിക്കുന്നതും ആരാധിക്കുന്നതും പ്രകീർത്തിക്കുന്നതും കൂലിക്ക് വേണ്ടി. 

ദാനധർമ്മങ്ങൾ നടത്തുന്നത് കൂലിക്ക് വേണ്ടി. 

ജീവിക്കുന്നതും ജീവിതത്തെ മുഴുവൻ ജോലിക്കാക്കി മാറ്റുന്നതും കൂലിക്ക് വേണ്ടി. 

അങ്ങനെയുള്ളവർക്ക് ഈയുള്ളവൻ എന്തെഴുതുന്നതും പറയുന്നതും കൂലിക്ക് വേണ്ടി, ദിവസക്കൂലിക്ക് വേണ്ടി എന്ന് തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല. 

വളരെ സാധാരണം.

******

കവിതയിൽ പറഞ്ഞത്ര സൗന്ദര്യം ഒരു ജീവിതത്തിനും ഒരു സ്ത്രീക്കും ഒരു പുരുഷനും ഇല്ല. 

എന്നാലോ? 

ഒരു കവിതക്കും യഥാർത്ഥ ജീവിതത്തെയോ സ്ത്രീയെയോ പുരുഷനെയോ അനാവരണം ചെയ്തവതരിപ്പിക്കാൻ സാധിച്ചിട്ടുമില്ല.





Friday, September 16, 2022

ചേലാകർമ്മം (circumcision) ഐച്ചികമാണ് (optional).

ചേലാകർമ്മം (circumcision) ഐച്ചികമാണ് (optional). 

വിശ്വാസി ആവുന്നതും ചേലാകർമ്മവും തമ്മിൽ യഥാർഥത്തിൽ ബന്ധമില്ല.

പിന്നെ കുഞ്ഞുപ്രായത്തിൽ ചെയ്യുന്നത്. 

അത് മാതാപിതാക്കളുടെ ഇഷ്ടം പോലെ നടക്കുന്നു. എല്ലാ ഓരോ കാര്യവും പോലെ...

****

ശാസ്ത്രം ശരിവെക്കുന്നു, ശാസ്ത്രീയമാണ് എന്നതൊക്കെ പിന്നീട് ഉണ്ടായ, ഉണ്ടാക്കുന്ന ന്യായങ്ങളും ന്യായീകരണങ്ങളും ആണ്. 

അത് ചേലാകർമ്മത്തിൻ്റെ കാര്യത്തിലായാലും നോമ്പിൻ്റെ കാര്യത്തിലായാലും നിസ്കാരത്തിൻ്റെ കാര്യത്തിലായാലും. 

ശാസ്ത്രം ശരിയെന്ന് പറഞ്ഞാലും ഇല്ലെങ്കിലും അതൊക്കെ ചെയ്യും, ഇവർക്ക് ഇതൊക്കെ ചെയ്യൽ നിർബന്ധമാണ്. 

സ്വർഗ്ഗം കരസ്ഥമാക്കാൻ അത് നിർബന്ധമാണ് എന്നതാണ് ശാസ്ത്രീയം, ശാസ്ത്രം ശരിവെച്ചു എന്നതിനേക്കാൾ വിശ്വാസിക്ക് പ്രധാനമായ ന്യായം, കാരണം.

ദൈവത്തിലും മുഹമ്മദിലും പരലോകത്തിലും യഥാർഥത്തിൽ വിശ്വസിക്കുന്നവന് മറ്റൊരു ന്യായവും ന്യായീകരണവും പാടില്ല, ഖുർആനോ മുഹമ്മദു നബിയോ അങ്ങനെയല്ലാത്ത ഒരു ന്യായവും ന്യായീകരണവും പറഞ്ഞുകൊടുത്തിട്ടുമില്ല.

ദൈവവും പ്രവാചകനും കല്പിച്ചു എന്നതല്ലാതെ ഒരുന്യായവും ന്യായീകരണവും വിശ്വാസിക്ക് പാടില്ല. 

മറ്റ് ന്യയങ്ങളും ന്യായീകരണങ്ങളും വേണ്ടിവരുന്നവൻ യഥാർത്ഥ വിശ്വാസിയും അല്ല, ആവില്ല. 

മറ്റ് ന്യയങ്ങളും ന്യായീകരണങ്ങളും വേണ്ടിവരുന്നവൻ ദൈവത്തെയും പ്രവാചകനെയും സംശയിക്കുന്ന കപടനും ബഹുദൈവവിശ്വാസിയും ആയാണ്  യഥാർഥത്തിൽ ഗണിക്കപ്പെടുക.

ഒരു ചെറിയ തിരുത്ത്: ചേലാകർമ്മം നിർബന്ധമല്ല. ഐച്ചികം മാത്രമാണ്. 

അതുകൊണ്ടാണ് അതിനെ സുന്നത്ത് കല്യാണം എന്നൊക്കെ പേര് വിളിക്കുന്നത്.

*****

ചേലാകർമ്മം ചെയ്താലേ മുസ്‌ലിം ആവൂ എന്നില്ല.

മുഹമ്മദ് നബിയുടെ കൂടെ അന്നുണ്ടായിരുന്ന, അപ്പപ്പോൾ ഇസ്‌ലാംമതം സ്വീകരിച്ച് മുഹമ്മദിൻ്റെ കൂടെ കൂടിയ ആരും ചേലാകർമ്മം ചെയ്തവരായിരുന്നില്ല. 

അബൂബക്കറും ഉമ്മറും ഉസ്മാനും ഒന്നും ചേലാകർമ്മം ചെയ്തവരായിരുന്നില്ല.

ചേലാകർമ്മം എന്ന ഏർപ്പാട് ജൂതന്മാരിൽ നിന്നും കണ്ടുപഠിച്ച, ഏറ്റെടുത്ത് നടപ്പാക്കിയ ഒരു സംഗതി മാത്രം. 

ഖുർആനിൽ ചേലാകർമ്മം സംബന്ധമായ ഒരു നിർദേശമോ കൽപനയോ ഇല്ല എന്നതും ഇത്തരുണത്തിൽ പ്രസ്ഥാവ്യം.

ദൈവത്തെ രക്ഷിക്കാൻ നമുക്ക് ഭ്രാന്തന്‍മാരാവാം.....

ദൈവത്തെ രക്ഷിക്കാൻ നമുക്ക് ഭ്രാന്തന്‍മാരാവാം........

ഭ്രാന്തന്‍മാരായി നമുക്ക് തമ്മില്‍ തല്ലാം... 

അല്ലെങ്കിലും, 

ഒരു നിലക്കും ചോദ്യം ചെയ്യപ്പെടാതെ, ചോദ്യം ചെയ്യാന്‍ ആരുമില്ലാതെ, എന്തും തോന്നിയത്‌ പോലെ ചെയ്യുന്നവനല്ലേ യഥാര്‍ത്ഥത്തില്‍ ഭ്രാന്തന്‍? അഥവാ ദൈവം തന്നെയല്ലേ യാഥാര്‍ത്ഥ ഭ്രാന്തന്‍??? 

ആ ഭ്രാന്തിന്റെ ഫലമല്ലേ ഈ ഒന്നിനും കൊള്ളാത്ത, പ്രത്യേകിച്ച് ഒരര്‍ത്ഥവും പറഞ്ഞു തരാനില്ലാത്ത ജീവിതം?

ആ ഭ്രാന്തിന്റെ ഫലമല്ലേ അദ്ധ്വാനവും കഷ്ടപ്പാടും രോഗവും കൊണ്ട്‌ ഉഴലുന്ന മഹാഭൂരിപക്ഷത്തിന്റെ ജീവിതം....???

ശരിക്ക് പറഞ്ഞാല്‍, നരകം പറഞ്ഞ്‌ പേടിപ്പിക്കുന്ന, സ്വര്‍ഗം പറഞ്ഞ്‌ മാര്‍ക്കറ്റ്‌ ചെയത് കൊതിപ്പിക്കുന്ന ദൈവം ഭ്രാന്തനാണ്. ആ ദൈവത്തെ ആദ്യം ഭ്രാന്താലയത്തില്‍ കൊണ്ടുപോയിടണം.

അങ്ങനെയാണ് ഇവിടെ അവതരിപ്പിക്കപ്പെട്ട, പരിചയപ്പെടുത്തപ്പെടുന്ന, മതങ്ങൾ പറഞ്ഞ്‌ നടക്കുന്ന ദൈവം എന്നതിനാല്‍.

വളരേ വ്യക്തിപരനായി വികാരവും വിചാരവും പ്രതിഷേധവും വിഷമവും പ്രതികാരവും പ്രതീക്ഷയും വെച്ച് നടക്കുന്ന കുറേ ആവശ്യങ്ങള്‍ ഉള്ള, അത് നടത്താൻ വേവലാതിപ്പെട്ടു പറഞ്ഞു നടക്കുന്ന ദൈവം. 

*****

ശരിയാണ്‌. ഇത് കേള്‍ക്കുമ്പോള്‍ പലർക്കും വലിയ ചൊറിച്ചിലായി തോന്നും.

അവിടെ തന്നെയാണ് അതിന്റെ പ്രശ്നം. 

'അച്ഛൻ പത്തായത്തില്‍ ഇല്ലെ'ന്ന് പറയും പോലെ അവർ വേഗം ഇസ്ലാമിനെയും ഖുര്‍ആനിനെയും ബൈബിളിനെയും കര്‍ത്താവിനെയും കൊണ്ടുവരും. 

അത് തന്നെയാണ് മേല്‍ പറഞ്ഞത് പറയാനുള്ള ന്യായം. 

ദൈവത്തിന്റെയും പാരകത്രികയുടെയും മൊത്തം കുത്തക  ആരൊക്കെയോ ഏറ്റെടുക്കുന്നത് പോലെ....

*******

ശരിയാണ്‌. 

നമുക്ക് നമ്മളെ കുറ്റപ്പെടുത്തി ആശ്വസിക്കാം.

അങ്ങനെയെങ്കിലും രാജാവ് (ദൈവം) നഗ്നനല്ലാതെ തന്നെ കിടക്കട്ടെ.

രാജാവ് നഗ്നനല്ലെന്ന് തന്നെ വരട്ടെ...

രാജാവിനെ (ദൈവത്തെ) രക്ഷിക്കാന്‍ നമുക്ക് ഭ്രാന്തന്‍മാരാവാം.

******

ശരിയാണ്‌, ഭ്രാന്ത് നമുക്കാണ്.

പക്ഷെ, നമ്മളെ ഭ്രാന്തന്‍മാരാക്കിയതും ആക്കുന്നതും ആരാണ്?

അപ്പോഴും ഉത്തരം വരും. ദൈവമെന്ന്. 

അല്ലെങ്കിൽ പിന്നെ മേല്‍പറഞ്ഞ കുറ്റബോധം വെച്ച്, രാജാവിനെ രക്ഷിച്ച്, നമ്മൾ തന്നെ നമ്മെ ഭ്രാന്തന്‍മാരാക്കുന്നു എന്ന് എളുപ്പം പറയാം. 

നമ്മെ നമ്മളല്ല ദൈവമാണ് ഭ്രാന്തരാക്കിയതെങ്കിൽ....???

എല്ലാം ദൈവികമായ ഇച്ഛ പോലെയെങ്കിൽ??

എങ്കിൽ ആ ദൈവം???

വലിയ ഭ്രാന്തന്‍?

********

ഒരു നിലക്കും ചോദ്യം ചെയ്യപ്പെടാതെ, ചോദ്യം ചെയ്യാന്‍ ആരുമില്ലാതെ എന്തും തോന്നിയത്‌ പോലെ ചെയ്യുന്നവന്‍ ഭ്രാന്തന്‍. ദൈവം. 

നമുക്ക് ബോധ്യതയില്ലാത്ത, നമ്മൾ ആവശ്യപ്പെടാതെ, എന്തിനോ വേണ്ടി നമ്മെ സൃഷ്ടിച്ച് നമ്മെ ഭ്രാന്തന്‍മാരാക്കിയ വലിയ ഭ്രാന്തനോ ആ ദൈവം???

എല്ലാവിധ സ്വാതന്ത്ര്യവും ഉള്ള ഭ്രാന്തന്‍????

******

ശരിയാണ്‌, ഭ്രാന്ത് നമുക്കാണ്. അല്ലെങ്കിൽ ആ ദൈവത്തെ ഇങ്ങനെയൊക്കെ അല്പനായി, മതങ്ങൾ പറയും പോലെ, നമ്മൾ ചിത്രീകരിക്കുമോ?

******

ശരിയാണ്‌, ഭ്രാന്ത് നമുക്കാണ്. ഒന്നിനുമല്ലാത്ത ജീവിതത്തെ അടിച്ചേല്പിച്ചിട്ടും നാം ആ ദൈവത്തെ കുറ്റം പറയുന്നില്ല. പകരം ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നു. ആ ദൈവത്തിന്റെ പേരില്‍ മതം പറഞ്ഞ്‌ നമ്മൾ പരസ്പരം തമ്മിലടിക്കുകയും യുദ്ധം ചെയ്യുകയും ചെയ്യുന്നു.

*****

ശരിയാണ്‌, ഭ്രാന്ത് നമുക്കാണ്. ദൈവത്തിന്റെ പേരില്‍ തിട്ടൂരങ്ങൾ ഉണ്ടാക്കി ഭീഷണിപ്പെടുത്താനും കൊലവിളി നടത്താനും സാധിക്കുന്നത് അതുകൊണ്ടാണല്ലോ?

*****

ശരിയാണ്‌, ഭ്രാന്ത് നമുക്കാണ്. അതുകൊണ്ടാണല്ലോ ദൈവം മനസിലാക്കിയ, നമുക്ക് ബോധ്യമാവാത്ത ജീവിതത്തിന്റെ അര്‍ത്ഥത്തിനും ലക്ഷത്തിനും വേണ്ടി നമ്മൾ പ്രയാസപ്പെടേണ്ടി വരുന്നത്?

*****

ശരിയാണ്‌, ഭ്രാന്ത് നമുക്കാണ്. ദൈവം തന്ന ജീവിതത്തിന്‌ വേണ്ട അന്നവും ആരോഗ്യവും പാര്‍പ്പിടവും ജീവിതം മുഴുക്കെ പഠിച്ച് അധ്വാനിച്ച് നേടുക നമ്മുടെ ഉത്തരവാദിത്തത്തില്‍ വരുന്നത് അതുകൊണ്ടാണല്ലോ?

*****

ദൈവത്തെ കുറിച്ച് എന്തും പറയാനുള്ള ധൈര്യം ഈയുള്ളവനുണ്ട്.

കാരണം, ദൈവം ഈ മതങ്ങൾ പറയും പോലെയല്ല, മതങ്ങൾ പറയും പോലെ മാത്രമല്ല എന്ന് നൂറ് ശതമാനം ഉറപ്പുള്ളത് കൊണ്ട്‌. 

കാരണം, പിശാചിനെയാണ്, പിശാചാവാന്‍ യോഗ്യതയുള്ളതിനെയാണ് ഇവർ ദൈവമെന്ന് വിശേഷിപ്പിക്കുന്നത്, വിളിക്കുന്നത്, ആരാധിക്കുന്നത് എന്നതിനാല്‍. 

*****

ആപേക്ഷിക ലോകത്തെ ആപേക്ഷിക വ്യവസ്ഥ നടപ്പാക്കുന്ന ആപേക്ഷിക മനുഷ്യരുമായും അവർ നടത്തുന്ന പരീക്ഷകളുമായും ഫലങ്ങളുമായും ഇവർ ദൈവത്തെ തുലനം ചെയ്യും.

വല്ലാത്ത ഗതികേട്.

വല്ലാത്ത ഗതികെട്ട ദൈവം ഇവരുടേത്.

കളിയും ചിരിയും പോലെ. കളിയും കാര്യവും ഒന്നായി.

ഈയുള്ളവന് സഹൃദയാ ഒരു നല്ല നിർദേശം) തന്നു. ഒരു നല്ല സുഹൃത്ത്. Babu Prakash :

നിർദേശം ഇങ്ങനെ :

"അങ്ങ് വളരെ വേഗം എഴുതുന്നു. വായിച്ചു തീരുന്നതിനു മുന്നേ. ഒരു ദിവസം അനവധി. മനസ്സൊരു യന്ത്രമോ? സർഗ്ഗാത്മകത വേഗതയോ? വേഗത കുറച്ച് എഴുതൂ. സ്വയം നോക്കൂ. തിരിച്ചറിഞ്ഞിട്ട് എഴുതൂ. സാവധാനം തുടരൂ...🙏

ഈയുള്ളവൻ നൽകിയ മറുപടി:

"ശരിക്കും ചിരിച്ചു.
ഗൗരവം ഉൾകൊണ്ട് കൊണ്ട് തന്നെ.

താങ്കൾക്ക് ശരിക്കും അങ്ങനെ തോന്നിയോ?

Sorry...
ക്ഷമിക്കുക...

താങ്കൾക്ക് തോന്നുന്നത് തന്നെയാണ് താങ്കൾക്ക് ശരിയായി ഭവിക്കേണ്ടത്.

ആ നിലക്ക് താങ്കളുടെ നിരീക്ഷണവും ശരിയാണ്. അതിനെതിരെ മറ്റൊന്ന് തർക്കിച്ച് സമർഥിക്കാനുമില്ല.

ഈയുള്ളവൻ തോന്നുമ്പോൾ തോന്നിയത് പോലെ, തോന്നുന്നത് പോലെ എഴുതുന്നത് മാത്രം.

ശരി തെറ്റുകളുടെ വകതിരിവുകൾ നഷ്ടപ്പെട്ടവൻ്റെ കുറിപ്പുകളുടെ സ്വഭാവം വെച്ച് മാത്രം എഴുതുന്നത്.

എഴുതുക എന്ന പ്രക്രിയയൊന്നുമല്ലാതെ എഴുതുന്നത്.

സ്വാഭാവികമായ, പ്രതികരണപരമായ ഒരു തള്ളിച്ച മാത്രം.

പ്രതികരിച്ച് മാത്രം, ആയിരിക്കുന്ന അവസ്ഥക്കും സ്വസ്ഥതക്കും അൽപസമയം ഭംഗം വരുത്തിക്കൊണ്ട്.

ശരിയാണ്...

ഈയുള്ളവൻ എഴുത്തിൻ്റെ നിർവ്വചനങ്ങൾ അറിഞ്ഞും സൂക്ഷിച്ചും എഴുതുന്നതുമല്ല.

അങ്ങനെ ഏറെയൊന്നും എഴുതി പോസ്റ്റ് ചെയ്യാറുമില്ല (താങ്കൾക്ക് മറിച്ച് തോന്നിയെങ്കിലും....).

ദിവസം ഒന്നാണ് കണക്കാക്കാറ്.
എറിയാൽ രണ്ടെണ്ണം.
അധികവും കുറിയ പോസ്റ്റുകൾ.
എഴുതിവരുമ്പോൾ നീണ്ടുപോകുന്നുമുണ്ടാവാം....

എന്തായാലും താങ്കളുടെ നിരീക്ഷണം ശരിവെക്കുന്നു, ഉൾകൊള്ളുന്നു.

താങ്കളുടെ എളിയ നിർദേശം പോലെ എന്ത് ചെയ്യാമെന്നും ശ്രദ്ധിക്കാം.

എന്തായാലും ക്ഷമിക്കുക.

******

വീണ്ടും അദ്ദേഹം ചിലത് പറഞ്ഞു. വളരേ സഹൃദയത്വവും സ്നേഹവും തുളുമ്പുന്ന ഭാഷയിൽ.

പറഞ്ഞത് ഇങ്ങനെ:

"എങ്ങനെ ഇത്ര വേഗത്തിൽ എഴുതുന്നു എന്നു കരുതി..ഉള്ളടക്കത്തിന്റെ യോജിപ്പും വിയോജിപ്പുമല്ല."

മറുപടി: അറിയാം..

അല്ലെങ്കിലും താങ്കളെ പോലുള്ള ഒരാൾ പറയുമ്പോൾ മനസിലാവും, മനസിലാക്കും.

താങ്കൾ വെറുതെ പറയില്ലെന്ന് ഈയുള്ളവന് നൂറ് ശതമാനം ഉറപ്പുണ്ട്.

ഒരുപക്ഷെ ഈയുള്ളവൻ താങ്കൾ വിവക്ഷിക്കും പോലെ (നിർവചനങ്ങൾ ഉണ്ടെങ്കിൽ അതുപോലെ) എഴുതാത്തത് കൊണ്ടാവാം അങ്ങനെ സഭവിക്കുന്നത്. അതുകൊണ്ടാവാം കുറേ എഴുതിപ്പോകുന്നത്.

ശ്വാസനിശ്വാസം പോലെ മാത്രം.

ആവശ്യം പോലെ മാത്രം.

അപ്പപ്പോൾ പ്രതിബിംബബിച്ച് എഴുതുന്നത് കൊണ്ടുമാവാം.

കണ്ണാടിയിൽ തെളിയുന്നത് തെളിയിക്കാൻ കണ്ണാടിക്ക് ഭാരമോ പ്രയാസമോ തോന്നില്ലല്ലോ? സമയം വേണ്ടല്ലോ?

അപ്പപ്പോൾ അതത് പോലെ സംഭവിക്കുക മാത്രം. വിഘ്നം കൂടാതെ.

ആവുന്നതും ആക്കുന്നതും തമ്മിലെ വ്യത്യാസമാണത്.

അറിയില്ലേ, എത്ര വേഗമാണ് ഹൃദയം മിടിക്കുന്നത്?

അറിയില്ലേ ഒരു നിമിഷത്തിനുള്ളിൽ എത്ര പ്രാവശ്യമാണ് കൊതുകിൻ്റെ ചിറകുകൾ അടിക്കുന്നത്?

ഒട്ടും ക്ഷീണിക്കാതെ.

പുറമേ നിന്ന് നോക്കി വിലയിരുത്തിയാൽ അൽഭുതം തോന്നും, മനസിലാവില്ല.

നമുക്കാർക്കും കൃത്രിമമായി ശ്രമിച്ചാൽ സാധിക്കാത്തതാണ്, സങ്കല്പിക്കാൻ കഴിയാത്തതാണ് സവാഭാവികത.

സ്വാഭാവികതയുടെ തലം അങ്ങനെയാണ്.
നിർവ്വചനങ്ങളിൽ വരാതെ.
നിർവചിക്കാൻ സാധിക്കാതെ.
നിർവചിക്കാൻ ശ്രമിച്ചാൽ നഷ്ടപ്പെടും വിധം.

കാറ്റും മഴയും വെയിലും പോലെ.
കളിയും ചിരിയും പോലെ.
ഗൗരവപ്പെടാനില്ലാതെ.
എന്നാലോ, ഏറെ ഗൗരവത്തിൽ.
കളിയും കാര്യവും ഒന്നായി.

ആര് ആരെ ഒറ്റപ്പെടുത്താൻ?

ചോദ്യം : വളരെ ശരി. ഒരു ചെറിയ കൂട്ടിയെഴുത്ത്....ഒറ്റപ്പെടലും ഏകാന്തതയും വ്യത്യസ്ത മാനസികാവസ്ഥകളല്ലേ? എന്നാണ് എൻറെ എളിയ അഭിപ്രായം

*****

മറുപടി :  ആര് ആരെ ഒറ്റപ്പെടുത്താൻ? അവനവൻ സ്വയം വിചാരിച്ചാൽ ആർക്കും ഒരാളെ ഒറ്റപ്പെടുത്താൻ സാധിക്കില്ല.

ശരിക്കും ഇവിടെ യഥാർത്ഥ പ്രശ്നം മനഃശാസ്ത്രപരമാണ്. ഓരോരുത്തനും സ്വയം നിശ്ചയിക്കുന്നതാണ് ഒറ്റപ്പെടൽ.

തന്നെത്താൻ (അവനവനുമായി) പൊരുത്തത്തിൽ അല്ലാത്തവൻ എപ്പോഴും എവിടെയും ഒറ്റപ്പെടും. 

ബോറടി, ഒറ്റപ്പെടുന്നു എന്നൊക്കെ അവൻ സ്വയം ആരോപിച്ച് ദുഃഖിക്കും എന്ന് മാത്രം.

യഥാർഥത്തിൽ അവൻ ദുർബലനാണ് എന്നതാണ് അടിസ്ഥാന പ്രശ്നം. 

ദുർബലനെ ഏത് അസുഖവും വേഗം പിടിപെടുന്നത് പോലെ ഒറ്റപ്പെടലും വേഗം പിടിപെടും. അത്രയേ ഉള്ളൂ.

ദുർബലൻ അങ്ങനെ കരുതുന്നു എന്നതാണ് യഥാർത്ഥ പ്രശ്നം. 

ശരിക്കും അവൻ എന്തും പ്രശ്നമായി കാണുന്ന ദുർബലൻ ആണെന്നതാണ് യഥാർഥത്തിൽ പ്രശ്നം. 

എത്ര ഒറ്റപ്പെടുത്തിയില്ലെങ്കിലും അയാൾ അല്ലെങ്കിലും സ്വയം ഒറ്റപ്പെടും. 

ഭൗതികമായ, പദാർത്ഥപരമായ സംഗതികൾ നിവർത്തിക്കാൻ സാധിക്കാത്ത വിധം ഒറ്റപ്പെടുത്തുന്ന കാരൃം വേറെ.

അല്ലാതെ ഒരാൾക്ക് മറ്റൊരാളെ ഒറ്റപ്പെടുത്താനാവില്ല. 

അങ്ങനെ ആരെങ്കിലും ഒറ്റപ്പെടുത്താൻ ശ്രമിച്ചാൽ തന്നെ, അങ്ങനെ എന്തെങ്കിലും കാരണം കൊണ്ട് അവഗണിച്ച് ഒറ്റപ്പെടുത്താൻ ശ്രമിച്ചാൽ, മനസ്സിലാക്കേണ്ടത് കൂടിയാണ് മേൽപറഞ്ഞത്. 

എല്ലാവരും ഒറ്റക്ക് തന്നെയാണ്.

ഒറ്റക്ക് തന്നെയാണ് ദൂരം ഓരോരുത്തരും താണ്ടേണ്ടത്. 

ഒറ്റക്ക് തന്നെയാണ് എല്ലാവരും ജനിച്ചതും മരിക്കുന്നതും

ഒറ്റക്ക് തന്നെയേ ആർക്കും കാണാനും കേൾക്കാനും സാധിക്കൂ. 

ഒറ്റക്കാവുമ്പോൾ ശരിക്കും ജീവിക്കാനും ജീവിച്ച് നിരീക്ഷിക്കാനും അവസരം കിട്ടിയിരിക്കുന്നുവെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. 

ആർക്കും ശരിക്കും ഒറ്റക്കല്ലാതെയാവാൻ സാധിക്കില്ല.