Thursday, February 20, 2020

എഴുത്തുകള്‍ വായിക്കാനുള്ളതാണ്.

ഈയുള്ളവന്റെ ഒരു കുറിപ്പിന് (എഴുത്തിന്) ഒരു fb സുഹ്രുത്ത് നല്‍കിയ അഭിപ്രായം ചുവടെ.. 
പിന്നെ, അതിന്‌ ഈയുള്ളവന്‍ നല്‍കിയ മറുപടി.
അഭിപ്രായം:
"എഴുത്തുകൾ വായിക്കപ്പെടാനുള്ളതാണ്‌ എന്നാണെന്റെ വിശ്വാസം.
സത്യം പറഞ്ഞാല്‍, ഇതെന്താണെന്ന് എനിക്കു മനസ്സിലായില്ല. ക്ഷമിക്കുക."
*****
മറുപടി: ശരിയാണ്‌...
താങ്കള്‍ പറഞ്ഞത് പൂർണ്ണമായും ശരിയാണ്‌.
എഴുത്തുകള്‍ വായിക്കാനുള്ളതാണ്.
പോരാത്തതിന്, ഒന്ന് കൂടി ഈയുള്ളവന്‍ പറയട്ടെ.
എഴുത്തുകള്‍ മനസിലാക്കാനുമുള്ളതാണ്.
എന്നുവെച്ച് എല്ലാം എല്ലാവർക്കും വായിക്കാൻ സാധിക്കില്ല.
എല്ലാം എല്ലാവർക്കും ഒരുപോലെ മനസ്സിലാകാറുമില്ല.
എല്ലാം എല്ലാവരും ഒരുപോലെ മനസ്സിലാക്കണം എന്ന് നിര്‍ബന്ധിക്കാനും പറ്റില്ല. 
എല്ലാം എല്ലാവർക്കും ഒരുപോലെ മനസ്സിലാവുമെങ്കിൽ ഒരേ ലോകത്ത് ജീവിക്കുന്ന എല്ലാവരും ഒരുപോലെ സാഹിത്യകാരന്‍മാരും ശാസ്ത്രജ്ഞന്‍മാരും ആവില്ലേ, ആവേണ്ടതല്ലേ?
ഒരേ വിഷയം പഠിച്ച് നടത്തുന്ന പരീക്ഷയില്‍ എല്ലാവർക്കും ഒരേ result വേണ്ടതല്ലേ? കുറേ പേർ തോറ്റു പോകുന്നതെങ്കിലും സംഭവിക്കരുതായിരുന്നു.
എഴുതുന്ന എല്ലാവരും ഐഎഎസ്, ifs, പരീക്ഷകള്‍ക്ക് യോഗ്യത നേടണമായിരുന്നു. 
എല്ലാം പോട്ടെ. ദാസ് കാപിറ്റല്‍ എത്ര പേര്‍ക്ക് വായിച്ചാല്‍ എളുപ്പത്തിൽ മനസിലാവും?
വേദങ്ങളും ഉപനിഷത്തുകളും എത്ര പേര്‍ക്ക് വായിച്ചാൽ എളുപ്പം മനസ്സിലാവും? 
Relativity തിയറി എത്ര പേര്‍ക്ക് മനസിലാവും? 
എല്ലാം എല്ലാവർക്കും ഒരുപോലെ മനസ്സിലാവുമെങ്കിൽ യേശുവും ഗലീലിയോയും കൊല്ലപ്പെടുമോ? മുഹമ്മദും ബുദ്ധനും മാര്‍ക്സും വേട്ടയാടപ്പെടുമോ?
എല്ലാവർക്കും എല്ലാം മനസിലാവുമെങ്കിൽ, ഇഷ്ടമാവുമെങ്കിൽ, Keats ഉം ഷെല്ലിയും ഷേക്സ്പിയറും നീഷേയും ഹെസ്സേയും കാഫ്കയും സാര്‍ത്റും കാമുവും ബര്‍ണാഡ്ഷായും ഒക്കെ എല്ലാവരുടെയും വായനയാവില്ലേ?
താങ്കള്‍ എത്ര എളുപ്പത്തിലാണ് സാമാന്യവല്‍കരിച്ചു പറഞ്ഞത്?
എല്ലാം എല്ലാവർക്കും വായിക്കാൻ സാധിക്കാത്തതും മനസ്സിലാവാത്തതും തന്നെയല്ലേ എവിടെയും എപ്പോഴുമുള്ള പ്രശ്നം?
അതല്ലേ ആളുകൾ തമ്മില്‍ വ്യത്യാസമുണ്ടാക്കുന്ന പ്രശ്നം? 
അതുകൊണ്ട്‌ തന്നെ മനസിലാകാത്തത് മുഴുവന്‍ മോശമെന്നും നല്ലതെന്നും അര്‍ത്ഥമില്ല.
*****
ഇനിയൊന്ന് പറയട്ടെ. മേല്‍ എഴുത്തില്‍, മനസിലാകാത്ത, മനസിലാക്കാന്‍ പറ്റാത്ത ഒന്നും ഉണ്ടായിരുന്നില്ല. 
പക്ഷേ, ഒരു വ്യത്യാസം മാത്രം.
എല്ലാം എല്ലാവർക്കും ഒരുപോലെ ബാധകമല്ല.
എല്ലാ വിഷയവും ഭക്ഷണവും എല്ലാവർക്കും ഒരുപോലെ ദഹിക്കില്ല. 
പിഞ്ചുകുഞ്ഞിന്‌ ബാധകമായത് അമ്മക്കും, അമ്മക്ക് ബാധകമായത് പിഞ്ചുകുഞ്ഞിനും ബാധകമല്ല.
താങ്കള്‍ അത് കൂടി മനസിലാക്കിയാല്‍ മതിയായിരുന്നു. 
****
എന്നാലും താങ്കളോട് ഒരുകാര്യം സന്തോഷത്തോടെ പറയട്ടെ. 
ഈ അടുത്ത കാലത്ത് കാപട്യം ഏതുമില്ലാതെ വന്ന, ഔപചാരികം മാത്രമായല്ലാതെ ഉള്ള് തൊട്ട് പറഞ്ഞ ഒരു അഭിപ്രായമായിരുന്നു താങ്കളുടെത്.
അതിന്‌ താങ്കള്‍ക്ക് നന്ദി. അങ്ങേയറ്റം മാനിക്കുന്നു.
താങ്കള്‍ തുറന്ന് പറഞ്ഞത് കൊണ്ടാണ്‌ ഉചിതമായ മറുപടിയും നല്‍കാനായത്. അങ്ങനെ താങ്കള്‍ അഭിപ്രായപ്പെട്ടതില്‍ ഒരു തെറ്റും ഇല്ല, ഉണ്ടായിരുന്നില്ല. 
ഒട്ടനവധി വിഷയങ്ങളില്‍ ഒരു വലിയ വിഭാഗത്തിന്റെ പ്രശ്നം തന്നെയാണ് താങ്കള്‍ ഉയർത്തിയത്.
പക്ഷേ ഒട്ടുമിക്കവരും പ്രതികരിക്കില്ല. ഉള്ളത് തുറന്ന് പറയില്ല. ആചാരവും ഉപചാരവും പോലെ പറയും. അല്ലെങ്കിൽ വ്യക്തിവിദ്വേഷം വെച്ച് വ്യക്തിഅധിക്ഷേപം നടത്താൻ ശ്രമിക്കും. അതുമല്ലെങ്കിൽ വിശ്വാസപരമായ അസഹിഷ്ണുത വെച്ച് തെറിപറയും.
ഭൂരിപക്ഷവും പ്രതികരിക്കുകയേ ഇല്ല. മനസിലായാലും ഇല്ലേലും. ഇക്കാര്യത്തില്‍ മാത്രമല്ല. ജീവിതത്തിലുടനീളം.
പകരം അവർ അവരുടെ പ്രതികരണത്തെ കഥാപാത്രങ്ങള്‍ക്കും സിനിമയിലെ നായകന്മാര്‍ക്കും ഏല്പിച്ച്കൊടുക്കും. സങ്കല്‍പത്തില്‍ മാത്രമായ് ഒതുക്കും, അവരുടെ പ്രതികരണത്തെ.
കാല്‍പനികത അതിനാല്‍ തന്നെ അവര്‍ക്ക് പ്രിയപ്പെട്ടത്. അമാനുഷിക പ്രതികരണങ്ങള്‍ നടത്തുന്ന നായകവേഷങ്ങൾ ഉള്ള സിനിമകള്‍ അതിനാലവര്‍ക്ക് ഏറെ പ്രിയപ്പെട്ടത്. 
അതിനാല്‍ തന്നെ, മുഹമ്മദ് ആയാലും ബുദ്ധനായാലും യേശുവും മാര്‍ക്സും ആയാലും നേരിട്ട് യാഥാര്‍ത്ഥ്യമായ് വന്നാല്‍ ഉള്‍കൊള്ളാന്‍ അവര്‍ക്ക് സാധിക്കില്ല.
അവര്‍ക്ക് എല്ലാം കഥകളായി സങ്കല്പങ്ങള്‍ മാത്രമായി മാറണം; പിന്‍തുടരാൻ, വാനോളം പുകഴ്ത്താന്‍. വിശ്വാസികള്‍ ആവാന്‍. 
അറിയാമല്ലോ, നല്ല പല സിനിമകളും വന്നാല്‍, 'അത് art movie' അല്ലെങ്കിൽ 'award movie,' 'നമുക്ക് മനസിലാവില്ല' എന്ന് പറഞ്ഞ്‌, അവ കാണാത്ത വലിയ ഒരു വിഭാഗം ഇവിടെയുണ്ട്.
യാഥാര്‍ത്ഥ്യങ്ങൾക്ക് നേരെ മുഖം തിരിച്ച്, യാഥാര്‍ത്ഥ്യങ്ങളെ പേടിച്ച് വെറും കാല്‍പനിക കഥകളുടെയും നിലനില്‍ക്കാത്ത സ്വപ്നങ്ങളുടെയും പിന്നാലെ മാത്രം പോകുന്നവർ. 
പക്ഷേ, താങ്കള്‍ അവര്‍ക്കെല്ലാം വേണ്ടി പറഞ്ഞു. അതിനാല്‍ ന്യായമായും മറുപടി അര്‍ഹിക്കുന്നു. അതിനുള്ള വിലയും അര്‍ഥവും താങ്കളുടെ ആ അഭിപ്രായത്തിനുണ്ട്.
താങ്കളുടെത് പലരും പറയുംപോലെ, വെറും വെറുതെ യാന്ത്രികമായി നല്‍കിയ അഭിപ്രായമല്ല. 
വെറുതെ ഒരു "നല്ലെഴുത്ത്" എന്നായിരുന്നു താങ്കള്‍ പറഞ്ഞിരുന്നതെങ്കിൽ, അതൊരു സാധാരണമായ കമന്റ് മാത്രമായേ പരിഗണിക്കുമായിരുന്നുള്ളൂ. മറുപടിക്ക് പരിഗണിക്കുകയേ ഇല്ലായിരുന്നു.
******
ഒന്ന് കൂടി വിശദമാക്കി പറയട്ടെ. 
നമ്മൾ നിര്‍വ്വചനങ്ങളില്‍ നിന്ന് മാത്രം ചിന്തിക്കുന്നു. നിലവിലുള്ള നിര്‍വ്വചനങ്ങള്‍ക്ക് വേണ്ടി മാത്രം ചിന്തിക്കുന്നു.
കഥ, കവിത, നോവല്‍, ലേഖനം എന്നിങ്ങനെ മാത്രമേ എഴുത്തിന് ശാഖകള്‍ ഉള്ളൂ, ഉണ്ടാവാന്‍ പാടുള്ളൂ എന്ന് ചിന്തിക്കുന്നു.
അങ്ങനെ അവയില്‍ ഒതുങ്ങി മാത്രമേ എഴുതാന്‍ പറ്റൂ എന്ന് നമ്മളങ്ങ് ഉറപ്പിക്കുന്നു.
നമുക്കാവുന്നത് പോലെ, നമ്മുടെ വികാരവും വിചാരവും പ്രതിഫലിപ്പിക്കുന്ന കോലത്തില്‍, എക്കോലത്തിലോ അക്കോലത്തില്‍, സ്വാഭാവികമായ് എഴുതുന്നതാണ് എഴുത്ത് എന്ന് നമ്മളങ്ങ് മറന്നു.
നമ്മൾ നമ്മള്‍ മാത്രമേ ആവേണ്ടതുള്ളൂ, മറ്റാരും ആവേണ്ടതില്ല, മറ്റാരും പറഞ്ഞത് പോലെ ആവേണ്ടതില്ല, എന്നതും നമ്മളങ്ങ് മറന്നു.
അങ്ങനെ വെറും കൃത്രിമം മാത്രമായി നമ്മൾ എഴുതുന്നു, പറയുന്നു.
ഒരു വികാരത്തെയും വിചാരത്തെയും പ്രതിനിധീകരിക്കാതെ. വൃത്തവും ചതുരവും നോക്കി. അതിന്‌ വേണ്ടി ബാക്കിയെല്ലാം നശിപ്പിച്ച്, വാക്കുകൾ തപ്പിപ്പിടിച്ച്, ഒരുതരം originalityയും ഇല്ലാതെ. 
അറിയുക, മുന്‍നിര്‍വ്വചനങ്ങളെ നിഷേധിച്ചവനാണ് ധിക്കരിച്ചവനാണ് പുതിയ വഴികളും നിര്‍വ്വചനങ്ങളും ഉണ്ടാക്കിയത്, ഉണ്ടാക്കുന്നത്‌.
നിര്‍വ്വചനങ്ങള്‍ ചെരുപ്പ് പോലെ മാത്രം. എത്രയും മാറ്റാം.
കാലുകൾ ചെരുപ്പിന് വേണ്ടി മുറിക്കേണ്ടതല്ല. 
നമ്മൾ നിലവില്‍ വിശ്വസിക്കുന്ന, ആശ്രയിക്കുന്ന നിര്‍വ്വചനങ്ങളും ഒരിക്കല്‍ എല്ലാം തെറ്റിച്ച് ഇങ്ങനെ ഉണ്ടായതാണ്. ഇല്ലായ്മയില്‍ നിന്നും ഉണ്ടായത്.
ഇനിയും കുറെ നിര്‍വചനങ്ങള്‍ ഉണ്ടാവുന്നതാണ്, ഉണ്ടാകാവുന്നതാണ്. 
ഓരോരുത്തരും ഓരോ നിര്‍വ്വചനം.
ഒരേ മരത്തിലാണെങ്കിലും ഓരോ ഇലയും വേറെ വേറെ. വേറെ വേറെ നിര്‍വചനം പോലെ. 
ആ നിലക്ക് ഈയുള്ളവന്‍ എഴുതുന്നത് കഥയോ കവിതയോ നോവലോ ലേഖനമോ അല്ല. ആവണം എന്ന ഒരു ചിന്തയും നിര്‍ബന്ധവും ഇല്ല. പകരം, എന്തോ അത്. പറയാനുള്ള ചിലത്. അത് പറയേണ്ടതെന്ന് ഈയുള്ളവന് തോന്നുന്ന കോലത്തില്‍. എഴുതുന്നത് പോലെ എഴുതുന്നത്. ഈയുള്ളവന് മാത്രം തോന്നുന്ന രീതിയില്‍. അത് തന്നെ അതിന്റെ രൂപവും നിര്‍വചനവും ആക്കിക്കൊണ്ട്. 
ബാക്കി അനുവാചകന് തോന്നുന്നത് എന്തോ അത് പോലെ.
അവന് ഒന്നുമല്ലെന്ന് തോന്നിയാല്‍ അങ്ങനെ.
ഒരു നിര്‍ബന്ധവും ഇല്ല. ഒരവകാശവാദവും ഇല്ല.
മാങ്ങയുടെ പുളിയും മധുരവും, മാങ്ങയും മാവും അറിയാത്തത്, അവകാശപ്പെടാത്തത്. കഴിക്കുന്നവന്‍ അവന്റെ കഴിവനുസരിച്ച്, നാക്കിലെ മുകുളങ്ങള്‍ക്കനുസരിച്ച് അറിയുന്നത്, അനുഭവിക്കുന്നത്, പറയുന്നത്. ആത്മനിഷ്ഠമായത്. 
*****
പിന്നെ എഴുത്തിലെ ആവര്‍ത്തിച്ചു വരുന്ന പൂച്ചയുടെ കാര്യം. 
പൂച്ചയെന്നല്ല മറ്റെന്തും. അവ വെറും ബിംബങ്ങൾ മാത്രമല്ല; അനുഭവം മാത്രം, കാഴ്ച മാത്രം.
പൂച്ചയെ വെച്ച്, അല്ലെങ്കിൽ മറ്റെന്തെങ്കിലും വെച്ച് എഴുതുന്നത്‌ യാഥാര്‍ത്ഥത്തില്‍ ഉള്ളത്‌ മാത്രം.
അത് വെച്ച് കാണുന്ന, ഉണ്ടാവുന്ന ജീവിതവീക്ഷണം.
വെറും കാല്‍പനികതക്ക് വേണ്ടി എഴുതിയുണ്ടാക്കുന്ന ഒന്നും അതിലില്ല.
*****
എന്തായാലും ചിലത് ചിലര്‍ക്ക് മനസ്സിലാകില്ല. അതവരുടെ പ്രശ്നമാണ്‌. വിഷയം കഠിനമായത് കൊണ്ടും മനസിലാകാത്തതാവാം. വിഷയത്തോടുള്ള വിരക്തിയോ താല്പര്യക്കുറവോ കൊണ്ടാവാം. 
എല്ലാവരുടേയും എല്ലാം എല്ലാവർക്കും മനസിലാവില്ല, മനസിലാകാറില്ല. അമ്മയുടെ എല്ലാ ചലനവും ആവശ്യങ്ങളും കുഞ്ഞിന്‌ മനസിലാകാത്തത് പോലെ.
******
പിന്നെ എഴുതുന്നതിലെ നീളം. വിഷയത്തിനനുസരിച്ചാണ് നീളം.
പറയാൻ കുറെയുള്ളവന്, അത്തരം വിഷയങ്ങളില്‍ എത്ര ചുരുക്കിയാലും, എത്ര ചുരുക്കി എഴുതിയാലും നീളമുണ്ടാവും.
നീളമുള്ള എത്ര കവിതകള്‍ ക്ലാസിക്ക്‌ രചനകളില്‍ കാണിച്ചു തരാം. Wasteland ഉം murder in cathedral ഉം മലയാളത്തില്‍ തന്നെ ഒട്ടനവധി കവിതകളും വായിച്ചു നോക്കൂ.
അല്ലേലും നീളം കൂടുതലാണോ അല്ലേ എന്നതല്ല പ്രശ്‌നം.
അര്‍ത്ഥവത്താണോ അല്ലേ എന്നതായിരിക്കണം പ്രശ്നം.
പറയുന്ന വിഷയം വ്യക്തമായും കൈകാര്യം ചെയതുവോ എന്നത്.
വെറുതെ അതും ഇതും പറഞ്ഞതല്ല എന്ന്. 
ഒന്നും മനസ്സിലാവാത്തവന് എത്ര ചെറുതും വലുതാവും. ഭാരമുള്ളതായി തോന്നും. കാരണം, അവർ മനസ്സിലാക്കുകയല്ല. പേറുന്നത് മാത്രമാണ്‌. ഗ്രന്ഥം പേറുന്നവർ. 
ഇനി വൃത്തം വെച്ച് വാക്കുകൾ തപ്പിപ്പിടിച്ച് എഴുതുന്ന മുഴുവന്‍ കവിതകളും വായിക്കുന്നവര്‍ക്ക് മുഴുവന്‍ ഇഷ്ടപ്പെടുന്നുണ്ട്, മനസ്സിലാകുന്നുണ്ട് എന്നാണോ താങ്കള്‍ ധരിച്ചത്?
ആളുകൾ ഒന്നുകില്‍ മിണ്ടാതിരിക്കുന്നു, അല്ലെങ്കിൽ വെറുതെ സുഖിപ്പിക്കാന്‍ 'നല്ലത്‌' എന്ന് പറയുന്നു.
ഇതിനിടയിൽ വളരേ കുറച്ചു പേർ ഉള്ളത് ഉള്ളത് പോലെ പറയുന്നു.

ചോദ്യം: റഹീമിന്റെ ബോഡി (ശവം) എന്ത് ചെയ്യണം ?

ചോദ്യം: റഹീമിന്റെ ബോഡി (ശവം) എന്ത് ചെയ്യണം എന്നാണ് റഹീമിന്റെ ആഗ്രഹം?
കുറച്ച് കഴിഞ്ഞ് വീണ്ടും കുറ്റപ്പെടുത്തുന്ന, ആ ചോദ്യത്തെ ശക്തിപ്പെടുത്തുന്ന, മറ്റൊരു കമന്റ്.
"മറുപടി പറയില്ല, പറയാനുള്ള തന്റെടം ഉണ്ടാവില്ല..." 
മേല്‍ ചോദ്യത്തിന്‌ ആധാരമായ ഈയുള്ളവന്റെ പോസ്റ്റ്.
"ഒന്ന് ബോധം തെളിഞ്ഞു, തെളിയിച്ചു പറയട്ടെ. മരിച്ചു കഴിഞ്ഞാൽ, ചക്കിലിട്ടു ആട്ടിയാലും തീയിലിട്ടു കരിച്ചാലും ഹൽവ ഉണ്ടാക്കിയാലും ഒന്ന്."
ഇനി ചോദ്യത്തിനുള്ള മറുപടി:
ഉത്തരം:
ഒന്നാമതായി ശവത്തിനു റഹിം എന്നതില്ല. ശവം വെറും ശവം മാത്രം. റഹീമും ഞാനും നീയും നഷ്ടപ്പെട്ട വെറും ശവം. റഹീമിന്റെ ശവം എന്നതില്ല. റഹിം എന്നത്‌ മറ്റുള്ളവര്‍ തിരിച്ചറിയാൻ വിളിച്ച പേര്‌ മാത്രം. 'ഞാന്‍' 'നീ' എന്നത്‌ തലച്ചോറ്‌ ഉണ്ടാക്കിയ അതിജീവന ബോധം മാത്രവും. തലച്ചോറ്‌ ഉള്ളിടത്തോളം മാത്രം നിലനില്‍ക്കുന്നത്. 
വീണ്ടും പറയാം. മേല്‍ പോസ്റ്റ് തന്നെ നല്‍കുന്നതാണ് താങ്കള്‍ക്കുള്ള യാഥാര്‍ത്ഥ മറുപടി. ആ പോസ്റ്റില്‍ താങ്കളുടെ ചോദ്യത്തിനുള്ള മറുപടി ഉണ്ട്. ആ മറുപടി മാത്രമാണ് ആ പോസ്റ്റ്. യഥാര്‍ത്ഥത്തില്‍ ആ പോസ്റ്റില്‍ മറുപടി ഉണ്ട് എന്നത്‌ തന്നെയാണ് താങ്കളെ ഈവിധം അസ്വസ്ഥപ്പെടുത്തുന്നത്. 
അതിനാലാണ് പ്രത്യേകിച്ച് ഉത്തരം നല്‍കേണ്ടതുണ്ടെന്ന് കരുതാതിരുന്നത്. അല്ലാതെ ഉത്തരം പറയുന്നതിൽ പേടിക്കാന്‍ എന്തെങ്കിലും ഉള്ളത്‌ കൊണ്ടല്ല. പേടിക്കാന്‍ അതിൽ ഒന്നുമില്ല. ഏറിയാല്‍ സാമൂഹ്യമായ തിരസ്കാരം മാത്രമല്ലാതെ.
പക്ഷേ, ഒന്നറിയുക. തിരസ്കൃതനേ സത്യം പറയൂ. അപ്പോഴും നിരാശ ന്യായമാവാതെ.
മുഹമ്മദും യേശുവും ശങ്കരനും ബുദ്ധനും മാര്‍ക്സും സോക്രട്ടീസും എല്ലാം അങ്ങനെ തിരസ്കൃതരായി മാത്രമേ സത്യം പറഞ്ഞിട്ടുള്ളൂ.
സത്യം പറഞ്ഞാല്‍ ആരും സാമൂഹ്യമായി തിരസ്കൃതനാവും.
നമുക്ക് കിട്ടുന്ന സ്വീകാര്യതയും അത് നല്‍കുന്ന മാന്യതയും നമ്മെ സത്യം പറയുന്നതിൽ നിന്നും പേടിപ്പിച്ചകറ്റും.
താങ്കള്‍ ആരോപിച്ച പേടി താങ്കളുടെ വിശ്വാസം ഉണ്ടാക്കിയ പ്രശ്നം മാത്രമാണ്. എപ്പോഴും പേടിക്കാനും, ദൈവത്തെ പോലും പേടിക്കാനും സംശയിക്കാനും ആവശ്യപ്പെടുന്ന വിശ്വാസത്തിന്റെ പ്രശ്നം. ആ പേടി താങ്കള്‍ മറ്റുള്ളവരില്‍ ആരോപിച്ച്, പ്രതിബിംബിച്ച് ആശ്വാസമടയുന്നു എന്ന് മാത്രം.
മരിക്കും വരെ പേടിച്ചും മരിച്ചാലും എന്തൊക്കെയോ ശിക്ഷകളെ നേരിടേണ്ടി വരുമെന്ന് പേടിച്ചും കുറ്റബോധം നിറഞ്ഞ മനസ്സുമായി നടക്കുന്ന ഓരോ വിശ്വാസിയുടെയും പ്രശ്നമാണത്. എത്രയെല്ലാം പറഞ്ഞാലും കേള്‍ക്കാത്ത, മനസ്സിലാവാത്ത എന്നിട്ടും ശിക്ഷിക്കാന്‍ മാത്രം കാത്തിരിക്കുന്ന ദൈവത്തില്‍ വിശ്വസിക്കുന്നവന്റെ പേടി. 
മേല്‍ പോസ്റ്റ് ജീവിതത്തെ കുറിച്ചും മരണാനന്തരത്തെ കുറിച്ചും അല്പവും പേടിയും സംശയവും തെറ്റിധാരണയും ഇല്ലാത്ത ഉറപ്പില്‍ നിന്ന് മാത്രം ഉണ്ടായതാണ്. മരണാനന്തരം ശവം എന്ന് മാത്രം വിളിക്കപ്പെടുന്ന ശരീരം ഒന്നുമല്ലെന്ന് തീര്‍പ്പുള്ളത് കൊണ്ട്‌, ഉറപ്പുള്ളത് കൊണ്ട്‌. ഭയമില്ലാത്തതിനാല്‍.
ഒരുപക്ഷേ കത്തിക്കാനുള്ള ഓരോ ഇന്ത്യക്കാരന്റെയും ധൈര്യവും ഉറപ്പും മറ്റൊരര്‍ത്ഥത്തില്‍ അത് തന്നെയാണ്. എന്തെല്ലാം അന്ധവിശ്വാസങ്ങളും അജ്ഞതയും അവരുടെ മേല്‍ ആരോപിക്കപ്പെട്ടാലും. 
മേല്‍ പോസ്റ്റ് ശവം സാംസ്കരിക്കാന്‍ ഏതെങ്കിലും ഒരു പ്രത്യേക രീതി തന്നെ വേണമെന്നും ഏതെങ്കിലും ഒരു പ്രത്യേക രീതി അരുതെന്നും പറയുന്ന പോസ്റ്റ് അല്ല.
അതിനാല്‍ തന്നെ ഒരു പ്രത്യേക രീതി വേണമെന്ന നിലയില്‍ ഒരുത്തരം താങ്കള്‍ക്ക് ഈയുള്ളവന്‍ നല്‍കേണ്ടതും ഇല്ല. അത് ഈയുള്ളവന്റെ കാര്യത്തില്‍ ആയാലും.
താങ്കള്‍ ഉദ്ദേശിക്കുന്ന ഉത്തരം നല്‍കുകയല്ലല്ലോ വേണ്ടത്? പകരം, ശരി എന്താണോ, യാഥാര്‍ത്ഥത്തില്‍ മേല്‍പോസ്റ്റ് കൊണ്ട്‌ ഉദ്ദേശിച്ചത്‌ എന്താണോ അത് തന്നെയാണല്ലോ ഉത്തരമായി നല്‍കേണ്ടത്? 
ശവത്തെ കൈകാര്യം ചെയ്യുന്നത് എങ്ങിനെയായാലും ശവത്തെ സംബന്ധിച്ചേടത്തോളം ഒന്ന് എന്ന് മാത്രം മേല്‍ പോസ്റ്റ് പറയുന്നു. അതിൽ ഏറിയാല്‍ പാരിസ്ഥിതിക സാഹചര്യം പരിഗണിക്കാം എന്നുമാത്രം.
വിത്യാസം എന്തെങ്കിലും തോന്നുന്നത് കൈകാര്യം ചെയ്യുന്നവര്‍ക്ക് മാത്രം. അവരുടെ വിശ്വാസവും സംസ്കാരവും സൗകര്യവും അനുസരിച്ച്. അതൊന്നും ശവത്തെ ബാധിക്കുന്ന കാര്യങ്ങളല്ല. ജീവിക്കുന്ന മറ്റ് മനുഷ്യരെ ബാധിക്കുന്ന കാര്യങ്ങൾ മാത്രം. 
എങ്കിൽ, മേല്‍ പോസ്റ്റ് വെച്ചുകൊണ്ട് എവിടെയാണ് താങ്കളുടെ ചോദ്യത്തിന് പ്രസക്തി എന്ന് മനസ്സിലാവുന്നില്ല. പ്രത്യേകിച്ചും ഇത്രക്ക് വ്യക്തിപരമായി ചോദിക്കാന്‍ മാത്രം. വ്യക്തിപരമാവാതെ വിഷയങ്ങളെ കൈകാര്യം ചെയ്യാൻ കഴിയാത്തതാണ് വിശ്വാസികളുടെയൊക്കെ വലിയ പ്രശ്‌നവും. 
ശവം ഒഴിവാക്കുന്നതാണ്. ചീഞ്ഞുനാറും എന്നതിനാല്‍. മറ്റൊരു വഴിയും ഇല്ലാതെ. അതിനാല്‍ നാട്ടുകാർ തന്നെ മുന്‍കൈ എടുത്ത് അതൊഴിവാക്കുന്നു. അതിന്‌ പല രീതികളും ആ നിലക്ക്, അതാത് നാട്ടിന്റെ സാഹചര്യവും സംസ്കാരവും വിശ്വാസവും അനുസരിച്ച് ഉണ്ടായി എന്ന് മാത്രം. ഒന്നും അവസാന വാക്കല്ല. ഏതെങ്കിലുമൊരു രീതി മാത്രം ശരിയെന്നും തെറ്റെന്നും പറയാനില്ല.
എങ്ങിനെ ആയാലും ശവം ഒഴിവാക്കപ്പെടണം. അത്രയേ ഉള്ളൂ.
പള്ളിക്കാട് എന്നത്‌ ഇസ്ലാമില്‍ പോലും ഇല്ല. പള്ളിക്കാട് എന്നതൊക്കെ സ്വന്തം സ്ഥലം സംരക്ഷിക്കാൻ വേണ്ടി മാത്രം, ശവത്തെ എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ മാത്രം, പിന്നീട് ഉണ്ടായതാണ്. യാഥാര്‍ത്ഥ ഇസ്ലാമിക വിശ്വാസവുമായി പോലും അതിന്‌ ബന്ധമില്ല. മുസ്ലിമാണെങ്കിൽ (അതും, മഹാഭൂരിപക്ഷവും വെറും ജന്മം കൊണ്ട്‌) പള്ളിക്കാട്ടില്‍ കുഴിച്ചിടണമെന്ന് പറയുന്ന, ആവശ്യപ്പെടുന്ന എന്തെങ്കിലും തെളിവ് ഇസ്ലാമികമായി തന്നെ കൊണ്ടുവരാന്‍ സാധിക്കില്ല. എവിടെയാണോ മരിച്ചത് അവിടെ തന്നെ കുഴിച്ചിടുക മാത്രമാണ് പ്രവാചകൻ പോലും ചെയതത്. പ്രത്യേക സ്ഥലം നിശ്ചയിക്കാതെ. മരുഭൂമിയിലെ സാഹചര്യം അതിനാണ് കൂടുതൽ അനുകൂലം എന്നതിനാല്‍. 
ഈയുള്ളവനെ സംബന്ധിച്ചേടത്തോളം മൃഗങ്ങള്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുക എന്ന രീതി പോലും അഭികാമ്യമാണ്. പലപ്പോഴും അതിലൊരു ജൈവിക നീതി തോന്നിയിട്ടുണ്ട്. പ്രസ്തുത ചുറ്റുപാടും സാഹചര്യവും അനുകൂലമെങ്കിൽ. മറ്റുള്ളവര്‍ക്ക് (മനുഷ്യര്‍ക്ക് മാത്രം) ശല്യവും ബുദ്ധിമുട്ടും ആവില്ലെങ്കില്‍. കാരണം ശവത്തിന്റെ കാര്യങ്ങൾ കൈകാര്യം ചെയുന്നത് ശവമല്ലല്ലോ? ചുറ്റുപാട് മാത്രമാണ്‌. ശവം ജീര്‍ണിക്കുന്ന കാര്യത്തിലായാലും.

പാമ്പ് പാമ്പിനെ തിന്നുമോ? തിന്നും.

പാമ്പ് പാമ്പിനെ തിന്നുമോ?
തിന്നും.
രാജവേമ്പാല മൂർഖനെ തിന്നാണ് ജീവിക്കുക എന്ന് ഒരു സുഹ്രുത്ത് പറഞ്ഞറിഞ്ഞു.
മൂര്‍ഖനെ എന്നല്ല; അവ പരസ്പരം തന്നെയും തിന്നുന്നു. 
ഉള്ളതെങ്കില്‍, അതൊരു വല്ലാത്ത പുതിയ അറിവ്.
ഈ അറിവും അടുത്തായിരിക്കെ ഈയുള്ളവന് ദൂരെയായിരുന്നു. 
അറിയാത്തതെല്ലാം ദൂരെ തന്നെ.
അറിവില്ലായ്മയാണ് ദൂരം.
അത്‌ ദൈവത്തിലേക്കായാലും സത്യത്തിലേക്കായാലും നിന്നിലേക്ക് തന്നെ ആയാലും. 
ഇതുവരെ അറിയാത്ത വിവരം....
ചെറുതാണെങ്കിലും വലുത്.
വലുതാണെങ്കിലും ചെറുത്. 
ചെറുപ്പവും വലിപ്പവും സന്ദര്‍ഭവും സാഹചര്യവും നിശ്ചയിക്കുന്നത്.
രോഗമുണ്ടാക്കാൻ ചെറിയ അണുവും വലുത്. 
മൂര്‍ഖനും രാജവെമ്പാലയും.
രണ്ട് പാമ്പുകളും ഉഗ്രവിഷജീവികൾ.
എന്നിട്ടും ഒന്ന് മറ്റൊന്നിന് ഇര.
പരസ്പരം തന്നെയും ഏല്‍പ്പിക്കുന്നത് വിഷം.
തിന്നാല്‍ വിഷമാവുന്നുമില്ല. 
ചില ഗുരുക്കന്മാരുടെ രീതി പോലെ.
എങ്ങിനെ വേണമെങ്കിലും ആവും.
വേണമെങ്കിൽ പരസ്പരം വിഷം കുത്തും, വിഴുങ്ങും. 
പിന്നെയും ചില ഗുരുക്കന്മാരെ പോലെ.
അവർ ശിഷ്യന്മാരില്‍ സ്വന്തം വിഷം കുത്തി എന്നും ശിഷ്യന്‍മാര്‍ തന്നെയാക്കി നിര്‍ത്തും.
ശിഷ്യന്മാരെ അവർ പലപ്പോഴും വിഴുങ്ങിക്കളയും. രാജവെമ്പാല ചെയ്യുന്നത് പോലെ തന്നെ.
ഒളിച്ചു വെച്ച വിഷം തന്നെയായ സ്വന്തം അഹങ്കാരം സ്ഥാപിച്ചെടുക്കാന്‍ ശിഷ്യന്മാരുടെ മുഴുവന്‍ അഹങ്കാരം അവർ നശിപ്പിക്കും . 
ശിഷ്യനിലെ ശിഷ്യനെയും ഗുരുസാധ്യതയേയും എന്നെന്നേക്കും നശിപ്പിച്ച് വെറും വിശ്വാസി മാത്രമാക്കും. 
ചിലതരം ചിലന്തികളെ പോലെ.
രതിമൂര്‍ച്ചക്കിടയില്‍ സ്വന്തം ഇണയെ തിന്ന് തീര്‍ക്കുക.
ജീവിതം അങ്ങനെയുമാണ്.
ദൈവവും പദാര്‍ത്ഥവും ഊര്‍ജവും ബോധവും ആത്മാവും എല്ലാം അങ്ങനെ തന്നെ.
നന്മയും തിന്മയും ഒന്ന് തന്നെയായി. 
ഒന്ന് എല്ലാമാവുന്നു.
ആ ഒന്ന് എല്ലാറ്റിനേയും തപ്പുന്നു, വിഴുങ്ങുന്നു.
എല്ലാം ആ ഒന്ന് തന്നെയാവുന്നു. 
ആത്യന്തികമായ അര്‍ത്ഥത്തില്‍, ഇരയും വേട്ടക്കാരനും ഒന്നാകുന്നു.
നേരിട്ടായാലും അല്ലേലും.
നിന്റെ ബോധ്യത്തില്‍ വന്നാലും ഇല്ലേലും

സ്വയം മാർക്കറ്റിംഗ് എന്ന ചെറിയ മാനസിക അവസ്ഥയിലേക്ക് പോകില്ലേ താങ്കളുടെ ഈ പോസ്റ്റുകൾ?

ചോദ്യം:
സ്വയം മാർക്കറ്റിംഗ് എന്ന ചെറിയ മാനസിക അവസ്ഥയിലേക്ക് പോകില്ലേ താങ്കളുടെ ഈ പോസ്റ്റുകൾ? നിങ്ങൾക്ക് ഒരു സെൽഫമാർകെറ്റിങ് ആവശ്യമുണ്ടെന്ന് കരുതുന്നില്ല..... 
(മേല്‍ എഴുതിയത് ഒരു നല്ല സുഹ്രുത്ത് നല്‍കിയ നല്ല കമന്റ്.) 
ആ കമന്റിന് ഇടയായ സാഹചര്യം: ഈയുള്ളവന്റെ ഈയടുത്ത് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങളെ അധികരിച്ച്, അവ വായിച്ച ചില സുഹൃത്തുക്കൾ ഇട്ട പോസ്റ്റുകൾ ഈയുള്ളവന്‍ ഷെയർ ചെയതത്.
ആ നല്ല സുഹൃത്തിനു ഈയുള്ളവന്‍ നല്‍കിയ മറുപടി:
Self marketingനെ കുറിച്ച താങ്കളുടെ ആത്മാര്‍ത്ഥത നിറഞ്ഞ ആശങ്കയും വേദനയും പങ്ക് വെക്കുന്നു.
ശരിയാണ്‌.
പക്ഷേ അക്കാര്യത്തില്‍ ഈയുള്ളവന്റെ ഏക ആശ്വാസം അങ്ങനെ self market ചെയ്യാൻ ഈയുള്ളവന്‍ സ്വര്‍ഗം വാഗ്ദാനം ചെയ്തില്ല, നാരകം കൊണ്ട്‌ ഭീഷണിപ്പെടുത്തിയില്ല എന്നത്‌ മാത്രം. 
ഇനി പറയട്ടെ.
ഇതൊരു self marketing അല്ല. ഇനി അങ്ങനെ self marketing ആയാലും എന്തോ വലിയ പ്രശ്‌നവും പാപവും ഉണ്ടെന്ന് കരുതുന്നതിനാല്‍ self marketing അല്ലെന്ന് പറയുന്നതല്ല. 
അതിനാല്‍, താങ്കള്‍ക്ക് ഈയുള്ളവന്‍ ചെയ്യുന്നത് self marketing ആണെന്ന് തോന്നിയെങ്കില്‍ അത് ശരിയാണ്‌ എന്ന് തന്നെ താങ്കള്‍ കരുതുക. ഈയുള്ളവന്‍ അത് തിരുത്തുന്നില്ല. ഈയുള്ളവന് അത് തിരുത്തേണ്ടതില്ല. തിരുത്താനുള്ള ഓരോ ശ്രമവും ഈയുള്ളവന്റെ മറ്റൊരു തരം self marketing ആയി മാറും. 
അറിയാമല്ലോ, ദൈവം പോലും സ്വയം market ചെയ്യുന്ന വിശ്വാസങ്ങളെ പേറി നടക്കുന്നവരാണ് നമ്മൾ. ഭീഷണിയും വാഗ്ദാനങ്ങളും വരെ നടത്തിക്കൊണ്ട്.
തന്നെ വിശ്വസിക്കാനും, പോരാത്തതിന് പുകഴ്ത്താനും മഹത്വപ്പെടുത്താനും വരെ ദൈവം ആവശ്യപ്പെട്ടു കൊണ്ട്‌.
താന്‍ പ്രവാചകനാണെന്ന് ജനങ്ങളെ പറഞ്ഞ്‌ വിശ്വസിപ്പിക്കുമ്പോള്‍ അത് self marketing തന്നെയാണ്. ആ വിശ്വാസം സ്വര്‍ഗത്തില്‍ പോകാനുള്ള അടിസ്ഥാനമാക്കുമ്പോള്‍ പിന്നെ പറയുകയും വേണ്ടല്ലോ? ഓരോ വിശ്വാസിയും ഓരോ ദിവസവും ചുരുങ്ങിയത് 17 പ്രാവശ്യം നിര്‍ബന്ധമായും അത് ഉരുവിടണം എന്ന് കൂടി പറയുമ്പോള്‍ പിന്നെ അതിന്റെ അര്‍ത്ഥം പറയേണ്ടതില്ലല്ലോ? 
എങ്കിൽ, താങ്കളെ സംബന്ധിച്ചേടത്തോളം, വെറും മനുഷ്യന്‍ മാത്രമായവന്റെ കാര്യം പറയേണ്ടതില്ലല്ലോ?
അത്കൊണ്ട്‌ തന്നെ, ഈയുള്ളവന്‍ ചെയ്തത് self marketing ആണെങ്കിൽ, അങ്ങനെ ഒരു self marketingനെ നിലവിലുള്ള വിശ്വാസം വെച്ച് താങ്കള്‍ വല്ലാതെ വെറുക്കില്ല എന്ന് തന്നെ കരുതുന്നു. 
നല്ലൊരു സുഹൃത്ത് (പല സുഹൃത്തുക്കൾ) എഴുതിയത് അപ്പടിയേ ഷെയർ ചെയ്യുക എന്ന മാന്യതയും മര്യാദയുമാണ്‌ ഈയുള്ളവന്‍ ചെയതത്. അത്‌ അങ്ങനെ തന്നെ താങ്കള്‍ക്ക് മനസ്സിലാവുമോ ഇല്ലേ എന്നറിയില്ല.
ഇനിയും ചില കാര്യങ്ങള്‍ പറയട്ടെ.
ഈയുള്ളവന്‍ എഴുതിയാലും മറ്റാര് എഴുതിയാലും രണ്ടാള്‍ കൂടുതല്‍ കാണണം, വായിക്കണം എന്ന് തന്നെയാണ് ആഗ്രഹിക്കുക, ആഗ്രഹിക്കേണ്ടത്. അതിന്‌ വേണ്ടി തന്നെയാണല്ലോ, വായിക്കാൻ തന്നെയാണല്ലോ ആരും എഴുതുന്നത്? 
എഴുതുന്നത് എന്തും കൂടുതൽ ആളുകൾ വായിക്കാൻ തന്നെ. അത് കൊണ്ടാണല്ലോ വായിക്കുക എന്ന കല്പന പോലും ചില ഗ്രന്ഥം നല്‍കിയത്? അങ്ങനെ ചില ഗ്രന്ഥങ്ങള്‍ വായിക്കുന്നത് പുണ്യമാണ് എന്നും പറഞ്ഞത്? 
എങ്കിൽ marketing എന്നത്‌ self ആയാല്‍ എന്ത്, അല്ലെങ്കിൽ എന്ത്?
പൂവിന്റെ മണവും പഴത്തിന്റെ മണവും എല്ലാം ഒരുതരം self marketing തന്നെ.
തേനിന്റെ മധുരവും നാരങ്ങായുടെ പുളിയും ഭക്ഷണത്തിന്റെ മണവും self marketing തന്നെയാണ്. 
ഓരോ വര്‍ത്തമാനവും മറ്റൊരാള്‍ കേൾക്കാൻ ആണെങ്കിൽ അതും ഒരു self marketing തന്നെ.
മുഖം തന്നെ, അതിലെ പുഞ്ചിരി തന്നെ, അത് ഭംഗിയായി സൂക്ഷിക്കുന്നതും, പിന്നെയും കൂടുതൽ ഭംഗിയാക്കുന്നതും self marketing തന്നെ.
നല്ല സ്വഭാവവും നല്ല പെരുമാറ്റവും എന്ന് കണക്കാക്കുന്ന എല്ലാ പെരുമാറ്റ രീതികളും self marketing തന്നെ.
ഓരോ കര്‍ഷകനും പാചകക്കാരനും കച്ചവടക്കാരനും self market ചെയ്യാൻ ശ്രമിച്ചത്‌ തന്നെയാണ് നമ്മുടെ തീന്‍മേശയിലെ നല്ല ഭക്ഷണമായി മാറിയത്. 
പിന്നെ ഒന്ന് തുറന്ന് പറയട്ടെ.
ഈയുള്ളവന്റെ ഈ രണ്ട് പുസ്തകങ്ങൾ അങ്ങനെ വെറുതെ വില്‍ക്കാന്‍ വേണ്ടി self market ചെയ്യേണ്ട വെറും രണ്ട് പുസ്തകങ്ങൾ അല്ല.
പകരം അവ ശരിക്കും വർത്തമാനകാലത്തെ രണ്ട് വേദങ്ങള്‍ തന്നെയാണ്. രണ്ട് ഉപനിഷത്തുകള്‍. എന്ന് ഈയുള്ളവന്‍ ഉറപ്പിച്ച് തന്നെ പറയുന്നു.
ഈ പുസ്തകങ്ങൾ വേദം തന്നെ, ഉപനിഷത്തുകള്‍ തന്നെയെന്ന് പറയുമ്പോഴും മറ്റൊന്നും തോന്നേണ്ട. അതിൽ ഈയുള്ളവന്‍ ഇല്ല. ഈയുള്ളവന്‍ വെറും ഞാന്‍ ബോധം നഷ്ടപ്പെട്ട വഴി മാത്രം.
വിത്ത് അത് മുളക്കേണ്ട മണ്ണില്‍ തന്നെ എത്തണം എന്നാഗ്രഹിക്കുന്നതിൽ, അങ്ങനെ അതിന്‌ വേണ്ടി ശ്രമിക്കുന്നതിൽ ഒരു ജൈവികമായ പ്രകൃതിപരമമായ നീതിയാണ് ഉള്ളത്‌. Self marketing എന്ന് negative ആയി മനസിലാക്കുന്നതിലും അങ്ങനെ മനസിലാക്കുന്നതാണ് നല്ലത്. 
അങ്ങനെ ആരെങ്കിലും വെറുതെ വാങ്ങിവെച്ചത് കൊണ്ട്‌ കാര്യമുള്ള, അങ്ങനെ ലാഭമുണ്ടാക്കേണ്ട, രണ്ട് പുസ്തകങ്ങൾ അല്ല. അങ്ങനെയൊരു ലാഭത്തെ ജീവനോപാധിയാക്കാന്‍ ഈയുള്ളവന്‍ തീരുമാനിച്ചിട്ടും ആഗ്രഹിച്ചിട്ടും ഇല്ല. 
പിന്നെയും ഒന്ന് പറയട്ടെ. അഥവാ self market ചെയ്യുക എന്നത്‌ പുസ്തകങ്ങളുടെ കാര്യത്തില്‍ പുതുമയല്ല.
വൈക്കം മുഹമ്മദ് ബഷീറും ചങ്ങമ്പുഴയും മറ്റു, നിങ്ങൾ ഇപ്പോൾ കൊട്ടിഘോഷിക്കുന്ന, എഴുത്തുകാര്‍ ഒക്കെയും പുസ്തകങ്ങൾ വീടുകള്‍ കയറി വിറ്റ കഥകളൊന്നും താങ്കള്‍ക്ക് അറിയാത്തത് കൊണ്ടാണ്‌.
എന്നാലും self marketing എന്ന കാര്യത്തിലെ താങ്കളുടെ ആശങ്കയും ആത്മാര്‍ത്ഥത നിറഞ്ഞ വേദനയും ഈയുള്ളവന്‍ ശരിക്കും പങ്ക് വെക്കുന്നു.

പ്രിയ മകന്... ഒരു നൂറായിരം ജന്മദിന ആശംസകള്‍.

ഒരു നൂറായിരം
ജന്മദിന ആശംസകള്‍.
പ്രിയ മകന്...
Happy happy brithday 
To happy happy Allaam....
അല്ലാം.....
You will become എല്ലാം
By learning and unlearning എല്ലാം,
By knowing and unknowing എല്ലാം,
And by doing and undoing എല്ലാം. 
Allaam (അല്ലാം) means
One who knows എല്ലാം.
എല്ലാം അറിയുന്നവന്‍.
ജ്ഞാനേശ്വരന്‍.
എല്ലാം അറിഞ്ഞു
വലുതായി വലുതായി
ആ വലിപ്പത്തില്‍
ചെറുതായി ചെറുതായി
അല്ലാം ശരിക്കും അല്ലാം ആവട്ടെ …
എല്ലാം ആവട്ടെ..
എല്ലാം അറിയുന്നവന്‍ തന്നെയാവട്ടെ ......
പിന്നെ ഒന്നും അറിയാനില്ലാത്തവന്‍.... 
തടിച്ചു തടിച്ചു മാത്രം
വലുതാവാതെ
പഠിച്ചു പഠിച്ചും
കളിച്ചു കളിച്ചും
വലുതായി
എല്ലാം അറിയട്ടെ
ഈ കൗമാരക്കാരന്‍ അല്ലാം...
കൗമാരത്തിലെ,
എല്ലാം തൊട്ടറിഞ്ഞ്
രുചിച്ചറിഞ്ഞ്
തട്ടിത്തെറപ്പിക്കുന്ന
കൗതുകവും ആവേശവും,
നാനാഭാഗത്തേക്ക് തുറന്ന് വെച്ച
കണ്ണും കാതും നാക്കും മൂക്കും
അവനതിന്‌ തുണയാവട്ടെ. 
All the very great wishes and returns of the day
Happy Birthday…. Allaam Raheem...

ഏകപത്നിവ്രതം ചില പക്ഷികള്‍ ആചരിച്ചു പോരുന്നുണ്ടല്ലോ?

ചോദ്യം: ഏകപത്നിവ്രതം ചില പക്ഷികള്‍ ആചരിച്ചു പോരുന്നുണ്ടല്ലോ? എങ്കിൽ എന്ത്കൊണ്ട്‌ മനുഷ്യന് സാദ്ധ്യമല്ല?
ചോദ്യത്തിന്‌ ആധാരമായ ഈയുള്ളവന്റെ പോസ്റ്റ്.
"കാമം വേഷംകെട്ടിയാല്‍ പ്രണയമെന്ന് പേര്‌. സഹോദരനെ പോലെ സഹോദരിയെ പോലെ എന്ന് പറഞ്ഞാല്‍ കാമപൂര്‍ത്തീകരണത്തിന് പറ്റിയ ഇനമല്ലെന്നര്‍ത്ഥം"
"തടവറയിൽ പെട്ടവന്റെ സ്വാതന്ത്ര്യദാഹം മാത്രമാണ് പ്രേമം. തടവറയും നിഷേധവും ഇല്ലായിരുന്നെങ്കിൽ ഉണ്ടാവാത്തത്." 
ഉത്തരം:
Dear സർ,
ചോദിച്ചത് ശരിയാണ്.
ആ പക്ഷി ഒരപവാദമാണ്. 
പക്ഷെ അപവാദം വെച്ചല്ലല്ലോ പൊതുവായ കാര്യം പറയുക?
അപവാദത്തിനു അതായിത്തന്നെ തുടരാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ട്.
അത്‌ അനുവദിച്ചു കൊടുത്തു കൊണ്ട് തന്നെ, പൊതുവായ കാര്യം വേറെ പറയുകയല്ലേ ചെയ്യുക?
അല്ലാതെ ആ അപവാദമായ കാര്യം മനുഷ്യനിലും എല്ലാറ്റിലും പൊതുവായി നടക്കേണ്ടതാണെന്നു പറയാമോ? 
ഒരൊറ്റ ഇണയെ മാത്രം ജീവിതം മുഴുക്കെ കൊണ്ട് നടക്കുന്ന ജീവികളുണ്ടെങ്കിൽ അവർ അങ്ങനെ തന്നെ ആവട്ടെ. അവരുടെ വഴിയാണത്, അതിന്റെ സ്വാതന്ത്ര്യം പ്രകൃത്യാ അവർക്കുണ്ട്.
അവരുടെ വിത്ത് വിതരണം അത്രയേ വേണ്ടതുണ്ടാവുകയുള്ളൂ. അതിനനുസരിച്ചാണ് അവരുടെ ജനിതകം.
അവരുടെ ജനിതകം ആണ് അവരുടെ പ്രകൃതിയും പ്രകൃതവും നിശ്ചയിക്കുന്നത്.
ഓരോ ജീവിയുടേതും അങ്ങനെ തന്നെ. അവർക്ക് ശരി, അവരുടേത്. ആർക്കും അവരുടെ മാനവും അതിലെ മാനദണ്ഡങ്ങളും പൂർണ്ണമായും പൊളിച്ചെഴുതി ജീവിക്കാൻ സാധ്യമല്ല. ഏറിയാല്‍ ചിന്തിക്കാം എന്നല്ലാതെ. സ്വന്തം മാനത്തിനപ്പുറവും പല മാനങ്ങളുണ്ടെന്ന്. അവിടെ തുടങ്ങുന്നു സഹിഷ്ണുതയുടെ ആദ്യ പാഠങ്ങൾ. 
ജനിതകം പറയുന്നതാണ് ചെയ്യുന്നതെങ്കിൽ, വ്രതം എന്ന് പറഞ്ഞു കൂടാ. അത് നിസ്സഹായതയാണ്. തെരഞ്ഞെടുപ്പില്ലാത്ത നിസ്സഹായത. 
അവർ അവരുടെ മാനത്തിനുള്ളിലാണ്. മാനത്തിനനുസരിച്ച മാനദണ്ഡം മാത്രം ഉപയോഗിച്ച് കൊണ്ട് ജീവിക്കുകയാണ്.
അത് മാത്രം ഉപയോഗിക്കാനാവുന്നവരായിക്കൊണ്ട്.
അതിന്റെ തടവറയിൽ.
അവർ അങ്ങനെ ആയത് അവരുടെ തെരഞ്ഞെടുപ്പ് കൊണ്ടല്ല.
അവർക്കതൊരു തിരഞ്ഞെടുപ്പല്ല. അവരത് ചെയ്യുന്നതും ഒരു തെരഞ്ഞെടുപ്പായല്ല, വേണമെന്ന് ഉണ്ടായിട്ടും വേണ്ടെന്ന് വെക്കുന്ന ത്യാഗം പോലെയല്ല. പകരം വെറും തെരഞ്ഞെടുപ്പില്ലാത്ത നിസ്സഹായതയില്‍ 
മനുഷ്യന്റെ കാര്യം അങ്ങനെയാണെന്ന് നെഞ്ചിൽ കൈവെച്ചു നമുക്ക് പറയാൻ പറ്റുമോ?
മനുഷ്യൻ തന്റെ ജനിതകത്തിനെതിരെയും തന്റെ പ്രകൃതിക്കും പ്രകൃതത്തിനും എതിരെയും, അങ്ങനെ ഉണ്ടാക്കിയ സമൂഹവും വ്യവസ്ഥിതിയും വെച്ചാണ്, അതുണ്ടാക്കിയ നിയമവ്യവസ്ഥ വെച്ചാണ് ഒരൊറ്റ ഇണ മതിയെന്ന് വെക്കുന്നത്.
അവന്റെ ശരീരമോ അതുണ്ടാക്കുന്ന മനസ്സോ വികാരമോ വെച്ചല്ല.
ആ സമൂഹവും വ്യവസ്ഥിതിയും അവന്നു പലതും, സുരക്ഷിതത്വത്തോടൊപ്പം ഉറപ്പു വരുത്തുന്നു എന്നത് മറ്റൊരു വിഷയം.
യാഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ നന്മ തിന്മ അവന്റെ മാനവും മാനദണ്ഡവും വെച്ചുള്ളതാണ്.
പക്ഷേ ഇപ്പോൾ അവനുണ്ടാക്കിയ വ്യവസ്ഥിതിയും സമൂഹവും വെച്ചുള്ളതാണ് അവന്റെ നന്മ തിന്മ.
ആ സമൂഹവും വ്യവസ്ഥിതിയും ഉണ്ടാക്കിയ മാനവും മാനദണ്ഡവും വെച്ചുള്ളതും ആണ്.
ഒന്നിലധികം സ്ത്രീകളെ ശാരീരികമായി പ്രണയിക്കാത്ത ആഗ്രഹിക്കാത്ത പുരുഷന്മാരുണ്ട്?
ഒന്നിലധികം പുരുഷന്മാരെ ശാരീരികമായി പ്രണയിക്കാത്ത ആഗ്രഹിക്കാത്ത സ്ത്രീയുണ്ടോ?
നമ്മൾ നാട്യവും കാപട്യവും നമ്മുടെ ഭാഷയാക്കിയില്ലേല്‍. 
ഒരുപക്ഷെ, അന്ധമായ വിത്ത് വിതരണം ദൗത്യമല്ലാത്ത പുരുഷനുണ്ടോ?
വിത്ത് സ്വീകരിക്കുക ദൗത്യമല്ലാത്ത സ്ത്രീയുണ്ടോ?
നെഞ്ചിൽ കൈ വെച്ച് പറയണം.
സാധിക്കാത്തതിനാലോ, സാധിക്കില്ലെന്നതിനാലോ, ധൈര്യമില്ലെന്നതിനാലോ, പേടിയുള്ളതിനാലോ, നിസ്സഹായത കൊണ്ടോ സാധിക്കാത്തവരുടെയും സാധിപ്പിക്കാത്തവരുടെയും കാര്യമല്ല പറയേണ്ടത്.
മനുഷ്യൻ, ജീവിതം മുഴുവൻ ഒരൊറ്റ ഇണയെ മാത്രം ആഗ്രഹിക്കുന്നു എന്ന് പറയാമോ?
കുടുംബ ജീവിതവും സാമൂഹ്യ ജീവിതവും നടന്നു പോകാൻ സ്വയം നിയന്ത്രിക്കുന്നത് കൊണ്ട് മാത്രമല്ലാതെ.
മനുഷ്യ-പുരുഷനിൽ ബീജം ഉണ്ടാവുന്നത് ഒരു സ്ത്രീക്ക് വേണ്ടത്ര മാത്രമോ?
ആ ഒരു സ്ത്രീ ഗർഭിണി ആയാലും ആർത്തവതിയായാലും പുരുഷന് വികാരം ഇല്ലാതാവുന്നുവോ? ശുക്ളോത്പാദനം നിലക്കുന്നുവോ? 
ഒരു സ്ത്രീക്ക് ഗർഭിണി ആവാൻ ഇത്രയും അധികം, ഇത്രയും പ്രാവശ്യം ശുക്ളോത്പാദനവും ബീജോത്പാദനവും പുരുഷനിൽ നടക്കേണ്ടതുണ്ടോ?
എത്രയും പൂക്കുക, അതിൽ എത്രയും കായ്ക്കുക, അതിൽ എത്രയും മൂക്കുക, പിന്നെ അതിൽ എത്രയും പഴുക്കുക, പിന്നെയും അതിൽ എത്രയും വിത്തായി വീണു വീണ്ടും മുളക്കുക പ്രകൃതിയുടെയും ബ്രഹ്മചര്യയുടെയും രീതി.
ഇതിനിടയില്‍ എത്രയും കൊഴിഞ്ഞു പോകുമെന്ന തിക്തമായ വ്യക്തമായ ഉള്‍നിറഞ്ഞ ബോധത്തോടെ. 
അതിനാല്‍ തന്നെ യഥാര്‍ത്ഥത്തില്‍ ഒന്ന് മാത്രമാക്കി ചുരുങ്ങിപ്പോകാതിരിക്കുന്നത് കൂടിയാണ് സന്യാസം, ബ്രഹ്മചര്യം.
ഒന്ന് മാത്രമെന്നതുണ്ടാക്കുന്ന സ്വന്തബന്ധങ്ങളിൽനിന്നുള്ള മാറിനിൽക്കല്‍.
പ്രകൃതിവിരുദ്ധനാവാതിരിക്കാൻ.
അല്ലാതെ പ്രകൃതിയെയും അതിലെ സ്വാതന്ത്ര്യത്തേയും നിഷേധിക്കുക എന്നതല്ല ബ്രഹ്മചര്യം.
ബ്രഹ്മത്തിന്റെ ചര്യ എന്നാൽ പ്രകൃതി ചര്യ എന്ന് കൂടി അർത്ഥമാകാം.
ബ്രഹ്മചാരി എന്നാലും, സന്യാസി എന്നാലും പ്രകൃതി വിരുദ്ധൻ എന്നർത്ഥം വരരുത്.
പ്രകൃതിയുമായും പ്രകൃതിചര്യയിലും സമരസപ്പെട്ടു സംഘർഷവും സംഘട്ടനവും ഇല്ലാതെ സ്വതന്ത്രനായി പോകുന്നവൻ എന്നർത്ഥം വരേണം. 
ഗുരു എന്നാൽ പുരുഷൻ അല്ലെന്നും, മാതാവും പിതാവും എന്നാൽ സ്ത്രീയും പുരുഷനും അല്ലെന്നും അർഥം വരരുത്.
എല്ലാം ആയിരിക്കെ, മറ്റെല്ലാം ആയിരിക്കും.
സുഹ്രുത്തായിരിക്കെ തന്നെ ഒരാൾ പിതാവും മകനും സഹോദരനും ജ്യേഷ്ഠനും അനുജനും ഗുരുവും ഭർത്താവും ആണും പെണ്ണും ഒക്കെ ആവും...
ഒന്നിന്റെ പല മുഖങ്ങൾ, പല സാധ്യതകള്‍. അത് ബ്രഹ്മചര്യയിലും ഉണ്ട്. 
ഒന്ന് മാത്രമായി ഒതുങ്ങാത്ത, എന്നാല്‍ ഒന്നുമാത്രം തന്നെയായ പല മുഖങ്ങള്‍.

മഴക്കാറുകള്‍ ചോദിച്ചു. വഴിപോക്കന്‍ തിരിച്ചു ചോദിച്ചു.

മഴക്കാറുകള്‍ ചോദിച്ചു.
"ചപ്പ്ചവറുകള്‍ ശേഖരിക്കുന്ന വഴിപോക്കാ, നീ ഇതൊക്കെയും എവിടെയാണ് കളയുക?
ഭൂമിക്കും പുറത്തോ?"
വഴിപോക്കന്‍ തിരിച്ചു ചോദിച്ചു.
"ആകാശത്തിലൂടെ ഓടിച്ചാടി നടക്കുന്ന മഴമേഘങ്ങളേ, നിങ്ങൾ എവിടേക്കാണ് ഇങ്ങനെ ഓടിക്കിതച്ച് പായുന്നത്?
ഭൂമിക്കും പുറത്ത് മഴ വര്‍ഷിക്കാനോ?"
ചാക്രികതക്കിടയിലെ കളിതമാശ. ആവര്‍ത്തനത്തെ മറച്ചു പിടിക്കുന്ന തമാശ.