Saturday, January 25, 2020

കളവാണ്‌ സുഖം. സത്യം പറയേണ്ട. വസ്ത്രവും ഒരു കളവ്.

എല്ലാ ഓരോ സ്ത്രീയിലും വേശ്യയുണ്ട്
എല്ലാ ഓരോ പുരുഷനിലും ജാരനുണ്ട്
മറയായ പേടിയും കാപട്യവും വികാരരാഹിത്യവും 
മാറ്റി നിര്‍ത്തിയാല്‍.

*******


പെണ്ണിനോട് ശരിക്കും നീതി ചെയ്യാനാവണമെങ്കിൽ
മനസ്സ് കൊണ്ടെങ്കിലും നിങ്ങൾ 
അവളെ വിവാഹം ചെയ്യാതിരിക്കുക
കാമുകിയാക്കി നിര്‍ത്തുക.

********

ബാക്ടീരിയയെയും ഉറുമ്പിനെയും 
കൊതുകിനെയും കൊല്ലാന്‍ നിനക്കെളുപ്പം
 എളുപ്പം നിന്നെ കൊല്ലാന്‍ 
പ്രകൃതിക്കും നിങ്ങളില്‍ ചിലര്‍ക്കും.

*******

പെണ്ണ് പറഞ്ഞു
"കളവാണ്‌ സുഖംസത്യം പറയേണ്ട
വസ്ത്രവും ഒരു കളവ്
സത്യം വികൃതംഅത് മറച്ച കളവ് ശരി
ജീവിതത്തിന്റെ സൗന്ദര്യംധൈര്യം

******

വൃക്ഷം ഗുരുവോട്:
"കപടനാര്?"

"തണലില്‍ വരുന്നവന്‍.  
കൂട്ടുകാരനെന്ന് തോന്നിപ്പിക്കുന്നവന്‍
പക്ഷേക്ഷീണം മാറിയാല്‍ വെട്ടുന്നവന്‍

******

"ഗുരോഎന്താണ്‌ ശരിയായ തെറ്റിദ്ധാരണ?" 

"കൂടെയുള്ളവരൊക്കെ നിന്റെ കൂടെയുള്ളവരാണെന്ന നിന്റെ ധാരണ.”

******

ജീവിതം പച്ചയായി രാവും പകലുമായി 
നേരിടാൻ നല്ല ഉള്ളുറപ്പു വേണം
മദ്യംഭക്തിജോലിസാമൂഹ്യ 
പ്രവർത്തനം എന്നീ ഒളിച്ചോട്ടങ്ങളില്ലാതെ.

*******

'എന്താണ് കാപട്യം?' ഭാര്യ ചോദിച്ചു
'സ്വർഗ്ഗത്തിലും നീ മാത്രം മതിഎന്ന
എന്റെ പറച്ചിൽനിന്റെ പറച്ചിൽ.
ശുദ്ധ കാപട്യം.

******

സ്വയം ഇഷ്ടപ്പെട്ടായാലും നിര്‍ബന്ധിതമായിട്ടായലും  
ദൈവത്തിന് വഴങ്ങി മാത്രം എല്ലാം
നിന്റെ ഇഷ്ടവും നിസ്സഹായതയും 
ദൈവത്തിന്റെ വേണ്ടുക.

********

മതം വിശ്വാസിയിൽ മൂന്നു കാര്യം ഉറപ്പാക്കും.
കുറ്റബോധംആത്മവിശ്വാസം ഇല്ലായ്മ
ദൈവത്തിലെ അവിശ്വാസംഅതിനാൽ പ്രാർത്ഥന.

*******

ഭരണകൂടംവീട്ടില്‍ ഒരുകാര്യവും 
നേരാംവണ്ണം ചെയ്യാത്ത പിതാവ്
പാവം പൂച്ചയെയും അയല്‍വാസിയേയും 
കുറ്റംപറഞ്ഞ്‌ 
വിശപ്പടക്കാന്‍ പറയുന്നു

********


കണ്ണോടടുത്ത് പിടിച്ചാല്‍ ഏറ്റവും വലുത് കൈപ്പടം.

ഈയുള്ളവന്റെ കൈപ്പടം കൊണ്ട്‌ 
പ്രപഞ്ചത്തെ മുഴുവന്‍ ഒറ്റയടിക്ക് അളന്നിട്ടുണ്ട്.

കണ്ണോടടുത്ത് പിടിച്ചാല്‍ 
ഏറ്റവും വലുത് കൈപ്പടം.

*******

കാലം സാക്ഷി
സത്യം വെളിപ്പെട്ടു വിളിച്ചുപറയാനിടയായാല്‍
അത് കണ്ടില്ലെന്ന് നടിച്ച് കൂടുതല്‍ അവഗണിക്കുക 
നിന്റെ സ്വന്തക്കാരായിരിക്കും.

*******

തിന്നാന്‍ പോലുമല്ലാതെ 
അണ്ണാനെ പിടിച്ചുകൊല്ലുന്ന പൂച്ചക്ക് 
സംഘർഷവും കുറ്റബോധവുമില്ല
നാം കളിപ്പാട്ടങ്ങളെ പിടിക്കുമ്പോഴുള്ളത്ര പോലും.

******

ബോധോദയത്തിനു മതം വഴിയല്ല. തെളിവെന്ത്?
മുഹമ്മദും ബുദ്ധനും കൃഷ്ണനും യേശുവും 
ബോധോദയം നേടിയത് മതം പിന്തുടർന്നല്ല
അവർ മതമായെങ്കിലും.

*******

അപകടപ്പെട്ട് കിടപ്പിലായ ഗുരുവിനെ കാണാന്‍ ചെന്നു. ഒന്നും ചോദിച്ചില്ല.

അപകടപ്പെട്ട് കിടപ്പിലായ
ഗുരുവിനെ കാണാന്‍ ചെന്നു.
ഒന്നും ചോദിച്ചില്ല.
ഒരു വിശേഷവും ആരാഞ്ഞില്ല.
എല്ലാം ഗുരുവിന്റെ മുഖത്ത് വ്യക്തം.
നല്ല വേദനയുണ്ടെന്നും വ്യക്തം.
അല്ലേലും ഇക്കാലമത്രയും
ഗുരു ഒന്നും നാക്ക് കൊണ്ട്‌
ഉരുവിട്ട് പഠിപ്പിച്ചിട്ടുണ്ടായിരുന്നില്ല.
എല്ലാ പാഠങ്ങളും
കണ്ണാടിയെക്കാള്‍ തെളിച്ചമുള്ള
മുഖത്ത് നിന്നായിരുന്നു.
പെട്ടെന്നായിരുന്നു
പക്ഷേ ഗുരുവിന്റെ ചോദ്യം. 
"ഞാന്‍ ജീവിച്ചിരിക്കണമെന്ന്
നിനക്ക് നിര്‍ബന്ധമുണ്ടോ?" 
എന്ത്‌ നിര്‍ബന്ധം?
ഗുരുക്കന്മാരെല്ലേ
ഭൂമി നിറച്ചും.
ജീവിതം നിറച്ചും.
പിന്നെന്തിന്‌? 
എങ്കിലും
എന്തുത്തരം പറയണമെന്ന്
വിചാരിച്ച് സന്ദേഹപ്പെട്ട്
അന്തംവിട്ട് നില്‍ക്കുമ്പോള്‍,
ഗുരു തന്നെ പുലമ്പി 
"എന്തായാലും,
ഈയുള്ളവന് സംശയമേതുമില്ല.
ജീവിച്ചിരിക്കണമെന്ന്
ഈയുള്ളവന് ഒരു നിര്‍ബന്ധവുമില്ല." 
എന്ത്‌ പറയാന്‍?
വെറുതെ മിഴിച്ചിരുന്നു.
"മരണത്തെ പേടിയുണ്ടോ?"
വീണ്ടുമൊരു ചോദ്യം.
ഗുരുമുഖത്ത് നിന്നുതന്നെ. 
എന്തുത്തരം പറയണമെന്നറിയാതെ
വീണ്ടും അന്തംവിട്ടിരുന്നു. 
അപ്പോഴേക്കും,
വന്നു ഒരുത്തരം.
ഗുരുമുഖത്ത് നിന്ന് തന്നെ.
"മരണത്തെ
അല്പവും പേടിയില്ല.
"അല്ലേലും, എന്തിന്‌
മരണത്തെ പേടിക്കണം?
ഈയുള്ളവന്‍ എന്നത്
ജീവിതം തോന്നിപ്പിച്ച
വെറും നുണയെങ്കിൽ.
മിഴിച്ച് വെറുതെ പുഞ്ചിരിച്ചിരുന്നു.
"പുഞ്ചിരിക്കേണ്ട.
കാര്യം മനസ്സിലായില്ലേ?
എങ്കിൽ, തീര്‍ത്തേക്കുക.
ഈയുള്ളവന്റെ കാര്യം
തീര്‍ത്തേക്കുക.
അറിയാമല്ലോ,
"നുണ
അപകടപ്പെടാനുള്ളതാണ്.
"നുണ
ഏത് സമയവും
രോഗഗ്രസ്ഥമാകാനും ഉള്ളതാണ്. 
"അപകടപ്പെട്ട,
രോഗഗ്രസ്ഥമായ
നുണ
വേദനാജനകം കൂടിയാണ്‌."
മുഖമുയര്‍ത്താതെ
ഗുരു തെളിച്ചു പറഞ്ഞു. 
എന്ത്‌ ചെയ്യണമെന്നറിറിഞ്ഞില്ല.
ഗുരുവിന് വ്യക്തത നല്‍കിയ
മൂര്‍ച്ചയുണ്ട്, ധൈര്യമുണ്ട്. 
പക്ഷേ ഗുരുവിന്റെ
മൂര്‍ച്ചയും ധൈര്യവും
എന്റെ പേടിയായി. 
ഒന്നും ചെയ്യാതെ,
കാര്യം തീര്‍ക്കാതെ
ഗുരുവെ അവിടം തന്നെ
ആ അപകടാവസ്ഥയില്‍ തന്നെ
ഉപേക്ഷിച്ച് ഈയുള്ളവന്‍
ഓടി രക്ഷപ്പെട്ടു.
തീര്‍ത്തുകളയാനുള്ള
ധൈര്യമൊന്നും
ഈയുള്ളവനില്ല.
അല്ലേലും പൂച്ചക്കുള്ള ധൈര്യം
വെറും ശിഷ്യനായ ഈയുള്ളവന്
ഒരിക്കലും ഉണ്ടായിട്ടില്ല.
ഇക്കാലമത്രയും
ശിഷ്യനായ് വേഷമിട്ട്
നടന്നെങ്കിലും.

നിങ്ങള്‍ക്കാര്‍ക്കും എന്താണ്‌ ഒരു വിഷമവും ഇല്ലാത്തത്?

"നിങ്ങള്‍ക്കാര്‍ക്കും എന്താണ്‌
ഒരു വിഷമവും ഇല്ലാത്തത്?"
"എന്താണ്‌ പ്രശ്നം?
എന്തിന്‌ വിഷമിക്കണം.?
"അറിയില്ലേ, എന്റെ ഗുരു
മരിച്ചിരിക്കുന്നു.
നിങ്ങളില്‍ ഒരുവനല്ലേ
എന്റെ ഗുരു?
നിങ്ങളിൽ ഒരുവനല്ലേ മരിച്ചത്?"
"മരിക്കുകയുയോ?
ജനനം തന്നെ
ഒരു വലിയ നുണയാകുമ്പോള്‍
പിന്നെങ്ങിനെ മരണം? 
"ആര് പറഞ്ഞു
നിന്റെ ഗുരു മരിച്ചുവെന്ന്?" 
"കാണാനില്ല.
അത്‌ കൊണ്ട്‌ തന്നെ." 
"കാണാനില്ലേല്‍
മരിച്ചെന്നാണോ? 
"പിന്നെന്താണ്‌
കാണാനില്ലേല്‍
മനസ്സിലാക്കേണ്ടത്?" 
"കാണാനില്ലെന്ന് മാത്രം
മനസ്സിലാക്കണം.
കാണാതെയും ജീവിതം
ഇല്ലെന്നുണ്ടോ?"
"എന്ന് വെച്ചാല്‍?" 
"കാണാനില്ലാത്തത് തന്നെ
യാഥാര്‍ത്ഥത്തില്‍ ജീവിതം."
"അപ്പോൾ,
ജനനം പച്ചയായ
നുണയാണെന്നോ?
എങ്കിൽ നാം കാണുന്ന
മരണം?"
"മറ്റൊരു നുണ.
മരണം മറ്റൊരു നുണ."
"അതെങ്ങിനെ?"
"ഒരു നുണയെ
മറ്റൊരു നുണ കൊണ്ട്‌
മറക്കുക.
അങ്ങനെ തന്നെ.
മുള്ളിനെ മുള്ള് കൊണ്ട്‌.
"ഇല്ലാത്ത നിന്നെ,
ഇല്ലാത്ത നിന്റെ ജനനത്തെ,
ഇല്ലാത്ത മരണം കൊണ്ട്‌
ഇല്ലായ്മ ചെയ്യുക.
ജീവിതം മാത്രം
ബാക്കിയാവുക.
അത്ര തന്നെ."
"അപ്പോൾ, ഇപ്പോൾ
ഗുരുവെ
കാണാനില്ലാത്തതോ?
ഇനിയങ്ങോട്ട്
കാണാനില്ലാതേയും
ആയാലോ ? 
"കാണാനും
കാണാനില്ലാതാവാനും തന്നെ
ജീവിതം.
"ഉടുത്തതഴിച്ചില്ലാതാവാന്‍ തന്നെ
ജീവിതം.
"ഉടുപ്പിക്കുന്നതും
അഴിക്കുന്നതും തന്നെ
ജീവിതം"
"എന്ന് വെച്ചാല്‍?
അഥവാ എന്റെ ഗുരു
മരിച്ചെന്ന് തന്നെ വന്നാലോ?"
"മരിച്ചാലെന്ത്?
മരിച്ചെന്ന് തന്നെ വന്നാലെന്ത്?
ഗുരുവെന്നല്ല; ആരും."
"ഇനി, നിന്റെ ഗുരു
മരിച്ചാല്‍ തന്നെയും
അതിൽ നമുക്കെന്ത്?
അത്‌ നമ്മോട് പറഞ്ഞിട്ടെന്ത്?"
"നിങ്ങളില്‍ ഒരുവനല്ലേ?
മരണമല്ലേ?
അറിയേണ്ടതല്ലേ?
"മരണം
അറിവല്ല;
അറിയാതിരിക്കലാണ്.
"മരണം
അറിയാനല്ല;
അറിയാതിരിക്കാനാണ്.
"മരണം
അറിയുന്നവന്‍
ഇല്ലാതാവലും
ഇല്ലാതാവാനുമാണ്."
"ഞാന്‍ എന്ന
ജീവിതത്തിന്റെ
പൊള്ളയായ തോന്നല്‍
ഇല്ലാതായി
വെറും ജീവിതമാകലാണ്
മരണം. 
"എങ്കിലും,
അല്പം വിഷമം ഉണ്ടാകില്ലല്ലേ?"
"എന്തിന്‌?
നമുക്ക് വിഷമിക്കാനറിയില്ല. ആഘോഷിക്കാനല്ലാതെ.
ജീവിതത്തിനും അപ്പടി. 
"ജീവിതം
ആഘോഷ നൃത്തമാണ്.
അതിന്റെ ഇളക്കവും ചലനവുമാണ്
ജീവിതം.
വിഷമിച്ച് ഘനീഭവിക്കുന്നതല്ല
ജീവിതം.
"ജീവിതം
വേഷം മാറാനെടുക്കുന്ന
ഒരുപാധി മാത്രം
മരണം. 
"അതിനാല്‍ തന്നെ
മരണത്തില്‍
നമുക്കെന്ത് കാര്യം?
"മരിച്ചു തന്നെ ജീവിതം. 
"തുടർച്ചയായ
മരണം തന്നെ
ജീവിതം? 
"അല്ലേലും,
മരിച്ചുവെന്ന്
നീ പറയുന്ന
നിന്റെ ഗുരു
നിന്റെ ഗുരുവായിത്തന്നെ
ജനിച്ചിരുന്നില്ല. 
"നിന്റെ ഗുരുവെന്നത്
താല്‍കാലികമായ
ഒരു വേഷം മാത്രം.
"ജീവിതത്തിന്റെ
നൂറായിരം വേഷങ്ങളില്‍
ഒരു വേഷം. 
"അതിനാല്‍, നിന്റെ
ഗുരുവെ കാണുന്നില്ലേല്‍
ജീവിതം മറ്റെന്തോ വേഷം
എടുത്തുവെന്ന് കരുതുക." 
"അപ്പോൾ ഗുരു മരിച്ചില്ലേ?" 
"നിങ്ങള്‍ക്ക്
ആണ്‍പൂച്ചകളെ അറിയില്ല.
"ഉടുത്തതഴിച്ച്
ഉള്ളതൊഴിവാക്കി
അറിയാത്ത വഴികളിലേക്ക്
ഉള്‍വിളി പോലെ
എല്ലാം ഇട്ടെറിഞ്ഞ്പോകുന്ന
ആണ്‍പൂച്ചകളെ
നിങ്ങള്‍ക്കറിയില്ല. 
"നിങ്ങള്‍ക്ക്
യാഥാര്‍ത്ഥ ഗുരുക്കന്മാരെയും
അറിയില്ല.
"ജീവിതം
ആണ്‍പൂച്ചകള്‍ക്ക്
ബലൂണ്‍ പോലെ.
വെറുതെ വീര്‍ത്തത്.
"ജീവിതം
ആണ്‍ പൂച്ചകള്‍ക്ക്
ബലൂണ്‍ പോലെ
ഏത് നിമിഷവും പൊട്ടും.
എവിടെ വെച്ചും പൊട്ടി
ആ അവസ്ഥയില്‍ നിന്ന്
ഇല്ലാതാവും.
"അല്ലേലും നിങ്ങൾ
നൈമിഷികതയിലെ
കാലപ്പെരുക്കവും
സൂക്ഷ്മത്തിലെ
സ്ഥലപ്പെരുക്കവും
കാണുന്നില്ല. 
"അല്ലേലും നിങ്ങള്‍ക്കറിയില്ല
ഗുരുക്കന്മാര്‍ നിന്നിടത്ത്
നിൽക്കാത്തവരെന്നും,
ഒരവസാന വാക്കും
നല്‍കാത്തവരെന്നും.
"നിങ്ങള്‍ക്കറിയില്ല
ഗുരുക്കന്മാര്‍
സൂചി പോലെ
രക്ഷപ്പെടാന്‍
സ്വന്തമായ ഒരോട്ട വഴിയായി
ഉണ്ടാക്കിക്കൊണ്ടിരിക്കുന്നവരെന്ന്. 
"അതിനാല്‍ കാണാതായാല്‍
മരിച്ചുവെന്ന് കരുതേണ്ട.
"പുതിയ വഴിയും
പുതിയ തട്ടകവും
ഉണ്ടാക്കി കണ്ടെത്തി
കടന്ന് പോയെന്ന്
മനസ്സിലാക്കിയാല്‍ മതി.
"പിറകില്‍ പാവങ്ങളായ
നൂലുകള്‍ക്ക്
സ്ഥിരമായി നിൽക്കാൻ
വിശ്വാസത്തിന്റെ ഒരു താവളം
നല്‍കിക്കൊണ്ട്. 
"കാണപ്പെടുന്നത് മാത്രം
ജീവിക്കുന്നുവെന്നും
നിങ്ങൾ കരുതേണ്ട.
"ജീവിതവും മരണവും
ഒരുപോലെ
കാണാത്തതും കാണുന്നതും."
"എന്നാലും,
നിങ്ങൾ പറഞ്ഞ്‌ തരണം
എന്റെ ഗുരു എവിടെ പോയി?"
"കെട്ടുപോയ വെളിച്ചം
എവിടെയോ,
അവിടെ പോയി. 
"ഒരാളിലും ഒന്നിലും
നിന്നെയും ഗുരുവിനെയും
പ്രതിഷ്ഠിച്ച്
തടവിലിടാതിരിക്കാന്‍
നിന്റെ ഗുരു ഒളിച്ച്പോയി.
അത്ര മാത്രം. 
"ആണ്‍പൂച്ചകള്‍ അങ്ങനെയാണ്.
അതിനാല്‍ ഗുരുക്കന്മാരും
അങ്ങനെയാണ്.
"നിങ്ങൾ
എന്തെല്ലാം സുഖസൗകര്യങ്ങള്‍ ഒരുക്കിയാലും
ആണ്‍പൂച്ചകള്‍,
അതിന്റെ ഉള്‍വിളി വന്നാല്‍,
അണഞ്ഞു പോകും. 
"അതൊക്കെയും ഒഴിവാക്കി
രക്ഷപ്പെടും.
"അരക്ഷിതാവസ്ഥയിലേക്ക്
അതതിനെ സ്വയം വലിച്ചെറിയും.
"അപരിചിതത്ത്വത്തെ
അത്‌ പരിണയിക്കും.
"ഗുരുക്കന്മാരും അപ്പടി.
"നിങ്ങൾ സന്യാസം
പറയുന്നു. സങ്കല്പിക്കുന്നു.
"ആണ്‍പൂച്ചകള്‍ അത്
ഉള്‍വിളി പോലെ നടപ്പാക്കുന്നു.
കൊട്ടാരവും സൗകര്യവും
പ്രശ്നമാക്കാതെ.
ബാലഹീനതയാക്കാതെ.
"നിങ്ങൾ
ജീവിതം വഴിപോക്ക്
എന്ന് പറയും.
"ആണ്‍പൂച്ചകള്‍ അത്
പ്രവർത്തിച്ചു കാണിക്കും."
"എന്നാലും ഈയുള്ളവനറിയില്ല
എല്ലാ സുഖവും സുഭിക്ഷതയും
ഇട്ടേച്ചു,
ഈയുള്ളവന്‍ പുറത്ത്പോയ
ഒരു ഞായറാഴ്ച വേളയില്‍,
ആ ബാല്യക്കാരന്‍
ആണ്‍പൂച്ച
എന്തിന്‌, എവിടേക്ക്
പോയെന്ന്?"
"അതിന്‌ മാത്രം
അതിന്നുണ്ടായ
ഉള്‍വിളി എന്തെന്ന്.
തെളിച്ചവും
ബോധോദയവും
എന്തെന്ന്?"
"അതേ.
അത്‌ നിങ്ങൾ മനുഷ്യര്‍ക്ക്
മനസ്സിലാവില്ല.
"അത്‌ മനസ്സിലാവാത്തതാണ്
നിങ്ങൾ മനുഷ്യരുടെ ജീവിതം.
"അത് കൊണ്ടാണ്‌
നിങ്ങൾ മനുഷ്യര്‍
മനുഷ്യര്‍ തന്നെ ആയത്. 
"അത്‌ കൊണ്ടാണ്
നിങ്ങളുടെ ജീവിതം
നിങ്ങളുടെ ജീവിതമായത്."

ജനാധിപത്യം. സിംഹങ്ങൾക്കെതിരെ സിംഹത്തിന് മിണ്ടാന്‍ വയ്യ.

ജനാധിപത്യം.
സിംഹങ്ങൾക്കെതിരെ
സിംഹത്തിന് മിണ്ടാന്‍ വയ്യ.
സിംഹങ്ങളുടെ രോഷം
ആളിക്കത്തും.
എളുപ്പം,
ആടിനെ കൈകാര്യം ചെയ്യുക. 
അതിനാല്‍,
സിംഹങ്ങൾക്ക് വേണ്ടി
സിംഹം വിധിയുണ്ടാക്കും.
നീതി നടപ്പാക്കും.
ആടത് കേട്ടു കൊള്‍ക.
നാട്ടുകാരത് വിജയമായ്
ആഘോഷിച്ചു കൊള്‍ക. 
അല്ലേലും,
ആട് നാടിന് ഭീഷണി.
ആടാണ്‌ പ്രശ്നക്കാരന്‍.
ആടിനോട്
അസൂയതോന്നുന്നത് പുണ്യം.
ആടിനെയും,
ആടിനെ വെച്ച് നാട്ടാരെയും
ഭയപ്പെടുത്തുന്നത് ശരി.
അതാവണം
അധികാരം.
അതിനുവേണ്ടിയാവണം
അധികാരം. 
ആട് ഈ നാട്ടുകാരനെയല്ല.
ആട് കാട്ടുവാസി.
നാടില്ലാത്തവന്‍.
നാട് കടത്തപ്പെടേണ്ടവന്‍. 
നാട്ടുകാർ
അത് വിശ്വസിക്കണം,
വിശ്വസിക്കും.
നിസ്സഹായതയില്‍
ആടതരനുസരിക്കണം.
അനുസരിക്കും.
വെറും കുറ്റവാളിയെ പോലെ.
വെറും കുറ്റവാളി തന്നെയായ്.
ആട് ഇല്ലാതായാല്‍
നാടിന് പരിഹാരമായി. 
ജനാധിപത്യമെന്ന് പേര്‌.
നമുക്ക് അഭിമാനിക്കാം.

ഭരണാധികാരികളറിയണം. പിശാചെന്നാല്‍ നിരാശപ്പെട്ടവന്‍. നിരാശപ്പെട്ടവന്‍ പിശാചാവും.

ഭരണാധികാരികളറിയണം.
പിശാചെന്നാല്‍ നിരാശപ്പെട്ടവന്‍.
നിരാശപ്പെട്ടവന്‍ പിശാചാവും. 
തിരസ്കൃതന്റെയും നിരാകരിക്കപ്പെട്ടവന്റെയും നിരാശ അപകടകരം, പൈശാചികം. 
അവരറിയാതെയും അവര്‍ പിശാചാവും. 
അത്കൊണ്ട്‌ തന്നെ,
തന്റേതല്ലാത്ത കാരണംകൊണ്ട്‌ തിരസ്കരിക്കപ്പെടുന്നവന്‍, നിരാകരിക്കപ്പെടുന്നവന്‍ താന്‍ അതുവരേയും സ്നേഹിച്ചതിനെയും കൊല്ലും, അവനതിനെ കൊന്ന്പോകും.
അവനോട് ആ തെറ്റ് ചെയ്തത് വ്യവസ്ഥിതി ആയാലും രാജ്യമായാലും സ്വന്തം കാമുകിയായാലും അവനത് ചെയത് പോകും. 
താനില്ലെങ്കില്‍ പ്രളയം, തനിക്കില്ലെങ്കില്‍ ആര്‍ക്കും വേണ്ട എന്നതപ്പോൾ അവന് മന്ത്രമാകും.
അങ്ങനെയവന്‍ അന്ധനായിപ്പോകും, ലഹരിക്കടിപ്പെട്ടവനായിപ്പോകും. 
അതിനാല്‍ തന്നെ, താന്‍ അതുവരെ പ്രണയിച്ച കാമുകിയെ കൊല്ലുക എന്നത് തിരസ്കൃതന് വളരെ സ്വാഭാവികമായ കാര്യം.
ഇത്‌, അധികാരവും അതിന്റെ കുതന്ത്രങ്ങളും മാത്രം ലഹരിയായി തലക്ക്പിടിച്ച നമ്മുടെ രാഷ്ട്രീയനേതൃത്വവും അധികാരികളും അറിഞ്ഞാല്‍ നന്ന്.
അവരറിയണം. തീവ്രവാദത്തിനും ഭീകരവാദപ്രവണതകള്‍ക്കും പിന്നില്‍ ഇത്, ഈ നിരാശ, ഒരു പ്രധാന കാരണം. 
കാരണം നിരാശയില്‍ പിശാചുണ്ട്.
നിരാശയാണ് പിശാച്.

ഹൈദരാബാദ് പീഢനത്തിലെ പ്രതികൾ. വെടിയുണ്ട തുളച്ചുകയറി മരിച്ചവരാണ് ശവംതീനികള്‍ എന്ന് ആര് പറഞ്ഞു?

ഹൈദരാബാദ് പീഢനത്തിലെ പ്രതികൾ. 
വെടിയുണ്ട തുളച്ചുകയറി മരിച്ച അവരാണ് ശവംതീനികള്‍ എന്ന് ആര് പറഞ്ഞു?
പോലീസ് പറഞ്ഞ തെളിവിനപ്പുറം. 
വെടിവെച്ചവരും അതിന്റെ പിന്നില്‍ മറഞ്ഞു നില്‍ക്കുന്ന യാഥാര്‍ത്ഥ പ്രതികളും ആണെങ്കിലോ ശവംതീനികള്‍?
ആരോരും ചോദിക്കാനും പറയാനും ഇല്ലാത്തവരെ പ്രതികൾ എന്ന് പറയുക, വിചാരണയൊന്നും കൂടാതെ കൊന്നേക്കുക. ഇങ്ങനെയും ആവുമോ?
പലപ്പോഴും പ്രതി ഉന്നതന്‍ എന്നത്‌ കുറ്റകൃത്യങ്ങള്‍ക്ക് സംരക്ഷണവും സാധൂകരണവും നല്‍കുന്നു.
അല്ലെങ്കിൽ ഉമ്മന്‍ ചാണ്ടിമാര്‍ വിലസുമോ? കുഞ്ഞാലിക്കുട്ടിമാര്‍ വിലസുമോ?
കിളിരൂര്‍, സൂര്യനെല്ലി മറന്ന് പോകുമോ?
ഉന്നവോയിലെ പ്രതി വിലസുമോ?
വാളയാര്‍ ഇത്ര ലളിതമാകുമോ? 
ഇപ്പോൾ ഹൈദരാബാദില്‍ നടന്നതും ഉന്നതന്‍മാരെ സംരക്ഷിക്കാനല്ലെന്ന് ആര് കണ്ടു, ആരറിഞ്ഞു, ആര് പറഞ്ഞു?
നാം വല്ലാതെ കെണിയില്‍ വീഴുന്നവരും ആയിപ്പോകരുത്.
വിചാരത്തെ വികാരത്തിന് വില്‍പന നടത്തുന്നവരും ആയിപ്പോകരുത്.
എങ്കിൽ നാളെ ഇത് മറ്റ് എന്തിന്റെ പേരിലെങ്കിലും നിങ്ങളാരും ആവും. 
വെള്ളരിക്കപ്പട്ടണം തന്നെയായ്.
ഇനിയങ്ങോട്ട് എന്തും നീതിയായ്.
മിന്നുന്നത് മുഴുവന്‍ പൊന്നായ്. 
അത്രയ്ക്ക് മടുത്ത് തുടങ്ങുന്നു ജനങ്ങൾക്ക് താമസിച്ച് നിഷേധിക്കപ്പെടുന്ന നീതി എന്നതിനാല്‍. 
*****
നാല് പേരും കൊല്ലപ്പെടുകയോ?
ഇതെന്ത് കഥ?
പോലീസ് തന്നെ വിധി പറഞ്ഞ്‌, പോലീസ് തന്നെ വിധി നടപ്പാക്കുകയോ?
ജനാധിപത്യത്തില്‍ എല്ലാം ഒരേയൊരു കോഴിയമ്മ തന്നെ ചെയ്യും എന്നായോ?
അത്രക്കുണ്ടോ ജനാധിപത്യത്തില്‍ പൊലീസിന്റെ അധികാരം? 
അതും കസ്റ്റഡിയില്‍ കയ്യാമം വെച്ച് പോകേണ്ട, പോകുന്ന നിരായുധരായ പ്രതികൾ മുഴുവന്‍ ഒന്നൊഴിയാതെ സായുധരായ പൊലീസിനാല്‍ encounter ല്‍ കൊല്ലപ്പെടുകയോ...??
Encounter ല്‍ കൊല്ലാനാണെങ്കിൽ പിന്നെ അവരെ കസ്റ്റഡിയില്‍ എടുത്തത് എന്തിന്‌? 
നമ്മൾ എവിടെയാണ്?
നമ്മൾ യാഥാര്‍ത്ഥ കുറ്റവാളികളെ വളരെ വിലകുറച്ച് കാണുന്നു. അവരുടെ മിടുക്കും വഴിയും തന്ത്രവും. അത് എല്ലായിടത്തും പതിയിരിക്കുന്നുവെന്നതും. രക്ഷകരെന്ന് വേഷമിടുന്നവരില്‍ വരെ. നമ്മുടെ രാഷ്ട്രീയനേതൃത്വത്തിന്റെത് പോലെ. 
കൊല്ലപ്പെട്ടവർ കുറ്റവാളികളാണെന്ന് ആര് പറഞ്ഞു?
തെളിയിക്കപ്പെടാത്ത കാലത്തോളം നിരപരാധികളായി കണക്കാക്കണം എന്ന് നമ്മുടെ നാട്ടിലെ നിയമം.
അത് നമ്മള്‍ക്കറിയില്ലേ?
അതല്ല, ഇവരുടെ കാര്യത്തില്‍ ആ നിയമവും നീതിയും ബാധകമല്ലെന്നാണോ? പോലീസ് മാത്രം തീരുമാനിച്ചാല്‍ മതിയെന്നാണോ? അതൊക്കെ ഇവിടുത്തെ വലിയ ആളുകള്‍ക്ക് മാത്രമേ ലഭ്യമാവേണ്ടതുള്ളൂ എന്നാണോ? പോലീസ് ഗാലറിക്ക് വേണ്ടി ഇങ്ങനെ കളിക്കണം എന്നാണോ?
ഉന്നതരാണ് പ്രതികളെങ്കിൽ, കോടതിയില്‍ തെളിയിക്കുന്നത് വരെ നിരപരാധിയെന്നും, മറിച്ചാണെങ്കിൽ, പ്രതികള്‍ പാവങ്ങളാണെങ്കിൽ, കോടതിയില്‍ തെളിയിക്കേണ്ടതില്ല, പകരം അവര്‍ തുടക്കം മുതലേ കുറ്റവാളികളെന്നും, അവരെ കാണുന്നിടത്ത് വെച്ച് നേരെ വെടിവെച്ച് കൊന്നേക്കുക എന്നും നാം പറയാൻ ശ്രമിക്കുന്നു.
ആ നിലയിലാണ്, തെളിയിക്കപ്പെടാത്ത കാലത്തോളം നിരപരാധികളായി കണക്കാക്കണം എന്നതിനാലാണ്, ഒട്ടുമിക്ക രാഷ്ട്രീയനേതാക്കളും കുറ്റവാളികളും ഇവിടെ രക്ഷപ്പെട്ടതും രക്ഷപ്പെടുന്നതും എന്ന് നമുക്ക്റിയില്ലേ? .
ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും ഒക്കെ.
ഒന്നും എവിടെയും തെളിയില്ല എന്ന് അവര്‍ക്കുറപ്പുള്ളതിനാല്‍.
അതിനുള്ള മിടുക്ക് അവര്‍ക്കുണ്ട് എന്ന് അവര്‍ക്കുറപ്പുള്ളതിനാല്‍.
ആ നിലക്കാണോ, കോടതിയുടെ മുന്‍പില്‍ ആര്‍ക്കും എങ്ങിനെയും രക്ഷപ്പെടാന്‍ പറ്റും എന്ന് തോന്നിയതിനാലാണോ, അത്തരം നിസ്സഹായ ചിന്തയില്‍ നിന്നാണോ, ജനങ്ങൾ ഈ കൊല നടപ്പാക്കിയ പൊലീസുകാരെ വല്ലാതെ പ്രശംസിക്കുന്നത്?
നമ്മുടെ കോടതികൾ ശരിക്കും പരാജയമാണെന്നാണോ ഇത് തരുന്ന സൂചന?
ജനങ്ങൾക്ക് കോടതിയുടെ നീതിയിലും താമസിപ്പിച്ച് നീതി നിഷേധിക്കുന്ന നീതിസമ്പ്രദായത്തിലും വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങുന്നതിന്റെ സൂചനയും കൂടിയാണോ ഇത്തരം encounter കൊലപാതകങ്ങളെ വല്ലാതെ പിന്തുണക്കുന്നതും താലോലിക്കുന്നതും? 
നീതി ഇങ്ങനെയെങ്കിലും നടപ്പാക്കുന്നു എന്നതിൽ ജനങ്ങൾ അപകടകരമായ ഒരുതരം ആത്മരതിയും സുഖവും അനുഭവിക്കുന്നത് പോലെയുണ്ടോ? അത്രയ്ക്കുണ്ട് അവരുടെ ഇക്കാര്യത്തിലെ പിന്തുണയും ആനന്ദവും. 
നീതി നടപ്പാക്കാന്‍ ഇനിയങ്ങോട്ട് സിനിമയിലെ നായകന്മാരെ പോലെ പോലീസ് തന്നെ വേണം, അവർ നേരിട്ട് തന്നെ ഉടനെ കൊല്ലണം എന്നാണോ ഇതൊക്കെയും അര്‍ത്ഥമാക്കുന്നത്?
നമ്മൾ എത്രവേഗം സ്വാധീനിക്കപ്പെടുന്നു.
നമ്മൾ എത്രവേഗം മറക്കുന്നു?
നമ്മൾ എത്രവേഗം കെണിയില്‍ വീഴുന്നു?
******
പ്രതികൾ ശിക്ഷിക്കപ്പെടുക തന്നെ വേണം.
പക്ഷേ അവര്‍ക്ക്‌ പറയാനുള്ളത് എത്ര വിഡ്ഡിത്തമാണെങ്കിലും കേട്ടതിന് ശേഷം.
അതെന്തേ വാളയാര്‍ കേസില്‍ ആരും ഈ വികാരം തുള്ളിച്ചു കാണിക്കാതെ ഇരുന്നത്?
അവിടെ പ്രതികളെ രക്ഷിച്ചവര്‍ക്കെതിരെ ആരും ഒന്നും ചെയ്യാതിരുന്നത്? 
ഇവിടെ പ്രതികളെ പിടികൂടിയല്ലോ?
തെളിവുകൾ നാം കരുതുന്നത് പോലെ ശരിയാണെങ്കില്‍ കോടതി ശിക്ഷിക്കുകയും ചെയ്യും.
ഇവിടെ ഒരു നിയമസംവിധാനം ഉണ്ട്.
ആ സംവിധാനം വെച്ച് പൊലീസിന് ഇങ്ങനെ കൊല്ലാന്‍ അധികാരമില്ല.
അതവർ ചെയതത് പിന്നിലെ വേറെ ആരെയെങ്കിലും സംരക്ഷിക്കാനാണെങ്കിലോ, അങ്ങനെ ആയാലോ?
എങ്കിൽ നമ്മളെല്ലാവരും അക്ഷരാര്‍ത്ഥത്തില്‍ വിഡ്ഢികള്‍ ആക്കപ്പെടുകയല്ലേ സംഭവിക്കുക? 
ചട്ടുകങ്ങൾ മാത്രമായവർ ഒന്നും പുറത്ത് പറയാതിരിക്കാന്‍ അവരെയങ്ങ് ഉന്മൂലനം ചെയ്തേക്കുക എന്നത്‌ മാത്രമായിരിക്കില്ലേ എങ്കിൽ സംഭവിച്ചത്?
പ്രതിയും വാദിയും ഒരുപോലെ അങ്ങ് ഇല്ലാതാവുക. 
സംഗതി കുശാല്‍.
അത്രയേ ഉള്ളൂ.