Saturday, August 17, 2024

വരുന്നു, പോകുന്നു എന്നും ജീവിതത്തിന് അർത്ഥം നൽകാമോ?

വരുന്നു, പോകുന്നു എന്നും ജീവിതത്തിന് അർത്ഥം നൽകാമോ? 

ഇല്ല. 

കാല്പനികമായും, കവിതക്ക് വേണ്ടിയും വിശ്വാസത്തിന് വേണ്ടിയും അല്ലാതെ അങ്ങനെയൊരർത്ഥം ജീവിതത്തിന് നൽകിക്കൂട.

എന്തുകൊണ്ട്? 

ആരും അവരായ് വരുന്നുമില്ല, ആരും അവരായ് പോകുന്നുമില്ല എന്നത് കൊണ്ട്.

എല്ലാവരും ഒരുപോലെ ആയിത്തീരുന്നു, എല്ലാവരും ഒരുപോലെ ഇല്ലാതാവുന്നു, എല്ലാവരും ഒരുപോലെ ഇല്ലാതായി പലതാവുന്നു എന്നത് കൊണ്ട്.

ആദ്യമേ ഉണ്ടായിരുന്ന ആരും വന്നതല്ല ജീവിതം എന്നത് കൊണ്ട്.  

ശേഷം ബാക്കിയാവാൻ വേണ്ടി തീരുമാനിച്ച് ആരും പോകുന്നതല്ല മരണം എന്നത് കൊണ്ട്.

വരുന്നതായ ആരും പോകുന്നതായ ആരും യഥാർത്ഥത്തിൽ ആദ്യമേ ഇല്ല, ശേഷവും ഇല്ല എന്നത് കൊണ്ട്.

എന്തുകൊണ്ട് വരുന്നതായ ആരും പോകുന്നതായ ആരും യഥാർത്ഥത്തിൽ ഇല്ല?

ജനിക്കുന്നതിന് മുൻപ് ഇല്ലായിരുന്നു, മരണത്തിന് ശേഷം ഉണ്ടാവുകയും ഇല്ല എന്നതിനാൽ. 

എങ്കിൽ ജീവിക്കുമ്പോഴുള്ള ഞാൻ?

തലച്ചോർ അപ്പപ്പോൾ ഉണ്ടാക്കിയത്, ഉണ്ടാക്കുന്നത്. 

തലച്ചോർ സാധിക്കും പോലെ ഉണ്ടാക്കി ഉണ്ടാവുന്ന തോന്നൽ മാത്രം ഞാനും എൻ്റേതും.

ജീവിക്കുമ്പോൾ തന്നെ മാറിമാറിയുണ്ടായ ഞാൻ മാത്രം. 

ജനിച്ച്, വളർന്ന്, വലുതായി, വൃദ്ധനായി മരിക്കുന്നതിനിടയിൽ മാറിമാറിയായ ഞാൻ മാത്രം.

എവിടെനിന്നോ വന്ന ഞാനും എവിടേക്കോ പോകുന്ന ഞാനും ഇല്ല.

എങ്കിൽ പിന്നെങ്ങിനെ വരുന്നു, പോകുന്നു എന്ന് ജീവിതത്തിന് അർത്ഥം വരും?

വരില്ല.

Thursday, August 15, 2024

കൊപ്രക്കച്ചവടക്കാരന് എവിടെയും കൊപ്ര തന്നെ വിഷയം.

ശരി ഒന്നുമാത്രമല്ലെന്നത് ഇന്ത്യൻ ചിന്തയും ദർശനവും വിശ്വാസവും കൂടിയാണെന്ന് മനസ്സിലാക്കുക. 

ശരിയും ധർമ്മവും നടപ്പാക്കാൻ സ്വന്തം കുടുംബത്തിനെതിരെയായാലും പ്രതികരിക്കണം എന്നത് ശ്രികൃഷ്ണൻ കാണിച്ചുതന്ന വഴിയും കൂടിയാണെന്നത് നാം മറന്നുപോകരുത്.

*******

കൊപ്രക്കച്ചവടക്കാരന് എവിടെയും കൊപ്ര തന്നെയാവും വിഷയം. 

തെങ്ങിൻ മുകളിലോട്ട് മാത്രമാവും അവന് എപ്പോഴും എവിടെയും നോട്ടം. 

എല്ലായിടത്തും അവന് ഒരേയൊരു കാഴ്ച, 

എല്ലാറ്റിനും അവന് ഒരേയൊരു ദിശ, മുഖം. 

വെറുപ്പും വിഭജനവും ഉണ്ടാക്കുന്നവനും വിതരണം ചെയ്യുന്നവനും അപ്പടി. 

ഇന്ത്യയിൽ അവർക്ക് എവിടെയും എപ്പോഴും പാക്കിസ്ഥാനും മുസ്ലിമും ഇസ്‌ലാമും തന്നെ എപ്പോഴും വിഷയം. 

അവർക്ക് എവിടെയും എപ്പോഴും പാക്കിസ്ഥാനും മുസ്ലിമും ഇസ്‌ലാമും കേന്ദ്രീകരിച്ചും വിരുദ്ധമാക്കിയും മാത്രം വിഷയങ്ങൾ. 

അല്ലാതെ ഒന്നും പറയാനില്ലാതെ അവർ. 

രാജ്യസ്നേഹമെന്നാൽ അയൽരാജ്യങ്ങളെ കുറിച്ച് മോശമായത് ഉള്ളതും ഇല്ലാത്തതും സ്വന്തം രാജ്യത്ത് പറയുക, അതുകൊണ്ട് വയറുനിറക്കുക എന്നതാണ് അവരുടെ രീതി.

കളവ് മാത്രം പടച്ചുണ്ടാക്കി പറയുന്ന അവർക്ക് എവിടെയും എപ്പോഴും എല്ലാം തന്നെ കളവ് പറയാനുള്ള അവസരങ്ങൾ, ന്യായങ്ങൾ.

പെരുംകളവ് അവർക്ക് സത്യം. 

സത്യം അവർക്ക് പെരുംകളവ്.

അവരുടെയും അവരെ ഒരുക്കിയവരുടെയും ഒരു ദുരന്തം ഓർത്തുനോക്കൂ. 

ഉപബോധമനസ്സ് കൊണ്ടാണ് എല്ലാവരും അവരും അടിമപ്പെടുന്നത്. 

അല്ലാതെ ശരീരം കൊണ്ടല്ല ആരും അവരും അടിമപ്പെടുന്നത്.

അവർ ഉപബോധമനസ്സ് കൊണ്ട് അടിമപ്പെട്ടവർ.

ശരിയും തെറ്റും എപ്പോഴും എല്ലാ കാലത്തും എല്ലാ അവസരങ്ങളിലും ഒരേയൊരു പക്ഷത്തല്ല എന്നത് അവർക്ക് ബാധകമല്ല.

ഏത് പക്ഷത്തും എപ്പോഴും കുറച്ചെങ്കിലും ശരിയും തെറ്റും ഉണ്ടാവും.

എന്നതിനാൽ ഈയടുത്ത് നടന്ന ബംഗ്ലാദേശ് ഭരണ വിരുദ്ധ സമര വിഷയം വരെ വേറേതന്നെ രീതിയിൽ ചർച്ച ചെയ്യാൻ ഈയുള്ളവൻ ശ്രമിച്ചിട്ടുണ്ട്. ബംഗ്ലാദേശിൽ നടന്നത് മുഴുവൻ ശരിയാണ് എന്നത് കൊണ്ടല്ല. ഒരു കുറേ തെറ്റുകൾ ഏത് സമരത്തിലും കലാപത്തിലും അനിയന്ത്രിതമായി നടക്കും എന്നതിനാൽ അവിടെയും നടന്നിട്ടുണ്ട്. ഒരു സംശയവും തർക്കവും ഈയുള്ളവന് അക്കാര്യത്തിൽ ഇല്ല.

പക്ഷെ, മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം ഇന്ത്യയിൽ ഇന്ത്യൻജനതയുടെ സൗഹാർദ്ദവും ഐക്യവും തകരാതിരിക്കുന്നതിന് എപ്പോഴും മുൻഗണന കൊടുക്കേണ്ടതുണ്ട് എന്ന് ഉള്ളിലുറച്ച് മനസ്സിലാക്കുന്നതിനാൽ.

ഇന്ത്യക്കാരെ ഇന്ത്യക്കാരെ കൊണ്ട് തന്നെ കൊണ്ണുതള്ളിക്കാൻ വെറുപ്പും വിഭജനവും നടത്തരുത് എന്നതിനാൽ.

വർത്തമാനകാലത്തിൽ പഴയകാല വിഴുപ്പുകൾ കൊണ്ടുനിറച്ച് വൃത്തികെടുത്തരുത്, അക്രമാസക്തമാക്കരുതല്ലോ എന്നതിനാൽ.

അത്തരം തെറ്റുകൾ ഇന്ത്യയിൽ വിളിച്ചുപറയാൻ ശ്രമിച്ചിട്ടില്ല. കാരണം അവ ബംഗ്ലാദേശിനുള്ളിൽ തിരുത്തേണ്ട വിഷയങ്ങളാണ്. 

അതിവിടെ നിക്ഷിപ്ത താല്പര്യക്കാർക്ക് അവരുടെ വെറുപ്പും വിഭജനവും നടത്താനുള്ള അജൻഡ നടപ്പാക്കാൻ വേണ്ടി വിളിച്ചു പറയേണ്ടതല്ല. 

അതിവിടെ സന്ദർഭത്തിൽ നിന്നും അടർത്തിമാറ്റി അല്ലെങ്കിൽ തന്നെ നിക്ഷിപ്ത താല്പര്യക്കാർ ദുരുപയോഗപ്പെടുത്തുന്നുണ്ട്  എന്നറിയുന്നതിനാൽ

നാം നമുക്ക് വേണ്ടി പറയുന്നതും ഉണ്ടാക്കി പറയുന്നതും ആയിരിക്കില്ലല്ലോ ബംഗ്ലാദേശിൽ അവരുടെ ശരി.

പ്രത്യേകിച്ചും അധികാരം നേടാൻ കളവുകൾ മാത്രം പടച്ചുണ്ടാക്കി പൊലിപ്പിച്ചുവിടുന്ന വാർത്താമാധ്യമങ്ങൾ നമുക്ക് ചുറ്റും ഒരുകുറേ റോന്ത് ചുറ്റുമ്പോൾ.

അധികാരപക്ഷത്ത് മാത്രം നിന്ന്, അധികാരത്തെ ഒരിക്കലും ചോദ്യം ചെയ്യാതെ, അധികാരത്തിന് ഓശാനയും മുഖസ്തുതിയും മാത്രം പാടി, അധികാരത്തിൻ്റെ അപ്പവും വീഞ്ഞും ആസ്വദിച്ച്, ചില കുത്സിതവാർത്തകൾ മാത്രം അത്തരം വാർത്താമാധ്യമങ്ങൾ പുറപ്പെടുവിക്കുമ്പോൾ നമ്മൾ രാജ്യസ്നേഹം വെച്ച് തന്നെ ജാഗരൂകരാവണം. 

കാരണം അവർ ചിതലിനെ പോലെ സംരക്ഷിക്കുന്നു, സ്നേഹിക്കുന്നു എന്ന് വരുത്തി നമ്മെ പൊതിഞ്ഞ് നമ്മെ ഉളളിൽ നിന്നും കാർന്നുതിന്നും. അങ്ങനെ കാർന്നു തിന്നുന്നതിനും അവർ രാജ്യസ്നേഹം എന്ന് പേരിടും. 

അധികാരം എപ്പോഴും രാജ്യസ്നേഹത്തെ നിർവ്വചിക്കുന്നത് അധികാരത്തെ അതിൻ്റെ എന്ത് നേടികേടുകളും ചൂഷണവും സഹിച്ച് പിന്തുണക്കുക, അധികാരത്തിന് ഓശാന പാടുക എന്ന നിലക്കാണ്.

ഇന്ത്യയോടുള്ള സ്നേഹം എന്നാൽ ഇന്ത്യയിലെ നിക്ഷിപ്ത അധികാര താൽപര്യക്കാരോടുള്ള സ്നേഹമല്ല. 

നിക്ഷിപ്ത അധികാര താൽപര്യക്കാരുടെ അണികൾ പറയുന്ന, നടത്തുന്ന എല്ലാ കളവുകളും അപ്പടി സ്വീകരിക്കുക, പ്രചരിപ്പിക്കുക എന്നതല്ല രാജ്യസ്നേഹം.

അയൽ രാജ്യങ്ങളെ കുറിച്ചും സ്വന്തം നാട്ടിലെ തന്ന് ഏതെങ്കിലും ഒരു വിഭാഗത്തെ കുറിച്ചും നിർബന്ധമായും കളവ് പറയുക, വെറുപ്പ് പ്രചരിപ്പിക്കുക എന്നതല്ല രാജ്യസ്നേഹം.

ആര് പറഞ്ഞാലും കളവ് കളവ് തന്നെ.

ആര് നടത്തിയാലും വെറുപ്പ് വെറുപ്പും ശത്രുതയും ശത്രുതയും തന്നെ. 

രാജ്യസ്നേഹം എന്നാൽ നിർബന്ധമായും അയൽവാസികളെ ശത്രുക്കളാക്കുക, വെറുക്കുക എന്നതല്ല. 

അയൽവാസികളെ വെറുക്കലാണ്, അത് കാണിച്ച് മാത്രം അധികാരം നേടുക എന്നതാവരുത് സ്വന്തം നാടിനെ സ്നേഹിക്കുക എന്നാൽ അർത്ഥമെന്ന് വരരുത്, വരുത്തരുത്.

ശരി ആരെങ്കിലും പറയുന്നത് മാത്രമല്ല. 

ഇന്ത്യയിൽ നിന്ന് ഇന്ത്യയുടെ താൽപര്യം വെച്ച് പറയുന്നത് മാത്രമല്ല ലോകത്തേക്ക് മൊത്തം ശരി. 

ഇന്ത്യയിൽ നിന്ന് ഇന്ത്യയുടെ താൽപര്യം വെച്ച് പറയുന്നത് ഇന്ത്യയെ സംരക്ഷിക്കാനുള്ള, ഇന്ത്യയുടെ കാര്യങ്ങളിൽ മറ്റാരും ഇടപെടാതിരിക്കാനുമുള്ളതെങ്കിൽ ഏറിയാൽ അത് നമുക്കുള്ള ശരി. നമ്മുടെ നാട്ടിൽ ശരി.

അപ്പോഴും അപ്പുറത്ത്, അപ്പുറത്തുള്ളവർക്ക്, അവരെ സംരക്ഷിക്കാനും അവരുടെ കാര്യങ്ങളിൽ മറ്റാരും ഇടപെടാതിരിക്കാനും വേറൊരു ശരിയുണ്ട്, ഉണ്ടാവും എന്നത് നാം മറക്കരുത്.

*******

ശരി ഒന്നുമാത്രമല്ലെന്നത് ഇന്ത്യൻ ചിന്തയും ദർശനവും വിശ്വാസവും കൂടിയാണെന്ന് മനസ്സിലാക്കുക. 

ശരിയും ധർമ്മവും നടപ്പാക്കാൻ സ്വന്തം കുടുംബത്തിനെതിരെയായാലും പ്രതികരിക്കണം എന്നത് ശ്രികൃഷ്ണൻ കാണിച്ചുതന്ന വഴിയും കൂടീാണെന്നത് നാം മറന്നുപോകരുത്.

Saturday, August 10, 2024

ബംഗ്ലാദേശിൻ്റെയും ബംഗ്ലാദേശുകാരുടെയും ഭാഗത്ത് നിന്ന്, അവരായി നിന്ന് ചിന്തിക്കുക

ബംഗ്ലാദേശിൽ നടന്നത് ശരിയായാലും തെറ്റായാലും ഭരണവിരുദ്ധ സമരമാണ്.

ഒരു സമരവും പൂർണ്ണ അച്ചടക്കത്തിൽ  മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതും നിർവ്വചിക്കപ്പെട്ടതും പോലെ എവിടെയും നടന്നിട്ടുണ്ടാവില്ല.  അതിനാൽ ബംഗ്ലാദേശിലെ ഭരണവിരുദ്ധ സമരവും. 

ഏത് സമരവും വിപ്ലവവും പ്രത്യേശാസ്ത്രവും അതിൻ്റെ വളർച്ചയിലും ഉയർച്ചയിലും  തന്നെ പിതാക്കളെയും മക്കളെയും കൊല്ലുമെന്നത് ഫ്രഞ്ച് വിപ്ലവവും റഷ്യൻ വിപ്ലവവും വെച്ച് നമുക്ക് അറിയുന്ന കാര്യവുമാണ്. 

കമ്യൂണിസം അധികാരത്തിൻ്റെ വഴിയിൽ അതിനെ തന്നെ (നക്സലൈറ്റ് വെട്ട എന്ന ഓമനപ്പേരിൽ വരെ) കൊന്നുതിന്നുന്ന ത് നാം കണ്ടതും കാണുന്നതുമാണ്

ബംഗ്ലാദേശ് ഭരണ വിരുദ്ധ സമരത്തിലും നാം അറിഞ്ഞതും അറിയാത്തതുമായ തെറ്റുകളും കുറ്റങ്ങളും വേണ്ടാതീനങ്ങളും സംഭവിച്ചിട്ടുണ്ടാവും, സംഭവിക്കുന്നുണ്ടാവും.

അത്തരം തെറ്റുകളും കുറ്റങ്ങളും വേണ്ടാതീനങ്ങളും ബംഗ്ലാദേശിൽ നടന്നില്ലെന്നു പറയലും പറയാതിരിക്കലും അവയെയൊന്നും ന്യായീകരിക്കലും ഇവിടെ, പ്രത്യേകിച്ചും ഇന്ത്യയിൽ ആർക്കും പണിയല്ല, പണിയാവേണ്ടതില്ല. 

അത്തരം തെറ്റുകളും കുറ്റങ്ങളും വേണ്ടാതീനങ്ങളും എത്രയും കുറയുന്നുവോ അത്രയും നല്ലത് എന്ന് വിചാരിക്കുകയും ആഗ്രഹിക്കുകയും മാത്രം നമുക്ക് ചെയ്യാം.

ബംഗാദേശുകാർക്ക് വേണ്ട ബംഗ്ലാദേശിൻ്റെ രാഷ്ട്രീയമായ ശരിയും തെറ്റും ഇങ്ങ് ഇന്ത്യയിൽ നിന്ന് നമുക്ക് നിശ്ചയിക്കാനും കൽപിക്കാനും സാധിക്കില്ല.

അതേ സമയം ബംഗ്ലാദേശിൽ ഈ ഭരണവിരുദ്ധ സമരത്തിനിടയിൽ നടന്ന അപശ്രുതിയും തെറ്റുകളും കുറ്റങ്ങളും വേണ്ടാതീനങ്ങളും മാത്രം സന്ദർഭത്തിൽ നിന്നും അടർത്തിയും ഉപ്പും മുളകും തേച്ചും ഇങ്ങ് ഇന്ത്യയിൽ വിതരണം ചെയ്യുന്നതിൻ്റെ ഉദ്ദേശം മനസ്സിലാവുന്നില്ല.

അല്ലെങ്കിൽ തന്നെ ബംഗ്ലാദേശിനെക്കാൾ സാമൂഹ്യസൗഹാർദ്ദ അന്തരീക്ഷം വഷളായ, വഷളാക്കാൻ കൊണ്ടുപിടിച്ച് ശ്രമിക്കുന്ന കുറേ പാർട്ടികളുള്ള ഇന്ത്യയിൽ ബംഗ്ലാദേശിലെ ഈ ഭരണവിരുദ്ധ സമരത്തിനിടയിൽ നടന്ന അപശ്രുതിയും തെറ്റുകളും കുറ്റങ്ങളും വേണ്ടാതീനങ്ങളും മാത്രം സന്ദർഭത്തിൽ നിന്നും അടത്തിയും ഉപ്പും മുളകും തേച്ചും ഇങ്ങ് ഇന്ത്യയിൽ വിതരണം ചെയ്യുന്നത് സദുദ്ദേശപരമാവുമോ? 

ഇല്ല.

ഗുജറാത്തും നെല്ലിയും ബഗൽപൂറും മുസഫർനഗറും മീററ്റും രാമജന്മൂമി ബാബരി മസ്ജിദ് കലാപങ്ങളും ഒട്ടനവധി മനുഷ്യജീവനുകളെ കൊന്നൊടുക്കിയ, രാജ്യത്തിൻ്റെ അധികാരത്തിലേക്കുള്ള വഴിയായ ഇന്ത്യയിൽ ഇങ്ങനെ ഉള്ളതും ഇല്ലാത്തതും പാടിനടക്കുന്നത് വലിയ രാജ്യതാൽപര്യവും റാജ്യസ്‌നേഹവും ആണോ?

ഇനിയല്പം ബംഗ്ലാദേശുംകാരുടെ ഭാഗത്ത് നിന്ന് ചിന്തിച്ച് പറയുക. 

കണ്ടതിനും കേട്ടതിനുമൊക്കെ ചോറിങ് കൂറങ്ങ് എന്നാരോപിക്കുന്നത് പല്ലവിയാക്കിയ നമ്മെവെച്ച് തന്നെ ചിന്തിച്ച് പറയുക.  

നമ്മുടെ മുൻഭരണാധികാരിയോ രാഷ്ടീയനേതാവോ പാക്കിസ്ഥാനിലാണ് അഭയംതേടുന്നതെങ്കിൽ അവരെക്കുറിച്ച്  നാമെന്ത് പറയും? 

പാക്കിസ്ഥാൻ ഭരണാധികാരി മുൻഭരണാധികാരിയോ രാഷ്ടീയനേതാവോ ഇന്ത്യയിലാണ് അഭയംതേടുന്നതെങ്കിൽ പാകിസ്ഥാനികളും എന്ത് പറയും? 

എങ്കിൽ, ഇന്ത്യയിൽ അഭയം തേടുന്ന ബംഗ്ലാദേശിൻ്റെ മുൻഭരണാധികാരിയെ കുറിച്ച് ബംഗ്ലാദേശുകാർ എന്ത് പറയണം? 

ഇന്ത്യൻ പാവയും ചാരയും ആയി അവർ ഹസീന വാജിദിനെ ആദ്യമേ മനസ്സിലാക്കിയത് തെറ്റായിരുന്നില്ലെന്നല്ലേ അവരും പറയുക, എന്നല്ലേ അവർക്കും പറയാനാവുക?

ബംഗ്ലാദേശികളുടെ അങ്ങനെയുള്ള സംശയത്തിനും ആരോപണത്തിനും അതടിസ്ഥാനമാക്കിയും അല്ലാതെയും നടത്തുന്ന സമരത്തിനും തീരെ അർഥമില്ലെന്ന് പറയാൻ സാധിക്കുമോ? 

പ്രത്യേകിച്ചും ബംഗ്ലാദേശുകാരായി ബംഗ്ലാദേശിൻ്റെ ഭാഗത്ത് നിന്ന്, അവരുടെ രാജ്യസുരക്ഷയും രാജ്യതാല്പര്യവും രാജ്യസ്നേഹവും വെച്ച് അവർ ചിന്തിക്കുമ്പോൾ.

Friday, August 9, 2024

ബംഗ്ലാദേശിലെ സമരത്തെ വെളുപ്പിക്കുന്നതല്ല. വല്ലാതെ കറുപ്പിക്കുന്നത് തടയുന്നത് മാത്രം.

സമാധാനത്തിനുള്ള നോബെല്‍ സമ്മാനം നേടിയ മുഹമ്മദ് യൂനുസാണ് ബംഗ്ലാദേശിലെ ഇടക്കാല സംവിധാനത്തിന്റെ മുഖ്യ ഉപദേഷ്ടാവായും ഭരണാധികാരിയായും അധികാരമേറ്റത്. 

എടുത്തു പറയേണ്ട കാര്യം മറ്റൊന്നാണ്. ന്യൂനപക്ഷ സമുദായമായ ഹിന്ദുക്കളില്‍ നിന്നും രണ്ട് പേർ അധികാരമേറ്റപ്പോൾ കൂടിയുണ്ടെന്ന വിവരമാണത്.

ഇക്കാര്യം ഇന്ത്യയിൽ ആരും എടുത്തുപറയുന്നില്ല. വെറുപ്പും വിഭജനവും ഉദ്ദേശിക്കുന്ന നിഗൂഢ അജണ്ട പൊളിഞ്ഞുപോകും എന്നതിനാലായിരിക്കും. 

സുപ്രദീപ് ചക്ക്മയും ഡോ ബിദാന്‍ രഞ്ജന്‍ റോയിയുമാണ് ആണ് ആ രണ്ടുപേർ.

ഹസീനക്കെതിരെ വിദ്യാർത്ഥി പ്രക്ഷോഭം നയിച്ച വിദ്യാർത്ഥി നേതാക്കളും മറ്റുള്ളവരും അടങ്ങുന്ന പതിനാറംഗ ഉപദേശക സമിതിയാണ് നിലവിൽ അധികാരം ഏറ്റെടുത്തത്.

ഇവിടെ ഇന്ത്യയിൽ ആരോപിച്ച് കേട്ടത് പോലെ ജമാഅത്തെ ഇസ്ലാമിയെയോ ബിഎന്‍പിയെയോ ഈ ഇടക്കാല ഭരണസമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

ഇന്ത്യാമഹാരാജ്യത്ത് ഇരുപത് ശതമാനത്തോളം വരുന്ന മുസ്ലിംകളുടെ പാർലമെൻ്റിലെ പ്രാതിനിധ്യം എത്രയെന്ന് (ഭരിക്കുന്ന പാർട്ടിയിലും മുന്നണിയിലും എത്രയെന്ന്) മനസ്സാക്ഷിയിൽ തൊട്ട് ഒന്ന് ചോദ്യം ചെയ്താലും ഇത്തരുണത്തിൽ ബംഗ്ലാദേശുമായി തട്ടിച്ചുനോക്കിയാലും നന്നാവും. 


നമ്മുടെ ഉദ്ദേശശുദ്ധിയും മനോനിലവാരവും മനസ്സിലാക്കാൻ അത് ഉപയോഗപ്പെട്ടേക്കും. ഒന്ന് സ്വയം തിരുത്താനും.

********

ബംഗ്ലാദേശിൽ നടക്കുന്നത് വർഗ്ഗീയ കലാപമാണെന്നു വരുത്തിർക്കുന്നത് എന്തിന്? 

ആർക്കാണ് ബംഗ്ലാദേശിൽ നടക്കുന്നത് വർഗ്ഗീയ കലാപമാണെന്നു  വരുത്തിത്തീർക്കൽ നിർബന്ധം?

ബംഗ്ലാദേശിൽ നടക്കുന്നത് വർഗ്ഗീയ കലാപമാണെന്നു വരുത്തിർക്കുന്നത് കൊണ്ട് ആർക്കാണ് എന്താണ് പ്രയോജനം?

*******

ബംഗ്ലാദേശിലെ കാര്യം മണിപ്പൂറും ലക്ഷദ്വീപും ഫലസ്തീനും പോലെയല്ല. ചുരുങ്ങിയത് മൂന്ന് കാരണങ്ങൾ കൊണ്ട് ഐക്യദാർഡ്യം അർഹിക്കുന്നില്ല.

ഒന്ന്: ബംഗ്ലാദേശിൽ ജനങ്ങൾ ഭരണകൂടത്തിനെതിരെ തിരിഞ്ഞു, ഭരണകൂടം അടിയറവ് പറഞ്ഞു നാട് വിട്ടു.

രണ്ട്: ബംഗ്ലാദേശ് ഇന്ത്യയുടെ ഉള്ളിലുള്ള ഒരു സംസ്ഥാനമല്ല.

മൂന്ന്: ബംഗ്ലാദേശിലെ വിഷയം ഫലസ്തീനിലേത് പോലെ അധിനിവേശത്തിൻ്റെയും സ്വന്തം നാട് പുറമെ നിന്നുള്ളവർ കയ്യേറി സ്വന്തം നാട്ടുകാരെ അന്യവൽക്കരിച്ചതിൻ്റെയും വിഷയമല്ല 

വ്യത്യാസമുണ്ട്. മാങ്ങയെ പേരക്ക കൊണ്ട് ഗുണിച്ചുകൂട.

**********

ബംഗ്ലാദേശിനെ കുറിച്ച് ഉള്ളതും ഇല്ലാത്തതും ഉപ്പും മുളകും തേച്ച് പറയുന്നവരുടെ ഉദ്ദേശം അതുവെച്ചു ഇന്ത്യയിൽ ജീവിക്കുന്നവർക്കിടയിൽ വെറുപ്പും വിഭജനവും വർദ്ധിപ്പിക്കുകയും രാഷ്ടീയ നേട്ടം ഉണ്ടാക്കുകയും ചെയ്യുക എന്നത് തന്നെയാണ്.

CAA, NRC ക്ക് ഒന്നുകൂടി ന്യായവും തെളിവും ന്യായീകരണവും ഉണ്ടാക്കുകയും ലക്ഷ്യനാവാം.

CAA, NRC നിയമം ശരിയായ ദിശയിലും ഉദ്ദേശത്തോടെയുമാണെങ്കിൽ നടപ്പാക്കുക തന്നെ വേണം.

പക്ഷേ അതിനുവേണ്ടി ബംഗ്ലാദേശിൽ നടക്കുന്നത് വർഗ്ഗീയ ലഹളയാണ് അതിൽ ഹിന്ദുക്കൾ മാത്രം പീഡിപ്പിക്കപ്പെടുന്നു എന്ന് വരുത്തി CAA, NRC നടപ്പാക്കാൻ ന്യായം ഉണ്ടാക്കേണ്ടതില്ല.

CAA, NRC നടപ്പാക്കാൻ വേപതുപൂണ്ട് നടക്കുന്നവർക്ക് ന്യായമുണ്ടാക്കാൻ ന്യായമായി ഉപയോഗിക്കുക എന്ന ഗൂഢലക്ഷ്യവും ബംഗ്ലാദേശിൽ നടക്കുന്നത് വർഗ്ഗീയകലാപം എന്ന തെറ്റായ ഊഹാപോഹങ്ങൾ നിറച്ച പ്രചരണത്തിന് പിന്നിൽ കാര്യമായി ഉണ്ടാവാനിടയുണ്ട്.

**********

രാജ്യത്തേയും വീടിനെയും സ്നേഹിക്കുന്നവർ ഒരുപോലെ. 

വീട്ടിനും വീട്ടുകാർക്കും നാടിനും നാട്ടാർക്കും വേണ്ടത് ചെയ്യും. 

വീട്ടിനും വീട്ടുകാർക്കും നാടിനും നാട്ടാർക്കും വേണ്ടി ഉപകാരമുള്ള ഒന്നും ഉളളിൽ ചെയ്യാതെ അത് മറച്ചുവെക്കാൻ അയൽവാസിയോടുള്ള വെറുപ്പും വിദ്വേഷവും പറഞ്ഞുപരത്തുകയല്ല രാജ്യനേഹവും വീട്ടുസ്നേഹവും. 

അയൽവാസിയെ കുറിച്ച് കുറ്റങ്ങളും ഊഹാപോഹങ്ങളും പടച്ചുവിടുകയല്ല രാജ്യസ്‌നേഹവും വീടുസ്നേഹവും  

സ്വന്തം വീട്ടിലും നാട്ടിലും ഉള്ളവർക്കിടയിൽ ഭിന്നിപ്പും കലഹവുമുണ്ടാക്കുകയല്ല രാജ്യനേഹവും വീട്ടുസ്നേഹവും. 

സ്വന്തം വീട്ടിനും നാടിനും വേണ്ടത് ചെയ്ത് വീട്ടുകാരെയും നാട്ടുകാരെയും ഒന്നായൊരുമിച്ച് കണ്ടുനടക്കുകയാണ് രാജ്യനേഹവും വീട്ടുസ്നേഹവും. 

*******

ബംഗ്ലാദേശിലെ സമരത്തെ വെളുപ്പിക്കുന്നതല്ല. 

ദുരുദ്ദേശത്തോടെ സ്ഥാപിത നിക്ഷിപ്ത താല്പര്യം വെച്ച് വല്ലാതെ കറുപ്പിക്കുന്നത് തടയുക മാത്രം.

വല്ലാതെ കറുപ്പിച്ച്, സ്വന്തം നാട്ടിലെ വെളളം കലക്കി ആ കലക്കവെള്ളത്തിൽ നിന്ന് മീൻപിടിക്കാനുള്ള നിക്ഷിപ്ത താൽപരുത്തെ കണ്ട് മനസ്സിലാക്കി പ്രതിരോധിക്കുക മാത്രം. 

വെളുപ്പിക്കാൻ മാത്രമുള്ള ഒരു മത രാഷ്ട്രീയ ബന്ധവും അടുപ്പവും ഒന്നുമായും ആരുമായും ഇല്ല.

അങ്ങനെയുള്ള ഒരു മത രാഷ്ട്രീയ ബന്ധവും അടുപ്പവും ഒന്നുമായും ആരുമായും ഇല്ല എന്നത് നൽകുന്ന സത്യസന്ധതയും നിസ്വാർഥതയും ഉള്ളതിനാൽ മാത്രം ഇങ്ങനെയൊക്കെ കുറിക്കുന്നു. 

സത്യസന്ധതയും നിസ്വാർഥതയും നൽകുന്ന ധൈര്യവും ആത്മവിശ്വാസവും ഉള്ളതിനാൽ.

********

ഇന്ത്യയെയും ഇന്ത്യക്കാരെയും ഇന്ത്യക്കാർ തന്നെയായ ഹിന്ദുക്കളെയും എപ്പോഴും പിന്നോട്ട് ആഞ്ഞുവലിച്ച ഇന്ത്യയിലെ ജാതി സമ്പ്രദായം മറ്റ് ദേശക്കാരും മതക്കാരും ഇന്ത്യക്കുള്ളിലും ഹിന്ദുക്കളിലും കുത്തിക്കയറ്റി  ഉണ്ടാക്കിയതല്ല. 

ഇന്ത്യക്കാർ മാത്രമായ ഹിന്ദുക്കൾ ഹിന്ദുക്കളോട് ചെയ്ത ക്രൂരതയും മർദ്ദനവും അനീതിയും ചൂഷണവും തൊട്ടുകൂടായ്മയും ചരിത്രത്തിൽ ഒരിക്കലും ഒരു മുസ്ലിമും ക്രിസ്ത്യാനിയും ഇസ്‌ലാമും ക്രിസ്തുമതവും ഹിന്ദുക്കളോട് ചെയ്തിട്ടില്ല. 

പലപ്പോഴും ഹിന്ദുക്കൾ മതം മാറിയത് പോലും അത്തരം ക്രൂരതയും മർദ്ദനവും അനീതിയും ചൂഷണവും ഒഴിവാക്കാനാണ്. 

ഇതൊളിപ്പിക്കാൻ വർത്തമാനകാല രാഷ്ട്രീയ അധികാരം ലക്ഷ്യം വെച്ച് നടത്തുന്ന ക്രിസ്ത്യൻ ഇസ്‌ലാം വിരോധം നടത്തുകയാണ് ഏറെക്കുറെ.

*******

മനുസ്മൃതി ആരുണ്ടാക്കിയതാണ്?

ഹിന്ദുക്കളുടെ ശത്രുക്കൾ എന്ന് നാം പറഞ്ഞുണ്ടാക്കുന്നവരും വിദേശികളും കുത്തിക്കയറ്റി ഉണ്ടാക്കിയതല്ല മനുസ്മൃതി.

ജാതീയത തീണ്ടി നടന്ന, ജാതീയത കൊണ്ട് മേൽക്കോയ്മയും നേട്ടവുമുണ്ടാക്കിയ ഹിന്ദുക്കൾ തന്നെയായിരുന്നു ചരിത്രത്തിലുടനീളം ഹിന്ദുക്കളുടെ ശത്രുക്കൾ.

കീഴ്‌ജാതിക്കാരൻ്റെ ശരീരത്തിൽ മൂത്രമൊഴിക്കാൻ തോന്നുന്നത്ര മേൽജാതിക്കാരൻ്റെ മനസ്സിനെ സെറ്റ് ചെയ്തത് ഗൂഢാലോചനാ സിദ്ധാന്തം വെച്ച് നാം പറഞ്ഞുണ്ടാക്കുന്ന ശത്രുക്കളാണോ, വിദേശികളാണോ? 

ഇന്ത്യക്കും ഹിന്ദുക്കൾക്കും എതിരെ എന്ത് വരുമ്പോഴും പ്രതിരോധിക്കാൻ ഇസ്‌ലാമിക തീവ്രവാദികൾ എടുക്കുന്ന അതേ ന്യായമായ ഗൂഢാലോചനാ സിദ്ധാന്തം തന്നെ മതിയോ?

എല്ലാറ്റിനും ഗൂഢാലോചനാ സിദ്ധാന്തം പറയുന്നതിനൊക്കെ ഒരതിരും കണക്കും വേണ്ടേ?

ഈ  ഗൂഢാലോചനാ സിദ്ധാന്തം തന്നെയാണ് എല്ലാ നാട്ടിലും തീവ്രവാദികളും മതമൗലികവാദികളും പയറ്റുന്ന പണി ?

വികാരം കൊള്ളിക്കാനും വെറുപ്പും വിഭജനവും ഉണ്ടാക്കാനുമുള്ള എളുപ്പവഴിയാണ് ഗൂഢാലോചനാ സിദ്ധാന്തം. 

എല്ലാം ആരുടെയെങ്കിലും ആരോപിക്കുക ഒന്നും കാര്യമായി ചെയ്യാത്തവൻ്റെയും ചെയ്യാനില്ലാത്തവൻ്റെയും പരിപാടിയാണ്.

സ്വയം മനോരോഗികളായി, സമൂഹത്തെ മുഴുവൻ മനോരോഗികളാക്കി സ്വന്തം കുറ്റം മുഴുവൻ ആരുടെയോ ഒക്കെ മേൽ ആരോപിക്കുന്ന പരിപാടിയാണത്.

********

എവിടെനിന്നോ പടച്ചുണ്ടാക്കി വിടുന്ന ഓരോ കഷണം വീഡിയോയും മെസ്സേജുകളും അവിടെ നിന്നും ഇവിടെനിന്നും എടുത്ത് കേൾപ്പിച്ചും വായിപ്പിച്ചും തെറ്റിദ്ധാരണയും ഊഹാപോഹങ്ങളും പരത്തുക. ഗൂഢാലോചനാ സിദ്ധാന്തത്തെ ശക്തിപ്പെടുത്തുക.

എപ്പോൾ? ഉള്ളടക്കം എന്ത്? അതുദ്ധരിക്കുന്നവരുടെ ഉദ്ദേശമെന്ത്? എന്നതൊന്നും ആർക്കും വിഷയമാകാറില്ല. 

അങ്ങനെ തന്നെ ഒരു വലിയ നാടിൻ്റെ അധികാരം നേടാം, നിലനിർത്താം എന്ന് വരുന്നത്രയാണ് ഇങ്ങനെ പടച്ചുണ്ടാക്കി വിടുന്ന ഓരോ കഷണം വീഡിയോകളുടെയും മെസ്സേജുകളുടെയും പ്രഹരശേഷി.

പടച്ചുണ്ടാക്കി വിടുന്ന ഓരോ കഷണം വീഡിയോയിലും മെസ്സേജുകളിലും എന്താണുള്ളത്? ശരിയാണെന്ന് വരുന്ന വല്ലതും അതിലുണ്ടോ? വസ്തുതാപരമായ ചെക്കിംഗ് ആരെങ്കിലും നടത്തുന്നുണ്ടോ?

എപ്പോൾ, എവിടെ വെച്ച് നടന്ന കാര്യമാണ് അതിലുള്ളതെന്ന് പോലും കൃത്യമായി അറിയാൻ സാധിക്കില്ല. 

എന്തെങ്കിലും കഷ്ണം എടുത്ത് കാണിച്ച് അണികളെ തെറ്റിദ്ധരിപ്പിക്കുകയും വികാരം കൊള്ളിക്കുകയും തന്നെയാണ് വർഗ്ഗീയവാദികളും തീവ്രവാദികളും എല്ലാ കാലത്തും എല്ലായിടത്തും ചെയ്യുന്നത്. ഇന്ത്യയിലും അത് മറിച്ചല്ല. 

കാരണം, വെറുപ്പും വിഭജനവും അതിന് വേണ്ട ശത്രുതയും പെട്ടെന്ന് ഉണ്ടാക്കാനും വിതരണം ചെയ്യാനും സാധിക്കും.

അങ്ങനെയുള്ള കഷണങ്ങളും വീഡിയോകളും പലതും ഇവിടെയുള്ള പല നേതാക്കളുടേത് വരെ ഒരു നൂറെണ്ണം സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്തും അല്ലാതെയും എടുത്ത് കാണിക്കാൻ ആർക്കും സാധിക്കും. 

പക്ഷെ അത് ശരിയായ നടപടിയല്ല. 

അത്  ചെയ്യുന്നത് സദുദ്ദേശപരമല്ല.

*********

സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്തും അല്ലാതെയും വരുന്നതിൽ നിന്ന് വരുന്ന ചോദ്യങ്ങൾക്കുള്ള മറുപടികൾ ആര് അതൊക്കെ അയച്ചു പറഞ്ഞുകേൾപ്പിച്ചു പഠിപ്പിച്ചുവോ അവർ തന്നെ നൽകുന്നതായിരിക്കും നല്ലത്. 

അതേ അവർക്ക് ദഹിക്കൂ... 

കാരണം അവരുടെ ഉപബോധ മനസ്സ് രൂപപ്പെടുത്തിയത് അത്തരക്കാരാണ്. അവർ അത്തരക്കാരുടെ അടിമകൾ മാത്രം.

ഉപബോധമനസ്സിൽ ഇത്തരം വിവരങ്ങൾ കയറ്റിവെച്ചവർക്കറിയാം എന്തെല്ലാം എതിർതെളിവുകൾ കേട്ടാലും എതിർന്യായങ്ങൾ യുക്തിസഹിതം പറഞ്ഞാലും ഉപബോധമനസ്സ് മാറില്ലെന്ന്. 

അതാണ് മതപാഠശാലകളും ശാഖകളും, വളരെ ചെറുപ്പത്തിൽ തന്നെ നൽകുന്ന സ്റ്റഡിക്ലാസ്സുകളും പാഠങ്ങളും അർത്ഥമാക്കുന്നതും ഉദ്ദേശിക്കുന്നതും ലക്ഷ്യം വെക്കുന്നതും തെളിയിക്കുന്നതും.

അതൊക്കെ ആര് പറഞ്ഞു പഠിപ്പിച്ചുവോ അവർ തന്നെ അതിലൂടെ ഉരുത്തിരിയുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതായിരിക്കും നല്ലത്. 

അതേ അവർക്ക് ദഹിക്കൂ... 

*******

ഇങ്ങനെ ആര് വിചാരിച്ചാലും തകരുന്ന കോലത്തിൽ, ദുർബ്ബലമായി വെറുതേ കാത്തിരിക്കുകയാണോ തങ്ങളുടെ മതവും രാജ്യവും? 

ആ നിലക്കാണ് ഇവിടെ ഊഹാപോഹങ്ങൾ വിതരണം ചെയ്തു പ്രചാരണം.

അതും ചെറിയ ബംഗ്ലാദേശ് വരെ വിചാരിച്ചാൽ. 

ഇത്തരം ഗൂഢാലോചനാ സിദ്ധാന്തങ്ങൾ തീർവ്രവാദ വർഗ്ഗീയവാദ സംഘങ്ങൾക്ക് അവരുടെ എളുപ്പമുള്ള വളർച്ചക്ക് വേണ്ടി വെറുതേ സൗജന്യമായി വിതരണം ചെയ്യുന്ന, വെറുപ്പും വിഭജനവും എളുപ്പം ഉണ്ടാക്കാനുള്ള, വേഗം കത്തുന്ന ഇന്ദനമായ വികാരങ്ങളും വിവരങ്ങളും മാത്രമാണ്.

Thursday, August 8, 2024

ബംഗ്ലാദേശിൽ നടക്കുന്നത് ഹിന്ദു മുസ്ലിം കലാപമല്ല.

ബംഗ്ലാദേശിൽ നടക്കുന്നത് ഹിന്ദു മുസ്ലിം കലാപമല്ല. 

അവിടെ ഹിന്ദുക്കളെക്കാൾ കൂടുതൽ മുസ്ലിംകൾ കൊല്ലപ്പെടുന്നു. 

അവിടെ നടക്കുന്നത് ഹിന്ദു മുസ്ലിം കലാപമാണെന്ന് വരുത്തൽ ചില വർഗ്ഗീയ രാഷ്ട്രീയം മാത്രം കളിക്കാൻ ഉദ്ദേശിക്കുന്നവരുടെ, വർഗ്ഗീയത വെച്ചും കളിച്ചും മാത്രം അധികാരം നേടുകയും നിലനിർത്തുകയും ചെയ്യുന്ന വൃത്തികെട്ട രാഷ്ട്രീയമാണ്. 

ബംഗ്ലാദേശിൽ ഭരണകൂടത്തിനെതിരെ ജനവികാരം തിളച്ചുമറിഞ്ഞ്, മുസ്ലിമായ ഭരണാധികാരി തന്നെ നാടുവിടേണ്ടി വന്ന കലാപമാണ്.

ബംഗ്ലാദേശിലെ ജനങ്ങളുദ്ദേശിക്കുന്ന രാഷ്ട്രീയ മാറ്റത്തിനുള്ള കലാപമാണ് അവിടെ നടക്കുന്നത്. 

ആ കലാപത്തിലെ ശരിയും തെറ്റും അപശ്രുതിയും നമുക്ക് വേറെ തന്നെ ചർച്ച ചെയ്യാം. 

ചുരുങ്ങിയത് ഇപ്പോൾ അവിടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്നിരിക്കുന്നത് ഗുണ്ടാ നേതാവല്ല. 

അവിടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്നിരിക്കുന്നത് വർഗീയതയും വെറുപ്പും പറഞ്ഞ് നടന്ന ആളല്ല. 

പകരം അവിടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്നിരിക്കുന്നത് ലോകം മുഴുവൻ അംഗീകരിച്ച, വലിയ വ്യക്തിത്വത്തിന് ഉടമയായ, തെരുവ് രാഷ്ട്രീയം കളിച്ചിട്ടില്ലാത്ത, നൊബേൽ സമ്മാന ജേതാവാണ്. 

അതിനുള്ള പക്വത ആ സമരം നടത്തിയ ജനത കാണിച്ചു. 

അത്രയെങ്കിലും ഉദ്ദേശശുദ്ധി ആ സമരത്തിന് ഉണ്ടെന്നും അതിനാൽ തെളിയുന്നു.

എന്നിട്ടും അവിടെ കൊല്ലപ്പെടുന്നതിൽ ഹിന്ദുവിനെ മാത്രം ചികയുന്ന, കാണുന്ന മനസ്സും കണ്ണും കൊതുകിൻ്റെതാണ്. 

ഒരുപക്ഷേ അത്തരം കണ്ണും മനസ്സും കഴുകൻ്റെതും പട്ടിയുടെതും ആണ്. 

പാൽ ചുരത്തുന്ന അകിടിലും ചത്തുമലച്ച് കിടക്കുന്ന അമ്മയുടെ ശരീരത്തിലും കുടിക്കാനും തിന്നാനുമുള്ള ചോരയും ഇറച്ചിയും മാത്രം കാണുന്ന അഴുക്ക് ചാൽ വീടാക്കുന്ന കൊതുകിൻ്റെയും പട്ടിയുടെയും കഴുകൻ്റെയും മനസ്സും കണ്ണും. 

ഹിന്ദു മുസ്ലിം വർഗ്ഗീയത മാത്രം കാണുന്നവരുടെ, കളിക്കുന്നവരുടെ, അതുമാത്രമേ അധികാരത്തിലേക്കുള്ള, അധികാരം നിലനിർത്താനുള്ള കുറുക്കുവഴിയുള്ളൂ എന്ന് തിരിച്ചറിഞ്ഞ അതേ കണ്ണും മനസ്സും.

********

ഒരു അന്താരാഷ്ട്ര വാർത്താവിനിമയം ഏജൻസിയും ഇതിനകം ഇതിനെ വർഗ്ഗീയമായി ചിത്രീകരിച്ചിട്ടില്ല. ഇന്ത്യയിലുള്ള വളരെ ചില തൽപര കക്ഷികൾ മാത്രമല്ലാതെ. 

*******

ആര് വിചാരിച്ചാലും തകരുന്ന കോലത്തിൽ ഭാരതം ഇങ്ങനെ വെറുതേ കാത്തിരിക്കുകയാണോ? 

അതും ചെറിയ ബംഗ്ലാദേശ് വരെ. 

ഇത്തരം ഗൂഢാലോചനാ സിദ്ധാന്തങ്ങൾ തീർവ്രവാദ വർഗ്ഗീയവാദ സംഘങ്ങൾ അവരുടെ എളുപ്പമുള്ള വളർച്ചക്ക് വേണ്ടി വെറുതേ സൗജന്യമായി വിതരണം ചെയ്യുന്ന, വെറുപ്പും വിഭജനവും എളുപ്പം ഉണ്ടാക്കാനുള്ള, വേഗം കത്തുന്ന ഇന്ദനമായ വികാരങ്ങളും വിവരങ്ങളും മാത്രമാണ്.

Wednesday, August 7, 2024

വിനീഷ് ഫോഗാട്ട്: മകൻ ചത്തിട്ടായാലും മരുമകളുടെ കണ്ണീർ കണ്ട് സമാധാനമായല്ലോ?

വിനേഷ് ഫോഗാട്ട് സെമിഫൈനലിന് യോഗ്യത നേടുമ്പോഴും സെമിഫൈനൽ വിജയിക്കുമ്പോഴും ഭാരം കൃത്യമായിരുന്നു. 

എങ്കിൽ ഭാരം കൃത്യമായ സമയത്ത് ജയിച്ച സെമിഫൈനൽ അടിസ്ഥാനപ്പെടുത്തി വെള്ളി നൽകേണ്ടതല്ലേ? 

കാരണം, അവരുടെ ഭാരം കൂടിയത് സെമിഫൈനലിന് ശേഷം, ഫൈനൽ ആകുമ്പോഴേക്കല്ലേ? 

എങ്കിൽ ഫൈനലിന് മാത്രമല്ലേ അയോഗ്യത കൽപിക്കേണ്ടതുള്ളൂ? 

അതുവരെയുള്ളത് നിയമപ്രകാരമുള്ളതല്ലേ?

ഒരിക്കൽ ഭാരം നോക്കി യോഗ്യത നേടിയ ആളല്ലേ സെമിഫൈനൽ വരെ മത്സരിച്ചതും ഫൈനലിലേക്ക് വിജയിച്ചതും? 

പിന്നെന്താണ് അതുവരെയുള്ളതിന് അയോഗ്യത? 

എന്ത്കൊണ്ട് ഇന്ത്യ ഇത് ശക്തിയുക്തം ചോദ്യം ചെയ്യുന്നില്ല?

ഒരാളുടെ ഭാരം വീണ്ടും വീണ്ടും നോക്കുന്ന നിയമം എന്താണ്, എന്തടിസ്ഥാനത്തിലാണ്?  

Okay അതൊരു നിയമാമാണെന്നു പറഞ്ഞും കരുതിയും നിയമം അങ്ങനെയായാൽ നമ്മളെന്ത് ചെയ്യും എന്ന് പറഞ്ഞും മിണ്ടാതിരിക്കാം. 

പക്ഷെ അയോഗ്യ ആവുന്നതിന് മുൻപ് അവൾ യോഗ്യയായിരുന്നപ്പോൾ നേടിയത് എങ്ങിനെ നഷ്ടമാകും? തുടക്കം മുതലേ അയോഗ്യയാവാൻ ലഹരി അടിച്ചു നേടിയ കെസൊന്നും അല്ലല്ലോ ഇത്? 

ഭാരം കൂടിയതിന് ശേഷമുള്ളത് വേറെ മുൻപുള്ളത് വേറെ. ഭാരം മാത്രമാണ് യോഗ്യതക്കും അയോഗ്യത ക്കും അടിസ്ഥാനമെങ്കിൽ.

ഭാരം അങ്ങനെ ഏത് സമയത്തും കൂടുന്ന പ്രശ്നമുണ്ടെങ്കിൽ കൂടുന്നതിന് മുൻപ് നടന്ന വിജയം അംഗീകരിക്കേണ്ടതല്ലേ?

ഇങ്ങനെ ഏത് സമയവും മാറുന്ന കാര്യത്തെ പിന്നെങ്ങിനെയാണ് മാനദണ്ഡമാക്കുന്നത്?

എങ്ങിനെയാണ് ഏത് സമയവും മാറിമറിയുന്നതിനെ അടിസ്ഥാനമാക്കി ഇത്ര കണിശമായ നിയമം നടപ്പാക്കുന്നത്?

*******

യഥാർത്ഥത്തിൽ വിനേഷ് ഫോഗാട്ട് അയോഗ്യയായതോ, അതല്ലേൽ അവളെ കരുതിക്കൂട്ടി അയോഗ്യയാക്കിയതോ? 

നൂറ് ഗ്രാം അധികമായാൽ അയോഗ്യത നൽകുമെന്നതൊക്കെ വിശ്വസിക്കാനാവുന്നില്ല. 

നൂറ് ഗ്രാം വർദ്ധനയൊക്കെ ഒരു വർദ്ധനയാണോ? 

ഒന്ന് വെളളം കുടിച്ചാൽ കൂടുമല്ലോ ഇതിൽ കൂടുതൽ?

*********

ബന്ധപ്പെട്ടവർ ഏകലവ്യന്മാരെ കൈകാര്യം ചെയ്യുകയാണ്

ഏകലവ്യന്മാരുടെ വിരൽ സൗകര്യപൂർവ്വം മുറിച്ച് മാറ്റുകയാണോ?

സ്പോർട്സ് അസോസിയേഷനുകൾ വിചാരിച്ചാൽ (ജില്ലാ, സംസ്ഥാന അസോസിയേഷനുകൾ തൊട്ട് ഏതും) എത്ര നല്ല കളിക്കാരനെയും എന്തെങ്കിലും ഉടായിപ്പ് കാരണങ്ങൾ ഉണ്ടാക്കി ഒതുക്കും, അവർക്കങ്ങനെ ഒതുക്കാൻ സാധിക്കും. 

അവർ സ്നേഹിക്കും പോലെ കൊല്ലും. 

അവർ സംരക്ഷിക്കുന്നത് പോലെ നശിപ്പിക്കും.

അവർ സ്നേഹിക്കുന്നുവെന്ന് തോന്നിപ്പിക്കും വിധം വെറുത്ത് തോൽപിക്കും

എന്നിട്ടോ? 

നക്കിയും ചുംബിച്ചും കൊല്ലും.

മകൻ്റെ കാര്യത്തിൽ ഇതുപോലെ നേരിട്ടനുഭവിച്ച പാഠവും കൂടെയുണ്ട്.

********

മനസ്സിലാകേണ്ടവർക്ക് കാര്യം മനസിലാവുന്നുണ്ട്. 

മനസ്സിലാക്കില്ല എന്ന് വാശി പിടിക്കുന്നവർക്കും കാര്യം മനസ്സിലാവാതെയല്ല. 

അധികാരിവർഗ്ഗത്തിന് സ്തുതിപാടുക ബാധ്യതയാവുന്നതിനാൽ  മനസ്സിലായില്ലെന്ന് വരുത്തി അവർക്ക് അധികാരികളെ ന്യായീകരിക്കുക നിർബന്ധമാവുകയാണ്.

******** 

അവൾ ഒറ്റക്കല്ല അമ്പത് കിലോ കാറ്റഗറിയിൽ മത്സരിക്കാൻ തീരുമാനിക്കുന്നതും മത്സരിക്കുന്നതും. 

അവളുടെ ഭാരം യോഗ്യത നേടുമ്പോഴും മൽസരത്തിനിടെയും അമ്പത് കിലോ തന്നെയായിരുന്നു. 

അതുകൊണ്ടാണല്ലോ അവൾ യോഗ്യത നേടിയതും മത്സരിച്ച് സെമിഫൈനൽ കടന്നതും. 

അസോസിയേഷനും രാജ്യവും കൂടി തീരുമാനിച്ച് തെരഞ്ഞെടുത്താണ് അമ്പത് കിലോ കാറ്റഗറിയിൽ അവൾ മത്സരിക്കുന്നത്. 

അവസാനം സ്വർണ്ണം നേടുന്നത്ര അടുത്ത് അവൾ ഫൈനലിൽ എത്തുകയും ചെയ്തു. 

എന്നിട്ടോ അന്ധത നടിച്ച് അവളുടെ കുറ്റം ഇതൊക്കെയും എന്നാരോപിച്ച് നമ്മൾ അഭിപ്രായം പറയരുത്, എളുപ്പം കയ്യൊഴിയരുത്?

അധികാരിവർഗ്ഗത്തിൻ്റെയും അസോസിയേഷൻ്റെയും കണ്ണിലെ കരടായി മാറിക്കഴിഞ്ഞ അവൾ മെഡലുമായി വരാതിരിക്കാനുള്ള ചതിപ്രയോഗം നടന്ന 

അവൾ തന്നെ അങ്ങനെ ചിലത് മുൻകൂട്ടി കാണുകയും പേടിക്കുകയും അത് പലരുമായും പങ്കുവെക്കുകയും ചെയ്തിരുന്നതായും കേൾക്കുന്നു.

എന്തായാലും മകൻ ചത്തിട്ടായാലും മരുമകളുടെ കണ്ണീർ കാണാൻ സാധിച്ചത് സമാധാനമായല്ലോ എന്ന നിലക്കാണ് ചിലരെങ്കിലും എന്ന് തോന്നുന്നു.

********

അതുകൊണ്ടാണ് പ്രതികരിച്ചു പോകുന്നത്. 

മറ്റ് രാഷ്ടീയ താൽപര്യമുള്ളവർക്ക്, നിഗൂഢ അധികാര അജണ്ടയും താല്പര്യവുമുള്ളവർക്ക് അതാണല്ലോ പ്രധാന പരിഗണന? 

അവർക്ക് അധികാരിവർഗ്ഗത്തിന് വേണ്ടി ന്യായീകരിക്കുക നിർബന്ധം.

വയനാട് ദുരന്തം: പ്രകൃതിയെന്ന ദൈവത്തിന് നശിക്കാനും വളരാനും ഇല്ല.

വയനാട് ദുരന്തം: 

മനുഷ്യന് ദുരന്തങ്ങൾ സംഭവിക്കുമ്പോൾ മാത്രം ദൈവത്തെ പഴിക്കും, പ്രകൃതിയെ പഴിക്കും.

ദൈവമോ പ്രകൃതിയോ മനുഷ്യകേന്ദ്രീകൃതമാണെന്ന പോലെ, ദൈവമോ പ്രകൃതിയോ മനുഷ്യകേന്ദ്രീകൃതമാവണമെന്ന പോലെ.

മനുഷ്യനാണ്, മനുഷ്യനാവണം ദൈവത്തിനും പ്രകൃതിക്കും പ്രപഞ്ചത്തിനും പ്രധാനവിഷയം, കേന്ദ്രകഥാപാപാത്രം, കേന്ദ്രബിന്ദു എന്ന് മനുഷ്യൻ തന്നെ സ്വയം ഉണ്ടാക്കിയെടുത്ത ധാരണയും വിശ്വാസവും കൊണ്ടാണ് ഇങ്ങനെ മനുഷ്യന് ദൈവത്തെയോ പ്രകൃതിയെയോ പഴിക്കേണ്ടി വരുന്നത്.

അതുകൊണ്ടാണ്, മനുഷ്യന് ദുരന്തം സംഭവിക്കുമ്പോൾ മാത്രം ദൈവത്തിന് കണ്ണില്ലെന്നും കണ്ണിൽ ചോരയില്ലെന്നും, അതിനാൽ ദൈവമില്ലെന്നും അങ്ങനെയുള്ള ദൈവത്തെ വേണ്ടെന്നും ഒക്കെ പറയേണ്ടിവരുന്നത്. 

കാടും മലയും നശിച്ചപ്പോഴും, ഒട്ടനവധി ജീവിവർഗ്ഗങ്ങൾക്ക് വംശനാശം സംഭവിച്ചപ്പോഴും ദൈവത്തിന് കണ്ണില്ലെന്നും ദൈവം ക്രൂരനെന്നും ആരും ഒരിക്കലും പറഞ്ഞില്ല.

മനുഷ്യൻ തന്നെ ബാക്ടീരിയകളെയും വൈറസുകളെയും ഉറുമ്പിനെയും ആടിനെയും കൊഴിയെയും കൊതുകിനെയും കൂട്ടമായി കൊല്ലുമ്പോഴും നശിപ്പിക്കുമ്പോഴും അതൊന്നും ഈ ദൈവം തന്നെ വരുത്തിവെക്കുന്ന വൻദുരന്തമായി മനുഷ്യൻ കണ്ടില്ല, കാണുന്നില്ല.

അതെന്തേ, ബാക്ടീരിയയും വൈറസും ഉറുമ്പും കൊതുകും ആടും കോഴിയും കൂട്ടമായി നശിക്കുന്നത് ദുരന്തങ്ങളല്ലേ? 

പക്ഷെ, ഇതേ മനുഷ്യന് അവയൊന്നും ദുരന്തങ്ങളായി തോന്നുന്നില്ല. 

യഥാർത്ഥത്തിൽ മനുഷ്യൻ കൂട്ടമായി മരിക്കുന്നത് ദുരന്തമാണെങ്കിൽ എന്തുമേതും കൂട്ടമായി കൊല്ലപ്പെടുന്നത് അതുപോലെ തന്നെ ദുരന്തങ്ങളാണ്. 

ബാക്ടീരിയയും വൈറസും ഉറുമ്പും കൊതുകും ആടും കോഴിയും കൂട്ടമായി നശിക്കുന്നതൊന്നും ദുരന്തങ്ങളെല്ലെങ്കിൽ മനുഷ്യൻ കൂട്ടമായി നശിക്കുന്നതും മരിക്കുന്നതും മാത്രം ദുരന്തമാകുന്നതെങ്ങിനെ?

യഥാർത്ഥത്തിൽ ദൈവമെന്ന പ്രകൃതിയെ സംബന്ധിച്ചേടത്തോളം നാശമെന്നതില്ല. മനുഷ്യനെന്നതും മനുഷ്യനല്ലാത്തതെന്നുമെന്ന വ്യത്യാസമില്ല.

പ്രകൃതിയെന്ന ദൈവത്തിന് നശിക്കാനും വളരാനും ഇല്ല. നാശവും വളർച്ചയും എന്നത് ദൈവത്തിനില്ല.

മനുഷ്യൻ മനസ്സിലാക്കിയ, നിർവ്വചിച്ച ദൈവമല്ല ദൈവം. 

മനുഷ്യൻ മനസ്സിലാക്കിയ, നിർവ്വചിച്ച പ്രകൃതിയല്ല പ്രകൃതി. 

നാശവും വളർച്ചയും ആപേക്ഷിക മനുഷ്യൻ്റെ നിഘണ്ടുവിലെ വാക്കുകളാണ്. 

മനുഷ്യൻ്റെ ആവശ്യവും അനാവശ്യവും കണക്കാക്കിയുള്ള വാക്കുകളാണ് നാശം വളർച്ച, നന്മ തിന്മ, ശരി തെറ്റ്.

മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുക എന്നതില്ല. 

പ്രകൃതി മനുഷ്യനെ നശിപ്പിക്കുക എന്നതുമില്ല.

ആരും പ്രകൃതിയെ നശിപ്പിക്കുന്നില്ല, ആർക്കും പ്രകൃതിയെ നശിപ്പിക്കാനാവില്ല. 

എല്ലാവരും പ്രകൃതിയാണ് പ്രകൃതിയുടെ ഭാഗമാണ്. 

പ്രകൃതി ഇങ്ങനെ മാത്രമാണെന്നും ഇങ്ങനെ മാത്രമല്ലെന്നും ഇല്ല. 

പ്രകൃതി എങ്ങനെയുമാണ്. 

പ്രകൃതി അങ്ങനെയും ഇങ്ങനെയുമാണ്. 

മനുഷ്യൻ്റെ ആവശ്യങ്ങളും മനുഷ്യൻ മനുഷ്യന് വേണ്ടി ഉണ്ടാക്കിയ മാനദണ്ഡങ്ങൾ വെച്ചുള്ള ശരികളും തെറ്റുകളും വെച്ച് മാത്രമല്ല പ്രകൃതിയെയും പ്രകൃതിയുടെ ശരി തെറ്റുകളെയും നിശ്ചയിക്കേണ്ടത്.

പ്രകൃതിയെന്ന ദൈവത്തെ സംബന്ധിച്ചേടത്തോളം എല്ലാം വളർച്ചയാണ്, എല്ലാം നിർമാണമാണ്.

അങ്ങനെയുള്ള എല്ലാ വളർച്ചയിലും നാശമുണ്ട്, എല്ലാ നാശത്തിലും വളർച്ചയുണ്ട്.

പ്രകൃതി നശിക്കുക, വളരുക എന്നുവെച്ചാൽ മനുഷ്യൻ കൂടി വളരുക, നശിക്കുക എന്നത് മാത്രമാണ്.

പ്രകൃതി പ്രകൃതിയെ തന്നെ വളർത്തുന്നു, നശിപ്പിക്കുന്നു. 

കാരണം മനുഷ്യനും കൂടിയതാണ് പ്രകൃതി.

പ്രകൃതിയിൽ നിന്ന് ഭീന്നവും അകലെയുമല്ല മനുഷ്യൻ.

മനുഷ്യൻ മനസ്സിലാക്കിയത് പോലെയോ, നിർവ്വചിച്ചത് പോലെയോ അല്ല ദൈവം. 

മനുഷ്യൻ മനസ്സിലാക്കിയത് പോലെയോ, നിർവ്വചിച്ചത് പോലെയോ അല്ല പ്രകൃതി.

മനുഷ്യൻ മനസ്സിലാക്കിയത് പോലെയോ, നിർവ്വചിച്ചത് പോലെയോ ഉള്ള പ്രകൃതിയും ദൈവവും ഇല്ല.