Wednesday, August 7, 2024

ജീവിതത്തിനർത്ഥം ജിവിതം. ദൈവത്തിനർത്ഥം ദൈവം.

ജീവിതത്തിനർത്ഥം ജിവിതം. 

ദൈവത്തിനർത്ഥം ദൈവം. 

നീയും ഞാനും ഇല്ലാത്ത ജിവിതം. 

നീയും ഞാനും ഇല്ലാത്ത ദൈവം.

ജീവിതം കൊണ്ടുപോകുന്നിടത്തേക്ക് നീ പോകുക. 

വിധിയെന്നോ മറ്റെന്തോ ജീവിതത്തെ വിളിക്കുക. 

നീ വണ്ടിക്കുള്ളിലാണ്. 

വണ്ടിക്കുള്ളിൽ നിന്ന് എന്ത് തലകുത്തിമറിഞ്ഞിട്ടും കാര്യമില്ല. 

ജീവിതമെന്ന വിധിയെന്ന വണ്ടി പോകുന്ന ദിശയിലും വേഗത്തിലും മാത്രമേ നീ പോകൂ. 

ഈ വണ്ടിയുടെ ഗതിയും ദിശയും വേഗതയും നിശ്ചയിക്കുന്ന ഡ്രൈവർ നീയല്ല. 

ജീവിതമെന്ന, വിധിയെന്ന് നീ നിസ്സഹായത കൊണ്ട് വിളിക്കുന്ന വണ്ടിയുടെ ഗതിയും ദിശയും വേഗതയും നിശ്ചയിക്കുന്ന ഡ്രൈവറുമായി സംവദിക്കാൻ നിനക്ക് സാധിക്കുകയുമില്ല.

Tuesday, August 6, 2024

ബംഗ്ലാദേശ്: തെറ്റും ശരിയും ഏത് ഭാഗത്തെന്ന് അറിയില്ല, പറയുന്നില്ല.

ബംഗ്ലാദേശ്: 

തെറ്റും ശരിയും ഏത് ഭാഗത്തെന്ന് അറിയില്ല, പറയുന്നില്ല. 

പക്ഷെ നെറികെട്ട ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്ന, നട്ടെല്ല് കാണിക്കുന്ന, അങ്ങനെ ഭരണകൂടത്തെ ഞെട്ടിക്കുന്ന ഒരു വിദ്യാർത്ഥിസമൂഹത്തെ കാണുമ്പോൾ ഉൾപുളകമുണ്ടാവുന്നു. 

ഒന്നിനും കൊള്ളാത്ത ക്രൂര ഭരണകൂടത്തിന് പോലും സ്തുതിപാടുക മാത്രം ചെയ്യുന്ന പ്രതികരണശേഷി നഷ്ടപ്പെട്ട വലിയൊരു ലോകപശ്ചാത്തലത്തിൽ നിന്ന് കാണുമ്പോൾ പ്രത്യേകിച്ചും. 

വിദ്യാർത്ഥിയുവത തന്നെയാണ് ലോകത്ത് എപ്പോഴും മാറ്റത്തിൻ്റെ തിരയിളക്കം ഉണ്ടാക്കിയത്.

വിദ്യാർത്ഥിയുവത തന്നെയാണ് ലോകത്ത് എപ്പോഴും പ്രതീക്ഷയുടെയും വെളിച്ചത്തിൻ്റെയും തീച്ചൂട്ട കയ്യിലേറ്റിയത്.

*******

ബംഗ്ലാദേശിലെ ഇത്തരം വിദ്യാർത്ഥി സമരത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയെ പോലുള്ള പാർട്ടിയാണെങ്കിൽ പേടിക്കണം. 

എവിടെയായാലും അത്തരം മതമൗലിക തീവ്രവാദ ശക്തികളെ തന്നെയാണ് പേടിക്കേണ്ടത്. 

അത് ഇന്ത്യയിലായാലും. 

പക്ഷെ വിദ്യാർത്ഥി യുവജന വിഭാഗം നിരാശ പൂണ്ട് പ്രതിഷേധിച്ച് പ്രതികരിച്ച് തുടങ്ങിയാൽ എവിടെയായാലും എത്രവലിയ ആയുധബലമുള്ള ഭരണകൂടവും വിറങ്ങലിച്ച് തുടങ്ങുമെന്നത് സൂചന. 

ചരിത്രം അങ്ങുനിന്നിങ്ങോളം തെളിയിച്ച സൂചന.

********

ബംഗ്ലാദേശ് തരുന്ന പാഠം. 

അളമുട്ടിയാൽ ചേരയും കടിക്കും. 

മതതീവ്രവാദത്തെ അപലപിച്ചും പേടിച്ചും തന്നെ പറയട്ടെ. 

ജനങ്ങളെ വിഡ്ഢികളാക്കി, 

ഏജൻസികളെ ദുരുപയോഗം ചെയ്ത്, 

തെരഞ്ഞടുപ്പ് അട്ടിമറിച്ച്, 

ജനങ്ങളെ തന്നെ പേടിപ്പിച്ച് 

പലപ്പോഴും വിദേശശക്തികളുടെ പാവകൾ പോലുമായി 

ജനാധിപത്യത്തെ നോക്കുകുത്തിയാക്കുന്ന ഭരണകൂടത്തെ 

എപ്പോഴും ജനങ്ങൾ സഹിച്ചെന്ന് വരില്ല. 


ചില കുറ്റവാളികളും മനോരോഗികളും ഒരുപോലെ.

ചില കുറ്റവാളികളും മനോരോഗികളും ഒരുപോലെ. 

കുറ്റങ്ങൾ ചെയ്തുകൊണ്ടും  ചെയ്തില്ലെന്ന് അവർ വരുത്തും. 

ഒരുത്തരവാദിത്തവും നിർവ്വഹിക്കാതെ എല്ലാ ഉത്തരവാദിത്തങ്ങളും നിർവ്വഹിച്ചത് പോലെയും നിർവ്വഹിക്കുന്നത് പോലെയും വരുത്തും.

അങ്ങനെയവർക്ക് വരുത്താൻ സാധിക്കും. 

എങ്ങിനെ? 

കുറ്റം ചെയ്തുവെന്നോ ഉത്തരവാദിത്തം നിർവ്വഹിക്കുന്നില്ലെന്നോ ആരെങ്കിലും അവരെക്കുറിച്ച് പറയുന്നുവെങ്കിൽ, അല്ലെങ്കിൽ പറഞ്ഞാൽ, സ്വയം തിരുത്തി കുറ്റം ചെയ്യുന്നത് നിർത്തുകയോ ഉത്തരവാദിത്തങ്ങൾ നിർവ്വഹിച്ചു തുടങ്ങുകയോ അല്ല അവർ ചെയ്യുക. 

പകരം, അങ്ങനെ പറയുന്നവരേയും കരുതുന്നവരെയും ഭീഷണിപ്പെടുത്തി ഭീതിയുടെ മുൾമുനയിൽ നിർത്തും. 

മുൾമുനയിൽ നിർത്തി ആരെക്കൊണ്ടും ഒന്നും അവർക്കെതിരെ പറയാതാക്കും. 

ഒന്നും പറയാതാക്കി ഒന്നും ആരും പറയുന്നില്ല, അതിനാൽ തങ്ങളൊരു കുറ്റവും ചെയ്തില്ല, എല്ലാ ഉത്തരവാദിത്തങ്ങളും നിർവ്വഹിച്ചു എന്ന് വരുത്തും. 

കണ്ണടച്ച് ഇരുട്ടാക്കിയാൽ തങ്ങളെ ആരും കാണില്ലെന്നവർ കരുതും. 

തങ്ങൾ സ്വയം കണ്ണടച്ചാൽ മാത്രം മതി തങ്ങൾക്കെതിരെയുള്ള എല്ലാ തെളിവുകളും ഇല്ലാതായി എന്നവർ സമാധാനിച്ചുറപ്പിച്ച് കൊള്ളും.

തങ്ങൾ കുറ്റം ചെയ്യുന്നതോ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കാത്തതോ അല്ല അത്തരം കുറ്റവാളികളെയും മാനസികരോഗികളെയും സംബന്ധിച്ചേടത്തോളം വലിയ തെറ്റും തകരാറും.

പകരം തങ്ങൾ കുറ്റംചെയ്യുന്നുവെന്നും ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്നില്ലെന്നും ആരെങ്കിലും  കരുതുന്നതാണ് വലിയ കുറ്റമെന്നും അങ്ങനെ കരുതുന്നവരാണ് കുറ്റക്കാരെന്നും അത്തരം കുറ്റവാളികളും മനോരോഗികളും  കരുതും, വിശ്വസിക്കും വരുത്തും.

Sunday, August 4, 2024

ജനങ്ങളെ കൊന്നുതള്ളി അധികാരം നേടിയവർക്കും വയനാട് ഒരു ഞെട്ടലും ഉണ്ടാക്കില്ല

പ്രധാനമന്ത്രി ഓടിപ്പോകേണ്ടത് മണിപ്പൂരിലെ ദുരാന്തഭൂമിയിലേക്കോ കേരളത്തിലെ ദുരന്തഭൂമിയിലേക്കോ അല്ല. 

അതിനേക്കാൾ ഗുരുതരമായ അംബാനിയുടെ മകൻ്റെ കല്യാണത്തിനും സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിനും തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഒക്കെയാണ്. 

നിങ്ങൾക്കെന്താ ഒന്നും മനസ്സിലാകാത്തത്???

********

ജനങ്ങളെ കൊന്നുതള്ളി മാത്രം അധികാരം നേടിയവർക്കും, 

ജനങ്ങളെ കൊന്നുതള്ളാൻ മാത്രം പദ്ധതിയിടുന്നവർക്കും 

വയനാട് ദുരന്തം ഒരു ഞെട്ടലും ഉണ്ടാക്കില്ല. 

അവർ  ക്രൂരവിരോധികളായി നിന്ന് നോക്കിച്ചിരിക്കും. 

ഇനിയുമിനിയും ഉണ്ടാവട്ടെ എന്നാഗ്രഹിക്കും. 

കാരണം, കേരളം അവർക്കെന്നും ബാലികേറാമലയാണ്. 

അതവരറിയുന്നത് കൊണ്ട് അവരിലുണ്ടാവുന്നത് കേരളത്തോടുള്ള വെറുപ്പും അസഹിഷ്ണുതയും മാത്രം. 

കിട്ടാത്ത മുന്തിരി പുളിക്കും.

********

ഹിന്ദുക്കൾ ഹിന്ദുക്കളോട് ചെയ്ത ക്രൂരതയും മർദ്ദനവും അനീതിയും ചൂഷണവും തൊട്ടുകൂടായ്മയും ചരിത്രത്തിൽ ഒരിക്കലും ഒരു മുസ്ലിമും ക്രിസ്ത്യാനിയും ഇസ്‌ലാമും ക്രിസ്തുമതവും ഹിന്ദുക്കളോട് ചെയ്തിട്ടില്ല. 

പലപ്പോഴും ഹിന്ദുക്കൾ മതം മാറിയത് പോലും അത്തരം ക്രൂരതയും മർദ്ദനവും അനീതിയും ചൂഷണവും ഒഴിവാക്കാനാണ്. 

ഇതൊളിപ്പിക്കാൻ വർത്തമാനകാല രാഷ്ട്രീയം അധികാരം ലക്ഷ്യം വെച്ച് നടത്തുന്ന ക്രിസ്ത്യൻ ഇസ്‌ലാം വിരോധം മതിയാവില്ല.

Friday, August 2, 2024

സുഹൃത്തുക്കളോട് പറയാനുള്ളത് നന്ദിയല്ല.

സുഹൃത്തുക്കളോട് പറയാനുള്ളത് നന്ദിയല്ല.

സുഹൃത്തുക്കൾക്ക് നന്ദി പറയാൻ  ആവശ്യപ്പെട്ടാലും പറയില്ല.

സുഹൃത്തുക്കൾക്ക് നന്ദി പറയാത്തത് ഒരു ഗുണമായി എടുത്തുപറയണം.

ഒരുപക്ഷേ എവിടെയെങ്കിലും എപ്പോഴെങ്കിലും മാത്രം നന്ദി പറയുന്നതിനെ ചോദ്യം ചെയ്യണം.

********

കാരണം, സൗഹൃദത്തിൽ നന്ദി പറയേണ്ടതുണ്ടെങ്കിൽ: 

അത് സൗഹൃദത്തോടാണ്. 

സുഹൃത്തുക്കളായ ആരോടെങ്കിലുമല്ല. 

അതെപ്പോഴുമാണ്, 

അത് ഓരോ നിമിഷവുമാണ്. 

എപ്പോഴെങ്കിലുമല്ല.

അത് പ്രത്യേക സ്ഥാനവും സമയവും ഇല്ലാതെയാണ്. 

അത് ആർക്കെങ്കിലും എന്തിനെങ്കിലും മാത്രമായല്ലാതെയാണ്. 

ഒരു വകതിരിവും പ്രത്യേകതയും ഒന്നിനും ആർക്കും നൽകാതെ. 

പ്രത്യേകത സൗഹൃദത്തിന് മാത്രം തന്നെയല്ലാതെ.

*******

എന്തുകൊണ്ട് പല സൗഹൃദ കൂടിച്ചേരലുകളിലും ഈയുള്ളവൻ നന്ദി പറഞ്ഞില്ല.

എനിക്ക് എന്നോട് നന്ദി പറയാൻ സാധിക്കില്ല, പറയേണ്ടതില്ല എന്നതിനാൽ.

സൗഹൃദം എന്നിലെ ഞാനാണ്, എന്നിലെ എന്നെപ്പോലെയാണ് എന്നതിനാൽ.

നന്ദി വെറും വെറുതേയും പറയാം എന്നതിനാൽ. 

നല്ല കുറെ വാക്കുകൾ നല്ല കുറെ പ്രവൃത്തികളാവില്ല. 

നല്ല നൂറായിരം വാക്കുകൾ ഒരേയൊരു നല്ല പ്രവൃത്തിക്ക് പോലും പകരമാവില്ല.

പ്രവൃത്തിക്ക് പകരം പ്രവൃത്തി മാത്രം. 

സൗഹൃദത്തിന് പകരം സൗഹൃദം മാത്രം.

സൗഹൃദം പരസ്പരമുള്ള പ്രവൃത്തികളാണ്. പ്രവർത്തിക്കാത്ത വാക്കുകളല്ല സൗഹൃദം.

നന്ദി വെറുമൊരു പറഞ്ഞുതീർക്കലാണ്.

നന്ദി പറച്ചിൽ പലപ്പോഴും വെറും വെറുതേയുളള ചടങ്ങാണ്, ഉപചാരമാണ്.

ഉപചാരവും ചടങ്ങും പലപ്പോഴും കൃത്രിമമാണ്, യാന്ത്രികമാണ്. 

നന്ദി അക്കൗണ്ട് ക്ലോസ് ചെയ്യലാണ്, കണക്ക് തീർക്കലാണ്, തീർത്തെന്ന് വരുത്തലാണ്.

സൗഹൃദത്തിൽ അക്കൗണ്ട് തുറന്നേയിരിക്കണം, സൗഹൃദത്തിൽ കണക്ക് തീരാതെയാണ്. എക്കൗണ്ട് ക്ലോസ് ചെയ്യലില്ല.

സൗഹൃദത്തിൽ, അല്ലെങ്കിലും, ആര് ആരോട് ആർക്ക് നന്ദി പറയാൻ?

സൗഹൃദത്തിൽ നന്ദി എല്ലാവരും എല്ലാവരോടും തന്നെയാണ്. എല്ലാവരും എല്ലാവർക്കും തന്നെയാണ്.

സൗഹൃദത്തിൽ നന്ദി ആരോടെങ്കിലുമായി മാത്രമില്ല.

നന്ദി പറയേണ്ടി വരുന്നുവെങ്കിൽ, നന്ദി പ്രതീക്ഷിക്കുന്നുവെങ്കിൽ സൗഹൃദം സൗഹൃദം പോലുമല്ലെന്നാവും.

എല്ലാവരോടും എല്ലാവർക്കുമായാണ് സൗഹൃദത്തിൽ കടപ്പാട്. 

സൗഹൃദത്തോടാണ് സൗഹൃദത്തിൽ കടപ്പാട്, നന്ദി.

അതുകൊണ്ട് തന്നെ സൗഹൃദത്തിൽ നന്ദി എന്ന വാക്കില്ല. 

പകരം സൗഹൃദത്തിൽ സൗഹൃദം മാത്രം. 

വെറും വെറുതെ വിട്ടഭാഗം പൂരിപ്പിക്കുന്ന സൗഹൃദം മാത്രം നന്ദി.

സൗഹൃദം തന്നെയാണ് സൗഹൃദത്തിലെ നന്ദി.

സൗഹൃദം ആഗ്രഹിക്കുകയും നേടുകയും സൂക്ഷിക്കുകയുമാണ് സൗഹൃദത്തിൽ നന്ദി

അല്ലാത്ത ഏതൊരു നന്ദി പറച്ചിലും ഫോർമലാണ്., സൗഹൃദമല്ല. 

********

Formality വരുന്നിടത്ത് spirituality അപ്രത്യക്ഷമാകും.

Formality വരുന്നിടത്ത് സൗഹൃദം വറ്റിവരളും. 

Formality വരുന്നിടത്ത് ഒറിജിനാലിറ്റിയും സ്വാഭാവികതയും (spontaneityയും) നഷ്ടമാവും. 

Formality വരുന്നിടത്ത് സൗഹൃദം ഒഴുക്കില്ലാത്ത വെറും ദുർഗന്ധം വമിക്കുന്ന, കെട്ടിക്കിടക്കുന്ന ജലാശയമാകും.

ഫോർമാലിറ്റി രൂപത്തിലാണ്, രൂപം കൊണ്ടാണ്,  രൂപം (form) സൂക്ഷിക്കാനാണ്. 

സൗഹൃദം ഉണ്ടാവുന്നത്  ഉള്ള രൂപവും ഭാവവും നഷ്ടപ്പെടുത്താനാണ്, നഷ്ടപ്പെടുമ്പോഴാണ്. 

അതുകൊണ്ട് കൂടിയാണ് സൗഹൃദം എന്തും തുറന്നു പറയാനാവുന്ന ഇടമാകുന്നത്. 

അതുകൊണ്ടാണ് സൗഹൃദം കെട്ടഴിക്കുന്ന, കെട്ടഴിയുന്ന, ഭാരിമിറക്കുന്ന, ഭാരമിറങ്ങുന്ന ഇടമാകുന്നത്.

Formality വന്നാൽ അഭിനയവും കൃത്രിമത്വവും കാപട്യവും സ്ഥാനം നേടും. ഭാരം കൂടും. കാര്യങ്ങൾ ബാധ്യത പോലെയാകും. 

Formality വന്നാൽ സ്ഥാനമാനങ്ങളും അധികാരവും സമ്പത്തും വലുതാകും.

Formality വന്നാൽ സ്ഥാനമാനങ്ങൾക്കും അധികാരത്തിനും സമ്പത്തിനും ആയിരിക്കും സൗഹൃദമെന്ന പേരിൽ നമ്മൾ നന്ദി പറയുക.

ഫോർമാലിറ്റിയിൽ formനാണ് (രൂപത്തിനാണ്) പ്രാധാന്യം. 

ഫോമാലിറ്റിയിൽ ബാഹ്യമായ കാഴ്ചക്കാണ് പ്രാധാന്യം. 

ഫോമാലിറ്റിയിൽ സ്‌പിരിറ്റിനും സൗൾനും സ്ഥാനമില്ല.

ഫോം ദ്രവിക്കാനുള്ളതാണ്, നഷ്ടപ്പെടുന്നതാണ്. 

അതിനാൽ ഫോമാലിറ്റിയും യഥാർത്ഥത്തിൽ കാലത്തിൽ നിലനിൽക്കുന്നതല്ല.

അനുഭവിക്കുമ്പോൾ നഷ്ടപ്പെടാനുള്ളതാണ് ഫോം (രൂപം). അതിനാൽ ഫോർമാലിറ്റിയും.

ശരിക്കും അനുഭവിക്കുമ്പോൾ നാം കണ്ട് വാങ്ങിയ നാരങ്ങയുടെയും മാങ്ങയുടെയും രൂപം നഷ്ടപ്പെടും.  

അതുപോലെ ഫോമും ഫോർമലിറ്റിയും ഇല്ലാതാവും. അനിവാര്യത പോലെ.

നിറവും തോലും പാക്കറ്റും കണ്ടാണ് നാം എന്തും വാങ്ങുക, കൈക്കലാക്കുക.

പക്ഷേ, നാം കണ്ട് വാങ്ങിയ നിറവും തോലും പാക്കറ്റും അനുഭവിക്കാൻ തുടങ്ങുന്നതിൻ്റെ  ആദ്യഘട്ടത്തിൽ തന്നെ നഷ്ടമാകും, നാം നഷ്ടപ്പെടുത്തും. 

അനുഭവിക്കുമ്പോൾ മണവാട്ടിയുടെയും മണവാളൻ്റെയും, അവരെ അവരാക്കിയ വിലപ്പെട്ട വസ്ത്രം നഷ്ടപ്പെടും. 

സൗഹൃദത്തിൽ സ്ഥാനത്തിനും മാനത്തിനും അധികാരത്തിനും സ്ഥാനമില്ല.

അത്രക്കെയുള്ളൂ ഫോമും ഫോർമാലിറ്റിയും. 

അത്രക്കെയുള്ളൂ നന്ദിയും നന്ദി വാക്കുകളും. 

അത്രക്കെയുള്ളൂ ആചാരങ്ങളും ഉപചാരങ്ങളും.

*******

ഒന്നോർത്ത് നോക്കൂ: നമുക്കിടയിലെ നമ്മുടെ ഈ സൗഹൃദം ഉണ്ടായത് എങ്ങിനെയെന്ന്.

ഒന്നും ആവശ്യപ്പെടാതെ.

ഒന്നും പ്രതീക്ഷിക്കാതെ.

അവകാശവാദങ്ങളും അഭിനയങ്ങളും സ്ഥാനങ്ങളും മാനങ്ങളും ഉണ്ടാവുന്നതിനും മുൻപാണ് നമ്മുടെ ഈ സൗഹൃദം ഉണ്ടായത്. 

നമ്മൾ ഇന്നത്തെ നമ്മളാവുന്നതിനും മുൻപ്. 

പ്രതീക്ഷകളെ ചിറകുകളാക്കിയ കാലത്ത്.

നാട്യങ്ങളില്ലാത്ത അവസ്ഥയിലാണ് നമ്മൾ സുഹൃത്തുക്കളായത്. 

നമ്മൾ നമ്മളായിത്തീരുന്ന പ്രക്രിയക്കിടയിലാണ്, പരിണാമത്തിനിടയിലാണ് നമ്മൾ സുഹൃത്തുക്കളായത്. 

അതിനാൽത്തന്നെ നമ്മൾ സുഹൃത്തുക്കളായെങ്കിൽ വളരേ ഇൻഫോർമലായാണ് നമ്മൾ സുഹൃത്തുക്കളായത്. 

വളരേ കാഷ്വലായാണ് നമ്മൾ സുഹൃത്തുക്കളായത്. 

ഇൻഫോർമലും കാഷ്വലും ആവുമ്പോൾ അവിടെ ആവശ്യങ്ങളില്ല, പ്രതീഷകളില്ല, അഭിനയമില്ല, കാപട്യമില്ല, നന്ദി ഇല്ല. 

ആവലും ആയിത്തീരലും മാത്രമാണ്.

******

ചിലർ എല്ലാവർക്കുമിടയിൽ, സൗഹൃദത്തിനിടയിലെ പാലമായി വർത്തിക്കും. 

അവർ കാരണം എല്ലാവരും ഒരു മറയും ഇല്ലാതെ പരസ്പരം ഇടപെടും, വിനിമയം നടത്തും.

ആ ചിലർ സൗഹൃദത്തിലെ കാറ്റലിസ്റ്റുകളാണ്. ഉൾപ്രേരകങ്ങൾ. 

എല്ലാം നഷ്ടപ്പെടാൻ തയ്യാറായി ഒന്നും നഷ്ടപ്പെടാത്തവർ. എല്ലാവർക്കും നേട്ടമുണ്ടാക്കുന്നവർ,

എല്ലാവരെയും ത്വരിതപ്പെടുത്തുന്നവർ 

ബന്ധങ്ങളുടെ ശ്വാസോച്ഛ്വാസമാക്കും അവർ പരസ്പരമുള്ള അത്തരം കൂടിച്ചേരലുകളെയും വിനിമയങ്ങളെയും ഇടപെടലുകളെയും.

എല്ലാവരും എല്ലാവർക്കും വേണ്ടി എന്തിനും തയ്യാറാവുന്നത് പോലെയാവും പിന്നെ അത്തരം  കൂടിച്ചേരലുകളും വിനിമയങ്ങളും.

വണ്ടി ഇല്ലാത്തവർക്ക് വണ്ടിയും കാലില്ലാത്തവർക്ക് കാലുമാകുന്നത് സൗഹൃദം, പാലം.

പരസ്പരം സ്വന്തമാക്കാനും അടുക്കാനുമുള്ള മത്സരമാകുന്നത് സൗഹൃദം. 

ആർക്കും ഒരുതരം excuse ആരോടും പറയാനില്ലാത്തത് സൗഹൃദം. 

ഒന്നും ഒരു  ബുദ്ധിമുട്ടും പ്രകടിപ്പിക്കാതെ പാതിരാവിലും കൂടെനിൽക്കാൻ തയ്യാറാവുന്നത് സൗഹൃദം. 

അത്തരം സൗഹൃദത്തിൻ്റെ കാര്യത്തിൽ ചിലരെക്കുറിച്ച് പ്രത്യേകം  പറയേണ്ടതില്ല. 

അവരെപ്പോഴും മുന്നിൽ. 

ഏറെ വിശദീകരണങ്ങൾ വേണ്ടാതെ, ഇല്ലാതെ മുന്നിൽ. 

വേറെ ചിലരെ നമുക്ക് കുറേ കാലങ്ങൾക്ക് ശേഷം സൗഹൃദ കൂടിച്ചേരനിടയിൽ വീണുകിട്ടും. 

സൗഹൃദം എല്ലാവർക്കും എല്ലാവരെയും വീണുകിട്ടലാണ് എന്നോർമ്മിപ്പിക്കും പോലെ.

വീണുകിട്ടുമ്പോൾ കിട്ടുന്നേടത്ത് നിന്ന് ആരുടേത് എന്ന് നോക്കാതെ എടുത്ത് കൊണ്ടുപോകേണ്ടതുമാണ് സൗഹൃദം എന്ന് പറയും പോലെ.

മറ്റുചിലർക്ക് സൗഹൃദത്തിൽ നിറഞ്ഞുനിൽക്കാൻ കാരണങ്ങളും ന്യായങ്ങളും വേണ്ട. അവർ സ്വയം തന്നെ നിറഞ്ഞുനിൽക്കുന്ന സംഘാടകരാകും. വിശേഷങ്ങൾ ഏറെ പറയുന്ന, പറയാനുള്ള ആളുകളാകും അവർ.

എന്നാൽ മറ്റുപലരും നല്ല പങ്കാളിത്തമുള്ള കാഴ്ചക്കാരാവാൻ തന്നെ കിണഞ്ഞ് ശ്രമിക്കും. ഗാലറി പണിത്, ആ ഗാലറിയിൽ ഇരുന്ന്.

********

ഇതിനെല്ലാമിടയിൽ ഒന്ന് പറയട്ടെ.

സൗഹൃദം കൂടുന്നിടത്ത് അഭാവം കൊണ്ട് അവിടെത്തന്നെ ഉണ്ടാവുന്ന ചിലരുണ്ട്.

അവർ നാമാരും കാണാത്ത സൗഹൃദത്തിൻ്റെ ആത്മാവ് ഒളിപ്പിച്ചു കൊണ്ടുനടക്കുന്നവരാണ്.

Thursday, August 1, 2024

എൽനിനോയും ലാനിനയും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്.

ദുരന്തങ്ങൾ സംഭവിക്കുന്നത് മുൻകൂട്ടി അറിയാൻ സാധിക്കുമെങ്കിൽ രക്ഷനേടാനുള്ള വഴി മനുഷ്യന് നോക്കാം. 

അത്രയേ ഉള്ളൂ, സാധിക്കൂ. 

പക്ഷെ ഇത്തരം ദുരന്തങ്ങൾ ഉണ്ടാവുന്നത് മനുഷ്യൻ്റെ കെടുകാര്യസ്ഥത കൊണ്ടല്ല. 

എല്ലാ കാലത്തും ഉണ്ടായത് പോലെ മനുഷ്യന് പങ്കും നിയന്ത്രണവും ഇല്ലാതെയാണ്, മുൻകൂട്ടി അറിയാൻ വഴിയില്ലാതെയാണ് ഇവ ഉണ്ടാവുന്നത്.

*******

നേരിട്ട് ഇതാണെന്ന് പറയാവുന്ന കാരണങ്ങളും തെളിവുകളും പ്രകൃതിദുരന്തങ്ങളുടെ കാര്യത്തിൽ ഇല്ല. 

അമിതവർഷത്തിനു വേണമെങ്കിൽ ആഗോളതാപനം കാരണമായി പറയാമെന്ന് പറയാമെന്ന് മാത്രം. 

അപ്പോഴും പറയാനുണ്ട്: അമിതവർഷവും ചരിത്രാതീതകാലം മുതൽ അങ്ങിങ്ങ് ഏറിയും കുറഞ്ഞും ഉണ്ടായിട്ടുണ്ട്. 

എൽനിനോയും ലാനിനയും ചരിത്രാതീതകാലം മുതൽ അങ്ങിങ്ങ് ഏറിയും കുറഞ്ഞും ഉണ്ടായിട്ടുണ്ട്. 

ആഗോളതാപനം ആരോപിക്കപ്പെടുന്ന കാലത്തിനു മുൻപും എൽനിനോയും ലാനിനയും ഉണ്ടായിട്ടുണ്ട്.

*******

പാറയുടെ മേലുള്ള മണ്ണിലാണ് നാം കൃഷിയും നിർമ്മാണങ്ങളും നടത്തുന്നത്. 

മലക്ക് ഉണ്ടെന്ന് നാം കരുതുന്ന കരുത്ത് മണ്ണിനില്ല. 

അമിതവർഷം ഉണ്ടാവുമ്പോൾ വളരേ ചെറിയ സമയത്തിനുള്ളിൽ ആ മണ്ണിൽ വെളളം അമിതമായി നിറയുന്നു. 

ഉളളിലെത്തുന്ന വെള്ളത്തിൻ്റെ അളവും ഭാരവും അമിതമായി കൂടുമ്പോൾ പാറയുടെ മുകളിൽ നിന്നും ആ മണ്ണ്, മണ്ണിലുള്ള മരങ്ങളും വീടുകളും നിർമ്മിതികളും സഹിതം ഊരി ഒഴുകി താഴേക്ക് വീഴുന്നു. 

Land slide എന്ന മലയിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാവുക എത്ര എളുപ്പം!

വയനാട് ദുരന്തവും അതുപോലുള്ളതും എന്തുകൊണ്ട് സംഭവിക്കുന്നുവെന്നതിന് തെളിവില്ല

വയനാട് ദുരന്തവും അതുപോലുള്ളതും ലോകമാകെയും എന്തുകൊണ്ട് സംഭവിക്കുന്നു എന്നതിന് കൃത്യമായ ന്യായവും തെളിവുമില്ല. 

പറയുന്ന ന്യായങ്ങളും തെളിവുകളും ഒക്കെ സംഭവാനന്തരം ഉണ്ടാക്കുന്ന ന്യായങ്ങളും ഊഹാപോഹങ്ങളും മാത്രം. ഒരടിസ്ഥാനവും ഇല്ലാത്തത്. മനുഷ്യനെ കുറ്റപ്പെടുത്തി വെറുതേ കുറ്റബോധം ജനിപ്പിക്കുന്നത്.

കാള പെറ്റു കയറെടുക്കുന്നു എന്നത് പോലുള്ളത് അതിലധികവും. 

യഥാർത്ഥത്തിൽ മനുഷ്യൻ്റെ അതിക്രമങ്ങളെന്ന് നാമിപ്പോൾ ആരോപിക്കുന്ന സംഗതികൾ നടക്കുന്നതിന് മുൻപും ഇത്തരം ദുരന്തങ്ങൾ ചരിത്രത്തിലുടനീളം ഒട്ടനവധി അരങ്ങേറിയിട്ടുണ്ട്. 

അമിതവർഷവും അതുണ്ടാക്കുന്ന ദുരന്തങ്ങളും ചരിത്രാതീതകാലം മുതലേ നടന്നിട്ടുണ്ട്, തുടർന്നിട്ടുണ്ട്. 

പ്രത്യേകിച്ച് ഇന്നാലിന്ന കാരണം എന്ന് കൃത്യമായി പറയാനില്ലാതെ തന്നെ അമിതവർഷവും അതുണ്ടാക്കുന്ന ദുരന്തങ്ങളും ചരിത്രാതീതകാലം മുതലേ നടന്നിട്ടുണ്ട്, തുടർന്നിട്ടുണ്ട്.  . 

തൊട്ടുമുൻപിലുള്ള കാരണമായ ഭൂകമ്പവും അമിതവർഷവും സുനാമിയും കൊടുങ്കാറ്റും എന്നൊക്കെയുള്ള കാരണങ്ങൾ തന്നെയല്ലാതെ മറ്റ് കാരണങ്ങൾ അതിനും പിന്നിലുണ്ടെന്ന് പറയാൻ സാധിക്കാതെ.

ഇപ്പോൾ മനുഷ്യനായിരിക്കുന്നത് പോലെയാവാനേ മനുഷ്യന് അവൻ്റെ പ്രകൃതം വെച്ച് അവൻ നടത്തുന്ന അന്വേഷണവും പുരോഗതിയും വെച്ച് സാധിക്കൂ. 

"ഒരുപക്ഷേ", "അങ്ങനെ ആയിരുന്നെങ്കിൽ" എന്നതൊക്കെയുള്ളത് വെറും വെറുതെയുള്ള തോന്നലുകൾ മാത്രം.

മനുഷ്യൻ കരുതും പോലെ മനുഷ്യൻ വലുതാണോ, പ്രാപഞ്ചികതയുടെ  കേന്ദ്രബിന്ദുവാണോ, പ്രകൃതിക്ക് ബാധിച്ച അർബുദമാണോ, മനുഷ്യനും പ്രകൃതിയുടെ വെറുമൊരു സാധാരണ കോശമാണോ എന്നതൊന്നും ചിന്തിച്ചിട്ട് കാര്യമില്ല.

ഇന്നിപ്പോൾ സംഭവിച്ചതിൻ്റെ കുറ്റം മനുഷ്യൻ്റെ തലയിൽ കയറ്റിവെക്കേണ്ടതില്ല. ഇനി സംഭവിക്കാൻ പോകുന്നതിൻ്റെ കുറ്റവും മനുഷ്യൻ്റെ തലയിൽ കയറ്റിവെക്കേണ്ടതില്ല

അങ്ങനെ മനുഷ്യൻ്റെ തലയിൽ കുറ്റം കയറ്റിവെച്ചിട്ട് കാര്യവുമില്ല. 

മനുഷ്യൻ ആയത് പോലെയും ആവുമ്പോലെയും തന്നെയേ മനുഷ്യൻ ആവൂ, മനുഷ്യന് ആവാൻ സാഹിക്കൂ. 

പ്രകൃതിയുടെ തന്നെ ഭാഗമായ മനുഷ്യനെ മനുഷ്യൻ ആവേണ്ടത് പോലെ തന്നെയേ പ്രകൃതി ഘട്ടം ഘട്ടമായി ആക്കുന്നുള്ളൂ, ആക്കിയിട്ടുമുള്ളൂ 

ഇന്ന് സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങൾ നമ്മൾക്കറിയാൻ സാധിക്കുന്നുവെന്ന് മാത്രം. 

എന്തുകൊണ്ട്? 

മനുഷ്യൻ വികസിപ്പിച്ചെടുത്ത വിനിമയ സാങ്കേതിക വിദ്യ അത്രയെങ്കിലും ഉള്ളത് കൊണ്ട്. 

മുൻപ് സംഭവിച്ച അതിഭീകര പ്രകൃതിദുരന്തങ്ങൾ ഇത്രയ്ക്ക് വ്യക്തമായും വലുതായും നമുക്കും അക്കാലത്ത് ഉണ്ടായിരുന്നവർക്കും അറിയാൻ സാധിച്ചിട്ടില്ല. 

എന്തുകൊണ്ട്? 

അക്കാലത്തുണ്ടായിരുന്ന മനുഷ്യൻ ഇക്കാലത്തേത് പോലെ ഇത്രക്ക് പുരോഗമിച്ചിട്ടില്ലാതിരുന്നത് കൊണ്ട്. 

അക്കാലത്ത് ഇക്കാലത്തേത്  പോലുള്ള വിനിമയ സാങ്കേതികവിദ്യ ഇല്ലാതിരുന്നത് കൊണ്ട്. 

നമ്മൾ ഇത്രയ്ക്ക് അറിഞ്ഞിട്ടില്ല എന്നത് കൊണ്ട് ചരിത്രത്തിൽ അങ്ങുനിന്നിങ്ങോളം ഇതുപോലുള്ളതും ഇതിനേക്കാൾ ഭീകരമായതും സംഭവിച്ചിട്ടില്ല എന്നർത്ഥമില്ല. 

നമ്മൾ അറിഞ്ഞിട്ടില്ലെന്നും കണ്ടിട്ടില്ലെന്നും മാത്രമേ അർത്ഥമുള്ളൂ.

അറിയാതിരുന്നത് കൊണ്ട് അറിഞ്ഞ ദുരന്തങ്ങളുടെ കുറ്റം ആ അറിവ് ഉണ്ടാക്കിയെടുത്ത മനുഷ്യൻ്റെ തലയിൽ കെട്ടി വെക്കുകയും വേണ്ടതില്ല.

ആകയാൽ ചെയ്യേണ്ടത് ഇത്രമാത്രം.

അപകടമേഖലകൾ എന്ന് മനുഷ്യൻ തന്നെ അന്വേഷിച്ച് പഠിച്ച് കണ്ടെത്തി മനസ്സിലാക്കി വെച്ച പ്രകൃതിലോല പ്രദേശങ്ങളിൽ മനുഷ്യവാസവും നിർമ്മാണവും ജീവിതവും വേണ്ടെന്ന് വെക്കുക. ഇക്കാലത്തെന്നത് പോലെ എക്കാലത്തും അവിടെ ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്,  ഉണ്ടാവും എന്നതിനാൽ.