Tuesday, November 7, 2023

ഒരു വ്യവസ്ഥിതി മൊത്തം മോശമായാൽ...

ഒരു വ്യവസ്ഥിതി മൊത്തം മോശമായാൽ അതിനെ നന്നാക്കാൻ ശ്രമിക്കുന്നവർ മോശക്കാരായി ചിത്രീകരിക്കപ്പെടും.


ഒരു നാട് ഭരിക്കുന്നത് രാജ്യദ്രോഹികളായാൽ അവിടെയുള്ള യഥാർത്ഥ രാജ്യസ്നേഹികൾ രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടും.


ഒരു നാട് ഭരിക്കുന്നത് കള്ളന്മാരും അക്രമികളുമായാൽ അക്രമം ആ നാട്ടിലെ ക്രമമാവും. അസത്യം സത്യമാവും. സത്യം അസത്യമാവും. നിഷ്കളങ്കർ അക്രമികളെന്ന് ചിത്രീകരിക്കപ്പെടും.


ഒരു നാടിൻ്റെ ഭരണാധികാരി മനസ്സാക്ഷി നഷ്ടപ്പെട്ടവനെങ്കിൽ, കുറ്റബോധം തോന്നാത്തത്ര മനസ്സാക്ഷി കളങ്കപ്പെട്ടവനെങ്കിൽ ആ നാട് മുങ്ങിത്താഴും. അതിലെ യാത്രികർ മുങ്ങിമരിക്കും.


നല്ലതും മോശവും തിരിച്ചറിയാൻ സാധിക്കാത്ത ജനത ഒരു നാട്ടിൻ്റെ ശാപം. 


നല്ലതും മോശവും തിരിച്ചറിയാൻ സാധിക്കാത്ത ജനത അക്രമികളും കള്ളന്മാരുമായ ഭരണാധികാരികളുടെ ധൈര്യമാണ്.  


നല്ലതും മോശവും തിരിച്ചറിയാൻ സാധിക്കാത്ത ജനത അക്രമികളും കള്ളന്മാരുമായ ഭരണാധികാരികളുടെ

എല്ലാ ചതികളും കളവുകളും വിത്തുകളായി ഇറക്കാൻ പറ്റിയ കൃഷിയിടം.

 

നല്ലതും മോശവും തിരിച്ചറിയാൻ സാധിക്കാത്ത ജനത അക്രമികളും കള്ളന്മാരുമായ ഭരണാധികാരികളുടെ ഉപകരണങ്ങൾ, വജ്രായുധങ്ങൾ. 


നല്ലതും മോശവും തിരിച്ചറിയാൻ സാധിക്കാത്ത ജനതയുടെ തോളത്ത് ചവിട്ടി അക്രമികളും കള്ളന്മാരുമായ ഭരണാധികാരികൾ അധികാരമേറും. ചവിട്ടി താഴ്ത്തപ്പെടുന്നതിലും അത്തരം ജനത അഭിമാനം കൊള്ളും.


നല്ലതും മോശവും തിരിച്ചറിയാൻ സാധിക്കാത്ത ജനത രാജ്യം തങ്ങൾക്ക് വേണ്ടി എന്നറിയാതെ പോകും. പകരം തങ്ങൾ രാജ്യത്തിനും അധികാരികൾക്കും വേണ്ട വെറും കീടങ്ങൾ എന്ന് വരുത്തിത്തീർക്കും. 


നല്ലതും മോശവും തിരിച്ചറിയാൻ സാധിക്കാത്ത ജനത ആക്രമിയായ ഭരണാധികാരിയെ രക്ഷകൻ എന്ന് പാടിപ്പുകഴ്ത്തും. വിഡ്ഢിയെ ഗുരുവായി കാണും. ചിതലിനെ വസ്ത്രമായും സംരക്ഷണമായും കരുതും. നാശത്തെ വളർച്ചയെന്ന് കണ്ട് ആർത്തുല്ലസിക്കും. ആത്മനാശത്തിന് വേണ്ട വഴിയൊരുക്കുന്ന വരെ വാഴിക്കും.

Monday, November 6, 2023

ത്രാസിൻ്റെ സൂചി പോലെ മനസ്സാക്ഷി. എങ്ങോട്ടെന്നില്ലാതെ മദ്ധ്യത്തിൽ.

ത്രാസിൻ്റെ സൂചി പോലെ മനസ്സാക്ഷി. 

എങ്ങോട്ടെന്നില്ലാതെ മദ്ധ്യത്തിൽ.

എപ്പോഴും എങ്ങോട്ടും നീങ്ങാനുള്ള

തയ്യാറെടുപ്പിലും ജാഗ്രതയിലും 

ഏത് ഭാഗം ശരി തൂങ്ങുന്നുവോ 

ആ ഭാഗം ചായും ത്രാസിൻെറ സൂചി. 

ഏതോ കാലത്ത് ആരോ പറഞ്ഞതും 

എപ്പോഴും ഏതോ ഒരുപക്ഷത്ത് മാത്രവുമാണ് 

ശരി എന്ന് ചിന്തിക്കുന്നവർക്ക് 

മനസ്സാക്ഷിയുടെ വിഷയം മനസ്സിലാവില്ല. 

അവർ മനസ്സാക്ഷി പണയംവെച്ചവരും 

മറന്നുവെച്ചവരുമാണ്.

******

അതുകൊണ്ട് തന്നെ

മനസ്സാക്ഷിയോട് നീതിപുലർത്തുന്നവർ 

തിരിച്ചും മറിച്ചും പറയും. 

ഏത് ഭാഗത്ത് സത്യവും ശരിയുമുണ്ടോ 

അതിനനുസരിച്ച് മാറ്റിയും മറിച്ചും പറയും. 

അന്ധത ബാധിച്ചവർ ഒന്ന് മാത്രം, 

ഒരു ഭാഗം മാത്രം എപ്പോഴും പറയും.

*******

നല്ല കളി കളിക്കുന്ന ആരെയും 

പിന്തുണക്കാൻ കഴിയണം.

കളിയിൽ കളിയാണ്, 

കളിയുടെ മികവാണ് കാര്യം.

ഒളിമ്പിക്സിൽ കഴിവുള്ളവൻ മാത്രമേ 

മെഡൽ നേടൂ. 

ഇന്ത്യ ഭാരതമായത് കൊണ്ടൊന്നും 

മെഡൽ വരില്ല. 

വെറും വെറുതെ 

വിഭജനം ഉണ്ടാക്കാൻ മാത്രം 

രാജ്യസ്നേഹം പറഞ്ഞത് കൊണ്ടും 

മെഡൽ നേടാനാവില്ല.

*******

ഹമാസ് അങ്ങനെ ക്രൂരത ചെയ്തു, 

ഇങ്ങനെ ബലാൽസംഗം ചെയ്തുവെന്ന് 

പറയുന്നവരാര്? 

ഹമാസിനും ഫലസ്തീനും എതിരെ 

നിക്ഷിപ്ത താല്പര്യമുള്ളവർ. 

സദ്ദാമിനെയും ഇറാഖിനെയും കുറിച്ചും 

ഇങ്ങനെ ഒരുകാലത്ത് 

ഇല്ലാക്കഥകൾ പറഞ്ഞവർ.ശേഷം യുദ്ധം ചെയ്തു നാടിനെയും നാട്ടുകാരെയും നശിപ്പിച്ചിട്ടും 

ഒന്നുമില്ലെന്ന് കണ്ടപ്പോൾ 

ഒരു ക്ഷമാപണം പോലും നടത്താതിരുന്നവർ.

*******

ഇന്ന് ഇന്ത്യ നേരിടുന്ന വെല്ലുവിളി 

വെറുപ്പിൻ്റെ രാഷ്ട്രീയം മാത്രമാണ്. 

കളവ് മാത്രം സത്യമാക്കിപ്പറഞ്ഞ് 

വെറുപ്പും വിദ്വേഷവും ഉണ്ടാക്കി 

അധികാരം നേടുന്ന,

അധികാരം ഉറപ്പിക്കുന്ന 

രാഷ്ട്രീയം.



Sunday, November 5, 2023

പലസ്തീൻ പ്രശനം: പണ്ട് ഇറാഖിൻ്റെ കയ്യിൽ എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞായിരുന്നു യുദ്ധം നടത്തിയത്?

ഒരു സുഹൃത്തിനുള്ള മറുപടി:


അഞ്ജനമെന്നാൽ എനിക്കറിയാം മഞ്ഞൾ പോലെ വെളുത്തിരിക്കും എന്ന് കരുതുന്ന മട്ടിൽ, അങ്ങനെ പറഞ്ഞുപ്രചരിപ്പിക്കുന്ന മട്ടിൽ, നാം ഇസ്ലാമിനെയും മുസ്‌ലിംകളെയും കുറിച്ചും പറഞ്ഞുനടക്കുന്നു.

******

ഒരു നല്ല സുഹൃത്ത് ഇങ്ങനെ പറഞ്ഞു

"സൗഹൃദം എന്ന വാക്ക് നിലനിർത്തിത്തന്നെ പറയട്ടെ താങ്കളുടെയും മതവികാരം ഒന്നുമാത്രമാണ് ഈ പോസ്റ്റിൽ പോലും പ്രകടമാവുന്നത്."

മറുപടി:

താങ്കളെ മാനിക്കുന്നു.

ഒന്നാമതായി ചോദിക്കട്ടെ... 

സൗഹൃദം എന്നത് വാക്കാണോ പ്രവൃത്തിയിൽ വരുന്ന സംഗതിയാണോ? താങ്കൾ പറഞ്ഞത് സൗഹൃദം എന്ന വാക്ക് സൂക്ഷിച്ചു കൊണ്ട് എന്നാണ്. സാരമില്ല, ഒരു വാക്കുപിഴ മാത്രം.

രണ്ടാമതായി ചോദിക്കട്ടെ..

വർത്തമാനകാല ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ രാഷ്ട്രീയം മുസ്‌ലിം വിരോധത്തിൽ മാത്രമധിഷ്ടിതമാണെന്ന് മനസ്സിലാക്കാൻ ഒരു പ്രത്യേക ഇസ്‌ലാം മതചായ്‌വ് വേണം എന്നാണോ താങ്കൾ കരുതുന്നത്? ഏത് സാമാന്യയുക്തിയും വിവരവും ഉള്ള നിഷ്പക്ഷമതികൾക്ക് വേണ്ടത്രയും അതിലധികവും എളുപ്പം മനസ്സിലാക്കാവുന്നതല്ലേ അതുള്ളൂ?

എങ്കിൽ അങ്ങനെയൊരു ഭരണനേതൃത്വം എടുക്കുന്ന ഫലസ്തീൻ വിരുദ്ധ നിലപാട് പിന്നെങ്ങിനെ കാണണം?

മൂന്നാമതായി മേൽപോസ്റ്റ് മതപരമായ ചായ്‌വ് കാണിക്കുന്നതായിരുന്നില്ല. പക്ഷെ എന്തുകൊണ്ടോ താങ്കൾ കണ്ടത് അത് മാത്രവും. അപ്പോൾ ആരിലാണ് മതവും ഒരു പ്രത്യേക മതവിരോധവും ഒളിഞ്ഞു നിൽക്കുന്നത്?

ഇന്ത്യൻ നിലപാടിൻ്റെ പിന്നിലെ ചേതോവികാരം ചോദ്യം ചെയ്യുന്നതായിരുന്നു താങ്കൾ പറഞ്ഞ ഈയുള്ളവൻ്റെ മേൽപോസ്റ്റ്. 

ഹമാസ് ശരിയായാലും തെറ്റായാലും നിലപാട് എടുക്കുന്നതിന് പിന്നിലെ ചേതോവികാരം വേറെ തന്നെ ഒരു സംഗതിയാണ്. 

സമീപകാല ഇന്ത്യൻ രാഷ്ട്രീയവും സംഭവവികാസങ്ങളും ഒരാൾക്ക് അതെന്താണെന്ന് പറഞ്ഞുതരുന്നില്ലെങ്കിൽ ആർക്കും അയാളെ സഹായിക്കാൻ സാധിക്കില്ല.

നമ്മളിൽ ഓരോരുവനും വല്ലാത്ത തെറ്റിദ്ധാരണ നിറഞ്ഞ വെറുപ്പ് ഇസ്ലാമിനോട് സൂക്ഷിക്കുന്നുവോ എന്നൊരു സംശയം നാം ആത്മപരിശോധനക്ക് വേണ്ടിയെങ്കിലും ഉയർത്തുന്നത് നല്ലതാണ്. 

ഭരണകൂടം സ്പോൺസർ ചെയ്യുന്ന വാർത്താമാധ്യമങ്ങൾ നമ്മെ നയിക്കുന്നതും അതേ ദിശയിലേക്ക് തന്നെ. അപ്പുറത്തുള്ള നിങൾ വെറുക്കുന്നവരുടെ കാര്യം കേൾക്കാൻ സാധ്യത ഇല്ലാത്ത പ്രത്യേകമായ സാഹചര്യവും.

ഇസ്ലാമിനോട് നമുക്കുണ്ടാവുന്ന ആശയപരമായ എതിർപ്പ് ശരിയാണ്. 

പക്ഷേ ആ എതിർപ്പ് എന്തും ഏതും ഇസ്ലാമിനും മുസ്ലിംകൾക്കും എതിരേ ആരോപിക്കുന്ന വിധത്തിലേക്ക് നീങ്ങരുത്. 

ഇസ്ലാമിൻ്റെയും മുസ്ലിംകളുടെയും തന്നെ വിശ്വാസത്തിനും വിശ്വാസം നിശ്ചയിക്കുന്ന പ്രവൃത്തികൾക്കും എതിരായത് നാം അവരെക്കുറിച്ച് പറഞ്ഞുപരത്തരുത്.

പ്രത്യേകിച്ചും അവർ പരലോകമോക്ഷം ലക്ഷ്യം വെച്ച് ചില അളവുകോലുകൾ ഉള്ളവരാണ്. എന്നതിനാൽ എല്ലാവരെയും പോലെ അവർക്കങ്ങനെ ആവുക എളുപ്പമല്ല. അവർ ഇന്ത്യയിൽ ഇപ്പോൾ നമ്മൾ കാണുന്ന വെറും വർഗീയ ഭീകര സംഘങ്ങളെ പോലെയല്ല. ഒരു പ്രത്യേക ആശയവും വിശ്വാസവും കൊണ്ടു നടക്കുന്നവരാണ് ഇസ്‌ലാം മത വിശ്വാസികളായ മുസ്‌ലിം സംഘടനകൾ. അതിൽ കണിശത പുലർത്തുന്നവരും കണിശത പുലർത്താൻ പരസ്പരം പോലും തർക്കിച്ച് ഭിന്നിക്കുന്നവരും. മുസ്ലിംകളിൽ അവാന്തര വിഭാഗങ്ങൾ ഉണ്ടായത് അങ്ങനെ മാത്രമാണ്. കർമശാസ്ത്ര കാര്യങ്ങളിലെ നിസ്സാര കാര്യങ്ങളിൽ വരെ കണിശത പുലർത്തുന്ന വഴിയിൽ ഉണ്ടായ തർക്കം കാരണം മാത്രം.

ഇസ്ലാമിൻ്റെ ശത്രുക്കൾക്ക് ഇത്തരം വിശ്വാസങ്ങൾ ഇല്ല. അവർക്കെന്തും ചെയ്യാം. ഒരു കുറ്റബോധവും തോന്നാതെ അവർ ചെയ്യുന്നതും അവർക്ക് ചെയ്യാൻ സാധിക്കുന്നതും അങ്ങനെയൊന്നും ഒരുനിലക്കും ചെയ്യാൻ സാധ്യതയില്ലാത്ത വിശ്വാസികളായ മുസ്ലിംകളുടെ പേരിലും ഇസ്ലാമിൻ്റെ പേരിലും അവർ ആരോപിക്കുന്നു. അതും അവർക്ക് വളരേ എളുപ്പം ചെയ്യാവുന്നത്.

നമുക്ക് കിട്ടുന്ന വാർത്തകൾ മുഴുവൻ ഇസ്‌ലാംവിരുദ്ധ ശക്തികളിൽ നിന്നാണെന്ന് നാം ഓർക്കണം. 

നെല്ലും പതിരും വേർതരിക്കാൻ നാം അപ്രാപ്തരുമാണ്. നമ്മുടെ കയ്യിൽ നെല്ലും പതിരും വേർതിരിക്കാൻ വേണ്ട ഉപകരണങ്ങൾ ഇല്ല.

ചുരുങ്ങിയത് ഒരു മതമെന്ന നിലക്ക് കുറേ അരുതുകൾ ഉള്ള മതമാണ് ഇസ്‌ലാം. അതിന് കടകവിരുദ്ധമായത് വരെ അവരുടെ പേരിൽ അതേ ഇസ്‌ലാം വിരോധത്തിൻ്റെ പേരിൽ നാം ആരോപിക്കുന്നു. ബലാൽസംഗം പോളുള്ളത്. ശവം വലിച്ചുനടന്നുകൊണ്ടുള്ള നൃത്തം വരെ. വെറും കളവുകൾ.

അഞ്ജനമെന്നാൽ എനിക്കറിയാം മഞ്ഞൾ പോലെ വെളുത്തിരിക്കും എന്നത് നാം കരുതുന്ന മട്ടിൽ, അങ്ങനെ പറഞ്ഞുപ്രചരിപ്പിക്കുന്ന മട്ടിൽ, നാം ഇസ്ലാമിനെയും മുസ്‌ലിംകളെയും കുറിച്ചും പറഞ്ഞുനടക്കുന്നു.

നമ്മൾ കേൾക്കുന്നത് മിക്കവാറും ഇല്ലാക്കഥകൾ. പക്ഷേ, അവ ഇല്ലാക്കഥകൾ ആണെന്ന് നമുക്ക് മനസ്സിലാവുന്നില്ല. 

പണ്ട് ഇറാഖിനെതിരെ എന്തൊക്കെ നമ്മൾ ഇതേ സാമ്രാജ്യത്വ ശക്തികളുടെ വായിൽ നിന്ന് വാർത്തകളായി കേട്ടു? 

അവയൊക്കെയും വിശ്വസിച്ചുകൊണ്ട് നമ്മളും ആവേശപൂർവ്വം ഇതുപോലൊക്കെ തന്നെ ആക്രോശിച്ചു.

ഇറാഖിൻ്റെ കയ്യിൽ എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞായിരുന്നു യുദ്ധം നടത്തിയത്, ഒരു രാജ്യത്തെ നശിപ്പിച്ചത്, അവിടത്തെ ഭരണാധികാരിയെ തൂക്കിലേറ്റിയത്? 

ആണവായുധം ഉണ്ടെന്ന് വരെ പറഞ്ഞു. 

കോളിൻ പാവലും ജോർജ് ബുഷും ടോണി ബ്ലെയറും നമുക്കന്ന് സത്യം മാത്രം പറയുന്ന പ്രവാചകൻമാരായി.

എന്നിട്ടോ? 

അവസാനം വട്ടപ്പൂജ്യം. എല്ലാം പെരുംകളവ്. 

കളവ് പറഞ്ഞവർ ശിക്ഷിക്കപ്പെട്ടില്ല.

പകരം ശിക്ഷിക്കപ്പെട്ടതും നഷ്ടപ്പെട്ടതും ഇറാഖിനും അവിടത്തെ ജനങ്ങൾക്കും. മുസ്‌ലിംകൾക്ക്.

ലിബിയയുടെയും ഖദ്ദാഫിയുടെയും കാര്യവും മറിച്ചല്ല.

ആ വഴിയിൽ ലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ടതും രാജ്യങ്ങൾ നശിപ്പിക്കപ്പെട്ടതും ഇതേ ശക്തികൾ കാരണം തന്നെയായിരുന്നു. ഇതുപോലുള്ള വാർത്തകൾ ഉണ്ടാക്കി പ്രചരിപ്പിച്ചു തന്നെയായിരുന്നു.

പക്ഷേ നമുക്കത് വിഷയമായില്ല. ഇപ്പോഴും വിഷയമല്ല. അങ്ങനെ കൊല്ലപ്പെട്ട ലക്ഷങ്ങൾ നമ്മെ വേദനിപ്പിക്കുന്നില്ല. 

ഈ ശക്തികൾക്കെതിരെ നമുക്ക് ഇപ്പോഴും ഒന്നും വിഷയമല്ല. 

അധികാരവും വിജയവും ഉള്ളിടത്ത് നാം ഓരം ചേർന്നു നിൽക്കുന്നു. അധികാരത്തെയും വിജയത്തെയും വിശ്വസിച്ചുകൊണ്ട്.

നാം അതേ ശക്തികളെ പിന്നെയും പിന്നെയും  വിശ്വസിക്കുന്നു. 

അത്രയ്ക്കുണ്ട് ആ അധികാരശക്തികളുടെയും അവരുടെ കയ്യിലുള്ള വാർത്താമാധ്യമങ്ങളുടെയും അധികാരത്തിൻ്റെയും ശക്തി. 

റിപബ്ലിക് TVയും ടൈംസ് നൗവും പോലുളള ഒരുകുറേ ചാനലുകൾ ഇവിടെയുമുണ്ട്. 

അവയൊക്കെ എന്ത് ചെയ്യുന്നുവെന്ന് നമുക്കും അറിയാം. 

അവരുണ്ടാക്കിയ, ഉണ്ടാക്കുന്ന നുണകളുടെ പിൻബലത്തിൽ മാത്രം ചിലർ അധികാരം നേടുന്നു, നേടിയ അധികാരം വെച്ച് കളിക്കാവുന്ന എല്ലാ കളികളും കളിക്കുകയും ചെയ്യുന്നു. 

ഇപ്പോൾ കേൾക്കുന്നത് പോലുള്ള കള്ളവാർത്തകൾ വിശ്വസിപ്പിക്കും വിധം പറഞ്ഞുപരത്തിയവരവർ അവരെന്നത് നാം ഓർക്കണം. നാം അക്കാലത്ത് അവരെ എത്ര കണ്ട് വിശ്വസിച്ചു എന്നതും.

ഈയുള്ളവൻ്റെ മേൽ കുറിപ്പിൽ താങ്കളെങ്ങിനെ മതപരമായ ചായ്‌വ് കണ്ടു ?  

മതപരമായ ചായ്‌വ് കാണുന്നതിനപ്പുറം നമ്മൾ എത്രമാത്രം സാമ്രാജ്യത്വ അജണ്ടകൾക്ക് വഴിപ്പെട്ടു എന്നതായിരുന്നു താങ്കൾ  കാണേണ്ടിയിരുന്നത്.

നമ്മുടെ മേലുണ്ടായ സ്വാധീനവും നമുക്കുണ്ടായ അന്ധതയും നമുക്ക്  മനസ്സിലാക്കാൻ സാധിക്കാത്തത്ര സാമ്രാജ്യത്വ ശക്തികൾ വാരിവിതറിയ ഇല്ലാക്കഥകൾ നമ്മളും കൊണ്ടുനടക്കുന്നു. കഥയറിയാതെ.

പ്രത്യേകിച്ചും മേൽപോസ്റ്റ് ഇന്ത്യൻ നിലപാടിൽ ഒളിച്ചുനിൽക്കുന്ന വളരേ പേടിക്കേണ്ട നിറവ്യത്യാസമാണ് പറഞ്ഞവതരിപ്പിക്കാൻ ശ്രമിച്ചത്. 

മേൽപോസ്റ്റ് നിലവിലെ ഇന്ത്യൻ ഭരണകൂട നേതൃത്വത്തിൻെറ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നത് മാത്രമായിരുന്നു. 

എന്ത് കൊണ്ട്? 

വെറുപ്പും കളവും കൊണ്ട് മാത്രം പടുത്തുയർത്തിയ ഒരു വലിയ ചീട്ടുകൊട്ടാരമാണ് നിലവിലെ ഇവിടുത്തെ ഭരണക്രമം. അവരത് തുടർത്താൻ ശ്രമിക്കുന്നതും അങ്ങനെ തന്നെ. 

അങ്ങനെ നമ്മുടെ നാട് വളരേ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുന്നു. 

അതൊന്നും താങ്കളെ തെല്ലും അലട്ടുന്നില്ല.

Friday, November 3, 2023

ഇന്ന് പിറന്ന നാൾ. ജീവിതം കൊണ്ട് ജീവിതം വരച്ചുകാട്ടിയവൾക്ക്.

ജീവിതം കൊണ്ട് ജീവിതം 

വരച്ചുകാട്ടിയവൾക്ക് 

ഇന്ന് പിറന്ന നാൾ.


പൂർണത തേടുന്നവൾക്ക്,

ആ പൂർണത തേടിനേടുന്ന വഴിയിൽ

വിട്ടുവീഴ്ചക്കും 

വരുത്തിത്തീർക്കലുകൾക്കും നിൽക്കാത്തവൾക്ക് 

ഇന്ന് പിറന്ന നാൾ.


നെല്ലിപ്പടിയിൽ നിന്ന് ജീവിതത്തെ 

കണ്ട് കൊണ്ടുനടക്കുന്നവൾക്ക്

ഇന്ന് പിറന്ന നാൾ.


വീഴ്ചപറ്റാൻ ഒരിക്കലും

ഉയരത്തിൽ നിൽക്കാത്തവൾക്ക്

ഇന്ന് പിറന്ന നാൾ.


പുതുമ തേടുകയും 

ആ തേടുന്ന പുതുമ 

താൻ തന്നെയാവുന്നവൾക്ക്

ഇന്ന് പിറന്ന നാൾ.


അങ്ങനെ പുതിയതായി മാത്രമൊഴുകി 

ഒഴുക്ക് തന്നേയായവൾക്ക്

ഇന്ന് പിറന്ന നാൾ.


ചെറുതായി വലുതായവൾക്ക്,

ചെറുതാവുന്നതിൽ

വലുപ്പം കണ്ടെത്തിയവൾക്ക്,

ചെറുതാണ് വലുതെന്ന്

ഓതിത്തന്നവൾക്ക് 

ഇന്ന് പിറന്ന നാൾ.


അപ്രസ്കതയാവുന്നതിൽ 

പ്രസക്തി കണ്ടെത്തിയവൾക്ക്,

ആ വഴിയിൽ ആരോരും ഒന്നും ചെയ്യാനില്ലെന്നറിഞ്ഞവൾക്ക്, 

അങ്ങനെയതിൽ 

സ്വാതന്ത്ര്യം നേടിയവൾക്ക്

ഇന്ന് പിറന്ന നാൾ.


പൂർണത തേടിത്തന്നെ, പക്ഷേ 

അപൂർണതയിൽ നിന്ന്

അപൂർണതയിലേക്കുള്ള നടപ്പ്

ജീവിതമെന്നറിയിച്ചുതന്നവൾക്ക്

ഇന്ന് പിറന്ന നാൾ.


ശൈശവം വെറും ബലഹീനത.

വാർദ്ധക്യം വേറൊരു ബലഹീനത.

ശൈശവത്തിനും 

വാർദ്ധക്യത്തിനുമിടയിൽ 

ബലഹീനതയെ 

ബലമാക്കി മാറ്റാൻ ശ്രമിക്കുന്നത്

ജീവിതമെന്നറിയിച്ചുതന്നവൾക്ക് 

ഇന്ന് പിറന്ന നാൾ.


താനല്ലാതെ താൻ വന്നു,

പിന്നീടെങ്ങിനെയോ താനായി, 

പൊടുന്നനെ വീണ്ടും 

താനല്ലാതെയാവുന്ന യാത്രയെ 

ജീവിതമെന്ന് വിളിച്ചവൾക്ക് 

ഇന്ന് പിറന്ന നാൾ.


ഉയരം താഴ്ചയെന്നും

നാശം വളർച്ചയെന്നും

വെളിച്ചത്തിൽ ഇരുട്ടുണ്ടെന്നും

അറിയിച്ചുതന്നവൾക്ക് 

ഇന്ന് പിറന്ന നാൾ.


മണ്ണായി നിന്ന് പെണ്ണായി,

പെണ്ണായി നിന്ന് പൂവായി

മണ്ണിനും പൂവിനുമിടയിലെ 

ദൂരം ജീവിതമായിക്കണ്ടവൾക്ക്

ഇന്ന് പിറന്ന നാൾ.


കണ്ണും കാഴ്ചയും ഒന്നാവുന്നത്

ഒരു സാധാരണ സംഭവമാക്കിയവൾക്ക്

ഇന്ന് പിറന്ന നാൾ.


പേടിയിൽ ജീവിതത്തെ 

പൂട്ടിനിർത്തി,

ആ പേടിയെ പെട്ടകമാക്കി,

ആ പെട്ടകത്തിനുള്ളിൽ ജീവിതത്തെ 

സംരക്ഷിച്ച് വളർത്തുന്നത് രീതിയാക്കി, 

അത് ജീവിതത്തിൻ്റെയും രീതിയെന്ന്

ചിത്രം വരച്ചുകാണിക്കുന്നത് പോലെ

കാണിച്ചുതന്നവൾക്ക്

ഇന്ന് പിറന്ന നാൾ.


ജീവിതം ഒരു പട്ടം പൊലെ 

എന്നവൾ തറപ്പിച്ചു പറയുന്നുണ്ട്.


സ്വയം നിയന്ത്രണമില്ലാതെ ജീവിതം.

സ്വന്തമായ തീരുമാനമല്ലാതെ ജീവിതം.


വെറുതെയങ്ങനെ പട്ടം കണക്കേ 

പൊങ്ങിപ്പാറി നടക്കുന്നു ജീവിതം.


പക്ഷേ ആ പാട്ടത്തിൻ്റെ നൂലും 

ആ നൂല് പിടിച്ച വിരലും 

എവിടെയെന്ന് മാത്രമറിയാത്തവൾക്ക്

ഇന്ന് പിറന്ന നാൾ.


കുറ്റബോധം പേറാനില്ലാത്തത് ജീവിതം.

കുറ്റപ്പെടുത്തൽ കേൾക്കാൻ 

കൊതിക്കാത്തത് ജീവിതം.

കല്പനകളെ വെറുക്കുന്നത് ജീവിതം.

അങ്ങനെയൊരു ജീവിതം 

പേറിനടക്കുന്നവൾക്ക്

ഇന്ന് പിറന്ന നാൾ.


എന്നാലും പറയട്ടെ.

ഇവൾ ജനിച്ചത്

ഈയുള്ളവൻ്റെ ഭാര്യയായല്ല, 

ഈയുള്ളവൻ്റെ ഭാര്യയാവാൻ മാത്രമല്ല.


ഇവൾ ജനിച്ചത്

ഇവളായി മാത്രം.


ഒരുപക്ഷേ, ഇവൾ ജനിച്ചത്

ഇവളായി പോലുമല്ലാതെ.


അതുകൊണ്ട് തന്നെയിനിയുമിവൾ

ഇവൾ തന്നെയായി മാത്രം ജീവിക്കും

ഇവൾ പോലുമല്ലാതെയും ജീവിക്കും.


നിരാകരിക്കാതിരിക്കാനും സ്വീകരിക്കാനും പറയുന്നതല്ല.

നിരാകരിക്കാതിരിക്കാനും സ്വീകരിക്കാനും പറയുന്നതല്ല. 

അത്തരം ഗ്രന്ഥത്തിൽ നിന്ന് ചിലത് മാത്രം ഉദ്ധരിച്ചുപറയുന്നത് കൊണ്ട് മാത്രം ബാക്കിയുള്ള വിശദീകരണം തരുന്നതാണ്. 

വിശ്വസിച്ചാലും ഇല്ലെങ്കിലും ഉളളത് ഉളളത് പോലെ, അതാത് ആൾക്കാർ എങ്ങിനെ പറയുന്നുവോ അങ്ങനെ തന്നെ പരമാവധി നിഷ്പക്ഷമായി നിന്ന് വസ്തുതാപരമായ സത്യത്തോട് ചേർന്ന് നിന്ന് പറയണമല്ലോ.

******

ഖുറാനിൽ പൊതുവേ പറഞ്ഞത് വിശ്വാസപരമായ കാര്യങ്ങൾ മാത്രം. 

ഇടക്ക് ജൂതന്മാരെയും ക്രിസ്ത്യാനികളെയും സുഹൃത്തുക്കൾ ആക്കരുത് എന്ന് പറഞ്ഞു. 

അവർ പരസ്പരം സുഹൃത്തുക്കൾ ആകുമെന്നും (ഏറെക്കുറെ ഇപ്പോൾ തെളിഞ്ഞുവരുന്നത്) പറഞ്ഞു.

ബാക്കിയുള്ളത് ഹദീസുകൾ. 

അവ ഭൂരിപക്ഷവും പിന്നീട് എങ്ങിനെയൊക്കെയോ ഉണ്ടായവയാണ്.

*******

മുഹമ്മദ് നബി ജീവിച്ച കാലത്തും പ്രദേശത്തും പശ്ചാത്തലത്തിലും കാര്യമായും ഉണ്ടായിരുന്നവരെ, (കാര്യമായും ജൂത, ക്രൈസ്തവ, ബഹുദൈവ വിശ്വാസികളെ) അഭിസംബോധന ചെയ്തും അവരെ കൈകാര്യം ചെയ്യാനുള്ള വഴികൾ പറഞ്ഞും അവരോട് വിശ്വാസകാര്യങ്ങളിലുള്ള എതിർപ്പുകൾ എന്തൊക്കെയാണെന്ന് പറഞ്ഞും തന്നെയാണ് ഖുർആൻ ഉളളത്. 

അങ്ങനെയുള്ള ചിലതാണ് പലരും ഉദ്ധരിച്ചത്. 

അറിയാമല്ലോ, ക്രിസ്ത്യാനികളെയും ജൂതൻമാരെയും മുൻമുറക്കാരായും വേദക്കാരായും തന്നെയാണ് ഖുർആൻ കൈകാര്യം ചെയ്തത്. 

പക്ഷേ ജൂതൻമാരും ക്രിസ്ത്യാനികളും അവർക്ക് യഥാർഥത്തിൽ കിട്ടയ സത്യസന്ദേശത്തിൽ നിന്നും വഴിപിഴച്ചവാരായി മാറി എന്ന വാദം ഉയർത്തിക്കൊണ്ട്, അതിനെ തിരുത്താൻ വേണ്ടി മുഹമ്മദ് നബി വന്നു എന്ന നിലക്ക് ഖുർആൻ കാര്യങ്ങളെ അവതരിപ്പിക്കുന്നു.

അതുകൊണ്ട് തന്നെ മുസ്‌ലിംകൾക്ക് ക്രിസ്ത്യാനികളുടെയും ജൂതന്മാരുടെയും ഭക്ഷണം (പന്നി പോലുള്ള നിഷിദ്ധമായതൊഴികെ) കഴിക്കാം, അവരിലെ പെൺകുട്ടികളെ (മാത്രം) കല്യാണം കഴിക്കാം എന്നൊക്കെയുള്ള വിശ്വാസപരമായി താദാത്മ്യപ്പെടുന്ന ഇളവുകളും മുസ്‌ലിംകൾക്കുണ്ട്.

ക്രിസ്ത്യാനികളും ജൂതന്മാരും പുണ്യപുരുഷൻമാരായി കണക്കാക്കുന്ന എല്ലാവരെയും ഖുർആനും ഇസ്ലാമും മുസ്ലിംകളും പുന്യപുരുഷൻമാരായും പ്രവാചകൻമാരായും തന്നെ കാണുന്നു. 

മറിയം, ജോസഫ്, എബ്രഹാം എന്നിവരുടെ പേരിൽ ഖുറാനിൽ അധ്യായങ്ങൾ തന്നെ ഉണ്ട്. 

നോഹയും സോളമനും ദാവീദും യാഖോബും  മോസാസും ലോത്തും ഇയ്യോബും ഇഷാഖും എല്ലാം മുസ്‌ലിംകൾക്ക് പ്രവാചകൻമാരാണ്. ഖുർആനിൽ സവിസ്തരം കൈകാര്യം ചെയ്യപ്പെട്ടവരുമാണ്.

യേശുവിന് ക്രിസ്ത്യാനികൾ ഉണ്ടെന്ന് പറയുന്ന എല്ലാ കഴിവുകളും പ്രത്യേകതകളും സിദ്ധികളും അപ്പടി തന്നെ ഖുറാൻ അംഗീകരിക്കുന്നുമുണ്ട്. 

ദൈവത്തിൻ്റെ വചനം, ജനിച്ച ഉടനെ തൊട്ടിലിൽ വെച്ച് സംസാരിക്കുകയും സത്യപ്രഘോഷണം നടത്തുകയും ചെയ്ത കാരൃം വരെ. 

ദൈവത്തിൻ്റെ മകനെന്ന വാദം ഒഴികെ. 

ഖുർആനും ഇസ്ലാമും തീരേ നിഷേധിച്ച് നിന്നതും നിഷിദ്ധമാക്കിയതും ബഹുദൈവവിശ്വാസികൾ എന്ന് ഖുറാൻ കരുതുന്നവരെ മാത്രമാണ് (ക്രിസ്ത്യാനികളും ജൂതൻമാരും അല്ലാത്തവരെ). 

ഖുർആൻ മുഴുവൻ വായിക്കുമ്പോൾ മനസ്സിലാവും. 

എവിടെ നിന്നെങ്കിലും ഏതെങ്കിലും ഭാഗം മാത്രം എടുത്താൽ മനസ്സിലാവില്ല. 

അതുകൊണ്ട് തന്നെ ഈ  വിഷയം വേറെ തന്നെ ചർച്ച ചെയ്യേണ്ടതാണ്. 

ഇസ്രയേലിന് ഇന്ത്യൻ പിന്തുണ: സീസറിൻ്റെ ഭാര്യയും സംശയിക്കപ്പെടും.

ഇസ്രയേലിന് ഇന്ത്യ കൊടുക്കുന്ന പിന്തുണ രാജ്യതാല്പര്യമാണോ വെറും മുസ്ലിം വിരോധമാണോ എന്ന ചോദ്യത്തിൽ സീസറിൻ്റെ ഭാര്യയും സംശയത്തിന് അതീതയല്ല എന്നത് പോലെ ബിജെപി നേതൃത്വം കൊടുക്കുന്ന ഈ ഭരണകൂടവും ആ നിലക്ക് ന്യായമായ സംശയത്തിന് കീഴിൽ തന്നെയാണ്.

*******

ചെയ്യുന്നത് ബിജെപി ആവുമ്പോൾ, ബിജെപി നേതൃത്വം കൊടുക്കുന്ന ഭരണകൂടം ആവുമ്പോൾ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടാവുന്നു.

സീസറുടെ ഭാര്യ സംശയത്തിനതീതയല്ല എന്നത് പോലെ, ഇവിടെ ബിജെപിയും അവർ നയിക്കുന്ന സർക്കാരും സംശയത്തിനതീതരല്ല.

******

അറിയണം: അളമുട്ടിയാൽ ചേരയും കടിക്കും.

നിരാശ ഏത് പുണ്യപുരുഷനെയും പിശാചാക്കും. 

ഒരു സമൂഹത്തെ നിരന്തരം പീഡിപ്പിച്ച് പിന്തുടരുന്ന ഏത് ശക്തിയും രാജ്യവും ഇത് മനസ്സിലാക്കിയാൽ നല്ലത്.

******* 

സ്വന്തം രാജ്യത്തിന് വേണ്ടി പോരടിക്കുന്നവരെ അധിനിവേശശക്തി ഭീകരവാദികൾ എന്നല്ലാതെ വേറെന്ത് വിളിക്കും? 

സുഭാഷ് ചന്ദ്രബോസും INAയും ബ്രിട്ടീഷുകാർക്ക് ഭീകരവാദിയും ഭീകരസംഘടനയും മാത്രമായിരുന്നു.

അവരെക്കുറിച്ച് അത്തരം ഭരണകൂടങ്ങൾ പറഞ്ഞ്പരത്തുന്ന വാർത്തകൾ മുഴുവൻ ശരിയായിക്കൊള്ളണം എന്നില്ല എന്നത് നമ്മുടെ സാമാന്യയുക്തി നമുക്ക് പറഞ്ഞുതരേണ്ടത്. 

*******

ഫലസ്തീൻ വിഷയത്തിൽ ഇന്ത്യൻ ഭരണകൂടത്തോടും ആ ഭരണകൂടത്തെ നയിക്കുന്ന പാർട്ടിയോടും ഒരു ചോദ്യം. 

പ്രത്യേകിച്ചും രാജ്യസ്നേഹം തന്നെ മുഖ്യആയുധവും അജണ്ടയും ആയിരിക്കെ ഈ ചോദ്യം.

ഫലസ്തീനെയും മുസ്‌ലിംകളെയും മറക്കുക. 

പകരം അവിടെ നമ്മുടെ മാതൃരാജ്യമായ ഇന്ത്യയെ തന്നെ സങ്കൽപിക്കുക.

ഇന്ത്യയെ നിങൾ, രാജ്യസ്നേഹികൾ എന്ന് നാഴികയ്ക്ക് നാല്പതുവട്ടം വികിച്ചുകൂവുന്ന നിങൾ,  ഇങ്ങനെ ആർക്കെങ്കിലും അധിനിവേശം നടത്താൻ വിട്ടുകൊടുക്കുമോ? 

ഇന്ത്യയിൽ ആരെങ്കിലും ഇങ്ങനെ അധിനിവേശം നടത്തിയാൽ നിങൾ എന്ത് ചെയ്യും?

എന്നിട്ട് ഇന്ത്യക്കാരായ ജനങ്ങളെ അതേ അധിനിവേശം നടത്തിയ അതേ ശക്തികൾ കൊന്നൊടുക്കുമ്പോൾ നിങൾ നോക്കി നിൽക്കുമോ? 

ലോകരാജ്യങ്ങളുടെ പിന്തുണ നിങ്ങൾക്ക് വേണമോ അതല്ല നിങ്ങളെ അധിനിവേശപ്പെടുത്തി അക്രമിച്ച് കൂട്ടക്കൊല നടത്തുന്നവർക്ക് നൽകേണമോ? 

എങ്കിൽ നിങൾ ഇപ്പോൾ എടുത്ത നിലപാട് എന്തിനെ സൂചിപ്പിക്കുന്നു?

പീഡിപ്പിക്കപ്പെടുമ്പോൾ നിങൾ നിങ്ങൾക്ക് വേണ്ടി ആഗ്രഹിക്കുന്നത് തന്നെയല്ലേ പീഡിപ്പിക്കപ്പെടുന്ന എല്ലാവർക്കും വേണ്ടി ആഗ്രഹിക്കേണ്ടത്?

ഉത്തരം പറയാൻ സാധിക്കണമെങ്കിൽ യഥാർത്ഥ രാജ്യസ്നേഹം തൊട്ടുതീണ്ടണം.

മനസ്സാക്ഷിയുടെ മുൻപിൽ സത്യസന്തരും ആകണം 

********

ചെറിയ ബാബരി മസ്ജിദ്  തക്കത്തിൽ വരെ നീണ്ട കലാപങ്ങൾ അഴിച്ചുവിട്ട നിങ്ങളാണ് ഹമാസ് ഭീകരവാദികൾ ആണെന്ന് പറയുന്നതെന്ന് ഓർക്കണം.

*******

ഇന്ന് ഇന്ത്യ നേരിടുന്ന വെല്ലുവിളി വെറുപ്പിൻ്റെ ഈ രാഷ്ട്രീയം മാത്രമാണ്. 

കളവ് മാത്രം സത്യമാക്കിപ്പറഞ്ഞ് വെറുപ്പും വിദ്വേഷവും ഉണ്ടാക്കി അധികാരം നേടുന്ന, അധികാരം ഉറപ്പിക്കുന്ന രാഷ്ട്രീയം.

******

അതുകൊണ്ട് തന്നെ:

ഇന്ത്യയുടെ ഫലസ്തീൻ കാര്യത്തിലെ മാറിവരുന്ന നിലപാട് ഈ നാട് ഭരിക്കുന്ന പാർട്ടി അങ്ങുനിന്നിങ്ങോളം, അധികാരം നേടാനും അധികാരം തുടർത്താനും നടത്തുന്ന വെറുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണോ എന്നത് ആർക്കും ഉണ്ടാവേണ്ട ന്യായമായ സംശയം. 

അനിൽ ആൻ്റണിയും രാജീവ് ചന്ദ്രശേഖറും ഈ അടുത്ത് കേരളത്തിലെ ഇസ്ലാമിക തീവ്രവാദം സംബന്ധിച്ച് നടത്തിയ കളവ് മാത്രമായ പ്രചാരണം വരെ അതിൽ ചിലത്.

ഹിമാലയം പോലെയാക്കി പെരുപ്പിച്ച് പറഞ്ഞ കെട്ടുകഥ മാത്രമായ കേരള സ്റ്റോറി പ്രധാനമന്ത്രി വരെ തെരഞ്ഞെടുപ്പ് വിഷയമാക്കുമ്പോൾ, ആ സിനിമക്കും അതുപോലുള്ളതിനും നികുതി ഇളവ് നൽകുമ്പോൾ. 

ഇന്ത്യ ഭരിക്കുന്ന പാർട്ടിക്ക് ഇന്ത്യയിലെ ഏകദേശം ഇരുപത് ശതമാത്തോളം വരുന്ന മുസ്ലിംകളിൽ നിന്ന് ഒരു എംഎൽഎയോ എംപിയോ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതായി ഇല്ലെന്ന് വരുമ്പോൾ. 

എന്നിട്ടും ഒരു ആനുപാതിക സംവരണവും കിട്ടാത്ത ഒരു വിഭാഗമായ മുസ്‌ലിംകൾ എല്ലാം അടിച്ചുകൊണ്ടുപോകുന്നു എന്നത് പോലുളള പെരുംകളവ് കെട്ടിപ്പൊക്കി അതുകൊണ്ട് കിട്ടുന്ന വെറുപ്പ് വിറ്റ് അധികാരം വാങ്ങുന്നത് ശീലമാക്കിയ പാർട്ടിയുടെ ഇസ്രായേൽ നിലപാടും സംശയത്തോടെ തന്നെ നോക്കേണ്ടി വരില്ലേ?

പലസ്തീൻ : മുസ്‌ലിംകൾ എല്ലാ പക്ഷവും കേൾക്കേണ്ടതുണ്ട്.

മുസ്ലിംകളോട്: നിങൾ എല്ലാ പക്ഷവും കേൾക്കേണ്ടതുണ്ട്.

LTTയുടെയും ഉക്രൈൻ്റെയും കാര്യത്തിൽ തോന്നാത്ത ഐക്യദാർഢ്യവും എതിർപ്പും ഫലസ്തീൻ്റെ കാര്യത്തിൽ മാത്രം തോന്നുന്നതും വരുന്നതും മാനുഷികതക്ക് മുകളിൽ മതവും സാമുദായികതയും വരുന്നത് കൊണ്ട് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത് എതിർക്കപ്പെടണം, തിരിച്ചറിയപ്പെടണം. നീതിയും സത്യവും കൈവിടാതെ.

*******

നമുക്കെതിരെയുള്ളത് കേൾക്കരുത്, വിതരണം ചെയ്യരുത് എന്നത് കൂടിയാണ് ഫാസിസം, തീവ്രവാദം.

നമ്മുടെ ഇടങ്ങളിൽ നമ്മൾ യഥാർഥത്തിൽ ഫാസിസ്റ്റുകൾ തന്നെയാവും എന്ന് കൂടി അത് പറഞ്ഞുതരും.

ആര് നിശ്ചയിക്കും മറ്റേയാൾ തൊള്ളയിൽ തോന്നിയത് പറയുന്നു, നിങൾ തെളിവും ന്യായവും ഉളളത് വിവേകപൂർവ്വം പറയുന്നു എന്ന്.

ആര് ആരെ ഏല്പിച്ചു ശരി നിശ്ചയിക്കുന്ന അളവുകോൽ?

ശരി വസ്തുതാ പര വുന് വസ്തുനിഷ്ഠ വും ആയിരിക്കണം. അല്ലാത്ത ശരികൾ ഒരു നൂറായിരങ്ങൾ ആണ്. 

അങ്ങനെ വ്യത്യസ്ത അഭിപ്രായമായ ഓരോന്നും ഓരോരുത്തരുടെയും അഭിപ്രായമല്ലേ, അഭിപ്രായങ്ങൾ ആപേക്ഷികമല്ലേ?

വിശ്വാസമല്ലേ മുസ്ലിം മുസ്ലിമാകാനും ജൂതൻ ജൂതനാകാനും ന്യായം, കാരണം? 

എങ്കിൽ ബൈബിളും ഖുർആനും അനുസരിച്ച് ജൂതൻമാർ എവിടെയായിരുന്നു?

അവരുടെ നേതാക്കളും പുണ്യപുരുഷന്മാരും എവിടെയായിരുന്നു?

അവരുടെ പുണ്യസ്ഥലം എവിടെയാണ്?

ജൂതൻ എന്നത് ജൂതമതവിശ്വാസികൾ ആണ്. 

അതിൽ വംശീയത ഇല്ല. 

എവിടെ നിന്ന് വരുന്ന വരായലും ജൂതൻ ജൂതൻ തന്നെ.

മുസ്‌ലിംകൾക്ക് മക്കയും മദീനയും പോലെ തന്നെയല്ലേ അവർക്ക് ജറുസലേം?

ചുരുങ്ങിയത് നമ്മൾ നമുക്കനുകൂലമായി ന്യൂനപക്ഷ സംരക്ഷണം പറയുന്നില്ലേ?

വെറും ഒരുകോടി മാത്രം വരുന്ന ലോകത്തെ ഏറ്റവും വലിയ ന്യൂനപക്ഷമല്ലെ ജൂതൻമാർ?

അന്താരാഷ്ട്രസമൂഹം തീരുമാനിച്ച് കൊടുത്തതല്ലേ ആ സ്ഥലം അവർക്ക്? 

അങ്ങനെയല്ലേ ഇസ്രയേൽ അവിടെ ഉണ്ടാവുന്നത്?

അന്താരാഷ്ട്ര സമൂഹം തീരുമാനിച്ച് കൊടുത്തത് അംഗീകരിക്കാതെ, അന്താരാഷ്ട്ര സമൂഹത്തെ ശക്തിയുക്തം നേരിടാതെ, അവിടെ വന്നവരെ ആക്രമിച്ച് നടന്നത് കൊണ്ടല്ലേ ബാക്കിയുള്ള സ്ഥലങ്ങൾ ഘട്ടം ഘട്ടമായി മുഴുവൻ നഷ്ടപ്പെട്ടതും, അവർ പിടിച്ചെടുത്തതും അവർക്ക് കീഴിൽ ആയതും?

ഇപ്പോൾ നടക്കുന്നതും അതല്ലേ?

പോരാത്തതിന് തീർത്തും സുഖലോലുപരും ആർഭാട പ്രിയരും അഹങ്കാരികളും ആയിരുന്ന ഫലസ്തീനികളിൽ വലിയൊരു വിഭാഗം (മുൻപ് അവരുണ്ടായുരുന്ന സ്ഥലങ്ങളിലും അവരുടെ കൂടെയും കീഴിലും ഗൾഫിൽ ജീവിച്ചവർക്ക് അറിയാം) നല്ല വില കിട്ടിയപ്പോൾ വിറ്റ് അമേരിക്കയിലും മറ്റും പോയപ്പോൾ ജൂതർക്ക് വാങ്ങിക്കൂട്ടിയ കുറേ ഭൂമികളും.

അല്ലാതെ വെറുതെ ഇവിടെയൊക്കെ നടക്കുന്നത് പോലെ എവിടെ നിന്നോ ആരും കാണാതെ വന്ന് കുടിയേറിയതല്ലല്ലോ അവരവിടെ?

എല്ലാവരും കാൺകെ മാത്രം നടന്നത് എല്ലാം.

1948ന് ശേഷം.

നമ്മൾ മുസ്‌ലിംകൾ കുറച്ച്കൂടി വിവേകം കാണിച്ച് ആദ്യം മുതലെ സഹിഷ്ണുത കാട്ടിയിരുന്നുവെങ്കിലോ? ഉൾക്കൊണ്ടിരുന്നുവെങ്കിലോ?

അങ്ങനെയൊക്കെ തീരുമാനിച്ച് സംഭവിച്ച സ്ഥിതിക്ക് ജൂതന്മാരെ സഹിഷ്ണുതയോടെ അവിടെ ഉൾക്കൊണ്ടാൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ.

ഇതുവരെ നടന്നതും ഇപ്പോൾ നടക്കുന്നതും നടക്കില്ലായിരുന്നു. 

കണ്ട് പഠിക്കാത്തവൻ കൊണ്ടാൽ പഠിക്കും.

അതാണ് ഇന്ത്യയിലും എല്ലായിടത്തും മുസ്‌ലിംകൾക്ക് പറ്റുന്ന അമളി..

എല്ലാം ഒരിടത്ത് ഒരു കാലത്ത് അവസാനിപ്പിച്ചത് കൊണ്ടുള്ള അമളി.

*******

ഫലസ്തീൻ വിഷയത്തിൽ ഇന്ത്യൻ ഭരണകൂടത്തോടും ആ ഭരണകൂടത്തെ നയിക്കുന്ന പാർട്ടിയോടും ഒരു ചോദ്യം. 

പ്രത്യേകിച്ചും രാജ്യസ്നേഹം തന്നെ മുഖ്യ ആയുധവും അജണ്ടയും ആയിരിക്കെ.

ഫലസ്തീനെയും മുസ്‌ലിംകളെയും മറക്കുക. 

പകരം അവിടെ നമ്മുടെ മാതൃരാജ്യമായ ഇന്ത്യയെ തന്നെ സങ്കൽപിക്കുക.

ഇന്ത്യയെ നിങൾ ഇങ്ങനെ ആർക്കെങ്കിലും അധിനിവേശം നടത്താൻ വിട്ടുകൊടുക്കുമോ? 

ഇന്ത്യയിൽ ആരെങ്കിലും ഇങ്ങനെ അധിനിവേശം നടത്തിയാൽ നിങൾ എന്ത് ചെയ്യും?

എന്നിട്ട് ഇന്ത്യക്കാരായ ജനങ്ങളെ അതേ അധിനിവേശം നടത്തിയ അതേ ശക്തികൾ കൊന്നൊടുക്കുമ്പോൾ നിങൾ നോക്കി നിൽക്കുമോ? 

ലോക രാജ്യങ്ങളുടെ പിന്തുണ നിങ്ങൾക്ക് വേണമോ അതല്ല നിങ്ങളെ അധിനിവേശപ്പെടുത്തി അക്രമിച്ച് കൂട്ടക്കൊല നടത്തുന്നവർക്ക് നൽകേണമോ? 

എങ്കിൽ നിങൾ ഇപ്പോ ഉൾ എടുത്ത നിലപാട് എന്തിനെ സൂചിപ്പിക്കുന്നു.

പീഡിപ്പിക്കപ്പെടുമ്പോൾ നിങൾ നിങ്ങൾക്ക് വേണ്ടി ആഗ്രഹിക്കുന്നത് തന്നെയല്ലേ പീഡിപ്പിക്കപ്പെടുന്ന എല്ലാവർക്കും വേണ്ടി ആഗ്രഹിക്കേണ്ടത്?

********

ഇസ്രയേൽ പലസ്തീൻ: 

ഒരു നിലപാടും ഇല്ലതെ ഒരു രാജ്യം. 

അഥവാ ഉണ്ടായിരുന്ന നിലപാട് സ്വന്തം പൗരന്മാരോട് തന്നെയുള്ള വെറുപ്പ് കാരണം  ഇല്ലാതാക്കിയ രാജ്യം.

അല്ലെങ്കിലും ആ ഒരു രാജ്യത്തിൻ്റെ നിലപാടിനെ അന്താരാഷ്ട്ര തലത്തിൽ ആരും മാനിക്കുന്നില്ല. 

സ്വന്തം പൗരൻമാരായ ഒരു വിഭാഗത്തോടുള്ള വിരോധം കൊണ്ട് മാത്രം വിദേശനയം ഇസ്രയേലിന് അനുകൂലമാക്കുന്ന രാജ്യം. 

വെറുപ്പ് നടത്തുന്ന ആ രാജ്യത്തിൻ്റെ ഭരണകൂട  വിരോധാഭാസം ആരെയും ആശ്ചര്യപ്പെടുത്തുന്നു. 

വെറുപ്പിൻ്റെ കടുപ്പം എവിടെ വരെയെന്നോർത്ത്.

സ്വന്തം പൗരന്മാരായ ഒരു വിഭാഗത്തോടുള്ള വെറുപ്പ് മാത്രമല്ലാത്ത ഒരു നിലപാടും വിദേശനയവും ഇല്ലാത്ത ഒരു രാജ്യം എന്ന് വരുന്നു.