Saturday, March 1, 2025

ഇന്ത്യൻ രൂപയുടെയും സ്റ്റോക്ക് മാർക്കറ്റിൻ്റെയും അവസ്ഥാദുരന്തം.

പ്രതികരണശേഷി നഷ്ടപ്പെട്ട ജനത, 

തെറ്റ് ആരുടേതായാലും അതിനോട് പ്രതികരിക്കാത്ത ജനത, 

സ്വന്തം പാർട്ടിക്ക് വേണ്ടി മാത്രം പ്രതികരിക്കുന്ന ജനത 

അവർ സ്നേഹിക്കുന്നത് രാജ്യത്തേയല്ല, 

അവർ സ്നേഹിക്കുന്നത് സ്വന്തം പാർട്ടിയെ മാത്രമാണ്. 

സ്വന്തം പാർട്ടി നടത്തുന്ന കുഴലൂത്തിന് മാത്രം തലയാട്ടുന്നവർ 

അറിയാതെയും ചെയ്തുകൊണ്ടിരിക്കുന്നത് 

ദ്രോഹം മാത്രമാണ്. 

സ്വന്തത്തോടുള്ള ദ്രോഹം. 

സ്വന്തം രാജ്യത്തോടുള്ള ദ്രോഹം. 

രാജ്യദ്രോഹം. 

അല്ലാതെ, രാജ്യത്തിന് വേണ്ടി പാർട്ടികളെ വിമർശിക്കുന്നതല്ല രാജ്യദ്രോഹം.

********

ഇന്ത്യൻ രൂപയുടെയും സ്റ്റോക്ക് മാർക്കറ്റിൻ്റെയും അവസ്ഥാദുരന്തം ആരെങ്കിലും മനസ്സിലാക്കുന്നുവോ? 

മുപ്പത് കൊല്ലത്തിനിടയിൽ ഏറ്റവും മോശമായ അവസ്ഥയിൽ.

നാട്ടിൽ നുരഞ്ഞുപൊങ്ങുന്നത് കളവുകളും വെറുപ്പും വിദ്വേഷവും മാത്രം. 

കളവുകളും വെറുപ്പും വിദ്വേഷവും ഒരു പാർട്ടിയെ രക്ഷിക്കുമായിരിക്കും. 

പക്ഷെ കളവുകളും വെറുപ്പും വിദ്വേഷവും ഒരു രാജ്യത്തെ കുളം തോണ്ടും. 

കളവുകളും വെറുപ്പും വിദ്വേഷവും ഏറിയാൽ രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്കും കലാപത്തിലേക്കും മാത്രം നയിക്കും. 

പ്രത്യേകിച്ചും അത്തരമൊരു നാട്ടിൻ്റെ നാണയത്തിന് വിശ്വാസ്യത കൂടി നഷ്ടപ്പെടുന്നതോടെ.

രാജ്യത്തിലുള്ള വിശ്വാസമാണ് ആ രാജ്യത്തിൻ്റെ നാണയത്തിലുള്ള വിശ്വാസം.

നേരെ തിരിച്ച്, ഒരു രാജ്യത്തിൻ്റെ നാണയത്തിലുള്ള വിശ്വാസമാണ് ആ രാജ്യത്തിലുള്ള വിശ്വാസം.

കുംഭമേള കൊണ്ട് ഇന്ത്യയുടെ ഭാവി ഭാസുരം എന്ന് പറയുന്ന ധനമന്ത്രി എന്തുദ്ദേശിച്ചു എന്നറിയില്ല.

പക്ഷെ അങ്ങനെയൊരു ധനമന്ത്രി പറയാതെ പറയുന്ന വേറൊരു കാര്യമുണ്ട്.

അത് ഇന്ത്യയുടെ ഭാവി ഭാസുരം എന്നതല്ല. പകരം, വിവരംകെട്ട ജനങ്ങളെ സ്വന്തം നേട്ടങ്ങൾക്ക് കോണിപ്പടിയാക്കുന്ന പാർട്ടിയുടെ ഭാവി ഭാസുരം എന്നാണ്.

ട്രമ്പ് വിജയിക്കാൻ ആർത്തുവിളിച്ചവർ ഇന്ന് അന്ധാളിച്ചുനിൽക്കുകയാണ്.  

അങ്ങ് അമേരിക്കയിലെ ട്രമ്പിൻറെ വിജയവും ഇങ്ങ് കൂടുതൽ കഷ്ടം മാത്രമല്ലാതെ ഒരു രക്ഷയും കൊണ്ടുവരുന്നില്ല എന്നറിയുമ്പോൾ.

*******

രാജ്യത്തെ സ്നേഹിക്കുന്നത് കൊണ്ട് രാജ്യത്തെ ഭരിക്കാൻ അറിയാത്തവർക്കെതിരെയാണ്. 

അല്ലാതെ, രാജ്യത്തിനെതിരെയല്ല. 

ഭരിക്കാനറിയാത്തവർ ഭരിക്കുകയല്ലാത്ത ബാക്കിയെല്ലാ അബദ്ധങ്ങളും ഭരണമെന്ന പേരിൽ ചെയ്യുന്നത് കാണുമ്പോൾ. 

അത്തരക്കാരെ ചോദ്യം ചെയ്യുന്നതാണ് യഥാർത്ഥ രാജ്യസ്നേഹം.

അതാണ്, അതിനാണ് ജനാധിപത്യം, പ്രതിപക്ഷം, ജനങ്ങൾ.

അല്ലാതെ ഭരിക്കാൻ അറിയാത്തവർക്ക് വേണ്ടി കണ്ണടച്ച് ഓശാന പാടുന്നതല്ല രാജ്യസ്നേഹം, ജനാധിപത്യം, പ്രതിപക്ഷം, ജനങ്ങൾ.

ഭരണകൂടത്തിൻ്റെ കൊള്ളരുതായ്മകളെ എതിക്കുന്നത് രാജ്യദ്രോഹമാണെന്നും 

ഭരണകൂടത്തിൻ്റെ കൊള്ളരുതായ്മകളെ കണ്ണടച്ചു വിശ്വസിക്കുന്നത് രാജ്യസ്നേഹമാണെന്നും പറഞ്ഞുപ്രചരിപ്പിക്കുന്ന ഏർപ്പാടാണ് യഥാർത്ഥത്തിൽ രാജ്യവിരുദ്ധം.


No comments: