Tuesday, March 4, 2025

നോമ്പ് സംഭവിക്കും, സംഭവിച്ചുപോകും. അനുകരിച്ച് ചെയ്യലല്ല, സംഭവിപ്പിക്കലല്ല.

നോമ്പ് സംഭവിക്കും, സംഭവിച്ചുപോകും. 

നോമ്പ് അനുകരിച്ച് ചെയ്യലല്ല, സംഭവിപ്പിക്കലല്ല. 

നോമ്പ് സംഭവിക്കലാണ്. 

ഏകാഗ്രചിത്തനായാൽ നോമ്പ് സംഭവിക്കും, സംഭവിച്ചുപോകും. 

ഏകാഗ്രചിത്തനാവുന്നതാണ് ഈമാൻ, നിയ്യത്ത്, തഖ്വ. നിർഭയത്വം (വിശ്വാസം), ഉദ്ദേശം, സൂക്ഷ്മതാബോധം.

നോമ്പ് അനുകരിച്ച് സംഭവിപ്പിക്കാൻ സാധിക്കുന്നതല്ല.

കാരണം, അനുകാരണത്തിൽ ഏകാഗ്രചിത്തതയില്ല. 

അനുകാരണത്തിൽ ശരിയായ ഈമാനില്ല, നിയ്യത്തില്ല, തഖ്വ ഇല്ല. നിർഭയത്വമില്ല (വിശ്വാസമില്ല), ഉദ്ദേശമില്ല, സൂക്ഷ്മതാബോധമില്ല.

അനുകരിച്ച് ചെയ്യുന്നവർ ഒരുപടിയുണ്ടാവും പക്ഷെ,  വെറും നുര പോലെ.

അനുകാരണത്തിൽ കൃത്യമായറിഞ്ഞ ഉദ്ദേശമില്ല, വഴികൾ ഇല്ല. 

അനുകരിക്കുന്നവൻ ഒരു വഴിയിലും പ്രക്രിയയിലും ഇല്ല.

അനുകാരിക്കുന്നവൻ ഫലം മാത്രം കാണുന്നു, ഫലം കണ്ട് ഫലം മാത്രം ലക്ഷ്യമാക്കുന്നു. 

അനുകരിക്കുന്നവൻ യഥാർത്ഥത്തിലുള്ള പ്രക്രിയയിൽ മുഴുകാൻ ഉദ്ദേശിക്കാതെ ഫലം കണ്ടാഗ്രഹിച്ച് മാത്രം വരുന്നവൻ. 

പക്ഷെ തീയിലൂടെ പോകാതെ, അടിച്ചുപരത്തപ്പെടാതെ സ്വർണ്ണം ആഭരണമാകില്ല.

മാത്തൈ അനുകരിച്ചാൽ മാവാവില്ല.

മാവായി വളരാതെ, മവായി വളാരാൻ ക്ഷമിച്ചും ശ്രമിച്ചും കാത്തുനിൽക്കാതെ, ആരുടെയോ മാങ്ങയെ സ്വന്തം തൈത്തുമ്പിൽ കെട്ടിത്തൂക്കി മാങ്ങയുണ്ടെന്ന് വരുത്തിയാൽ മാവ് ആവില്ല. 

അങ്ങനെ തൈത്തുമ്പിൽ കെട്ടിത്തൂക്കി മാവാണെന്ന് വരുത്തുന്നത് അനുകരണം. അപകടകരമായ അനുകരണം.

തൈ ഒടിഞ്ഞുപോകുക മാത്രം അത്തരം അനുകരണത്തിൻ്റെ ഫലം. 

മൂക്കാത്തതിനെ ഞെക്കിയമർത്തി പഴുപ്പിച്ചെന്ന് വരുത്തുന്നത് പോലെ അനുകരണം. 

എപ്പോഴെങ്കിലും സ്വയം മൂത്ത് പഴുക്കാനുള്ള സാധ്യതയും ആ വഴിയിൽ അസാധ്യമാകുന്നു.

വിറകും വെളളവും പാത്രവും അരിയും തീയിലൂടെയും ചൂടിലൂടെയും കടന്നുപോകാതെ, അവസ്ഥാന്തരത്തിന് വിധേയമാകാതെ ചോറ് ആഗ്രഹിക്കുന്നത് പോലെ അനുകരണം.

********

ആദ്യം പോയി സ്വർണ്ണമഴു കിട്ടിയവൻ്റേത് യഥാർത്ഥത്തിൽ സ്വാഭാവികമായി ഉദ്ദേശശുദ്ധിയോടെ സംഭവിച്ച നോമ്പ്. 

പിറകെ അനുകരിച്ച് പോയവരുടേത് നോമ്പല്ല. 

അതുകൊണ്ട് തന്നെ പിറകെ അനുകരിച്ച് പോയവർക്കൊന്നും, അവർ കൃത്രിമമായി അനുകരിച്ച് ചെയ്യുമ്പോൾ കിട്ടുമെന്ന് പ്രതീക്ഷിച്ച സ്വർണ്ണമഴു പ്രതിഫലമായി കിട്ടിയതുമില്ല. 

കാരണം, 

അനുകരണത്തിൽ സ്വാഭാവികതയില്ല,

അനുകരണത്തിൽ ആത്മാർഥതയില്ല, 

അനുകരണത്തിൽ യഥാർത്ഥ ഉദ്ദേശമില്ല. 

അറിയാമല്ലോ, എല്ലാ പ്രവൃത്തികൾക്കും നിർബന്ധമായ അടിസ്ഥാനം യഥാർഥത്തിൽ അറിഞ്ഞുള്ള ഉദ്ദേശമാണ്, നിയ്യത്താണ്, ആത്മാർഥതയാണ്. 

നിയ്യത്ത് സദ്ധ്യമാകാൻ ആദ്യം വിശ്വാസം തന്നെയായ നിർഭയത്വം (ഈമാൻ) വേണം. 

നിർഭയത്വം നൽകുന്ന സൂക്ഷ്മതബോധം (തഖ്‌വ) വേണം.

ഒരു കാര്യം ഉദ്ദേശിച്ച്, ലക്ഷ്യംവെച്ചാൽ അക്കാര്യത്തിനുവേണ്ടി മാത്രമുണ്ടാവുന്ന സൂക്ഷ്മതാബോധം കാരണം, ജാഗ്രത കാരണം മറ്റുകാര്യങ്ങൾ സ്വമേതയാ വേണ്ടാതാവും, അപ്രസക്തമാവും. 

അതാണ്, അങ്ങനെയാണ് നോമ്പ് സംഭവിക്കുക.

അങ്ങനെ മറ്റുകാര്യങ്ങൾ സ്വയം വേണ്ടാതാവുന്നതാണ്, മറ്റുകാര്യങ്ങളെ അപ്രസക്തമാക്കുന്നതാണ് നോമ്പ്. 

ഭ്രാന്തൻ നായയെ പേടിച്ചോടുന്നവന് ഉദ്ദേശമുണ്ട്, ലക്ഷ്യമുണ്ട്.

അതുകൊണ്ട് തന്നെ അങ്ങനെ ഓടുന്ന വേളയിൽ മറ്റൊന്നും ബാധകമല്ലാത്ത വിധം അവൻ നോമ്പിലാണ്. ഓട്ടത്തിലാണ്. ആ ഓട്ടമാണ് നോമ്പ്. 

"അഊദു ബില്ലാ മിനശ്ശയ്ത്താനിർറജീം" എന്ന് പറഞ്ഞു കൊണ്ടുള്ള രക്ഷതേടിയുള്ള, അഭയം തേടിയുള്ള, ശരണം തേടിയുള്ള ഓട്ടം. നോമ്പ്.

ഈ ഓട്ടത്തിൽ മാറ്റുകാര്യങ്ങൾ അവന് ആരും കല്പിക്കാതെയും പറഞ്ഞുകൊടുക്കാതെയും തന്നെ കൃത്യമായും വേണ്ടാത്തതാവും. 

അതാണ്, അങ്ങനെയാണ് നോമ്പ്.

ഒടുക മാത്രം ചെയ്യുന്ന, ഓടിരക്ഷപ്പെടുക മാത്രം ചെയ്യുന്ന നോമ്പിൽ അവൻ ആ സമയം അകപ്പെട്ടിരിക്കുന്നു.

ജീവിത സത്യത്തെയും ദൈവത്തെയും ആത്മാർത്ഥമായും അന്വേഷിച്ച് തേടുന്നവന്, അഭയവും ശരണവും തേടുന്നവന് ഇത് ജീവിതം മുഴുക്കെ ഈ ഓട്ടം ബാധകമാകുന്നു. നോമ്പ് ബാധകമാകുന്നു.

നിങൾ ഒന്നിനെ നോക്കുക. 

ചുരുങ്ങിയത് നിങ്ങളുടെ വിരലിലേക്ക് നോക്കുക.

ബാക്കിയെല്ലാം ആ ഒന്നിനുവേണ്ടി, ആ വിരളിലേക്ക് നോക്കുന്ന മാത്രയിൽ നിങൾ സ്വാഭാവികമായും കാണാതാവും. 

അതാണ്, അങ്ങനെയാണ് ശരിക്കും സംഭവിക്കുന്ന നോമ്പ്. സ്വാഭാവികമായ നോമ്പ്.

ഉണ്ടെങ്കിൽ ഉള്ള ദൈവത്തിലേക്ക് ശരിക്കും നിങളറിഞ്ഞ് ഓടിയടുക്കുന്നതാണെങ്കിൽ, 

ഭ്രാന്തൻനായയിൽ നിന്നെന്ന പോലെ, പിറകിൽ പിന്തുടരുന്ന ഭ്രാന്തൻനായയിൽ നിന്നെന്ന ഉത്തമബോധ്യത്തോടെ, അതനുസരിച്ചുള്ള ഉദ്ദേശലക്ഷ്യത്തോടെ, ഉണ്ടെങ്കിലുള്ള പിശാചിൽ നിന്നും നിങളറിഞ്ഞ് ഓടിയകലുന്നതാണെങ്കിൽ,  

നിങ്ങൾക്ക് ബാക്കിയൊന്നും വിഷയമല്ലാതാവും. 

അതാണ്, അങ്ങനെയാണ് നോമ്പ് സംഭവിക്കുക. 

അതാണ്, അങ്ങനെയാണ് നോമ്പ് സ്വാഭാവികമായി സംഭവിക്കുക. 

അതാണ്, അങ്ങനെയാണ് നോമ്പ് അനുകരണമല്ലാതെ അഭവിക്കുക. 

അതാണ്, അങ്ങനെയാണ് നോമ്പ് കല്പനകൾ ആവശ്യമില്ലാതെ സംഭവിക്കുക.

രോഗിയായ തൻ്റെ കുഞ്ഞിനെ ശുശ്രൂഷിക്കുന്ന അമ്മ ചെയ്യുന്നത് വെറും അനുകരണമല്ല, ആരുടെയെങ്കിലും കല്പനകൾ കൊണ്ടല്ല. 

ഇങ്ങനെ സംഭവിക്കുന്ന സ്വാഭാവിക നോമ്പിലാണ് ആ അമ്മയും. 

മറ്റൊന്നും ബാധകമാവാതെ, മറ്റൊന്നും വിഷയമാകാതെ.

ബാക്കിയെല്ലാം വേണ്ടാത്തതായി, 

ആവശ്യമില്ലാത്തതായി ഉണങ്ങിയ ഇല പൊഴിയും പോലെ പൊഴിഞ്ഞ് പോയിക്കൊണ്ട് ആ അമ്മ നോമ്പിലാണ്.

ലക്ഷ്യം നേടാനെടുക്കുന്ന എല്ലാ ശ്രമവും പ്രവൃത്തിയും നോമ്പാണ്, 

ലക്ഷ്യം നേടാനെടുക്കുന്ന അത്തരം എല്ലാ പ്രവൃത്തിലും ശ്രമത്തിലും നോമ്പുണ്ട്.

********

No comments: