Friday, March 7, 2025

ഇന്ത്യയെ രണ്ടായി വെട്ടിമുറിച്ചിട്ടില്ല. ഇന്ത്യയെ വിഭജിച്ചു എന്ന് പറയുന്നത് തെറ്റാണ്.

1947 ഓഗസ്റ്റിൽ ഇന്ത്യയെ വെട്ടിമുറിച്ചു, അല്ലെങ്കിൽ പാക്കിസ്ഥാനെ വെട്ടിമുറിച്ചു, രണ്ട് രാജ്യങ്ങൾ ആയി എന്നത് അടിസ്ഥാനപരമായി തെറ്റാണ്. 

കാരണം, ഭരണഘടന വെച്ച് ഇന്ത്യ ഇന്ത്യയായതിനു ശേഷം ഇന്ത്യയെ ആരും വെട്ടിമുറിച്ചിട്ടില്ല. 

1947 ആഗസ്റ്റിന് ശേഷം മാത്രമാണ്, പിന്നീട് 1950ൽ ഭരണഘടന കൂടി ഉണ്ടാക്കിയതിന് ശേഷം മാത്രമാണ് ഇന്നത്തെ ഇന്ത്യയും പാക്കിസ്ഥാനും ഉണ്ടായത്, ഇന്നത്തെ ഇന്ത്യയും പാക്കിസ്ഥാനും ഈ പറയുന്ന അതിർത്തികളോടെ നിർവ്വചിതമായ ഇന്ത്യയും പാക്കിസ്ഥാനുമായത്.

വല്ലനിലക്കും ഈ രണ്ട് രാജ്യങ്ങളിൽ ഒരുരാജ്യം 1947നു ശേഷം വെട്ടിമുറിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അങ്ങനെ വെട്ടിമുറിക്കപ്പെട്ടത് പാകിസ്ഥാൻ  മാത്രമാണ്. 

ഇന്ത്യയെ പേര് കൊണ്ടും അല്ലാതെയും ഇന്ത്യയാക്കുന്നു എന്ന് നാം അവകാശപ്പെടുന്ന സംഗതികളായ സിന്ധുനദിയും മോഹൻജോദാരോയും ഹരപ്പയും ഒക്കെ സ്വന്തമായുള്ള പാക്കിസ്ഥാൻ രണ്ട് രാജ്യങ്ങളായി.  

ബഗ്ലാദേശും പാക്കിസ്ഥാനും.

ഏറെക്കുറെ ഒരേ മതവിശ്വാസികൾ തന്നെയായിരുന്നിട്ടും പാക്കിസ്ഥാനും ബംഗ്ലാദേശും രണ്ടായി.

മതം മാത്രമല്ല വിഭജനത്തിന് ഈ ഇന്ത്യാഉപഭൂഖണ്ഡത്തിൽ കാരണമാകുന്നത് എന്നതിനുള്ള ഉത്തമോദാഹരണം.

പാക്കിസ്ഥാൻ്റെ കാര്യത്തിൽ അങ്ങനെയൊരു വിഭജനം എന്തുകൊണ്ട്  സംഭവിച്ചു ?

കാരണം, 

പാക്കിസ്ഥാൻ ഉണ്ടായത് തന്നെ ഭൂമിശാസ്ത്രപരമായി പാടില്ലാത്ത കോലത്തിലായിരുന്നു, നിലനിൽക്കാത്ത കോലത്തിലായിരുന്നു, ഒരുമിച്ച് ഒരു രാജ്യമായി നിൽക്കാൻ ഒരിക്കലും സാധിക്കാത്ത വിധമായിരുന്നു.

തീർത്തും വിരുദ്ധധ്രുവങ്ങളിൽ വേർപിരിഞ്ഞു നിൽക്കുന്ന ഭൂപ്രദേശങ്ങളെയും ഭാഷാസംസ്കാരങ്ങളെയും ആണ് പാക്കിസ്ഥാനാക്കി മാറ്റിയത്. 

പാക്കിസ്ഥാൻ എന്ന ഒരൊറ്റ രാജ്യത്തിനിടയിൽ  ഇന്ത്യയെന്ന വലിയൊരു രാജ്യം ഉണ്ടായിരുന്നു. 

രണ്ട് ധ്രുവങ്ങളിൽ പരസ്പരം ബന്ധപ്പെടാൻ ഇന്ത്യയല്ലാത്ത മറ്റൊരുവഴിയും ഇല്ലാതെ മാറിനിൽക്കുന്ന രണ്ട് ഭൂപ്രദേശങ്ങൾ ആയിരുന്നു അവിഭക്ത പാക്കിസ്ഥാൻ.

പാക്കിസ്ഥാൻ ഉണ്ടാവുന്നതിനു മുൻപോ ഇന്ത്യ ഉണ്ടാവുന്നതിനു മുൻപോ ഇന്ത്യയും പാക്കിസ്ഥാനും ഉണ്ടായിരുന്നില്ല, ഉണ്ടായിട്ടില്ല. 

ഇന്നത്തെ പാക്കിസ്ഥാനും ഇന്നത്തെ ഇന്ത്യയും ഉണ്ടാവുന്നത്തിന് മുൻപ് ഉണ്ടായിരുന്നത് കുറേ നാട്ടുരാജ്യങ്ങൾ മാത്രമായിരുന്നു. അല്ലാതെ ഇന്ത്യയും പാക്കിസ്ഥാനും ആയിരുന്നില്ല.

ബ്രിട്ടീഷുകാരും മുഗുളരും കുറേ നാട്ടുരാജ്യങ്ങൾ വെട്ടിപ്പിടിച്ച് കുറെയൊക്കെ ഒന്നാക്കുന്നതിന് മുൻപ് പരസ്പരം ബന്ധമില്ലാതെ നിന്നിരുന്ന, പലപ്പോഴും പരസ്പരം പോരടിച്ച് മാത്രം നിലനിന്ന കുറേ നാട്ടുരാജ്യങ്ങൾ.

അല്ലാതെ, നമ്മുടെ ഭാഗത്ത് നിന്ന് പറയുന്നത് പോലെ ഇന്ത്യയെ വിഭജിച്ച് പാക്കിസ്ഥാനും, മറിച്ച് പാക്കിസ്ഥാനെ വിഭജിച്ച് ഇന്ത്യയും ഉണ്ടായതല്ല.

അതുകൊണ്ട് തന്നെ, ഇന്ത്യ ഇന്ത്യയാവുന്നതിനും പാക്കിസ്ഥാൻ പാകിസ്ഥാനാവുന്നതിനും മുൻപ് സംഭവിച്ചതിനെ ഇന്നത്തെ ഇന്ത്യയിലും പാക്കിസ്ഥാനിലും വിഷയമാക്കിയിട്ട് കാര്യമില്ല.  

ഇന്ത്യയും പാക്കിസ്ഥാനും എന്നത് സ്ഥിരസത്യമായ സംഗതി (constant) അല്ല. രാജ്യങ്ങൾ ഒന്നും തന്നെ  ഒരു സ്ഥിരമായ സംഗതി (constant) അല്ല, ആവേണ്ടതില്ല.

ഇന്ത്യ സ്ഥിരമായ സംഗതി (constant) യായിരുന്നുവെന്ന് വരുത്തിയാൽ ഇന്ത്യയിലും പാക്കിസ്ഥാനിലും, എന്നല്ല മറ്റ് പല രാജ്യങ്ങളിലുമുള്ള പലർക്കും വ്യത്യസ്തവും പരസ്പരവിരുദ്ധവുമായ പലതും പറയാനുണ്ടാവും.

ഒന്ന് മറ്റേതിനെ കുറ്റപ്പെടുത്താനില്ല. 

പുറമേനിന്നുള്ള ആരും കുടിയേറി അധിനിവേശം നടത്തി ഉണ്ടായതല്ല രണ്ട് രാജ്യങ്ങളും.

ഇന്ത്യയും പാക്കിസ്ഥാനും ഉണ്ടായത് ഒരിക്കലും ഈ ഭൂപ്രദേശത്ത് ഇല്ലാത്ത ആളുകൾ ഇവിടെ വന്ന് അധിനിവേശം നടത്തിയിട്ടല്ല.

ആ സ്ഥിതിക്ക് ഒരുതരം അനധികൃത അധിനിവേശം നടന്നെന്നും അങ്ങനെ ഈ രണ്ട് രാജ്യങ്ങളിൽ ഏതെങ്കിലും ഒരു രാജ്യം ഉണ്ടായി എന്നും (ഇന്നത്തെ ഇസ്രായേലിൻ്റെ കാര്യത്തിൽ ആരോപിക്കുന്നത് പോലെ) ആരോപിക്കുക സാധ്യമല്ല. 

ഈ രണ്ട് രാജ്യങ്ങളുടെയും ഭൂപ്രദേശത്ത് ഉളളവർ തന്നെ തങ്ങളുടെ ഭൂപ്രദേശത്തെ ഭാഗംവെച്ചത് മാത്രമാണ്, അങ്ങനെ ഭാഗംവെച്ചുണ്ടായത് മാത്രമാണ് ഇന്ത്യയും പാക്കിസ്ഥാനും എന്ന് മാത്രം ഏറിയാൽ പറയാം. 

ഇവിടെയുണ്ടായിരുന്ന ഓരോ നാട്ടുരാജ്യത്തിനും ഏത് ഭാഗം ചേരണം എന്ന കാര്യത്തിൽ ആ സമയത്ത് തെരഞ്ഞെടുപ്പും കൊടുത്തിട്ടുണ്ടായിരുന്നു. 

ഇന്ത്യക്കകത്ത് സംസ്ഥാനങ്ങൾ ഉണ്ടാവുന്നത് പോലെ, പക്ഷെ വേറെ കോലത്തിൽ, വേറെ സാഹചര്യത്തിൽ, ഇന്ത്യയും പാക്കിസ്ഥാനും ഉണ്ടായി എന്ന് മാത്രം നമുക്കിപ്പോൾ പറയാം. 

അപ്പുറത്തും ഇപ്പുറത്തും അപ്പോഴുണ്ടായിരുന്ന സംഘർഷങ്ങളും കലാപങ്ങളും കുരുതികളും മറന്നുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. 

നിക്ഷിപ്ത താല്പരകക്ഷികൾ എന്നുമെന്ന പോലെ അന്നും വേണ്ടാത്തത് പലതും ചെയ്തിട്ടുണ്ട്. ഇന്നും പലയിടത്തും പല രാജ്യങ്ങളിലും പല കാരണങ്ങൾ ഉണ്ടാക്കിയും കാണിച്ചും ഉണ്ടായിക്കൊണ്ടിരിക്കുന്നുമുണ്ട്.

അതുകൊണ്ടായിരുന്നല്ലോ ഇന്ത്യൻ സഹായത്തോടെ നടന്ന 1971ലെ പാക്കിസ്ഥാൻ ബംഗ്ലാദേശ് വിഭജനസമയത്തും അത്രതന്നെയോ അതിലേറെയോ ഒരുപക്ഷേ അതിലും കുറച്ച് കുറഞ്ഞോ സംഘർഷങ്ങളും കലാപങ്ങളും കുരുതികളും നടന്നത്. ബിഹാരിയോ ബംഗാളിയോ എന്ന ഒറ്റചോദ്യം വരെ ആയുധമാക്കിക്കൊണ്ട് 

അമേരിക്ക പോലെ കോൺഫെഡറേഷൻ ആയി നിലനിർത്തുമായിരുന്നെങ്കിൽ ഇന്ത്യ - പാക്കിസ്ഥാൻ (പിന്നീട് ബംഗ്ലാദേശ്) എന്ന മൂന്ന് രാജ്യങ്ങൾ (അഥവാ മൂന്ന് രാജ്യങ്ങളായുള്ള രൂപീകരണം) ഒഴിവാകുമായിരുന്നു. 

പക്ഷെ, പലരും വളരെ സത്യസന്ധമായും ആത്മാർത്ഥമായും മുന്നോട്ട് വെച്ച ആ കോൺഫെഡറേഷൻ ആശയം ഇവിടെ നടന്നില്ല, നടത്തിയില്ല.

വീട്ടുകാർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മാറിയത് മാത്രമാണ് ഇന്ത്യയും പാക്കിസ്ഥാനും ആയത് എന്ന് അതിനാൽ തന്നെ ഇത്തരുണത്തിൽ നാം കരുതണം.

വിദേശഭരണത്തിനെതിരെയായിരുന്നു സ്വാതന്ത്ര്യ സമരം. 

അല്ലാതെ ഇന്ത്യക്ക് വേണ്ടി മാത്രമായിരുന്നു സ്വാതന്ത്ര്യസമരം എന്ന് പറയാനാവില്ല.

ഇന്ത്യയെ ബ്രിട്ടീഷുകാരിൽ നിന്നും തിരിച്ചുപിടിക്കാൻ മാത്രമായിരുന്നു സ്വാതന്ത്ര്യസമരം എന്നും പറയാൻ സാധിക്കില്ല.

കാരണം, ബ്രിട്ടീഷുകാരും മുഗുളരും വരുന്നതിന് മുൻപ് ഇന്ത്യ എന്ന ഒരൊറ്റ രാജ്യം ഇവിടെ ഉണ്ടായിരുന്നില്ല. ഇന്ത്യ എന്നത് ഒരു സ്ഥിരമായ സംഗതി (constant) ആയിരുന്നില്ല.

ഇന്ത്യ എന്തെന്നത് അതുവരെയും ജനങ്ങളുടെ മുൻപിൽ നിർവ്വചിക്കപ്പെട്ട ഒന്നായിരുന്നില്ല

ഇന്ത്യയെന്ന രാജ്യസങ്കല്പം പിന്നീട് ക്രമേണ ഉണ്ടായത് മാത്രമാണ്.

സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമുണ്ടായ ഭരണഘടന വെച്ച് ആയതാണ്, ഉണ്ടായതാണ് ഇപ്പോഴത്തെ ഇന്ത്യ.

********

ഒരു രാജ്യമായതിന് ശേഷം അനേകരാജ്യങ്ങളായ കഥകൾ ഒട്ടേറെ പേറുന്നത് യൂറോപ്പും യുറോപ്പിലെ ഒട്ടനവധി രാജ്യങ്ങളുമാണ്. 

റഷ്യയും ചോക്കോസ്‌ലാവാക്യയും യുഗോസ്ലാവിയയും ഒക്കെ അങ്ങനെ ഒരു രാജ്യമായതിന് ശേഷം കുറേ രാജ്യങ്ങളായി മാറിയതിൻ്റെ മികച്ച ഉദാഹരണങ്ങൾ. 

ജർമ്മനി ഒന്നായി, രണ്ടായി, വീണ്ടും ഒന്നായി.

റഷ്യ മുറിഞ്ഞ് മുറിഞ്ഞ് എത്രയെത്ര രാജ്യങ്ങളായി.

അങ്ങനെയൊന്നും ഇന്ത്യ ഇന്ത്യയായതിന് ശേഷം ഇന്ത്യ മുറിഞ്ഞിട്ടില്ല. 

ലോകത്തിലെ എല്ലാ രാജ്യങ്ങളും മുറിഞ്ഞും തറഞ്ഞും വിഭജിക്കപ്പെട്ടും തന്നെ ഉണ്ടായതാണ്. 

എന്നിരിക്കെ ഇന്ത്യ മാത്രം എന്തോ വലിയ സംഭവമായും പാക്കിസ്ഥാൻ ഉണ്ടായത് മാത്രം എന്തോ വലിയൊരു തെറ്റായും 75 വർഷങ്ങൾക്ക് ശേഷവും നാം വേർപ്പിൻ്റെ കഥകളെ പ്രണയിക്കാൻ വേണ്ടി മാത്രം എടുത്തുപറഞ്ഞു നടക്കേണ്ടതില്ല 

ഇന്ത്യയിൽ മാത്രം ഇപ്പോഴും ഈ വിഭജനത്തിൻ്റെ കഥ മാത്രം എടുത്തെടുത്ത് പറയുന്നു,  പഴയതും പടയിൽചത്തതും മാത്രം തന്നെ പുതിയ കാലത്തും വിഷയങ്ങളാക്കുന്നു, ഭൂതകാലത്തിൽ ഒരു വലിയ ജനതയെ തളച്ചിട്ട്, വെറുപ്പും വിഭജനവും വീണ്ടും വീണ്ടും ഉണ്ടാക്കുന്ന രാഷ്ട്രീയം മേൽക്കോയ്മ നേടുന്നു. ഇതിങ്ങനെ തന്നെ ഇവിടെ നടക്കാനും തുടരാനും അനുവദിക്കാമോ?

No comments: