മുഹമ്മദ് ഷമി നോമ്പ് അനുഷ്ഠിക്കാത്തത് എന്തിന്, എങ്ങനെ മറ്റുള്ളവരെ ബാധിക്കണം?
തീർത്തും വ്യക്തിപരമായ കാര്യമാണ് ഇസ്‌ലാമികമായി പോലും നോമ്പ്.
റമദാൻ മാസം എല്ലാവരും ഒരുമിച്ച് ചെയ്യുന്നു എന്നത് കൊണ്ട് നോമ്പ് വ്യക്തിപരമായ കാര്യവും തെരഞ്ഞെടുപ്പും അല്ലാതാവുന്നില്ല.
മതം ഏതൊരാളുടെയും തെരഞ്ഞെടുപ്പാണ്.
തെരഞ്ഞെടുക്കുന്നതും തെരഞ്ഞെടുക്കാതിരിക്കുന്നതും ദൈവം ഒരാൾക്ക് കൊടുത്ത സ്വാതന്ത്ര്യം.
തെരഞ്ഞെടുക്കുന്നതും തെരഞ്ഞെടുക്കാതിരിക്കുന്നതും രണ്ടും ഒരുപോലെ മാനിക്കപ്പെടേണ്ടത്
ദൈവം കൊടുത്ത സ്വാതന്ത്ര്യം ചോദ്യംചെയ്യാൻ നിങ്ങളാര്?
സ്വാതന്ത്ര്യവും തെരഞ്ഞെടുപ്പും ഇല്ലെങ്കിൽ ജീവിതം പരീക്ഷണവും പരീക്ഷയും ആണെന്ന ഇസ്‌ലാമിക നിലപാട് തന്നെ എങ്ങനെ ശരിയാവും?
ഷമിയുടെ സ്വാതന്ത്ര്യം ചെയ്യാൻ നിങൾ ദൈവത്തേക്കാൾ വലിയ ദൈവമാണോ?
ആരുടെയും മതവിശ്വാസം മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ കയ്യിടാനുള്ള ലൈസൻസല്ല.
ആരും ആരുടെ മേലും വിധികർത്താവ് ആവാൻ ദൈവം അനുവദിച്ചിട്ടില്ല.
ഒരു ദൈവവും ആർക്കും മറ്റുള്ളവരുടെ മേൽ വിധികർത്താവ് ആവാൻ കല്പനയും നൽകിയിട്ടില്ല.
എന്നിരിക്കെ, ഷമിയുടെ മേൽ വിധിപറയാനും ഷമിയെ ശിക്ഷിക്കാനും രക്ഷിക്കാനും നിങ്ങളാര്?
ഒരാൾക്ക് ദൈവവുമായി നേരിട്ടുള്ള ഇടപാട് മാത്രമാണ് നോമ്പ്.
അയാൾക്കും, ഉണ്ടെങ്കിലുളള ദൈവത്തിനും മാത്രം അറിയേണ്ടത്, അറിയുന്നത് നോമ്പ് ഉണ്ടോ ഇല്ലേ എന്നത്.
യാത്രക്കാരന് നോമ്പ് വേണ്ട എന്നത് ഇസ്‌ലാമികമായി തന്നെ വിധിയുള്ളത്.
പ്രവാചകൻ തന്നെയും ബദർ യുദ്ധവേളയിൽ പതിനേഴാം നോമ്പിന് ഉച്ചക്ക് യുദ്ധത്തിൽ പങ്കെടുക്കുന്ന എല്ലാവരോടും നോമ്പ് മുറിക്കാൻ കല്പിച്ചിരുന്നു. കാരണം, യാത്ര, യുദ്ധം, ക്ഷീണം. യുദ്ധം ജയിക്കാൻ ശക്തിയും ഊർജവും വേണമെന്ന ചിന്ത.
പ്രവാചകൻ തന്നെയും ആ വേളയിൽ പരസ്യമായി വെള്ളം കുടിച്ച് നോമ്പ് മുറിച്ച് കാണിച്ചുകൊടുക്കയും ചെയ്തിരുന്നു.
കളിക്കാരനായ ഷമി ഏതർത്ഥത്തിലും യാത്രയിലാണ് എന്ന് മനസ്സിലാക്കാനുള്ള സാമാന്യയുക്തിയെങ്കിലും വിശ്വാസത്തിൻ്റെ പേരിൽ പോലും ഉണ്ടാവേണ്ടത്.
അതിനാൽ നോമ്പെടുക്കാത്തതിൻ്റെ പേരിൽ, കാളപെറ്റു കയറെടുത്തു എന്ന പോലെ വാളെടുക്കുന്നവൻ സ്വയം അവനവനിലേക്ക് തിരിഞ്ഞു ചിന്തിക്കേണ്ടതാണ്.
ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ചത് കൊണ്ട് ആരുടെയും നോമ്പ് നോമ്പാവില്ല.
നോമ്പില്ലെന്ന് പറഞ്ഞത് കൊണ്ട് ആരുടെയും നോമ്പ് ഇല്ലാതാവില്ല,
നോമ്പ് ഉണ്ടെന്ന് പറയുന്നത് കൊണ്ട് മാത്രം ആരും നോമ്പുള്ളവനും ആകില്ല.
അതേസമയം തന്നെ പറയട്ടെ.
ഷമി നോമ്പ് അനുഷ്ഠിക്കുന്നില്ല എന്ന ഒറ്റക്കാരണത്താൽ മാത്രം ദേശഭക്തനും ദേശസ്നേഹിയും ആവില്ല.
നോമ്പ് അനുഷ്ഠിക്കുന്നില്ല എന്ന ഒറ്റക്കാരണത്താൽ മാത്രം ഒരാൾ ദേശഭക്തനും ദേശസ്നേഹിയും ആവുമെന്ന് കരുതുന്നവരുടെ മനോഗതം മനസ്സിലാവുന്നില്ല.
നോമ്പ് അനുഷ്ഠിച്ചാലും കളിയിൽ ഒരു കാച്ച് വിട്ടുപോയാലും ഇല്ലാതാവുന്നതാണോ ദേശസ്നേഹവും ദേശഭക്തിയും?
നോമ്പ് അനുഷ്ഠിച്ചാലും കളിയിൽ ഒരു കാച്ച് വിട്ടുപോയാലും ആകുന്നതാണോ ദേശദ്രോഹി?
No comments:
Post a Comment