ലാ ഇലാഹ ഇല്ലല്ലാഹ്.
എന്തൊരു ധീരമായ പറച്ചിലാണത്!!!
പ്രത്യേകിച്ചും ആ ചെറിയ വാചകത്തിൻ്റെ ആദ്യ പകുതി.
ലാ ഇലാഹ - ദൈവങ്ങൾ ഒന്നുമില്ല.
ഒന്നുമില്ല, ഒരു കുന്തവും ദൈവവും ഇല്ല. ലാ ഇലാഹ.
അതും:
ഒന്നും ഒരു കുന്തവും ദൈവവും ഇല്ലെന്ന് കണ്ണുകൊണ്ട് കണ്ടെന്ന പോലെ പറയണം എന്ന നിർദേശം, കണ്ണുകൊണ്ട് കാണുന്നത് പോലെ സാക്ഷ്യപ്പെടുത്തിപ്പറയണം പോൽ.
അതാണ് ശഹാദത്ത്.
അങ്ങനെ സാക്ഷ്യപ്പെടുത്തി ചൊല്ലുന്ന വാചകത്തിന് പറയുന്ന പേരാണ് ശഹാദത്ത് കലിമ, ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളിൽ ആദ്യത്തേതായ കാര്യം. മുസ്ലിമാകാനുള്ള ഒന്നാമത്തെ കാര്യമായ ശഹാദത്ത് കലിമ. സാക്ഷ്യവാചകം.
ആർക്കങ്ങനെ കണ്ടുറപ്പിച്ചെന്ന പോലെ സാക്ഷ്യപ്പെടുത്തിപ്പറയാൻ സാധിക്കും?
എത്രമാത്രം ധൈര്യവും തൻ്റേടവും തിരിച്ചറിവും വേണം അങ്ങനെ ഒന്നുമില്ല, ഒരു കുന്തവും ദൈവവും ഇല്ല എന്ന് മുഹമ്മദ് നബിയെ പോലെ ഒരാൾക്ക് ആദ്യമായ് അങ്ങനെ പറയാൻ?
മറ്റുള്ളവരോടും അങ്ങനെ സാക്ഷ്യപ്പെടുത്തിപ്പറയാൻ തക്കോണം വളർന്ന് പറയാൻ ആവശ്യപ്പെടാൻ?
എത്രമാത്രം വ്യക്തതയും ഉറപ്പും വേണം അങ്ങനെയൊന്നുമില്ലെന്ന് ഒരാൾ ചിന്തിച്ചുറപ്പിച്ചുപോകാൻ?
ഈ ജീവിതത്തിനും പ്രപഞ്ചത്തിനും പിന്നിൽ ഹേതുവായി (നിയന്ത്രിച്ചുകൊണ്ടോ നിയന്ത്രിക്കാതെയോ) നിൽക്കുന്ന ഒന്നും ഒരു കുന്തവും ദൈവവും എവിടെയും ഇല്ല എന്ന് യാന്ത്രികമായല്ലാതെ, ബോധപൂർവ്വം സാക്ഷ്യപ്പെടുത്തി തീർത്തുപറയാൻ എങ്ങനെ സാധിക്കും!!!???
അതും, നാമാരും നമ്മെയോ ചുറ്റുപാടിനെയോ നമ്മിലെ തന്നെ ഡിഎൻഎയെയോ രക്തചംക്രമണത്തെയോ പോലും യഥാർത്ഥത്തിൽ നിശ്ചയിക്കുക്കയോ നിയന്ത്രിക്കുകയോ സംവിധാനിക്കുകയോ ചെയ്യാതിരിക്കെ.
അങ്ങനെ ഒന്നുമില്ല, ഒരു കുന്തവും ദൈവവും ഇല്ലെന്ന് ഒരാൾക്ക് തീർത്തുപറയാനാവണമെങ്കിൽ,
അയാൾ ആദ്യം :
പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങൾ മുഴുവൻ, മാനങ്ങളായ മാനങ്ങൾ (dimensions) മുഴുവൻ കടന്ന്, ചുറ്റിനടന്നന്വേഷിച്ചുറപ്പിക്കണം.
അവിടെവിടെയും ഒരു മാനത്തിലും ഒന്നും ഒരു ദൈവവും ഒരു കുന്തവും നമുക്ക് ഹേതുവായും നമ്മെ നിയന്ത്രിക്കുന്ന ശക്തിയായും നിലനിൽക്കുന്നില്ലെന്ന്.
പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങൾ മുഴുവൻ ചുറ്റിനടന്നന്വേഷിച്ച് ഉറപ്പിക്കാതെ, മാനങ്ങളായ മാനങ്ങൾ (dimensions) മുഴുവൻ കടന്നുപോകാതെ ആർക്ക് എങ്ങിനെ ഉറപ്പിച്ചുപറയാൻ സാധിക്കും "ഒന്നുമില്ല, ഒരു കുന്തവും ദൈവവും ഇല്ലെ"ന്ന്? "ലാ ഇലാഹ" എന്ന്.
വെറും വെറുതെയല്ലാതെ.
വെറുതേ പോലും ആർക്കും പറയാൻ സാധിക്കാത്തത്ര ഗൗരവതരമായ കാര്യം "ഒന്നും ഒരു കുന്തവും ദൈവവും ഇല്ല, ലാ ഇലാഹ" എന്നത്.
ഒരുതരം സ്വാർഥതയും അവകാശവാദവും കാല്പനികതയും മേൽക്കോയ്മാചിന്തയും നിഴലിക്കാത്തതായി മാത്രം പറയാവുന്ന പറച്ചിൽ "ഒന്നും ഒരു കുന്തവും ദൈവവും ഇല്ല, ലാ ഇലാഹ" എന്നത്.
എല്ലാ സ്വാർഥതകളെയും അവകാശവാദങ്ങളെയും കാല്പനികതകളേയും കരിച്ചുകളയുന്ന പറച്ചിൽ മാത്രം "ഒന്നുമില്ല, ഒരു കുന്തവും ദൈവവും ഇല്ല, ലാ ഇലാഹ" എന്നത്.
അനുകരിച്ചും യാന്ത്രികമായും പറയാൻ സാധിക്കാത്തത് മാത്രം "ഒന്നുമില്ല, ഒരു കുന്തവും ദൈവവും ഇല്ല, ലാ ഇലാഹ" എന്നത്.
സ്വന്തം മനസ്സാക്ഷിയെ തുടർച്ചയായി ചോദ്യം ചെയ്ത് മാത്രം, സ്വന്തം മനസ്സാക്ഷിയിൽ ആവർത്തിച്ച് സ്ഫുടം ചെയ്ത് മാത്രം പറയാൻ സാധിക്കുന്നത് "ഒന്നുമില്ല, ഒരു കുന്തവും ദൈവവും ഇല്ല, ലാ ഇലാഹ" എന്നത്.
"ഒന്നുമില്ല, ഒരു കുന്തവും ദൈവവും ഇല്ല, ലാ ഇലാഹ" എന്നത് ഒരു വിശ്വാസിയുടെ ഒന്നാമതായി ധീരമായി ഉയർത്തിപ്പിടിക്കുന്ന പ്രധാന കാര്യമാവുന്നത് പിന്നത്തെ കാര്യം.
കൃത്യമായ സത്യസന്ധതയും ധീരതയും ഉയർത്തിപ്പിടിക്കുന്ന കാര്യം, പറച്ചിൽ "ഒന്നുമില്ല, ഒരു കുന്തവും ദൈവവും ഇല്ല, ലാ ഇലാഹ" എന്നത്.
എങ്കിലൊരു ചോദ്യം വരും.
ഒന്നുമില്ല, ഒരു കുന്തവും ദൈവവും ഇല്ലെങ്കിൽ പിന്നെ, സമർപ്പണം എന്നർത്ഥം വരുന്ന ഇസ്‌ലാം പിന്നെ എന്തിനുള്ള, ആർക്കുള്ള സമർപ്പണമാണ്?
ഉത്തരം ഒന്നേയുള്ളൂ.
എങ്ങനെയായാലും, ഒന്നുമില്ലെന്ന് വന്നാലും, ഇല്ലായ്മയിലും ബാക്കിയാവുന്ന പ്രപഞ്ചികതയും പ്രാപഞ്ചികതാളവും തന്നെയായതിന് മാത്രമുള്ള സമർപ്പണം. ഇസ്‌ലാം.
എങ്കിൽ "ലാ ഇലാഹി"ൻ്റെ കൂടെത്തന്നെ പറയുന്ന "ഇല്ലല്ലാഹ്" അല്ലാഹു ഒഴികെ എന്ന് പറയുന്നതോ?
"ഇല്ലല്ലാഹ്" എന്ന "അല്ലാഹു ഒഴികെ" എന്നത് എന്താണ്?
ഒന്നുമില്ലെന്നതിൻ്റെ നേരർത്ഥം ഒന്ന് മാത്രമേ ഉളളൂ എന്നത് കൂടിയാണ്.
ഒന്നുമില്ല, ഒരു ദൈവവുമില്ല എന്നിരിക്കെ രൂപപ്പെടുന്ന എല്ലാറ്റിനും കാരണമായ ഇല്ലായ്മയെ തന്നെ ദൈവമായി, ഒന്നായി കാണുക, വിളിക്കുക.
നാം നമ്മുടെ മാനദണ്ഡങ്ങൾ വെച്ച് മാത്രം ഇല്ലായ്മയാണ് എന്ന് മനസ്സിലാക്കുന്ന സംഗതി കൂടിയാണ് അല്ലാഹു എന്ന് വ്യക്തമാക്കുക.
അതും വെറുതേ പറഞ്ഞുകൂടാ.
എല്ലാം നിഷേധിച്ച് ഒന്നുമില്ലെന്ന് പറയും പോലെ തന്നെ, ഒന്നുമില്ലാത്തതിന് പകരമായി ഒന്നുണ്ടെന്ന്, ഒന്ന് മാത്രമുണ്ടെന്ന് പറയുക.
അതും സാക്ഷിയായി സാക്ഷ്യപ്പെടുത്തിപ്പറയണം. ശഹാദത്ത്.
വേറെയൊരുതരം അവകാശവാദങ്ങളിലും കുടുങ്ങിപ്പോകേണ്ട കാര്യമില്ലെന്ന പോലെയുള്ള ഒന്ന് മാത്രം എന്ന തുറന്നപറച്ചിൽ, ശഹാദത്ത്.
എല്ലാറ്റിനും കാരണം നമുക്ക് ഇല്ലായ്മ എന്ന് തോന്നുന്ന ഇല്ലായ്മയാണ് (ദൈവമാണ്) എന്നതിൽ ആർക്കും തർക്കം ഉണ്ടാവില്ല, ഉണ്ടാവേണ്ടതില്ല എന്നതിനാൽ രൂപപ്പെടുന്ന സാക്ഷ്യംപറച്ചിൽ.
ഒന്നുമില്ലെങ്കിലും ബാക്കിയാവുന്നതാണ്, ഇല്ലായ്മ എന്ന് നമുക്ക് നമ്മുടെ മാനദണ്ഡങ്ങൾ വെച്ച് നമുക്ക് വിശേഷിപ്പിച്ച് പറയാനാവുന്ന ദൈവം, ദൈവസങ്കല്പം എന്ന സാക്ഷ്യംപറച്ചിൽ. ശഹാദത്ത്.
ഒന്നുമില്ലെന്ന "ലാ ഇലാഹ" തന്നെയാണ്, ഒന്നുമില്ലെന്ന് വന്നാൽ ബാക്കിയാവുന്ന ഇല്ലായ്മ കൂടിയായ "ഇല്ലല്ലാഹ്" "അല്ലാഹു ഒഴികെ" എന്നത്.
ഒന്നുമില്ലായ്മ തന്നെയായ, ഒന്നുമില്ലായ്മയിലും ബാക്കിയാവുന്ന ദൈവസങ്കങ്കൽപം "ഇല്ലല്ലാഹ്", "അല്ലാഹു ഒഴികെ" എന്നത്
"യഥാർത്ഥത്തിൽ ഉള്ളതൊഴികെ ഒന്നുമില്ല" എന്നതാവണം "ലാ ഇലാഹ് ഇല്ലല്ലാഹ്" "ഒന്നുമില്ല, ഉള്ളതൊഴികെ" എന്നതിൻ്റെ അർത്ഥം.
ഒന്നുമില്ലെന്ന് പറയാൻ എടുക്കുന്ന അതേ കഠിനചിന്തയും പണിയും തന്നെയാണ് ഒന്ന് മാത്രം എന്ന് പറയാനുള്ള കഠിനചിന്തയും പണിയും.
ഒന്നുമില്ലെന്ന് പറയുന്നതിന് തുല്യമാണ് ഒന്ന് മാത്രം എന്ന് പറയുന്നത് എന്നർത്ഥം വരുന്ന ലാ ഇലാഹ ഇല്ലല്ലാഹ് എന്ന സാക്ഷ്യംപറച്ചിൽ.
ലാ ഇലാഹ് എന്നതിന് തുല്യമാണ് ഇല്ലല്ലാഹു എന്ന സാക്ഷ്യംപറച്ചിൽ.
അല്ലാഹു എന്നതിന് പ്രത്യേകമായ അർത്ഥമില്ല, ഗുണമില്ല, രൂപമില്ല. ഇല്ലായ്മക്ക് എന്ന പോലെത്തന്നെ.
ഇല്ലായ്മക്കും ഉണ്ടെങ്കിൽ ഉള്ള അർത്ഥം, രൂപം, ഗുണം യഥാർത്ഥത്തിൽ ഉള്ളത് എന്നത് മാത്രമാവണം.
അതുകൊണ്ട് തന്നെ ഖുർആൻ എവിടെയും ആ അല്ലാഹു എന്തെന്ന് നിർവ്വചിച്ചു പറഞ്ഞില്ല.
എന്തെന്ന് പറഞ്ഞില്ല. എങ്ങിനെയെന്ന് പറഞ്ഞില്ല.
ഉള്ള, നിലവിലുണ്ടായിരുന്ന എല്ലാ നിർവ്വചനങ്ങളിൽ നിന്നും രൂപ, ഗുണ, വിശേഷണങ്ങളിൽ നിന്നും മോചിപ്പിക്കുക മാത്രം, മാറ്റിനിർത്തുക മാത്രം ചെയ്തു.
എന്നിട്ടും ഖുർആൻ അല്ലാഹു എന്നതിനെ എങ്ങിനെയെങ്കിലും പരിചയപ്പെടുത്തിയില്ല. പകരം പറയുന്നത് എങ്ങിനെയെന്ന് കാണുക.
"നീ പറയുക: അത്, അല്ലാഹു ഏകം.
നിരാശ്രമായത് (എല്ലാവരാലും എല്ലാ സംഗതികളാലും ആശ്രയിക്കപ്പെടുന്നത്).
ജനിപ്പിച്ചിട്ടില്ല, ജനിച്ചിട്ടില്ല.
അതിന് (അല്ലാഹുവിന്) തുല്യമായി (തുലനം ചെയ്ത് വിശദീകരിച്ച് പറയാൻ) ഒന്നുമില്ല" (ഖുർആൻ).
വേറൊരിടത്ത് വേറൊരു കോലത്തിൽ പറഞ്ഞു:
" നിന്നോട് അവർ ആത്മാവിനെ (ദൈവത്തെ) കുറിച്ച് ചോദിക്കുന്നു.
നീ പറയുക :
(നിനക്ക് ഒന്നും പറയാൻ സാധിക്കാത്ത വിധം)
ആത്മാവ് (ദൈവം) എന്തെന്നത്
അതിൻ്റെ തന്നെ (അല്ലാഹുവിൻ്റെ തന്നെ) കാര്യത്തിൽ പെട്ട (അറിവിൽ പെട്ട) കാര്യമാണ്" എന്ന് (ഖുർആൻ)
No comments:
Post a Comment