Tuesday, January 30, 2024

ബിജെപിയും മേൽജാതി സമവാക്യവും ഒരു ചോദ്യം.

ഒരേയൊരു ചോദ്യം: ബിജെപിയും മേൽജാതി സമവാക്യവും സംബന്ധിച്ച് തന്നെ ഈ ചോദ്യം.

അറിയാത്തത് കൊണ്ട് മാത്രം ചോദിക്കുന്നതാണ്.

ചോദിക്കാൻ പാടില്ലാത്തതാണ്.

ജാതിയും മതവും ചോദിക്കരുത്, പറയരുത്. 

ശരിയാണ്.

പ്രത്യേകിച്ചും മതേതരരെന്ന് എപ്പോഴും പുറമേ അവകാശപ്പെടുന്നവർ ജാതിയും മതവും പറയരുത്, ചോദിക്കരുത്. 

എന്നുവെച്ച് ഉളളത് പറയാതിരിക്കാനും, ഉള്ളത് വെച്ച് ചോദിക്കാതിരിക്കാനും സാധിക്കില്ലല്ലോ?

ഉള്ളത് ഉള്ളത് പോലെ പറയണമല്ലോ, ചോദിക്കണമല്ലോ? 

എന്തെല്ലാം പുറമേക്ക് അവകാശപ്പെട്ട് പറഞ്ഞാലും, ജനിക്കുമ്പോഴും മരിക്കുമ്പോഴും പിന്നെ വിദ്യാഭ്യാസവും തൊഴിലും നേടാനും വിവാഹം ചെയ്യാനും ഔപചാരികമായി തന്നെ ജാതിയും മതവും ചോദിക്കുകയും പറയുകയും തെളിയിക്കുകയും ചെയ്യേണ്ടി വരുന്ന നമ്മുടെ നാട്ടിൽ ഇത് ചോദിക്കാതിരുന്നിട്ട് കാര്യമില്ല. 

പ്രത്യേകിച്ചും ജനങ്ങളെ രാഷ്ട്രീയമായി വരെ സംഘടിപ്പിക്കുന്നതും രാജ്യത്തിൻ്റെ  ഭരണം പിടിക്കുന്നതും എല്ലാ ജീവൽപ്രധാനമായ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിച്ചുവിട്ടുകൊണ്ട് അതേ ഭരണം നിലനിർത്തുന്നതും മതവും ജാതിയും പറഞ്ഞുകൊണ്ട് മാത്രമാകുമ്പോൾ. അമ്പലവും പള്ളിയും വരെ അതിൽ ഏറ്റവും വലിയ വിഷയമാകുമ്പോൾ

ഇന്ത്യയിലുള്ളതും ഇന്ത്യയിൽ നടക്കുന്നതും വെച്ച് തന്നെ സംസാരിക്കണമല്ലോ, ചോദിക്കണമല്ലോ? 

അതുകൊണ്ട് മാത്രം ഒരേയൊരു ചോദ്യം.

എന്തുകൊണ്ടാണ് ഉയർന്ന ജാതിക്കാരിലധികവും ബിജെപിയിൽ? 

കേരളത്തിലെയും ദക്ഷിണേന്ത്യയിലെയും കാരൃം നോക്കിക്കാണുമ്പോൾ ചോദിച്ചുപോകുന്നതാണ്. 

ചുറ്റുവട്ടത്തെ വളരെ അടുത്ത സുഹൃത്തുക്കളെ വരെ നിരീക്ഷിക്കുമ്പോൾ ചോദിച്ചുപോകുന്നതാണ്.

കണ്ടറിയുന്ന ബിജെപിക്കാരിലധികവും മേൽജാതിക്കാർ. 

അല്ലെങ്കിൽ, കണ്ടറിയുന്ന  മേൽജാതിക്കാരധികവും ബിജെപിയിൽ.

ഇവരിലധികവും ചോക്ലേറ്റ് പൊതിഞ്ഞ വിദ്വേഷവും വിഷവുമായി. ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളായി. അവസരമൊക്കുന്നത് കാത്ത്. തങ്ങളുടെ ശരിയായ വിഷം പുറത്തെടുക്കാൻ. അല്ലാതെ, പുറത്ത് പറയാൻ കൊള്ളാത്ത എന്തോ ആണ് ബിജെപി ആർഎസ്എസ് ബന്ധം എന്നത് പോലെ. ഒളിഞ്ഞും ഒളിപ്പിച്ചും.

ഇതിന് പ്രത്യേകമായ വല്ല കാരണങ്ങളുമുണ്ടോ?

പുട്ടിനു തേങ്ങപ്പീര എന്നപോലെ മുകളിൽ എവിടെയൊക്കെയോ ചില താഴ്ന്നജാതിക്കാർ ഉണ്ടെങ്കിലും പൊതുവേ കാണുന്ന കഥ മേൽജാതിക്കാർ വേഗം ബിജെപിയിലേക്ക് ആകർഷിക്കപ്പെടുന്നു എന്നതാണ്. 

മേൽജാതിക്കാർ വേഗം ബിജെപിയിലേക്ക് ആകർഷിക്കപ്പെടാൻ എന്തെങ്കിലും പ്രത്യേക കാരണങ്ങളുണ്ടോ?

മുസ്ലിം ക്രിസ്ത്യൻ മതന്യൂനപക്ഷ വെറുപ്പ് പൊതുവേ മേൽജാതിക്കാരിൽ വേഗം വേരോടുന്നത് കാണുന്നു.

അങ്ങനെയുണ്ടെങ്കിൽ എന്തുകൊണ്ടാണ് മുസ്ലിം ക്രിസ്ത്യൻ മതന്യൂനപക്ഷ വെറുപ്പ് മേൽജാതിക്കാരിൽ വേഗം സംഭവിക്കുന്നത്? 

അവർ അനുഭവിച്ചുപോന്ന, അനുഭവിച്ച് പോന്നിരുന്ന ജാതിമേൽക്കോയ്മയേ ക്രിസ്തുമതവും ഇസ്ലാമും നഖശിഖാന്തം എതിർക്കുന്നു, ചോദ്യംചെയ്യുന്നു എന്നത് മാത്രം കൊണ്ടാവുമോ?

യഥാർഥത്തിൽ കീഴ്ജാതി ന്യൂനപക്ഷ സംവരണത്തിന് എതിരാണ് ബിജെപി എന്നത് മേൽജാതിക്കാരിൽ ഒരുതരം ബിജെപി അനുകൂല നിലപാട് ഉടലെടുക്കാൻ കാരണമായോ?  

തങ്ങൾ ഇതുവരെയും അനുഭവിച്ചുപോന്ന സുഖസൗകര്യങ്ങൾ സംവരണം കാരണം തങ്ങളുടെ കുട്ടികൾക്ക് കൂടി അനുഭവിക്കാൻ സാധിക്കാതെ പോകുമോ എന്ന വികൃതമായ, ഒളിഞ്ഞുനിൽക്കുന്ന, പൊതുമധ്യത്തിൽ നിന്നും ഒളിച്ചുവെക്കുന്ന ഭയം ബിജെപിക്കുള്ള പിന്തുണയായി മാറുന്നുവോ?

എടുത്തുപറയാവുന്ന മറ്റെന്തെങ്കിലും പ്രത്യേക കാരണങ്ങളുണ്ടോ മുസ്ലിം ക്രിസ്ത്യൻ മതന്യൂനപക്ഷ വെറുപ്പ് മേൽജാതിക്കാരിൽ കൂടുതലായി സംഭവിക്കാൻ? 

ഹിന്ദു എന്ന മതവിചാരവും മതവികാരവും ഹിന്ദു എന്ന നിലക്കുള്ള പ്രതിരോധവും ഉയർന്നജാതിയിൽ കൂടുതലായി ഉണ്ടാവാൻ എന്തെങ്കിലും പ്രത്യേക കാരണങ്ങളുണ്ടോ? 

ജാതീയമായി തങ്ങളനുഭവിച്ച് പോന്ന സുഖസൗകര്യങ്ങൾ തട്ടിത്തെറിപ്പിക്കാൻ വന്ന ക്രിസ്തീയ ഇസ്ലാ മതങ്ങൾക്കെതിരെ മതപരമായി സംഘടിക്കുക, പോരടിക്കുക എന്നത് തങ്ങളുടെ തന്നെ അതിജീവനപ്പോരാട്ടവും നിലനില്പിൻ്റെ പ്രശ്നവും ആണെന്നവർ മനസ്സിലാക്കിയത് കൊണ്ടാവുമോ?

ഉയർന്ന ജാതിക്കാർക്ക് ഒരു സംഘടിത സ്വഭാവം ഉള്ളത് കൊണ്ടാണോ ഹിന്ദു എന്ന തോന്നലും അവരിൽ വേഗം സംഭവിക്കുന്നത്?

അതുകൊണ്ടാണോ, സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുന്നത് പോലെ, ഉയർന്നവനാവൻ ഉള്ളിൽ സ്വയം ഒളിച്ചു കൊതിക്കുന്ന ഓരോ അസംഘടിത താഴ്ന്ന ജാതിക്കാരനും എങ്ങിനെയൊക്കെയോ ഉയർന്ന ജാതിക്കാരൻ വിരിക്കുന്ന വലയിൽ ഒരുനിലക്കും പ്രതിരോധിക്കാൻ സാധിക്കാതെ പെട്ടുപോകുന്നത്?

*******

ജാതീയതയിൽ വിശ്വസിച്ച് ജീവിക്കുന്ന ഉയർന്ന ജാതിക്കാർക്ക് താഴ്ന്ന ജാതിക്കരോട് കാര്യമായും വെറുപ്പും അകൽച്ചയും ഉണ്ട്. 

പക്ഷേ അത്  മുസ്ലിം ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റ്കാരോട് ഉള്ളത് പോലെയല്ല.

മുസ്ലിം ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റ്കാരോട് ഉള്ളത് വേറെ കോലത്തിൽ ആണ്.

എന്തുകൊണ്ടും താഴ്ന്ന ജാതിക്കരോട് കാണിക്കുന്ന, കാണിക്കാനാവുന്ന അയിത്തത്തിന് തടസ്സം മുസ്ലിം ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റ് സാന്നിധ്യമാണല്ലോ? 

അതാണ് ഉയർന്ന ജാതിക്കാർക്ക് കാര്യമായും മുസ്ലിം ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റ്കാരോട് വല്ലാത്ത തീർത്താൽ തീരാത്ത വെറുപ്പ് ഉണ്ടാവാൻ കാരണമായത്. 



തെരുവ് നായ്ക്കളെ കൊന്ന് തീർക്കുക പരിഹാരമല്ല. ഭൂമി മനുഷ്യന് വേണ്ടി മാത്രമല്ല.

ഈ പ്രപഞ്ചവും അതിലുള്ളതും 

നിനക്ക് വേണ്ടിയാണ്. 

ശരിയാണ്.


പക്ഷേ, നിനക്ക് വേണ്ടി മാത്രമല്ല; 

ഓരോ അണുവിനും ഉറുംബിനും 

ആനക്കും വേണ്ടി കൂടിയാണ്. 


നീയും അവയും അകപ്പെട്ട മാനം 

അനുവദിക്കുന്നത്ര, ആവശ്യപ്പെടുന്നത്ര.

******

മനുഷ്യരെ കടിക്കുന്നത് കൊണ്ട് തെരുവ് നായ്ക്കളെ മുഴുവൻ കൊല്ലുകയോ?

എങ്കിൽ എല്ലാം നശിപ്പിക്കുന്ന, പോരാത്തതിന് മനുഷ്യനെയും നശിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്ന മനുഷ്യനെയും മനുഷ്യനേതാക്കളെയും എന്ത് ചെയ്യണം?

*******

തെരുവ് നായ്ക്കളെ കൊന്ന് തീർക്കുക പരിഹാരമല്ല.

മറ്റ് പരിഹാരങ്ങൾ കാണാൻ ശ്രമിക്കാതെ ഏകപക്ഷീയമായി തലവേദനക്ക് തലവെട്ട് എന്നത് പോലെ പരിഹാരം നിർദ്ദേശിക്കുകയല്ല വേണ്ടത്. 

തലയും നായ്ക്കളും വീണ്ടും പലതിനും പലനിലക്കും പ്രകൃതിയെന്ന വലിയ ശരീരത്തിൻ്റെ സമഗ്രതയിൽ ആവശ്യമുള്ളതാണ്. 

മനുഷ്യരും ഈ ഭൂമിയിലും പ്രകൃതിയിലും മറ്റേതൊരു ജീവിയും പോലെ ഒരു ജീവി മാത്രം. 

ഈ ഭൂമിയും പ്രകൃതിയും മനുഷ്യകേന്ദ്രീകൃതമല്ല. 

ഈ ഭൂമി മനുഷ്യന് വേണ്ടി മാത്രം എന്ന് കരുതരുത്.

ഈ ഭൂമി തെരുവ് നായ്ക്കൾക്കും ഉറുംബിനും പാമ്പിനും കൂടിയുള്ളതാണ്.

അതിജീവിക്കുന്നവൻ അതിജീവിക്കുന്നത്ര അതിജീവിക്കും.

നിലവിൽ മനുഷ്യൻ മാത്രം കൂടുതൽ അതിജീവിക്കുന്നു.

മനുഷ്യരിൽ ചിലരെങ്കിലും സർവ്വതിനെയും ഉൾക്കൊണ്ട് ചിന്തിച്ച് തിരുമാനമെടുക്കാൻ ശ്രമിക്കുന്നു എന്ന് മാത്രം...

ഇത് ആരാൻ്റെ അമ്മക്ക് ഭ്രാന്ത് വന്നപ്പോൾ പറയുന്നത് പോലെ പറയുന്നതല്ല. 

ഇത് നമ്മിലാരെയും തെരുവ് നായ്ക്കൾ ആക്രമിക്കാത്തത് കൊണ്ട് മാത്രം പറയുന്നതല്ല 

*****

നായ കടിക്കുന്നതും കോടതി തീരുമാനവും മരുന്ന് മാഫിയകളും തമ്മിൽ ഒരു ബന്ധവുമില്ല.

നായ കടിച്ചാൽ കൊടുക്കുന്ന മരുന്ന് കമ്പനികളുടെ മാഫിയക്ക് വേണ്ടി തെരുവ് നായയെ കൊല്ലേണ്ട എന്ന് സുപ്രീം കോടതി തീരുമാനിക്കുമെന്ന ചെറിയ വർത്തമാനം ഇക്കാര്യത്തിൽ പറയരുത്.

അങ്ങനെ പറഞാൽ അത് വല്ലാത്തൊരു മുൻവിധി പറയലാവും.

തെരുവ് നായയുടെ കാര്യത്തിൽ മരുന്ന് മാഫിയയുടെ സ്വാധീനമല്ല.

പകരം, സുപ്രീം കോടതി അങ്ങനെയൊരു അനുവാദം കൊടുത്താൽ അത് മുഴുവൻ ഇന്ത്യക്കും കൊടുക്കുന്ന അനുവാദമാണ്.

അത്തരമൊരു അനുവാദം ഉണ്ടാക്കുന്ന പ്രത്യാഘാതം നായ്ക്കളുടെ കാര്യത്തിൽ വല്ലാത്തതായിരിക്കും. 

മനുഷ്യൻ മാത്രം എല്ലാം തീരുമാനിക്കുന്ന ലോകത്ത്, മനുഷ്യന് വേണ്ടി മാത്രം മനുഷ്യൻ എല്ലാം തീരുമാനിക്കുന്ന ലോകത്ത് എല്ലാ മനുഷ്യരും കൂടി ആരോരും ഒന്നും ചോദിക്കാനില്ലാത്ത തെരുവ് നായ്ക്കളെ ഒന്നടങ്കം അങ്ങ് കൊന്നുതള്ളും.

ഫലത്തിൽ നായ്ക്കളുടെ വംശനാശം വരെ ക്രമേണ സംഭവിക്കുകയും ചെയ്യും.

Sunday, January 28, 2024

വിഷം ഉള്ളിൽ ചെന്നവൻ അറിയുന്നില്ല....

മതം മനുഷ്യനെ മയക്കുന്ന ലഹരിയാണ് (കറുപ്പാണ്) എന്ന് മാർക്സ് പറഞ്ഞത് എത്രവലിയ ശരി. 

ഇന്നത്തെ ഇന്ത്യയേക്കാൾ വലിയ തെളിവ് ആ പറഞ്ഞതിന് വേണ്ടതുണ്ടോ?

*******

മാർക്സ് പറഞ്ഞത് മധ്യകാല യൂറോപ്പിനെ കണ്ടാണ്. 

ഏറെക്കുറേ മധ്യകാല യൂറോപ്പിൻ്റെ അവസ്ഥയിലേക്ക് ഇന്ത്യ വളർന്നുവരികയാണ്. 

യൂറോപ്പിൻ്റെ  മധ്യകാല അവസ്ഥയിലേക്ക് എത്താൻ പോലും ഇന്ത്യക്ക് ഏറെ ദൂരം താണ്ടാനുണ്ട്. 

കേരളമൊഴികെ.

ഏറിയാൽ ദക്ഷിണേന്ത്യയും. 

*******

വിഷം ഉള്ളിൽ ചെന്നവൻ അറിയുന്നില്ല തൻ്റെയുള്ളിൽ വിഷം നിറഞ്ഞ വിവരം. 

അതാണ് വർഗീയതയും തീവ്രതയും അസഹിഷ്ണുതയും വെറുപ്പും വിദ്വേഷവും. 

സ്വയം ചവച്ചരക്കാനും ചവച്ചരച്ച്  വിഴുങ്ങാനും അറിയാത്തവൻ്റെ വായയിൽ ഭക്ഷണം വെച്ചുകൊടുത്തിട്ട് എന്തുകാര്യം?

ഭാഗം 2: അഖണ്ഡഭാരതമെന്ന ലക്ഷ്യം നേടേണ്ടതില്ലേ?

രാമജന്മഭൂമിയിൽ രാമക്ഷേത്രം പൂവണിഞ്ഞു.

എങ്ങിനെ, എന്തുകൊണ്ട് അതിന് സാധിച്ചു. 

ഇന്ത്യ നാം സ്വപ്നം കാണുന്ന അഖണ്ഡഭാരതമല്ലാത്തത് കൊണ്ട് സാധിച്ചു.

അങ്ങനെയാവുമ്പോൾ യഥാർഥത്തിൽ അഖണ്ഡഭാരതമെന്ന ലക്ഷ്യം നേടേണ്ടതില്ലേ?

ഉണ്ട്.

പക്ഷേ, ലോകാ സമസ്താ സുഖിനോ ഭവന്തുവും വസുധൈവ കുടുമ്പകവും പറയുന്ന  അഖണ്ഡഭാരതമെന്ന ലക്ഷ്യം എങ്ങിനെ നേടും?

അഖണ്ഡഭാരതമെന്ന ലക്ഷ്യം നേടാൻ ആര് മുൻകൈ എടുക്കും?

നിലവിലെ സാഹച്യത്തിൽ ഗാന്ധാര ദേശമായ അഫ്ഗാനിസ്ഥാനും സിന്ധു സംസ്കാര പ്രദേശമായ പാക്കിസ്ഥാനും ബ്രഹ്മപുത്ര ഒഴുകുന്ന ബംഗ്ലാദേശും അഖണ്ഡഭാരതമെന്ന ലക്ഷ്യത്തിന് വേണ്ടി മുൻകൈ എടുക്കില്ല.

ഏകസത്യാവാദത്തിൽ കുടുങ്ങിയ, അവസാനവാദ മതവിശ്വാസികൾക്ക് മേൽക്കോയ്മയുള്ള ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പാക്കിസ്ഥാനും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും നിലവിലെ അവസ്ഥയിൽ മുൻകൈ എടുക്കില്ല. 

എന്നാലോ, നാം അഭിമാനം കൊള്ളുന്ന ലോകാ സമസ്ത സുഖിനോ ഭവന്തുവും വസുധൈവ കുടുമ്പകവും പറയുന്ന ആർഷഭാരത സംസ്കാരത്തിൻ്റെ സകല ചരിത്രവഴികളും സിന്ധുവും മോഹൻജദാരോ ഹാരപ്പ പോലുള്ളവയുടെ തിരുശേഷിപ്പുകളും സ്ഥലങ്ങളും ഓർമ്മകളും നിറഞ്ഞ് കിടക്കുന്നത് പാക്കിസ്ഥാനിലും, പിന്നെ ബ്രഹ്മപുത്രയുമായി ബന്ധപ്പെട്ടത് മുഴുവൻ ബംഗ്ലാദേശിലുമാണ്. 

ഭാരതീയരായ നാം മാത്രം വിഭാവനം ചെയ്യുന്ന അഖണ്ഡഭാരതം എന്നത് അടിസ്ഥാനപരമായും നാനാത്വത്തിൽ ഏകത്വവും വൈവിധ്യവും ബഹുസ്വരതയും ലോകം മുഴുക്കെ ഒന്നാവുന്നത്  ലക്ഷ്യംവെച്ചുള്ളത് കൂടിയാണ്. 

കാരണം, ഇന്ത്യയുടേതതെന്ന് നാം കരുതുന്ന ഹൈന്ദവത ബഹുസ്വരതയുടെ മാത്രമായ വൈവിധ്യവും നാനാത്വത്തിൽ ഏകത്വവും വിളിച്ചോതുന്ന എല്ലാറ്റിനെയും തണൽ നൽകി ഒരുമിച്ച് നിർത്തുന്ന ഒരു ബൃഹത്തായ ബഹുസ്വര സംസ്കാരം മാത്രം.

മാത്രവുമല്ല, പ്രധാനമായും അഖണ്ഡഭാരതം എന്നത് ഇന്ത്യയും ഇന്ത്യയിലെ ജനങ്ങളും കൊണ്ടുനടക്കുന്ന സങ്കല്പവും ആഗ്രഹവും മാത്രം. 

നിലവിലെ, ഇന്ത്യ തന്നെയായ, ഇന്ത്യ തന്നെയായിരുന്ന നിലവിലെ പാക്കിസ്ഥാനും ബംഗ്ലാദേശിനും അഫ്ഗാനിസ്ഥാനും അഖണ്ഡഭാരതമെന്നത് കേട്ടുകേൾവി പോലുമില്ലാത്ത സംഗതി.

അതുകൊണ്ട് തന്നെ അഖണ്ഡഭാരതത്തിനു വേണ്ടി എന്തെങ്കിലും മുൻകൈ എടുക്കേണ്ടതും അഖണ്ഡഭാരതം സാധിക്കാനുള്ള വഴി ഏതുവിധേനയും അന്വേഷിച്ച് കണ്ടെത്തേണ്ടതും ഇന്ത്യയും ഇന്ത്യയിലെ ജനങ്ങളും ഇന്ത്യൻ രാഷ്ടീയനേതൃത്വവും മാത്രം.

പക്ഷേ, നിലവിലുള്ള ഇന്ത്യയും ഇന്ത്യൻ ജനതയും ഭരണകൂടവും ഭരണപക്ഷപാർട്ടിയും ഏതെങ്കിലും നിലക്ക് അങ്ങനെയൊരു അഖണ്ഡഭാരതം യഥാർഥത്തിൽ ഇപ്പോൾ സംഭവിക്കാൻ ആഗ്രഹിക്കുമോ? 

നിലവിലുള്ള ഇന്ത്യയും ഇന്ത്യൻ ഭരണകൂടവും ഭരണപക്ഷപാർട്ടിയും ഏതെങ്കിലും നിലക്ക് അഖണ്ഡഭാരതം എന്ന ലക്ഷ്യത്തിന് വേണ്ടി നിലവിലുള്ള ഇന്ത്യൻ സാഹചര്യം തങ്ങൾക്ക് പൂർണമായും അനുകൂലമായ സ്ഥിതിക്ക് എന്തെങ്കിലും മുൻകൈ എടുക്കുമോ?

വല്ലനിലക്കും പാക്കിസ്ഥാനും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും മുൻകൈ എടുക്കുന്നുവെന്ന് തന്നെ വെക്കുക. 

അങ്ങനെയായാൽ പോലും അഖണ്ഡഭാരത സങ്കല്പം രായ്ക്കുരാമാനം പറയുന്ന ഇന്നത്തെ ഇന്ത്യയും ഇന്ത്യയുടെ ഭരണപക്ഷപാർട്ടിയും ആ അഖണ്ഡഭാരത ലക്ഷ്യസാക്ഷാൽക്കാരത്തിന് വേണ്ടി തയ്യാറാവുമോ, മുൻകൈ എടുക്കുംവിധം തയ്യാറാവുമോ?

ഇല്ലെന്നാണ് തോന്നുന്നത്. 

കാരണം, നിലവിൽ അവരറിയുന്ന ഒരുകുറേ പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. 

ഇന്ത്യയെ വിഭജിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഇന്ത്യ ഭരിക്കുന്ന അവർക്ക് ഇന്ത്യ ഭരിക്കാനാവില്ലായിരുന്നുവെന്ന്.

ഇന്ത്യയെ വിഭജിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഇന്ത്യ അവർക്ക് ഭൂരിപക്ഷം കിട്ടി ഭരിക്കാനാവും വിധം പാകമാവില്ലായിരുന്നുവെന്ന്.

ഇന്ത്യയെ വിഭജിച്ചില്ലായിരുന്നെങ്കിൽ ഇന്ത്യ ഭരിക്കുന്ന അവർക്ക് ഇപ്പോൾ ചെയ്യുന്നത് ചെയ്യാനാവില്ലായിരുന്നുവെന്ന്.

പാക്കിസ്ഥാനും ബംഗ്ലാദേശും കൂടിയ ഇന്ത്യയിലെ മുസ്ലിംകളുടെ ജനസംഖ്യാബലം എന്തായിരിക്കുമെന്ന്.

ഇന്ത്യാവിഭജനം യഥാർഥത്തിൽ അന്തിമവിശകലനത്തിൽ അവർക്കാണുപയോഗപ്പെട്ടതെന്ന്. 

ഇന്ത്യാവിഭജനം യഥാർഥത്തിൽ അവർക്കുള്ള ആവശ്യവും സൗകര്യവുമാണ് സാധിച്ചുകൊടുത്തതെന്ന്. 

അഖണ്ഡഭാരതം സാക്ഷാൽക്കാരിച്ചാൽ ഇന്ത്യയുടെ സ്ഥിതി ഇന്നത്തേത് പോലെയായിരിക്കില്ലെന്ന്.

മുസ്ലിംകൾ, അറുപത് കോടിയിലധികം വരുന്ന ജാതീയതയുടെ വിഭജനമില്ലാത്ത മുസ്ലിംകൾ, കരുത്തുള്ള നിർണായകശക്തി ഇന്ത്യയിൽ ആയിരിക്കുമെന്ന്. അപ്പോൾ രാമക്ഷേത്രവും പറഞ്ഞ് ഇപ്പോൾ കളിക്കുന്ന കളിയൊന്നും കളിക്കാൻ കഴിയില്ലായിരുന്നുവെന്ന്.

തങ്ങൾ ഇപ്പോൾ നടത്തുന്ന, ഇനിയും നടത്താനിരിക്കുന്ന തേരോട്ടത്തിന് അത് എന്നെന്നേക്കുമായി എന്നേ തിരശ്ശീല വീഴ്ത്തിയിരുന്നേനെയെന്ന്. 

അഖണ്ഡഭാരതം യഥാർഥത്തിൽ ലക്ഷ്യം വെക്കുന്നുവെങ്കിൽ, 

അങ്ങനെയൊരു അഖണ്ഡഭാരതം ഇന്ത്യാവിഭജനം നടക്കാതെ നിലനിന്നിരുന്നുവെങ്കിൽ, 

അല്ലെങ്കിൽ അഖണ്ഡഭാരതം ഇന്ന് സംഭവിച്ചാൽ,

യഥാർഥത്തിൽ എന്ത് സംഭവിക്കുമെന്നത് നിലവിലെ ഭരണകൂട പാർട്ടിയെ യഥാർഥത്തിൽ പേടിപ്പെടുത്തുന്നത് മാത്രം. 

അങ്ങനെ വരുമ്പോൾ യഥാർഥത്തിൽ ഭാരതം അഖണ്ഡമായിരിക്കുന്നതിനെ ഭയക്കുന്നതാരായിരിക്കും?

ഭാരതം അഖണ്ഡമായിരിക്കുന്നതിനെ യഥാർഥത്തിൽ ഉള്ളാലെ ഭയക്കുന്നവർ തന്നെ വെറും വെറുതേ നാക്ക് കൊണ്ട് അഖണ്ഡഭാരതം എന്നത് പറഞ്ഞുകൊണ്ടിരിക്കുന്നതിൻ്റെ ഭോഷകാണ് നാം ഇപ്പോൾ കേട്ടു കൊണ്ടിരിക്കുന്നത്, കണ്ടുകൊണ്ടിരിക്കുന്നത്.

********

കളവ് മാത്രം പറയുന്നവർക്ക് സത്യം കളവായ് മാറും. 

കളവ് കൊണ്ട് മാത്രം കിട്ടിയ അധികാരം അവർ കളവ് കൊണ്ട് മാത്രം നിലനിർത്തും. 

*******

പഴയ കാലത്ത് എന്തൊക്കെയോ എവിടെയൊക്കെയോ നടന്നിട്ടുണ്ട്. 

ലോകത്താകമാനം തന്നെ. 

അതൊക്കെ മനുഷ്യൻ അത്രയ്ക്ക് വളർന്നിട്ടില്ലാത്ത കാലത്തിൻ്റെ പ്രത്യേകത. 

ബുദ്ധിയുറക്കാത്ത കുഞ്ഞുപ്രായത്തിൽ ചെയ്തതിനു മുഴുവൻ കണക്ക് പറഞ്ഞ് പ്രതികാരം വീട്ടുകയല്ല മുതിർന്നാൽ ചെയ്യുക.

അതൊക്കെ ഇന്ന് പോയി ചികഞ്ഞ് നടന്ന്, പശ്ചാത്തലത്തിൽ നിന്നും അടർത്തിയെടുത്ത്, എണ്ണിയെണ്ണിപ്പറഞ്ഞ് വർത്തമാനകാലത്തിൽ പ്രതികാരം വീട്ടാൻ നടക്കുന്നവരുടെ മനോനിലവാരം വല്ലാത്തത് തന്നെയാണ്. അവർക്ക് അഖണ്ഡഭാരതമെന്ന ലക്ഷ്യം വെക്കാനും സാക്ഷാൽക്കരിക്കാനും സാധിക്കില്ല.

ഇന്ത്യയ്ക്കുള്ളിലെ നാട്ടുരാജാക്കന്മാർ തന്നെ എത്രയോ യുദ്ധങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ചെയ്തു നശിച്ചു, നശിപ്പിച്ചു.

അതൊക്കെയും പുതിയ വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും പുസ്തകത്തിൽ ആരുടെ കണക്കിൽ വെക്കും?

ഹിരോഷിമയിൽ ബോംബിട്ട് നശിപ്പിച്ച അമേരിക്കക്കാരോട് ജപ്പാന് പോലും ഇങ്ങനെയിത്രക്ക് കടുത്ത വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും വികാരം കാണുന്നില്ല.

ഭരണകൂടപാർട്ടി രാഷ്ടീയലാഭം മാത്രം ലക്ഷ്യംവെച്ച് ചെയ്യുന്ന കൊടുംക്രൂരതകൾക്ക് ഭാരതീയ വിശ്വാസദർശനവും അതിൻ്റെ വിശാലതലവും തമ്മിൽ ഒരു ബന്ധവും ഇല്ല. ലോകാ സമസ്ത സുഖിനോ ഭവന്തുവും വസുധൈവ കുടുമ്പകവുമായും ഒരു ബന്ധവും ഇല്ല.



സ്വാതന്ത്ര്യം ഭോഗിക്കുന്നതിലല്ല, ഭോഗിക്കാനല്ല.

സ്വാതന്ത്ര്യം ഭോഗിക്കുന്നതിലല്ല, ഭോഗിക്കാനല്ല. 

ഭോഗിക്കേണ്ടിവരുന്നവൻ ഭോഗിക്കുന്നതിൻ്റെ അടിമ. 

ഭോഗിക്കേണ്ടി വരാത്തതും വരാത്തത്രയും സ്വാതന്ത്ര്യം.

സ്വാതന്ത്ര്യം എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യമാണെന്ന് കരുതി അടിച്ചുപൊളിച്ചു ജീവിക്കുന്ന വഴിയിൽ നിങൾ ഒരായിരം ആവശ്യങ്ങളുടെ അടിമകളാവും. 

ആവശ്യങ്ങളെ ചുരുക്കുന്നത്രയാണ് നിങ്ങളുടെ സ്വാതന്ത്ര്യം. 

ആവശ്യങ്ങളെ കൂട്ടുന്നത്ര അവ നിവർത്തിക്കാനുള്ള ജോലിയും വിധേയത്വവും നൽകുന്ന അസ്വാതന്ത്ര്യം.

Thursday, January 25, 2024

മനുഷ്യനുള്ള അറിവ്

ഒന്നുമറിയില്ല.

വാക്ക് എന്തറിയാൻ, 

അതുച്ചരിച്ചവനല്ലാതെ.

കേൾക്കുന്നവനുണ്ടെങ്കിൽ അവനുമല്ലാതെ.


നിസ്സഹായത മാത്രം.

നിസ്സാരത തോട്ടറിയുക മാത്രം.

അശക്തി മാത്രം ശക്തി.

അറിവുകേട് മാത്രം അറിവ്.

ആയതിനുള്ളിൽ ആയി മാത്രം.

ആവും പോലെ ആയി മാത്രം.


തിരയിളക്കമുണ്ട്,

വേലിയേറ്റവും വേലിയിറക്കമുണ്ട്,

ഉയർച്ചതാഴ്ചകളുണ്ട്,

ഉന്തും തള്ളും ബഹളവും ഉണ്ട്.

മുൻപിലേക്കും പിറകിലേക്കുമെന്നുണ്ട്. 

താഴെയും മുകളിലുമുണ്ട്. 


കുടുങ്ങിയായിരിക്കുന്ന മാനം തന്നെ

യാത്രചെയ്യുന്ന വാഹനം.


കുടുങ്ങിയായിരിക്കുന്ന മാനം തന്നെ

കിടന്ന് നീന്തുന്ന കടൽ.


എങ്ങോട്ട് എങ്ങിനെ പോയാലും

മാനത്തിനുള്ളിൽ.


ഉള്ളിൽ കിടന്ന് എത്ര ധൃതിപ്പെട്ടാലും 

മാനത്തിനുള്ളിൽ,

മാനത്തിൻ്റെ വേഗതയിൽ.


എത്രയെങ്ങോട്ട് മുഖംതിരിഞ്ഞിരുന്നാലും

മാനം തരുന്ന ദിശയിലേക്ക് മാത്രം ഗതി. 

മാനം തരുന്ന മുഖം മാത്രം

മാനത്തിൻ്റെ മുഖം മാത്രം

മുഖം

********

എല്ലാ അറിവും മനുഷ്യജീവിതത്തിന് വേണ്ട അറിവ് മാത്രം. 

മറിച്ചെങ്ങിനെ തോന്നിയാലും അതിനപ്പുറമില്ല.

അറിവ് മുഴുവൻ ജീവിതം സുഖകരമാക്കാനുള്ള അറിവ് മാത്രം.

മറിച്ചെങ്ങിനെ തോന്നിയാലും അതിനപ്പുറമില്ല.


പ്രാപഞ്ചികബോധവും പ്രാപഞ്ചികജ്ഞാനവുമൊക്കെ ജീവിതത്തിനും ജീവിതസൗകര്യത്തിനും മാത്രം. 

അത്രമാത്രം, അതിനുമാത്രം ഉതകുന്നത്. 


മാനത്തിനുള്ളിൽ കുടുങ്ങി സാധിക്കുന്നത് മാത്രം,  ജീവിതം സാധിക്കാനുള്ളത് മാത്രം അറിയുന്നു, ചെയ്യുന്നു. കുടുങ്ങിയ മാനം അനുവദിക്കുന്നത്ര. മറിച്ചെങ്ങിനെ തോന്നിയാലും അതിനപ്പുറമില്ല.


മാനം മുട്ടുന്നിടം, കാഴ്ച മുട്ടുന്നിടം ആകാശം, മതം, വിശ്വാസം. 


ഉണ്ടെങ്കിലുള്ള ദൈവത്തെ അറിയാനാവുന്ന അറിവില്ല. 

എത്ര അറിഞ്ഞെന്ന് പറഞ്ഞാലും, 

എത്ര അറിയാമെന്നും അറിയാനാവുമെന്നും പറഞ്ഞാലും 

ഉണ്ടെങ്കിലുള്ള ദൈവത്തെ അറിയാനാവുന്ന അറിവില്ല.


ഉണ്ടെങ്കിലുള്ള ദൈവത്തെ അറിയാനാവുന്ന കരുത്തും അറിവുമില്ലെന്നറിയാം. 

ഓരോരുവനുമറിയാം. 

ബാക്കിയെല്ലാം വെറും അവകാശവാദങ്ങൾ മാത്രം. 


ഉണ്ടെങ്കിലുള്ള ദൈവത്തെ അറിയാനാവുന്ന കരുത്തും അറിവും ആർക്കുമില്ലെന്ന് ഉണ്ടെങ്കിലുള്ള ദൈവത്തിനുമറിയാം. 


അതിനാൽ തന്നെ, 

ഉണ്ടെങ്കിലുള്ള ദൈവത്തെ അറിയാത്തതിൽ ഭയക്കാനില്ല. 

ഉണ്ടെങ്കിലുള്ള ദൈവത്തെ അറിയാൻ ശ്രമിക്കേണ്ടതില്ല. 

ഉണ്ടെങ്കിലുള്ള ദൈവത്തെ അറിയുക ആർക്കും ബാധ്യതയില്ല.

ഉണ്ടെങ്കിലുള്ള ദൈവത്തെ അറിയാമെന്ന് ആരും അവകാശവാദം ഉണ്ടാക്കേണ്ടതുമില്ല 

കാരണം, 

ആർക്കും എന്തിനുമുള്ള ശേഷിയും കരുത്തും ബുദ്ധിയും ഉണ്ടെങ്കിലുള്ള ദൈവം കൊടുത്തത് മാത്രം. 

ആ ശേഷിയും കരുത്തും ബുദ്ധിയും 

സ്വന്തം മാനം മുറിച്ച് കടക്കാൻ മാത്രമുള്ളതല്ല. 

സർവ്വമാനങ്ങൾക്കും ഉടയവനായ സർവ്വമാനങ്ങൾക്കുള്ളിലും പുറത്തുമായ ദൈവത്തെ അറിയാൻ മാത്രമുള്ളതല്ല.

ആ ശേഷിയും കരുത്തും ബുദ്ധിയും 

അത്രയേ ഉള്ളൂവെന്നും 

അതെത്രയുണ്ടെന്നും 

ഉണ്ടെങ്കിലുള്ള ദൈവത്തിന് അറിയാതെ പോകില്ല.


എന്നിരിക്കെ, 

എന്തിന് പരസ്പരം ദൈവത്തിൻ്റെ പേരിൽ, 

ദൈവത്തിന് വേണ്ടി 

തർക്കിക്കണം, കലഹിക്കണം, പോരടിക്കണം ?


ഉണ്ടെങ്കിലുള്ള ദൈവത്തെ എങ്ങിനെ സങ്കൽപിച്ചാലും അത് ഓരോരുവനും സാധിക്കുന്ന സാധ്യതയും കഴിവും വെച്ച് സാധിക്കുന്നത്ര മാത്രമെന്നത് ഉണ്ടെങ്കിലുള്ള ദൈവത്തിനറിയും. 


അതുകൊണ്ട് തന്നെ ദൈവത്തെ കുറിച്ച എല്ലാ സങ്കല്പങ്ങളും ഒരുപോലെ തെറ്റ്. 


എല്ലാം ഒരുപോലെ  തെറ്റെന്ന് പറയുന്നതിനേക്കാൾ ശരിയാണ് 

എല്ലാം തെറ്റെന്നത് കൊണ്ട് മാത്രം എല്ലാം ശരിയെന്നത്.


കാരണം, 

ഉണ്ടെങ്കിലുള്ള ദൈവം ഒരോരുത്തനിലും ചുരുങ്ങുന്നു. 

ഓരോരുത്തനും വികസിച്ച് എത്താവുന്നതും ഉണ്ടെങ്കിലുള്ള ദൈവം.

ഒന്നും ദൈവത്തെ സംബന്ധിച്ചേടത്തോളം തെറ്റെന്ന് വരാതെ.  

ഉണ്ടെങ്കിലുള്ള ദൈവത്തിന് തെറ്റും ശരിയും ഇല്ല. 

അഥവാ തെറ്റും ശരിയും ഉണ്ടെങ്കിലുള്ള ദൈവത്തിൽ നിന്ന് മാത്രം.

തെറ്റിനും ശരിക്കും ഉടമസ്ഥൻ ഉണ്ടെങ്കിലുള്ള ദൈവം മാത്രം.

അത്രക്ക് ചെറുതാണ് എല്ലാം.

അത്രയ്ക്ക് ഒന്നും അറിയാതെയാണ് എല്ലാം 

അത്രയ്ക്ക് ഒന്നും മനസ്സിലാവാനാവാതെയും അറിയാനാവാതെയുമാണ് എല്ലാം.

*******

വാക്കിൻ്റെ അർത്ഥം ആ വാക്കിൻ്റെ അഹങ്കാരം. 

ഞാൻ ഒരു വാക്കെങ്കിൽ ഞാൻ എന്ന വാക്കിൻ്റെ അർത്ഥം എൻ്റെ അഹങ്കാരം. 

ഏത് വാക്കിൻ്റെയും അർത്ഥം അതുച്ചരിച്ചവൻ്റെ ഉദ്ദേശം, അഹങ്കാരം. 

എൻ്റെ അഹങ്കാരം ദൈവത്തിൻ്റെ മാത്രം അഹങ്കാരം.


Monday, January 22, 2024

ഭാരതീയത തിരിച്ചുപിടിക്കാനുള്ള പ്രതിരോധം

ഭാരതീയത തിരിച്ചുപിടിക്കാനെന്ന് പറഞ്ഞുള്ള പ്രതിരോധം ഫലത്തിൽ 

സെമിറ്റിക് മതങ്ങളെ അനുകരിക്കലായി. 

സെമിറ്റിക് മതങ്ങളുടെ കോപ്പിയായി മാറലായി. 

പ്രതിരോധിച്ച് പ്രതിരോധിച്ച് സ്വയം ഇല്ലാതാവലായി, 

പ്രതിരോധിക്കാൻ വേണ്ടി ചുറ്റുമിടുന്ന തീ  

സ്വയം കത്തിയെരിയാനുള്ളതും 

ഉണ്ടായിരുന്ന വെള്ളവും വറ്റിച്ചുകളയുന്നതുമായി. 

*********

വർഗീയതയും വെറുപ്പും അങ്ങനെ. ആവുന്നത്ര ഒളിഞ്ഞുനിൽക്കും. 

ഇപ്പോഴത് ഏറെക്കുറെ തലപുറത്തിട്ടിരിക്കുന്നു. 

എപ്പോൾ മുതൽ? 

എന്തുകൊണ്ട്? 

കേന്ദ്രത്തിലുള്ള അധികാരത്തിൻ്റെ ധൈര്യം കണ്ടപ്പോൾ. 

അല്ലെങ്കിലും അതങ്ങനെയാണ്. 

തെമ്മാടിത്തവും തെറിയും നടത്തുക അതിനുപ പറ്റിയ കൂട്ടത്തിൻ്റെ ധൈര്യവും പിന്തുണയും കിട്ടുമ്പോഴാണ്.

*******

ഇന്ത്യയിൽ നിന്ന് നാം ഇന്ത്യയെ കുറിച്ച് പറയുകയല്ലേ വേണ്ടത്?

തിരുത്താനും ഉണർത്താനും. 

നമുക്ക് ഇന്ത്യയെ അല്ലേ നന്നാക്കാനും ഉയർത്താനും ഉള്ളതും സാധിക്കേണ്ട്തും? 

ഇന്ത്യയിൽ മറ്റ് നാട്ടുകാർ ഇല്ലാത്ത സ്ഥിതിക്ക് ആ മറ്റുനാട്ടുകാരെയും അവരുടെ നാടിനെയും കുറിച്ച് ഇവിടെ നിന്ന് കുറ്റം പറയുന്നത് കൊണ്ട് എന്ത് കാര്യം.

ഏറിയാൽ ആത്മരതിക്ക് ഉപയോഗപ്പെടും.

എന്നല്ലാതെ കേൾക്കേണ്ട ചെവിയിൽ എത്തില്ല.

*******

മറ്റുള്ളവർ, മറ്റു ദേശക്കാർ മുഴുവൻ മോശമായിരിക്കുന്നു, തെറിപറയുന്നു എന്ന് ഏകപക്ഷീയമായി ആരോപിക്കുന്നു പുതിയ ഇന്ത്യ.

അതുകൊണ്ട് നമ്മളും മോശമാവും തെറിപറയും എന്ന് പറയുകയും വാശിപിടിക്കുകയും ചെയ്യുന്നു പുതിയ ഇന്ത്യ. 

അങ്ങനെ സ്വയം മോശമാകുന്നതിനും തെറിപറയുന്നതിനും ന്യായം കാണുകയും പറയുകയും ആണ് പുതിയ ഇന്ത്യ. 

********

മതമല്ലാത്ത ഹിന്ദു സംസ്കാരം.

മതമല്ലെന്ന് എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന ഹിന്ദുസംസ്കാരം. 

മത മാകാനുള്ള ഏക ശിലയോ ആധാരമോ സ്ഥാപകനോ ഇല്ലാത്ത ഹിന്ദുസംസ്ക്കാരം. 

ഇപ്പോൾ ആ ഹിന്ദുസംസ്കാരം മതത്തെക്കാൾ മൂർച്ചയുള്ള മതമാകുന്നുതാണ് അപകടം. 

കാരണം, മതപരമായ, നിർബന്ധമായും പിന്തുടരേണ്ട നിയന്ത്രണവും പാഠവും മാതൃകയും എവിടെയും ഹിന്ദു സംസ്കാരത്തിൽ ഇല്ല.  

ആർക്കും എങ്ങിനെയും ആവാം, ആവാതിരിക്കാം ഹിന്ദുമതമായി തീരുന്ന ഹിന്ദു സംസ്കാരത്തിൽ. 

ബാക്കിയുള്ള മതങ്ങൾക്ക് അങ്ങനെയുണ്ട്. മതപരമായ, നിർബന്ധമായും പിന്തുടരേണ്ട നിയന്ത്രണവും പാഠവും മാതൃകയും ഉണ്ട്. എല്ലാറ്റിനും ആധാരമായ ചിലതുണ്ട്. അതിൽ ആർക്കും എങ്ങനെയും ആയിക്കൂടാ.

അതുകൊണ്ട് തന്നെ ഒരു ന്യായവുമില്ലാത്ത കുറേ ഭീകരത യഥാർഥത്തിൽ ഇല്ലാത്ത ഹിന്ദുസംസ്കാരത്തെ മതമാക്കിയാൽ ഉണ്ടാവും. 

അത് ഇപ്പോൾ വർത്തമാനകാല ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. 

വിചാരമില്ലാത്ത വെറും വികാരം കൈമുതലാക്കിക്കൊണ്ട് നടക്കാവുന്ന ഭീകരത.

ഒരു വേദത്തിലും ഗ്രന്ഥത്തിലും പരാമർശിച്ചിട്ടില്ലാത്ത ഹിന്ദുമതത്തിൻ്റെ പേരിൽ ഇങ്ങനെയൊക്കെ ഭീകരത ഉണ്ടാവും. 

അങ്ങനെ ഉണ്ടാവുമ്പോൾ ആരും ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇല്ലാതെ വരും. 

ആർക്കും ഒന്നും പറഞ്ഞ് തിരുത്താനും സാധിക്കാതെ വരും.

********

മതം മനുഷ്യനെ മയക്കുന്ന ലഹരിയാണ് (കറുപ്പാണ്) എന്ന് മാർക്സ് പറഞ്ഞത് എത്രവലിയ ശരി. 

ഇന്നത്തെ ഇന്ത്യയേക്കാൾ വലിയ തെളിവ് ആ പറഞ്ഞതിന് വേണ്ടതുണ്ടോ?

******

വർഗീയതയും വെറുപ്പും അങ്ങനെ. ആവുന്നത്ര ഒളിഞ്ഞുനിൽക്കും. 

ഇപ്പോഴത് ഏറെക്കുറെ തലപുറത്തിട്ടിരിക്കുന്നു. 

എപ്പോൾ മുതൽ? 

എന്തുകൊണ്ട്? 

കേന്ദ്രത്തിലുള്ള അധികാരത്തിൻ്റെ ധൈര്യം കണ്ടപ്പോൾ. 

അല്ലെങ്കിലും അതങ്ങനെയാണ്. 

തെമ്മാടിത്തവും തെറിയും നടത്തുക അതിനുപ പറ്റിയ കൂട്ടത്തിൻ്റെ ധൈര്യവും പിന്തുണയും കിട്ടുമ്പോഴാണ്.