Thursday, September 4, 2025

മതപരിവർത്തനം: അത് തെറ്റാണോ? മതപരിവർത്തനം ചെയ്യാതിരിക്കുന്നത് : അത് ശരിയാണോ?

മതം മാറുന്നതും മതം മാറ്റുന്നതും: പ്രത്യേകിച്ച് വലിയ തെറ്റാണോ?

മതം മാറാത്തതും മതംമാറ്റാൻ ശ്രമിക്കാത്തതും : പ്രത്യേകിച്ച് വലിയ ശരിയാണോ?

പ്രത്യേകിച്ചും ഇന്ത്യയിൽ നിന്ന് ചിന്തിക്കുമ്പോൾ.

മതം മാറ്റത്തെ നിരോധിക്കുമ്പോൾ അർത്ഥമാകുക ജന്മനാ അടിച്ചേൽപ്പിച്ചു കിട്ടിയ മതത്തിൽ തന്നെ ഒരാൾ തുടരണം എന്നതാവും.

എങ്കിൽ മതം തന്നെ നിരോധിക്കുക എന്നതായിരിക്കും യഥാർത്ഥത്തിൽ മതപരിവർത്തനം നിരോധിക്കുക എന്നതിനേക്കാൾ യുക്തിഭദ്രമായത്? 

എങ്കിൽ മതം എന്തെന്ന് ആര് നിശ്ചയിക്കും, നിർവ്വചിക്കും?

വിശ്വാസമതം മാത്രമാണോ മതം?

നിഷേധമതവും മതം തന്നെയല്ലേ?

ഒരു വിശ്വാസമതത്തിൽ നിന്നും മറ്റൊരു വിശ്വാസമതത്തിലേക്ക് മാറുന്നത് മാത്രമേ മതംമാറ്റമാകൂ?

ഒരു വിശ്വാസമതത്തിൽ നിന്നും നിഷേധത്തിലേക്ക് മാറുന്നതും മതംമാറ്റം തന്നെയല്ലേ?

എങ്കിൽ മതവും മതം മാറ്റവും പൂർണാർത്ഥത്തിൽ നിരോധിക്കാനാവുമോ? 

ഇല്ല.

കാരണം, മതമെന്നത് തന്നെ പൂർണമായും നിർവ്വചിക്കാൻ സാധിക്കാത്ത സംഗതിയാണ്. 

എല്ലാ അഭിപ്രായങ്ങളും മതമാണ്. 

എല്ലാ അഭിപ്രായങ്ങളിലും മതമുണ്ട്.

എല്ലാ അഭിപ്രായമാറ്റവും മതംമാറ്റമാണ്.

എല്ലാ അഭിപ്രായമാറ്റത്തിലും മതംമാറ്റമുണ്ട്.

അതുകൊണ്ട് തന്നെ മതപരിവർത്തനം എന്നതും എല്ലാ വിഷയങ്ങളിലും എപ്പോഴും നടന്നുകൊണ്ടിരിക്കുന്ന സംഗതിയാണ്.

ഓരോരാളും രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ അഭിപ്രായങ്ങളും മാറുന്നതും മാറ്റുന്നതും പോലെതന്നെയാണ് മതംമാറുക, മതംമാറ്റുക എന്നതും?

രാഷ്ട്രീയ പാർട്ടികളും പാർട്ടി വിശ്വാസികളും തങ്ങളുടെ പാർട്ടിക്കാരല്ലാത്ത വേറെ ആരെയും തങ്ങളുടെ പാർട്ടിയിലേക്ക് മാറ്റാൻ തന്നെയാണ് ശ്രമിക്കുന്നത്.

ഓരോ രാഷ്ട്രീയ പാർട്ടിയും ഓരോ മതം തന്നെയാണ്. 

രാഷ്ട്രീയമതം. രാഷ്ട്രീയമതപ്പാർട്ടി.

തുടർച്ചയായി അന്വേഷിക്കലും കണ്ടെത്തലും അതിനനുസരിച്ച് മാറലും മാറ്റലും തന്നെയല്ലേ ജീവിതം? 

അതിൽ ഏതെങ്കിലും വിശ്വാസമതം മാറുന്നതിനെ മാത്രം എന്തിന് ഇത്രയ്ക്ക് ഭീകരമായ സംഗതിയായി കാണണം, നിരോധിക്കണം?

യഥാർത്ഥത്തിൽ ഓരോരോ ചെറിയ കാര്യത്തിലും ശരി എന്തെന്നും ഏതെന്നും അന്വേഷിക്കുന്നവൻ തുടർച്ചയായി മതം മാറിക്കൊണ്ടിരിക്കും.

ഓരോരോ ചെറിയ കാര്യത്തിലും ശരി എന്തെന്നും ഏതെന്നും നമ്മൾ വേറൊരാളെ മനസ്സിലാക്കിക്കൊടുക്കുമ്പോൾ മതപരിവർത്തനം നടത്തുന്നുണ്ട്, നടക്കുന്നുണ്ട്. 

എനിക്കിഷ്ടപ്പെട്ട പാട്ടും ഭക്ഷണവും വസ്ത്രരീതിയും വേറൊരാൾക്ക് പറഞ്ഞുകൊടുക്കുമ്പോൾ മതപരിവർത്തനം നടത്തുന്നുണ്ട്, നടക്കുന്നുണ്ട്. 

നമുക്ക് നല്ലതെന്ന് തോന്നുന്നത് വേറൊരാൾക്ക് പറഞ്ഞുകൊടുത്തുപോകുക എന്നത് സ്വാഭാവികം, മാനുഷികം. 

അങ്ങനെ നമുക്ക് നല്ലതെന്ന് തോന്നുന്നത് വേറൊരാൾക്ക് പറഞ്ഞുകൊടുക്കാത്തതും പറഞ്ഞുകൊടുക്കാൻ തോന്നാത്തതുമാണ് മാനുഷികമല്ലാത്തതും സ്വാഭാവികമല്ലാത്തതും.

എങ്കിൽ പറഞ്ഞുകൊടുക്കുന്നത് മൂലം നടക്കുക മതപരിവർത്തനം തന്നെ. 

മതം എന്നതിനെ ഏതെങ്കിലും ചിലതായും ചില പേരുകൾ മാത്രമായും ചുരുക്കുന്നില്ലെങ്കിൽ മതവും മതംമാറ്റവും വളരെ സ്വാഭാവികമായ സംഗതിയാണ്. 

എല്ലാം മതമാണ്, എല്ലാറ്റിലും മതമാണ്.

താൻ പഠിച്ച് ബോധ്യപ്പെട്ട ശരി വേറൊരാൾക്ക് പറഞ്ഞുകൊടുക്കുന്ന ഓരോരുത്തനും ഓരോ നിമിഷവും മതപരിവർത്തനം നടത്തിക്കൊണ്ടിരിക്കുന്നവനാണ്. 

ഓരോ അധ്യാപകനും ഓരോ മാർഗ്ഗദർശിയും ഓരോ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനും ഓരോ ശാസ്ത്രചിന്തകനും തൻ്റേതായ കോലത്തിൽ മതപരിവർത്തനം അനുനിമിഷവും നടത്തിക്കൊണ്ടിരിക്കുന്നവനാണ്.

എല്ലാ മാറ്റവും മതംമാറ്റം തന്നെയാണ്.

മതം എന്നത് അഭിപ്രായം എന്നായാലും വിശ്വാസം എന്നായാലും ഇത് ഒരുപോലെ ബാധകം. 

വിശ്വാസവും അഭിപ്രായവും മാറാനുള്ളതാണ് മാറുന്നതാണ്.

എങ്കിൽ ഒരു മതവിശ്വാസിയെയോ വിശ്വാസമില്ലാത്തവനെയോ മറ്റൊരു മതവിശ്വാസിയോ വിശ്വാസമില്ലാത്തവനോ താൻ ശരിയെന്ന് മനസ്സിലാക്കിയ തൻ്റെ വിശ്വാസത്തിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിൽ മാത്രം എന്ത് തെറ്റ്? 

ഒരു തെറ്റുമില്ല.

മതവിശ്വാസം മാത്രം അങ്ങനെ ഒരിക്കലും മാറാതെ നിൽക്കേണ്ട ഇരുമ്പുലക്കയാണോ?

പ്രത്യേകിച്ചും ജനനം കൊണ്ട് മാത്രം കിട്ടിയ, പഠിക്കാതെ, തെരഞ്ഞെടുക്കാതെ കിട്ടിയ മതവിശ്വാസം ഇരുമ്പുലക്ക പോലെ മാറാതെ നിൽക്കേണ്ട സംഗതി ആയിക്കൂട തന്നെ.

മതവിശ്വാസം ഇരുമ്പുലക്കയല്ലെങ്കിൽ പിന്നെ മതപരിവർത്തനത്തെ ഇത്രക്ക് പേടിക്കുന്നതെന്തിന്, നിരോധിക്കുന്നതെന്തിന്? 

എല്ലാവർക്കും അവർക്കിഷ്ടമുള്ളതും നല്ലതെന്ന് തോന്നുന്നതും ഏത് കാര്യത്തിലുമെന്ന പോലെ മതത്തിൻ്റെ കാര്യത്തിലും തെരഞ്ഞെടുത്തുകൂടെ? 

അല്ലെങ്കിലും ഒരാൾ മനസ്സിലാക്കിയ ശരിയിലേക്ക് മാറുക എന്നതും മറ്റൊരാളെ മാറ്റാൻ ശ്രമിച്ചുപോകുക എന്നതും തീർത്തും സാധാരണം. 

സത്യസന്ധതയും ആത്മാർത്ഥതയും സ്നേഹവും ഗുണകാംക്ഷയും ഉണ്ടെങ്കിൽ താൻ കണ്ടെത്തി ഉറച്ചുവിശ്വസിക്കുന്ന ശരിയും രക്ഷയും മറ്റുള്ളവർക്കും എങ്ങനെയെങ്കിലും പറഞ്ഞുകൊടുക്കും, ബാധകമാക്കും.  

വിശ്വാസമില്ലാത്തവൻ തൻ്റെ വിശ്വാസമില്ലായമയിലേക്ക് വിശ്വാസിയെ മാറ്റാൻ ശ്രമിക്കുന്നത് പോലെ തന്നെ. 

അതുപോലെ തന്നെയല്ലേ വിശ്വാസി തൻ്റെ വിശ്വാസത്തിലേക്ക് താൻ തെറ്റെന്ന് കണക്കാക്കുന്ന മറ്റിതര വിശ്വാസികളെയും വിശ്വാസമില്ലാത്തവരെയും മാറ്റാൻ ശ്രമിക്കുന്നതും?

ഒന്ന് ശരിയെന്നും മറ്റൊന്ന് തെറ്റെന്നും പറയാൻ പറ്റുമോ? 

യുക്തിവാദികൾക്ക് (നിരീശ്വരവാദികൾക്ക്) ദൈവവിശ്വാസികളെ തങ്ങളുടെ യുക്തിവാദമാർഗത്തിലേക്ക് (നിരീശ്വര വിശ്വാസത്തിലേക്ക്) ക്ഷണിക്കാമെങ്കിൽ വിശ്വാസിക്കും തൻ്റെ വിശ്വാസമാർഗ്ഗത്തിലേക്ക് ആരെയും ക്ഷണിച്ചുകൂടെ?

നിഷേധി വിശ്വസിയെ വിശ്വാസരാഹിത്യത്തിലേക്ക് മാറ്റുന്നത് ശരിയെന്നും വിശ്വാസി മറ്റൊരു വിശ്വാസിയെയോ നിഷേധിയെയോ തൻ്റെ വിശ്വാസത്തിലേക്ക് മാറ്റുന്നത് തെറ്റെന്നും എങ്ങിനെ വരാം?

രണ്ട് കൂട്ടർക്കും ഒരേ അളവുകോൽ തന്നെയല്ലേ വേണ്ടത്? 

അഭിപ്രായങ്ങൾ തമ്മിലുള്ള യുദ്ധത്തിലും താരതമ്യത്തിലും ആർക്കും വിജയിച്ചുകൂടെ? 

എങ്കിൽ മതപരിവർത്തനത്തെ മാത്രം എന്തിന് പേടിക്കണം, വേർതിരിച്ച് കണ്ട് നിരോധിക്കണം.

*********

എന്താണ് യഥാർഥത്തിൽ മതപരിവർത്തനം ചെയ്യൽ?

ഒരുകാര്യം ശരിയാണെന്ന് ശക്തമായും സത്യസന്ധമായും ഒരാൾ വിശ്വസിക്കുന്നു. 

ഒരു വഴിയിൽ പാമ്പുണ്ട് തേളുണ്ട് അപകടമുണ്ട് എന്ന് ഒരാൾ വിശ്വസിക്കുന്നത് പോലെ തന്നെ.

താൻ വിശ്വസിക്കുന്ന കാര്യത്തിൽ വിശ്വസിച്ചാൽ, ആ വഴിയിൽ പോയാൽ രക്ഷയുണ്ടാവുമെന്നും അയാൾ ശക്തമായും സത്യസന്ധമായും വിശ്വസിക്കുന്നു. 

അങ്ങനെ ശക്തമായും സത്യസന്ധമായും വിശ്വസിക്കുന്ന ആൾ സ്നേഹമുള്ളവനും ഗുണകാംക്ഷയൂള്ളവനും ഉത്തരവാദിത്വബോധമുള്ളവനും ആണെങ്കിൽ താൻ മനസ്സിലാക്കിയ ശരി മറ്റെല്ലാവരും കൂടി മനസ്സിലാക്കണം എന്ന് തന്നെയല്ലേ  ആഗ്രഹിക്കേണ്ടത്? 

അങ്ങനെ തനിക്ക് കിട്ടിയ ശരിയും നന്മയും മറ്റെല്ലാവർക്കും കിട്ടണമെന്ന് ആഗ്രഹിക്കുന്നതല്ലേ യഥാർത്ഥത്തിലുള്ള സ്നേഹവും ആത്മാർത്ഥതയും നിസ്വാർത്ഥതയും ഗുണകാംക്ഷയും? 

ഭക്ഷണമുള്ളവൻ വിശക്കുന്നവന് തൻ്റെ കയ്യിലുള്ള ഭക്ഷണം നൽകുന്നത് പോലെത്തന്നെയല്ലേ അത്?

വേറൊരാൾ അപകടം പിടിച്ച വഴിയിൽ, അല്ലെങ്കിൽ ട്രാഫിക് ജാമുള്ള വഴിയിൽ പോകുമ്പോൾ ആ വഴിയിൽ പോകേണ്ട, ആ വഴിയിൽ അപകടവും ട്രാഫിക് ജാമും ഉണ്ടെന്ന് പറഞ്ഞുകൊടുക്കും പോലെയല്ലേ ഉള്ളൂ അത്.

തൻ്റെ ഈ വഴിയിൽ പോകുന്നതാണ് ഉത്തമം, എളുപ്പം, ആ വഴിയിൽ  പോയാൽ നിങ്ങൾക്ക് താമസം നേരിടും, അപകം നേരിടും എന്ന് പറയുന്നത്രയെ ഉള്ളൂ മതപരിവർത്തനം ചെയ്യാൻ ശ്രമിക്കുന്ന ആളുടെ മാനസികാവസ്ഥ. 

വെറും ഗുണകാംക്ഷ, നിസ്വാർത്ഥത, സത്യസന്ധത, ആത്മാർത്ഥത.

ഏന്നാൽ എന്താണ് മതപരിവർത്തനം ചെയ്യാതിരിക്കൽ.

ഒന്നുകിൽ ഒരാൾ താൻ വിശ്വസിക്കുന്ന കാര്യത്തിൽ ശക്തമായും സത്യസന്ധമായും വിശ്വസിക്കുന്നില്ല. 

താൻ ജന്മം കൊണ്ടോ അല്ലാതെയോ കൊണ്ടുനടക്കുന്ന വിശ്വാസം തനിക്ക് തന്നെയും ബോധ്യപ്പെട്ടിട്ടില്ല എന്നത് കൊണ്ട്.

അതുകൊണ്ട് അയാൾ ആരോടും താൻ വിശ്വസിക്കുന്നതിലേക്ക് വരേണമെന്ന് ആഗ്രഹിക്കുന്നില്ല, വരാൻ ഉപദേശിക്കുന്നുമില്ല.

അയാൾക്ക് താൻ വിശ്വസിക്കുന്നതിലേക്ക് വേറെ ആളുകളെ ക്ഷണിക്കാൻ മാത്രമുള്ള ഉറപ്പില്ല.

അതല്ലെങ്കിൽ താൻ വിശ്വസിക്കുന്ന കാര്യം ശരിയാണെന്ന് അയാൾ ഉറച്ചുവിശ്വസിച്ചിട്ടും അതേ ശരിയായ വിശ്വാസം വേറേറൊരാൾക്ക് പറഞ്ഞുകൊടുക്കാൻ മാത്രം ആത്മാർത്ഥതയോ സ്നേഹമോ ഗുണകാംക്ഷയോ അയാൾക്ക് വേറൊരാളോടും ഇല്ല എന്നർത്ഥം.

ഇത്രയേ ഉള്ളൂ മത പരിവർത്തനം നടത്താത്തവരുടെ കഥ. അവർക്ക് അവരുടെ വിശ്വാസത്തിൽ വിശ്വാസമില്ല. 

അതല്ലെങ്കിൽ അവർ ആത്മാർത്ഥതയും ഗുണകാംക്ഷയും സ്നേഹവും ഉള്ളവരല്ല.

എന്നിരിക്കെ മതപരിവർത്തനത്തെ പേടിക്കുന്നവരുടെ കഥ എന്താണ്? 

അവരുടെ കഥ ഇത്രയേ ഉള്ളൂ. 

അവരുടെ അടുക്കലുള്ളത് വെച്ച് അവർക്ക് ആരെയും അവരുടെ വിശ്വാസ മതത്തിലേക്ക് ആകർഷിക്കാൻ സാധിക്കില്ല. 

അത്രക്ക് ഉള്ളുപൊള്ളയായതാണ് അവരെ സംബന്ധിച്ചേടത്തോളം അവരുടെ വിശ്വാസവും വിശ്വാസമതവും.

എന്നാലോ, അവരുടെ അടക്കലുള്ളതിൻ്റെ അന്തസ്സരശൂന്യത കാരണം, അവർക്ക് തന്നെ ബോധ്യപ്പെട്ട അന്തസ്സരശൂന്യത കാരണം, അവരുടെ കൂടെയുള്ളവരും ഒഴിഞ്ഞുപോകാൻ സാധ്യതയുണ്ട്. 

അങ്ങനെ വരുമ്പോൾ സ്വന്തം വിശ്വാസ മതത്തിൻ്റെ കാലിനടിയിൽ നിന്നും മണൽ ചോർന്നുപോകും എന്നതവർ മനസ്സിലാക്കുന്നു.

അതുകൊണ്ട് മതപരിവർത്തനത്തെ അവർ പേടിക്കുന്നു. 

അവരുടെ സ്വന്തം ആളുകളുടെ  അഭിപ്രായം മാറുന്നത് അവർ ഭയക്കുന്നു.

സ്വന്തം കഴിവുകേടിന് പരിഹാരം മറ്റുള്ളവരുടെ കഴിവിനെ നിഷേധിക്കുക , ഇല്ലായ്മ ചെയ്യുക എന്നത് അവർ മത പരിവർത്തനം നിരോധിക്കുന്നതിലൂടെ സാഷാൽക്കരിക്കുന്നു. 

ഇത്തരത്തിലുള്ള അവരുടെതന്നെ സ്വാഭാവിക പരാജയം മൂലം അവരിൽ നിന്നും പുറത്തേക്ക് പോകുന്ന സ്വാഭാവിക മതപരിവർത്തനത്തെ ലവ് ജിഹാദ് എന്നും നർക്കോട്ടിക് ജിഹാദ് എന്നുമൊക്കെ ഒരു രക്ഷയുമില്ലാത്തത് കൊണ്ട്, സ്വന്തം മുഖംരക്ഷിക്കാൻ വേണ്ടി മാത്രം അവർക്ക് പറയേണ്ടിയും എടുക്കേണ്ടിയും വരുന്ന അടവുകൾ മാത്രമാണ്.

അവർക്ക് സത്യത്തോടും അഭിപ്രായസ്വാതന്ത്ര്യത്തോടും കൂറില്ല. 

അവരുടെ അംഗബലം സൂക്ഷിക്കാൻ തടവറ സൃഷ്ടിക്കുക എന്നത് മാത്രം പരിഹാരം എന്നവർ കണക്കാക്കുന്നു. 

കണ്ണടച്ച് ഇരുട്ടാക്കുക എന്നത്..

സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി തെരഞ്ഞെടുപ്പ് ഇല്ലാതാക്കുക എന്നത് അവർ അവരെ സംരക്ഷിക്കാൻ കാണുന്ന വഴി. 

No comments: