ദുബായ് യാത്ര: ഭാഗം രണ്ട് -
വെറും ഒമ്പത് ദിവസത്തെ സന്ദർശനത്തിനാണ് ദുബായിലേക്ക് പോയത്.
കുടുംബ സമേതം.
നാല് പേർ.
ഭാര്യ, രണ്ട് മക്കൾ പിന്നെ ഈയുള്ളവനും.
വിത്തിട്ട് മുളപ്പിച്ച് സന്ദർശനം ഉദ്ദേശിപ്പിച്ചതും വിസ തയ്യാറാക്കി അയച്ച് സാധിപ്പിച്ചതും ഗനി എന്ന സുഹൃത്തും ഒപ്പം ഭാര്യയുടെ സഹോദരൻ തന്നെയായ ഫസ്റ്റ് കസിനും.
യുഎ ഇ ചുറ്റിക്കാണുക എന്ന ഒരേയൊരുദ്ദേശം വെച്ച് മാത്രം ഈ യാത്ര.
അതുകൊണ്ട് തന്നെ ഈ ഒമ്പത് ദിവസക്കാലയളവിൽ നാട്ടുകാരും ബന്ധുക്കളും ആയ ആരെയും അങ്ങോട്ട് വിളിച്ച് ബന്ധപ്പെട്ടില്ല, കാണാൻ താല്പര്യപ്പെട്ടില്ല.
സ്വന്തം നാട് കാണാനും നാട്ടുകാരെ കാണാനുമല്ലല്ലോ നമ്മൾ നാട് വിട്ടുപോകുന്നത്?
നാടും നാട്ടുകാരുമല്ലാത്തത് കാണാനാണല്ലോ ഏത് യാത്രയും?
നമ്മൾ സ്വയം അപരിചിതരാവുക, അപരിചിതമായതും അപരിചിതരായവരെയും കാണുക.
സ്വയം പുതിയതായി മാറി പുതിയത് കാണുക. സ്വയം മാറുക, മാറിക്കാണുക.
ആർക്കും ബാധ്യതയും ഭാരവും ആകരുത് എന്നത് കൊണ്ടുകൂടി മാത്രം.
അസ്ഥാനത്തും അസമയത്തും സംഭവിക്കുന്ന, വന്നുചേരുന്ന എന്തും ആരും ബുദ്ധിമുട്ടാണ്, പ്രശ്നനമാണ്, തിന്മയാണ്, ദഹിക്കാത്തതാണ്.
ഏതൊന്നിന്റെയും മൂല്യം അത് വന്നുപെടുന്ന സമയവും സ്ഥാനവുമായി കൂടി ബന്ധപ്പെട്ടതാണ്.
ആളുകൾ ഉപചാരം കൊണ്ട് അഭിനയിക്കും എന്നാകയാൽ പച്ചയായി അതങ്ങനെ പറഞ്ഞെന്നിരിക്കില്ലയെങ്കിലും.
തൊലിപ്പുറത്ത് കാണുന്നതല്ല ആരുടെയും ഉള്ളിലുള്ള രുചിയും നിറവും.
തൊലിപ്പുറത്ത് കാണുന്നത് ഉപചാരവും ആചാരവും. കണ്ടാകർഷിക്കപ്പെടുന്ന തൊലിയാണെങ്കിൽ യഥാർത്ഥ അനുഭവത്തിൽ കളയാനുള്ളത്.
അനുഭവിക്കുമ്പോൾ കളയാനുള്ളതാണ് കാമ്പും കൂമ്പും എന്ന് ധരിച്ചുവശായാൽ യാത്ര യാത്രയല്ലാതാവും.
അതിനാൽ എങ്ങിനെയൊക്കെയോ അറിഞ്ഞ് ഇങ്ങോട്ട് വന്നുകണ്ടവർ മാത്രമേ ഉള്ളൂ.
തേനീച്ചകൾ അവർക്ക് വേണ്ട പൂവുകളെ എങ്ങിനെയും തേടിക്കണ്ടെത്തുന്നത് പോലെയുള്ളൊരു കണ്ടെത്തലും കണ്ടുമുട്ടലും മാത്രം ഈ യാത്രയിൽ. അധികവും പുതിയത് മാത്രം തേടിയും നേടിയും.
തേനീച്ചകൾ ഒരിക്കൽ മാത്രം ഒരു പൂവിലേക്ക് എന്ന മട്ടിൽ.
ഒന്നിൽ തന്നെ ഒരിടത്തേക്ക് തന്നെ പല പ്രാവശ്യം എന്നത് ജീവിതം കൂടി തന്നെയായ യാത്രയിൽ സംഭവിക്കരുത് എന്ന മട്ടിൽ.
അങ്ങനെയല്ലായിരുന്നെങ്കിൽ ഈ ഒമ്പത് ദിവസങ്ങൾ പലരും നമ്മളെ കാത്തും നമ്മൾ പലരെയും കാത്തും സൽക്കാരം കൂടിയും ആവശ്യമില്ലാത്ത സമ്മാനങ്ങൾ വാങ്ങി പരസ്പരം ഭാരം കൊടുത്തും വാങ്ങിയും തീരുമായിരുന്നു.
താമസിക്കാൻ ഒരേറെ ബന്ധുവീടുകൾ വേണമെങ്കിൽ ഒത്തുകിട്ടുമായിരുന്നുവെങ്കിലും താമസം ഒരുക്കിയത് ഹോട്ടലിൽ.
കൂടുതലാവുന്ന ആരുടെ ഏതുതരം അടുപ്പവും പുച്ഛം സൃഷ്ടിക്കും.
എന്നിരിക്കെയും, ഹോട്ടൽ താമസം തന്ന അകൽച്ചയും അപരിചിതത്വവും ഒന്നുകൂടി സ്വകാര്യതയും അത് നൽകുന്ന സാവകാശവും വിശാലതയും സ്വാതന്ത്ര്യവും നൽകി.
യഥാർത്ഥ ദുബായ് ആയിരുന്ന ദേരയിൽ താമസം.
ഇന്നത്തെ ദുബായിക്ക് അസ്ഥിവാരമൊരുക്കിയ ദേരയിൽ തന്നെയുള്ള ഒരു ഹോട്ടലിൽ.
റോയൽ പാരീസിൽ.
ദുബായിൽ എത്തിയ അന്നുമുതൽ തിരിച്ചുവരുന്ന ദിവസം എയർപോർട്ടിൽ എത്തിക്കുന്നത് വരെ ഒരേയൊരാൾ കൂടെ.
എന്തിനും തയ്യാറായി, എല്ലാം വഹിച്ച് ഗനി.
പേര് കൊണ്ട് ധനികനായവൻ മനസ്സ് കൊണ്ടും സന്നദ്ധത കൊണ്ടും ധനികനും വിശാലനും മാത്രമെന്ന് ഓരോ നിമിഷവും തെളിയിച്ചു.
ഒമ്പത് ദിവസവും കൂടെ തന്നെ ഉണ്ടാവാൻ ജോലിയിൽ നിന്നും അവധിയെടുത്തു നിന്നു ആ ധനികനെന്ന് സ്വന്തം പേരിനർത്ഥമുള്ള ഗനി.
ഇടവേളകളിൽ കൂടെ ആവോളം ഉണ്ടായിരുന്ന നൗഫലിനെയും ഷുക്കൂറിനെയും റസലിനെയും മറന്നുകൊണ്ടല്ല ഇതിങ്ങനെ പറയുന്നത്.
വിട്ടഭാഗം പൂരിപ്പിച്ചു നിർത്തി, യാത്രക്ക് അവിടവിടെ തുടർച്ച നൽകി, വിരുന്നൂട്ടിയവരെ വിട്ടുപോവുക അസാധ്യം.
അവർ ചിത്രങ്ങളെ ചിന്ത്രങ്ങളാക്കി കാണിച്ച ചിത്രമല്ലാത്ത പശ്ചാത്തലങ്ങൾ.
എത്രയെല്ലാം ഉറക്കവും ഊണും പ്രശ്നമാക്കാതെ, എവിടേക്കെല്ലാം ഗനി നമ്മെ കൊണ്ടുപോയെന്നോ?
ഒമ്പത് ദിവസത്തിന് ഒമ്പത് മാസങ്ങളുടെയും വർഷങ്ങളുടെയും അർത്ഥവും ദൂരവും നീളവും ഉണ്ടാക്കി കാണിച്ചുതന്നു ഈ ഗനി.
കൂടെ തന്നെ, താൻ ഒറ്റ, ഒറ്റക്ക്, ഏകം, ഒറ്റയായവൾ, അതുല്യം, അനുപമം എന്നർത്ഥം പേരിൽ വഹിക്കുന്ന ഗനിയുടെ ഭാര്യ വഹീദയും.
ഒപ്പം നമ്മുടെയൊക്കെ ഗൗരവത്തെയും പരുപരപ്പിനെയും അലിയിക്കും വിധം നനവും തണുപ്പും തരാൻ ഗനിയുടെയും വഹീദയുടെയും പവിഴമുത്തുമണിയെന്ന് തോന്നിപ്പിക്കുന്ന അച്ചുളിയും അവളുടെ കുഞ്ഞു കുഞ്ഞു നറുമുത്തുമൊഴികളും.
ചെറുതാണ് വലുതെന്ന അനുഭവപാഠം തന്ന അച്ചുളി.
********
ദുബായ് യാത്ര എന്നത് പേരിൽ മാത്രം.
യുഎ ഇ യാത്രയാണ് യുഎയുടെ ഏഴ് ഭാഗങ്ങളിൽ ഒന്ന് മാത്രമാണ്.
പക്ഷേ ദുബായ് എന്നാൽ യുഎഇയും യുഎഇയെന്നാൽ ദുബായി എന്നും അർത്ഥം വരുംവിധമാണ് കാര്യങ്ങൾ.
ശരിയാണ്, ശരീരം ഏറെയുണ്ടെങ്കിലും, ശരീരം മുഴുവൻ നമ്മളും നമ്മുടേതും ആണെങ്കിലും, നമ്മളൊരോരുവരും അറിയപ്പെടുന്നതും തിരിച്ചറിയപ്പെടുന്നതും പേര് വിളിക്കപ്പെടുന്നതും നമ്മുടെ മുഖം വെച്ച്, തലവെച്ച്.
അതുപോലെയാണ് ദുബായിയും യുഎഇയും.
ദുബായി യുഎഇയുടെ മുഖം, തല.
ആ മുഖത്തിനും തലക്കും കിട്ടുന്ന പേര് തന്നെ മൊത്തം ശരീരത്തിനുമുള്ള പേര്. ദുബായി എന്ന യുഎഇ.
ദുബായി പോലെ ഏഴ് ഇമാറാത്തുകൾ (ഗവർണറേറ്റുകൾ) ഉള്ളത് യുഎഇ.
(തുടരും, തുടരണം: അടുത്തത് : മാലാഖകളെ പോലെ അവതരിച്ചു സഹായിച്ച രണ്ട് പാക്കിസ്ഥാനികൾ.)
No comments:
Post a Comment