"അന ഇന്ത ദ്വന്നി അബ്ദീ ബീ"
സാരം:
"എൻ്റ അടിമയുടെ എന്നെക്കുറിച്ച ഊഹത്തിലാണ് ഞാൻ."
അല്ലെങ്കിൽ,
"എൻ്റെ അടിമ എന്നെക്കുറിച്ച് എന്ത്, എങ്ങിനെ ധരിക്കുന്നുവോ അങ്ങനെയാണ് ഞാൻ."
ദൈവം ദൈവത്തെ വിശേഷിപ്പിച്ച് പറഞ്ഞ (പറഞ്ഞെന്ന് പറയുന്ന) ഖുദ്സീയായ ഹദീസ് ആണ് മേൽ ഉദ്ധരിച്ചത്.
വിശ്വാസ വൈവിധ്യവും സങ്കല്പ സ്വാതന്ത്ര്യവും അനുവദിക്കുന്ന ഇതിനേക്കാൾ വലിയ ദൈവിക വചനം ഉണ്ടാവാനില്ല.
ദൈവം എങ്ങനെയുമാണ്, ദൈവം എങ്ങനെയുമാവും, ദൈവത്തെ എങ്ങനെയും സങ്കല്പിക്കാം, കരുതാം എന്ന് പറഞ്ഞുതരുന്ന ദൈവത്തിൻ്റേത് തന്നെയെന്ന് പറയുന്ന, പറയാവുന്ന മൊഴി.
എങ്ങനെയെങ്കിലും ആരെങ്കിലും എപ്പോഴെങ്കിലും പറഞ്ഞതും നിർവ്വചിച്ചതും പോലെ തന്നെ ദൈവവിശ്വാസം ആയിക്കൊള്ളണം എന്നില്ലെന്ന് ദൈവം തന്നെ പറയുന്ന തെളിവായ മൊഴി.
അങ്ങനെ ആരെങ്കിലും എപ്പോഴെങ്കിലും പറഞ്ഞത് മാത്രമായ നിർവചനവും രൂപവും ഭാവവും മാത്രമല്ല ദൈവത്തിനെന്ന് പറഞ്ഞുറപ്പിക്കുന്ന മൊഴി.
എങ്ങനെയെങ്കിലും ആരെങ്കിലും എപ്പോഴെങ്കിലും പറഞ്ഞതും നിർവ്വചിച്ചതും പോലെ തന്നെ ആരും നിർബന്ധമായും ദൈവത്തെ മനസ്സിലാക്കേണ്ടതില്ലെന്നർത്ഥം തരുന്ന മൊഴി.
ഒരു പ്രത്യേക രീതിയിൽ തന്നെ എല്ലാവരും ദൈവത്തെ കാണണം, മനസ്സിലാക്കണം വിശ്വസിക്കണം എന്നൊരു അവസാനമൊഴിയില്ല, ദൈവത്തിന് അങ്ങനെയൊരു നിർബന്ധവുമില്ലെന്ന് അർത്ഥം തരുന്ന മൊഴി.
ദൈവത്തെ എങ്ങനേയും കാണാനും മനസ്സിലാക്കാനും ഉള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കും ഉണ്ട് എന്നർത്ഥം തരുന്ന മൊഴി.
ദൈവം രൂപമായിട്ടായാലും രൂപമില്ലാതെയായാലും. ഗുണങ്ങളോടെയായാലും നിർഗുണമായായാലും ഉണ്ടെന്നായാലും ഇല്ലെന്നായാലും ദൈവത്തെ കുറിച്ച എല്ലാ സങ്കല്പങ്ങളും ഊഹങ്ങളും ഒരുപോലെ ശരിയാവും എന്നർത്ഥം തരുന്ന മൊഴി.
ആരെങ്കിലും എങ്ങനെ വിശ്വസിക്കുന്നു, മനസ്സിലാക്കുന്നു, വിശ്വസിക്കാതിരിക്കുന്നു, മനസ്സിലാക്കാതിരിക്കുന്നു എന്നത് ദൈവത്തെ ബാധിക്കുന്ന കാര്യമല്ലെന്നർത്ഥം തരുന്ന മൊഴി.
ആരെങ്കിലും വിശ്വസിച്ചത് കൊണ്ട് കൂടുതലായി ഉണ്ടാവുന്നില്ല, ആരെങ്കിലും നിഷേധിച്ചത് കൊണ്ട് കൂടുതലായി ഇല്ലാതാവുന്നില്ല ദൈവം എന്നർത്ഥം തരുന്ന മൊഴി.
ആർക്കും അവർക്കാവുമ്പോലെ ദൈവത്തെ സങ്കല്പിക്കാം, സങ്കല്പിക്കാതിരിക്കാം എന്നർത്ഥം തരുന്ന മൊഴി.
ഓരോരുത്തർക്കും അവരകപ്പെട്ട മാനത്തിൽ നിന്നും പ്രതലത്തിൽ നിന്നും മനസ്സിലാക്കാനും ഭാവിക്കാനും സങ്കല്പിക്കാനും സാധിക്കുന്നത് പോലെയാണ് ദൈവം എന്നർത്ഥം തരുന്ന മൊഴി.
ഓരോരുത്തരുടെയും മാനത്തിൻ്റെയും തലച്ചോറിൻ്റെയും പരിമിതികളുടെയും തടവറയിലാണ് ഓരോരുത്തരും എന്ന് ദൈവമറിയും എന്നറിയിക്കുന്ന മൊഴി.
ആ മാനവും പരിമിതിയും തലച്ചോറും അനുസരിച്ച് മനസ്സിലാകുന്നത് പോലെയും വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ആവുന്നത് പോലെയും തന്നെ അവരുടെ ദൈവവും ദൈവമില്ലായ്മയും അവർക്ക് എന്നർത്ഥം തരുന്ന മൊഴി.
ദൈവമില്ലെന്നാണ് ഒരാൾക്ക് അവൻ്റെ മാനവും പരിമിതിയും തലച്ചോറും വെച്ച് ന്യായമായും തോന്നുന്നതെങ്കിൽ അതയാൾക്ക് ശരിയെന്ന് പറഞ്ഞുതരുന്ന മൊഴി.
ആരെയും അയാളുടെ തലച്ചോറും പരിമിതിയും മാനവും വെച്ച് ദൈവം ഉൾകൊള്ളും എന്നർത്ഥം തരുന്ന മൊഴി.
അങ്ങനെ ഒരാൾക്ക് ദൈവമില്ലെന്നു തോന്നിയാൽ ഇല്ലാത്തത് പോലെ അയാൾക്ക് അയാളുടെ ദൈവം എന്ന് പറഞ്ഞുതരുന്ന മൊഴി.
അങ്ങനെ ഒരാൾക്ക് ദൈവമുണ്ടെന്നാണ് അയാളുടെ തലച്ചോറും പരിമിതിയും മാനവും വെച്ച് തോന്നുന്നതെങ്കിൽ അങ്ങനെ ഉള്ളത് പോലെ തയാൾക്ക് അയാളുടെ ദൈവം എന്ന് പറഞ്ഞുതരുന്ന മൊഴി.
ഒരാൾക്ക് തോന്നുന്നത് പോലെ, അയാൾ കരുതും പോലെ തന്നെ ഉള്ളതും ഇല്ലാത്തതുമായി ശരിയാകും, ദൈവമാകും എന്ന് പറയുന്ന മൊഴി.
ജനിച്ചുവളർന്ന ചുറ്റുപാടുകളിൽ നിന്ന് കിട്ടിയത് മാത്രം ഉപബോധമനസ്സിനെ പിന്തുടർന്ന് മാത്രം സങ്കല്പിക്കാനും വിശ്വസിക്കാനും മാത്രമേ ഒരാൾക്ക് സാധിന്നുള്ളൂവെങ്കിൽ (മഹാഭൂരിപക്ഷത്തിൻ്റെയും കാര്യം പോലെ) അവർക്കാവരുടെ ദൈവം അപ്പോലെ തന്നെ എന്നോതിത്തരുന്ന വലിയമൊഴി.
എല്ലാറ്റിലും എവിടെയും എപ്പോഴും ദൈവമുണ്ട് എന്നാണ് ഒരാൾക്ക് തോന്നുന്നതെങ്കിൽ അയാൾക്ക് ദൈവം അങ്ങനെ തന്നെ എല്ലാറ്റിലും എവിടെയും ഭവിക്കും എന്നറിയിക്കുന്ന തിരുമൊഴി.
പലതായും എല്ലാമായും ഒരാൾക്ക് ദൈവത്തെ തോന്നുന്നുവെങ്കിൽ അയാൾക്ക് ദൈവം അങ്ങനെയുമെന്ന് ഉറപ്പിക്കുന്ന ഉറച്ചമൊഴി.
ഓരോരുത്തർക്കും അവർക്കാവും പോലെ ദൈവം.
ഇല്ലെന്നാണെങ്കിൽ ഇല്ലാത്തത് പോലെ.
ഉണ്ടെന്നാണെങ്കിൽ ഉള്ളത് പോലെ.
പലതെന്നാണെങ്കിൽ പലത് പോലെ.
ഒന്നെന്നാണെങ്കിൽ ഒന്ന് പോലെ.
പശുവായും പർവ്വതമായും തോന്നുന്നുണ്ടെങ്കിൽ അങ്ങനെ.
പശുവായും പാർവ്വതമായും തോന്നുന്നില്ലെങ്കിൽ അങ്ങനെ.
ദൈവത്തിന് നിർബന്ധങ്ങളും ആവശ്യങ്ങളും ഇല്ല.
നിർബന്ധങ്ങളുളും ആവശ്യങ്ങളും ഉണ്ടെങ്കിൽ ദൈവം ദൈവമല്ല.
ദൈവമല്ലാത്ത ഒന്നും നടക്കില്ലെങ്കിൽ, ദൈവം ഉദ്ദേശിക്കാത്തത് നടക്കില്ല എന്നുണ്ടെങ്കിൽ പിന്നെന്തിന് ദൈവത്തിന് നിർബന്ധങ്ങളും ആവശ്യങ്ങളും?
എന്നൊക്കെയും പറഞ്ഞുപഠിപ്പിക്കുന്ന ദൈവികമൊഴി.
ദൈവസങ്കൽപത്തിലെയും വിശ്വാസത്തിലെയും വ്യത്യസത്തിൻ്റെ പേരിൽ മത്സരിക്കുകയും സംഘർഷപ്പെടുകയും വേർതിരിയുകയും വിഭജിക്കപ്പെടുകയും തമ്മിലടിക്കുകയും വേണ്ടതില്ല എന്ന് വ്യക്തമാക്കുന്ന കറകളഞ്ഞ മൊഴി.
No comments:
Post a Comment