Thursday, February 29, 2024

ഏറ്റവും വലിയ ദുഃഖവും വേദനയും എന്താണെന്നറിയാമോ?

ഏറ്റവും വലിയ ദുഃഖവും വേദനയും നിസ്സഹായതയും ഏതാണ്? 

നാം ജീവിച്ചിരിക്കെ മക്കൾ മരിക്കുക, നാം ജീവിച്ചിരിക്കെ മക്കൾ രോഗം കൊണ്ട് വേദനിക്കുക. 

അതിനാൽ കൂടിയാവുമോ അച്ഛനമ്മമാർ ജീവിച്ചിരിക്കെ മക്കൾ മരിച്ചാൽ അവർക്ക് ചിതയൊരുക്കാത്തത്, അവരുടെ ശവം കത്തിക്കാത്തത്? 

അത്രക്കങ്ങ് ഇല്ലാതാവുന്നതും ഇല്ലാതാക്കാവുന്നതും അല്ല അച്ഛനമ്മമാരിൽ നിന്നും മക്കളെ എന്നല്ലേ അതിൻ്റെയർത്ഥം?

*******

അപ്രതീക്ഷിതമായി മക്കളൊന്നു തെന്നി വീണാൽ, അപകടപ്പെട്ടാൽ വെപ്രാളപ്പെട്ട് "എൻ്റെ മോനേ" "എൻ്റെ മോളേ" എന്നുള്ള അമ്മയുടെ വിളിയെക്കാൾ വലിയ ആഴവും പരപ്പുമുള്ള വിളിയും ശബ്ദവും പ്രപഞ്ചത്തിൽ എവിടെയും ഒന്നിലും ഇല്ല 

വിവരമില്ലാത്തവരുടെ ആയുധം അസൂയ, വെറുപ്പ്, ശത്രുത, ഊഹാപോഹങ്ങൾ

വിവരമില്ലാത്തവരുടെ ആയുധം അസൂയ, വെറുപ്പ്, ശത്രുത, ഊഹാപോഹങ്ങൾ പേറിനടക്കുക. 

വിവരമില്ലാത്ത ജനങ്ങളിൽ രാഷ്ടീയനേതൃത്വം പരീക്ഷിച്ച് നടപ്പാക്കി വിജയിക്കുന്നതും അസൂയ, വെറുപ്പ്, ശത്രുത, ഊഹാപോഹങ്ങൾ എന്നിവ വളർത്തിയും വെച്ചും മാത്രം. 

പിശാച് പിശാചാവുന്നതും അസൂയ, വെറുപ്പ്, ശത്രുത, ഊഹാപോഹങ്ങൾ പേറിനടക്കുക എന്നത് കൊണ്ട് മാത്രം.

******

അയൽവാസിയെ വെറുക്കലും കുറ്റംപറയലും പിന്നെ വീട്ടുകാരെ തമ്മിലടിപ്പിക്കലുമാണ് സ്വന്തം വീടിനോടുള്ള സ്നേഹം, സ്വന്തം വീട് ഭരണം എന്ന് വരരുത്. 

സ്വന്തം വീടിനെയും നാടിനേയും സ്നേഹിക്കുന്നവൻ അയൽവാസിയെ കൂടി സ്നേഹിക്കും, വീട്ടുകാരെ ഒന്നായി കൊണ്ടുനടക്കും. 

അകറ്റാതെ, പകരം എങ്ങിനെയും അടുപ്പിച്ച് സ്നേഹിച്ച് നിർത്തും.

********


ആളുകൾ കാര്യമായ തെളിവും വിവരവും ഇല്ലാതെ, വെറുപ്പ് വീണ്ടും വീണ്ടും ജനിപ്പിക്കും വിധം, വെറുപ്പ് ജനിപ്പിക്കുകയും വിതരണം ചെയ്യുകയും ഒരു ദൗത്യം പോലെ ഏറ്റെടുത്ത് എന്തൊക്കെയോ പറയുന്നു.

പാക്കിസ്ഥാനിൽ ഹിന്ദുക്കൾ കൂട്ടക്കൊല ചെയ്യപ്പെട്ടതായും കൂട്ടാമായി മതപരിവർത്തനം ചെയ്യപ്പെട്ടതായും ഒരു വിവരവും വാർത്തയും ഒരു മാധ്യമത്തിലൂടെയും ഇന്നിതുവരെ എവിടെയും കണ്ടില്ല. ഇവിടെ ഇന്ത്യയിൽ നിക്ഷിപ്ത തൽപര ഗ്രൂപ്പുകൾ അവരുടെ അജണ്ട നടപ്പാക്കാൻ വേണ്ടി പറയുന്നതും പ്രചരിപ്പിക്കുന്നതുമല്ലാതെ. 

അന്താരാഷ്ട്ര സമൂഹം എവിടെയും അങ്ങനെയൊന്ന് പറഞ്ഞില്ല, അംഗീകരിച്ചില്ല. 

ഇസ്ലാമിക തീവ്രവാദം ഉണ്ടെന്നും അപകടകരമാണെന്നും അംഗീകരിച്ച് കൊണ്ട് തന്നെയാണ് ഇത് പറയുന്നത്. 

ഈ ഇസ്ലാമിക തീവ്രവാദം കാരണം പാക്കിസ്ഥാനിൽ മുസ്‌ലിംകളെ കൊന്നത്ര പോലും ഹിന്ദുക്കളെ കൊന്നിട്ടില്ല.

അവിഭക്ത ഇന്ത്യയുടെ ഭാഗമായ പാക്കിസ്ഥാനിൽ താങ്കൾ പറഞ്ഞത് പോലെ ഹിന്ദുക്കൾ പതിനാറ് ശതമാനം ഉണ്ടായിരുന്നിരിക്കും. 

അവിഭക്ത ഇന്ത്യയിലെ മുസ്ലിംകളുടെ ശതമാനവും വിഭജനത്തിന് ശേഷമുള്ള ഇന്ത്യയിലെ ശതമാനം അല്ല. അതും കുറഞ്ഞിട്ടുണ്ട്.

എന്തുകൊണ്ട് കുറഞ്ഞു? 

ഇന്ത്യയിലെ മുസ്ലിംകളിൽ വലിയ വിഭാഗം പാക്കിസ്ഥാനിലേക്കും പാക്കിസ്ഥാനിലെ ഹിന്ദുക്കളിലെ വലിയ വിഭാഗം ഇന്ത്യയലേക്കും വന്നു, പാലായനം ചെയ്തു. 

അല്ലാതെ എന്തോ ആരോ ചെയ്തത് കൊണ്ട് രണ്ട് ഭാഗത്തും ഹിന്ദുക്കളും മുസ്ലിംകളും കുറഞ്ഞതല്ല.

പിന്നെ വിഭജന സമയത്ത് നടന്ന ദുരന്തവും കൊലപാതകങ്ങളും രണ്ട് കൂട്ടരും ഒരുപോലെ അനുഭവിച്ചു. കണക്ക് പറയുമ്പോൾ രണ്ട് ഭാഗത്ത് നിന്നും പറയണം. വസ്തുതകൾ വെച്ച് പറയണം. 

മുസ്ലിംകൾ വിഭജനത്തിന് ശേഷം ഇന്ത്യയിൽ വെറും പതിനഞ്ചു ശതമാനത്തിനും താഴെയായി കുറഞ്ഞത് പോലെ പാക്കിസ്ഥാനിൽ ഹിന്ദുക്കളും കുറഞ്ഞു. 

ഹിന്ദുക്കൾ ഇന്ത്യയിലേക്കും മുസ്ലിംകൾ പാക്കിസ്ഥാനിലേക്കും പാലായനം ചെയ്തത് കാരണം.

********


Wednesday, February 28, 2024

തെമ്മാടിയാണ് യഥാർഥത്തിൽ സ്വതന്ത്രൻ, സ്വാഭാവികൻ.

തെമ്മാടി എന്ന് നാം പറയുന്നവനാണ് യഥാർഥത്തിൽ സ്വതന്ത്രൻ, സ്വാഭാവികൻ. 

നാട്യങ്ങളില്ലാത്തവൻ, നാട്യങ്ങൾ ആവശ്യമില്ലാത്തവൻ. 

നിർവ്വചനങ്ങൾ പൊട്ടിച്ചെറിഞ്ഞൻ. 

സ്വയമൊരു നിർവ്വചനമായവൻ. 

ഉപബോധമനസ്സിൻ്റെ തടവറയിൽ നിന്നും മുക്തിനേടിയവൻ. 

അവന് മാതൃക അവൻ മാത്രം.

അവനോട് മിക്കവർക്കും ഒളിച്ചുവെച്ച അസൂയനിറഞ്ഞ ബഹുമാനം മാത്രം.

********

ആരാണ് യഥാർത്ഥ തെമ്മാടി? 

നിസ്സഹായത കൊണ്ടും സമൂഹം അങ്ങനെയാക്കിയതും വിളിച്ചതും കൊണ്ടും തെമ്മാടിയായവനല്ല തെമ്മാടി. 

അവൻ കെണിഞ്ഞ് പോയവനും കുറ്റബോധം പേറുന്നവനും മാത്രം. 

താൽകാലികാഭിനിവേശത്തിൽ കുടുങ്ങിയത് കൊണ്ടുള്ള ശിക്ഷപേറുന്നവൻ. 

ഏതൊരു പുരോഹിതനെയും പോലെ. 

ഒന്നും ഒന്നുമല്ലെന്നും 

ഒന്നിലും ഒന്നുമില്ലെന്നും 

അറിഞ്ഞവനും, 

അതുവച്ച് സ്വതന്ത്രമായി ജീവിക്കുന്നവനുമാണ് 

യഥാർത്ഥ തെമ്മാടി.

Friday, February 23, 2024

ബിജെപി മാത്രമേ ഇന്ത്യക്കിനിയുള്ളൂ.

ബിജെപി മാത്രമേ ഇന്ത്യക്കിനിയുള്ളൂ. 

ബിജെപിയെ തന്നെ സഹിക്കുകയല്ലാത്ത മറ്റൊരു പോംവഴി ഇനിയങ്ങോട്ട് ഇന്ത്യക്കില്ല.

കാരണം, പ്രതിപക്ഷ ബിജെപി ഭരണത്തിലേതിനേക്കാൾ അപകടകാരിയാവും. 

അതുകൊണ്ടിനിയും ഭരണം ബിജെപിയെ തന്നെ മാത്രമേൽപിക്കുകയേ ഏക പരിഹാരമുള്ളൂ. 

കുറുക്കനെ തന്നെ കോഴിയുടെ സംരക്ഷണം ഏൽപ്പിക്കുന്നത് പോലെയെങ്കിലും ബിജെപിയെ തന്നെ ഇന്ത്യൻ ഭരണം ഇനിയങ്ങോട്ടും ഏൽപ്പിക്കണം. 

എങ്കിൽ, എറിയാൽ സംഭവിക്കാവുന്നതിൽ കൂടുതലൊന്നും ഇനി സംഭവിക്കില്ല. 

ഉണ്ടാകാവുന്ന അപകടം കുറയും, 

ഭരണത്തിലിരിക്കുന്ന ബിജെപിക്ക് അപകടം കൂട്ടാൻ സാധിക്കില്ല. 

മതവികാരവും വർഗ്ഗീയവികാരവും വെറുപ്പും വിഭജനവും വെച്ച് കളിക്കുന്ന പ്രതിപക്ഷ ബിജെപിയെ നിയന്ത്രിക്കാൻ മാത്രം ഇച്ഛാശക്തിയുള്ള മറ്റൊരു പാർട്ടിയും ഉദ്യോഗസ്ഥതലവും ബിജെപിയല്ലാതെ, ബിജെപിക്കല്ലാതെ ഇന്ത്യയിലില്ല.

Wednesday, February 21, 2024

മൂക്കാതെ പഴുക്കാതെ കൊഴിഞ്ഞുപോകുന്ന തളിരിലകളോ?

മരണം തരുന്ന വീട്: 

ഞാൻ നീ എന്ന ബോധമില്ലാത്ത നിത്യത എന്ന സർവ്വവുമായ വീട്.

********

മൂത്ത് പഴുത്തുണങ്ങി കൊഴിയുന്ന ഇലകൾ. 

ചുവന്നുതുടുത്ത അസ്തമയ സൂര്യന്മാർ തന്നെ. 

എന്ത് പറയാൻ? 

ഉയരാനും താഴാനും ഇനിയും ആകാശമില്ലാതെ.

നിർവ്വഹവുമില്ലാതെ വെറുമൊരനിവാര്യതയായി അസ്തമിക്കുക തന്നെ. 

പക്ഷേ, മൂക്കാതെ പഴുക്കാതെ  കൊഴിഞ്ഞുപോകുന്ന തളിരിലകളോ? 

ഉയരാനിനിയും ആകാശങ്ങൾ കുറേ ബാക്കിയിരിക്കെ, തുടക്കത്തിൽ തന്നെ, അല്ലേൽ എവിടെയോ വഴിക്ക് വെച്ച് അസ്തമിക്കുന്ന സൂര്യൻമാർ വേദനിപ്പിക്കും. 

ബാക്കിയാവുന്ന, ഒഴിഞ്ഞുകിടക്കുന്ന ആകാശങ്ങൾ ആരുടെയും വേദന മാത്രം. പേടി മാത്രം.

*******

പ്രത്യേകിച്ച് ഒരർത്ഥം ആരും ജീവിതത്തിന് കണ്ടില്ല, അറിഞ്ഞില്ല. 

എന്നിട്ടും മരണത്തെ ഭയക്കുന്നു. 

മരിക്കാൻ മടിക്കുന്നു. 

ഞാനും നീയും ഇല്ലാതായിപ്പോകുന്നതിനെ ഉൾകൊള്ളാൻ സാധിക്കുന്നില്ല. 

ഞാനും നീയും ഉണ്ട്, ഉണ്ടാവണം, എപ്പോഴുമെപ്പോഴും ഉണ്ടാവും എന്ന് തന്നെ കരുതിപ്പോകുന്നു. 

സ്വന്തം മക്കൾ തനിക്ക് മുൻപേ മരിച്ചില്ലാതാവുമ്പോൾ,

സ്വന്തം മക്കൾ രോഗം മൂലം വേദനിക്കുമ്പോൾ, 

അങ്ങേയറ്റം വേദനിച്ചുപോകുന്നു. 

എന്തിനെന്നോ എന്തുകൊണ്ടെന്നോ ഇല്ലാതെ.

Tuesday, February 20, 2024

അക്കരെ നോക്കുമ്പോഴുള്ള പച്ച അക്കരെ മാത്രമേ ഉള്ളൂ.

നിലനിൽക്കാൻ ശ്രമിക്കുക, 

പരസ്പരം നിലനിൽപ്പിക്കാൻ ശ്രമിക്കുക. 


ജീവിക്കാൻ ശ്രമിക്കുക, 

പരസ്പരം ജീവിപ്പിക്കാൻ ശ്രമിക്കുക. 

മനുഷ്യനും സകലതും ആകെമൊത്തം മുഴുകിയിരിക്കുന്നത് ഇങ്ങനെ. 


മനുഷ്യൻ ഉണ്ടാക്കിയ നേട്ടങ്ങൾ മുഴുവൻ ഇങ്ങനെ ഉണ്ടായത്, ഇതിന് വേണ്ടി ഉണ്ടായത്.

*******

അക്കരെ നോക്കുമ്പോഴുള്ള പച്ച. 

അത് മാറ്റിനിർത്തിയാൽ നാമറിയുന്ന ഒന്നിനുമല്ലാതെ നീങ്ങുന്നത് മാത്രം ജീവിതം.  

അക്കരെ നോക്കുമ്പോഴുള്ള പച്ച അക്കരെ നോക്കുമ്പോൾ മാത്രം. 

നമ്മിൽ കൊതിയുണ്ടാക്കി ജീവിതം നമ്മെ കൈപിടിച്ച് നടത്തി ജീവിപ്പിക്കുന്നത് ഈ അക്കരപ്പച്ചയെ ആയുധമാക്കി മാത്രം.

********

പ്രത്യേകിച്ച് ഒരർത്ഥം ആരും ജീവിതത്തിന് കണ്ടില്ല, അറിഞ്ഞില്ല. 

എന്നിട്ടും മരണത്തെ ഭയക്കുന്നു. 

മരിക്കാൻ മടിക്കുന്നു. 

ഞാനും നീയും ഇല്ലാതായിപ്പോകുന്നതിനെ ഉൾകൊള്ളാൻ സാധിക്കുന്നില്ല. 

ഞാനും നീയും ഉണ്ട്, ഉണ്ടാവണം, എപ്പോഴുമെപ്പോഴും ഉണ്ടാവും എന്ന് തന്നെ കരുതിപ്പോകുന്നു. 

സ്വന്തം മക്കൾ തനിക്ക് മുൻപേ മരിച്ചില്ലാതാവുമ്പോൾ,

സ്വന്തം മക്കൾ രോഗം മൂലം വേദനിക്കുമ്പോൾ, 

അങ്ങേയറ്റം വേദനിച്ചുപോകുന്നു. 

എന്തിനെന്നോ എന്തുകൊണ്ടെന്നോ ഇല്ലാതെ.

Sunday, February 18, 2024

എല്ലാം ഒരുപോലെ ദൈവികം.

ഉണ്ടെങ്കിൽ ഉള്ള 

ദൈവവും ദൈവികതയും 

എന്തെന്ന് പറയേണ്ടതില്ല,

എന്തെന്ന് പറയാനറിയില്ല. 


പക്ഷേ ഒന്ന് പറയാം. 


നന്മയും തിൻമയും, 

ശരിയും തെറ്റും, 

ക്രമവും അക്രമവും, 

രോഗവും ആരോഗ്യവും, 

വൃത്തിയും വൃത്തികേടും, 

ഉള്ളും പുറവും 

എല്ലാം ഒരുപോലെ ദൈവികം, 

എല്ലാം ഒരുപോലെ ദൈവത്തിൽ നിന്ന്, 

എല്ലാം ഒരുപോലെ ദൈവത്തിൻ്റെ ഭാഗം.

********

ശുദ്ധി, പരിശുദ്ധി എന്നതൊക്കെ നമുക്ക് മാത്രം ബാധകമായ സംഗതികൾ. 

ശുദ്ധി, പരിശുദ്ധി എന്നതൊക്കെ നമ്മുടെ പ്രതലത്തിൽ മാത്രം തോന്നുന്ന കര്യങ്ങൾ. 

ഉണ്ടെങ്കിൽ ഉള്ള ദൈവം ഒരുപോലെ അശുദ്ധിയും ശുദ്ധിയുമായത്. രണ്ടും ബാധകമല്ലാതെ.

ഉണ്ടെങ്കിൽ ഉള്ള ദൈവം ഒരുപോലെ അശുദ്ധനും ശുദ്ധനുമായത്. രണ്ടും അല്ലാതെ.

ശുദ്ധി, അശുദ്ധി പ്രയോഗം വളരേ ആപേക്ഷികമായത്. 

ശുദ്ധി, അശുദ്ധി പ്രയോഗം ആത്യന്തികതയിൽ ബാധകമല്ലാത്തത്. 

ആത്യന്തികത ഒരുപോലെ അശുദ്ധിയും ശുദ്ധിയും ഉൾക്കൊള്ളുന്നത്. 

ആത്യന്തികത ഒരുപോലെ അശുദ്ധിയും ശുദ്ധിയും ഉടമപ്പെടുത്തുന്നത്.

*******

പിശാചും ദൈവവും ഒന്ന്.

പാപവും പുണ്യവും ഇല്ല.

നമ്മുടെ ആവശ്യവും അനാവശ്യവും ഉണ്ടാക്കുന്ന പാപവും പുണ്യവുമല്ലാതെ പാപവും പുണ്യവും ഇല്ല.

അതുകൊണ്ട് തന്നെ അതാത് പ്രതലത്തിൻ്റെ സാഹചര്യവും സാമൂഹ്യ സാംസ്കാരിക ചുറ്റുപാടും വ്യവസ്ഥിതിയും ഉണ്ടാക്കുന്ന, തോന്നിപ്പിക്കുന്ന പാപവും പുണ്യവും ശരിയും തെറ്റും മാത്രമേ ഉള്ളൂ.

ഏറിയാൽ പറയാവുന്നത് നമ്മുടെ ആവശ്യം നന്മ, അനാവശ്യം തിന്മ എന്ന് മാത്രം.

അപ്പോഴും യഥാർഥത്തിൽ തൻ്റെ ആവശ്യം ഏത് അനാവശ്യം ഏത് എന്ന് പലർക്കും തീരുമാനിക്കാൻ സാധിക്കാത്തിടത്ത് ആവശ്യം അനാവശ്യമാകും, അനാവശ്യം ആവശ്യമാകും.

അങ്ങനെ സംഗതി കലങ്ങി മറിയും.

ഒരു കൂട്ടർക്ക് ആവശ്യമായത് മറുകൂട്ടർക്ക് അനാവശ്യമാകുന്ന അവസ്ഥയും സംജാത്lമാകും. നേരെ മറിച്ചും