ഗുരുവെന്ന് പേരുള്ളവരെയും, ഗുരുവെന്ന് അവകാശപ്പെടുന്നവരെയും എവിടെക്കണ്ടാലും ഓടിരക്ഷപ്പെടുക.
വന്യമൃഗങ്ങളിൽ നിന്നും മാൻപേടകൾ ആത്മരക്ഷക്ക് വേണ്ടി ഓടിരക്ഷപ്പെടുന്നത് പോലെ തന്നെ നിങ്ങൾ ഓടിരക്ഷപ്പെടുക.
ഗുരുവെന്ന വാക്കിനർത്ഥം, ഇരുട്ടില്ലാതാക്കുന്നത്, എന്ന നിലയ്ക്കുള്ള ഗുരുക്കൻമാർ ഇല്ലെന്ന് കണ്ട് തന്നെ ഇത് പറയുന്നു.
എല്ലാവരും ഒന്നുമറിയാതെ ഒരുപോലെ ഇരുട്ടിൽ തപ്പുക മാത്രം.
ഒരുപക്ഷെ ഇരുട്ടിൽ തപ്പുകയാണെന്നറിഞ്ഞവരുണ്ട്.
അതറിഞ്ഞവർ അതറിയാത്തവരെ ആ അറിവ് മാത്രം വെച്ച് ഗുരുവായി ചമഞ്ഞ് ചൂഷണം ചെയ്തുകൊണ്ട് ഗുരിക്കൻമാരാവുന്നു.
ഒരു ഗുരുവും നിങ്ങളെ വളർത്തില്ല. ആർക്കും അവനവനിൽ തന്നെയും ഒരു നിയന്ത്രണവും ഇല്ല.
എല്ലാം, പിന്നെ എല്ലാവരും ആവുന്നത് പോലെയങ്ങ് ആവുന്നുവെന്ന് മാത്രം.
നിങ്ങളെ വിഴുങ്ങിക്കൊണ്ട് മാത്രം, നിങ്ങളിലെ നിങ്ങളെ ഇല്ലാതാക്കി, അവരിലെ അവരെ ഒന്നുകൂടി ഉണ്ടാക്കി, വളർത്തി മാത്രം അവർ ഗുരുക്കളാവുന്നു.
നിങ്ങൾ സ്വയം മാറില്ലെങ്കിൽ ലോകത്താരും ഒരു ഗുരുവും നിങ്ങളെ മാറ്റില്ല.
നിങ്ങൾ ജീവിക്കാൻ വേണ്ടി ചെയ്യുന്നതൊക്കെ തന്നെയല്ലാത്ത ഒരു പാഠവും നിങ്ങൾക്ക് പാഠമല്ല.
നിങ്ങളിൽ കുറ്റബോധം നിറച്ച്, എപ്പോഴും നിങ്ങളെ ശിഷ്യന്മാരായി നിലനിർത്തി, ഓടുന്ന വണ്ടിക്കുള്ളിൽ നിങ്ങളെ ഓടിപ്പിച്ച് തളർത്തുന്നവരെ നിങ്ങൾ ഗുരുക്കന്മാരെന്ന് വിളിക്കുന്നു.
തളർന്ന നിങ്ങൾ തളർന്നു എന്നത് കൊണ്ട് മാത്രം എപ്പോഴും ശിഷ്യന്മാർ മാത്രമായിരിക്കാൻ വിധിക്കപ്പെടുന്നു.
നിങ്ങളെ തളർത്തിനിർത്തി ശിഷ്യന്മാരാക്കുന്നത് കൊണ്ട് ഗുരുക്കന്മാരാവുന്നവരാണവർ.
പകരം നിങ്ങൾ പൂച്ചയെ പോലെ സ്വന്തത്തിൽ മുഴുകുക.
ആരും കൂടെയില്ലെന്നറിഞ്ഞുറപ്പിച്ച് ജീവിക്കുക
ഒറ്റയിൽ ഒറ്റയായി നിലകൊള്ളുക.
ഒറ്റയിൽ ഒറ്റയായി നിലകൊള്ളുന്ന എല്ലാവരും ഗുരുക്കന്മാർ തന്നെ.
ആശ്രയം എത്രയും കുറച്ചവർ.
തന്നെ എങ്ങനെ മറ്റുള്ളവർ ധരിക്കുന്നു, കാണുന്നു, വിളിക്കുന്നു എന്നതിനെ പോലും ആശ്രയിക്കാനീല്ലാത്തവർ.
ശാരീരികമായ അതിജീവനത്തിന് വേണ്ടിയല്ലാതെ ഒന്നിനും ആരെയും ഒന്നിനെയും ആശ്രയിക്കാനീല്ലാത്തവർ.
തന്നെക്കുറിച്ച, മറ്റുള്ളവരിലുണ്ടാവുന്ന ധാരണയായ പ്രതിഷ്ഠക്ക് വേണ്ടി നിലകൊള്ളാത്തവർ.
ആ പ്രതിഷ്ഠയെ പൂജിച്ച് വളർത്താൻ മറ്റുള്ളവരെ ക്ഷേത്രങ്ങളാക്കി ജീവിക്കാത്തവർ.
ഗുരുക്കന്മാരെന്ന് പേര് വീഴാനില്ലാത്ത, ശിഷ്യന്മാർ വേണ്ടാത്ത ഗുരുക്കന്മാർ.
•••••••••
നിങ്ങൾ മാത്രം നിങ്ങളെ നയിക്കുക.
ആരുടെയും ശിഷ്യനാവാതിരിക്കുക.
ഒരു ഗുരുവും നിങ്ങളെ വളർത്തില്ല.
എല്ലാ ഗുരുക്കന്മാരും ഗുരുക്കന്മാരാവാനുള്ള, ഗുരുക്കന്മാരായി തുടരാനുള്ള അഭിനയത്തിന്റെ തടവറക്കുള്ളിൽ ശ്വാസംമുട്ടിയിരിപ്പാണ്.
എല്ലാ ഗുരുക്കന്മാരെന്ന് വിളിക്കപ്പെടൂന്നവരും നിങ്ങളെ അഭിനയിച്ച് തളർത്തും.
വളർത്തുന്നുവെന്ന വ്യാജേന നിങ്ങളെ കാർന്നുതിന്ന് തളർത്തുമ്പോൾ മാത്രം വളരുന്നവരാണ് ഗുരുക്കന്മാർ.
നിങ്ങൾ താഴ്ന്നിരിക്കുന്നത് കൊണ്ട് ഉയർന്നിരിക്കുന്നവർ ഗുരുക്കന്മാർ
അവരുടെ ഉച്ചമർദ്ധം കൊണ്ട് നിങ്ങളിൽ ന്യൂനമർദ്ദം ഉണ്ടാക്കുന്നവർ ഗുരുക്കന്മാർ.
എപ്പോഴും ന്യൂനമർദ്ദം എന്ന ഡിപ്രെഷൻ ഉള്ളവരാക്കി അവർ നിങ്ങളെ ശിഷ്യന്മാരാക്കി നിലനിർത്തുന്നു.
നിങ്ങൾ കീഴേ ഇരിക്കുന്നത് കൊണ്ട് മേലെ ഇരിക്കുന്നവർ ഗുരുക്കന്മാർ.
കീഴേ ന്യൂനമർദ്ദമായി ഇരിക്കുന്ന നിങ്ങളിൽ മുകളിലായിരിക്കുന്ന അവരിലെ ഉച്ചമർദ്ധം കോരിയൊഴിച്ച് നിറച്ച് പാഠമാക്കി മാറ്റുന്നവർ.