Friday, June 3, 2022

പിന്‍തുടരുന്നവർ ഏഴു വിധം ഏഴു കൂട്ടർ.

 ഏഴു വിധം ഏഴു കൂട്ടര്‍:


ഏഴ് ആകാശവും നിറവും സ്വരവും കടലും ദിവസവും പോലെ തന്നെ ഏഴു വിധം, ഏഴു വിഭാഗം. 


സത്യം തേടുന്ന വഴിയില്‍, തേടുന്നവരെന്ന് അവകാശപ്പെടുന്നവർ, അങ്ങിനെ വരുത്തുന്നവർ, അതിനാല്‍ നിന്നെ പിന്‍തുടരുന്നവർ.


1. നിന്നോടൊപ്പവും സത്യത്തോടൊപ്പവും സ്ഥാനവും ബഹുമാനവും അധികാരവും പ്രശസ്തിയും നുണയാന്‍ കൂടെ കൂടുന്നവർ,


2. നിന്നിലും സത്യത്തിലും മഹത്വം എന്ന്കണ്ട്, അങ്ങിനെ ധരിച്ച്, അങ്ങനെയാവാന്‍ ശ്രമിക്കുന്നവര്‍. ആ വഴിയില്‍, അതാവാതെ, അതിനാവാതെ, വെറുതെ അനുകരിക്കുന്നവർ, 


3. ഫാഷന്‍, അല്ലെങ്കിൽ കാലത്തിന്റെ ട്രെന്‍ഡ്, എന്ന്കണ്ട് വരുന്നവർ, 


4. നിലവിലുള്ളതിന്റെ ബാധ്യതകളില്‍ നിന്ന് ഒളിച്ച് ഓടുന്നവർ. ബാധ്യതകളെ പേടിച്ച് അതിൽ നിന്ന് രക്ഷനേടാൻ നിലവില്‍ ഉള്ളതിനെതിരെ നിങ്ങളെ മറയും തണലും ആക്കുന്നവർ, 


5. കാല്‍പനികതയില്‍ വന്ന്പെടുന്നവർ. യാഥാര്‍ത്ഥ്യബോധം തൊട്ടുതീണ്ടാതെ, വന്നിരിക്കുന്നവർ. 


6 നിന്റെ ശത്രു. കപടന്‍. നിന്നോടൊപ്പം എന്ന് നിന്നെ ധരിപ്പിച്ച്, നിന്നെ ഒറ്റ്കൊടുക്കുന്നവർ. നിന്നോടും നീ പറയുന്നതിനോടും യഥാര്‍ത്ഥത്തില്‍ അസൂയയും ശത്രുതയും അസഹിഷ്ണുതയും വെച്ച്പുലര്‍ത്തി നിന്നോടൊപ്പം നിന്ന് നിന്നെ തകര്‍ക്കുന്നവർ. ചിതല്‍, ചാരന്മാര്‍, കപടന്‍മാര്‍.


മേല്‍പറഞ്ഞ ഈ ആറ് കൂട്ടരാണ് അധികവും ആരുടെ കൂടെയും ഉണ്ടാവുക. നിന്റെ കൂടെ എന്നല്ല; സത്യം പേറി, സത്യം മാത്രം പറഞ്ഞ്‌ നടക്കുന്ന ആരുടെയും കൂടെ. അത് യേശുവായാലും ബുദ്ധനായാലും മുഹമ്മദ് ആയാലും നീ ആയാലും.


പക്ഷെ ഇവരൊക്കെയും  മുഴുനീളെ കൂടെ നില്‍ക്കില്ല. അങ്ങിനെ മുഴുനീളെ കൂടെ നിൽക്കാൻ അവര്‍ക്കാവില്ല.


കടന്നുപോക്കിന്റെ ചൂടും ചൂരും അറിയുമ്പോൾ വഴിയില്‍ വെച്ച് അവർ അടര്‍ന്നും കൊഴിഞ്ഞും ഒഴിഞ്ഞ് പോകും.


7. ഏഴാമതൊരു വിഭാഗം. അവർ നിന്നെ ചരിത്രത്തിലും കഥയിലും ചർച്ചകൾക്കായി മനസിലാക്കും. കൂടെ അടുത്തുണ്ടായാല്‍ അറിയില്ല, കണ്ടെന്ന് നടിക്കില്ല.


പിന്നെയാര് കൂടെ ഉണ്ടാവുന്നവരും നില്‍ക്കുന്നവരും നിൽക്കാൻ സാധിക്കുന്നവരും?


വളരെ ചെറിയ ഒരു ന്യൂനപക്ഷം.


ചൂടും ചൂരും സഹിക്കാൻ സാധിക്കുന്നവർ.


ചൂടും ചൂരും അറിഞ്ഞ് അതിന്‌ വേണ്ടി തന്നെ വന്നവർ.

ദൈവത്തിന് സ്തുതി. നിഷ്കളങ്കനായി പരമകാരുണ്യവാനായിരിക്കട്ടെ

 ദൈവത്തിന് സ്തുതി. 


അങ്ങനെയെങ്കിലും

ജീവിതം നല്‍കി

കെണിച്ച പാതകത്തില്‍ നിന്ന്

തലയൂരി നിഷ്കളങ്കനായി പരമകാരുണ്യവാനായിരിക്കട്ടെ

ദൈവം.


*****


അവൾ മരിച്ചു.


പെങ്ങളും അനുജത്തിയും

കൂട്ടുകാരിയും കാമുകിയും

ഭാര്യയും അമ്മയും 

ഒക്കെ ആവേണ്ടിയിരുന്നവള്‍

അതൊന്നുമാവാതെ

മരിച്ചു. 


തിന്മയിലൊന്നും പങ്കില്ലാത്ത,

നന്മ മാത്രം ചെയ്യുന്ന ദൈവത്തെ

കാണാതെ, അനുഭവിക്കാതെ

അവളങ്ങ് മരിച്ചു.


******


മരണം ജീവിതത്തിന്റെ 

വേഷം മാറുന്ന പ്രക്രിയ

എന്നറിയുമ്പോഴും

മരണത്തില്‍ വിഷമം, വേദന. 


ആരും വിഷമിക്കാനും

വേദനിക്കാനും പറയുന്നതല്ല. 


എന്നാലും, 

ഏത് മരണവാര്‍ത്തയും 

വേര് മുറിക്കുന്ന

വേദന, വിഷമം.


ഇല്ലാതാവുന്നു

വെന്നറിയുമ്പോള്‍

രൂപപ്പെടുന്ന ശൂന്യത.

ശൂന്യത സൃഷ്ടിക്കുന്ന

വേദന, വിഷമം.


പരിചയവും അടുപ്പവും 

ഉണ്ടാക്കുന്ന

വേദന, വിഷമം. 


അതുകൊണ്ട്‌ മാത്രം

ഓരോ മാരണവും

ആരുമറിയാതെ പോകട്ടെ.


ഒരായിരം ഉറുമ്പുകളുടെ

മരണം പോലെ.


ഗംഗയിൽ ഒഴുകുന്ന 

ആയിരങ്ങളിലൊന്ന് പോലെ. 


പേരെടുത്ത് പറയാതെ,


സ്വന്തവും ബന്ധവും

അറിയാതെ, അറിയിക്കാതെ,


ഒഴുകിനടക്കുന്ന

പൊടിപടലം പോലെ,


വെറും പൊതുവൃത്താന്തം പോലെ,


യാഥാര്‍ത്ഥത്തിലവള്‍ക്ക്

ജീവിതം

എന്ത് പോലെയായിരുന്നുവോ

അതുപോലെ,


മറ്റാര്‍ക്കും ബാധകമാവുന്ന

കോലത്തില്‍,


കാല്‍പനികതയും

പർവതീകരണവും ഇല്ലാതെ,


പച്ചയായ ഒരു മരണം.


സ്വര്‍ഗ്ഗവും നരകവും

പറയാത്ത മരണം. 


*****


ആരാണെന്നും

എവിടെയാണെന്നുമില്ല 

ഈ മരണവൃത്താന്തത്തിന്. 


കാരണം

ആരെന്നും എവിടെന്നും

പറയാൻ മാത്രം

ആരുമില്ലിവിടെ


അങ്ങനെ വിഷമിപ്പിക്കാന്‍

ഉദ്ദേശവുമില്ല

ഈ മരണവൃത്താന്തത്തിന്. 


*****


ഒന്നുറപ്പ്.

അവളെന്നറിഞ്ഞ്

അവൾ ജനിച്ചില്ല,

ജീവിച്ചില്ല, മരിച്ചില്ല. 


ജീവിച്ചത്, ഉടനീളം

രോഗിയായി മാത്രം. 


പൊട്ടത്തിയും ചട്ടച്ചിയും

അപസ്മാരരോഗിയും

ഒക്കെയായി, ഒപ്പം 

മറ്റനേകം പരാധീനതകളുമായി.


ഒരേറെ വയസ്സ് വരേയും.


വെറും ശരീരം നല്‍കിയ

വേദനകളും 

ദുര്യോഗങ്ങളുമായി

ജീവിതനൃത്തം ചവിട്ടി

അവൾ.


******


എന്തിന്‌ ജീവിച്ചു?


ഒരുത്തരവുമില്ല.


സ്വയവും അല്ലാതെയും

അങ്ങനെ ചോദിക്കുന്നവർ

ജീവിതം അഗ്നിയിലിട്ട്

വേവിക്കുന്നു.

അത്ര മാത്രം.


അവർ

അഗ്നിയെ വരിക്കുന്ന

മഴപ്പാറ്റകള്‍. 


നാം പറയുന്ന

ലക്ഷ്യവും അര്‍ത്ഥവും

നിര്‍വ്വചനങ്ങളും വ്യാഖ്യാനങ്ങളും 

ഒന്നുമവള്‍ക്ക് ബാധകമായില്ല. 

ഒന്നുമവളറിഞ്ഞില്ല.


ജീവിക്കുവോളം.

പിന്നെ മരിച്ചപ്പോഴും.


*******


ആരാണവൾ? 


അവളെന്ന് പോലും

അറിയാനും പറയാനും

പറ്റാത്തത്ര

വ്യക്തിത്വം രൂപപ്പെടാതെ

അസ്തിത്വം തിരിച്ചറിയാതെ

ജീവിച്ച് മരിച്ചു പോയ

ഒരാൾ.


ജീവിക്കുന്ന ജീവിതം കൊണ്ട്‌ 

വ്യക്തിത്വവും അസ്തിത്വവും

അറിയിക്കാനും പ്രദര്‍ശിപ്പിക്കാനും

കഴിയാതെ പോയ

ഒരാൾ. 


പരസ്യങ്ങളും തര്‍ക്കങ്ങളും

ആവശ്യമില്ലാതെ 

ഒന്നും അവകാശപ്പെടാതെ

വെറും വെറുതെ

ജീവിച്ച് മരിച്ചു പോയ

ഒരാൾ. 


ജീവിച്ചത് തന്നെയും

ജീവിതമാണോ

എന്നറിയാതെ, 

എന്തിനെന്നറിയാതെ

ജീവിച്ച് മരിച്ചു പോയ

ഒരാൾ. 


എന്തിനെന്നില്ലാതെ,

വെറും വെറുതെ

ശരീരം കൊണ്ട്‌

ശരീരത്തിന് വേണ്ടി

ജീവിച്ച് മരിച്ചു പോയ

ഒരാൾ.


ജീവശാസ്ത്രപരമായി

ജീവിച്ചിരുന്നീട്ടും

ജീവശാസ്ത്രപരമായ പലതും

നടന്ന്കിട്ടാതെ പോയവൾ.

ജീവശാസ്ത്രപരം തന്നെയായ പല കാരണങ്ങളാല്‍. 


വെറും ശരീരത്തിന്റെ

വെറും അതിജീവനം തന്നെ

ജീവിതം എന്നാക്കി

ജീവിച്ച് മരിക്കേണ്ടി വന്ന

ഒരായിരങ്ങളില്‍

ഒരാൾ.


നമ്മൾ നല്‍കി

നമ്മൾ തന്നെ വിളിച്ച പേര്‌

നമുക്ക് തന്നെ ഇട്ടേച്ചുപോയ

ഒരാൾ. 


*****


എന്ത് പറയാൻ?


വേദനകളും വൈഷമ്യങ്ങളും

ആനന്ദങ്ങളും സന്തോഷങ്ങളും 

ദൈവത്തിന് (പ്രകൃതിക്ക്)

ഒരുപോലെ വിനോദം

എന്ന് വേണം കരുതാന്‍.


ചെറിയ പ്രതലത്തില്‍

നമുക്ക് തെളിയുന്ന

വേദനകളും വൈഷമ്യങ്ങളും

മാത്രം.


വലിയ പ്രതലത്തില്‍

ഒന്നും ഒന്നുമല്ലാതെ. 


എന്നാലും ചിലര്‍ക്ക് 

ഭോഷ്ക് പറയണം. 


എന്തോ വലിയ കാര്യമാണ്

ജീവിതമെന്ന്. 


ജീവിതം

ആരോ നടത്തുന്ന

വലിയ പരീക്ഷയും

പരീക്ഷണവുമാണെന്ന്.


ആര് ദൈവത്തെ

സ്തുതിക്കുന്നു

ആരാധിക്കുന്നു

എന്നറിയാൻ 

ദൈവം തന്നെ നടത്തുന്ന 

വലിയ പരീക്ഷയും

പരീക്ഷണവും 

ജീവിതമെന്ന്.


ഇങ്ങനെയും കഷ്ടപ്പെട്ട്

ജീവിക്കേണ്ട ജീവിതം

അതിന്‌ മാത്രം എന്തോ

വലിയ കാര്യമെന്ന്.


ജീവിക്കാന്‍ കഴിയാത്ത

ജീവിതം

എന്തോ വലിയ

അനുഗ്രഹമെന്ന്.


അങ്ങനെയെങ്കിലും

ഈ പാതകത്തില്‍ നിന്ന്

മുഴുവന്‍ തലയൂരി

നിഷ്കളങ്കനായി

പരമകാരുണ്യവാനായിരിക്കട്ടെ

ദൈവം.

സ്വത്വരാഷ്ട്രീയത്തില്‍ മതം കലരരുത്. മാറാവുന്ന മതമല്ല, വിശ്വാസമല്ല സ്വത്വം

 സ്വത്വരാഷ്ട്രീയത്തില്‍ മതം കലരരുത്. മാറാവുന്ന മതമല്ല, വിശ്വാസമല്ല സ്വത്വം. ഭാഷ, വംശം, പ്രദേശം എന്നതൊക്കെയാണ്‌. ഇന്ത്യക്കാരനെന്നതും.


******


ജനാധിപത്യം: നിങളതിനെ പിന്തുണക്കുന്നത് നിങ്ങൾക്കത് അധികാരവും സുഖഭോഗവും തരുന്നു എന്നതിനാലല്ലെ? പക്ഷെ നമുക്കത് നമ്മളെ വെറും നോക്കുകുത്തി ളാക്കുന്ന വേദനയാണ്, നോവാണ്.


****

കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും ഭരിക്കുന്ന പാർട്ടികൾ ക്ക് ഒരേ നയം. അവർ ഒരേ തൂവൽപക്ഷികൾ. ഒരേ കോയിനിൻ്റെ ഇരുപുറം. പേര് മാത്രം വ്യത്യാസം. ചെയ്യുന്നത് ഒന്നേ ഒന്ന്.

*****


നട്ടെല്ല് വളക്കുന്ന ഭയത്തെയും മൗനത്തെയും സ്വർണമെന്നും നട്ടെല്ലും ധൈര്യവുമുള്ള ഓശാരം പ്രതീക്ഷിക്കാത്ത ശബ്ദത്തെ ഇരുമ്പെന്നും വിളിച്ചാൽ വിവേകമാവില്ല. ആ വിവേകം അധികാരത്തിനും ഭരണകൂടത്തിനും വേണ്ട ഗൂഢതന്ത്രം മാത്രം.


****


കോടതിയുടെ തെറ്റ് വിധിയാവുകയോ? കോടതിക്ക് തെറ്റ് പറ്റിയാൽ, കോടതി തന്നെ തെറ്റ് ചെയ്താൽ തിരുത്താൻ ആരുമില്ലേ? ദുരഭിമാനബോധം വെച്ച് മേൽകൊടതിയും തെറ്റിനെ സംരക്ഷിക്കുകയോ?



















Thursday, June 2, 2022

സ്വവർഗരതിയായാലും സ്ത്രീപുരുഷ രതിയായാലും തെരഞ്ഞെടുക്കുന്നതല്ല. സംഭവിക്കുന്നതാണ്.

 മണ്ടത്തരം എന്ന് ആർക്ക് ആരുടെ പറച്ചിലിനെ കുറിച്ചും വെറും വെറുതേ ന്യായവും അന്യായവും പറയാതെ നോക്കാതെ പറയാം...

സ്വവർഗരതിയായാലും സ്ത്രീപുരുഷ രതിയായാലും ആരും തെരഞ്ഞെടുക്കുന്നതല്ല. സംഭവിക്കുന്നതാണ്. 


അവനവന് തന്നെയും നിയന്ത്രണം ഇല്ലാത്ത ശാരീരികമായ പ്രത്യേകത കാരണവും ഹോർമോൺ പ്രവർത്തനം കാരണവും  സംഭവിക്കുന്നതാണ് രതികൾ മൊത്തം. 


സ്വവർഗരതിയിൽ താൽപര്യം ഉള്ളവന് അതാണ് അവൻ്റെ പ്രകൃതം, അതാണ് അവന് പ്രകൃതിപരം. 


സ്ത്രീപുരുഷ രതിക്കാരന് അവൻ്റേത് അവൻ്റെ പ്രകൃതവും പ്രകൃതിപരവും ആവുന്നത് പോലെ തന്നെ...  


എല്ലാറ്റിനും കാരണം അങ്ങനെ ഓരോരുത്തരെയും സംവിധാനിച്ച, അല്ലെങ്കിൽ അങ്ങനെ ഓരോരുത്തരും ആയി വന്ന പ്രകൃതിയും ദൈവവും തന്നെ. 


ദാഹിക്കുന്നതും വിശക്കുന്നതും പോലെ സംഭവിക്കുന്ന താണ് ലൈംഗിക താൽപര്യവും


******


 അതുകൊണ്ട് തന്നെ ഒന്നിനെയും മണ്ടത്തരം എന്ന്ഏകപക്ഷയമായി പറയുന്നത്  പറയുന്നവൻ്റെ സംസ്കാരവും അസഹിഷ്ണുതയുമായി ബന്ധപ്പെട്ട പറച്ചിലുമാണ്.


വിവേകി യുക്തിഭദ്രമായ നിലയിൽ കാര്യങ്ങളും വിശദീകരണങ്ങളും തന്ന്, ന്യായാന്യായങ്ങളവതരിപ്പിച്ച് പേരെടുത്ത് ആക്ഷേപിച്ച് പറയാതെ മറുഭാഗത്തെ പറച്ചിലിനെ മണ്ടത്തരം ആക്കുകയാണ് ചെയ്യുക.



.

സ്വവർഗരതി പ്രകൃതിവിരുദ്ധമല്ല.

സ്വവർഗരതി പ്രകൃതിവിരുദ്ധമല്ല, ദൈവികവിരുദ്ധമല്ല. ദൈവം സൃഷ്ടിച്ച ലോകത്ത്, അഥവാ പ്രകൃതിയിൽ (ദൈവം തന്നെയായ ലോകത്തും) എല്ലാം പ്രകൃതിപരം, ദൈവീകം. ഓരോ ശരീരവും അതിലെ ഹോർമോൺ പ്രവർത്തനവും തീരുമാനിക്കും ഓരോരാളുടെയും പ്രകൃതിയും പ്രകൃതവും. ദൈവത്തിനും പ്രകൃതിക്കും തെറ്റ് പറ്റുന്നില്ലെന്ന് സമ്മതിക്കണം. അല്ലെങ്കിൽ ദൈവത്തിനും പ്രകൃതിക്കും തെറ്റ് മാത്രം പറ്റുന്നുവെന്ന് സമ്മതിക്കണം.


****

പ്രകൃതിയെയും പ്രകൃതിപരതയേയും ദൈവത്തെയും ദൈവികതയെയും നിശ്ചയിക്കുന്നതാരാണ്? 


ഏതോ ചിലത് മാത്രം പ്രകൃതിവിരുദ്ധം, ദൈവികവിരുദ്ധം പൈശാചികം എന്നൊക്കെ പറയാൻ ആര്?. 


അങ്ങനെയെങ്കിൽ പറയട്ടെ മനുഷ്യകുലവും അർബുദകോശം പോലെയുള്ള അവൻ്റെ ആകെമൊത്തം വളർച്ചയും തന്നെ പ്രകൃതി വിരുദ്ധമാണ്.



പ്രകൃതിപരം പ്രകൃതിവിരുദ്ധം എന്നൊന്നും ഒന്നിനെ കുറിച്ചും പറയാനില്ല.










അവൾ മരിച്ചു. എന്തിന്‌ ജീവിച്ചു? ഒരുത്തരവുമില്ല.

 അവൾ മരിച്ചു. ജനിച്ചത് പോലെ പൊട്ടത്തിയും ചട്ടച്ചിയും അപസ്മാരരോഗിയും ഒക്കെയായി. 55 ാം വയസ്സില്‍. എന്തിന്‌ ജീവിച്ചു? ഒരുത്തരവുമില്ല.


*****


എൻ്റേതെന്ന് പറയാവുന്ന, എനിക്ക് അധികാരവും നിയന്ത്രണവും ഉള്ള 'ഞാൻ' ഇല്ല. ഞാൻ ഇല്ലെങ്കിൽ പിന്നെ 'എൻ്റേതും' 'എനിക്കും' എന്നത് എങ്ങിനെ ഉണ്ടാവും?


******


സൃഷ്ടി, സ്ഥിതി, സംഹാരം. ഇവയില്‍ എവിടേയും പിശാചുണ്ടെന്ന് ആരും അവകാശപ്പെടുന്നില്ല. പിന്നെ, എന്തിന്‌ എവിടെനിന്ന് വന്നു ഈ പിശാച് എന്ന സങ്കല്പം? ദൈവത്തെ ഉണ്ടാക്കാനും മാർക്കറ്റ് ചെയ്യാനും ദൈവകല്പനകൾ ഉണ്ടാവാൻ പശ്ചാത്തലം ഒരുക്കാനും ഒരു പിശാചോ?










Wednesday, June 1, 2022

ദൈവത്തിന് നിന്റെ മാത്രം മാനവും തലച്ചോറുമെന്നാരോപിക്കരുത്.

 ജീവിതത്തിൽ ജീവിതംകൊണ്ട്‌ രൂപപ്പെടുന്ന കല്‍പ്പനകളും വഴികളും മാത്രം. അത് തന്നെ പേര് മാറ്റിപ്പറഞ്ഞാല്‍ ദൈവകല്‍പ്പനകളും വഴികളും.


****


നിന്റെ മനസിലാക്കലും വിധികളും നിന്റെ മാനവും ജീവിതവുമായി ബന്ധപ്പെട്ടത്. ദൈവത്തിന് നിന്റെ മാത്രം മാനവും തലച്ചോറുമെന്നാരോപിക്കരുത്.