Sunday, July 8, 2018

ദൈവത്തിന്റെ സ്വാർത്ഥതയും അഹങ്കാരവും തന്നെ എന്റേതും നിന്റേതും.

1/2+1/2=1 എന്നത് വെറും കണക്ക്
ജീവിതത്തിൽ അത് -2.
എങ്ങിനെയെന്ന് ചോദിക്കരുത്. എങ്ങിനെയും.
ജീവിതത്തിൽ മുഴുവൻ ഒന്ന് തന്നെയേ ഒന്നാവൂ.


******** 

കൗമാരം. നൂറു ജനാലകൾ ഒരുമിച്ചു തുറക്കുന്നു.
മാതാപിതാക്കളാവും ഒരു ജനാല അടക്കപ്പെടുന്നു.
തനിക്കെതിരെ താനിരിക്കുന്നു.

വജ്രം വെറും കല്ലും, കല്ല് വജ്രവുമാകുന്നു

***********

എല്ലാം ശരിയെന്നു പറയുന്നത്
എല്ലാം തെറ്റെന്നു പറയാതിരിക്കാനാണ്.
പരിമിതമായ ശരിയേ ഉള്ളൂ.
ആത്യന്തികതയിലേക്കു എത്താനാവാതെ ശരി

************


സ്വാതന്ത്ര്യം ചെയ്യലും ഭോഗിക്കലുമല്ല;
ചെയ്യേണ്ടിയും ഭോഗിക്കേണ്ടിയും വരാതിരിക്കലാണ്
ചെയ്യുന്നതും ഭോഗിക്കുന്നതും ഒരടിമത്വമാണ്.

*********

ദൈവം തന്നെ പിശാചാകുന്നു.  
നന്മ തിന്മയും, തിന്മ നന്മയുമാകുന്നു.
നന്മയും തിന്മയും ദൈവം തന്നെ
ദൈവത്തിൽ നിന്ന് തന്നെ. പിന്നെന്ത്?   

********

അനാവശ്യങ്ങൾ ആവശ്യങ്ങളായാൽ 
അനർഹർക്ക്  ഭരണം,
മരുഭൂമിയിൽ സമൃദ്ധി, മലർവാടിയിൽ ദരിദ്ര്യം.

അപ്പോൾ ജീവിതമെന്നാൽ ജോലി, അർഹത ശാപം.

********** 

തലച്ചോറിന്റെ ഞാൻ മാത്രം.
ഓട്ടിസവും അൽഷിമേഴ്സും അപസ്മാരവും 
'ഞാൻ' എന്നതില്ലാതാക്കുന്നത് അതിനാൽ.

ബാക്കിയാവുന്ന 'ഞാൻ' ജീവിതം, ദൈവം.

******** 

ഗുരോ ആരാണ് കപടൻ?
കൂടെയുണ്ടെന്നു തോന്നും; പക്ഷെ ഉണ്ടാവില്ല
പുല്ലിനും പിണ്ണാക്കിനും പറ്റില്ല
പ്രതിസന്ധിയിൽ  നൂറു കുറ്റം കാണുന്നവൻ

******* 

കുറിക്കു കൊള്ളിച്ചതല്ല; കൊണ്ടതാണ്.
കൊള്ളിച്ചതാണെന്നത് പോസ്റ്റ് ഇവന്റ് തിയറി.
ആവർത്തിക്കാൻ കഴിയില്ല

ബുദ്ധനും കൃഷ്ണനും മുഹമ്മദിനും


*********


എപ്പോഴുമുള്ള ഒരു തോന്നൽ
ബസ് മുന്നോട്ടു പോകുന്നതല്ല;
മരവും മലയും പിറകോട്ടു പോകുന്നതാണ്’.
കുട്ടിത്തത്തിന്റെ കൗതുകം തന്നെ ഭംഗി.  

***********

പ്രതിയോഗിയില്ലേൽ ദൈവം ഇല്ലെന്നോ?
അതല്ലേൽ ദൈവം ദൈവമാകാൻ
പ്രതിസ്ഥാനത്തു ഞാനും നീയും പിശാചും
വേണമെന്നു നിർബന്ധം?

********* 

എഫ്ബിയിൽ ബോധപൂർവം നടക്കുന്ന പരിപാടി
ലൈക് ഇടാതിരിക്കുക.
ലൈക് ഇടുക യാന്ത്രികം, അഭിനയം.
വെറുക്കുക ഏറെ അദ്ധ്വാനമുള്ളത്.

********* 

മരിച്ചാലും ബാക്കിയുണ്ടെന്ന് കരുതി 
ഭയക്കുന്നവനെ കേൾക്കൂ
'ഖബറിൽ ഒറ്റയ്ക്ക് കിടക്കേണ്ടേ ദൈവമേ'
ഒറ്റയായ ദൈവം എന്ത് പറയാൻ?

*********

മുഖ്യനും ഹാജിയും നായരും മരിക്കുന്നു
ജനിച്ചത് അവരാരുമായിരുന്നില്ല: പീളക്കുഞ്ഞുങ്ങൾ മാത്രം
മരിക്കുന്നത് ജനിക്കാത്തവർ. അതെങ്ങനെ?

**********

ചിതയാവുന്നവന്റെയും
ചിതയൊരുക്കുന്നവന്റെയും ധൈര്യം നോക്കൂ:
താനില്ല, അവശേഷിക്കുന്നില്ല 
എന്നറിയുന്നതിന്റെ ഉറപ്പാണത്.   

********** 

ഒറ്റക്കായാൽ ഭയം, ബോറടി
പരിഹാരമില്ല
കാരണം, ദൈവം ഒറ്റയ്ക്കും ഒറ്റയും.
അതിനാൽ? എത്ര കൂട്ടത്തിലാണേലും
എല്ലാവരും ഒറ്റക്കും ഒറ്റയും.

********

ഒന്നായ ദൈവം പലതാവുന്നു നമ്മളാവുന്നു.
പലതായ നമ്മൾ ഒന്നാവുന്നു ദൈവമാവുന്നു.
ഒന്നിന് പലതും ഒന്ന്
പലതിന് രണ്ടെന്നും പലതെന്നും ഉണ്ട്

**************

നന്മയും തിന്മയും ഉണ്ടോ? ഇല്ല.
ഇനി ഉണ്ടെങ്കിൽ, അതിന്നാധാരം
ജീവിതം.
ആവശ്യം നന്മ. അനാവശ്യം തിന്മ.


*********
ദൈവത്തിന്റെ സ്വാർത്ഥതയും അഹങ്കാരവും തന്നെ
എന്റേതും നിന്റേതും.
ജീവിതം ജീവിതമായി തുടരാൻ വേണ്ടത്.
ഞാനും നീയുമില്ലാത്തത്

*********


ജീവിതത്തിന്റെ അർത്ഥം? ജീവിതം.
ജീവിതം കൊണ്ടുള്ള നേട്ടം? ജീവിതം.
ദൈവത്തിന് അർത്ഥവും നേട്ടവും 
ദൈവമല്ലാതെ പിന്നെന്ത്?

*********

ഉള്ളത് എന്തോ അത് തന്നെ
ജീവിത നിരാസം അല്ല 
പുണ്യത്തിന്റെയും പൂജയുടെയും 
ധർമത്തിന്റെയും വഴി.

*********


പൗരോഹിത്യം മതത്തിൽ മാത്രമല്ല
നിയമ, വൈദ്യ, രാഷ്ട്രീയ രംഗത്തും
ജനങ്ങളുടെ പണം മാത്രം ലക്ഷ്യമെങ്കിൽ.
ന്യായവും മറയും അതിന്നാവുമ്പോൾ.

*********

ഗുരോ ആരാണ് കപടൻ?
അറിവിനേയും ചിന്തയെയും ബോദ്ധ്യതയേയും
ആൾക്കൂട്ടത്തിനും അധികാരികൾക്കും മുൻപിൽ 
രാജിയാക്കുന്നവൻ.

***********


തനിക്കു താൻ ശത്രുവെങ്കിൽ,
കുളിമുറിയിലും കിടപ്പറയിലും ശത്രു, നരകം
രക്ഷയില്ലാത്ത ബോറടി എന്ന് പേര്.
ഉള്ള രക്ഷ തിരിച്ചറിവിൽ.

***********

ഒറ്റക്കായാൽ ഭയം, ബോറടി
പരിഹാരമില്ല. കാരണം, ദൈവം ഒറ്റയ്ക്കും ഒറ്റയും.
അതിനാൽ, എത്ര കൂട്ടത്തിലാണേലും
എല്ലാവരും ഒറ്റക്കും ഒറ്റയും.

**********

എന്താണ് ബോറടി?
തനിക്കു താൻ വേണ്ടാതാവുക, ശത്രു ആവുക
താനല്ലാത്തതെല്ലാം വേണമെന്നാവുക.
മുഴുകാനും തെളിയിക്കാനും മറക്കാനും

********

മരണവും മരണാനന്തരവും പറഞ്ഞു 
പേടിപ്പിക്കുകയും കൊതിപ്പിക്കയും ചെയ്യുന്നില്ലെങ്കിൽ 
മതങ്ങൾ ക്ലച്ച് പിടിക്കില്ല.

********

ഗുരോ ആരാണ് കപടൻ?
നിലപാടുകൾക്ക് വേണ്ടി നിലകൊള്ളാത്തവൻ.

*******


മതപാഠങ്ങൾ എന്നുമെപ്പോഴും.
രാജ്യവും സ്നേഹവും ഒക്കെ പുറംപൂച്ച്.
മതനിരപേക്ഷതയെന്നാൽ 
മതങ്ങളെ സുഖിപ്പിച്ചു വളർത്താനുള്ള മറ.

*******

എല്ലാവരെയും എന്നല്ല;
ആരെയും സംതൃപ്തിപ്പെടുത്താൻ പറ്റില്ല.  
അത് കൊണ്ടാണ് യേശു കൊല്ലപ്പെട്ടതും
മുഹമ്മതും ബുദ്ധനും നാട് വിട്ടതും.

********* 

ഗുരോ ആരാണ് കപടൻ?
നേട്ടങ്ങൾക്കു വേണ്ടി മാത്രം നിലകൊളളുന്നവൻ
നഷ്ടപ്പെടാൻ തയാറില്ലാത്തവൻ.

********


ഗുരോ ആരാണ് കപടൻ?
സ്ഥാനങ്ങൾ അവനു പ്രധാനം.
അധികാരം അവനു അപ്പം.
നഷ്ടപ്പെടാതിരിക്കുക അവനു മുഖ്യം.


*********


ഗുരോ ആരാണ് കപടൻ?
അധികാര്യത്തോട് രാജിയാവുന്നവൻ
അധികാരമില്ലാത്തവനിൽ 
നൂറു കുറ്റം കണ്ടെത്തുന്നവൻ.

********



ജനിക്കുന്നതും പുനർജനിക്കുന്നതും ജീവിതം
ജീവിതത്തിന്റെ ഞാനേ ഉള്ളൂ.
എന്റെ ജീവിതം ഇല്ല.
തത്കാലികമായല്ലാതെ

*********

ഏകദൈവവിശ്വാസം, ബഹുദൈവവിശ്വാസം.
വ്യത്യാസമൊന്നും ഇല്ല.
എല്ലാരും ഒരുപോലെ, അറിയാതെ.
ആവുംപോലെ ആവുന്നു.

*********

ദൈവം ദൈവമാവാൻ 
പ്രതിസ്ഥാനത്തു സ്ഥായിയായ
ഞാനും പിശാചും വേണമെന്ന്
എന്തിനു നിർബന്ധം?

*********

ദൈവം ഏതെങ്കിലും മതത്തിന്റെ സ്വത്തല്ല
ഏതെങ്കിലും മതം ദൈവത്തിന്റെ സൃഷ്ടിയുമല്ല.
സ്ഥായിയായ ഞാനും പിശാചും ഉണ്ടോ?
ദൈവം അല്ലാതെ?

*********


ചരിത്രരചന അങ്ങനെയാണ്.
ചിലർ വീരപുരുഷന്മാരാണെന്നു വരുത്താൻ
മറ്റു ചിലരെ മഹാമോശമാക്കും,
അവർ ജീവിച്ച കാലത്തെയും.

*********

ചില വൻടീമുകളും ചില വൻമതങ്ങൾ പോലെയാണ്
വെറുതെ കുറെ ആളുകളെ കിട്ടും. ഒന്നും തിരിയാതെ.

***********

ചില മതങ്ങളെക്കാൾ വലിയ ഫാസിസം ഉണ്ടോ?
കുട്ടികളിൽ അടിച്ചേല്പിച്ചല്ലേ അവർ തുടങ്ങുന്നത്?

***************

വാക്കുകൾ പിഴക്കാം. പിഴച്ചെന്നറിഞ്ഞാൽ 
തിരുത്താം, തിരുത്തണം. എന്നാലും 
ബെൽജിയം തന്നെ കൊണ്ടുപോകില്ലേ?
കളി തന്നെയാണ് കാര്യമെങ്കിൽ.

******** 

ജനിക്കുന്നതും പുനർജനിക്കുന്നതും ജീവിതം
ജീവിതത്തിന്റെ ഞാനല്ലേ ഉള്ളൂ?
എന്റെ ജീവിതം ഉണ്ടോ?
തത്കാലികമായല്ലാതെ

********


പറയുന്നത് തങ്ങൾക്കു വേണ്ടിയാണേൽ 
നല്ലവൻ; ആളാവാനല്ല പറയുന്നത്.
പറയുന്നത് തങ്ങൾക്കെതിരാണെങ്കിൽ
ശരിയല്ല. ആളാവാൻ പറയുന്നു

********

മൗനം സ്വർണമാണ് പോൽ.
അധികാരികളുടെയും 
സ്ഥാപിതമതക്കാരുടെയും ഭാഷ്യം.
പക്ഷെ അവർക്കെന്തും പറയണം

*********


സ്ഥായിയായ ഞാൻ ഉണ്ടോ? ഇല്ല.
പിന്നെ ആർക്കു പുനർജ്ജന്മം
എങ്ങിനെ പുനർജ്ജന്മം?
ബാക്കിയാവുന്നത് ദൈവം മാത്രം.

***********


തിട്ടൂരങ്ങൾ ഇറങ്ങട്ടെ.
മതഹിതമല്ലാത്തതു ബോറടിയെന്നു.
വായിക്കരുതെന്നും കേൾക്കരുതെന്നും.
ഇരുട്ട് കൊണ്ട് ഒറ്റയടക്കാം

**********

ഞാനും നീയുമല്ല:
ജീവിതമാണ് ആത്മാവ്.
ജീവിക്കുന്നതിലാണ് ആത്മീയത.
ജീവിച്ചാൽ ഉണ്ടാവുന്നതാണ്
പുണ്യവും പൂജയും ധർമവും.

******** 

ശീലമായിക്കഴിഞ്ഞാൽ 
മതവും മദ്യവും ഒരു പോലെ.
ഒഴിവാക്കാനാവില്ല.

********


ആരാണ് മതവിശ്വാസി?
പിശാച്  വേണമെന്നും വിജയിക്കുന്നുവെന്നും,
ദൈവം പാരായജപ്പെടുന്നുവെന്നും 

കരുതുന്നവൻ.

Friday, July 6, 2018

മാർക്സിനു പിഴച്ചില്ല. പക്ഷെ കമ്യുണിസ്റ്റുകൾക്കു പിഴച്ചു. ജീവിതമല്ലാത്ത ഒന്നും ആർക്കും പ്രധാനമാകേണ്ടതില്ല.

മാർക്സിനു പിഴച്ചില്ല. ജീവിതം ലക്ഷ്യമാക്കിയ ആർക്കും മാർക്സിനും പിഴക്കുകയുമില്ല. പക്ഷെ മാർക്സിസ്റ്റുകൾക്കു പിഴച്ചു, പിഴക്കുന്നു. ജീവിതം ലക്ഷ്യമാക്കാൻ മറന്നുപോകുന്നിടത്ത്.

കമ്യൂൺ എന്നത് ഒരിക്കലും നടക്കാത്ത തെറ്റായ ആശയം ആയിരുന്നില്ല. ജീവിതം തുടിതുള്ളുന്ന ഇടവും അവസ്ഥയുമാണത്.

പക്ഷെ കമ്യുണിസ്റ്റുകൾക്കു തെറ്റുന്നു. അവർ കമ്യൂൺ നടപ്പാക്കാനാവാത്ത വഴിയിലൂടെ മാത്രം ചരിക്കുന്നു. ജീവിതം മാത്രം തന്നെ ലക്ഷ്യമാകാതെ. ആപേക്ഷികതയിലും ആത്യന്തികതയിലും ജീവിതം കാണാതെ.

ജീവിതമല്ലാത്ത ഒന്നും ആർക്കും പ്രധാനമാകേണ്ടതില്ല. ദൈവത്തിനു പോലും. ജീവിക്കുന്നവന് ജീവിതമാകണം പൂജയും ധ്യാനവും വിശ്വാസവും എല്ലാം. ജീവിക്കാനും ജീവിപ്പിക്കാനും ജീവിതം എളുപ്പമാക്കാനും ആവണം എല്ലാ പറച്ചിലും പ്രവൃത്തിയും പ്രാർത്ഥനയും പൂജയും. അത് സമ്പദശാസ്ത്രമായാലും രാഷ്ട്രമീമാംസയായാലും. രാജ്യ സങ്കല്പമായാലും ഭരണ സങ്കല്പമായാലും ഭരണം തന്നെ ആയാലും.

മാര്ക്സിനെന്നല്ല ബുദ്ധനും മുഹമ്മദിനും ശങ്കരനും നാരായണനും ഗുരുനാനാക്കിനും താഓ തെച്ചിങ്ങിനും ഒന്നും പിഴച്ചിട്ടില്ല. എല്ലാവരും അതാത് സമയം കണ്ട രോഗത്തിന് മരുന്ന് പറഞ്ഞു എന്ന് മാത്രം. മറ്റു മരുന്നുകൾ കയ്യിൽ ഇല്ലാതിരുന്നതു കൊണ്ടല്ല. അസ്ഥാനത്ത്  അനുചിതമായതു പറഞ്ഞില്ല, ചെയ്തില്ല.  മുൻപിൽ വന്ന രോഗിക്ക് പറ്റിയ മരുന്നു കൊടുത്തു. ഇവിടെ കാണുന്ന കമ്യുണിസ്റ്റുകാരെ പോലെ അറിയാത്ത, അനുഭവമാകാത്ത മരുന്ന് പരീക്ഷിക്കുകയും കച്ചവടം വളർത്തുകയും ആയിരുന്നില്ല; രോഗിയെ ചികിൽസിക്കുകയല്ലാതെ.

സാഹചര്യം വ്യത്യസ്‍തമായിരുന്നെങ്കിൽ മാർക്സും ബുദ്ധനും മുഹമ്മതും ശങ്കരനും നാരായണനും  ഗുരുനാനാക്കും താഓതെച്ചിങ്ങും നൽകിയ മരുന്നും വ്യത്യസ്തമാകുമായിരുന്നു. പക്ഷെ അവർ സത്യസന്ധരായിരുന്നു. മരുന്ന് രോഗമായി അവശേഷിക്കരുതെന്നു ആഗ്രഹിച്ച സത്യസന്ധർ. എന്തെങ്കിലും എവിടെയെങ്കിലും കൊടുക്കരുതെന്ന് ശഠിച്ചവർ.

സത്യസന്ധതയ്ക്ക് പിഴവില്ല. സത്യസന്ധമായും ആത്മാർത്ഥമായും സമീപിക്കുന്നവന് പിഴക്കില്ല, പിഴക്കുന്നില്ല. സത്യസന്ധന്റെ ആത്മാവും ഉള്ളുമറിയാതെ അത് നടപ്പാക്കുന്നവർക്കു അതിനാൽ തന്നെ പിഴക്കും. അത് കമ്യുണിസ്റ്റുകൾക്കായാലും ക്രിസ്ത്യാനികൾക്കായാലും മുസ്ലിംകൾക്കായാലും. കാരണം അവർ വെറും വിശ്വാസികളായി അനുകരിക്കുന്നവർ മാത്രമാണ്

സത്യസന്ധതക്കും  സത്യസന്ധനും പിഴച്ചാൽ പോലും അതിലൊരു ശരിയുണ്ട്, ശരിയുണ്ടാവും.  മനസ്സായക്ഷിയോട് സത്യം ചെയ്യുന്നവന് കളവില്ല, തെറ്റില്ല എന്ന ശരി.

ജീവിതം അതിന്റെ മുഴുത്വത്തിൽ എല്ലാറ്റിലും ഒരു ശരിയെ  കുടികൊള്ളിക്കുന്നുണ്ട്. ഓരോ നാശത്തിലും ഒരു വളർച്ചയും ജീവിതവുമുണ്ട്. ഓരോ തകർച്ചയിലും ഒരു നിർമാണം ഉണ്ട്.  അതാണ് ജീവിതത്തിന്റെ ശാസ്ത്രവും തത്വവും. ഓരോ സത്യസന്ധനും  തന്റെ പരിധികൾക്കുള്ളിൽനിന്നും  പരിമിതികൾക്കുള്ളിൽനിന്നും മനസ്സിലാക്കിയ, കാപട്യവും കളവുമില്ലാത്ത ശരി. അവൻ ദൈവം ഇല്ലെന്നു പറഞ്ഞാൽ ഉണ്ടെന്നു പറയും പോലെയാവുന്ന ശരി. ദൈവത്തെ കള്ളനെന്നനും പോടാ എന്നും വിളിച്ചാൽ അതും ശരിയാണ്, സ്നേഹമാണ് എന്ന് വരുന്ന ശരി. നന്മയും തിന്മയുമില്ല, രണ്ടും ഒന്നാണെന്ന് പറഞ്ഞാൽ ശരിയാവുന്ന ശരി.

സത്യസന്ധമായ വിളിയിൽ ഏതു കാമുകിയെയും പോലെ ദൈവവും വന്നു വീഴും, ശരി കാണും. തീയിൽ മഴപ്പാറ്റയെന്ന പോലെ. രതിക്രീഡയിൽ എന്ന പോലെ, അവിടെ തെറ്റ് മാത്രമാണ് ശരി. വസ്ത്രം ഉരിഞ്ഞില്ലാതാവുന്നതു പോലും ശരിയാവുന്നതു പോലെ.

സത്യസന്ധന്നും ശരിക്കും ദൈവത്തിനുമിടയിൽ ഉപചാരങ്ങളുടെയും രീതികളുടെയും വസ്ത്രങ്ങൾ ഇല്ല. എല്ലാം അവിടെ കീഴടങ്ങും, ഇല്ലാതാവും.

മാർക്സിനു മാത്രം അത് വേറെയല്ല. അതിനാലാണ് മാർക്സ് പറഞ്ഞ പദാർത്ഥം ദൈവവും, മുഹമ്മത് പറഞ്ഞ ദൈവം പദാർത്ഥവും ആവുന്നത്. ഒന്നാവുന്നത്. ശങ്കരനും മാർക്സും "രണ്ടില്ല; ഒന്നേ ഉള്ളൂ" എന്ന് പറഞ്ഞ ഒരേ ആശയക്കാരാവുന്നത്. അത് ആത്മാവെന്നു വിളിച്ചായാലും പദാർത്ഥമെന്നു വിളിച്ചായാലും.

സത്യസന്ധത പോലെ വേറെ എന്തുണ്ട് ജീവിതത്തിൽ വിലയായി നൽകാൻ? അതിനാൽ മാർക്സിനു പിഴച്ചിട്ടില്ല, പിഴക്കില്ല. മാർക്സ് പറഞ്ഞ പദാർത്ഥം ദൈവം തന്നെയാണ്. നമ്മുടെ ദൈവം അയാളുടെ പദാർത്ഥവുമാണ്. പദാർത്ഥമെന്നു വിളിച്ചതിനെ വേറെ ചിലർ ആത്മാവെന്നു വിളിച്ചാൽ വ്യത്യാസം ഉണ്ടാവില്ല. കാരണം, എപ്പോഴും ഉള്ളതേ  ഉണ്ടാവുന്നുള്ളൂ, ഉണ്ടായിട്ടുള്ളൂ. വാക്കുകൾക്കും വിചാരങ്ങൾക്കും അതിലുണ്ടാക്കാവുന്ന വ്യത്യാസം ഏതുമില്ല. കാഴ്ചയിലെ വ്യത്യാസം മാത്രം. ഒരേ കാഴ്ച പലരും വേറെ വേറെയായി കാണുമ്പോലെയുള്ള നിസ്സാരമായ വ്യത്യാസം.

മാർക്സ് ജീവിതത്തിനു വേണ്ടി തന്നെ ചിന്തിച്ചതാണ്. ജീവിതത്തിനു വേണ്ടിയും ജീവിതത്തെ ഉൾകൊണ്ട് പറയുന്നതും മാത്രമേ സത്യമാവൂ. ജീവിതത്തിനു വേണ്ടിയും അതിന്റെ സുഗമമായ ഒഴുക്കിനും വേണ്ടിയല്ലാതെ ആർക്കും ചിന്തിക്കാൻ കഴിയില്ല. ജീവിതം ആരെയും അതിന്നനുവദിക്കുകയുമില്ല. കാരണം, ജീവിതം മനുഷ്യനും മനുഷ്യ യുക്തിക്കും അപ്പുറത്താണ്. ജീവിതനിരാസം ആരെക്കൊണ്ടും ജീവിതം ചിന്തിപ്പിക്കില്ല, അതിനാൽ മാർക്‌സും ജീവിതം മാത്രം തന്നെ പറഞ്ഞു, വിഷമയമാക്കി. തനിക്കാവുന്ന, ലഭ്യമായ മാനങ്ങളും മാനദണ്ഡങ്ങളും  ഉയോഗിച്ചും പ്രയോഗിച്ചും കൊണ്ട്.

ജീവിതത്തെ ഒരു സമസ്യയായി  കണ്ടാൽ അതിനു പരിഹാരം കാണാൻ ആരും വെമ്പും.  ജീവിതം എങ്ങിനെയും എളുപ്പമുള്ളതാക്കാൻ വേണ്ടി.  ജീവിതത്തിനു വേണ്ടത് സംഭവിക്കാനും സംഭവിപ്പിക്കാനും.

ജീവിതം എല്ലാവരിലൂടെയും പലവിധേന എന്ന പോലെ മാര്ക്സിലൂടെയും ചിന്തിച്ചു എന്ന് മാത്രം. സമ്പന്നരിലൂടെയും കര്ഷകനിലൂടെയും ആശാരിയിലൂടെയും മീൻകാരനിലൂടെയും ഇറച്ചിവെട്ടുകാരനിലൂടെയും ഒക്കെ ജീവിതം ജീവിതത്തിനു വേണ്ടതും അത് വിതരണം ചെയ്യാൻ വേണ്ടതും ചിന്തിപ്പിക്കുന്നതും ചെയ്യിപ്പിക്കുന്നതും പോലെ തന്നെ.

***********

പക്ഷെ, കമ്യുണിസ്റ്റുകൾക്കു പിഴച്ചു. മനസിലാക്കുന്നതിലും നടപ്പാക്കുന്നതിലും. മതക്കാരനും പുരോഹിതനും പിഴച്ചത് പോലെ തന്നെ.

അവർ ജീവിതത്തിനും അപ്പുറം മാർക്സിനെ എടുത്തു. മതക്കാരൻ മുഹമ്മദിനെയും യേശുവിനെയും ബുദ്ധനെയും ഒക്കെ എടുത്തത് പോലെ. മനുഷ്യന് വേണ്ടിയുള്ള മാർക്സ് എന്നതിന് പകരം രാജ്യത്തിന് വേണ്ടിയുള്ള സാന്പത്തികശാസ്ത്രം പറഞ്ഞ മാർക്‌സും അതനുസരിക്കേണ്ട മനുഷ്യനും എന്ന് തിരുത്തി വായിച്ചു. എന്നല്ല, മാർക്സിനു വേണ്ടിയുള്ള രാജ്യവും മനുഷ്യനും എന്നായി ചുരുങ്ങി അവരുടെ വീക്ഷണങ്ങൾ.

മതക്കാർ മതത്തെ എടുത്തത് പോലെ തന്നെ അവർ മാർക്സിസത്തെ എടുത്തു. മരുന്നിനെ രോഗിയേക്കാൾ പ്രധാനമായി കണ്ടു, പ്രേമിച്ചു. മരുന്ന് രോഗം ഉണ്ടാക്കുമെന്നായാലും അതിനെ നിലനിർത്തണം എന്ന് വാശി പിടിച്ചു.  മരുന്ന് പ്രയോഗിക്കാൻ ഒരു രാജ്യം വേണം എന്ന നിലയിലേക്കു അധംപതിച്ചു. രോഗം ഇല്ലേലും മരുന്ന് വേണം എന്ന് ശഠിച്ചു. മരുന്ന് തന്നെ രോഗമായി മാറിയതറിയാതെ. പരിഹാരം ക്രമേണ പ്രശ്നമായി മാറുന്ന ജീവിതത്തിന്റെ പ്രകൃതിപരമായ രീതിയെ മനസിലാക്കാതെ അവർ പ്രശ്നത്തെ വളർത്തി. സമയവും സ്ഥാനവും മാറിയാൽ മരുന്നും ഭക്ഷണവും എല്ലാം വിഷമായി ഭവിക്കും എന്ന ജീവിതത്തിന്റെ പാഠം മനസ്സിലാക്കാതെ.

തൊഴിലാളിയിൽ തുടങ്ങി തൊഴിലാളിയിൽ മാത്രം ഒതുങ്ങുന്നേടത്തും ഒതുക്കുന്നേടത്തും അവർ  മാര്ക്സിനെയും മാർക്സിസത്തെയും ചുരുക്കി. മാർക്സ് അത് രൂപപ്പെടുത്തിയെടുത്ത സാഹചര്യം ഇല്ലെങ്കിലും, നിലനിൽകുന്നില്ലേലും, അത് തന്നെ നടപ്പാക്കേണം എന്ന് വാശി പിടിച്ചു ചിന്തിച്ചു.  കുഞ്ഞു വലുതായിക്കഴിഞ്ഞാലും കുപ്പായം പഴയതു തന്നെ മതി എന്ന് പറയുംപോലെ.

അതിനപ്പുറം ഒരാകാശവും ഭൂമികയും അവർ കണ്ടില്ല. മാർക്‌സും മുഹമ്മദും യേശുവും ഒന്നുമല്ല ജീവിതം ആണ് പരമപ്രധാനം എന്നവർ അറിഞ്ഞില്ല. ജീവിതത്തെ പുതക്കുന്ന കുപ്പായങ്ങൾ അതാത് സമയത്തു വേണ്ടത് പോലെ ഓരോരുവനിലൂടെയും അവരുടെ ചിന്തയിലൂടെയും അദ്ധ്വാനത്തിലൂടെയും വിശ്വാസങ്ങളിലൂടെയും ജീവിതം തന്നെ ഒരുക്കിയെടുക്കുമെന്ന നഗ്നസത്യം. മനുഷ്യനും ഭൂമിക്കും അപ്പുറത്താണ് ജീവിതമെന്നതും.

കമ്യുണിസം പറഞ്ഞ മാർക്സിനു കമ്യുണ് എന്തെന്നും എന്തിനെന്നും അറിയാമായിരുന്നു. ജീവിതത്തെ ലക്ഷ്യമാക്കിയവൻ അതിനെ എളുപ്പമാക്കാൻ വേണ്ടതിലാണ് സംഗതികൾ അവസാനിപ്പിക്കുക. ഒരു കെട്ടിക്കുടുക്കുമില്ലാതെ നടത്താൻ വേണ്ടതിൽ. പക്ഷെ, കമ്യൂണിസ്റ്റുകാർക്ക് അത് വെറും രാഷ്ട്രീയ വാക്കുകൾ മാത്രം ആയി. രാഷ്ട്രത്തിനും തത്വസംഹിതകൾക്കും അപ്പുറത്തേക്ക് നോക്കാനുള്ള ജനാലകൾ ആയില്ല.

മാർക്സിന്റെ കമ്യൂൺ, ബുദ്ധന്റെ സംഘവും യേശുവിന്റെയും മുഹമ്മദിന്റെയും സ്വർഗ്ഗവും ഗാന്ധിയുടെ ഗ്രാമസ്വരാജ്ഉം ഒക്കെ പോലെയായിരുന്നു. അവക്കൊന്നും വിരുദ്ധവുമായിരുന്നില്ല. ബുദ്ധനും യേശുവും മുഹമ്മതും ഗാന്ധിയും ഒക്കെ ജീവിതം എളുപ്പമുള്ളതായിക്കാണാൻ അങ്ങിനെയൊക്കെ സ്വപ്നം കണ്ടതായിരുന്നു, സ്വപ്നം നല്കിയതായിരുന്നു.   ഏകം എന്ന് പറയുമ്പോഴുള്ള പദാർത്ഥവും അദ്വൈദത്തിലെ ആത്മാവും ഒന്നാവുന്നത് പോലെ തന്നെ വിരുദ്ധമാവാത്ത രണ്ടല്ലാത്ത ഒന്ന്. നിയമവും രാജ്യവും നിയന്ത്രണങ്ങളും ഇല്ലാത്ത ഒന്ന്.  സ്വയം സമ്പൂർണമായി ജീവിതം മാത്രം തുടിച്ചു തുള്ളുന്ന ഒരവസ്ഥ.  ജീവിതത്തിനു വേണ്ടി മാത്രം എല്ലാം ഉണ്ടാവുന്ന, അല്ലാത്തതൊന്നും വേണ്ടെന്നു വരുന്ന ഒരു സ്വതന്ത്ര സ്വാഭാവിക ലോകം. സ്വന്തവും സ്വന്തമാക്കാനുള്ള ശ്രമങ്ങളും ആവശ്യമില്ലാത്ത ഇടം. എല്ലാം നൽകപ്പെടുന്ന, നല്കപ്പെടാൻ മാത്രമുള്ളത്ര മാത്രം ചെയ്യപ്പെടുന്ന ഇടം. ആശ്രമവും സ്വർഗ്ഗവും പോലെ തന്നെ ശ്രമങ്ങളില്ലാത്ത ജീവിതം തന്നെയല്ലാത്ത ഒരു ശ്രമം ഉണ്ടാവാത്ത ഒരിടം. ഒരവസ്ഥ. രണ്ടില്ല്ലാത്ത ഒരവസ്ഥ. രാജ്യവും രാജാവും പ്രജയും എന്ന രണ്ടും മൂന്നും ഇല്ലാത്ത ഇടം.

*************
സോഷ്യലിസം മാർക്സിനു ലക്ഷ്യമായിരുന്നില്ല, ആവാനിടയില്ല. ലക്ഷ്യമാക്കാനാവുക ജീവിതത്തിന്റെ സൗകര്യപൂര്ണമായ ഒഴുക്ക് തന്നെ. അതിനു വേണ്ടത് സംഭവിപ്പിക്കുക എന്നത് തന്നെ.

കമ്യൂണിനെ കുറിച്ച് പറയുന്ന ഒരാൾ ജീവിതത്തിന്റെ നൃത്തം തന്നെയാണ് സാധിപ്പിക്കാൻ ഉദ്ദേശിച്ചത് എന്നുറപ്പു. സോഷ്യലിസം മാത്രമായി വഴിമുടക്കേണ്ട, പിന്നെ  വെറുതെ പറഞ്ഞു നടക്കേണ്ട ഒരു സുന്ദര വചനവും ആവില്ല. പകരം സോഷ്യലിസം വഴിയും പാലവും മാത്രമായിരുന്നു.

പക്ഷെ കമ്യുണിസ്റ്റുകൾക്കു കാര്യം പിടികിട്ടിയില്ല. അവർ വഴിയെ ലക്ഷ്യമാക്കി.  ജീവിതം എന്ന സമസ്യക്ക് വേണ്ടിയാണ് എല്ലാം എല്ല്ലാ വിധത്തിലും നടക്കുന്നതെന്ന് മനസ്സിലാക്കാൻ സാധിച്ചില്ല. അങ്ങിനെ അവർ പാലത്തെ തന്നെ വീടുമാക്കി.

അവർ സോഷ്യലിസത്തിൽ മുറുക്കിപ്പിടിച്ചു.  ജീവിതത്തിനും ജീവിക്കുന്ന മനുഷ്യന്മാർക്കും മീതെ അവർ സോഷ്യലിസത്തെയും രാജ്യത്തയും പ്രതിഷ്ഠിച്ചു. സോഷ്യലിസത്തെ പ്രതിരോധിക്കുന്ന വഴിയിൽ അക്രമിയെക്കാൾ അപകടകാരികളായി. രാജ്യവും രാജ്യ നിയമവും ഏറ്റവും ആവശ്യമുള്ളവരായി അവർ. അത് സംരക്ഷിക്കുന്നതിലും സോഷ്യലിസം കയറ്റുമതി ചെയ്യുന്നതിലും എല്ലാ അതിർവറുമ്പുകളും ലംഘിച്ചു. ജീവിതത്തെ നിഷേധിച്ചു. കമ്യൂൺ രൂപപ്പെടുത്താനും കമ്യൂണിലേക്കു വളരാനും വേണ്ടതൊന്നും ചെയ്തില്ല. വേണ്ടതല്ലാത്തതെല്ലാം ചെയ്തു, പാലത്തിന്മേൽ കയറ്റിവച്ചു.

രാജ്യരക്ഷയുടെയും ശാസ്ത്ര സാങ്കേതികവിദ്യയുടെയും ഭാരം പാലത്തിൽ കൂട്ടി. പാലത്തിനു താങ്ങാവുന്നതിലും ഭാരം കൂട്ടി. തകരുമെന്നായപ്പോൾ കമ്യുണിസത്തെ തള്ളിപ്പറയുമാറ് അവരും ഏതൊരു പാർട്ടിയെയും പോലെയായി. പാലത്തെയും തള്ളിപ്പറഞ്ഞു. സോഷ്യലിസത്തെ വെറും മറയും വസ്ത്രവുമായി പിന്നീടങ്ങോട്ട് ഉപയോഗിക്കുകയും ചെയ്തു. കപട ജനാധിപത്യത്തിലെ കപടമായ ഒരു സംജ്ഞയായി മാത്രം പിന്നീട് സോഷ്യലിസവും കമ്യുണിസവും മാറി.

*************

ഇതിനൊക്കെ പുറമെ, പക്ഷെ,  കമ്യുണിസ്റ്റുകാരനു  ഇന്ത്യയിൽ സോഷ്യലിസം പോലും ലക്ഷ്യമായി നേടുന്നതിന് മുൻപേ പാതിവഴിയിൽ പരാജയപ്പെട്ടത് എന്തുകൊണ്ടാണ്?

മറ്റൊന്നും കൊണ്ടല്ല.

തൊഴിലാളി സ്നേഹത്തിനിടയിൽ മനുഷ്യനെ മറന്നു. തൊഴിലാളിക്കപ്പുറം ഒരു മാനുഷിക രാജ്യത്തെ സങ്കലപിക്കാനാവാത്തിടത്തു. തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനിടയിൽ  മനുഷ്യാവകാശങ്ങളെയും സാധാരണ ജനങ്ങളെയും  മറന്നത് കൊണ്ട്. എല്ലാവരും തൊഴിലാളികളല്ലെന്നും എല്ലാവർക്കും തൊഴിലാളികൾ ആവാൻ പറ്റില്ലെന്നും അറിയാതെ പോയതു കൊണ്ട്. തൊഴിലാളിക്കപ്പുറം രാജ്യത്തെയും രാജ്യതാല്പര്യത്തേയും കയ്യൊഴിഞ്ഞതു കൊണ്ട്.

അവർ ഇന്ത്യയെന്ന മാതാവിനെയല്ല സ്നേഹിച്ചത്. അങ്ങിനെ ഒരു മാതാവിനെ സ്നേഹിക്കാനും  അമ്മയായി മനസിലാക്കാനും അവർ മറന്നു പോയി. പഠിപ്പിക്കാനും മറന്നു പോയി. അമ്മയായ രാജ്യവും രാജ്യസ്നേഹവും അവർക്കു പ്രധാനം ആയില്ല. അമ്മയെ അമ്മയാക്കുന്ന ഭാരത രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും അവർക്കു ഒന്നും ആയില്ല.

പകരം തങ്ങളുടെ മുറിവൈദ്യനായ പാർട്ടിയും പാർട്ടിയുടെ പ്രത്യേയ ശാസ്ത്രവുമായിരുന്നു അവർക്കെല്ലാമെല്ലാം. മുറിവൈദ്യനെ പരീക്ഷിക്കുകയും രക്ഷിക്കുകയും ആയിരുന്നു അതിനേക്കാൾ പ്രധാനം.

ജനാധിപത്യത്തിന്റെ പേരിൽ ഭാരതമാതാവിന്റെ നെഞ്ചത്ത് കത്തിവെക്കുന്ന ഒന്നുമറിയാത്ത മുറിവൈദ്യന്മാരെയും അവരെ തെരഞ്ഞെടുത്തയക്കുന്ന വിഡ്ഢികളായ പൊതുജനം കഴുതകളെയും അവർ കണ്ടില്ല. പകരം അങ്ങനെ തെരഞ്ഞടുക്കപ്പെടാൻ എല്ലാവരെയും പോലെ അവരും ആഗ്രഹിച്ചു.

ജനങ്ങൾക്കു ഒരു പരിഹാരം ആവുന്നതിനു പകരം ജനങ്ങളിൽ അവർ അവർക്കുള്ള പരിഹാരത്തെ കണ്ടു. പാർട്ടിക്കുള്ള നിലനില്പും ആർഭാടവും നേടാൻ കൊതിച്ചു.

അത്തരം ഒന്നുമറിയാത്ത വിഡ്ഢികളായ ഒരു സമൂഹത്തെ സ്നേഹിക്കാനും ആ ജനതയുടെ സഹിഷ്ണുതയിൽ അധിഷ്ഠിതമായ സംസ്കാരത്തെ മനസിലാക്കാനും മറന്നു പോയി.

ഒരു കാലം വരെ മിച്ചമൂല്യ സിദ്ധാന്തവും വൈരുദ്ധ്യാത്മക ഭൗതിക വാദവുമായിരുന്നു അവർക്കു പ്രധാനം. ജനവും ജീവിതവും മിച്ചമായി ഭവിക്കുന്ന ഒന്നും പറയാൻ കഴയാതെ പോയി.

വർഗ സംഘട്ടനത്തെ കുറിച്ച് പറയുന്നതിനിടയിൽ നാനാജാതി വര്ഗങ്ങളെയും ജാതികളെയും മതങ്ങളെയും ഭാഷകളെയും വിവരക്കേടിനിടയിലും വിശാലമായ സഹിഷ്ണുത കൊണ്ടുമാത്രം ഒരുമിച്ചു കൊണ്ടുപോവുന്ന  ഇന്ത്യയിൽ അതെങ്ങനെ ഇനിയും കൊണ്ട്പോവും എന്നതിനെ കുറിച്ച് അല്പവും ആത്മാർത്ഥമായി ആലോചിക്കാതെ പോയി അവർ.

അവർക്കു തൊഴിലാളികളുടെ അവകാശമായിരുന്നു പ്രധാനം; അമ്മയോടും ചുറ്റുപാടിനോടും ഉള്ള തൊഴിലാളികളുടെ ബാധ്യതകളും ചുമതലകളും ആയിരുന്നില്ല.

വൈദ്യനെയും പ്രത്യേയശാസ്ത്രത്തെ പരീക്ഷിക്കുകയും വിജയിപ്പിക്കുകയും ആയിരുന്നു പ്രധാനം; അമ്മയുടെ ജീവനും ജീവിതവും ആരോഗ്യവുമായിരുന്നില്ല.

അതിനാൽ തന്നെ ഇക്കാലമത്രയും അവർ അണികളെ പാർട്ടിയെന്തെന്നു പഠിപ്പിച്ചു. ഇയ്യടുത്ത കാലത്തു അവരുടെ തന്നെ അപചയത്തിന്റെ ഭാഗമായി അതുമവർ മറന്നു പോയതു പോലെയാണെങ്കിലും‌.

ക്രമേണ അവർ പാർട്ടിയെയും മറന്നു. അധികാരത്തെ മാത്രം താലോലിച്ചു, അതിന്റെ ഭാഗമായി ഇന്ത്യൻ പാർലിമെന്ററി ജനാധിപത്യത്തെ പുൽകി.

************

കമ്യുണിസ്റ്റുകൾക്കു  രാജ്യവും അതിന്റെ സംസ്കാരവും ആയിരുന്നില്ല പ്രധാനം. അധികാരം മാത്രമായി പ്രധാനം. അതിനാൽ തന്നെ രാജ്യസ്നേഹവും രാജ്യസംസ്കാരവും  രാജ്യെമെന്തെന്നും അവർ പഠിച്ചില്ല,  അണികളെ പഠിപ്പിച്ചില്ല. മതേതരത്വം പോലും ഇന്ത്യൻ പരിപ്രേക്ഷ്യത്തിൽ എന്തെന്നും എങ്ങിനെയാവണമെന്നും അവർ അറിഞ്ഞതും പഠിപ്പിച്ചതുമില്ല.

പാർട്ടിയെ പരീക്ഷിക്കാൻ വേണ്ട അനേകം രാജ്യങ്ങളിൽ ഒരു രാജ്യം മാത്രമായിരുന്നു ഇന്ത്യയിലും അവർക്കാവശ്യം. ഇന്ത്യക്കാരെയും ഇന്ത്യയെയും കണ്ടെത്തേണ്ടതുണ്ടായിരുന്നില്ല. പാർട്ടിക്കും അതിന്റെ പ്രത്യേയശാസ്ത്രത്തിനും കൃഷിയിറക്കാൻ വേണ്ട വെറും ഒരു വിളനിലമല്ലാതെ.

ക്രമേണ അറിവുകേടുകൊണ്ട് അല്പ്പം പോലും ഒരു നിലക്കും നടക്കാത്ത ഇന്ത്യൻ ജനാധിപത്യവുമായി അവർ രാജിയായതോടെ ഒരു സാധാ പാർട്ടിയായി അവർ മാറി. അനേകം പാർട്ടികളിൽ ഒരു പാർട്ടി. അധികാരം മാത്രം ലക്ഷ്യമാക്കുന്ന ഒരു അധികാരപ്പാർട്ടി. എല്ലാവരെയും പോലെ പേര് മാത്രം മാറി വന്ന അധികാരത്തിന്റെ കള്ളുകുപ്പി. പേര് വേറെ. ഉള്ളിൽ അതെ അധികാരക്കള്ളു.

അതിന്നാലെ ഇപ്പോൾ എന്ത് സംഭവിച്ചു?

തെറ്റായിട്ടായാലും ശരിയായിട്ടായാലും ബി ജെ പി ഇന്ത്യയെ കുറിച്ചും രാജ്യസ്നേഹത്തെ കുറിച്ചും  സംസ്കാരത്തെക്കുറിച്ചും പറഞ്ഞു പ്രവർത്തിച്ചപ്പോൾ കമ്യുണിസ്റ്റുകാർക്ക് പ്രതിരോധിക്കാൻ മറ്റൊന്നില്ലാതായി. തങ്ങൾക്കും എന്ത് കൊണ്ട് ബി ജെ പി യെ പോലെ വേരൂന്നാൻ കഴിയാതെ പോയi എന്ന് അപ്പോഴാണ് അവർക്കു മനസ്സിലായത്.

മതേതരത്വവും ജനാധിപത്യവും രാജ്യസ്നേഹവും അണികളെയും ജനങ്ങളെയും പഠിപ്പിക്കേണ്ടതിനു പകരം ബി ജെ പി യെ പ്രതിരോധിക്കാൻ വേണ്ടി മാത്രം പ്രയോഗിക്കേണ്ട ആയുധം മാത്രം ആയിപ്പോയത് അതുകൊണ്ടാണ്.  അങ്ങനെയല്ലാതെ അവർ അണികളെ പഠിപ്പിച്ചതായിരുന്നില്ല അതൊന്നും.

രാപ്പകലില്ലാതെ മതവും മതസ്നേഹവും വിശ്വാസികളെ പഠിപ്പിച്ചു രാജ്യത്തെക്കാൾ വലുത് മതമെന്ന് പറഞ്ഞു പഠിപ്പിച്ചു മതസംഘടനകൾ മതാനുയായികളെ കൂട്ടിനിർത്തിയപ്പോൾ കമ്യുണിസ്റ്റുകൾ അതറിയാതെപോയി.  ഒരുപക്ഷെ അതെല്ലാം നോക്കി നിന്ന്. മതേതരത്ത്വം മതേതരത്ത്വം എന്തൊക്കെയോ ആണെന്ന് കരുതിക്കൊണ്ട്. അപ്പോഴും മതേതരത്വത്തെയും രാജ്യസ്നേഹത്തെയും സംസ്കാരത്തെയും ജനങ്ങൾക്കും അണികൾക്കും പഠിപ്പിച്ചു കൊടുക്കാതെ. ഒരുപക്ഷെ വോട്ടിനു വേണ്ടി അതിനൊക്കെ കൂട്ട് നിന്ന്.

ഇത്രകാലം നാട് ഭരിച്ചിട്ടും നാട്ടിൽ പ്രവർത്തിച്ചിട്ടും നാട്ടുകാരെയും അണികളെയും മതേതരത്വവും ജനാധിപത്യവും രാജ്യസ്നേഹവും സംസ്കാരവും പഠിപ്പിക്കാൻ മറന്നു പോയ അവർ  ബി  ജെ  പി  അധികാരത്തിൽ  വന്നപ്പോൾ ഇതൊക്കെയും  എടുത്തു പ്രയോഗിക്കുന്നു.

പാർട്ടിക്ക് വേണ്ടി മരിക്കുമെന്നാലും രാജ്യത്തിന് വേണ്ടി മരിക്കാൻ തയാറാവുന്ന ഒരു വിഭാഗത്തെ പാർട്ടിയുടെ അണികളായി ഉണ്ടാകിട്ടിയെടുക്കാൻ അവർക്കറിയാതെ പോയി.

ഒന്നായ ദൈവം പലതാവുന്നു നമ്മളാവുന്നു. പലതായ നമ്മൾ ഒന്നാവുന്നു ദൈവമാവുന്നു.

ഒന്നായ ദൈവം പലതാവുന്നു നമ്മളാവുന്നു.
പലതായ നമ്മൾ ഒന്നാവുന്നു ദൈവമാവുന്നു.
ഒന്നിന് പലതും ഒന്ന്
പലതിന് രണ്ടെന്നും പലതെന്നും ഉണ്ട്

********


സന്തോഷം, ന്യായമായും നല്ല ചോദ്യം ചോദിച്ചതിന്
ന്യായമായും ചോദിക്കേണ്ടത് തന്നെ.
സദുദ്ദേശവും ഗുണകാംക്ഷയും അതിൽ നിഴലിട്ടു കാണുന്നുമുണ്ട്


പക്ഷെ,
ഒന്നിരുന്നാൽ മതി . വിത്ത് തന്നെ മുളച്ചു മരമാവും.
ഇന്നാ ഇലാഹി വാ ഇന്ന ഇലൈഹി റാജിഊൻ 
എന്നും അർഥം വെക്കാം. അല്ലെങ്കിൽ എന്താണ് അതിന്റെ അർഥം?
ദൈവത്തിൽ നിന്ന് ദൈവത്തിലേക്ക്.
ദൈവത്തിൽ നിന്ന് വന്ന നമ്മൾ പലതാവുന്നു, പലതെന്നുള്ള വിഭജനം തോന്നുന്നു.
ദൈവത്തിന്   പലതെന്നുള്ള തോന്നലില്ല. ദൈവത്തിൽ എല്ലാം ഒന്ന്. ദൈവം തന്നെ.
ദൈവത്തിലേക്ക് പലതെന്നത് വിട്ടു തിരിച്ചു പോകുമ്പോഴും നമ്മൾ ഒന്നാവുന്നു, നമ്മിലെ "ഞാൻ" "നീ" ചിന്തയും ബോധവും നഷ്ടമായിട്ടു.

മണ്ണിനിന്നു, മണ്ണിലേക്ക്.
മിൻഹാ ഖലഖനാകും, ഫീഹാ നയീദുക്കും , വാ മിൻഹാ nukhrijkum താരതൻ ഉഖ്.
എന്നതിന്റെ അർത്ഥവും അത് തന്നെ. ദൈവം ഇവിടെ മണ്ണെന്നു വിളിക്കപ്പെടുന്നു എന്ന വ്യത്യാസം മാത്രം
പറയുന്നത് ഒന്ന് തന്നെ
വരുമ്പോൾ പലതാവുന്നു
തിരിച്ചു പോയാൽ വീണ്ടും ഒന്നാവുന്നു.  
പലതിനു  വിഭജനം തോന്നുന്നു 

*********

മനുഷ്യൻ ദൈവത്തിൽ നിന്ന് വന്നാൽ അത് ദൈവത്തിന്റെ പലതാകൽ അല്ലെ?
ദൈവം അല്ലാതെ മറ്റൊന്നില്ലെങ്കിൽ പിന്നെ പലതായത് ദൈവം തന്നെ അല്ലെ?
അതിനാൽ തന്നെ അല്ലെ ദൈവത്തിലേക്ക് തന്നെ എന്നും വ്യക്തമായി ശേഷം പറഞ്ഞത്.
നമ്മളറിയുന്ന മുഹമ്മദല്ല യഥാർത്ഥ മുഹമ്മത്
നമ്മൾ പൊളിറ്റിക്കൽ ഇസ്ലാം ഉണ്ടാക്കിയ മുഹമ്മദിനെയെ അറിയൂ
രാഷ്ട്രം ഉണ്ടാക്കിയെടുത്ത ഇസ്ലാമിനെയും മുഹമ്മദിനെയും.

ഒരു പോസ്റ്റ് ഇവന്റ്ഇന്റെർപ്രെറ്റേഷൻ ആയി

ബുദ്ധി ബാധ്യതയാണ്, ഭാരമാണ്. വിഡ്‌ഡികളുടെ ജീവിതത്തിനു സ്വാന്തന്ത്ര്യമുണ്ട്, സൗന്ദര്യം ഉണ്ട്.

വിഡ്ഡികളുടെ ജീവിതത്തിനു സ്വാന്തന്ത്ര്യമുണ്ട്സൗന്ദര്യം ഉണ്ട്.
ഉദ്ദേശമില്ലായ്മയുടെ സ്വാതന്ത്ര്യവും സൗന്ദര്യവും.
ഉദ്ദേശപൂര്ണതയുടെ കൂർത്തുമൂർപ്പില്ലാത്ത സൗന്ദര്യവും സ്വാതന്ത്ര്യവും സുഖവും.
ദൈവത്തെ തന്നെദൈവികോദ്ദേശം തന്നെവഴിയും ഉദ്ദേശവും ആക്കിയതിന്റെ സൗന്ദര്യവും സ്വാതന്ത്ര്യവും സുഖവും ആനന്ദവും.
വിഡ്ഢി അതൊക്കെയും അനുഭവിക്കട്ടെ.

വിഡ്ഢികൾക്കേ അങ്ങിനെയൊക്കെ ആവാനും അതൊക്കെയും അനുഭവിക്കാനുമാവൂ.


**********

അയ്യൂബ്, എന്റെ കുട്ടിക്കാലത്തെ സുഹൃത്തേ, വളരെ സന്തോഷം, വളരെ നന്ദി. എന്നെ എനിക്കറിയിച്ചു തന്നതിന്. ഞാനാരെന്നു എനിക്ക് പറഞ്ഞു തന്നതിന്. എന്നെ വിഡ്ഢി എന്ന് വിളിച്ചതിനു.

അയ്യൂബ്‌, എന്നെ ഞാൻ അറിയുന്നതിനെക്കാൾ വലിയ അറിവില്ലല്ലോ? അല്ലെങ്കിൽ അതിനു വേണ്ടി ജീവിതം മുഴുവൻ ഞാൻ അലയേണ്ടി വരുമായിരുന്നു. താങ്കൾ എന്നെ സഹായിച്ചു, അത്തരം അലച്ചിലിൽ നിന്നും താങ്കൾ എന്നെ രക്ഷിച്ചു.  ഒരു ജീവിതം സഫലവും അർത്ഥപൂർണവും ആക്കിത്തന്നു.  താങ്കൾ മഹാഗുരു തന്നെ. മഹാ ഗുരു ആയതു കൊണ്ട് തന്നെയാണ് ഒരു ചെറിയ വാക്കു കൊണ്ട് ഒരു വലിയ സത്യം ഉരുവിടാനും മനസിലാക്കിത്തരാനും കഴിഞ്ഞത്. താങ്കൾക്കു ഒരു കോടി നന്ദി. ഗുരുക്കന്മാർ തന്നെ ആവാൻ യോഗ്യതയുള്ള താങ്കളുടെ മറ്റു ശിഷ്യന്മാർക്കും.

സത്യം പറയാമല്ലോ, താങ്കൾ ഇത്രത്തോളം മഹാഗുരുവായി വളർന്നതിൽ ഞാൻ തെല്ല് അത്ഭുതം കൂറി. ഇത് വരെ ഇതൊന്നും അറിയാതെ പോയല്ലോ എന്നതിൽ. നൂറ്റാണ്ടുകളും നൂറു ജന്മങ്ങളും തപസ്സിരുന്നാലും സാധിക്കാത്തതാണല്ലോ ഇത്? ഇയാൾ എന്റെ സുഹൃത്തുമല്ലോ? അയ്യൂബ്, ഞാൻ ധന്യനായി, എന്റെ ജീവിതം ധന്യമായി.

അയ്യൂബ്, അറിയാമല്ലോ? ഗുരു എന്നാൽ ഇരുട്ടിനെ ഇല്ലാതാക്കുന്നവൻ. വെളിച്ചം നൽകുന്നവൻ. ഗുരുവെന്നാൽ സൃഷ്ടിയും സ്ഥിതിയും സംഹാരവും ഒരേ ഒരു കർമം കൊണ്ട് നടത്തുന്നവൻ. അറിയിക്കുക, അറിയുക എന്ന ഒറ്റ കർമം കൊണ്ട്. അതിനാൽ ആണ് "ഗുരു ബ്രഹ്മ ഗുരുർ വിഷ്ണു ഗുരു ദേവോ മഹേശ്വര, ഗുരു സാക്ഷാൽ പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമ:" എന്ന് പാവം ഭാരതീയർ പണ്ടേ അത് അറിഞ്ഞു പാടിത്തുടങ്ങിയത്. താങ്കളെ പോലുള്ളവരെ കൂടി ഉദ്ദേശിച്ചായിരിക്കും. താങ്കളോട് അത് പറയേണ്ടതില്ലെന്നു എനിക്ക് അറിയാം. പൊറുക്കുക. അവിവേകമായെങ്കിൽ. ഗുരുസമക്ഷത്തിൽ അവിവേകം പറയരുതല്ലോ? ഏറിയാൽ ചോദിക്കാം. അത്ര തന്നെ.

അയ്യൂബ്, എന്നെ എനിക്കറിയിച്ചു തന്ന താങ്കൾ വെളിച്ചം തന്ന ഗുരു തന്നെ. അതിനേക്കാൾ വലിയ ഒരറിവും ഒരു ഗുരുവിനും നൽകാനാവില്ല. വിഡ്ഢിക്കു സ്വമേധയാ കിട്ടുന്ന സ്വാതന്ത്ര്യവും താങ്കൾ  എനിക്ക് പതിച്ചു തന്നു. വളരെ സന്തോഷം. ഞാൻ സ്വതന്ത്രനായി. സ്വാതന്ത്ര്യം ഊർജം മാത്രം പുറപ്പെടുവിക്കുന്നു. സ്വാതന്ത്ര്യത്തിൽ സ്വാതന്ത്രനായാണല്ലോ ദൈവം. തുറന്നിടത്തു തുറന്നവനായി. വിഡ്ഢിയെ പോലെ. ഒന്നും ബാധകമാകാതെ. മഴയും വെയിലും ഉപമയും അലങ്കാരവും ഒന്നും.

അയ്യൂബ്, ഇനി എനിക്ക് ഊർജസ്വലനായി എന്തും വിളിച്ചു പറയാം. ഞാൻ തളരില്ല. കാരണം  ഊർജസ്വലനായ വിഡ്ഢി ദൈവത്തോളമാണ്. വിഡ്ഢിയാണെന്നറിയുന്ന വിഡ്ഢി കൂടി ആവുമ്പോൾ ഒന്ന് കൂടി. പ്രതീക്ഷകൾക്കും ബഹുമാനങ്ങൾക്കും വേണ്ടി നിന്ന് കൊടുക്കേണ്ടതില്ലല്ലോ? താങ്കൾ എന്നെ എത്തിച്ചിരിക്കുന്നത് വല്ലാത്ത ഉയരത്തിൽ തന്നെ. ഉരുണ്ട് വീഴാനില്ലാത്ത ഉയരത്തിൽ. താങ്ങും തണലും ആവശ്യമില്ലാത്ത ഉയരത്തിൽ. സന്തോഷം, നന്ദി.

അയ്യൂബ്, നിങ്ങളെ കാത്തു നിന്നു, നിങ്ങൾ പറയുന്നതിനെ കണ്ണടച്ച് പിന്തുണച്ചവർക്കും നന്ദി. അവരും എന്നെ സഹായിക്കാൻ ആത്മാർത്ഥമായി കാത്തിരിക്കുകയായിരുന്നല്ലോ? സൗഹൃദം എന്നാൽ അവകാശപ്പെടാനുള്ളതാണെന്നും തരം കിട്ടിയാൽ, അസൂയയും അസഹിഷ്ണുതയും മറയായി വെച്ച്, പൊതുവേദിയിൽ തെറി പറയാനുള്ളതാണെന്നും മനസിലാക്കിത്തന്ന ഗുരുക്കന്മാരും അവരിലുണ്ട്.  പിന്നിലും മുന്നിലും അസഹിഷ്ണുതയും വെച്ച് അവർ കാത്തിരുന്നു കൊണ്ടേയിരിക്കുന്നു. ഇഷ്ടപ്പെടാതിരിക്കാൻ ഏറെ പണിപ്പെടുന്ന അവർ വെറുക്കാൻ വേണ്ടി അദ്ധ്വാന്ദിക്കുന്നു, ന്യായങ്ങളും കാരണങ്ങളും കാത്തിരിക്കുന്നു. അവർക്കു നിങ്ങൾ ഒരു ആശ്വാസം തന്നെ.

അയ്യൂബ്, നിങ്ങൾ ബഹുമുഖ വ്യക്തിത്വമുള്ള ഗുരു തന്നെ. ഈ യുഗത്തിൽ അവതരിക്കേണ്ട യഥാർത്ഥ ഗുരു. ഗുരുവിന്റെ സംഹാരശേഷി ഉപയോഗിച്ച് താങ്കൾക്കു പറ്റുമെങ്കിൽ ഇനി ഇയ്യുള്ളവനെ സംഹരിക്കാൻ കൂടി ശ്രമിക്കാം. ഉന്മൂലനം എന്നത് സ്വർഗീയ പ്രവേശത്തിനുള്ള എളുപ്പ വഴിയുമല്ലേ?

അയ്യൂബ്. വിഡ്ഡിയാവാൻ തന്നെയാണ് ശ്രമം. കാരണം ബുദ്ധി വലിയ ബാധ്യതയാണ്, ഭാരമാണ്. ബുദ്ധി അഹങ്കാരമാണ്. അഭിനയിച്ചു കൊണ്ടേയിരിക്കുന്നവൻ അഹങ്കാരിയായ ബുദ്ധിമാൻ? ശ്രമിച്ചു പ്രയാസപ്പെട്ടു കൊണ്ടെയിരിക്കേണ്ടവൻ? സ്വാർത്ഥതക്കും അത്യാർഥിക്കുമുള്ള വേറൊരു പേരും കൂടിയാണല്ലോ ബുദ്ധി? മുഴുവനിൽ നിന്നും ദൈവത്തിൽ നിന്നും തന്നെ വേര്പെടുത്തുന്ന ബുദ്ധി. സ്വാഭാവികതയും അതിലെ എളുപ്പവും നിഷേധിക്കുന്ന ബുദ്ധി. പ്രതിരോധത്തിന്റെ വഴിയേ അക്രമിയാവാൻ പ്രേരിപ്പിക്കുന്ന ബുദ്ധി. ഉദ്ദേശവും അതിന്റെ കൂർത്തു മൂർപ്പും നൽകുന്ന ബുദ്ധി. എല്ലാം ദൈവികംമെന്നു സമ്മതിക്കാൻ മടിക്കുന്ന ബുദ്ധി. താനും അതും ഉണ്ടെന്നു തോന്നിപ്പിക്കുന്ന ബുദ്ധി.

അയ്യൂബ്, അറിയാമല്ലോ? വിഡ്ഢിക്കു അഭിനയിക്കാനില്ല, അഭിനയിക്കേണ്ടതേ ഇല്ല. പ്രയാസപ്പെടാനില്ല, പ്രയാസപ്പെടേണ്ടതെ ഇല്ല. കാരണം അവനു ബാധ്യതയും ഭാരവും അഹങ്കാരവുമായ ബുദ്ധിയില്ല. അവൻ ഒന്നിനും ഉത്തരവാദിയല്ല. അതിനാലേ, പേടിക്കാനില്ല, പേടിക്കേണ്ടതേ ഇല്ല. അവൻ നിരാശ്രയൻ, ധീരൻ. അവൻ അവനാൽ സ്വസ്ഥം, സംതൃപ്തൻ.

അയ്യൂബ്, ലാഭ-നഷ്ടങ്ങൾക്കു വേണ്ടി ജീവിക്കാത്ത വിഡ്ഢിക്കു മാത്രമേ ധീരനാവാൻ പറ്റൂ. അവന്നു ഇടം വലം നോക്കാനില്ല.  ജീവിതം ആരുടേയും കല്പനക്കു മുൻപിൽ വിലയായി കൊടുക്കാത്തവൻ ആണ് അവൻ. ജീവിതത്തെ അദ്ധ്വാനവും തൊഴിലും മാത്രമാക്കി ചുരുക്കാത്തവൻ.

അയ്യൂബ്, വിഡ്ഢിയെ ഒരു നിലക്കും ചുറ്റുപാട് സ്വാധീനിക്കുന്നില്ല. വിഡ്‌ഡിക്കു സഹജ ബോധം ആവശ്യമില്ല. ദൈവത്തെ പോലെ. ആരുടേയും പ്രതീക്ഷകളും ആരെങ്കിലും നൽകിയേക്കാവുന്ന ആദരവും ബഹുമാനവും അവനു വിഷയമല്ല. സ്ഥാനവും മാനവുമല്ല; ഉള്ളറിവും ഉള്ളുറപ്പുമാണ് അവന് പ്രധാനം.  അത് തന്നെ വിളിച്ചു പറഞ്ഞു പോകുന്നു അതിനാൽ അവൻ.

അയ്യൂബ്‌, അതിനാൽ വിഡ്ഢി സ്വതന്ത്രൻ. ബുദ്ധിമാൻ അസ്വാതന്ത്രൻ. മാനങ്ങളുടെയും മാനദണ്ഡങ്ങളുടെയും തടവറയിൽ അസ്വാതന്ത്രനായി അസ്വസ്ഥപ്പെടുന്നവൻ ബുദ്ധിമാൻ. ഭാരം തൂങ്ങുന്നവൻ. ഭാരം പേറുന്നവൻ. കച്ചവടക്കാരൻ. ഉപകാരണമാവുന്നവൻ. നഷ്ടം മാത്രം ലാഭമാക്കുന്ന കച്ചവടക്കാരൻ. ജീവിതം നഷ്ടമാക്കി ഭസ്മമാക്കി ആ ഭസ്മത്തെ ലാഭം ആക്കി നേടുന്നവൻ. ജീവിതം ജീവിച്ചു തീർക്കാൻ മറക്കുന്ന, അതിനാൽ സ്വർഗം നഷ്ടമാകുന്ന കച്ചവടക്കാരൻ.

അയ്യൂബ്, വിഡ്ഢി എപ്പോഴും ജീവിച്ചു കൊണ്ടേയിരിക്കുന്നു. അവനെപ്പോഴും സ്വർഗത്തിൽ. അവനു ഉദ്ദേശങ്ങൾ ഇല്ല. ഉപകാരണമാവാനുമില്ല. വിഡ്ഢികൾക്കേ സ്വർഗപ്രവേശം ഉള്ളൂ. കാരണം അവൻ ന്യായങ്ങൾ ആവശ്യമില്ലാതെ, വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും തേടാതെ, ദൈവത്തിൽ വണങ്ങിയവൻ, വിധേയപ്പെട്ടവൻ. ദൈവത്തെ അവനിൽ കൂടിയുള്ള ഒഴുക്കായും പ്രവൃത്തിയായും കാണുന്നു. സ്വാഭാവികതയായ്. നൃത്തമായ്. തുടർച്ചയായി. ഒടുങ്ങാത്ത തുടർച്ച. എവിടെയും ആരിലും.

അയ്യൂബ്, ദൈവം തന്നെ ഒരു വിഡ്ഢിയല്ലേ? ഒറ്റയ്ക്ക് ഒന്നും ചെയ്യാനില്ലാത്തവൻ വിഡ്ഢിയല്ലാതെ പിന്നെ ആരാണ്? ആരുടെ മുൻപിലും ഒന്നും ബോധിപ്പിക്കാനില്ലാത്തവൻ വിഡ്ഢിയല്ലാതെ ആരാണ്? തന്നിൽ തന്നെ രമിക്കുന്നവൻ ആരാണ്? എല്ലാറ്റിനെയും സൃഷ്ടിച്ചു അതിന്റെ മഹത്വം സ്വയം രുചിക്കുന്നവൻ വിഡ്ഢിയല്ലാതെ ആരാണ്? ആർക്കും ചോദ്യം ചെയ്യാൻ കഴിയാത്തവൻ വിഡ്ഢിയല്ലാതെ ആരാണ്? അവന്റെ സൃഷ്ടികളെ അവൻ തന്നെ ശിക്ഷിച്ചു കളയും എന്ന് പറയേണ്ടി വരുന്നവൻ വിഡ്ഢിയല്ലാതെ ആരാണ്?  തന്നെ സ്തുതിച്ചും മഹത്വപ്പെടുത്തിയും കൊണ്ടേ ഇരിക്കേണം എന്ന് സൃഷ്ടികളോട് കേണു പറയേണ്ടി വരുന്നവൻ വിഡ്ഢിയല്ലാതെ ആരാണ്?  തന്നെ മാർക്കറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നവൻ വിഡ്ഢിയല്ലാതെ ആരാണ്?  മാർക്കറ്റ് ചെയ്യാൻ ആളെയും ഏജന്റിനെയും വിട്ടിട്ടും പരാജയപെടുന്നവൻ വിഡ്ഢിയല്ലാതെ ആരാണ്? മാർക്കറ്റ് ചെയ്യാൻ കമ്മീഷനും ഡിസ്‌കൗണ്ടും വെച്ചിട്ടും ആളെ കിട്ടാതെ പോകുന്നവൻ വിഡ്ഢിയല്ലാതെ ആരാണ്? പ്രതിയോഗിയെ സ്വയം സൃഷ്ടിച്ചു, അതിനെ പിശാചെന്നു വിളിച്ചു, ആ പ്രതിയോഗിയുടെ പേരിൽ സ്വയം അസ്വസ്ഥപ്പെടുന്നവനും പരാജയപ്പെടുന്നവനും വിഡ്ഢിയല്ലാതെ ആരാണ്? ആ പ്രതിയോഗിയുടെ പേരിൽ ഒന്നും അറിയാത്ത പാവങ്ങളെ പരീക്ഷിക്കുന്നവൻ വിഡ്ഢിയല്ലാതെ ആരാണ്? ആ പാവങ്ങളെ  ശിക്ഷിക്കും എന്ന് പേടിപ്പിക്കേണ്ടി വരുന്ന ദൈവം വിഡ്ഢിയല്ലാതെ ആരാണ്? അവൻ വിചാരിച്ചാൽ നടക്കുമെന്നാലും ഒന്നും താൻ വിചാരിച്ചതു പോലെ നടക്കുന്നില്ലെന്ന് പറയേണ്ടിയും ആവലാതിപ്പെടേണ്ടിയും വരുന്ന ദൈവം വിഡ്ഢിയല്ലാതെ ആരാണ്?

ഗുരോ, ഞാനും ആ ദൈവത്തെ പോലുള്ള ഒരു വിഡ്ഢിയാണോ, വിഡ്ഢിയാവണോ? ഒന്ന് തെളിച്ചു പറഞ്ഞാൽ എനിക്ക് അതും മനസ്സിലാക്കാമായിരുന്നു.

അയ്യൂബ്, സത്യം വിളിച്ചു പറയേണമെങ്കിൽ, അതിനുള്ള ധൈര്യം കിട്ടണമെങ്കിൽ വിഡ്ഢിയാവണം. വിഡ്ഢികളാണ് ലോകത്തെ ചാലക ശക്തികളായവർ. എല്ലാം നഷ്ടപ്പെടാൻ തയാറായ വിഡ്ഢികൾ. താൽപര്യങ്ങളും ലാഭവും പ്രശ്നമാക്കാത്ത വിഡ്ഢികൾ. അഭിമാനത്തിനും ബഹുമാനത്തിനും വേണ്ടി അദ്ധ്വാനിക്കേണ്ടിയും അഭിനയിക്കേണ്ടിയും വരാത്ത വിഡ്ഢികൾ.

അയ്യൂബ്, അത്തരം വിഡ്ഢികളെ ചരിത്രത്തിലുടനീളം കാണാം. അത്തരം വിഡ്ഢികളെ വിഡ്ഢികളെന്നു വിളിയ്ക്കാൻ, ഭ്രാന്തന്മാരെന്നും മാരണക്കാരനെന്നും വിളിച്ച, ബുദ്ധിമാനാമാരായ ബഹുഭൂരിപക്ഷം വരുന്നവരെയും കാണാം. ലോകം എന്നും ആയ മഹാ ഭൂരിപക്ഷം തന്നെ ഭരിച്ചു. ഇത്തരം വിഡ്‌ഡികളെ എതിർത്തും തെറിവിളിച്ചും അവർ ശമ്പളം പറ്റി, സ്ഥാനവും അധികാരവും ശേഷം നേടി. ഇത്തരം വിഡ്ഢികളെ തന്നെ തോളിലേറ്റിയും കൊണ്ടുനടന്നും കച്ചവടമാക്കിയും.

അയ്യൂബ്, എന്റെ പ്രിയങ്കരനായ ഗുരുവേ, എനിക്ക് എന്നെ അറിയിച്ചു തന്ന മഹാമാനസനെ, അറിയാമല്ലോ, രാജാവ് നഗ്നനാണെന്ന് പറഞ്ഞ കുഞ്ഞുകുട്ടിയും പൊതുജനം കഴുതക്കു മുൻപിൽ സാഹചര്യവും ചുറ്റുപാടും അറിയാത്ത, വിഡ്ഢിമാത്രമായിരുന്നു. വിഡ്ഢി ആയാലേ ആ കൊച്ചു കുട്ടിയെ പോലെ വിളിച്ചു പറയാനാവൂ.

അയ്യൂബ്, മറുപടി പറയണം എന്ന് വിചാരിച്ചതല്ല. പക്ഷെ, ഗുരു സ്ഥാനത് നിന്ന് ഞാൻ വിഡ്ഢിയാണെന്നു വിളിച്ചറിയിച്ചവനോട് നന്ദിയുള്ളവൻ ആവേണമല്ലോ? താങ്കളിലെ ഗുരുവിനെ എല്ലാവർക്കും പരിചയപ്പെടുത്തിക്കൊടുക്കുകയും വേണമല്ലോ? എല്ലാവരും നെല്ലും പതിരും മനസിലാക്കുകയും ചെയ്യട്ടെ. കാറ്റത്തു പാറിപ്പോകുന്നതും അല്ലാത്തതും അറിയട്ടെ. കാറ്റത്തു പാറിപ്പോകുന്നത് കണ്ണിനും കാഴ്ചക്കും പ്രയാസം ഉണ്ടാക്കുന്നതും.

അയ്യൂബ്, ശരിക്കും സോറി. ഇന്നലെ വീട്ടിൽ ഇല്ലാതെ പോയി. താങ്കളെ പോലുള്ളവർക്ക്, ഗുണകാംക്ഷ മാത്രം കൈമുതലായുള്ളവർക്ക്, മറുപടി തരാൻ ഒരു നിലക്കും താമസിക്കരുതായിരുന്നു. അതെന്റെ കുറ്റം. ക്ഷമാപണത്തോടെ നിർത്തട്ടെ.

********

അയ്യൂബിന്റെ അസ്വസ്ഥതക്കും ഉത്കണ്ഠക്കും നന്ദി.
വേറെ ഒരാൾ വിഡ്ഢിയായിപ്പോവുന്നതിലെ താങ്കളുടെ വേദന ശരിക്കും എടുത്ത് പറയേണ്ടത് തന്നെ
യഥാർത്ഥ മനുഷ്യ സ്നേഹിയിലെ അതുണ്ടാവൂ
അപ്പോഴും, വേറെ ഒരാൾ വിഡ്ഢിയെന്നു കാണാനും വിളിക്കാനുമുള്ള താങ്കളുടെ ഉൾക്കാഴ്ചയും വിവേകവും എടുത്തുപറയപ്പെടേണ്ടതും അഭിനന്ദനം അർഹിക്കുന്നതും ആണ്
ഒരായിരം പൂച്ചെണ്ടുകൾ.

പക്ഷെ, അയ്യൂബ്‌‌, വിഡ്ഡികളുടെ ജീവിതത്തിനു സ്വാന്തന്ത്ര്യമുണ്ട്, സൗന്ദര്യം ഉണ്ട്.
ഉദ്ദേശമില്ലായ്മയുടെ സ്വാതന്ത്ര്യവും സൗന്ദര്യവും.
ഉദ്ദേശപൂര്ണതയുടെ കൂർത്തുമൂർപ്പില്ലാത്ത സൗന്ദര്യവും സ്വാതന്ത്ര്യവും സുഖവും.
ദൈവത്തെ തന്നെ, ദൈവികോദ്ദേശം തന്നെ, വഴിയും ഉദ്ദേശവും ആക്കിയതിന്റെ സൗന്ദര്യവും സ്വാതന്ത്ര്യവും സുഖവും ആനന്ദവും.
വിഡ്ഢി അതൊക്കെയും അനുഭവിക്കട്ടെ.

വിഡ്ഢികൾക്കേ അങ്ങിനെയൊക്കെ ആവാനും അതൊക്കെയും അനുഭവിക്കാനുമാവൂ.

Tuesday, July 3, 2018

ചക്കിലിട്ട് കുഴച്ചാലും മണ്ണിലിട്ടു മൂടിയാലും ചിതയൊരുക്കി കത്തിച്ചാലും സംഭവം ശവത്തെ ഒഴിവാക്കലാണ്.

ആശയപരമാവുമ്പോൾ വ്യക്തിപരമാവരുത്. പ്രതികരിച്ചാലും ഇല്ലെങ്കിലും.  വ്യക്തിപരമായതു ചർച്ചക്കിടയിൽ ചോദിക്കേണ്ട കാര്യമല്ല.

ചർച്ചയിൽ പറഞ്ഞത് മനസിലായോ ഇല്ലേ എന്നതാണ് ചർച്ചയിൽ പ്രധാനം. അത് അംഗീകരിക്കാൻ ആവുന്നുണ്ടോ ഇല്ലേ എന്നത്. ഇല്ലെങ്കിൽ എന്ത് കൊണ്ട്, ഉണ്ടെങ്കിൽ എന്ത് കൊണ്ട് എന്നത്.

ഒരു പോസ്റ്റിട്ടാൽ ആ പോസ്റ്റിന്റെ ശരിയും തെറ്റും ആണ് പറയേണ്ടത്. മനസിലായില്ലേൽ മനസിലായില്ല എന്നും. അതാണ് അതിലെ ഒരു വിനയം? അല്ലാതെ കാർക്കിച്ചു തുപ്പലും, അധിക്ഷേപിക്കലും വക്തിപരമായി വിമർശിക്കലും അല്ല.

വ്യക്തിപരമായി വിമർശിക്കാം, അയാൾ നിങ്ങളുടെയൊക്കെ ചിലവിൽ നേതാവായി വിലസുന്നുണ്ടെകിൽ. നിങ്ങളോടു ഒന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു ശമ്പളം പറ്റി, അയാൾക്കു വേണ്ടി മറ്റൊന്ന് നടപ്പാക്കുന്നുണ്ടെകിൽ. പുരോഹിതന്മാരെയും പണ്ഡിതന്മാരെയും രാഷ്ട്രീയ നേതാക്കന്മാരെയും പോലെ. സാഹചര്യം വ്യത്യസ്തമല്ലെങ്കിൽ, പറയുന്ന കാര്യത്തിന് വിരുദ്ധമായാണ് അയാൾ ജീവിക്കുന്നതെങ്കിൽ, ഒരളവോളം.  ഡോക്ടർ രോഗിക്ക് കൊടുത്ത മരുന്ന് കഴിക്കാത്തത് ഒരു കുറ്റമായി കാണരുത്. ഡോക്ടർക്കു അതെ രോഗം ഇല്ലാത്തിടത്തോളം.

ഒരാൾ അകപ്പെട്ട സാമൂഹ്യ ചുറ്റുപാട് അയാളെ ചിലതു ചെയ്യാൻ അനുവദിക്കാത്തത് അയാളുടെ കുറ്റം ആയിരിക്കില്ല? കമ്മ്യൂണിസ്റുകാരെന്  കമ്മ്യൂണിസവും സോഷ്യലിസവും ഇസ്ലാമിസ്റ്റിനു ഇസ്ലാമിക രാഷ്ട്രവും ഹിന്ദുത്വ വാദിക്കു ഹിന്ദു രാഷ്ട്രവും (അങ്ങിനെ ഒന്നില്ല) ഒരു ക്രൈസ്തവന് ക്രിസ്ത്യൻ രാഷ്ട്രവും (അങ്ങിനെ ഒന്നില്ല) നടപ്പാക്കാൻ കഴിയാത്തതു അവരുടെ വ്യക്തിപരമായ കുറ്റം ആയി മാത്രം കണ്ട് കൂടാ.

പിന്നെ പേരിന്റെ കാര്യം.
പേരൊന്നും ആരുടേയും ഒരു മതത്തിന്റെയും കുത്തകയല്ല.  അബ്ദുൽ റഹീം എന്നതും  അബ്ദുൽ റഹ്‌മാനെന്നതും  അറബി പേരുകൾ ആണെന്നെ ഉള്ളൂ. ഒരു മതവും ഇന്നാലിന്ന പേര് മാത്രമേ ഇടാവൂ, ഇടണം എന്ന് എവിടെയും നിഷ്കര്ഷിച്ചിട്ടും ഇല്ല.

പേര് ആ കുട്ടി ജനിച്ച നാടിനെയും ചുറ്റുപാടിനെയും സംസ്കാരത്തെയും സൂചിപ്പിക്കും എന്ന് മാത്രം വേണമെങ്കിൽ പറയാം. അറബ് ലോകത്തു ക്രിസ്ത്യാനികളും ജൂതന്മാരും ഒക്കെ ഇടുന്ന പേര് കൂടിയാണ് ഏറെക്കുറെ മുസ്ലിംകൾ ഇടുന്ന ഒട്ടുമിക്ക പേരുകളും. മതേതര ഇന്ത്യയിൽ ആണ് എന്നത് കൊണ്ടെങ്കിലും പേരിന്റെ സ്വത്തവകാശം വെച്ചുള്ള ഫാസിസം പറയാതിരിക്കാൻ ശ്രമിക്കുക.

അറബ് ഭാഷയെ തന്നെ ഒരു മതമാക്കരുത്. ദൈവത്തിന് പോലും വേറൊരു ഭാഷ മനസിലാകാത്തത് പോലെ. അറബ് ഭാഷയെ ഒരു മതത്തിന്റേതു മാത്രം എന്ന് ധരിക്കുന്നതും പറയുന്നതും മറ്റൊരു തരത്തിലെ തീവ്രതയും അസഹിഷ്ണുതയും ഫാസിസവും തന്നെ ആണ്.

മാതാപിതാക്കൾ അവർക്കിഷ്ടപ്പെട്ട പേരിടുന്നു എന്നല്ലാതെ പേരിലൊന്നും ഒരു കാര്യവും ഇല്ല. ആരും സാധാരണ ഗതിയിൽ അവരുടെ പേര് സ്വയം ഇട്ടിട്ടും തെരഞ്ഞെടുത്തിട്ടും ശേഷം വല്ലാതെയൊന്നും മാറ്റിയിട്ടും ഇല്ല.  ഇക്കാലം വരെയും അതങ്ങനെയാണ്.  മുഹമ്മദായാലും ഉമറായാലും യേശുവായാലും ഒക്കെ അങ്ങിനെ തന്നെ. അവർക്കു ജന്മം കൊണ്ട് വീണു കിട്ടിയ പേര് വഹിച്ചു തന്നെ മരിക്കുവോളം ജീവിച്ചു.

മാതാപിതാക്കൾ പേരിടുമ്പോൾ അവരുടെ വിശ്വാസം അവരിടുന്ന പേരിനെ സ്വാധീനിച്ചിട്ടുണ്ടായാവാം. മുഹമ്മദ് നബിയുടെ പേരും അങ്ങിനെ തന്നെ. ആമിന എന്ന മുഹമ്മദ് നബിയുടെ ഉമ്മ മുഹമ്മദ് നബിക്കു പേരിടുമ്പോൾ മക്കയിൽ ഇസ്ലാം ഉണ്ടായിരുന്നില്ല.  മുഹമ്മദ് നബിയുടെ പേര് ഒരു മുസ്ലിം ഇട്ടതല്ല. ഇസ്ലാമിക സങ്കല്പ പ്രകാരം ഇട്ടതല്ല. അനുചരന്മാരായ സഹാബാക്കളുടെ പേരും അപ്പടി തന്നെ. എന്നത് കൊണ്ട് മുഹമ്മദ് നബിയും സഹാബാക്കളും അവരുടെ പേരുകൾ മാറ്റിയിട്ടില്ല. രജിസ്‌ട്രേഷനും സർക്കാരും നിയമവും ഗസെറ്റും ഒന്നുമില്ലാത്ത അക്കാലത്തു അത് വളരെ എളുപ്പമായിരുന്നിട്ടും.  എന്ത് കൊണ്ടാണെന്നറിയുമോ? പേരിൽ ഒരു കാര്യവും ഇല്ല എന്നത് കൊണ്ട്. ആത്മീയതയും അന്വേഷണവും കണ്ടെത്തലും സാക്ഷാത്കാരവും വെറും പേര് കൊണ്ടും യാന്ത്രികമായി നടക്കുന്ന ആചാര അനുഷ്ഠാനങ്ങൾ കൊണ്ടും ഏതെങ്കിലും മതത്തിലും സമുദായത്തിലും ജനിച്ചത് കൊണ്ടും നടക്കുന്നതല്ല.

മുസ്ലിംകൾ അല്ലാതിരുന്നിട്ടും മുഹമ്മദ് നബിയുടെ മാതാപിതാക്കൾക്ക് അബ്ദുല്ല എന്നും ആമിനയെന്നും പേര് ഉണ്ടായി.  എന്താ ചെയ്യുക? ഭൂതത്തിലേക്കു പോയി അവരുടെ പേരും മാറ്റാൻ ആവശ്യപ്പെടുകയോ?


അബ്ദുൽ മുത്തലിബും അബു താലിബും ഖാലിദ് ബിനു വലീദും എന്നീ പേരുകളും അങ്ങിനെ തന്നെ. ഉമറും ഉസ്മാനും അലിയും അബ്ദുൽ റഹ്മാൻ ഇബ്ൻ ഔഫും എല്ലാം മുശ്രികീങ്ങൾ (ബഹുദൈവ വിശ്വാസികൾ) ഇട്ട പേരുകൾ ആണ്. പിന്നീട് അത് ഇസ്ലാമിന്റെ പേര് കൂടി ആവുകയായിരുന്നു. പേര് മാറ്റം എവിടെയും ആവശ്യമായില്ല, വിഷയമായില്ല. ആശയ ലോകത്തു വെറും പേരിൽ ഒരു കാര്യവും ഇല്ലെന്നറിയുന്നതിനാൽ.

സൽമാനുൽ ഫാരിസ് എന്നതിന് പേർഷ്യക്കാരനായ സൽമാൻ എന്നാണ് അർഥം ആണ്. സൽമാൻ എന്നാണു അയാളുടെ പേര്. പേർഷ്യക്കാരൻ ആണെന്ന് മനസിലാക്കാൻ അൽ ഫാരിസി എന്ന് കൂടി വിളിച്ചു. അല്ലാതെ അദ്ദേഹം  മുസ്ലിം ആയപ്പോൾ പേര് മാറ്റിയിട്ടില്ല. അവയൊക്കെയും മുസ്ലിം അല്ലാതിരുന്ന മാതാപിതാക്കൾ ഇട്ട പേരുകൾ ആണ്. പേര് മാറ്റമോ വിവാഹം ആര് ചെയ്തു തന്നു എന്നതോ പോലുള്ള  ബാലിശമായതാകരുത് ചർച്ചക്കിടയിലെ വാദമുഖങ്ങൾ.  ചർച്ചയിൽ പങ്കെടുക്കുന്ന മറ്റുള്ളവർക് വേണ്ടി നാം അതൊന്നും പറയാതെ സൂക്ഷിക്കേണം.

പിന്നെ ശമടക്കിന്റെ കാര്യം.
അതും ഇപ്പറഞ്ഞ പോലെ മരിച്ചവൻ തീരുമാനിക്കുന്നതല്ല. മരിച്ചവന്റെ ആവശ്യവുമല്ല. മരിച്ചവന് വേണ്ടി നടത്തുന്നതും അല്ല.

നാട്ടുകാരുടെയും ചുറ്റുമുള്ളവരുടെയും ആവശ്യമാണ് അത്.

മരിച്ചാലും ചത്താലും ആരെയാണെങ്കിലും എന്തിനെയാണെങ്കിലും കുഴിച്ചിടും, സംസ്കരിക്കും (സംസ്കാരം എന്ന വാക് തന്നെ തെറ്റാണ്).

ശവമടക്ക് നടത്താൻ കാരണം മറ്റൊന്നാണ്.  പുറത്തു വെച്ചാൽ നമുക്ക് ശല്യമാവുന്ന കോലത്തിൽ നമ്മുടെ മുൻപിൽ വെച്ച് ജീർണിക്കും, ദുർഗന്ധം വമിയ്ക്കും എന്നത് തന്നെ. അതിനാൽ ജീവിച്ചിരുക്കുന്നവർക് വേണ്ടി, അവർക്കു വേണ്ടി അവർ നിശ്ചയിച്ച ബഹുമാനം തോന്നുന്ന ഒരു രീതി ആവിഷ്കരിച്ചു എന്ന് മാത്രം. അതിൽ ചിലതു മതങ്ങളുടെ രീതിയും ആയി കാണപ്പെടുന്നു എന്ന് മാത്രം. മതങ്ങളില്ലാത്തിടത്തും ഇത്തരമോ അല്ലാത്തതോ ആയ പല രീതിയിലുള്ള ശവമടക്ക് ചടങ്ങുകൾ ഉണ്ട്. ജീവിക്കുന്നവർക്ക് ആശ്വാസമാകാൻ. ഒരുപക്ഷെ അവരുടെ കുറ്റബോധവും ഭയവും ഒഴിവാക്കാൻ.

ബഹുമാനം എന്നതും രീതിയെന്നതും ആളുകൾ കൂടുകയെന്നതും  മരിച്ചവരെ ബാധിക്കുന്നില്ല. ജീവിക്കുന്നവന്റെ സ്വയം തിരിച്ചറിവിനും ആശ്വാസത്തിനും അഹങ്കാരത്തിനും ഉപയോഗപ്പെട്ടേക്കും എന്ന് മാത്രം. അതിനാൽ തന്നെ, ചക്കിലിട്ട് കുഴച്ചാലും മണ്ണിലിട്ടു മൂടിയാലും ചിതയൊരുക്കി കത്തിച്ചാലും സംഭവം ശവത്തെ ഒഴിവാക്കലാണ്. ഞാനും നീയും ഇല്ലാത്ത ശവത്തെ. ജീർണിച്ചു ദുർഗന്ധം വമിക്കുന്നത് ഒഴിവാക്കാൻ.

പിതാവായാലും ഭാര്യയായാലും കാമുകിയായാലും സുന്ദരിയായാലും ഗുരുവായാലും ഇതല്ലാതെ ജീർണിക്കുന്നതും ദുർഗന്ധം വമിക്കുന്നതും ഒഴിവാക്കാൻ മറ്റൊരു വഴി ജീവിച്ചിരിക്കുന്നവർക്കിടയിൽ ഇല്ല.  അതൊന്നും ഒരു വലിയ വിശ്വാസ കാര്യങ്ങൾ ഒന്നും അല്ല. അതിലൊന്നും അല്ല ആത്മീയതയും സത്യവും ദർശിക്കേണ്ടത്.

ദൈവം മാത്രമുള്ളിടത്തു എല്ലാം ദൈവം തന്നെ ആയിത്തീരുന്നു പ്രക്രിയയെ ഉള്ളൂ. അത് കൊണ്ടാണ് അതുമായി ഭയത്തെ കോർത്തിണക്കുന്ന ചില മതപുരോഹിതന്മാരുടെ നിലപാടിലെ അർത്ഥമില്ലായ്മയെ പോസ്റ്റിലൂടെ ഒന്ന് വ്യക്തമാക്കാൻ ശ്രമിച്ചത്. അങ്ങനെ മതത്തെ വളർത്തുന്ന രീതിയെ. ദൈവവുമായി ഒരു ബന്ധവുമില്ലാത്ത മതങ്ങളെ.

മരിച്ചാലും താൻ ബാക്കിയുണ്ടെന്ന് വിചാരിച്ചു ഖബറിൽ ഒറ്റക്കാവുന്നതും പറഞ്ഞു പേടിക്കുന്ന പാവങ്ങളെയും വൃദ്ധന്മാരെയും കാണുമ്പോൾ അങ്ങിനെയൊക്കെ പോസ്റ്റ് ഇട്ടും പോവും, പറഞ്ഞു പോവും. അതിനെ വെച്ച് മാത്രം പുരോഹിതന്മാരും പണ്ഡിതന്മാരും ആയ നേതാക്കൾ മതത്തെ മാർക്കറ്റ് ചെയ്യുന്നതു കാണുമ്പോഴും.