നിങ്ങളുടെ വീട്ടിൽ ഒരാൾ കടന്നുവന്നു കുടിയേറി താമസിക്കുന്നു.
അല്ലെങ്കിൽ ആരൊക്കെയോ ഒരാളെ അവിടെ നിങ്ങളുടെ വീട്ടിൽ കൊണ്ടുവന്ന് കുടിയേറ്റിക്കുന്നു, താമസിപ്പിക്കുന്നു.
കുടിയേറി നിങ്ങളുടെ വീട്ടിൽ താമസിക്കുന്ന അയാൾ നിങ്ങളോട് കൊടിയ അക്രമങ്ങളും ക്രൂരതകളും കാണിക്കുന്നു.
നിങ്ങൾ നിങ്ങളുടെ വീട് ഒഴിഞ്ഞുപോകണം എന്നും ആ വീട് മുഴുവൻ അയാളുടേതാണ് എന്നും അയാൾ ഏകപക്ഷീയമായി അവകാശവാദം ഉന്നയിക്കുന്നു, അയാളെ അവിടെ കൊണ്ടുവന്നാക്കി താമസിപ്പിച്ചവരുടെ പിന്തുണയോടെ :
അങ്ങനെ അയാൾ ഏകപക്ഷീയമായി കൊണ്ടുവന്നാക്കി താമസിപ്പിച്ചവരുടെ പിന്തുണയോടെ കൊടിയ അക്രമങ്ങളും ക്രൂരതകളും നിങ്ങളോട് കാണിക്കുമ്പോഴും ഏകപക്ഷീയമായി ഉടമസ്ഥതയുടെ അവകാശവാദം ഉന്നയിക്കുമ്പോഴും:
കണ്ടുനിൽക്കുന്ന ഞാൻ ചെയ്യേണ്ടത് എന്താണ്?
കയറിവന്ന് നിങ്ങളെ ആക്രമിച്ച് പുറത്താക്കാൻ ശ്രമിക്കുന്നവനും നിങ്ങൾക്കും ഇടയിൽ ഞാൻ നിഷ്പക്ഷത പാലിക്കുന്നു എന്ന് പറയുകയോ?
രണ്ടാൾക്കും ഒരേ അവകാശം എന്ന് പറഞ്ഞ് നിഷ്പക്ഷനാണ് എന്ന നാട്യം സൂക്ഷിച്ച് മാന്യത അഭിനയിച്ച് (ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാൽ എനിക്കെന്ത് എന്ന മട്ടിൽ) നോക്കിയിരിക്കുകായോ?
അങ്ങനെ ഞാൻ നിഷ്പക്ഷനാകുന്നതിനേക്കാൾ വലിയ ക്രൂരതയും കാപട്യവും ക്രൂരവിനോദവും ഉണ്ടാവുമോ?
അവിടെ യഥാർത്ഥത്തിൽ എന്റെ നിലപാട് കൃത്യമായും വ്യക്തമായും നിങ്ങൾക്ക് അനുകൂലമായിരിക്കയല്ലേ യഥാർത്ഥത്തിൽ, സത്യസന്ധതയും മനസ്സാക്ഷിയും അശേഷം ബാക്കിയുണ്ടെങ്കിൽ വേണ്ടത്?
കയറിവന്ന ആൾ ഒഴിഞ്ഞുപോകണം, അയാൾ അക്രമം നിർത്തണം എന്ന് തന്നെയായിരിക്കേണ്ടതില്ലേ എന്റെ നിലപാട് ?
കയറിവന്ന് കുടിയേറിയ ആൾക്കെതിരെ എനിക്കുണ്ടാവേണ്ട കാരണങ്ങൾ / ന്യായങ്ങൾ:
ഒന്ന് :
അയാൾ കയറിവന്നവനാണ്.
രണ്ട് :
അയാളെ ആരൊക്കെയോ അവരുടെ നിക്ഷിപ്ത താൽപര്യം വെച്ച് നിങ്ങളുടെ വീട്ടിൽ കയറ്റിക്കൊണ്ടുവന്നതാണ്.
മൂന്ന് :
അയാൾക്ക് തിരിച്ചുപോകാൻ അയാളുടെ തന്നെയായ വേറെ വീടും സ്ഥലവുമുണ്ട്.
സ്വന്തം വീട്ടിൽ കയറിവന്നവനാൽ ആക്രമിക്കപ്പെടുന്ന, സ്വന്തം വീട്ടിൽ നിന്ന് കയറിവന്നവനാൽ കുടിയിറക്കപ്പെടുന്ന നിങ്ങൾക്ക് അനുകൂലമായ എനിക്ക് ഉണ്ടാവേണ്ട ന്യായങ്ങൾ / കാരണങ്ങൾ.
ഒന്ന്:
നിങ്ങൾ കയറിവന്നവനല്ല.
രണ്ട്:
നിങ്ങളെ ആരും കയറ്റിക്കൊണ്ട് വന്നതല്ല.
മൂന്ന്:
നിങ്ങൾക്ക് പോകാൻ നിങ്ങളുടേതായ വേറെ വീടോ സ്ഥലമോ ഇല്ല.
******
കയറിവന്ന് കുടിയേറിയ അയാളെ ആരൊക്കെയോ ചരിത്രത്തിൽ ഉപദ്രവിച്ചവരുണ്ട്.
പക്ഷേ അത് നിങ്ങളോ നിങ്ങളുമായി ബന്ധപ്പെട്ടവരോ അല്ല.
അയാളെ നിങ്ങളുടെ വീട്ടിൽ കൊണ്ടുവന്ന് കുടിയേറ്റി താമസിപ്പിച്ചവർ തന്നെയാണത് .
അയാളെ നിങ്ങളുടെ വീട്ടിൽ കുടിയേറ്റി താമസിപ്പിക്കാൻ അവർ അയാളോട് ചെയ്ത ക്രൂരതകളും പാപങ്ങളും ന്യായമല്ല.
അങ്ങനെ അയാളെ ചരിത്രത്തിലുടനീളം ഉപദ്രവിച്ചവരുടെ കുറ്റബോധം തീർക്കാൻ പ്രായശ്ചിത്തം ചെയ്യേണ്ടത്;
ഒന്ന് : അയാളെ നിങ്ങളുടെ മേൽ കെട്ടിയേല്പിച്ചുകൊണ്ടല്ല.
രണ്ട് : അയാളെക്കൊണ്ട് നിങ്ങൾക്കെതിരെ ക്രൂരമായ ആക്രമങ്ങൾ നടത്തിച്ചുകൊണ്ടല്ല.
മൂന്ന് : അയാൾക്ക് എന്തക്രമങ്ങളും നിങ്ങൾക്കെതിരെ ചെയ്യാൻ അനുവാദം നൽകിക്കൊണ്ടല്ല.
No comments:
Post a Comment