കുഴഞ്ഞ മണ്ണിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചു എന്ന് പറഞ്ഞാൽ സാധാരണഗതിയിൽ എന്ത് മനസ്സിലാക്കണം?
മനുഷ്യൻ മനുഷ്യനായിത്തീർന്ന നീണ്ട പരിണാമപ്രക്രിയ തന്നെയായ സൃഷ്ടിപ്രക്രിയയെ ചുരുക്കിപ്പറഞ്ഞു.
അനാവരണം ചെയ്ത് പഠിച്ചാൽ, മണ്ണിൽ നിന്ന് മനുഷ്യനിലേക്കുള്ള ദൂരം പരിണാമവഴിയായി ഉണ്ടാവും എന്നർത്ഥം.
എല്ലാ മനുഷ്യരെയും വകതിരിവും വിഭജനവും ഇല്ലാത്തവിധം ഒന്നുപോലെയാക്കിപ്പറഞ്ഞു.
പെരുമ്പറ കോട്ടാനും പൊങ്ങച്ചം പറയാനും ഇല്ലാത്തവിധം മനുഷ്യസങ്കല്പത്തെ താഴോട്ടിറക്കിപ്പറഞ്ഞു.
മനുഷ്യനെ മണ്ണും ഭൂമിയും എന്ന അടിസ്ഥനത്തിലേക്കും അടിസ്ഥാനയാഥാർത്ഥ്യത്തിലേക്കും വളച്ചുകെട്ടും പൊലിമയും ചേർക്കാതെ കൂട്ടിപ്പറഞ്ഞു.
ഖുർആൻ പ്രയോഗിച്ചത് കുഴഞ്ഞ മണ്ണിൽ നിന്ന് സൃഷ്ടിച്ചു എന്നാണ്.
അല്ലാതെ മണ്ണുകൊണ്ട് അപ്പടി രൂപപ്പെടുത്തി സൃഷ്ടിച്ചു എന്നല്ല.
മണ്ണ് കൊണ്ട് ചട്ടിയും കലവും ഇഷ്ടികയും ഉണ്ടാക്കിയെടുക്കുന്നത് പോലെ മനുഷ്യനെയും അപ്പടി ഉണ്ടാക്കിയെടുത്തു എന്നല്ല.
അങ്ങനെയെങ്കിൽ ഇന്ന് നാം വെറുതേ വ്യാഖ്യാനിച്ച് പറയുന്നത് മത്രമല്ലാത്ത, മനുഷ്യനെ മണ്ണ് കൊണ്ട് ചട്ടിയും കലവും ഇഷ്ടികയും പോലെ ഉണ്ടാക്കിയെടുത്തതല്ല എന്ന് പറയുന്ന ഖുർആൻ വാക്യങ്ങളുണ്ടോ?
നാം ഇന്ന് പറയുന്നത് പോലുള്ള പരിണാമപ്രക്രിയയോ മറ്റെന്തോ, നമ്മെ സംബന്ധിച്ചേടത്തോളം വളരെ നീണ്ടതെന്ന് തോന്നുന്ന ഒരു സൃഷ്ടിപ്രക്രിയ, മനുഷ്യസൃഷ്ടിക്കും പ്രപഞ്ചസൃഷ്ടിക്കും പിന്നിൽ യഥാർത്ഥത്തിലുണ്ട് എന്ന വല്ല സൂചനയും അർത്ഥവും സാധ്യതയും യഥാർത്ഥത്തിൽ ഖുർആനികമായുണ്ടോ?
ഉണ്ട് എന്ന് വേണം പറയാൻ.
ഖുർആൻ തന്നെ വേറൊരു കോലത്തിൽ പറയുന്നത് കാണുക.
"നിങ്ങളെ നാം ഭൂമിയിൽ നിന്ന് സസ്യങ്ങളായി മുളപ്പിച്ചു" (ഖുർആൻ).
ഒരുപക്ഷേ നീണ്ടുനീണ്ട പരിണാമപ്രക്രിയയെ തന്നെ സൃഷ്ടിപ്രക്രിയയായി സൂചിപ്പിക്കും പോലെയാണ് ഖുർആൻ്റെ ഈ പറച്ചിൽ.
സൃഷ്ടിപ്രക്രിയയിൽ പരിണാമവഴികളും ഉണ്ടെന്ന സൂചന നൽകുന്നത് പോലെ.
സൃഷ്ടിയുടെ വഴി പരിണാമത്തിൻ്റെ കൂടി വഴിയാണെന്ന് സൂചിപ്പിക്കും വിധം ആ പരിണാമവഴികൾ ഭൂമിയിൽ ചുറ്റിനടന്നു മനസ്സിലാക്കാൻ ഖുർആൻ കൽപിക്കുന്നുമുണ്ട്.
"നിങൾ ഭൂമിയിൽ യാത്ര ചെയ്യുക (ചുറ്റിനടക്കുക), എന്നിട്ട് അല്ലാഹു സൃഷ്ടി എങ്ങിനെ തുടങ്ങിയെന്നും വീണ്ടും ആ സൃഷ്ടിപ്രക്രിയ ആവർത്തിക്കുന്നത് എങ്ങിനെയെന്നും നോക്കിക്കാണുക." ( ഖുർആൻ)
മനുഷ്യൻ ഭൂമിയിൽ ചുറ്റിനടന്ന് അന്വേഷിച്ചാൽ കണ്ടെത്താവുന്ന സൃഷ്ടി - പരിണാമ വഴിയുണ്ട് എന്നർത്ഥം.
അറിയണം, സൃഷ്ടിയുടെ വഴി അന്വേഷിച്ച് ചുറ്റിനടക്കാനും യാത്രചെയ്യാനും ഓരോരുത്തരോടും വ്യക്തിപരമായെന്ന പോലെ ഉള്ള ഒരു കല്പന മറ്റൊരു കാര്യത്തിലും ഖുർആനിൽ എവിടെയും ഇല്ല.
മനുഷ്യൻ്റെ മാത്രം സൃഷ്ടിയുടെ വഴിയല്ല; പകരം പ്രാപഞ്ചികതയുടെ മൊത്തം സൃഷ്ടിവഴിയും, പരിണാമവഴിയും കൂടിയാണ് ഭൂമിയിൽ ചുറ്റിനടന്നു മനസ്സിലാക്കാൻ പറഞ്ഞിരിക്കുന്നത്.
ഭൂമിയിൽ ചുറ്റിനടന്നു നോക്കിയാൽ മനുഷ്യന് അവൻ്റെ നഗ്നനേത്രങ്ങൾ കൊണ്ട് മനസ്സിലാവുന്ന കോലത്തിലുള്ള ഒരു സൃഷ്ടിപ്രക്രിയയും പരിണാമവഴിയും ഉണ്ടെന്നർത്ഥം.
അഥവാ അത്തരത്തിലുള്ള ഒരു പരിണാമപ്രക്രിയ മൊത്തം സൃഷ്ടിക്കുമുണ്ടാവാമെന്നർത്ഥം.
മനുഷ്യൻ എങ്ങനെ ഉണ്ടായി, വന്നു എന്നത് സംബന്ധിച്ച ഡാർവിൻ്റെ കണ്ടെത്തൽ മുഴുവനും ശരിയാണോ എന്നറിയില്ല.
പക്ഷേ, ഡാർവിൻ അറിയാതെയോ അറിഞ്ഞോ ചെയ്തത് ഖുർആൻ ഈ ആവശ്യപ്പെട്ടത് മാത്രം.
ഭൂമിയിൽ ചുറ്റിനടന്നു കാഴ്ചകൾ കണ്ട് വീക്ഷിച്ച് നിഗമനങ്ങൾ ഉണ്ടാക്കി സൃഷ്ടിയുടെ വഴി പരിണാമത്തിൻ്റെ വഴി കൂടിയാണെന്ന് ഡാർവിൻ മനസ്സിലാക്കി.
അഥവാ, സൃഷ്ടി എന്നതുണ്ടെന്ന് മനസ്സിലാക്കാത്ത ഡാർവിൻ പരിണാമവഴികൾ മാത്രം കണ്ടെത്തി.
ശവം ഖബറക്കുമ്പോൾ ശവശരീരത്തിൽ മണ്ണെറിഞ്ഞുകൊണ്ട് മുസ്ലിംകൾ പറയുന്ന അവസാന വാചകവും മേൽപറഞ്ഞതിന് തുല്യമാണ്.
"നിങ്ങളെ അതിൽ നിന്ന് (മണ്ണിൽ നിന്ന്) നാം സൃഷ്ടിച്ചു, നിങ്ങളെ അതിലേക്ക് തന്നെ (മണ്ണിലേക്ക് തന്നെ) നാം മടക്കുന്നു (ലയിപ്പിക്കുന്നു), വീണ്ടും അതിൽ നിന്ന് തന്നെ (മണ്ണിൽ നിന്നുതന്നെ) നാം നിങ്ങളെ പുറത്തെടുക്കും (പുനർജനിപ്പിക്കും)" എന്ന്.
ഭൂമിയിൽ നിന്ന് ജീവിതം, ഭൂമിയിലേക്ക് തന്നെ ജീവിതം, വീണ്ടും ഭൂമിയിൽ നിന്ന് തന്നെ ജീവതം.
ജീവിതം മാറി മാറി ആവർത്തിക്കും എന്നർത്ഥം.
അപ്പോൾ ആറ് ദിവസം കൊണ്ട് സൃഷ്ടിച്ചു എന്ന വാദമോ?
ഏഴാം ദിവസം ദൈവം വിശ്രമിച്ചു എന്ന് പറഞ്ഞു കേൾക്കുന്നതോ?
ആദ്യം തന്നെ പറയട്ടെ, ഏഴാം ദിവസം അല്ലാഹു (ദൈവം) വിശ്രമിച്ചു എന്ന വാദം ഖുർആനിലോ ഇസ്‌ലാമിലോ ഇല്ല.
പകരം അല്ലാഹു (ദൈവം) വിശ്രമിച്ചു എന്ന വാദം അപ്പടി നിഷേധിക്കുന്ന വാദം ഖുർആൻ അർത്ഥശങ്കക്കിടയില്ലാത്തവിധം പറഞ്ഞിട്ടുമുണ്ട്.
"അവന് ഉറക്കമോ ക്ഷീണമോ ബാധിക്കുന്നില്ല." (ഖുർആൻ).
ഉറക്കവും ക്ഷീണവും വിശ്രമവും എന്തിനധികം ദിവസം, ആഴ്ച, മാസം, വർഷം എന്നത് പോലും നമ്മുടെ ആപേക്ഷികലോകത്തെ മാനങ്ങൾ വെച്ചുള്ള കാര്യങ്ങൾ മാത്രമാണ്.
അതുകൊണ്ട് തന്നെ ആപേക്ഷിക ലോകത്തെ ആളുകൾക്ക് മനസ്സിലാക്കാൻ അവരുപയോഗിക്കുന്ന ബിംബങ്ങൾ ഭാഷയിൽ ഉപയോഗിച്ചത് പോലെ മാത്രമാണ് ദിവസങ്ങളും എണ്ണങ്ങകളും പറഞ്ഞെങ്കിൽ അർത്ഥമാക്കേണ്ടതുള്ളൂ.
ഇതും വെറുതേ വ്യാഖ്യാനിച്ച് പറയുകയല്ല
ദൈവത്തിൻ്റെ ഒരു ദിവസം എന്നത് സൂര്യാസ്തമയങ്ങളുള്ള മനുഷ്യൻ്റെ ഒരു ദിവസമായല്ല ഖുർആൻ അവതരിപ്പിച്ചത്.
എന്നത് ഖുർആൻ തന്നെ വ്യക്തമാക്കി പറഞ്ഞിട്ടുണ്ട്.
അത് മനുഷ്യൻ്റെ അളവുകോലുകൾ വെച്ചുള്ള ദിവസമല്ല, എണ്ണമല്ല.
അതുകൊണ്ട് തന്നെ എണ്ണാൻ കഴിയാത്തത്ര എന്ന് സൂചിപ്പിക്കും വിധം ഖുർആൻ പറഞ്ഞു: അല്ലാഹുവിൻ്റെ ഒരു ദിവസം എന്നത് "അമ്പതിനായിരം വർഷങ്ങൾക്ക് തുല്യമെന്ന്".
ഈ അമ്പതിനായിരം എന്നത് പോലും ഒരു സമൂഹം കാക്കത്തൊള്ളായിരം എന്നൊക്കെ പറയും പോലെ എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കാത്തത്ര എന്ന അർത്ഥത്തിൽ മാത്രം.
വേറൊരിടത്ത് ഖുർആൻ പറഞ്ഞത് കാണുക:
"വിധിനിർണ്ണയത്തിൻ്റെ രാവ് ആയിരം രാവുകളെക്കാൾ ഉത്തമായത്" (ഖുർആൻ).
ഈ ആയിരം എന്ന പ്രയോഗവും ആയിരം എന്ന എണ്ണ ത്തെ സൂചിപ്പിക്കുന്നതല്ല.
പകരം കാക്കത്തൊള്ളായിരം പോലെ ഒരേറെ എന്ന് മാത്രം സൂചിപ്പിക്കാൻ.
*******
കുഴഞ്ഞ മണ്ണിൽ നിന്നും സൃഷ്ടിച്ചു എന്ന് പറയുമ്പോൾ, കാണാപ്പുറങ്ങളെയും വെറും കാല്പനിക സങ്കല്പങ്ങളെയും മാറ്റിവെച്ച് മനുഷ്യനെ തീർത്തും ഭൂമിയിലും മണ്ണിലും ചേർത്തുവെച്ചു എന്ന് കൂടി മനസ്സിലാക്കണം.
കുഴഞ്ഞ മണ്ണെന്നാൽ വെളളവും കൂടി ചേർന്ന, നനവുള്ള മണ്ണ് എന്നുകൂടി അർത്ഥം.
മനുഷ്യൻ വെള്ളത്തിൽ നിന്നുകൂടിയാണ് എന്നർത്ഥം.
മനുഷ്യൻ മണ്ണും വെളളവും കൂടിയാണ് എന്നർത്ഥം.
ജീവനുള്ള എല്ലാറ്റിനെയും നാം വെള്ളത്തിൽ നിന്ന് സൃഷ്ടിച്ചു (ഖുർആൻ) എന്നും ഖുർആൻ അർത്ഥശങ്കക്ക് ഇടയില്ലാത്ത വിധം പറഞ്ഞു.
എന്നിട്ടോ, മണ്ണിലും വെള്ളത്തിലും മാത്രമായി മനുഷ്യൻ്റെ സൃഷ്ടിയെ ചുരുക്കിയില്ല.
"നാം അതിലേക്ക് നമ്മിൽ നിന്നുള്ള (അല്ലാഹുവിൻ്റെ) ചൈതന്യത്തെ (പ്രാണവായു) ഊതി (സന്നിവേശിപ്പിച്ചു)". ((ഖുർആൻ)
മനുഷ്യനെയും മനുഷ്യജീവിതത്തെയും മണ്ണും വെള്ളവുമായി ബന്ധപ്പെടുത്തിക്കണ്ടു എന്നും മണ്ണിൽ നിന്നും വെള്ളത്തിൽ നിന്നുമാണ് മനുഷ്യനും മനുഷ്യനുമായി ബന്ധപ്പെട്ട ജീവിതവും സകലതും ഉരുത്തിരിഞ്ഞത് എന്നും സൂചിപ്പിക്കാനുള്ള പ്രതീകാത്മക പറച്ചിലായി മാത്രം കുഴഞ്ഞമണ്ണിൽ നിന്നും മനുഷ്യനെ സൃഷ്ടിച്ചു എന്നതിനെ കാണണം.
അല്ലാതെ നാം ചട്ടിയും കലവും ഉണ്ടാക്കുന്നത് പോലെ മനുഷ്യനെ മണ്ണ് മാത്രം കുഴച്ചുണ്ടാക്കി എന്ന കോലത്തിൽ ഖുർആനിൽ എവിടെയും പറഞ്ഞിട്ടില്ല.
മണ്ണും വെളളവും ചേർന്ന് ക്രമപ്രവൃദ്ധമായി പരിണമിച്ച് വളർന്നവൻ മനുഷ്യൻ എന്നർത്ഥം.
മണ്ണും വെളളവും വിണ്ണും വെളിച്ചവും വിട്ട് എന്ത് മനുഷ്യൻ?
മണ്ണും വെളളവും വിണ്ണും വെളിച്ചവും വിട്ട് മനുഷ്യനെന്ത് ജിവിതം?
വിണ്ണും വെളിച്ചവും മനുഷ്യ സൃഷ്ടിയിൽ ഉള്ളതായി ഖുർആനിൽ ഇല്ലല്ലോ?
ദൈവത്തിൻ്റെ ചൈതന്യം മനുഷ്യനിൽ സന്നിവേശിപ്പിച്ചു എന്ന് പറഞ്ഞാൽ വിണ്ണും വെളിച്ചവും കൊണ്ടുകൂടി എന്ന അർത്ഥം സ്വാഭാവികമായും വരും.
അല്ലാഹുവേ വിശേഷിപ്പിച്ചത് ഖുർആൻ അങ്ങനെയാണ്.
"അല്ലാഹു ആകാശങ്ങളിലെയും ഭൂമിയിലെയും വെളിച്ചമാണ്" (ഖുർആൻ)
വെളിച്ചമെന്നാൽ വേഗതയുടെ അങ്ങേയറ്റം.
വെളിച്ചമെന്നാൽ മണ്ണും വിണ്ണുമായി ഒരുപോലെ നിറഞ്ഞു നിൽക്കുന്നതും എന്നർത്ഥം.
അതുകൊണ്ട് തന്നെ വെള്ളത്തിൽ നിന്നും കുഴഞ്ഞ മണ്ണിൽ നിന്നും സസ്യങ്ങളായും ഒക്കെ പരിണമിപ്പിച്ച് സൃഷ്ടിച്ചു എന്ന് പല കോലത്തിൽ പറഞ്ഞ അതേ ഖുർആൻ തന്നെ വേറൊന്ന് കൂടി അർഥശങ്കക്കിട നൽകാത്തവിധം പറഞ്ഞു.
"മനുഷ്യൻ വേഗതയിൽ നിന്ന് സൃഷ്ടിക്കപ്പെട്ടു." (ഖുർആൻ).
വേഗതയിൽ നിന്ന് സൃഷ്ടിക്കപ്പെട്ട, വെളിച്ചം സന്നിവിഷിക്കപ്പെട്ട, മണ്ണ് മാത്രമായ, മണ്ണിലേക്ക് തന്നെ മണ്ണായി മാറുന്ന മനുഷ്യൻ അവൻ്റെ പരിണാമ വളർച്ചയിൽ ആകെമൊത്തം പുരോഗതിയായി കൂട്ടിയെടുത്തത് വെളിച്ചവും വേഗതയും തന്നെ.
വെളിച്ചവും വേഗതയും മൂലമുണ്ടായ, വെളിച്ചത്തിനും വേഗതക്കും വേണ്ടിയുണ്ടായ പുരോഗതികളും വളർച്ചയും തന്നെ.
No comments:
Post a Comment