Sunday, February 23, 2025

ആര്, എന്ത് മറുപടി നൽകിയാലും ലൈക്ക് നൽകുന്നതിന്റ അർത്ഥം മനസ്സിലാവുന്നില്ല?

ചോദ്യം:

ആര്, എന്ത് മറുപടി നൽകിയാലും നിങൾ ലൈക്ക് നൽകുന്നതിന്റ അർഥം മനസ്സിലാവുന്നില്ല? 

Followersനെ ആക്റ്റീവാക്കി നിർത്താൻ ആണോ?

മറുപടി: 

പ്രതിപക്ഷ ബഹുമാനം.

ചർച്ചയിൽ പങ്കെടുക്കുന്നവരെ മാനിക്കുക, കണ്ടു, വായിച്ചു എന്നറിയിക്കുക. 

തികച്ചും ജനാധിപത്യപരമായ മര്യാദ.

ഇത്തരം ലൈക്ക് നൽകുന്ന കാര്യത്തിൽ വരെ പിശുക്ക് കാണിക്കാൻ മാത്രം എന്തിരിക്കുന്നു?

പിശുക്കനും പിശാചും പിശുക്ക് മാത്രം ഉപദേശിക്കും.

അവരവർ സ്വയം അനുവർത്തിക്കുന്നതും കരുതുന്നതും മറ്റുള്ളവരുടെ മേൽ ആരോപിച്ചുപോവുകയും സംശയിച്ചുപോവുകയും വളരെ സാധാരണം, സ്വാഭാവികം. 

അതുകൊണ്ട് തന്നെ താങ്കൾക്ക് ഇങ്ങനെ തോന്നേണ്ടിയും ചോദിക്കേണ്ടിയും വന്നതിൽ താങ്കളെ കുറ്റപ്പെടുത്താൻ പറ്റില്ല.

പിന്നെ ഒരുകാര്യം പ്രത്യേകം ഉണർത്തട്ടെ.

ആരെങ്കിലും എതിർത്തുപറഞ്ഞത് കൊണ്ട് തെറിക്കുന്ന മൂക്ക് ഇല്ല. അതിനാൽ എതിരഭിപ്രായങ്ങളെ പേടിയും ഇല്ല.

അഭിപ്രായങ്ങൾ എതിരാണെങ്കിലും അതിനെ മാനിക്കണം, മാനിക്കും.

എതിരഭിപ്രായങ്ങളിലും സ്വന്തം അഭിപ്രായങ്ങളെ സ്വാധീനിക്കേണ്ട, ശക്തിപ്പെടുത്തേണ്ട പലതും ഉണ്ടെന്ന് മനസ്സിലാക്കുന്നു. 

നമ്മുടേതല്ലാത്ത അവസ്ഥയിൽ നിന്നും ദിശയിൽ നിന്നുമുള്ള അഭിപ്രായങ്ങളാണ് പലപ്പോഴും എതിരഭിപ്രായങ്ങളായി വരുന്നത്.

അതുകൊണ്ട് തന്നെ അവ നമ്മുടേത് പോലെ തന്നെയായ അഭിപ്രായങ്ങളാണ്.

നമ്മൾ നമ്മെ മാനിക്കുന്നുണ്ടെങ്കിൽ മറ്റുള്ളവരെയും മാനിക്കും. 

നമ്മൾ മറ്റുള്ളവരെ മാനിക്കുന്നുണ്ടെങ്കിൽ മാത്രമേ നമ്മളെ തന്നെയും മാനിക്കുന്നുള്ളൂ.

മാത്രമല്ല, പലപ്പോഴും നമ്മുടേതും നമ്മളെ എതിർത്തവരുടേതും കൂടിച്ചേർന്നാണ് പുതിയ വഴികളും അഭിപ്രായങ്ങളും തെളിയുക, ഉണ്ടാവുക..

പിന്നെ ജനങ്ങളുടെ മുന്നിൽ അഭിനയിച്ച് മാത്രം നടക്കുന്നവർക്കും, അവരുടെ ബഹുമാനത്തിന് വേണ്ടി മാത്രം കാത്തുനിൽക്കുന്നവർക്കും നിങ്ങൾക്ക് തോന്നുന്നത് തോന്നാം. 

പക്ഷെ അങ്ങനെ തോന്നി ഇങ്ങനെ പറയുന്ന അഭിപ്രായത്തെയും മാനിക്കും, അതിനും ലൈക്ക് കൊടുക്കും.

ആരോടുമുളള ഏതെങ്കിലും തരത്തിലുള്ള വിരോധം അവരോട് അനീതി ചെയ്യാൻ പ്രേരിപ്പിക്കാതിരിക്കാൻ ജാഗ്രത പുലർത്തും.

*******

കൂടെ വേറൊരു കാര്യം കൂടി പറയട്ടെ.

പലരും ജനാധിപത്യത്തെ, ആ വഴിയിൽ കിട്ടുന്ന സ്വീകാര്യതയെ അധികാരം കിട്ടാൻ മാത്രം ഉപയോഗപ്പെടുത്തും. 

അധികാരം പൂർണമായും കിട്ടിയാൽ തങ്ങളെ അധികാരത്തിൽ കയറ്റിയ കോണിപ്പടിയായ അതേ ജനാധിപത്യത്തെ തല്ലിത്തകർക്കും, ഇല്ലാതാക്കും.

ഇന്ത്യ ഭരിക്കുന്ന പാർട്ടിയെ വരെ നോക്കൂ. 

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയാണ് എന്ന വാദമുള്ള പാർട്ടിയാണ്.

എന്നിട്ടും എതിരഭിപ്രായങ്ങളെ പേടിക്കുന്നു, തമസ്കരിക്കുന്നു, 

എതിരഭിപ്രായങ്ങൾ തങ്ങളുടെ അണികളുടെ മുൻപിൽ എത്തുന്നില്ല, പ്രകാശിപ്പിക്കപ്പെടുന്നില്ല എന്നവർ ഉറപ്പ് വരുത്തുന്നു. 

അവരുടെ ഒരു എഫ്ബി ഗ്രൂപ്പ് എതിരഭിപ്രായം അതിനുള്ളിൽ വരാതിരിക്കാൻ ഈയുള്ളവനെ ബ്ലോക്ക് ചെയ്യുന്നു. 

ജനാധിപത്യമെന്നാൽ വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞും കോർത്തും ഉണ്ടാവുന്നതാണ് എന്നതവർക്ക് വിഷയമല്ല.

No comments: