Thursday, May 2, 2024

വൃദ്ധന്മാരുടെ മരണം പല വീടുകളിലും ആശ്വാസം, ആഘോഷം.

ആകാശം ബാക്കി വെച്ച് ഉദയസൂര്യനും മദ്ധ്യാഹ്നസൂര്യനും പൊലിഞ്ഞുപോകുക. 

ഊഹിക്കാനാവാത്തത്. 

കുട്ടികളുടെയും യുവാക്കളുടെയും മരണം. 

ആകാശം ബാക്കിയില്ലാത്ത അസ്തമയ സൂര്യൻ പൊലിഞ്ഞു പോകുക. 

സാധാരണം. 

സ്വാഭാവികം. 

വൃദ്ധന്മാരുടെ മരണം.

********

"പാവം. നല്ല ആൾ. ആരേയും ബുദ്ധിമുട്ടിക്കാതെ മരിച്ചു "

എന്താണ് ഈ പറച്ചിലിൻ്റെ അർത്ഥം?

മടിക്കാതെ ജീവിച്ചിരുന്നെങ്കിൽ, ജീവിക്കുമ്മായിരുന്നുവെങ്കിൽ പലർക്കും ബുദ്ധിമുട്ടാണെന്ന്.

ദീർഘമായി, രോഗിയായി, കിടപ്പിലായി ജീവിക്കുന്ന പലരും പലർക്കും ബുദ്ധിമുട്ടാണെന്ന്, ബുദ്ധിമുട്ടാകുമെന്ന്. 

മരിച്ചവനെ ശുശ്രൂഷിക്കേണ്ടി വരുന്നവരുടെ ഉള്ളിലിരിപ്പ് മരിച്ചവൻ്റെ പുണ്യമായി അവതരിപ്പിക്കുന്നു ഇങ്ങനെ പറഞ്ഞുകൊണ്ട് എന്ന് മാത്രം.

"പാവം കിടന്ന് നരകിക്കാതിരുന്നാൽ മതിയായിരുന്നു."

"നല്ലത് എന്താണോ അതയാൾക്ക് സംഭവിക്കട്ടെ. മരണമാണെങ്കിൽ മരണം." 

"അല്ലെങ്കിലും ഇങ്ങനെ ജീവിച്ചിട്ട് അയാൾക്ക് തന്നെ എന്ത് കാര്യം? വേറെന്തു പറയാനാണ്?" 

ഇങ്ങനെയൊക്കെ പറയുന്നതിൻ്റെയും അർത്ഥം എന്താണ്?

പറയുന്ന ആളുകളുടെ മടുപ്പും മുഷിപ്പും കൂടിയാണിത്. 

മറ്റേ ആൾ മരിക്കണം മരിക്കുന്നതാണ് നല്ലതെന്ന് സൂചിപ്പിക്കാതെ സൂചിപ്പിക്കുക. അതാണിത്.

അവരുടെ മടുപ്പും മുഷിപ്പും മറച്ചുവെക്കുന്ന പറച്ചിൽ കൂടിയാണിത്.

*******

ഒരിക്കലും അങ്ങനെയല്ലെന്നൊക്കെ പറയാം.

ഏതൊക്കെയോ ചിലർക്ക് അങ്ങനെ അല്ലെന്നും ഇല്ലെന്നും പറയാം. 

പക്ഷേ ചിലർക്ക് മാത്രം. 

അതും ഗ്യാലറിയിൽ നിന്ന് കൊണ്ട്. 

യഥാർഥത്തിൽ കിടപ്പിലായ വൃദ്ധന്മാർ, രോഗികൾ, കിടപ്പിലാവണം എന്നുതന്നെ നിർബന്ധമില്ല,  ആരെങ്കിലും വീട്ടിൽ സ്ഥിരമായി ഉണ്ടാവുമ്പോൾ സംഗതി മാറും .... 

അപ്പോൾ മുഷിപ്പ് വരും, കണക്കുകൾ വരും...  മടുപ്പ് വരും.

അല്ലെങ്കിൽ പിന്നെ കൃത്രിമമായി ഇൻജക്ട് ചെയ്ത ധാർമ്മികബോധം വെച്ച് കൃത്രിമമായി അഭിനയിച്ച് പറയണം. 

പരലോകവും സ്വർഗ്ഗവും വെച്ച് പേടിപ്പിച്ചും പ്രലോഭിപ്പിച്ചും ഉള്ള ധാർമ്മികബോധം തന്നെ വേണം അങ്ങനെ വരുത്തിത്തീർത്ത് അഭിനയിച്ച് പറയാൻ.

********

പണത്തിനും അപ്പുറം സ്നേഹം, കാരുണ്യം, വാത്സല്യം എന്നീ വികാരങ്ങളൊക്കെ ഉണ്ടാവുമ്പോഴേ ഒരു ശരിയായ മനുഷ്യനാകൂ എന്നൊക്കെ പുറംപൂച്ച് പറയാം. 

അതൊക്കെ ഏതൊക്കെയോ അർത്ഥത്തിൽ പ്രത്യക്ഷത്തിൽ ശരിയുമാണ്... 

മനുഷ്യന് വേണ്ടി മനുഷ്യരിൽ മെച്ചപ്പെട്ടവർ എന്ന് കരുതപ്പെടുന്നവർ അങ്ങനെ മനുഷ്യനെ വല്ലാതെ നിർവ്വചിക്കുമ്പോൾ.... 

പക്ഷേ മനുഷ്യൻ്റെ നിർവ്വചനത്തിൽ വരുന്നവനോ അങ്ങനെ ഉണ്ടായവനോ ജീവിക്കുന്നവനോ അല്ല മനുഷ്യൻ.

മനുഷ്യന് വെറും ജീവിയെന്ന നിലക്കുള്ള വികാരമാണ് പലപ്പോഴും ബാധകമാകുന്നത്. 

അതിജീവനബോധം വല്ലാതെ സൂക്ഷിക്കുന്ന ജീവി ബോധം സൂക്ഷിക്കുന്നവൻ മനുഷ്യൻ.

അതിജീവിച്ചാൽ കാര്യവും ഗുണവുമുള്ള തിനെ കൂടുതൽ ശ്രദ്ധിച്ചുപോകുന്ന മനുഷ്യൻ.

അതിജീവിക്കാൻ കൂടുതൽ യോഗ്യതയും സാധ്യതയുമുള്ളതി നെ ശ്രദ്ധിക്കുന്ന മനുഷ്യൻ.

മറിച്ചുള്ളത് കൃത്രിമമായി സന്നിവേശിപ്പിച്ചിട്ടില്ലെങ്കിൽ മാത്രമായ വികാരം. 

ജീവിയെന്ന നിലക്കുള്ള വികാരം: ഉണങ്ങിയ ഇലകൾ അവഗണിക്കപ്പെടുക, തളിരിലകൾ വളർത്തപ്പെടുക എന്നത് തന്നെയാണ്. 

കാരണം തളിരിലകളുടെ വളർച്ച ജീവിതവൃക്ഷത്തിൻ്റെ കൂടി വളർച്ചയാണ്. 

അതേസമയം ഉണങ്ങിയ ഇലകളെ ശ്രദ്ധിക്കുന്ന, വളർത്തുന്ന ഒരു വൃക്ഷവും ഇല്ല. 

ഉണങ്ങിയ ഇലകളെ ശ്രദ്ധിക്കുന്നത്,  ജീവിതവൃക്ഷത്തിൻ്റെ വളർച്ചക്ക് അനുഗുണവും അല്ല. 

ഉണങ്ങിയ ഇലകളെ വളർത്താൻ സാധിക്കില്ല.

അതുകൊണ്ട് തന്നെ മഹാഭൂരിപക്ഷത്തിലും ബാധകമായി നടക്കുന്ന വസ്തുതയും വാസ്തവവും മറക്കരുതല്ലോ?

*********"

അതുകൊണ്ട് തന്നെ വാസ്തവം പറഞ്ഞാൽ:

വൃദ്ധന്മാരുടെ മരണം പല വീടുകളിലും ഉള്ളിൻ്റെയുള്ളിൽ ആശ്വാസമാണ്, ആഘോഷമാണ്. 

എത്രയെല്ലാം അഭിനയിച്ച് അല്ലെന്ന് വരുത്തിയാലും മിക്കവർക്കും വൃദ്ധന്മാർ 

ഫലം കായ്പിക്കാത്തത്, 

കാതലില്ലാത്തത്, 

ഇനിയും വളരാനില്ലാത്തത്, 

പ്രതീക്ഷ നൽകാത്തത്, 

ഭാരവും ബാധ്യതയുമായത്. 


പ്രത്യേകിച്ചും കിടപ്പിലായവർ. 

അമ്മയായാലും അമ്മമ്മയായാലും അച്ഛനായാലും അച്ചാച്ചനായാലും.

******

അവിടെയാണ് ആർക്കും പിടുത്തം കൊടുക്കാത്ത, ആർക്കും നിന്നുകൊടുക്കാത്ത, ആർക്കും വിട്ടുകൊടുക്കാത്ത വാനപ്രസ്ഥം.

വാനപ്രസ്ഥം: വല്ലാത്ത ധൈര്യവും ഉറപ്പും വേണ്ട വാക്കും പ്രവൃത്തിയും.  

അതിന് മാത്രം ഉറപ്പും ധൈര്യവും ആർക്കും ഇക്കാലത്ത് ഇല്ലെന്ന് വന്നുവോ?

വാനപ്രസ്ഥം: സ്വയം അപ്രസക്തനായി ഒഴിഞ്ഞും മറഞ്ഞും അലിഞ്ഞും ഇല്ലാതാവുന്നത് പ്രക്രിയ. 


No comments: