Monday, November 4, 2024

കർമ്മഫലം: ഉള്ളതും, ഉണ്ടാവുന്നതും, ഉണ്ടായതും ഉണ്ടാക്കിയ എല്ലാ മാറ്റങ്ങളും

പെണ്ണിനെ പെണ്ണാക്കുന്ന ഒന്നും യഥാർത്ഥത്തിൽ ഒരു പെണ്ണിനും ഇഷ്ടമല്ല. 

ആണിനെ ആണാക്കുന്ന ഒന്നും യഥാർത്ഥത്തിൽ ഒരാണിനും ഇഷ്ടമല്ല. 

അതിനാൽ ആവുന്നത്ര മറച്ചുവെക്കുന്നു. 

എന്നിട്ടും ആ ഇഷ്ടമല്ലാത്തതും മറച്ചുവെക്കുന്നതും വെച്ച് തന്നെ പരസ്പരം ആകർഷിക്കുന്നു. 

മറച്ചുവെച്ചത് സൗന്ദര്യമാക്കി ആകർഷിക്കുന്നു.

*******

കർമ്മഫലം? 

ഞാനും നീയും ഉള്ള, 

എന്നിലേക്കും നിന്നിലേക്കും നീളുന്ന, 

നമ്മളിലേക്ക് തന്നെ തിരിച്ചുവരുന്ന

കർമ്മഫലമില്ല. 

കാരണം, 

നമ്മളില്ല. 

ഞാനും നീയും ഇല്ലാത്ത 

ജീവിതമായിത്തീരുന്ന, 

തുടർച്ചയായ ജീവിതത്തിൽ നിഴലിടുന്ന 

കർമ്മഫലം മാത്രം. 

ആ നിലക്ക് എല്ലാം കർമ്മഫലം തന്നെ. 

ഉള്ളതും, ഉണ്ടാവുന്നതും, ഉണ്ടായതും,  

പിന്നെ ഉണ്ടാക്കിയ എല്ലാ മാറ്റങ്ങളും 

കർമ്മഫലം തന്നെ.

ഇന്നിവൾക്ക് 44 വർഷങ്ങൾ തികയുന്ന പിറന്ന നാൾ..

ഇന്ന് 

ഇവൾ പിറന്ന നാൾ.


ഞാനും നീയും 

അവശേഷിക്കാത്ത ലോകത്ത്

പിറന്നവളുടെ പിറന്ന നാൾ.


ഞാനും നീയുമാകാൻ മാത്രം

ജനിച്ചവർക്കിടയിൽ 

ജനിച്ചവളുടെ പിറന്ന നാൾ.


ഇല്ലാത്ത ഞാനും നീയുമായി,  

ഇല്ലാത്ത ഞാനും നീയും മാത്രമായ ജീവിതമായി 

മോട്ടിട്ട് ജനിച്ചിട്ടിവൾക്ക് 

ഇന്ന് 44 വർഷങ്ങൾ തികയുന്ന 

പിറന്ന നാൾ.


പേടിയാണ്, 

പേടിയുണ്ടാക്കുന്ന 

ശ്രദ്ധയും പ്രതിരോധവുമാണ് 

ജീവിതമെന്ന് 

വരച്ചുകാട്ടിത്തന്ന

ഇവളുടെ ജീവിതത്തിന്

ഇന്നേക്ക് 44 വയസ്സ് പ്രായം. 


നിശ്ചയങ്ങളും നിർവചനങ്ങളും 

ഏറെ ഉണ്ടാക്കുന്ന ജീവിതത്തിന്

സ്വയം ഒരു നിശ്ചയവും നിർവചനവും 

ഇല്ലെന്നാണയിട്ട് പറഞ്ഞ 

44 വർഷങ്ങൾക്കും 

സാക്ഷിയായി നിന്നവൾ 

ഇന്ന് തികച്ചത് 44 വയസ്സ്.


ആരൊക്കെയോ 

നിശ്ചയിച്ചത് വെച്ച്

ആരുടെയൊക്കെയോ 

ബോധ്യതകൾക്ക് വേണ്ടി 

ജീവിച്ചവസാനം 

ആരുമില്ലാതെ 

ആർക്കുമല്ലാതെ പോകുന്നു 

ജിവിതമെന്ന് 

ഉറച്ചുപറഞ്ഞ 44 വർഷങ്ങളും

ഇവൾ തീർത്തുജീവിച്ചു. 


ഒരുറപ്പുമില്ലാതെ 

ഒരറിവുമില്ലാതെ 

നടക്കുന്ന ശ്വാസോച്ഛാസം,

ഒരുറപ്പുമില്ലാത്ത 

ജനനം, ജീവതം, മരണം.

ഒരുറപ്പുമില്ലാത്ത മാലോകർ.


അത്തരം കുറേ 

ഉറപ്പില്ലായ്മകൾക്കിടയിലും ഇവൾ പൂർത്തിയാക്കി

44 വർഷങ്ങൾ.

Friday, November 1, 2024

വെറും വെറുതെ പറയുന്നത്: സംഭവിക്കുന്നതും സംഭവിക്കാൻ പോകുന്നതും ഒക്കെ നല്ലതിന് എന്ന് പറയുന്നത്.

അതേ 


വെറും വെറുതെ പറയുന്ന കുറെ കാര്യങ്ങളുണ്ട്. ഒന്നുമറിയാതെ ഒട്ടും ബോധ്യപ്പെടാതെ പറയുന്ന കാര്യങ്ങൾ.


അതിലൊന്നാണ് സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാൻ പോകുന്നതും ഒക്കെ നല്ലതിന് എന്ന് പറയുന്നത്.


യഥാർത്ഥത്തിൽ സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാൻ പോകുന്നതും ഒക്കെ നല്ലതിന് എന്ന് പറയുന്നത് ശരിയാണോ?


ശരിയല്ല.


ഒരുനിലക്കും ശരിയല്ല.


ആപേക്ഷികതയിലും ആത്യന്തികതയിലും അങ്ങനെ പറയുന്നത് ശരിയല്ല.


മുഴുത്വത്തിലും അല്പത്തിലും ശരിയല്ല.


പൂർണതയിലും അപൂർണതയിലും ശരിയല്ല.


താൽകാലികതയിലും നിത്യതയിലും ശരിയല്ല 


എന്തുകൊണ്ട് ശരിയല്ല?


എന്തുകൊണ്ട് എല്ലാ അർത്ഥത്തിലും ശരിയല്ല.


കാരണം, ആപേക്ഷികതയിലും അല്പത്തിലും അപൂർണതയിലും താൽകാലികതയിലും സംഗതിയുണ്ട്, കാര്യമുണ്ട്, രണ്ടുണ്ട്, ഞാനും നീയും നമ്മളും നമ്മളല്ലാത്തതും ഉണ്ട്, വികാരമുണ്ട്, ശരിയും തെറ്റുമുണ്ട്, വേദനയും സന്തോഷവും ഉണ്ട്. 


അതുകൊണ്ട് തന്നെ ആപേക്ഷികതയിലും അല്പത്തിലും അപൂർണതയിലും താൽകാലികതയിലും വെച്ച് പറഞ്ഞാൽ സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാൻ പോകുന്നതും ഒക്കെ നല്ലതിന് എന്ന് പറയുന്നത് ശരിയല്ല. മറിച്ച് പറയേണ്ടി വരും. ഉള്ളതും തോന്നുന്നതും വെച്ച് പറയും, പറയേണ്ടി വരും. ഇല്ലാത്തതും തോന്നാത്തതും വെച്ച് എന്തെങ്കിലും പറയാൻ സാധിക്കില്ല..


എന്നിട്ടും പലരും സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാൻ പോകുന്നതും ഒക്കെ നല്ലതിന് എന്ന് പറയുന്നത്?


വെറും വെറുതെ പറയുന്നത്. 


ഇല്ലാത്തതും തോന്നാത്തതും വെച്ച് പറയുന്നത്. 


ഉള്ളതും തോന്നുന്നതും പറയാത്തത്.


സ്വന്തം ബോധ്യതക്കെതിരെ ഒരുതരം ബോധ്യതയും ഇല്ലാതെ പറയുന്നത്.


വെറുതെ അനുകരിച്ച് പറയുന്നത്.


കാല്പനികമായി മാത്രം പറൗന്നത്.


മറ്റാരോ പറഞ്ഞത് സ്വന്തം നാവിലിട്ട് പറയുന്നത്.


എന്നാൽ സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാൻ പോകുന്നതും ഒക്കെ നല്ലതിന് എന്ന് പറയുന്നത് വേറെ ഏതെങ്കിലും നിലക്ക് ശരിയാണോ?


അല്ല.


ആത്യന്തികതയിലും മുഴുത്വത്തിലും പൂർണതയിലും നിത്യതയിലും വെച്ച് പറഞ്ഞാലും സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാൻ പോകുന്നതും ഒക്കെ നല്ലതിന് എന്ന് പറയുന്നത് ശരിയല്ല.


എന്തുകൊണ്ടല്ല?


കാരണം ആത്യന്തികതയിലും മുഴുത്വത്തിലും പൂർണതയിലും നിത്യതയിലും സംഗതി എന്നതില്ല, കാര്യം എന്നതില്ല, രണ്ടില്ല, രണ്ടില്ലാത്തത് കൊണ്ട് ഒന്ന് പോലുമില്ല, ഒന്നെന്ന് പറയേണ്ടി വരുന്ന അവസ്ഥയില്ല, ഞാനും നീയും ഇല്ല, നമ്മളും നമ്മളല്ലാത്തതും ഇല്ല , വികാരമെന്നതില്ല, ശരിയും തെറ്റുമെന്നതില്ല, വേദനയും സന്തോഷവും എന്നതില്ല.


അതുകൊണ്ട് തന്നെ സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാൻ പോകുന്നതും ഒക്കെ നല്ലതിന് എന്ന് പറയുന്ന, പറയേണ്ടി വരുന്ന അവസ്ഥയില്ല, കാര്യമില്ല.


എന്നിട്ടും പലരും സംഭവിച്ചതും സംഭവിക്കുന്നതും സംഭവിക്കാൻ പോകുന്നതും ഒക്കെ നല്ലതിന് എന്ന് പറയുന്നത്?


വെറും വെറുതെ പറയുന്നത്. 


ഇല്ലാത്തതും തോന്നാത്തതും വെച്ച് പറയുന്നത്. 


ഉള്ളതും തോന്നുന്നതും പറയാത്തത്.


സ്വന്തം ബോധ്യതക്കെതിരെ ഒരുതരം ബോധ്യതയും ഇല്ലാതെ പറയുന്നത്.


വെറുതെ അനുകരിച്ച് പറയുന്നത്.


കാല്പനികമായി മാത്രം പറൗന്നത്.


മറ്റാരോ പറഞ്ഞത് സ്വന്തം നാവിലിട്ട് പറയുന്നത്.